കുടുംബത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
'ഇതെന്തൊരു ചോദ്യം!' എന്നായിരിക്കും പലരുടെയും പ്രതികരണം. ചോദ്യം ആവര്‍ത്തിക്കുകയാണ്: 'കുടുംബത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?' അതിന്റെ ഊടും പാവും എന്തായിരിക്കണം എന്നതിനെക്കുറിച്ച്, അതിന്റെ പവിത്രതയെയും മഹത്വത്തെയും കുറിച്ച്, ഉത്തരവാദിത്തത്തെയും ബാധ്യതകളേയും കുറിച്ച്, അതിന്റെ നിലനില്‍പ്പിനെയും തകര്‍ച്ചയെയും കുറിച്ച്? അങ്ങനെയങ്ങനെ കുടുംബം നിങ്ങളുടെ ഗൗരവ ചിന്തക്ക് വിഷയമായിട്ടുണ്ടോ?
പലര്‍ക്കുമുണ്ടാവില്ല. യാന്ത്രികമാണ് പലരുടെയും കുടുംബജീവിതം. ഒഴുക്കില്‍പ്പെട്ട് നീങ്ങുന്നതുപോലെ. ബോധപൂര്‍വം ക്രിയാത്മകമായി ആരും ഒന്നും ചെയ്യുന്നില്ല. പുതിയ തലമുറയില്‍ പലരും കുടുംബത്തെയും കുടുംബജീവിതത്തെയും വളരെ ലാഘവത്തോടെയാണ് കാണുന്നത്. സിനിമകളിലും ചാനലുകളിലും കാണുന്നതുപോലുളള, യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത കളിതമാശകളാണ് അവര്‍ക്ക് ജീവിതം. ഇത് ബന്ധങ്ങളുടെ ശിഥിലീകരണത്തിനും മാനസികാകുലതകള്‍ക്കും കാരണമായിത്തീരുന്നു.
ഇങ്ങനെ അലക്ഷ്യമായി നീങ്ങേണ്ട ഒന്നാണോ കുടുംബം? സംസ്‌കൃതിയുടെ നിര്‍മാണം, നിലനില്‍പ്പ്, തകര്‍ച്ച, ഉന്മൂലനം ഇതിലൊക്കെ കുടുംബം കഴിഞ്ഞേ മറ്റേതും വരുന്നുള്ളൂ. സുരക്ഷിത സമൂഹത്തിന്റെ നിര്‍മാണവും നിലനില്‍പ്പും സുഭദ്ര കുടുംബങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. മനുഷ്യജീവിതത്തിലെ വേഗതയേറിയ മാറ്റങ്ങള്‍ കുടുംബാന്തരീക്ഷത്തെയും നിഷേധാത്മകമായി ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. അപ്രധാനങ്ങളായവയ്ക്ക് പ്രാധാന്യം വരികയും പ്രാധാന്യമുളളവ അപ്രധാനമാവുകയും ചെയ്തു. ഇത് കുടുംബഘടനയില്‍ മാറ്റങ്ങളുണ്ടാക്കി. ദൈവികവും പ്രകൃതിപരവുമായ കുടുംബഘടനയില്‍ നിന്നുളള വ്യതിചലനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് സമൂഹം ഇരുട്ടിലകപ്പെടുന്നതിന് കാരണമായി. ഇരുട്ടില്‍ തപ്പിത്തടയുകയാണ് ലോകം. ലോകമെന്ന് പറയുമ്പോള്‍ നാം അതിന് പുറത്തല്ല. ഞാന്‍ അതിലുണ്ട്; നിങ്ങളുമുണ്ട്. ഈ തിരിച്ചറിവാണ് പ്രധാനം. ജീവിതം ഭാരമേറിയതായിരിക്കുന്നു. ആ ഭാരം ശരീരത്തിനും മനസ്സിനുമുണ്ട്. ഭാരം താങ്ങാനാകാതെ വരുമ്പോള്‍ മനുഷ്യനെ നിരാശ ബാധിക്കും. അവന്റെ കുടുംബം തകരും. സമൂഹത്തില്‍ ധാര്‍മിക തകര്‍ച്ച വ്യാപകമാകും. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ചിലര്‍ അക്രമത്തിലേക്കു തിരിയും. ചിലര്‍ മാനസികരോഗികളാകും. ചിലപ്പോള്‍ ആത്മഹത്യയെന്ന അബദ്ധത്തില്‍ അഭയം തേടും. ഇത്തരം ഘട്ടങ്ങളില്‍ ഒരു നല്ല കൗണ്‍സലറെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്ക് തിരിച്ചുവരാനാകും. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്. നിരാശയുടെ അഗാധ ഗര്‍ത്തത്തില്‍നിന്ന് പ്രതീക്ഷയുടെ ഉയരങ്ങളിലേക്ക്. അധര്‍മ്മത്തില്‍നിന്ന് ധര്‍മത്തിലേക്ക്. കുടുംബ തകര്‍ച്ചയില്‍നിന്ന് കുടുംബഭദ്രതയിലേക്ക്. അങ്ങനെ ജീവിതത്തിലേക്ക്. നല്ല വെളിച്ചമുളള ജീവിതത്തിലേക്ക്.
