Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

പുതിയ സാങ്കേതിക വിദ്യ പുതിയ പൗരത്വം

സി. ദാവൂദ്

ഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ നടന്ന ഒരു മാധ്യമ ശില്‍പശാലയില്‍ വെച്ചാണ് ഇമ്മാനുവല്‍ കാള്‍സ്റ്റനെ പരിചയപ്പെടുന്നത്. സ്വീഡനിലെ മുന്‍നിര പത്രമായ ദോഗന്റെ (DAGEN) സോഷ്യല്‍ മീഡിയ എഡിറ്ററാണ് കാള്‍സ്റ്റന്‍. ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തന രംഗത്തെ തങ്ങളുടെ ഒരു അനുഭവം കാള്‍സ്റ്റന്‍ അന്ന് പങ്കുവെച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോക റാങ്കിംഗില്‍ മുന്‍നിരയിലുള്ള രാജ്യമായിരുന്നു സ്വീഡന്‍. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ സ്‌കൂളുകളുടെ നിലവാരം കുത്തനെ താഴോട്ടാണ്. ഈ സാഹചര്യത്തെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും ഫീച്ചറുകളും ദോഗന്‍ പത്രം ചെയ്‌തെങ്കിലും വലിയ പ്രതിഫലനങ്ങളൊന്നും അതുണ്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് പുതിയൊരു പരീക്ഷണത്തിന് പത്രം സന്നദ്ധമായത്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ അവര്‍ ഒരു പരസ്യം നല്‍കി. തങ്ങളുടെ സ്‌കൂളുകളെക്കുറിച്ച റിപ്പോര്‍ട്ടുകളും അഭിപ്രായങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ദോഗന്‍ ഓണ്‍ലൈനുമായി പങ്കുവെക്കാം. അത് എഴുത്തോ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ എന്തുമാകാം. പരസ്യം പ്രസിദ്ധീകരിച്ച് അധികം കഴിയുന്നതിന് മുമ്പ് പ്രതികരണങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. തങ്ങളുടെ ക്ലാസുകളില്‍ എന്തു നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈല്‍ ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും ദോഗന്‍ ഓണ്‍ലൈനില്‍ വന്നു നിറഞ്ഞു. ക്ലാസില്‍ വന്ന് കാലില്‍ കാല്‍ കയറ്റിവെച്ച് ഉറക്കം തൂങ്ങുന്ന ടീച്ചറുടെ വീഡിയോ ദൃശ്യങ്ങള്‍ മുതല്‍ പുസ്തക സഞ്ചി വെക്കാനുള്ള റാക്ക് കക്കൂസില്‍ സൂക്ഷിച്ചതിന്റെ ഫോട്ടോകള്‍ വരെ. സാമൂഹിക ദൃഷ്ടിക്ക് പുറത്തായിരുന്ന ക്ലാസ് മുറികള്‍ പൊടുന്നനെ പൊതുജനങ്ങളുടെ ദൃശ്യപഥത്തിലെത്തി. ക്ലാസിലെത്തി കോപ്രായം കാണിക്കുകയും എങ്ങിനെയെങ്കിലും സമയം നീക്കുകയും ചെയ്യുന്ന അധ്യാപകര്‍ പൊതുവിചാരണക്ക് വിധേയമായി. നാടൊട്ടുക്കും പ്രതിഷേധം കനത്തു. മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലേക്ക് രക്ഷിതാക്കള്‍ മാര്‍ച്ച് ചെയ്തു. അടിയന്തിര മന്ത്രിസഭ വിളിച്ചു ചേര്‍ക്കേണ്ട വിധം സര്‍ക്കാറിന് മേല്‍ സമ്മര്‍ദങ്ങളുണ്ടായി. ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിലെ വ്യത്യസ്തമായ അനുഭവമെന്ന നിലക്കാണ് കാള്‍സ്റ്റന്‍ ഇതു വിവരിച്ചത്. പരമ്പരാഗത പത്രപ്രവര്‍ത്തനത്തെക്കാള്‍ interactive ആണ് എന്നതാണ് ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രത്യേകത. വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കൂടുതലായി രേഖപ്പെടുത്താന്‍ അത് അവസരമൊരുക്കുന്നു. അച്ചടി മാധ്യമത്തിന്റെ ഏകപക്ഷീയതയെക്കാള്‍ ജനാധിപത്യപരമാണത്.
