നമസ്‌കാരം
ഇനി ഇസ്‌ലാമിലെ പ്രാര്‍ഥനയെക്കുറിച്ച്, നമസ്‌കാരത്തെക്കുറിച്ച് അല്‍പ്പം. ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ഥം വഴിപ്പെടുക, കീഴ്‌പ്പെടുക എന്നൊക്കെയാണ്. എന്താണ് ഇസ്‌ലാം എന്ന് മലക്ക് വന്നുചോദിക്കുമ്പോള്‍ പ്രവാചകന്‍ നല്‍കുന്ന മറുപടിയില്‍ അനുഷ്ഠാനങ്ങളെ പേരെടുത്ത് പറയുന്നുണ്ട്-നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത്. മുസ്‌ലിംകളുടെ പ്രാര്‍ഥനയും മറ്റു മതവിഭാഗങ്ങളുടെ പ്രാര്‍ഥനയും നാം താരതമ്യം ചെയ്യുകയാണെങ്കില്‍, എത്ര പൂര്‍ണതയോട് കൂടിയതാണ് ഇസ്‌ലാമിലെ പ്രാര്‍ഥനാരീതി എന്ന് നിങ്ങള്‍ക്ക് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല. ജൂതന്മാര്‍ സിനഗോഗുകളില്‍ എത്തി അവിടെ ഇരിക്കും-റബ്ബി (പുരോഹിതന്‍) തോറ പാരായണം ചെയ്യുന്നതും കേട്ടുകൊണ്ട്. പാരായണം കഴിഞ്ഞാല്‍ അവര്‍ പിരിഞ്ഞുപോവുകയും ചെയ്യും. സൊരാഷ്ട്രിയന്മാര്‍ക്കിടയില്‍ അഗ്‌നി പൂജയുണ്ട്. ഹിന്ദുക്കള്‍ പശുവിനെ ആരാധിക്കുന്നു. ക്രൈസ്തവര്‍ ഒരര്‍ഥത്തില്‍ കുരിശിനെ ആരാധിക്കുന്നുണ്ട്. ഇവരെല്ലാവരും നല്ല ബുദ്ധിയും വിവേകവും ഉള്ള ആളുകളാണ്. പിന്നെ എന്തുകൊണ്ടാണ് തീയിനെയും മരക്കഷ്ണത്തെയും പശുവിനെയുമൊക്കെ അവര്‍ ആരാധിക്കാന്‍ ഇടവന്നത്? സൊറാഷ്ട്രരുടെ കാലത്ത് മനുഷ്യന്‍ അഗ്‌നിയെ സ്വന്തം വരുതിയില്‍ ആക്കിക്കഴിഞ്ഞിരുന്നു. അഗ്‌നിയുടെ ശക്തിവിശേഷത്തെ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്ന് അവന്‍ പഠിച്ചു. അക്കാലത്ത് ദൈവത്തിന്റെ പ്രത്യക്ഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഗ്നിയായിരുന്നു. അടുത്ത് വരുന്നവരെയൊക്കെ ആ അഗ്നി നക്കിത്തുടക്കും. സ്വാഭാവികമായും ഈ മതത്തിന്റെ ആള്‍ക്കാര്‍ വിചാരിച്ചു, അഗ്നിയെ ആരാധിക്കുക വഴി അഗ്‌നിയെ സൃഷ്ടിച്ചവനായ ദൈവത്തിന് തങ്ങള്‍ വഴിപാട് നടത്തുകയാണെന്ന്. അതുപോലെ ആര്യന്മാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍, അവരുടെ കാര്‍ഷിക ജീവിതത്തില്‍ ഏറ്റവും പ്രയോജനകരമായ മൃഗമായിരുന്നു പശു. ദൈവത്തിന്റെ അടയാളവും പ്രത്യക്ഷവുമെന്ന നിലയില്‍ പശുവിനെ അവര്‍ ആരാധിച്ചു തുടങ്ങുകയും ചെയ്തു.
