രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ കലാപം
വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ സോഷ്യല്‍ മീഡിയക്ക് സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിക്കാനാവുന്ന കാലത്ത് അന്യ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ കമന്റടിച്ചാല്‍ എന്തുണ്ടാവുമെന്നതിന്റെ ഉദാഹരണമായിരുന്നു മുസഫര്‍ നഗര്‍ കലാപം. ഷാനവാസ് എന്നൊരു യുവാവ് ജാട്ട് സമുദായക്കാരിയായ ഒരു പെണ്‍കുട്ടിയെ കമന്റടിച്ചതോടെ അവളുടെ സഹോദരന്മാര്‍ ചേര്‍ന്ന് ഈ യുവാവിനെ തല്ലിക്കൊന്ന് 'നീതി' നടപ്പാക്കി. കൊല്ലപ്പെട്ട ഷാനവാസിന്റെ സഹോദരന്മാരും തത്ത്വത്തില്‍ ജാട്ടുകള്‍ തന്നെയാണ്. അതായത് മുസ്‌ലിം ജാട്ടുകള്‍. ഷാനവാസ് മരിച്ച് ഒരു മണിക്കൂറിനകം അവന്റെ കൊലപാതകികളെ 'കണ്ണിന് കണ്ണ്' ന്യായം പറഞ്ഞ് ഇപ്പുറത്തുള്ളവരും കൊലക്കത്തിക്കിരയാക്കി. കവാല്‍ ഗ്രാമത്തില്‍ നടന്ന ഈ ദാരുണ സംഭവങ്ങളില്‍ ഇരുപക്ഷത്തുമുള്ളവര്‍ക്ക് തുല്യപങ്കാളിത്തം ഉണ്ടായിരുന്നു. അന്യസമുദായക്കാരനെ പ്രേമിച്ച കുറ്റത്തിന് എത്രയെങ്കിലും പെണ്‍മക്കളെയും സഹോദരിമാരെയും വെട്ടിക്കൊന്ന പിതാക്കന്മാരുടെയും സഹോദരന്മാരുടെയും ചരിത്രമുള്ള ജാട്ടുകള്‍, മുസ്‌ലിംകളായാലും ഹിന്ദുക്കളായാലും ഈ നിയമരാഹിത്യത്തിന്റെ ഇരകളും വേട്ടക്കാരുമായി കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ജീവിക്കുന്നവരാണ്. അവര്‍ക്കിടയില്‍ ജീവിച്ച ചരിത്രമുള്ള ഷാനവാസുമാര്‍ കമന്റടിച്ചതും തിരിച്ചടിച്ചതും ഒന്നുകില്‍ അവരല്ലാത്തവര്‍ ഇടപെടരുതാത്ത കുറ്റമാണ്. അല്ലെങ്കില്‍ പൊതുസമൂഹം കുറെക്കൂടി ഗൗരവത്തോടെ ഇടപെടേണ്ടിയിരുന്ന വിഷയങ്ങളായിരുന്നു.
മുസഫറാബാദിലെ കസാറ എന്ന കുഗ്രാമത്തില്‍ നടന്ന ഈ പ്രാകൃത നിയമവാഴ്ചക്കെതിരെ കുറെക്കൂടി സംസ്‌കൃതരെന്ന് അഭിമാനിക്കുന്ന, പാര്‍ലമെന്റിലും നിയമസഭകളിലും രാജ്യത്തിന്റെ നിയമനിര്‍മാണ പ്രക്രിയയില്‍ പങ്കുവഹിക്കുന്ന, നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ എങ്ങനെ പ്രതികരിച്ചു എന്നതാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. കസാറയുടെ അയല്‍പ്രദേശമായ സര്‍ധാനയിലെ ബി.ജെ.പി എം.എല്‍.എ സംഗീത് സോം സ്വന്തം കമ്പ്യൂട്ടറില്‍ നിന്നും ഒരു ദൃശ്യം ഇന്റര്‍നെറ്റിലേക്ക് കയറ്റിവിട്ടു. ഒറ്റനോട്ടത്തില്‍ മുസ്‌ലിംകളെന്ന് മനസ്സിലാക്കാനാവുന്ന ഏതാനും പേര്‍ ചേര്‍ന്ന് ഒരു യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊല്ലുന്ന ദാരുണമായ ദൃശ്യമായിരുന്നു ഇത്. 