സ്വീഡനില്‍ സംഭവിച്ചത് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സംഭവിക്കാന്‍ തരമില്ല. കാരണം, നമ്മുടെ ഇന്റര്‍നെറ്റ് സാന്ദ്രത സ്വീഡനുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണ്. മാത്രമല്ല, ഇ-മെയിലുകള്‍ അയക്കുക പോലുള്ള പ്രാഥമികമായ കാര്യങ്ങള്‍ക്കാണ് നാം കൂടുതലായും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നത്. ഇന്റര്‍നെറ്റ് പ്രധാനപ്പെട്ടൊരു ആക്റ്റിവിസ്റ്റ് പ്ലാറ്റ്‌ഫോം ആയി ഇവിടെ വികസിച്ചുവന്നിട്ടില്ല. തെരുവ് ആക്റ്റിവിസത്തെ സഹായിക്കുന്ന പ്രധാനപ്പെട്ടൊരു ഉപഘടകം എന്നത് മാത്രമാണ് ഇന്ന് അതിന്റെ അവസ്ഥ. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെക്കാള്‍ പ്രിന്റ് പ്ലാറ്റ്‌ഫോമിനെയാണ് നാം കൂടുതലായി ആശ്രയിക്കുന്നത്. ആധികാരികത, വിശ്വസനീയത, ജനകീയത എന്നിവയില്‍ പ്രിന്റ് പ്ലാറ്റ്‌ഫോം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെക്കാള്‍ മുന്നിലാണ് ഇന്നും നമ്മുടെ സമൂഹത്തില്‍. ജനസംഖ്യയില്‍ ആകെ 12.6 ശതമാനത്തിന് മാത്രമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ബന്ധമുള്ളത്. സ്വീഡനില്‍ ഇത് 94 ശതമാനമാണ്. ഇന്റര്‍നെറ്റ് ലഭ്യതയുടെ ലോകറാങ്കിംഗില്‍ 164 ആണ് ഇന്ത്യയുടെ സ്ഥാനം. സ്വീഡന്‍ നാലാം സ്ഥാനത്തും.
മൊബൈല്‍ ഫോണുകളുടെ സാമൂഹിക പദവിയും പടിഞ്ഞാറന്‍ നാടുകളിലെതിനെക്കാള്‍ വ്യത്യസ്തമാണ് നമ്മുടെ നാട്ടില്‍. സ്വീഡനില്‍ മൊബൈല്‍ ഫോണുകള്‍ അധ്യാപനത്തിന്റെ ഭാഗമാണ്. ലോകത്ത് പല രാജ്യങ്ങളിലും മൊബൈല്‍ ഫോണ്‍ പഠന പദ്ധതിയുടെ ഭാഗമാക്കുന്ന എം-ലേര്‍ണിംഗ് സമ്പ്രദായം സ്വീകരിക്കപ്പെട്ടുവരുന്നുണ്ട്. കുട്ടികള്‍ വെറുതെ ധാരാളം പുസ്തകങ്ങളുമായി എന്തിന് ക്ലാസില്‍ പോകണം; നല്ല ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ അതല്ലേ കൂടുതല്‍ ഗുണപ്രദം എന്ന ആലോചനയില്‍ നിന്നാണ് എം-ലേര്‍ണിംഗ് എന്ന ആശയം ഉയരുന്നത്. ക്ലാസുകള്‍ അപ്പടി റെക്കോര്‍ഡ് ചെയ്യാന്‍ വരെ ഇത് കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്നു. അധ്യാപകനെ അത് കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവനാക്കുന്നു. ക്ലാസ് മുറികളില്‍ മാത്രമല്ല, കാമ്പസില്‍ തന്നെ മൊബൈല്‍ ഫോണ്‍ നിയമപരമായി  നിരോധിക്കപ്പെട്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഈ സ്വീഡിഷ് അനുഭവം കൗതുകരമായ കാര്യമായിരിക്കും.  വിവരവിനിമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി മാറിക്കഴിഞ്ഞ മൊബൈല്‍ ഫോണ്‍ എന്തുകൊണ്ട് വിവരങ്ങളുടെ കൈമാറ്റ കേന്ദ്രമായ ക്ലാസ് മുറികളില്‍ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നത് പ്രസക്തമായ ചോദ്യമാണ്. സാങ്കേതിക വിദ്യയുടെ സാമൂഹിക ബന്ധങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അന്വേഷണങ്ങളിലേക്കാണ് ഈ സംവാദം നമ്മെ നയിക്കുക. മൊബൈല്‍ ഫോണ്‍ നിരോധിക്കുകയാണോ വേണ്ടത്, അതല്ല, കൂടുതല്‍ ഫലപ്രദമായ രീതിയില്‍ അതിനെ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയാണോ വേണ്ടത് എന്ന ചോദ്യം അ പ്പോള്‍ പ്രസക്തമായി വരും. പക്ഷേ, ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ മാത്രമുള്ള ധൈര്യം നാം നേടിയെടുത്തിട്ടില്ല എന്നതാണ് വാസ്തവം. മൊബൈല്‍ ഫോണ്‍ കുട്ടികളെ വഴിതെറ്റിക്കും എന്ന തീര്‍പ്പിലാണ് നാമെത്തുക. അതിനെ സാധൂകരിക്കുന്ന ധാരാളം ഉദാഹരണങ്ങളും അനുഭവങ്ങളും നമുക്ക് പങ്കുവെക്കാനുമുണ്ടാകും.
ഈ പറഞ്ഞത് മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ മാത്രമല്ല, സാങ്കേതിക വിദ്യയുടെ പുതിയ എല്ലാ ആവിഷ്‌കാരങ്ങളോടും നാം പുലര്‍ത്തുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ കാര്യത്തിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ കാര്യത്തിലുമെല്ലാം ഭയാധിഷ്ഠിതമായ ഒരു ജാഗ്രത നാം വെച്ചു പുലര്‍ത്തുന്നുണ്ട് എന്നതാണ് വാസ്തവം. ഇത് നമ്മുടെ നാട്ടിലെ മാത്രം സ്ഥിതിയുമല്ല. മൂന്നാം ലോക, പരമ്പരാഗത സമൂഹങ്ങളിലെല്ലാം ഏതാണ്ട് ഇതേ അവസ്ഥയിലാണ് പുത്തന്‍ സാങ്കേതിക വിദ്യകളും വിവര വിനിമയോപാധികളും (അ)സ്വീകരിക്കപ്പട്ടത്. ഈ അതിജാഗ്രത പുലര്‍ത്തുമ്പോഴും പുതിയ തലമുറ പതിയെ അതിലേക്ക് കടന്നു ചെല്ലുകയും ചെയ്തുവെന്നത് മറ്റൊരു സത്യം. എന്നാല്‍, ഈ സാങ്കേതികവിദ്യയെ അതിന്റെ ശരിയായ അര്‍ഥത്തിലും രൂപത്തിലും ഉപയോഗപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്യുന്നു.
