Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയം

റഹ്മാന്‍ മധുരക്കുഴി

ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ രൂക്ഷ വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണമായ ഗുജറാത്തിലെ 2002-ലെ വംശഹത്യാ കാലത്ത്, തകര്‍ക്കപ്പെട്ട പള്ളികളും ജാറങ്ങളും മറ്റു മതസ്ഥാപനങ്ങളും പുനര്‍നിര്‍മിക്കാനും നഷ്ടപരിഹാരം നല്‍കാനും പദ്ധതി തയാറാക്കാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു!
തകര്‍ക്കപ്പെട്ട മുസ്‌ലിം മതസ്ഥാപനങ്ങള്‍ പുനര്‍ നിര്‍മിച്ചുകൊടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഒരു പതിറ്റാണ്ടോളം വിവിധ കോടതികളില്‍ നിയമയുദ്ധം നടത്തി പരാജയപ്പെട്ട ഘട്ടത്തിലാണ്, മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധി തങ്ങള്‍ക്കനുകൂലമാവാന്‍ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പൊതു തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ ഇത്തരമൊരു നിലപാട് മാറ്റത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
മതവിദ്വേഷത്തിന്റെ പേരില്‍, ഇതര മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും നശിപ്പിക്കുന്ന അക്രമികള്‍ക്ക് നല്‍കുന്ന ചരിത്ര പ്രധാനമായ താക്കീതാണ് ഈ കോടതിവിധി. ഫാഷിസ്റ്റ് ഭരണകൂടം അഴിച്ചുവിട്ട കൊടിയ അക്രമങ്ങള്‍ക്കെതിരെ, പ്രകോപന മാര്‍ഗം സ്വീകരിക്കാതെ പതിറ്റാണ്ടുകളായി സമാധാനപരമായ നിയമയുദ്ധം നടത്തിയ ഗുജറാത്തിലെ ഇസ്‌ലാമിക് റിലീഫ് കമ്മിറ്റിക്കും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയ വിഷന്‍ 2016-ന്റെ സംഘാടകര്‍ക്കുമാണ്, നീതിക്ക് മുമ്പില്‍ മോഡി സര്‍ക്കാറിനെ അടിയറവ് പറയിച്ചതിനുള്ള ക്രഡിറ്റ്. അനീതിക്കും അക്രമത്തിനുമെതിരെയുള്ള പോരാട്ടം എങ്ങനെ വിജയിപ്പിക്കാം എന്നതിന് മറ്റു സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും ഈ സംഭവം പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുക.

ഖുര്‍ആന്‍ പഠന പരമ്പര അവസാനിപ്പിക്കരുത്

ളരെ ആവേശത്തോടെയാണ് അബ്ദുല്ലാ മന്‍ഹാമിന്റെ ഖുര്‍ആന്‍ പരമ്പര പഠിക്കാന്‍ ഞങ്ങള്‍ കുടുംബസമേതം തീരുമാനിച്ചത്. പതിവ് പഠന സങ്കീര്‍ണതകളില്‍ നിന്ന് മുക്തമാണ് പുതിയ രീതി. എന്നാല്‍, അത് തല്‍ക്കാലം നിര്‍ത്തുന്നു എന്ന് അറിയിച്ചതില്‍ മനഃപ്രയാസം തോന്നുന്നു. ആധുനിക കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത വീട്ടമ്മമാര്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ഏറ്റം ഫലപ്രദമായിരുന്നു ഈ  പരമ്പര. അത് തുടരണം.
സൈനുല്‍ ആബിദ് ചാലിയം


ബ്ദുല്ല മന്‍ഹാമിന്റെ ഖുര്‍ആന്‍ പഠനം വളരെ ഉപകാരപ്രദമാണ്. ഖുര്‍ആനെക്കുറിച്ച് കൂടുതല്‍ അറിയാനും ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ കഴിയുമോ എന്ന ആശങ്ക അകറ്റാനും അത് ഇടയാക്കി. ഇത്തരം പഠനങ്ങള്‍ ആദ്യമായോ അല്ലെങ്കില്‍ അപൂര്‍വമായോ ആണ് വായനക്കാരിലേക്ക് എത്തുന്നത്. മുതിര്‍ന്നവരും കുട്ടികളും കൂടി ഒരുമിച്ചിരുന്ന് പഠിക്കുമ്പോള്‍ അത് രസകരമായ ഒരു അനുഭവമായി മാറുന്നു. ചെറിയ വാക്കുകളെക്കുറിച്ചുള്ള അറിവുകള്‍ ഖുര്‍ആന്‍ പഠനത്തില്‍ വലിയ പുരോഗതിയുണ്ടാക്കുന്നു. ആ പംക്തി ചെറിയ ഇടവേളക്ക് ശേഷം തുടരാന്‍ മന്‍ഹാമിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.
സൗദ ബാബു നസീര്‍

