ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്ത് 'ഇരുണ്ട ഭൂഖണ്ഡ'ത്തില്‍ പ്രകാശം പരത്തിയ യുഗ പുരുഷന്‍
മത-സാംസ്‌കാരിക രംഗത്തും മനുഷ്യസേവന-ജീവ കാരുണ്യ മേഖലകളിലും കുവൈത്തിന്റെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ധന്യവത്സരങ്ങളുടേതാണ് എണ്‍പതുകളുടെ ആദ്യ പാദം. ബൈത്തുസകാത്തിന്റെയും ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെയും രൂപവല്‍ക്കരണമുണ്ടായ അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് ബഹുമുഖ ലക്ഷ്യങ്ങളോടെ സര്‍ക്കാറേതര സംരംഭങ്ങളായ നിരവധി ചാരിറ്റി സൊസൈറ്റികളുടെയും പിറവി. വളര്‍ന്നു പന്തലിച്ച ദശക്കണക്കിന് സന്നദ്ധ സംഘടനകളുടെ മധ്യത്തില്‍ ദീപസ്തംഭമായി ഒരു മഹദ് സ്ഥാപനം പ്രഭ ചൊരിഞ്ഞു നിന്നു-ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക പ്രബോധനവും ജീവകാരുണ്യ പ്രവര്‍ത്തനവും മനുഷ്യസേവനവും ജീവിത ദൗത്യമായേറ്റെടുത്ത ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്ത് ജന്മം നല്‍കിയ ആ സ്ഥാപനം വാനോളം വളര്‍ന്നു. കുവൈത്തിന്റെ മണ്ണില്‍ വേരാഴ്ത്തിയ ആ വന്‍വൃക്ഷത്തിന്റെ തണലും ഫലവും ഭൂഖണ്ഡാതിര്‍ത്തികളെ ഭേദിച്ച് ആഫ്രിക്കന്‍ വന്‍കരയിലെത്തി. ഇരുണ്ട ഭൂഖണ്ഡത്തെ നെഞ്ചിലേറ്റി അവിടുത്തെ കറുത്ത മക്കളെ സ്‌നേഹിച്ച ആ മഹാനുഭാവനില്‍ 'കാപ്പിരികളുടെ നാട്' തങ്ങളുടെ രക്ഷകനെ കണ്ടെത്തി. കര്‍മകാണ്ഡങ്ങളുടെ ആറ് പതിറ്റാണ്ട് നീണ്ട ആ മഹിത ജീവിതത്തിന് കഴിഞ്ഞ ആഗ്സ്റ്റ് 15-ന് തിശ്ശീല വീണപ്പോള്‍ ഇസ്‌ലാമിക ലോകം കണ്ണീരൊഴുക്കി. ആഫ്രിക്ക വിതുമ്പി.