ആരാധന നടത്തുമ്പോള്‍ ജൂതന്മാര്‍ തോറ പാരായണം ചെയ്യാറുണ്ട്. തോറയെ അവര്‍ ദൈവത്തിന്റെ വാക്യങ്ങളായാണ് കണക്കാക്കുന്നത്. ദൈവവചനങ്ങള്‍ ഉച്ചരിക്കുന്നത് ഒരു പുണ്യപ്രവൃത്തിയാണ്. ദൈവ കല്‍പ്പനകളനുസരിച്ച് ചരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയാണ് ഇവിടെ. കുറെക്കൂടി ആഴമാര്‍ന്ന അര്‍ഥതലങ്ങളുണ്ട് ഇവിടെ. ദൈവം എപ്പോഴും സന്നിഹിതനാണ്; പക്ഷേ നാമവനെ കാണുന്നില്ല. അവനെ കാണാതെ തന്നെ നാമവനെ സ്‌നേഹിക്കുന്നു; അവനിലേക്ക് എത്താന്‍ അത്യധ്വാനിക്കുന്നു. പക്ഷേ അവനിലേക്കുള്ള വഴി ഏത് എന്ന് നാം അറിയുന്നില്ല; അത് അവന്റെ മാത്രം അറിവില്‍ പെടുന്നതാണ്. അപ്പോള്‍ മനുഷ്യന്‍ ഒരു അന്ധന്റെ നിലയിലാണുള്ളത്. അവന്‍ താന്‍ കേള്‍ക്കുന്ന ശബ്ദങ്ങളെ വഴികാട്ടിയായി സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് ചെയ്യുക. സ്‌നേഹനിധിയായ പ്രിയതമ തന്റെ അന്ധകാമുകനെ തന്റെ വചനങ്ങളിലൂടെ വഴികാട്ടുകയും അങ്ങനെ തന്നിലേക്ക് അടുപ്പിക്കുകയുമാണ്. ഇതാണ് തോറ പാരായണത്തിന്റെ പൊരുള്‍.
ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച് ക്രൈസ്തവര്‍ക്കും ഒരു വീക്ഷണമുണ്ട്. ചര്‍ച്ചില്‍ പ്രാര്‍ഥന/ശുശ്രൂഷ നടക്കുന്ന സമയത്ത് തിരുവത്താഴ കൂദാശ എന്നൊരു കര്‍മമുണ്ട്. കത്തോലിക്ക - ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളില്‍ മാത്രമാണ് ഇത് കണ്ട് വരാറുള്ളത്. പ്രാര്‍ഥനക്കൊടുവില്‍ പുരോഹിതന്‍ ഒരു കഷ്ണം റൊട്ടി വിശ്വാസികള്‍ക്ക് നല്‍കുന്നു. അല്‍പ്പം വീഞ്ഞില്‍ മുക്കി അവര്‍ ആ റൊട്ടി തിന്നുന്നു. ദൈവത്തെ സ്വന്തത്തിലേക്ക് ആവാഹിച്ചതിന്റെ പ്രതീകാത്മക അനുഷ്ഠാനമാണിത്. ബൈബിളിന്റെ വിവരണമനുസരിച്ച്, അവസാന അത്താഴത്തിന്റെ സമയത്ത് യേശു ഒരു റൊട്ടിക്കഷ്ണമെടുത്ത് തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കുകയും അത് തിന്നണമെന്ന് അവരോട് പറയുകയും ചെയ്തു. ആ റൊട്ടി തന്റെ ശരീരമാണെന്ന് യേശു അവരോട് പറഞ്ഞു. പിന്നെ ഒരു പാനപാത്രത്തില്‍ വീഞ്ഞെടുത്ത് ശിഷ്യന്മാര്‍ക്ക് കുടിക്കാന്‍ കൊടുക്കുകയും അത് തന്റെ രക്തമാണെന്ന് പറയുകയും ചെയ്തു. റൊട്ടി കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്യുന്നതോടെ തങ്ങള്‍ യേശുവിന്റെ ശരീരവും രക്തവുമായിത്തീരുന്നു എന്നാണ് ക്രൈസ്തവ വിശ്വാസികള്‍ സങ്കല്‍പ്പിക്കുന്നത്. യേശു ദൈവമായി സങ്കല്‍പ്പിക്കപ്പെടുന്നത് കൊണ്ട് ഇതുവഴി ദിവ്യാസ്തിത്വത്തിന്റെ തന്നെ ഭാഗമായി അവര്‍ മാറുകയാണ്. ഇതാണ് ഈ പ്രതീകാത്മക അനഷ്ഠാനത്തിന്റെ പൊരുള്‍.
ഇനി ഇസ്‌ലാമിലെ ആരാധനാ രീതികളെ പരിശോധിക്കാം. ഖുര്‍ആനിലെ ഒന്നാം അധ്യായമായ അല്‍ഫാതിഹ (ദൈവസ്‌തോത്രങ്ങളാണ് അതിന്റെ ഉള്ളടക്കം) പാരായണം ചെയ്തുകൊണ്ടാണ് നമസ്‌കാരം തുടങ്ങുന്നത്. ദൈവത്തോട് നേരിട്ട് നടത്തുന്ന പ്രാര്‍ഥനയാണിത്. പ്രതീകാത്മക അനുