ഡോ. പി.കെ റാബിയ ജനസേവകയായ ഭിഷഗ്വര / തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍-7
ചികിത്സാരംഗം ജനസേവനത്തിനുള്ള ഉപാധിയാക്കുകയും സമുദായ സമുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോ. പി.കെ റാബിയ. കൊച്ചി രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഡോക്ടറായ അവര്‍ ജീവിതത്തിലുടനീളം ഇസ്‌ലാമിക ബോധം കാത്തുസൂക്ഷിക്കുകയും മുസ്‌ലിം പരിഷ്‌കരണ സംരംഭങ്ങളില്‍ ഇടപെടുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് സംഘടനകളോട് അടുപ്പം പുലര്‍ത്തിയിരുന്ന അവര്‍ നല്ലൊരു പ്രഭാഷകയും എഴുത്തുകാരിയുമായിരുന്നു. ഇസ്‌ലാമിക വേഷവിധാനവും ചിട്ടകള്‍ മുറുകെ പിടിച്ചതും കാരണം 'ഹജ്ജുമ്മ ഡോക്ടര്‍' എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
ജനനം, ബാല്യം
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ എറിയാട്ട് പടിയത്ത് ബ്ലാങ്ങാച്ചാലില്‍ കുടുംബത്തിലാണ്, 1928-ല്‍ റാബിയ ജനിച്ചത്. പിതാവ് പടിയത്ത് ബ്ലാങ്ങാച്ചാലില്‍ കുട്ടുഹാജി, മാതാവ് പടിയത്ത് കുഞ്ഞുബീവാത്തു. കേരളത്തിന്റെ മതസാമൂഹിക ചരിത്രത്തില്‍ അറിയപ്പെടുന്ന പുരാതന കുടുംബമാണ് പടിയത്ത് തറവാട്. ഇതിന്റെ ശാഖയാണ് പടിയത്ത് മണപ്പാട്ട് കുടുംബം. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് പടിയത്ത് മണപ്പാട്ട് കുടുംബവും ചേര്‍ന്നു കൊണ്ടാണല്ലോ. മുസ്‌ലിം സമുദായ ശാക്തീകരണത്തിനും വിദ്യാഭ്യാസ-സാമൂഹിക വളര്‍ച്ചക്കും പടിയത്ത് മണപ്പാട്ട് കുടുംബം വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ വ്യക്തികള്‍ പടിയത്ത് തറവാട്ടില്‍നിന്ന് ഉണ്ടായിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.എം സീതിസാഹിബ് (1898-1961) ഡോ. റാബിയയുടെ ഉമ്മ കുഞ്ഞിബീവാത്തുവിന്റെ അമ്മായിയുടെ മകനാണ്. അക്കാലത്ത് ബി.എ, ബി.എല്‍ ഡിഗ്രി നേടിയ അദ്ദേഹം മദ്രാസ്, എറണാകുളം, തലശ്ശേരി കോടതികളില്‍ അഭിഭാഷകനും പിന്നീട് കേരള നിയമസഭാ സ്പീക്കറും ആയിരുന്നു. പാലക്കാട് കലക്ടറും കേരള വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന പി.കെ അബ്ദുല്ല ഐ.എ.എസ്, കേരളത്തിലെ ആദ്യ മുസ്‌ലിം ഡോക്ടര്‍മാരിലൊരാളായ മേജര്‍ പി.എം മുഹമ്മദലി, എം.ഇ.എസ് സ്ഥാപകന്‍ ഡോ. അബ്ദുല്‍ ഗഫൂര്‍, ഐ.എസ്.ഒ പ്രസിഡന്റും വാഗ്മിയുമായിരുന്ന അഡ്വ. പി.എം മുഹമ്മദലി, പ്രസിദ്ധ സിനിമാ നടന്‍ ബഹദൂര്‍ തുടങ്ങിയവര്‍ പടിയത്ത് കുടുംബാംഗങ്ങളാണ്. ഈ കുടുംബ പശ്ചാത്തലം റാബിയയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം
ഏറിയാട്ട് മണപ്പാട്ട് കുടുംബം സ്ഥാപിച്ച സ്‌കൂളിലായിരുന്നു റാബിയയുടെ പ്രാഥമിക വിദ്യാഭ്യാസം. ഏഴാം ക്ലാസിനുശേഷം തുടര്‍ന്ന് പഠിക്കാന്‍ കൊടുങ്ങല്ലൂരില്‍ സൗകര്യമുണ്ടായിരുന്നില്ല. ബോയ്‌സ് ഹൈസ്‌കൂളായിരുന്നു കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് പരിസര പ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് നന്നേ പ്രയാസപ്പെടേണ്ടിവന്നു. മിക്കവാറും പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിച്ചില്ല. ഒറ്റപ്പെട്ട ചിലര്‍ കുടുംബത്തിലെ ചില അംഗങ്ങളുടെ പിന്തുണയോടെ കഷ്ടപ്പെട്ട് പഠിക്കാന്‍ തയാറായി. ഡോ. പി.കെ റാബിയയും അവരിലൊരാളായിരുന്നു.