1981 ലെ ഒരു പ്രഭാതം. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് പ്രസിഡന്റായിരുന്ന കെ.എം അബ്ദുര്‍റഹീം സാഹിബിനോടൊപ്പം സബാഹ് ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കയറിച്ചെന്നത് ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിനെ കണ്ട് പരിപാടിക്ക് ക്ഷണിക്കാനാണ്. ആഫ്രിക്കന്‍ അനുഭവങ്ങള്‍ ഇന്ത്യന്‍ സമൂഹവുമായി പങ്കുവെച്ച് ഡോ. സുമൈത്ത് നിരവധി സായാഹ്‌നങ്ങളെ ധന്യമാക്കി. ഡോക്ടറായ അബ്ദുര്‍റഹ്മാന്‍ സുമൈത്തും അധ്യാപികയായ ഭാര്യയും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കഴിച്ചുകൂട്ടിയ മാസങ്ങളില്‍ ഉണ്ടായ അനുഭവങ്ങള്‍ ഒരു ജനതയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ നേര്‍കാഴ്ചകളായിരുന്നു. പിന്നീടും ഡോ. സുമൈത്തുമൊത്ത് നിരവധി സംരംഭങ്ങളില്‍ ഒന്നുചേര്‍ന്നു. ഒടുവില്‍ ഓര്‍ക്കുന്നത് പ്രസിദ്ധ ബ്രിട്ടീഷ് പോപ് ഗായകന്‍ കാറ്റ്സ്റ്റീവന്‍സ് ഇസ്‌ലാം ആശ്ലേഷിച്ച് യൂസുഫ് ഇസ്‌ലാം ആയപ്പോള്‍ ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിന്റെയും ഡോ. ആദില്‍ ഫലാഹിന്റെയും (ഇപ്പോഴത്തെ ഔഖാഫ് അണ്ടര്‍ സെക്രട്ടറി) നേതൃത്വത്തില്‍ ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റിയും കെ.ഐ.ജിയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനമാണ്. 'ഹൃദയം നിറയെ ആഫ്രിക്ക' എന്ന ശീര്‍ഷകത്തില്‍ 'മാധ്യമ'ത്തില്‍ ഡോ. സുമൈത്തിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ഫീച്ചര്‍, പിന്നീട് ഡയരക്ട് എയ്ഡ് (അല്‍ ഔനുല്‍ മുബാശിര്‍) എന്ന് പേര് മാറിയ ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റിയുടെ ഫയലില്‍ സൂക്ഷിച്ചുവെച്ചത്, മൂന്ന് ദശകങ്ങള്‍ പിന്നിട്ടിട്ടുപോലും മറക്കാതെ, അദ്ദേഹം കാണിച്ചുതന്നത് നിറഞ്ഞ കണ്ണുകളോടെ ഞാനിന്ന് ഓര്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡോ. സുമൈത്ത് നിരവധി രോഗങ്ങളുമായുള്ള പോരാട്ടത്തിലായിരുന്നു. കുവൈത്ത് അമീറിന്റെ നിര്‍ദേശപ്രകാരം പ്രത്യേക വിമാനത്തില്‍ ജര്‍മനിയില്‍ ചികിത്സക്ക് കൊണ്ടുപോയ ഘട്ടത്തില്‍ ബോധം വീണ്ടുകിട്ടിയ തിരിച്ചറിവിന്റെ അപൂര്‍വ നിമിഷങ്ങളിലൊന്നില്‍ ആ കാഴ്ചവെട്ടത്തില്‍ ഞാനുണ്ടായിരുന്നു. നിറകണ്‍ ചിരിയില്‍ പൊതിഞ്ഞ അഗാധമായ ആ സ്‌നേഹവായ്പിന്റെ കാന്തിവലയത്തില്‍ വിലയം പ്രാപിച്ച ഞാന്‍ എന്നെ മറന്ന അപൂര്‍വ നിമിഷം. ആ മുഖം പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നപോലെ. ആ കണ്ണുകള്‍ പലരെയും പരതുന്നപോല. ഞാന്‍ സുമൈത്തിന്റെ മുഖത്ത് മുത്തമിട്ടു. അവസാനത്തെ മുത്തം. കുടുംബവും ഗവണ്‍മെന്റും ഡോക്ടര്‍മാര്‍ ഇറക്കുന്ന മെഡിസിന്‍ ബുള്ളറ്റിനുകളിലൂടെ ആരോഗ്യ വിവരങ്ങള്‍ അറിഞ്ഞ് കൊണ്ടിരുന്നു. ഒടുവില്‍ ഇതാ അബൂസുഹൈബ് യാത്രതിരിച്ചിരിക്കുന്നു, മടങ്ങിവരാത്ത യാത്ര.