'ഇതാണ് മുസഫര്‍ നഗറില്‍ നടന്നത്' എന്ന അടിക്കുറിപ്പെഴുതാനും സോം മറന്നില്ല. 200 പേരാണ് ഈ ദൃശ്യം ഒന്നാം ദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഈ ദൃശ്യം സീഡിയാക്കി ഗ്രാമങ്ങളില്‍ ഉടനീളം വിതരണം ചെയ്തതായും പോലീസ് കണ്ടെത്തി. വാസ്തവത്തില്‍ രണ്ടു വര്‍ഷം മുമ്പ് പാകിസ്താനില്‍ നടന്നതായി യുട്യൂബില്‍ പ്രചരിച്ച ഈ ദൃശ്യം സംഗീത് സോം കൃത്യമായ ദുരുദ്ദേശ്യത്തോടെയായിരുന്നു അപ്‌ലോഡ് ചെയ്തത്. സംഗീത് സോം അടക്കമുള്ള ബി.ജെ.പിയുടെ പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍ അവിടം കൊണ്ട് നിര്‍ത്തിയില്ല. ജാട്ടുകള്‍ അവര്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട്, അവരുടെ പെണ്‍മക്കളുടെ മാനം സംരക്ഷിക്കണമെന്ന് മുദ്രാവാക്യം മുഴക്കി മുഴുവന്‍ ഗോത്രത്തിന്റെയും ജാതിപഞ്ചായത്ത് വിളിച്ചു ചേര്‍ത്തു. ഈ പഞ്ചായത്തില്‍ ബി.ജെ.പിയുടെ യു.പി നിയമസഭാ നേതാവ് ഹുക്കും സിംഗ് അടക്കമുള്ള പാര്‍ട്ടിയുടെ നാല് എം.എല്‍.എമാര്‍ അച്ചടിക്കാന്‍ കൊള്ളാത്ത ഭാഷയിലുള്ള കൊടും വര്‍ഗീയത മൈക്കിലൂടെ വിളിച്ചു കൂവി. ജാതിപഞ്ചായത്ത് കഴിഞ്ഞ് മടങ്ങിപ്പോയവര്‍ വഴിയിലുടനീളം ആക്രമണമഴിച്ചുവിട്ടതിന്റെയും അവര്‍ വരുന്നുണ്ടെന്ന് കേട്ട് തോക്കും വടിയും കല്ലുമായി കാത്തുനിന്നവര്‍ കാട്ടിക്കൂട്ടിയ അസംബന്ധത്തിന്റെയും അനിവാര്യമായ തുടര്‍ച്ചയായിരുന്നു മുസഫറാബാദ് കലാപം.
പക്ഷേ, കൃത്യമായ രാഷ്ട്രീയ ഗുണഭോക്താക്കളാണ് ഈ കലാപത്തെ കൊഴുപ്പിച്ചെടുക്കാന്‍ രംഗത്തുണ്ടായിരുന്നത്. മുഖ്യമായും ബി.എസ്.പിയും ആര്‍.എല്‍.ഡിയും ബി.ജെ.പിയും വോട്ട് പങ്കിടുന്ന ഈ മേഖലയില്‍ കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. പക്ഷേ, കോണ്‍ഗ്രസിന്റെ മുന്‍ എം.പിമാരിലൊരാള്‍ ജാതി പഞ്ചായത്തില്‍ പങ്കെടുക്കുകയും ഈ വര്‍ഗീയ വിഷം വ്യാപിക്കുന്നതിന് സ്വന്തം സാന്നിധ്യം നല്‍കേണ്ടുന്ന എല്ലാ ഗ്യാരന്റിയും നല്‍കുകയും ചെയ്തു. ആര്‍.എല്‍.ഡി മാത്രമാണ് ജാട്ടുകളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുന്നതില്‍ നിന്നു പ്രത്യക്ഷത്തിലെങ്കിലും വിട്ടു നിന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും വളരെ സജീവമായി തന്നെ അവരുടെ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചപ്പോള്‍ മുസ്‌ലിംപക്ഷത്തും ജാട്ട്പക്ഷത്തും ഒരുപോലെ കട തുറന്ന നെറികെട്ട രാഷ്ട്രീയമായിരുന്നു ബഹുജന്‍ സമാജ് പാര്‍ട്ടിയുടേത്. പാര്‍ട്ടിയുടെ മുസ്‌ലിം മുഖവും മുസഫര്‍ നഗറിലെ എം.