ക്കം 2815-ലെ സി. ദാവൂദിന്റെ ഗസ്സ യാത്രയില്‍ സൂറഃ അല്‍അഅ്‌റാഫിലെ ആയത്ത് 28 എന്ന് എഴുതിയത് ശരിയല്ല. അത് 128-ാം ആയത്താണ്. ഷഫീഖ് പരപ്പുമ്മലിന്റെ 'അഛന്‍, അമ്മ' എന്ന കവിത മനോഹരമായിട്ടുണ്ട്.
നസീമ നസീര്‍ ആലുവ

കടുകട്ടി പദങ്ങള്‍

പി.ടി കുഞ്ഞാലിയുടെ ലേഖനങ്ങള്‍ ആശയസമ്പുഷ്ടമാണെങ്കിലും അതിന്റെ ഭാഷ പലരെയും പ്രയാസപ്പെടുത്തുന്നുണ്ടെന്ന് പറയാതെ വയ്യ. സംസ്‌കൃത പദങ്ങളുപയോഗിച്ച കുഞ്ഞാലിയുടെ ലേഖനങ്ങള്‍ വായിച്ചുതീര്‍ക്കുമ്പോഴേക്കും വല്ലാതെ ക്ഷീണിച്ചു പോകുന്നു. ശബ്ദതാരാവലി മുമ്പില്‍ വെച്ച് കൊണ്ടാണ് ലേഖനം വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്നത്. സി. രാധാകൃഷ്ണന്റെയും മറ്റും ലേഖനങ്ങള്‍ എന്തൊരു ഒഴുക്കുള്ളവയാണ്. എത്ര വായിച്ചാലും മതിവരാത്ത അത്തരം ലേഖനങ്ങള്‍ നമുക്ക് മാതൃകയാക്കാന്‍ പറ്റിയതാണ്. അതിനാല്‍ കുഞ്ഞാലി സാഹിബ് കടുകട്ടി പദങ്ങള്‍ കഴിവതും ഒഴിവാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
സി.കെ ഫാറൂഖി ചേന്ദമംഗല്ലൂര്‍

 

ഓത്തുപള്ളികളുടെ ഓര്‍മക്ക്

ലുവക്കടുത്ത് കുട്ടമശ്ശേരിയില്‍ മതപഠനം നടത്തിയിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. പൂമാത്ത എന്ന അപര നാമത്തിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ഇന്നാട്ടിലെ ഏതാണ്ട് 75 വയസ്സ് കഴിഞ്ഞ ഒട്ടുമിക്ക സ്ത്രീ പുരുഷന്മാരും മദ്‌റസാ പഠനം നടത്തിയത് പൂമാത്തയുടെ ശിക്ഷണത്തിലായിരുന്നു. അവരുടെ വീട് തന്നെയായിരുന്നു ഓത്ത് പള്ളി. ഖുര്‍ആനും കര്‍മശാസ്ത്രവും മാത്രമല്ല, ബദ്ര്‍ യുദ്ധ ചരിത്രം, യൂസുഫ് നബി ചരിത്രം മുതലായവ കാവ്യരൂപത്തില്‍ ചൊല്ലി പഠിപ്പിക്കുമായിരുന്നു. പൂമാത്തയും ഭര്‍ത്താവ് മൊയ്തു ഹാജിയും സഹോദരന്‍ കുഞ്ഞുമരക്കാര്‍ മുസ്‌ലിയാരും വെളിയങ്കോട് നിന്ന് ഇവിടെ താമസമുറപ്പിച്ചവരാണ്. പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ് സാഹിബിന്റെ ഉമ്മയുടെ പിതാവായ പാനായിക്കുളം പുതിയപ്പ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍  കുട്ടമശ്ശേരിയില്‍ താമസിക്കാന്‍ വരുമായിരുന്നു. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യയും പൂമാത്തയും ഒരേ നാട്ടുകാരും ഒന്നിച്ച് പഠിച്ചുവരുമായിരുന്നു. ഈ ബന്ധമാണ് പൂമാത്ത കുട്ടമശ്ശേരിയില്‍ താമസിച്ച് ഓത്തുപള്ളിക്കൂടം നടത്താന്‍ ഇടയായത്. ബദ്ര്‍, ഉഹുദ് യുദ്ധ ചരിത്ര- കഥാവതരണ രംഗത്ത് വളര്‍ന്ന് വന്ന ഒരു പ്രതിഭയായിരുന്ന കുട്ടമശ്ശേരി മുന്‍ഷി പരീത് മാസ്റ്റര്‍. പൂമാത്തയുടെ ശിഷ്യനായിരുന്നു. മാത്രമല്ല, തോട്ടുമുഖം കറുത്ത തങ്ങള്‍ കുടുംബവുമായും പൂമാത്താക്ക് വ്യക്തി ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഏതു രീതിയിലും അനുസ്മരിക്കപ്പെടേണ്ട വ്യക്തിത്വമായിരുന്നു പൂമാത്ത.
സി.എസ് അബ്ദുല്‍ അസീസ്, കുട്ടമശ്ശേരി, ആലുവ