2006 സെപ്തംബര്‍ 3 ന് അന്തരിച്ച അബ്ദുല്ലാ അലി അല്‍ മുത്വവ്വ (ശൈഖ് അബൂബദ്ര്‍) യുടെ ജനാസ നമസ്‌കാരത്തിനുശേഷം കുവൈത്ത് ഓര്‍മയില്‍ സൂക്ഷിക്കുന്ന ജനാസ നമസ്‌കാരമാണ് ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിന്റേത്. ഭരണാധികാരികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒഴുകിയെത്തിയ ജനക്കൂട്ടം ആ യുഗപുരുഷനുള്ള അംഗീകാരം വിളിച്ചോതി. നിശബ്ദ സേവനത്തിലൂടെ ഒരു പുരുഷായുസിന് ആര്‍ജിക്കാവുന്ന നേട്ടങ്ങളത്രയും ലോകത്തിനും സമൂഹത്തിനും സംഭാവനയായി നല്‍കിയ ഡോ. സുമൈത്ത് കുവൈത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായിരുന്നു.
ആഫ്രിക്കയില്‍ ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്ത് കാല്‍നൂറ്റാണ്ടുകാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചരിത്രത്തില്‍ തുല്യതയുണ്ടാവില്ല. ലക്ഷക്കണക്കിന് ആളുകളാണ് ഡോ. സുമൈത്ത് മുഖേന ഇസ്‌ലാം സ്വീകരിച്ചത്. 5700 പള്ളികള്‍ നിര്‍മിച്ച അതേ കൈകള്‍ തന്നെ 9800 കിണറുകള്‍ കുഴിച്ചു ആഫ്രിക്കന്‍ ജനതക്ക് നല്‍കി. 860 സ്‌കൂളുകള്‍, 4 യൂനിവേഴ്‌സിറ്റികള്‍, 204 ഇസ്‌ലാമിക് സെന്ററുകള്‍, നൂറുകണക്കില്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍-ഇവയെല്ലാമാണ് ഡോ. സുമൈത്തിന്റെ വിശ്രമമില്ലാത്ത ജീവിതത്തിന്റെ ബാക്കിപത്രം.
വീഴ്ചയില്‍ നട്ടെല്ലൊടിഞ്ഞ് വീട്ടില്‍ അവശനായി കിടന്ന ഡോ. സുമൈത്തിനെ സന്ദര്‍ശിച്ച സന്ദര്‍ഭം ഓര്‍ക്കുന്നു. എസ്.എ.പി അബ്ദുസ്സലാമും പി.പി അബ്ദുര്‍റഹ്മാനുമുണ്ട് കൂടെ. ''അബൂസുഹൈബ്! അവശനായി ഇങ്ങനെ വിശ്രമമില്ലാതെ എത്രകാലമായി ഓടി നടക്കുന്നു?''
''സ്വര്‍ഗം കിട്ടുമെന്ന് ഉറപ്പു ലഭിക്കുന്നത്‌വരെ ഈ യാത്ര തുടരും. മരണം വരെ പ്രവര്‍ത്തിച്ചേ തീരൂ. നാളത്തെ വിചാരണ പ്രയാസകരമാണ് മക്കളേ!''
നാനാതരം പീഡനങ്ങളും ഭേദ്യങ്ങളുമേറ്റ് പരിക്ഷീണനായ ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) നല്‍കിയ മറുപടിയാണ് അന്നേരമോര്‍ത്തത്.
''ഇമാം! എപ്പോഴാണ് ഒരു വിശ്രമം?''
''വിശ്രമമോ? സ്വര്‍ഗത്തിന്റെ പടിവാതിലില്‍ പാദമൂന്നുമ്പോള്‍''
ഡോ. സുമൈത്തും അങ്ങനെയായിരുന്നു. ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട ആയിരക്കണക്കായ ഗ്രാമങ്ങളെ അദ്ദേഹം ഇസ്‌ലാമിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിയും ദാരിദ്ര്യവും രോഗവും നിരക്ഷരതയും മുതലെടുത്ത് ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തനത്തെ നേരിടാന്‍ ഫലപ്രദമായ വഴികളാണ് ഡോ. സുമൈത്ത് തേടിയത്. കാട്ടുഫലങ്ങളും പഴങ്ങളും മാത്രം ഭക്ഷിച്ച് താനും കുടുംബവും വനാന്തരങ്ങളില്‍ ചെലവിട്ട നാളുകള്‍ അദ്ദേഹം ചില സ്വകാര്യ നിമിഷങ്ങളില്‍ ഓര്‍ത്ത് പറഞ്ഞു.