സാങ്കേതികവിദ്യയെ കേവലം സാങ്കേതിക വിദ്യയായി മാത്രം മനസ്സിലാക്കുന്നതിന് പകരം, അത് വലിയൊരു സാമൂഹിക ശക്തി (social agent) ആണെന്ന് മനസ്സിലാക്കുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടുന്നുണ്ട്. ഇന്ത്യയില്‍ അയിത്താചരണത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ഗാന്ധിജിയുടെയും ദേശീയ പ്രസ്ഥാന നായകരുടെയും അയിത്തോഛാടന ശ്രമങ്ങളല്ലെന്നും മറിച്ച്, ബ്രിട്ടീഷുകാര്‍ പരിചയപ്പെടുത്തിയ തീവണ്ടി എന്ന പുത്തന്‍ സാങ്കേതികവിദ്യയാണ് എന്നുമുള്ള നിരീക്ഷണം പ്രസക്തമാണ്. സവര്‍ണന്റെ വഴിയില്‍ എത്തി നോക്കാന്‍ പോലും അവകാശമില്ലാതിരുന്ന അവര്‍ണന് പക്ഷേ, സവര്‍ണന്‍ കയറിയിരിക്കുന്ന അതേ കോച്ചില്‍ തന്നെ ടിക്കറ്റെടുത്താല്‍ കയറിയിരിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചത് ഈ ബ്രിട്ടീഷ് സാങ്കേതികവിദ്യയാണ്. ഗ്രാമമൂലകളില്‍ കുട്ടിച്ചാത്തന്‍ സാന്നിധ്യമുള്ള മൂലകളില്‍ നിന്ന്, ശാസ്ത്ര സാഹിത്യ പരിഷത്തുകാരന്‍ എത്ര പ്രസംഗിച്ചാലും കുട്ടിച്ചാത്തന്‍ ഒഴിഞ്ഞു പോവില്ല. എന്നാല്‍, അടുത്ത ദിവസം നല്ലൊരു ഹലോജന്‍ ബള്‍ബ് അവിടെ സ്ഥാപിച്ചാല്‍ പിന്നെ കുട്ടിച്ചാത്തന്റെ പ്രശ്‌നമുണ്ടാവില്ല. അതായത്, ഒരു സാങ്കേതിക ഉപകരണം സാമൂഹിക (അ)ബോധത്തെ അട്ടിമറിക്കുന്നതിന്റെ ഉദാഹരണമാണിത്. സാങ്കേതിക വിദ്യയുടെ വ്യത്യസ്തമായ ആവിഷ്‌കാരങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക ചലനങ്ങളെക്കുറിക്കാനാണ് ഈ ഉദാഹരണങ്ങള്‍ പങ്കുവെച്ചത്.
വിവര സാങ്കേതിക വിദ്യയില്‍ സംഭവിച്ച(ുകൊണ്ടിരിക്കുന്ന) മാറ്റങ്ങളും പുതുപ്രവണതകളും ഈ നിലയില്‍ വലിയ സാമൂഹിക ചലനക്ഷമതക്ക് (social mobility) കാരണമാകുന്നുണ്ട്. ഒന്നാമതായി, പരമ്പരാഗത പൗര ക്രമങ്ങളെ (citizenship pattern) മറികടക്കുന്ന പുതിയ പ്രതലങ്ങളിലേക്ക് അത് ഒരാളെ നയിക്കുന്നുവെന്നതാണ്. citizenന് പകരം netizen രൂപപ്പെട്ടിരിക്കുന്നുവെന്ന പ്രസ്താവനയൊക്കെ വരുന്നത് ആ പശ്ചാത്തലത്തിലാണ്. അസാധ്യമെന്ന് തോന്നിയ പ്ലാറ്റ്‌ഫോമുകളിലേക്കും