സ്ത്രീയും പുരുഷനും വിവാഹത്തിലൂടെ ഒന്നായിത്തീരുന്നതില്‍ നിന്നാണ് ഒരു കുടുംബം പിറവി കൊളളുന്നത്. ഒന്നിച്ചുചേരുന്ന സ്ത്രീ പുരുഷന്മാര്‍ തികച്ചും വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും. അവര്‍ വളര്‍ന്ന സാഹചര്യം ഭിന്നമായത്‌കൊണ്ട് അവരുടെ സ്വഭാവവും വ്യത്യസ്തമായിരിക്കും. തന്റേതുപോലെ തന്നെയായിരിക്കും തന്റെ ഇണയുടെ സ്വഭാവവും എന്ന് ധരിക്കുന്നതും പ്രതീക്ഷിക്കുന്നതും അബദ്ധമാണ്. ഇണകളുടെ സ്വഭാവവും അഭിരുചികളും താല്‍പര്യങ്ങളും വ്യത്യസ്തമായിരിക്കുമെന്ന് തിരിച്ചറിയുകയും ഉള്‍ക്കൊളളുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. മറിച്ചായാല്‍ അത് കുടുംബകലഹത്തില്‍ കലാശിക്കും.
രണ്ടു മക്കളുളള ദമ്പതിമാര്‍ ഒരിക്കല്‍ കൗണ്‍സലിംഗിന് വന്നു. പതിനഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. അവര്‍ തമ്മില്‍ എന്നും വഴക്കും വക്കാണവുമാണ്. മുമ്പൊരിക്കല്‍ അവര്‍ ത്വലാഖ് ചെയ്ത് പിരിയുകയും ആരുടെയൊക്കെയോ ശ്രമഫലമായി വീണ്ടും കൂടിച്ചേരുകയും ചെയ്തതാണ്. ഭര്‍ത്താവിന് ഭാര്യയെക്കുറിച്ച് പറയാനുളള പരാതികളിങ്ങനെ: 'അവള്‍ക്ക് വൃത്തിയും വെടിപ്പും തീരെയില്ല. വീട്ടില്‍ ഒന്നും അടുക്കിയും ഒതുക്കിയും വെക്കില്ല. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ മണിക്കൂറുകളോളം കഴുകാതെ വെക്കും. തൂത്തുവാരുന്നതിനിടയ്ക്ക് ഫോണ്‍ ബെല്ലടിച്ചാല്‍ ഉമ്മറത്താണെങ്കിലും ചൂല്‍ അവിടെയിട്ട് പോകും. കഴുകിയുണക്കിയ വസ്ത്രങ്ങള്‍ കട്ടിലില്‍ കൊണ്ടുവന്ന് കൂട്ടിയിടും. എത്ര പറഞ്ഞാലും ഇതിലൊന്നും ഒരു മാറ്റവും വരുത്താന്‍ അവള്‍ തയാറല്ല.'
ഭാര്യക്ക് പറയാനുളളത് മറ്റു ചില കാര്യങ്ങളാണ്: 'ഭര്‍ത്താവിന് എന്നോട് യാതൊരു സ്‌നേഹവുമില്ല. ഒന്നിച്ച് യാത്ര ചെയ്യുന്നത് എനിക്ക് വളരെ സന്തോഷമുളള കാര്യമാണ്. എന്നാല്‍, അദ്ദേഹത്തിന് അതൊട്ടും താല്‍പര്യമുളള കാര്യമല്ല. വസ്്രതങ്ങള്‍ അദ്ദേഹം വാങ്ങി തരുന്നതാണ് എനിക്കിഷ്ടം. എന്നാല്‍ വസ്ത്രം വാങ്ങാന്‍ അദ്ദേഹം കൂടെ വരിക പോലും ചെയ്യില്ല. അങ്ങനെ എന്റെ ഇഷ്ടങ്ങള്‍ പലതും അദ്ദേഹം അംഗീകരിക്കാറില്ല.''
രണ്ടു പേരും വളര്‍ന്ന സാഹചര്യങ്ങളും ശീലിച്ച ശീലങ്ങളുമായിരുന്നു ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. കൗണ്‍സലിംഗിലൂടെ ഇക്കാര്യം ബോധ്യപ്പെട്ട രണ്ടുപേരും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സന്നദ്ധരായി. അതോടെ അവര്‍ സന്തോഷമുളള ദാമ്പത്യ ജീവിതത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
ഒരു മകന്‍ മാത്രമുളള കുടുംബം. ഉമ്മയും മകനും തമ്മില്‍ വളരെ വലിയ ബന്ധമാണ്. വീട്ടില്‍ വന്നാല്‍ അവനെപ്പോഴും ഉമ്മയുടെ കൂടെയായിരിക്കും. ഓരോ ദിവസത്തെയും വിശേഷങ്ങള്‍ അവന്‍ ഉമ്മയോട് പങ്കുവെക്കും. മകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ ഉമ്മയ്‌ക്കൊരു സംശയം: മകന് തന്നോട് പണ്ടത്തെപ്പോലെ സ്‌നേഹമില്ലേ? അവന്‍ സദാ സമയവും ഭാര്യയുടെ കൂടെയാണ്. അവനിപ്പോള്‍ തന്നോട് സംസാരം തീരെ കുറവാണ്. ഇങ്ങനെ ആശങ്കകള്‍ വര്‍ധിച്ച് അത് മറ്റു പലതിലേക്കും നീണ്ടുപോയി. അവളെന്റെ മകനെ വശീകരിച്ചു തട്ടിയെടുത്തിരിക്കുന്നു. അവന്റെ പണമെല്ലാം അവള്‍ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. വയസ്സാകുമ്പോള്‍ തന്നെ നോക്കാനും ശുശ്രൂഷിക്കാനും ആരുമുണ്ടാവില്ല. ആശങ്കകള്‍ ഉളളിലിരുന്ന് പൊറുതിമുട്ടിയപ്പോള്‍ അവര്‍ മകനെ വിളിച്ച് സ്വകാര്യമായി തന്റെ വിഷമങ്ങള്‍ പതിന്മടങ്ങായി അവതരിപ്പിക്കുകയും കരയുകയും ചെയ്തു. മകന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഉമ്മയെ സന്തോഷിപ്പിക്കാനായി അവന്‍ ഭാര്യയോട് അകലം പാലിക്കുന്നതായി അഭിനയിച്ചു. ഉമ്മയുടെ സാന്നിധ്യത്തില്‍ അവന്‍ ഭാര്യയോട് സംസാരിക്കാതെയായി. പഴയതുപോലെ കൂടുതല്‍ സമയം ഉമ്മയോടൊപ്പം ചെലവഴിച്ചു. ഇത് ഭാര്യക്ക് പ്രശ്‌നമായി. ഭര്‍ത്താവ് തന്നില്‍ നിന്ന് അകലുകയാണെന്ന് അവള്‍ സംശയിച്ചു. വീട്ടില്‍ കലഹങ്ങള്‍ പതിവായി. സ്വസ്ഥത നഷ്ടപ്പെട്ടു.
കൗണ്‍സലിംഗിലൂടെ മൂന്നുപേരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചു. അതിനനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കാന്‍ മൂവരും തയാറായി. വീട്ടില്‍ വീണ്ടും ആഹ്ലാദത്തിന്റെ പ്രകാശം പരന്നു.