അത്യന്തം ലളിതമായിരുന്നു ആ ജീവിതം. രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങള്‍ മാത്രം ഉടുത്തുമാറാന്‍. അനാര്‍ഭാടമായ ഭക്ഷണം. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണമേ കഴിക്കൂ. സബാഹ് ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍ കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ആഫ്രിക്കയിലെ ദരിദ്ര ബാലന്മാര്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ അയച്ചുകൊടുക്കുമായിരുന്നു. കെ.ഐ.ജിയുടെ പരിപാടികളിലൊന്നില്‍ ഇംഗ്ലീഷില്‍ തുടര്‍ന്ന പ്രസംഗം അറബിയിലേക്ക് വഴിമാറി ഗദ്ഗദ കണ്ഠനായി ഡോ. സുമൈത്ത് പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ഓര്‍മയിലുണ്ട്. പ്രഭാഷണങ്ങളില്‍ അവ ഉദ്ധരിക്കാറുമുണ്ട്. ''യൗമന്‍മാ സനമൂത്തു, യൗമന്‍ മിനല്‍ അയ്യാമി സനദ്ഖുലുല്‍ ഖബ്ര്‍, മാദാ അഅ്ദദ്‌നാ ലി മിസ്‌ലി ഹാദല്‍ യൗം? ഇന്നല്‍ കഫന ലയ്‌സ ലഹാ ജുയൂബ്....(ഒരു നാള്‍ നാം മരിക്കും, ഒരു ദിനം നാം ഖബ്‌റില്‍ പ്രവേശിക്കും. ഈ നാളിന്ന് വേണ്ടി നാം എന്താണ് ഒരുക്കിവെച്ചിട്ടുള്ളത്? കഫന്‍ പുടവക്ക് കീശകളില്ലെന്നോര്‍ക്കണം. ഖബര്‍ കരാളമാണ്. ഇരുള്‍മുറ്റിയ ഖബറിലെ നിമിഷങ്ങള്‍ ഏകാന്തതയുടേതാണ്. ഓരോ വ്യക്തിക്കും ഒരു ജീവിത ദൗത്യം വേണം. സര്‍വ മനുഷ്യര്‍ക്കും സന്തോഷപൂര്‍വം ജീവിതം സാധിതമാക്കുന്ന നവലോകം നിര്‍മിക്കുകയാവണം നമ്മുടെ ദൗത്യം.''
ഈ ദൗത്യത്തിന്റെ ജീവിതാവിഷ്‌കാരമായിരുന്നു ഡോ. സുമൈത്ത്. കുവൈത്ത് അമീറും മന്ത്രിസഭയും പാര്‍ലമെന്റും ഡോ. സുമൈത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഇറക്കിയ പത്രക്കുറിപ്പില്‍ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു. മരണക്കിടക്കയിലും ഗസ്സയെക്കുറിച്ചും സിറിയയെക്കുറിച്ചും അന്വേഷിച്ചു വേപഥു പൂണ്ട മനസ്സായിരുന്നു അതെന്ന് ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് ചിരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ലാ മഅ്തൂഖും മുന്‍ചെയര്‍മാന്‍ യൂസുഫ് ജാസിമുല്‍ ഹിജ്ജിയും അനുസ്മരിച്ചു. കുവൈത്തിലെ മുഖ്യപാതകളില്‍ ഒന്നിന് ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിന്റെ പേര് നല്‍കാന്‍ കുവൈത്ത് അമീര്‍ മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുമൈത്ത് ആഫ്രിക്കയില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിത്യസ്മാരകമായി ബൃഹത്തായ 'കുവൈത്ത് എയ്ഡ് സെന്റര്‍' സ്ഥാപിക്കാന്‍ എം.പിമാര്‍ നിര്‍ദേശം സമര്‍പ്പിച്ചു. മന്ത്രിസഭ അതംഗീകരിച്ചു.