ബന്ധങ്ങളിലേക്കും ഒരു വ്യക്തിക്ക് പ്രവേശിക്കാനുള്ള അവസരമാണ് പുതിയ സാങ്കേതിക വിദ്യകള്‍ പ്രദാനം ചെയ്യുന്നത്. അതേസമയം, ഈ പുതിയ പൗരസഞ്ചയത്തിലേക്ക് പ്രവേശിക്കുമ്പോഴും ഓരോരുത്തരുടെയും വ്യക്തിസവിശേഷതകള്‍ (individuality) കൂടുതല്‍ ശക്തിപ്പെടുകയും പ്രകടമാവുകയും ചെയ്യു ന്നുണ്ട്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍. അതായത്, വ്യക്തികളുടെ അഭിപ്രായങ്ങളും രാഷ്ട്രീയ, സാമൂഹിക നിലപാടുകളും കൂടുതല്‍ തീക്ഷ്ണമായും ശക്തമായും പ്രകടമാക്കപ്പെടുന്ന ഇടങ്ങളാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍. നിലപാടുകളും അഭിപ്രായപ്രകടനങ്ങളും മാത്രമല്ല, സ്വന്തം വ്യക്തി സ്വത്വത്തെയും ശരീരത്തെത്തന്നെയും വെളിവാക്കാനും പൊതുസ്ഥലിയില്‍ ശക്തമായി പ്രദര്‍ശിപ്പിക്കാനുമുള്ള വ്യക്തികളുടെ ആഗ്രഹത്തെയും സോഷ്യല്‍ നെറ്റ്്‌വര്‍ക്കുകള്‍ പ്രതിനിധീകരിക്കുന്നുണ്ട്. പല കോലത്തിലും പല സന്ദര്‍ഭങ്ങളിലുമുള്ള തന്റെ ചിത്രങ്ങള്‍ ആളുകള്‍ നിരന്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്യുന്നതിന്റെ കാരണമിതാണ്. പ്രൊഫൈല്‍ ചിത്രങ്ങളുടെ കാര്യത്തില്‍ വലിയ സൂക്ഷ്മത കാണിക്കുകയും അത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതും വെറുതെയല്ല. തന്റെ നിലപാടുകള്‍ക്ക് മാത്രമല്ല, തന്റെ ശരീരത്തിനും സാമൂഹിക പദവി നേടിയെടുക്കാനുള്ള ശ്രമമാണത്. നേരത്തെയുള്ള കൂട്ടു പൗരത്വത്തെക്കാള്‍ 'വ്യക്തി പൗരത്വം' കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചന കൂടിയാണിത്. അതായത്, അതിവിപുലമായ സാമൂഹിക നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകുമ്പോഴും, രാജ്യാതിര്‍ത്തികളെ പോലും ലംഘിക്കുന്ന വിശാലമായ റിപ്പബ്ലിക്കിലെ പൗരനാവുമ്പോഴും സൂക്ഷ്മമായ വ്യക്തിപരതയെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കൂടുതല്‍ ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ പരസ്പരം വിരുദ്ധമായ രണ്ട് പ്രക്രിയകള്‍ ഒരേ സമയം സംഭവിക്കുന്ന ഒരു പ്രതിഭാസമാണിത്.
