കുട്ടികളുടെ ഹസനുല്‍ ബന്ന
ആധുനിക കാലത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനമായ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സ്ഥാപക നേതാവായ ഇമാം ഹസനുല്‍ ബന്നായുടെ സംഭവബഹുലമായ ജീവിതമാണ് ഫൈസല്‍ കൊച്ചി എഴുതിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കുട്ടികളെ ഉദ്ദേശിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ ഭാഷ അതീവ ലളിതമാണ്. പ്രസാധനം ഐ.പി.എച്ച്. വില 45 രൂപ.
കേരളീയ മുസ്‌ലിം നവോത്ഥാനം
ഖുര്‍ആന്‍ വിവര്‍ത്തകനും മതചിന്തകനുമായ സി.എന്‍ അഹ്മദ് മൗലവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് നടന്ന 'കേരള മുസ്‌ലിം നവോത്ഥാനം' എന്ന സെമിനാറില്‍ അവതരിപ്പിച്ച ഡോ. എം. ഗംഗാധരന്‍, ഡോ. ഷംസാദ് ഹുസൈന്‍, കെ.ടി ഹുസൈന്‍, സൈനുദ്ദീന്‍ മന്ദലാംകുന്ന് എന്നിവരുടെ പ്രബന്ധങ്ങളാണ് ഈ പുസ്തകത്തില്‍. പ്രസാധനം: മുസ്‌ലിം സര്‍വീസ് സൊസൈറ്റി. വില 40 രൂപ.
അറേബ്യന്‍ അശ്വാഭ്യാസിനിയുടെ ഓര്‍മക്കുറിപ്പുകള്‍
പൗരാണിക കാലഘട്ടം തൊട്ടേ അറേബ്യന്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കുതിരയും കുതിര സവാരിയും. അതിനെ വ്യത്യസ്തത കലര്‍ത്തി അവതരിപ്പിക്കുന്ന നോവലാണ് യു.എ.ഇയിലെ ഡോ. മര്‍യം അശ്ശിനാസിയുടെ അറേബ്യന്‍ അശ്വാഭ്യാസിനിയുടെ ഓര്‍മക്കുറിപ്പുകള്‍. വിവര്‍ത്തകന്‍: അബ്ദു ശിവപുരം. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 85 രൂപയാണ്.
സച്ചിദാനന്ദന്‍ സാഹിത്യവും പ്രതിരോധവും
സാഹിത്യത്തിന്റെ സൗന്ദര്യാത്മക വശങ്ങളോടൊപ്പം അതിന്റെ പ്രതിരോധമുഖങ്ങള്‍ കൂടി കണ്ടെടുക്കുന്ന സച്ചിദാനന്ദന്റെ സാഹിത്യ പഠനങ്ങളാണീ പുസ്തകം. സാഹിത്യ നിരൂപണങ്ങളുടെ സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ചുകൊണ്ട് ദലിത്, ആദിവാസി, സ്ത്രീ, ന്യൂനപക്ഷ സാഹിത്യങ്ങളെ അഭിവാദ്യം ചെയ്യാനും അവയോട് താദാത്മ്യപ്പെടാനുമുള്ള മനസ്സ് ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കുന്നു. പ്രസാധനം: പ്രതീക്ഷ ബുക്‌സ്. വില 170.
ജി.ഐ.ഒ ബുള്ളറ്റിന്‍
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷ(ജി.ഐ.ഒ)ന്റെ കര്‍മമണ്ഡലത്തെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനുതകുന്നതാണ് ജി.ഐ.ഒ ബുള്ളറ്റിന്‍. പെണ്‍ജീവിതം നിശ്ചേതനകളുടെ നെരിപ്പോടുകളില്‍ തേഞ്ഞുതീരാനുള്ളതല്ലെന്ന് ബുള്ളറ്റിന്‍ പ്രഖ്യാപിക്കുന്നു. ഇസ്‌ലാം വിരിയിക്കുന്ന മഴവില്ലിന്റെ സപ്ത വര്‍ണങ്ങളില്‍ ഒരു നിറമായി അവളുണ്ടെന്നും പറയുന്നു ആമുഖത്തില്‍. ചീഫ് എഡിറ്റര്‍: പി. റുക്‌സാന. എഡിറ്റര്‍: അഹ്‌സന കരിയാടന്‍.
Comments