ഫേസ്ബുക്ക് ഒരു സ്വതന്ത്ര ലോകമല്ല
'മനസ്സിന്റെ കണ്ണാടി'യെന്ന വിളിപ്പേര് 'മുഖ'ത്തില്‍ നിന്നും 'മുഖപുസ്തക' (ഫേസ്ബുക്ക്) പ്രൊഫൈലുകള്‍ തട്ടിയെടുത്തിട്ട് കാലം അധികമായിട്ടില്ല. ഞാനും നിങ്ങളും എന്താണെന്നും എങ്ങനെയാണെന്നും അറിയാനും പഠിക്കാനും നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം മതിയാവും. കേവലം സൗഹൃദകണ്ണികളുടെ വിളക്കിച്ചേര്‍ക്കലുകള്‍ക്കപ്പുറം സാമൂഹിക പ്രവര്‍ത്തനം എന്ന നിലയിലേക്ക് ഫേസ്ബുക്ക് പരിവര്‍ത്തിക്കപ്പെട്ട സമകാലിക ലോകത്ത് നമ്മുടെയൊക്കെ ചിന്തയും കാഴ്ചപ്പാടും എത്രതന്നെ ഒളിച്ചുവെക്കാന്‍ ശ്രമിച്ചാലും അവിടങ്ങളിലെ ചില പ്രക്ഷുബ്ധാവസ്ഥകളില്‍ അവ പുറത്തു ചാടുക തന്നെ ചെയ്യും. അല്ലെങ്കിലും മറക്കുള്ളില്‍ നിന്നുകൊണ്ടുള്ള ആശയസംവാദങ്ങള്‍ക്ക് സൈബര്‍ ലോകത്തോ വര്‍ത്തമാന ലോകത്ത് തന്നെയോ ഒരു പ്രസക്തിയുമില്ലല്ലോ.
അടുത്ത കാലത്ത് യൂനിക്കോഡ് ലിപികളിലുണ്ടായ വളര്‍ച്ച പ്രാദേശിക ഭാഷകളിലുള്ള ഫേസ്ബുക്ക് ഇടപെടലുകള്‍ക്ക് വലിയതോതില്‍ വഴിയൊരുക്കി. തികച്ചും വിപ്ലവാത്മകമായ ഒരു വളര്‍ച്ച തന്നെയാണ് ഇതുവഴി ഫേസ്ബുക്കില്‍ സാധ്യമായത്. ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവര്‍ക്ക് പോലും ആശയസംവേദനത്തിന് ഇടമൊരുക്കപ്പെട്ടപ്പോള്‍ ആശയസംവാദങ്ങള്‍ക്കും കൊഴുപ്പ് കൂടി. ലോകത്ത് എല്ലായിടത്തും എന്ന പോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലോകത്തും ഏറ്റവും കൂടുതല്‍ ആശയസംവാദങ്ങള്‍ നടക്കുന്നത് ഇസ്‌ലാമും വിമര്‍ശകരും തമ്മില്‍ തന്നെയാണ്. ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ വിലയിരുത്തിയാല്‍ പറയാനാവുന്നത്, പലപ്പോഴും ഇത്തരം സംവാദങ്ങള്‍ തുടങ്ങുന്നത് പോലെയാവാറില്ല അതിന്റെ പര്യവസാനം എന്നാണ്. തികച്ചും സൗഹാര്‍ദപരമായി ആരംഭിക്കാറുള്ള ചര്‍ച്ചകള്‍ അതിവേഗം വിഷയങ്ങളില്‍ നിന്നും വ്യതിചലിച്ച് വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ മുന്നേറി തെറിവിളികളിലാണ് മിക്കവാറും അവസാനിക്കാറുള്ളത്. അത്തരം ചര്‍ച്ചകളോ വര്‍ത്തമാനങ്ങളോ ഇസ്‌ലാമിനോ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു വിധ നന്മയും സമ്മാനിക്കുന്നില്ല എന്ന യാഥാര്‍ഥ്യം മറന്നു കൊണ്ട് അടുത്ത ചര്‍ച്ചയിലേക്ക് കടക്കുകയാണ് സാധാരണയായി പല സംവാദകരും ചെയ്യാറുള്ളത്.
ചര്‍ച്ചകളും സംവാദങ്ങളും എന്തിനു വേണ്ടിയാവണം എന്നതിനെ കുറിച്ചുള്ള ചിന്താരാഹിത്യമാണ് പലപ്പോഴും ഫേസ്ബുക്ക് ചര്‍ച്ചകളെ കേവലം തര്‍ക്കകുതര്‍ക്കങ്ങളാക്കി തീര്‍ക്കുന്നത്. എതിരാളിയെ തന്റെ വാചകപ്പെരുമഴയില്‍ നനച്ചുകിടത്താന്‍ വെമ്പുന്ന താര്‍ക്കിക യുക്തിയുടെ ഫലമായി സംഭവിക്കുന്നത് അപരനില്‍ അവശേഷിച്ച അന്വേഷണതൃഷ്ണ കൂടി ഇല്ലായ്മ ചെയ്യലാണ്. നേരിട്ട പരാജയത്തില്‍ നിന്നും കരകയറാന്‍ അയാളും പരമാവധി ശ്രമിക്കലാവും പിന്നീടുണ്ടാവുക. അതിനു വേണ്ടി കിട്ടാവുന്ന കച്ചിത്തുരുമ്പിലൊക്കെ അയാളും കയറിപ്പിടിക്കും. അവിടെ സത്യത്തിനും നീതിക്കും സ്ഥാനം നഷ്ടമാവും. ഇസ്‌ലാമും പ്രസ്ഥാനങ്ങളും നേതാക്കളും നേരിട്ട് ആക്രമിക്കപ്പെടും. പിന്നീടു നേരത്തെ പറഞ്ഞ പോലെ വ്യക്തിപരമായ അവഹേളനത്തിലേക്ക് തിരിയും. അതോടെ ആ സംവാദവും നിലക്കും. ആത്മാര്‍ഥമായി സത്യാന്വേഷണത്തിന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹമെങ്കില്‍ അത്തരം സംവാദങ്ങളുടെ പരിണതികള്‍ ഒന്നോര്‍ത്തു നോക്കൂ. ഒരുപക്ഷേ, ഫേസ്ബുക്ക് പോലെ നിരവധി ആളുകള്‍ വീക്ഷിക്കുന്ന ഒരു വേദിയില്‍ വെച്ച് നേരിട്ട അപമാനം അദ്ദേഹത്തെ ആ സദുദ്ദേശ്യത്തില്‍ നിന്നുതന്നെ തടഞ്ഞു കളയും. അഥവാ, ഒരു സത്യാന്വേഷകനെ വഴിതിരിച്ചു വിടുക എന്ന പാപമായി നമ്മുടെ അപക്വമായ ഫേസ്ബുക്ക് ഇടപെടലുകള്‍ മാറും എന്നര്‍ഥം.
വാക്കുകള്‍ ആയുധങ്ങളാണ്. സൂക്ഷ്മമായി ഉപയോഗിച്ചില്ലെങ്കില്‍ വന്‍ അപകടം വരുത്തിവെക്കുന്ന ആയുധങ്ങള്‍. അധര്‍മങ്ങളാവുന്ന കള കളയാന്‍ വേണ്ടി അവയെ ഉപയോഗിക്കാം. പക്ഷേ ആ ആയുധ പ്രയോഗം വിളവിന് പരുക്കേല്‍പ്പിക്കാതെയാവണം. ''(നബിയേ) എന്റെ (വിശ്വാസികളായ) ദാസന്മാരോടു പറയുക. എന്തെന്നാല്‍, അവര്‍ ഏറ്റം ഉല്‍കൃഷ്ടമായത് സംസാരിക്കട്ടെ'' (17:53) എന്ന ഖുര്‍ആന്റെ കല്‍പന ഫേസ്ബുക്കില്‍ മാത്രം ബാധകമാവാതിരിക്കില്ലല്ലോ. ഈയൊരു ഖുര്‍ആന്‍ വാക്യത്തിനു മൗലാനാ മൗദൂദി നല്‍കുന്ന വിശദീകരണം ഇവിടെ പ്രസക്തമാണ്. ''സത്യനിഷേധികളോടും മുശ്‌രിക്കുകളോടും തങ്ങളുടെ ദീനിന്റെ ശത്രുക്കളോടും കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയോ സംഭാഷണം നടത്തുകയോ ചെയ്യുമ്പോള്‍ ദേഷ്യം പിടിച്ചു എടുത്തുചാടുകയോ അതിശയോക്തിയിലും അതിരുകവിഞ്ഞും സംസാരിക്കുകയോ ചെയ്യരുത്. എതിരാളികള്‍ എത്രതന്നെ അസഹനീയമായ വിധത്തില്‍ സംസാരിച്ചാലും മുസ്‌ലിംകള്‍ ഒരിക്കലും സത്യത്തിനെതിരില്‍ ഒരക്ഷരം പോലും പറയാവതല്ല. കോപിഷ്ഠരായി നിയന്ത്രണം വിട്ടുകൊണ്ട് അനാവശ്യത്തിന് അനാവശ്യംകൊണ്ടുതന്നെ മറുപടി പറയുകയുമരുത്. ശാന്തമായ മനസ്സോടെ ഏറ്റവും ശരിയായും സത്യസന്ധമായും പ്രബോധനത്തിന്റെ ഗൗരവത്തിന് യോജിച്ച വിധത്തിലും മാത്രമായിരിക്കണം സംസാരിക്കുന്നത്.''
വ്യക്തിപരമായ അവഹേളനങ്ങളിലേക്ക് കടക്കാതെ, അപരനെ പരാജയപ്പെടുത്തി മലര്‍ത്തിയടിക്കാന്‍ വെമ്പാതെ ഒരു ചര്‍ച്ചയില്‍ ഇടപെട്ടു നോക്കൂ. ആ ചര്‍ച്ച ഫലം കാണും. അപരന്‍ പറയുന്ന ന്യായങ്ങളെ അദ്ദേഹത്തിന്റെ നിലപാടുതറയില്‍ നിന്ന് വിശകലനം ചെയ്തു നോക്കൂ. നമ്മുടെ മുന്‍ധാരണകള്‍ പോലും മാറിക്കിട്ടും. അദ്ദേഹത്തോട് സംവദിക്കേണ്ടതിന്റെ എളുപ്പ വഴികള്‍ തനിയെ നമുക്ക് മുന്നില്‍ തുറക്കപ്പെടും. വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും മാന്യത കൈവരും. പതിയെ അദ്ദേഹം നമ്മുടെ വഴിയേ വരും. ഏറ്റവും ചുരുങ്ങിയത് നിലപാടുകളിലെ കാര്‍ക്കശ്യമെങ്കിലും കുറയും.
എതിരെ വരുന്നവന് പുഞ്ചിരി സമ്മാനിച്ചാല്‍ ആ പുഞ്ചിരിയില്‍ പോലും പുണ്യം വാഗ്ദാനം ചെയ്ത പ്രവാചകനെ കുറിച്ചുള്ള 'പ്രബോധനങ്ങള്‍'ക്കിടയില്‍ അന്യനെ പരിഹസിക്കുകയും അതിനു വേണ്ടി 'സ്‌മൈലികള്‍' ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ദുരവസ്ഥയെ നമ്മള്‍ സ്വയം തിരിച്ചറിയണം. എത്രതന്നെ പ്രകോപനപരമായ നീക്കങ്ങള്‍ എതിര്‍പക്ഷത്തു നിന്നുണ്ടായാലും ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്ന് വ്യതിചലിക്കാതെ നോക്കണം. വിമര്‍ശങ്ങളെ ഒരിക്കലും രൂക്ഷമായി നേരിടരുതെന്നോ ആരെയും രൂക്ഷമായി വിമര്‍ശന വിധേയമാക്കരുതെന്നോ അല്ല പറഞ്ഞു വരുന്നത്. ആഴവും പരപ്പുമുള്ള വിമര്‍ശങ്ങളും നിരൂപണങ്ങളും ഇസ്‌ലാമിക പ്രബോധകന്റെ ആയുധങ്ങളാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, മറ്റുള്ളവരെ നമ്മില്‍ നിന്ന് അകറ്റാവുന്ന തരത്തില്‍ അവ പ്രകോപനപരമാവരുത് എന്ന് മാത്രമാണ് സൂചിപ്പിച്ചത്.
തനിക്ക് ബോധ്യമില്ലാത്ത വിഷയങ്ങളില്‍ ആധികാരികമായി ഇടപെടുന്നത് പലരുടെയും സ്വഭാവമാണ്. ചായപ്പീടികകളില്‍ നടക്കുന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ പോലെ, അല്‍പജ്ഞാനം അലങ്കാരമാക്കി വാഗ്വാദങ്ങള്‍ നടത്തുകയും അവസാനം പരാജിതരായി തലതാഴ്ത്തി മടങ്ങുകയും ചെയ്യുന്ന ഇത്തരക്കാര്‍ പല ബൗദ്ധിക ചര്‍ച്ചകളിലും അധികപ്പറ്റായാണ് അനുഭവപ്പെടാറുള്ളത്. അത്തരക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളെ ഖണ്ഡിക്കാന്‍ എതിരാളികള്‍ മുന്നോട്ട് വരുന്നതോടെ അര്‍ഥവത്തായി നടന്നുവരുന്ന പല ചര്‍ച്ചകളും വഴിമുടങ്ങും. അവര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ മാറ്റിയെടുക്കലാവും അവിടങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടു തുടങ്ങിയവരുടെ പിന്നീടുള്ള പണി. പൊതു സംസാരങ്ങളിലെന്ന പോലെ കീ ബോര്‍ഡില്‍ വിരലമര്‍ത്തുമ്പോള്‍ ഹസനുല്‍ ബസ്വരി(റ)യുടെ വാക്കുകള്‍ നമ്മുടെ ഓര്‍മയിലുണ്ടാവണം. 'ബുദ്ധിമാന്റെ നാവു അവന്റെ ഹൃദയത്തിന് പിറകിലായിരിക്കും. വല്ലതും പറയാന്‍ ഉദ്ദേശിച്ചാല്‍ അത് ഹൃദയത്തിലേക്ക് മടക്കപ്പെടും. അതിന്റെ തീര്‍പ്പനുസരിച്ച് അയാള്‍ സംസാരിക്കും. അല്ലെങ്കില്‍ മിണ്ടാതിരിക്കും. എന്നാല്‍, അവിവേകിയുടെ ഹൃദയം നാവിന്‍ തുമ്പിലായിരിക്കും. നാവില്‍ വരുന്നത് അയാള്‍ പറയും.'
തനിക്ക് അറിവില്ലെന്ന് ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒരു കാഴ്ചക്കാരന്റെ വേഷത്തിലേക്ക് മാറാന്‍ നാം തയാറായാല്‍ ആ ചര്‍ച്ച നമ്മിലും ഗുണപരമായ മാറ്റമുണ്ടാക്കും. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച ചോദ്യങ്ങള്‍ക്ക് അപ്പോള്‍ തോന്നുന്ന ഉത്തരം തട്ടിവിടാതെ, അറിവില്ലായ്മ അവിടെ തുറന്നു സമ്മതിക്കാനും പിന്നീട് അതെക്കുറിച്ച് പഠിച്ച ശേഷം ആധികാരികമായി പ്രതികരിക്കാനും നാം ശീലിച്ചാല്‍ അത് നമ്മുടെ സംവാദ സംസ്‌കാരത്തെ പോസിറ്റീവായി പ്രതിഫലിപ്പിക്കുക തന്നെ ചെയ്യും. നമ്മുടെ മറുപടികളോ അവയിലെ ശരി തെറ്റുകളോ മാത്രമല്ല വിമര്‍ശകരെ സ്വാധീനിക്കുകയെന്നും അവരുടെ വിമര്‍ശങ്ങളോടുള്ള നമ്മുടെ മനോഭാവവും (attitude) സംവാദകരുടെ കാഴ്ചപ്പാടുകളില്‍ മാറ്റത്തിരുത്തലുകള്‍ സൃഷ്ടിക്കുമെന്നും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ നമ്മുടെ ഇടപെടലുകള്‍ ക്രിയാത്മകമാക്കി തീര്‍ക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
ഫേസ്ബുക്കിലെ പ്രബോധകര്‍ നേരിടേണ്ടി വരാറുള്ള മറ്റൊരു കൂട്ടര്‍, കാടടച്ചുള്ള ആക്ഷേപങ്ങളുമായി വരുന്ന ചില അന്ധരായ വിമര്‍ശകരാണ്. അവരെ വിമര്‍ശകര്‍ എന്ന നിലയില്‍ പോലും കാണാതെ അവഗണിക്കുക മാത്രമാണ് പോംവഴി. കാരണം എത്ര തന്നെ സമര്‍ഥമായി നമ്മള്‍ വാദഗതികള്‍ നിരത്തിയാലും അവയെ അംഗീകരിക്കാന്‍ അത്തരക്കാര്‍ കൂട്ടാക്കുകയില്ല. നമ്മെ പ്രകോപിതരാക്കി അവരുടെ നിലവാരത്തിലേക്ക് എത്തിക്കുക മാത്രമാവും അവരുടെ ഉദ്ദേശ്യം. ആ ചതിക്കുഴിയില്‍ വീണുകൊടുക്കാതെ നിലപാട് വ്യക്തമാക്കി സ്ഥലം വിടുക തന്നെയാണ് അത്തരം ചര്‍ച്ചകളില്‍ സ്വീകരിക്കാവുന്ന മാര്‍ഗം. യുക്തിവാദികളിലെ വലിയൊരു വിഭാഗം ഇത്തരക്കാരാണ് എന്നതാണ് അനുഭവപാഠം.
ഫേസ്ബുക്ക് എന്ന ഏറെ പ്രബോധന സാധ്യതയുള്ള വലിയൊരു മാധ്യമത്തെ ജാഗ്രതയോടെ ഉപയോഗപ്പെടുത്തിയാല്‍ സദ്ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതിനു ഉദാഹരണങ്ങള്‍ ഏറെയാണ്. കൃത്യമായ പഠനവും ആത്മസംയമനത്തോടെയുള്ള ഇടപെടലുകളും വഴി സൈബര്‍ ലോകത്ത് ക്രിയാത്മകമായ സംവാദ സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിവുള്ള ആളുകള്‍ കൂടുതലായി രംഗത്ത് വന്നേ മതിയാവൂ.
Comments