പൗരസംഘാടനത്തിന്റെ ഈ പുതുരൂപത്തെക്കുറിച്ച് കുടുംബങ്ങള്‍ക്കും സംഘടനകള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം നല്ല ബോധ്യമുണ്ടാവണം. പരമ്പരാഗതമായ ജാഗ്രതാ മുന്നറിയിപ്പുകളും ധാര്‍മിക ലാത്തിച്ചാര്‍ജും പുതിയ പൗരന്മാരോട് സംവദിക്കാന്‍ ഉപകാരപ്പെട്ടുകൊള്ളമെന്നില്ല. ഒരു പക്ഷേ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയായിരിക്കും. സംഘടനകളുടെ നയങ്ങള്‍, പരിപാടികള്‍ എന്നിവയെക്കുറിച്ച് മുമ്പ് അതിന്റെ ആഭ്യന്തര മീറ്റിംഗുകളിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നതെങ്കില്‍ ഇന്ന് അവയെക്കാള്‍ സജീവമായി അവ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നടക്കുന്നുണ്ട്. അതായത്, പരിചിതമായ സംഘടനാ സംസ്‌കാരത്തെ മറികടക്കുന്ന പുതിയ ആലോചനാ സ്ഥലികള്‍ രൂപപ്പെടുന്നു. ഇവയെ സംഘടനാ അച്ചടക്കം കൊണ്ട് മാത്രം മറികടക്കാന്‍ കഴിയില്ല. അപ്പോള്‍ പുതിയ പൗരത്വ രൂപീകരണ കാലത്ത് പൗരന്മാരെ എങ്ങനെ deal ചെയ്യും എന്ന ചോദ്യമാണ് കുടുംബങ്ങളില്‍ രക്ഷിതാക്കളും സംഘടനകളില്‍ നേതാക്കളും അഭിമുഖീകരിക്കുന്നത്. അതിന്റെ തന്നെ വ്യാകരണങ്ങള്‍ ഉപയോഗിച്ച് അവയോട് സംവദിക്കുകയെന്നത് മാത്രമാണ് പോംവഴിയായിട്ടുള്ളത്. പുതിയ സാങ്കേതിക വിദ്യകളില്‍ നിന്ന് ആളുകളെ മാറ്റിനിര്‍ത്താന്‍ അധികകാലം കഴിയില്ല. സ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ നിരോധം പോലും അധികകാലം നിലനില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കകം എം-ലേര്‍ണിംഗ് സമ്പ്രദായം നമ്മുടെ സ്‌കൂളുകളിലും നടപ്പിലാക്കപ്പെട്ടേക്കാം. അപ്പോള്‍ പതറിനില്‍ക്കുന്നതിന് പകരം അത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള സാങ്കേതികവും ആശയപരവുമായ ശേഷി നേടിയെടുക്കുകയാണ് നാം ചെയ്യേണ്ടത്.
പുതിയ സാങ്കേതികവിദ്യകളോട് ഗുണപരമായി സമ്പര്‍ക്കപ്പെടാനുള്ള (engage) ശേഷി പുതിയ തലമുറക്ക് നല്‍കുന്നതാണ് അതില്‍ നിന്ന് അവരെ അകറ്റുന്നതിനെക്കാള്‍ നല്ലത്. കാരണം, എന്തായാലും ഭാവിയിലെ ഒരു സന്ദര്‍ഭത്തില്‍, ഇത്തരം സാങ്കേതികവിദ്യകളുമായി അവര്‍ സമ്പര്‍ക്കപ്പെടേണ്ടി വരും. അത് പലപ്പോഴും മുതിര്‍ന്നവരുടെ എതിര്‍പ്പുകളെ ധിക്കരിച്ചോ രഹസ്യമായി മറികടന്നുകൊണ്ടോ ആയിരിക്കും. അപ്പോള്‍ പക്ഷേ അവരെ ഉദ്ദേശിക്കുന്നതുപോലെ നമ്മുടെ നിയന്ത്രണത്തില്‍/രക്ഷാകര്‍തൃത്വത്തില്‍ കിട്ടിക്കൊള്ളണമെന്നില്ല. അത്തരമൊരു negative engagementനെക്കാള്‍ എത്രയോ നല്ലത് സദ്‌സമ്മതിയോടുകൂടി നടക്കുന്ന ഗുണപരമായ സമ്പര്‍ക്കങ്ങളാണ്. കുടുംബം, സമൂഹം, സംഘടന, വിദ്യാലയം എന്നിവയുടെ നടത്തിപ്പുകാര്‍ക്കെല്ലാം ഇത് ബാധകമാണ്.