പിയുമായ ഖാദിര്‍ റാണ, എം.എല്‍.എമാരായ ജമീല്‍ അഹ്മദ്, കോണ്‍ഗ്രസ് നേതാവ് സൈദുസ്സമാന്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി സ്വന്തം വോട്ടുബാങ്കുകളെ ചുവടുറപ്പിച്ചു നിര്‍ത്തി. സമാജ്‌വാദി പാര്‍ട്ടിയാകട്ടെ ഉത്തരവാദിത്വമില്ലായ്മയുടെ മകുടോദാഹരണമായി മാറുകയും ചെയ്തു. സമാജ്‌വാദിക്ക് ഈ മേഖലയില്‍ ജാട്ടുകളുടെ പിന്തുണ ഇന്നോളം നേടാനായിട്ടില്ല. അതേസമയം പ്രദേശത്തെ മുസ്‌ലികളുടെയും ജാട്ടുകളുടെയും വോട്ട് ആര്‍.എല്‍.ഡിയില്‍ നിന്നും ബി.എസ്.പിയില്‍ നിന്നും അടര്‍ത്തിയെടുക്കാനാവുമെന്ന പ്രതീക്ഷയില്‍ ഒരുതരം സംശയകരമായ നിഷ്‌ക്രിയത്വമാണ് അഖിലേഷ് സിംഗ് യാദവ് നയിക്കുന്ന യു.പി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. ജാതിപഞ്ചായത്ത് 144 പാസ്സാക്കി നിരോധിച്ച സര്‍ക്കാര്‍ പക്ഷേ ജാട്ടുകളെ പിണക്കേണ്ടെന്നു വെച്ച് അത് നടപ്പാക്കുന്നതില്‍നിന്ന് പിന്നാക്കം പോയി. എന്നാല്‍, മുസ്‌ലിംകളെ സംരക്ഷിക്കുന്ന കാര്യം പോലീസിനെ ഏല്‍പ്പിച്ച് കൈകെട്ടി മാറിനില്‍ക്കുകയും ചെയ്തു. ആളുകള്‍ തമ്മില്‍തല്ലി ചാവുമ്പോള്‍ നരേന്ദ്ര മോഡിയെ കൊതിപ്പിച്ച നിഷ്‌ക്രിയത്വമായിരുന്നു ഇത്. യഥാര്‍ഥത്തില്‍ മോഡിയും മോഡിയുടെ സെക്രട്ടറി അമിത് ഷായുമായിരുന്നു ഈ സംഭവങ്ങളില്‍ ഉള്ളാലെ ഏറ്റവും ആഹ്ലാദിച്ചിട്ടുണ്ടാവുക. ഭാഗ്പത്-മുസഫര്‍ നഗര്‍ മേഖലയില്‍ ബി.ജെ.പിക്ക് അനുകൂലമായ രീതിയില്‍ കനത്ത അടിയൊഴുക്കാണ് ഇപ്പോഴുണ്ടായത്.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലുടനീളം വര്‍ഗീയ കലാപങ്ങള്‍ നടന്നേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും കോണ്‍ഗ്രസും കലാപത്തിന്റേതായ ഒരുതരം നാണംകെട്ട രാഷ്ട്രീയം കളിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അധികാരത്തില്‍ നിന്നു പുറത്തിറങ്ങുന്നതിനു മുമ്പേ ഏതാണ്ടെല്ലാ ബില്ലുകളും പാര്‍ലമെന്റില്‍ പാസാക്കിയ യു.പി.എ, പക്ഷേ വര്‍ഗീയ കലാപ നിരോധന ബില്ലിന്റെ കാര്യത്തില്‍ ഒരു പ്രതീക്ഷയും നല്‍കിയിട്ടില്ല. മോഡിപേടി വിറ്റു വോട്ടാക്കാന്‍ നടത്തുന്ന നിലവാരമില്ലാത്ത രാഷ്ട്രീയമാണ് പാര്‍ട്ടിയുടേതെന്ന് വരുന്നു. മുസഫര്‍ നഗറിലേത് ഒഴിവാക്കാന്‍ കഴിയുമായിരുന്ന ദുരന്തമാണ്; രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍.
Comments