മലപ്പുറം ജില്ലയിലെ തിരൂരില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്ഥാപിച്ച ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ആംഗ്ലോ ഇന്ത്യന്‍സ് ആയിരുന്നു മിക്കവാറും അധ്യാപകര്‍. ഹോസ്റ്റല്‍ സൗകര്യമുണ്ടായിരുന്നതുകൊണ്ട് വിദൂര പ്രദേശങ്ങളില്‍നിന്നുപോലും പെണ്‍കുട്ടികള്‍ അവിടെ പഠിക്കാനെത്തിയിരുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്ഥാപനം കാര്യമായ പരിഗണന നല്‍കിയിരുന്നുവത്രെ. മാസാന്തം ആറ് രൂപ സ്‌കോളര്‍ഷിപ്പും നല്‍കിയിരുന്നു. ഇസ്‌ലാമിക ചിട്ടകള്‍ പാലിച്ചുകൊണ്ടുതന്നെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ താമസിക്കാനും സ്‌കൂളില്‍ പഠിക്കാനും അവസരം നല്‍കിയിരുന്നു. അതുകൊണ്ട് ഉദ്ബുദ്ധ കുടുംബങ്ങളില്‍നിന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ അവിടെ പഠിക്കാനെത്തി. കൊടുങ്ങല്ലൂരിന്റെ പരിസരത്തുള്ള എറിയാട്-വലപ്പാട് പ്രദേശങ്ങളില്‍നിന്ന് അക്കാലത്ത് തിരൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിക്കാന്‍ അവസരം ലഭിച്ചവരാണ് പി.കെ റാബിയ, പി.കെ ഫാത്വിമ, പി.കെ ഹലീമാബി തുടങ്ങിയവര്‍. പി. ആഇഷു, അരീക്കോട്ടുകാരി എം.ടി ആഇഷുമ്മ തുടങ്ങി ഒട്ടേറെ മുസ്‌ലിം പെണ്‍കുട്ടികള്‍ അക്കാലത്ത് അവിടെ വിദ്യാര്‍ഥികളായിരുന്നു. ശാന്തപുരത്തെ കുഞ്ഞിരുമ്മ ടീച്ചറായിരുന്നു ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപിക.
മികച്ച പഠന നിലവാരം പുലര്‍ത്തിയിരുന്ന പി.കെ റാബിയ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിനികളിലൊരാളായിരുന്നു. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്ന അവര്‍ വിദ്യാര്‍ഥി സമാജങ്ങളില്‍ പ്രസംഗിക്കുകയും ഇംഗ്ലീഷ് നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. പി.കെ റാബിയയുടെ പ്രസംഗ പാടവത്തിനും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിനും അടിത്തറയിട്ടത് തിരൂര്‍ ഗേള്‍സ് ഹൈസ്‌കൂളാണെന്നു പറയാം. സ്‌കൂളില്‍ റാബിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു വലപ്പാട്ട് പി.കെ ഹലീമ. മിക്കവാറും ഒരുമിച്ചായിരുന്നു ഇരുവരുടെയും യാത്ര. കൊടുങ്ങല്ലൂരില്‍ നിന്ന് കാളവണ്ടിയിലും പിന്നീട് വഞ്ചിയിലുമായിരുന്നു തിരൂരിലെത്തിയിരുന്നത്. 1940 കാലത്ത്, എറിയാട്-വലപ്പാട് പ്രദേശങ്ങളില്‍നിന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ തിരൂരിലേക്ക് യാത്ര ചെയ്യുന്നതിലെ പ്രയാസവും സാഹസികതയും എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതാണ്. ഹോസ്റ്റലിലും ഒരുമിച്ചായിരുന്നു ഹലീമയും റാബിയയും. മതചിട്ടകള്‍ പാലിക്കാന്‍ അനുവാദമുണ്ടായിരുന്നുവെന്നു മാത്രമല്ല, 'നമസ്‌കരിക്കാതെ കിടക്കാന്‍ സമ്മതിക്കുമായിരുന്നില്ല ഹോസ്റ്റലിന്റെ ഉത്തരവാദിത്വമുള്ള അധ്യാപിക' എന്ന് പി.കെ ഹലീമ പറഞ്ഞതായി മകള്‍ സബിത ടീച്ചര്‍ ഓര്‍ക്കുന്നു. കൂട്ടുകാരി പി.കെ റാബിയ പഠിച്ച് ഡോക്ടറായെങ്കിലും മിടുക്കിയായിരുന്ന പി.കെ ഹലീമയുടെ വിദ്യാഭ്യാസം പത്താം ക്ലാസോടെ അവസാനിച്ചു. തുടര്‍ന്നു പഠിക്കാന്‍ കുടുംബത്തിലെ കാരണവന്മാര്‍ അനുവദിച്ചില്ല. പത്താം ക്ലാസ് യോഗ്യതയുള്ളതിനാല്‍ പിന്നീട് സ്‌കൂള്‍ അധ്യാപികയാകാന്‍ ഹലീമക്ക് അവസരം ലഭിച്ചപ്പോഴും കാരണവന്മാര്‍ അനുവാദം നല്‍കിയില്ല. 'ജോലിക്കു പോയാല്‍ കൊന്നു കളയും' എന്നായിരുന്നു ഭീഷണി. ഉല്‍പതിഷ്ണുവായിരുന്ന അമ്മാവന്‍ കുന്നത്തുപടിക്കല്‍ കലന്തന്റെ പിന്തുണയോടെയാണ് ഹലീമ പത്ത് ക്ലാസ് വരെയെങ്കിലും പഠിച്ചത്. മാസംതോറും സ്‌കോളര്‍ഷിപ്പായി ലഭിച്ചിരുന്ന 6 രൂപക്കുവേണ്ടി വിധവയായിരുന്ന വല്ല്യുമ്മ കാത്തിരിക്കുമായിരുന്നു. ആറ് രൂപക്ക് അക്കാലത്ത് ഒരു ചാക്ക് അരി കിട്ടും എന്നതുതന്നെ കാരണം! എന്നാല്‍ കുടുംബത്തില്‍നിന്ന് ലഭിച്ച പിന്തുണയും ഏറിയാട്ടെ ഉല്‍പതിഷ്ണു സ്വഭാവമുള്ള സാമൂഹികാന്തരീക്ഷവും പി.കെ റാബിയക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കി.
പാലക്കാട് വിക്‌ടോറിയാ കോളേജില്‍ നിന്നാണ് റാബിയ പ്രീഡിഗ്രി പാസായത്. 1946-ല്‍ മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേര്‍ന്നു. മലബാര്‍ ക്വാട്ടയിലാണ് അവര്‍ക്ക് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചത്. കെ.എം സീതി സാഹിബിനെപ്പോലെ പലരുടെയും പിന്തുണയും സഹായവുമാണ് ഏറെ സാഹസികമായി പഠനം പൂര്‍ത്തിയാക്കാന്‍ റാബിയക്ക് അവസരമൊരുക്കിയത്. 1952-ല്‍, ഡോ. റാബിയ എം.ബി.ബി.എസ് ബിരുദം നേടി പുറത്തിറങ്ങിയത് ചരിത്രസംഭവമായി. കൊച്ചി രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഡോക്ടറായി അവര്‍ സ്ഥാനമുറപ്പിച്ചു.
ആതുരസേവനം
കഴിവുറ്റ ഡോക്ടറായിരുന്ന പി.കെ റാബിയ സേവന മനസ്സോടെ തന്റെ ജോലിയെ സമീപിക്കുകയും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭിഷഗ്വരയായിത്തീരുകയും ചെയ്തു.
സ്വദേശമായ കൊടുങ്ങല്ലൂരിലെ ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു ഡോ. റാബിയ ആതുരസേവനം ആരംഭിച്ചത്. കുറഞ്ഞ മാസങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചശേഷം മൂവാറ്റുപുഴയിലേക്ക് മാറി. അവിടെ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചു. 1955-ല്‍ അസി. സര്‍ജനായി സര്‍ക്കാര്‍ സര്‍വീസില്‍ ഔദ്യോഗിക നിയമനം ലഭിച്ച അവര്‍, കോഴിക്കോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. മലപ്പുറം, മഞ്ചേരി, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1969-72 കാലത്ത് കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി സിവില്‍ സര്‍ജനായി ജോലി ചെയ്തു. 1976-ല്‍ മലപ്പുറം എം.എസ്.പിയില്‍ ഡോക്ടറായി. തുടര്‍ന്ന് ഫാമിലി വെല്‍ഫെയര്‍ ഓഫീസറായി നിയമിക്കപ്പെട്ടു. 1977-ല്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഒരു മുസ്‌ലിം സ്ത്രീ, അതും മതചിട്ടകള്‍ നന്നായി പാലിക്കുന്ന ഒരാള്‍ അത്തരമൊരു പദവിയിലെത്തുന്നത് അന്ന് അത്യപൂര്‍വമായിരുന്നല്ലോ. അന്ന് കോഴിക്കോടിന്റെ ഭാഗമായിരുന്ന വയനാട്ടിലുള്‍പ്പെടെ ജില്ലയിലുടനീളം ഓടി നടന്ന് പ്രശംസനീയമായ സേവനങ്ങള്‍ കാഴ്ചവെക്കാന്‍ ഡോ. റാബിയക്ക് സാധിക്കുകയുണ്ടായി. പിന്നീട് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ച അവര്‍ 1982-ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍നിന്ന് വിരമിച്ചു.
മാതൃകാപരമായ ഇടപെടലുകളിലൂടെയും മികച്ച ചികിത്സയിലൂടെയും ജോലി ചെയ്ത എല്ലാ സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറാകാന്‍ പി.കെ റാബിയക്ക് സാധിക്കുകയുണ്ടായി. പ്രസവ കേസുകളില്‍ വിദഗ്ധയായിരുന്ന അവര്‍ക്ക് ഗവണ്‍മെന്റിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘത്തിലും അവര്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ കുറെകാലം ചികിത്സാരംഗത്ത് സേവനമനസ്സോടെ പ്രവര്‍ത്തിക്കാനും ഡോ. റാബിയക്ക് സാധിച്ചു.
സാമൂഹിക പ്രവര്‍ത്തനം
ഡോക്ടറെന്ന നിലക്കുള്ള ആതുര സേവനത്തിനുപുറമെ മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഡോ. റാബിയ പങ്കാളിയായിരുന്നു. അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരിലും വിദ്യാഭ്യാസ പുരോഗതിക്കും ആരോഗ്യബോധവല്‍ക്കരണത്തിനും വേണ്ടി അവര്‍ പ്രവര്‍ത്തിക്കുകയുണ്ടായി. തദാവശ്യര്‍ഥം ലേഖനങ്ങള്‍ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. പ്രബോധനം വാരിക, ആരാമം മാസിക തുടങ്ങിയവയില്‍ ഡോ. റാബിയയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാമിന്റെ സംഭാവന' എന്നതാണ് ലേഖനങ്ങളുടെ പ്രധാന വിഷയം. ഇസ്‌ലാമും ആരോഗ്യ ശാസ്ത്രവും എന്ന വിഷയത്തെക്കുറിച്ച് ചില പഠനങ്ങളും അവര്‍ നടത്തുകയുണ്ടായി.
കഴിവുറ്റ പ്രഭാഷകയായിരുന്ന ഡോ. റാബിയ കൊടുങ്ങല്ലൂര്‍ എറിയാട് ബനാത്തിലെ വേദികളിലൂടെയാണ് മികവ് തെളിയിച്ച് രംഗത്തുവന്നത്. 1960 കളില്‍ പൊന്നാനിയിലെ ഫാത്വിമാ ഉമര്‍, ശാന്തപുരത്തെ കുഞ്ഞീരുമ്മ ടീച്ചര്‍ എന്നിവരോടൊപ്പം ഡോ. റാബിയയും എറിയാട് ബനാത്തില്‍ സ്ഥിരമായി പ്രസംഗിക്കാന്‍ വരുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി-മുജാഹിദ് വേദികളില്‍ മിക്കപ്പോഴും അവര്‍ പ്രഭാഷകയായി എത്തും. 1979-ല്‍ പുളിക്കലില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിലും, 1983-ല്‍ മലപ്പുറം ദഅ്‌വത്ത് നഗറില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തിലും സ്ത്രീവിദ്യാഭ്യാസം, സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ പദവി തുടങ്ങിയ വിഷയങ്ങളില്‍ ഡോ. റാബിയ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇതിനുപുറമെ, ഒട്ടനവധി വേദികളില്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസുകളും അവര്‍ നടത്തിയിട്ടുണ്ട്.
ഇസ്‌ലാമിനെക്കുറിച്ച് നന്നായി പഠിക്കുകയും വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷകള്‍ സ്ഥിരമായി വായിക്കുകയും ചെയ്തിരുന്ന ഡോ. റാബിയ ദീനിചിട്ടകള്‍ മുറുകെപിടിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഫുള്‍കൈ ബ്ലൗസും മഫ്തയും ധരിച്ചാണ് അവര്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് ഡി.എം.ഒ ആയിരുന്ന കാലത്ത് ഈ വേഷവിധാനം സഹപ്രവര്‍ത്തകരില്‍ ആദ്യമൊക്കെ അത്ഭുതമുളവാക്കിയിരുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പള്ളിയില്‍ പതിവായി ജുമുഅക്ക് എത്തിയിരുന്ന അവരെ പല മുസ്‌ലിം സഹപ്രവര്‍ത്തകരും മാതൃകയാക്കുകയുണ്ടായി.
ജമാഅത്തെ ഇസ്‌ലാമിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ഡോ. റാബിയക്ക് കെ.സി അബ്ദുല്ല മൗലവിയുമായി ഗുരുതുല്യമായ ബന്ധമുണ്ടായിരുന്നു. സഹോദരിയുടെ മകന്‍ കൊടുങ്ങല്ലൂരിലെ ബര്‍ക്കത്തലി സൂക്ഷിച്ചിട്ടുള്ള ഡോ. റാബിയയുടെ ഒരു ആല്‍ബത്തില്‍നിന്ന് അവരുടെ ഇസ്‌ലാമിക താല്‍പര്യം മനസിലാക്കാവുന്നതാണ്. അബുല്‍ ഹസന്‍ അലി നദ്‌വി, കെ.സി അബ്ദുല്ലാ മൗലവി തുടങ്ങിയവരുടെ ഫോട്ടോകള്‍, പ്രസംഗ ഭാഗങ്ങള്‍, ഡോ. റാബിയ പങ്കെടുത്തതുള്‍പ്പെടെ ജമാഅത്ത്-മുജാഹിദ് സമ്മേളന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ പത്രകട്ടിംഗുകളും ഭദ്രമായി അവര്‍ സൂക്ഷിച്ചിട്ടുണ്ട്. ഡോ. റാബിയ രണ്ടുതവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്; 1962 ലും 1993 ലും.
അഗതി സംരക്ഷണത്തിലും ദരിദ്രരെ സഹായിക്കുന്നതിലും താല്‍പര്യം കാണിച്ചിരുന്ന ഡോ. റാബിയ ആരോരുമില്ലാത്ത ഏതാനുംപേര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കിയിരുന്നു. ചിലര്‍ അവരുടെ ജോലിക്കാരുമായിരുന്നു. ഭര്‍ത്താവ് മരണപ്പെടുകയും മക്കളില്ലാതിരിക്കുകയും ചെയ്ത അവര്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ക്കും സഹോദരിമാരുടെ കുട്ടികള്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കുപോലും തന്റെ സ്വത്തില്‍ ഒരു വിഹിതം നീക്കിവെച്ചുകൊണ്ടാണ് വില്‍പത്രം എഴുതിയത്.
കുടുംബം
പിതാവ് കുട്ടുഹാജി 1971 ലും മാതാവ് കുഞ്ഞുബീവാത്തു 1977 ലും മരണപ്പെട്ടു. ഡോ. റാബിയക്ക് 4 സഹോദരിമാരാണുള്ളത്. മറിയുമ്മ, ആഇഷ, ഖദീജ, ആമി. മൂത്ത സഹോദരി ഖദീജയെ വിവാഹം ചെയ്തത് തൃശൂര്‍ മതിലകത്തെ കാക്കശേരി അബ്ദുര്‍റഹ്മാനാണ്. 22 ാം വയസില്‍ ഖദീജ മരണപ്പെട്ടു. അവരുടെ മകന്‍ ബര്‍കത്തലി റഹ്മാനെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയത് ഡോ. റാബിയയാണ്. സഹോദരി ആമിയെ കൊടുങ്ങല്ലൂര്‍ പതിയാശേരി എടച്ചാലില്‍ കുട്ടുമാസ്റ്ററും, ആഇഷയെ സഹോദരി ഖദീജയുടെ മരണശേഷം കാക്കശ്ശേരി അബ്ദുര്‍റഹ്മാനുമാണ് വിവാഹം ചെയ്തത്. മുഹമ്മദ് തമീം, അമീറലി, സുഹ്‌റാബീവി എന്നിവരാണ് ആമിയുടെ മക്കള്‍. നാസിറുദ്ദീന്‍ റഹ്മാന്‍, ആഇഷ സലാം, മര്‍ഹൂം ഇഖ്ബാല്‍ റഹ്മാന്‍ എന്നിവരാണ് ആഇഷയുടെ ഏറ്റവും ഇളയ സഹോദരി മറിയുമ്മയെ വിവാഹം കഴിച്ചത് പ്രമുഖ പണ്ഡിതന്‍ മൗലവി പി.എം ഇടശേരിയാണ്. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജില്‍ അറബിക് പ്രഫസറായിരുന്നു അദ്ദേഹം. മറിയുമ്മ-ഇടശേരി മൗലവി ദമ്പതികളുടെ മക്കളാണ് ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. മുബാറക് പാഷ, ഡോ. സക്കീന റഹ്മാന്‍, റാഹത്ത് മുഹമ്മദ് സാലി, നസ്‌റീന്‍ റഹീം, അലി അബ്ഷര്‍ പാഷ ഐ.എ.എസ് എന്നിവര്‍.
മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിക്കടുത്ത് മണ്ടായിപ്പുറത്ത് അഹ്മദ്കുട്ടി മൂപ്പനായിരുന്നു ഡോ. റാബിയയുടെ ഭര്‍ത്താവ്. മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് ബി.എ പാസാവുകയും അവിടെത്തന്നെ എല്‍.എല്‍.ബിക്ക് പഠിക്കുകയും ചെയ്ത അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരണപ്പെട്ടതിനെത്തുടര്‍ന്നാണ് ഡോ. റാബിയയെ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് കുട്ടികളുണ്ടായില്ലെങ്കിലും ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള മക്കളെ സ്വന്തം കുട്ടികളെപ്പോലെയാണ് ഡോ. റാബിയ പരിഗണിച്ചിരുന്നത്. 1989-ല്‍ അഹ്മദ്കുട്ടി മൂപ്പന്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഡോ. റാബിയ കൊടുങ്ങല്ലൂര്‍ മതിലകത്തേക്ക് താമസം മാറ്റി. 2006 ഒക്‌ടോബര്‍ 15 നാണ് അവര്‍ മരണമടഞ്ഞത്.
Comments