മാതാപിതാക്കള്‍ കൂടാതെ വേറെയും കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടാകും. ഇവരോടൊക്കെയുമുള്ള ഊഷ്മള ബന്ധമാണ് കുടുംബജീവിതത്തില്‍ സന്തോഷം പകരുക. എല്ലാവരെയും ഉപേക്ഷിച്ച് ഒറ്റക്ക് താമസിക്കലാണ് ഉചിതമെന്ന് ഇന്നത്തെ തലമുറ വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ തീരുമാനിക്കാറുണ്ട്. സ്വന്തം വീടുണ്ടാകുന്നതും അതില്‍ ഭാര്യാസന്താനങ്ങളോടൊപ്പം താമസിക്കുന്നതും നല്ല കാര്യം തന്നെ. അപ്പോഴും ബന്ധുമിത്രാദികളോടുളള അടുപ്പവും ബന്ധവും നിലനിര്‍ത്തേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളിലൊരാള്‍ രാത്രി ഫോണില്‍ വിളിച്ചു. ആയിടെയാണ് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും കുടുംബവും തൊട്ടടുത്ത് തന്നെ താമസിക്കുന്നുണ്ട്. സഹോദരന്റെ മക്കളും അദ്ദേഹവും തമ്മില്‍ കൂട്ടുകാരെ പോലെയാണ്. സഹോദരന്റെ മക്കള്‍ ഒരു കുസൃതി ഒപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഫോണില്‍ വിളിച്ചത്. അദ്ദേഹം ജോലി കഴിഞ്ഞ് വന്നപ്പോള്‍ സഹോദരന്റെ മക്കളും ഉമ്മയും ഭാര്യയും ഉമ്മറത്തുണ്ട്. മക്കള്‍ അദ്ദേഹത്തോട് ചോദിച്ചു: ഒരു കാര്യത്തില്‍ ഭാര്യ പറഞ്ഞതാണോ ഞങ്ങള്‍ പറഞ്ഞതാണോ താങ്കള്‍ ചെയ്യുക? പെട്ടെന്ന് മനസ്സില്‍ തോന്നിയ മറുപടി പറഞ്ഞാല്‍ അത് അബദ്ധമാകുമോ എന്ന് ശങ്കിച്ച്, അദ്ദേഹം 'കുളി കഴിഞ്ഞ് വന്നിട്ട് മറുപടി പറയാം' എന്ന് പറഞ്ഞ് വീട്ടില്‍ കയറിയതിനുശേഷം എന്നെ ഫോണില്‍ വിളിച്ചതാണ്. ഞാനദ്ദേഹത്തോട് പറഞ്ഞു 'ഭാര്യ പറഞ്ഞതല്ലേ മക്കളേ ഞാന്‍ കൂടുതല്‍ പരിഗണിക്കേണ്ടത്' എന്ന് ഭാര്യ കേള്‍ക്കെ മക്കളോട് ചോദിക്കുക. സ്‌നേഹപൂര്‍വം അവരെ ചേര്‍ത്ത് പിടിച്ച് ചോദിക്കണമെന്നും നിര്‍ദേശിച്ചു. അദ്ദേഹം അങ്ങനെ ചെയ്തു. അതു കേട്ട ഭാര്യക്ക് വലിയ സന്തോഷവും ആത്മവിശ്വാസവും ഉണ്ടായി. സ്‌നേഹപൂര്‍വം ചേര്‍ത്ത് പിടിച്ച് പറഞ്ഞതുകൊണ്ട് ഒരു കളിയില്‍ തോറ്റ പ്രയാസമേ മക്കള്‍ക്ക് ഉണ്ടായുളളൂ. വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം ഈ കാര്യം ഓര്‍മിച്ച് പറയാറുണ്ട്, 'ഞങ്ങള്‍ക്കിടയിലെ ബന്ധം ഗാഢമാക്കുന്നതിന് ആ സംഭവം വലിയ പ്രയോജനം ചെയ്തിട്ടുണ്ട്' എന്ന്.