ഇസ്‌ലാമിക ലോകത്തിനും മുസ്‌ലിം സമൂഹത്തിനും മാനവതക്കും ഡോ. സുമൈത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ വിലയിരുത്തി 1996 ലെ കിംഗ്‌ഫൈസല്‍ അവാര്‍ഡ് അദ്ദേഹത്തിനാണ് ലഭിച്ചത്. അവാര്‍ഡ് തുക ആഫ്രിക്കയിലെ ദരിദ്ര വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി അദ്ദേഹം വഖ്ഫായി പ്രഖ്യാപിച്ചു. ഇന്ന് ലോകത്തെങ്ങും ജോലി തേടിയെത്തുന്ന അഭ്യസ്ത വിദ്യരായ ആഫ്രിക്കന്‍ പുതുതലമുറ ഡോ. സുമൈത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകളുടെ ജീവിക്കുന്ന ഉദാഹരണമാണ്. 1986-ല്‍ ജി.സി.സി രാജ്യങ്ങളുടെ തലവന്മാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരത്തിനര്‍ഹനായ ഡോ. സുമൈത്തിനെ തുടര്‍ന്ന് തേടിയെത്തിയത് വിവിധ രാഷ്ട്രങ്ങള്‍ ഔദ്യോഗിക തലത്തില്‍ ഏര്‍പ്പെടുത്തിയ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമാണ്.
വിനയവും പുഞ്ചിരിയുമായിരുന്നു ഡോ. സുമൈത്തിന്റെ മുഖമുദ്ര. തനിക്ക് ശേഷം ആഫ്രിക്കയില്‍ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിക്കൊണ്ടുപോവാന്‍ പ്രാപ്തരായ പിന്മുറക്കാരെ വിട്ടേച്ചാണ് അദ്ദേഹം യാത്രയായത്. പത്‌നി നൂരിയ്യ ആഫ്രിക്കയിലെ ജീവിത യാത്രയില്‍ ഉടനീളം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മക്കള്‍: അസ്മാഅ്, നുസൈബ്, സുഹൈബ്, സുമയ്യ, അബ്ദുല്ല. ബഗ്ദാദ് യൂനിവേഴ്‌സിറ്റി, ലിവര്‍പൂള്‍ യൂനിവേഴ്‌സിറ്റി, മാക്ഗില്‍ യൂനിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളില്‍നിന്ന് ബിരുദമെടുത്ത ഡോ. സുമൈത്ത് ഇന്റേണല്‍ മെഡിസിനിലും ഡൈജസ്റ്റീവ് ഡിസീസിലുമാണ് സ്‌പെഷ്യലൈസ് ചെയ്തത്. ഡോ. സുമൈത്തിന്റേതായി നിരവധി ഗവേഷണ പ്രബന്ധങ്ങളുമുണ്ട്. പിത്ത സഞ്ചിക്കും കുടലിന്നുമിടയിലെ തുറസ്സ്, അള്‍സര്‍ ശസ്ത്രക്രിയക്ക് ശേഷം കുടലിനെ ബാധിച്ചേക്കാവുന്ന കാന്‍സര്‍, ലിവര്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ വിറ്റാമിന്‍ ബി 12 ന്റെ ഉപയോഗം തുടങ്ങിയ ഗവേഷണ പ്രബന്ധങ്ങള്‍ ഡോ. സുമൈത്തിന്റേതായുണ്ട്.
Comments