വായനയില്‍ കയറിവന്ന വന്ന രണ്ടു പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. Gary R Bunt എഴുതി യൂനിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന പ്രസ് പ്രസിദ്ധീകരിച്ച I Muslims: Rewiring the House of Islam എന്നതാണ് ഒന്ന്. ഇന്റര്‍നെറ്റ് മുസ്‌ലിം ചിന്തയെയും പുതിയ മുസ്‌ലിം പൗരത്വത്തെയും രൂപപ്പെടുത്തുന്നതെങ്ങനെ എന്ന ഗഹനമായ അന്വേഷണമാണ് ഗാരി ഈ പുസ്തകത്തില്‍ നടത്തുന്നത്. പരമ്പരാഗതമായ വൈജ്ഞാനിക കേന്ദ്രങ്ങളെ മറികടന്നോ അപ്രസക്തമാക്കിയോ ഇസ്‌ലാമിക വൈജ്ഞാനിക ഉല്‍പാദനത്തിന്റെ പുത്തന്‍ ഇടങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ച് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. ഉലമയുടെ സാമൂഹിക പദവിക്ക് ഇടിവ് സംഭവിക്കുകയും സൈബര്‍സ്ഥലിയിലെ ചെറുപ്പക്കാരുടെ സംഘങ്ങളിലൂടെ പുതിയ വൈജ്ഞാനിക ഉല്‍പാദനങ്ങള്‍ നടക്കുകയും ചെയ്യുന്നതെങ്ങനെ എന്നും പുസ്തകം അന്വേഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റും അനുബന്ധ സാങ്കേതികവിദ്യകളും മുസ്‌ലിം ആലോചനാ മാതൃകകളെ രൂപപ്പെടുത്തുന്നതിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ പുസ്തകത്തില്‍ വായിച്ചെടുക്കാം.
 M. Hakan Yavuz (Editor) , John L. Esposito എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത് Syracuse University Press പ്രസിദ്ധീകരിച്ച Turkish Islam and the Secular State: The Global Impact of Fethullah Gulen Nur Movement എന്നതാണ് രണ്ടാമത്തെ പുസ്തകം. ഫത്ഹുല്ലാ ഗുലന്‍ പ്രസ്ഥാനത്തെക്കുറിച്ച പഠനമാണ് പുസ്തകമെങ്കിലും ബദീഉസ്സമാന്‍ സഈദ് നൂര്‍സിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ഫത്ഹുല്ലാ ഗുലനും ആധുനിക സാങ്കേതിക വിദ്യകളോട് സ്വീകരിച്ച ക്രിയാത്മക സമ്പര്‍ക്കം (positive engagement) എന്ന നിലപാട് പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. അച്ചടിയുടെ ഉത്ഭവം തന്റെ ആശയങ്ങളെ ശക്തിപ്പെടുത്താനുള്ള വലിയ ഉപാധിയായി നൂര്‍സി കണ്ടിരുന്നു. 'നൂര്‍സിയുടെ മുരീദു'മാര്‍ എന്നാണ് അച്ചടി യന്ത്രങ്ങളെ സഈദ് നൂര്‍സി വിളിച്ചിരുന്നത്. ലോകം ഒരു ആഗോള ഗ്രാമമാകാന്‍ പോകുന്നുവെന്ന് 1938-ല്‍ തന്നെ നൂര്‍സി പ്രവചിച്ചിരുന്നു. സാങ്കേതികവിദ്യയുടെയും പുത്തന്‍ മാധ്യമ സങ്കേതങ്ങളുടെയും കാര്യെത്തില്‍ ഇതേ സമീപനം തന്നെയാണ് ഫത്ഹുല്ലാ ഗുലനും സ്വീകരിച്ചത്. ആധുനികതയോട് ഏറ്റവും ഗുണപരമായി സംവദിക്കാന്‍ കഴിയുന്ന, അതേ സമയം ഇസ്‌ലാമിക മൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹമായി മാറാന്‍ തുര്‍ക്കിക്ക് സാധിച്ചതിന് പിന്നില്‍ നൂര്‍സിയുടെ  ഈ മുന്‍കാല നിലപാടുകള്‍ വലിയ കാരണമായിട്ടുണ്ട് എന്ന് കണ്ടെത്താവുന്നതാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