പ്രബോധനം പ്രസിദ്ധീകരിച്ച 'ഓത്തുപള്ളികളിലെ പെണ്‍ ജീവിതങ്ങള്‍' വായിച്ചപ്പോള്‍ ഞങ്ങളുടെ വല്യുമ്മയെ(ഒ.പി കദിയ്യുമ്മ താത്ത)യാണ് ഓര്‍ത്തത്. അങ്ങാടിപ്പുറത്തിനടുത്ത് തിരൂര്‍ക്കാട് യത്തീംഖാനക്ക് സമീപം വസിച്ചിരുന്ന ഓട്ടുപറമ്പന്‍ മൊയ്തുട്ടി മൊല്ല ആയിരുന്നു വല്യുമ്മയുടെ പിതാവ്. വല്യുമ്മയുടെ കല്യാണം കഴിഞ്ഞ് കൂട്ടിലങ്ങാടിയില്‍ വന്നതിനു ശേഷം വീട്ടില്‍ വെച്ച് ധാരാളം കുട്ടികളെ (ആണും പെണ്ണും) ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നു എന്ന് ഉമ്മ ഓര്‍ക്കുന്നു. ഏകദേശം 65-70 വര്‍ഷം മുമ്പാണിത്. അവരുടെ വിദ്യാര്‍ഥികളില്‍ പെട്ട ഒരാള്‍ ഇന്നും കടൂപ്പുറം പ്രദേശത്ത് ജീവിച്ചിരിക്കുന്നുണ്ട്. ആറാട്ട് തൊടി മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ അവരിലൊരാളാണ്.
ബാപ്പു കൂട്ടിലങ്ങാടി

 

പെണ്‍ ഉസ്താദുമാര്‍

മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണം പഠിപ്പിക്കാനും മറ്റു ദീനീവിജ്ഞാനങ്ങള്‍ നല്‍കാനുമുള്ള ഇടമായിരുന്നു 'പെണ്‍ ഉസ്താദുമാരുടെ ഓത്ത് പള്ളികള്‍.' കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീകളില്‍ ഇസ്‌ലാമികാവബോധം സൃഷ്ടിക്കാനും തലമുറകളിലേക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കാനും ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ആ ധീര വനിതകളുടെ വിസ്മരിക്കപ്പെട്ട ജീവിതം അനാവരണം ചെയ്ത പ്രബോധനത്തിനും സദ്‌റുദ്ദീന്‍ വാഴക്കാടിനും അഭിനന്ദനങ്ങള്‍.
ലേഖനം വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ എടവനക്കാട്ടെ പെണ്‍ ഉസ്താദായിരുന്ന ഉമ്മയെക്കുറിച്ച ഓര്‍മകള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. എടവനക്കാട് കിഴക്കേ വീട്ടില്‍ (ദര്‍സ് പറമ്പ്) അമ്മുവിന്റെ മകള്‍ ബീപാത്തു, മംഗലത്തെ ഉമ്മുമ്മ എന്നാണ് അറിയപ്പെട്ടിരുന്നത്. യാഥാസ്ഥിതിക വിമര്‍ശനങ്ങള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്ന ദുരവസ്ഥ ഉമ്മ പലപ്പോഴും വ്യസനത്തോടെ ഓര്‍ക്കാറുണ്ടായിരുന്നു.
1960-ല്‍ ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  എടവനക്കാട്ടെ ഇര്‍ഷാദ്, ഫലാഹിയ്യ എന്നീ മദ്‌റസകളില്‍ വ്യവസ്ഥാപിതമായി മദ്‌റസാ പഠനം നടന്നുവന്നിരുന്നു. എന്നിട്ടും ഉമ്മയില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കാനായി വളരെയധികം പെണ്‍കുട്ടികള്‍ വീട്ടില്‍ വരുമായിരുന്നു. കുട്ടികളെ അടിക്കാറില്ലായിരുന്നു എന്ന് ആദ്യകാല വിദ്യാര്‍ഥിനിയായ സൈനു ഇത്ത ഓര്‍ക്കുന്നു. പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരായ നടുവിലകത്ത് ഐശീവി ഇത്ത,സൈനു ഇത്ത, കിഴക്കേ വീട്ടില്‍ മര്‍ഹൂം പാത്തുഞ്ഞി ഇത്ത, കൊല്ലിയില്‍ കുഞ്ഞുപാത്തു ഇത്ത എന്നിവര്‍ ഉമ്മയുടെ വിദ്യാര്‍ഥിനികളില്‍ ചിലര്‍ മാത്രം. വാപ്പ മര്‍ഹൂം കറുകശ്ശേരി മീരാന്‍ കുഞ്ഞ് ജോലിയാവശ്യാര്‍ഥം ബോംബെയിലായിരുന്നതും വീട്ടില്‍ മദ്‌റസ തുടങ്ങാന്‍ പ്രേരകമായിരിക്കാം. 1997-ലാണ് ഉമ്മ ഇഹലോക വാസം വെടിഞ്ഞത്.
പ്രഫ. കെ.എം അബ്ദുല്ല കുട്ടി, കായംകുളം




Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