മക്കളെ വളര്‍ത്തുക പരിപാവനമായ ഒരു കര്‍മമാണ്. ദൈവബോധമുളള, സച്ചരിതരായ മക്കളെ വളര്‍ത്തിവലുതാക്കി സമൂഹത്തിന് സമ്മാനിക്കുക എത്ര പുണ്യകരം. കുഞ്ഞുങ്ങളോട് സ്‌നേഹപൂര്‍വം ഇടപെടണം. ആവശ്യമായ പെരുമാറ്റ മര്യാദകള്‍ സന്ദര്‍ഭോചിതമായി അവരെ പരിശീലിപ്പിക്കണം. അതിലൊന്നും മക്കളുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത്. ഞാന്‍ ചിന്തിക്കുന്നതുപോലെ തന്നെ മക്കളും ചിന്തിക്കാത്തതെന്ത് എന്ന് ആശങ്കപ്പെടരുത്; പ്രത്യേകിച്ച് കൗമാരത്തില്‍. മനുഷ്യജീവിതത്തില്‍ കൗമാരം മാറ്റത്തിന്റെ കാലമാണ്. സ്വന്തമായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്ന കൗമാരത്തില്‍ മക്കള്‍ മാതാപിതാക്കളുമായി പല കാര്യങ്ങളിലും ഭിന്നത പുലര്‍ത്തി എന്നുവരും. പറഞ്ഞതനുസരിക്കാതെ പ്രവര്‍ത്തിച്ചു എന്ന് വരും. അതൊരുപക്ഷേ, അവര്‍ ചെയ്യുന്നതാണ് ശരി എന്ന് വിശ്വസിക്കുന്നതു കൊണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ മക്കളെ ചേര്‍ത്ത് പിടിച്ച് സ്‌നേഹപൂര്‍വം ശരിയേതെന്ന് ബോധ്യപ്പെടാനുളള അവസരം അവര്‍ക്ക് നല്‍കുകയാണ് വേണ്ടത്. കേവല ഉപദേശം വിപരീത ഫലം ഉളവാക്കിയേക്കും. മക്കളോട് സൗഹൃദത്തോടെ ഇടപെടണം. എന്നാല്‍ സുഹൃത്തുക്കളാക്കി മാറ്റരുത്.
ഒരു പിതാവ് തന്റെ മകനുമായി കൗണ്‍സലിംഗിന് വന്നു. ബിരുദ വിദ്യാര്‍ഥിയായ അവന്‍ നമസ്‌കരിക്കുന്നില്ല, ഖുര്‍ആന്‍ പാരായണം ചെയ്യുന്നില്ല എന്നൊക്കെയാണ് പരാതി. അദ്ദേഹത്തെയും മകനെയും കുടുംബത്തെയും കുറിച്ച് പഠിച്ച് നോക്കി. അറുപത് വയസ്സിനടുത്ത് പ്രായമുണ്ട് പിതാവിന്. വിശ്വാസിയാണെങ്കിലും അദ്ദേഹം നമസ്‌കരിക്കുമായിരുന്നില്ല. നാലഞ്ചു വര്‍ഷമായിട്ടേയുളളൂ അതൊക്കെ ആരംഭിച്ചിട്ട്. അതുകൊണ്ടുതന്നെ മകന്‍ വളര്‍ന്നുവന്ന ഘട്ടങ്ങളിലൊന്നും നമസ്‌കരിക്കണമെന്ന കാര്യം അദ്ദേഹം മകനെ ബോധ്യപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍, 55 വര്‍ഷത്തിന്‌ശേഷം തനിക്ക് ബോധ്യമായ കാര്യം, തന്റെ ഉപദേശങ്ങള്‍കൊണ്ട് മകന് ബോധ്യമാവുന്നില്ല എന്നതാണ് വസ്തുത. പിതാവിനെ കാര്യം ബോധ്യപ്പെടുത്തി. മിടുക്കനായ മകനും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ കാലതാമസമുണ്ടായില്ല. വെളിച്ചമുളള വഴി മുമ്പിലുണ്ടായിരുന്നിട്ടും ഇരുട്ടില്‍ തപ്പിത്തടയുന്നവരെ വെളിച്ചമുളള വഴി സ്വയം കണ്ടെത്താന്‍ പ്രാപ്തരാക്കുകയാണ് കൗണ്‍സലര്‍ ചെയ്യുക. അതാണ് കൗണ്‍സലിംഗ്. അതൊരു മനോരോഗ ചികിത്സയല്ല. അതുകൊണ്ടുതന്നെ കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ സേവനം തേടിപോകാന്‍ മടി കാണിക്കേണ്ടതില്ല.
[email protected]
Comments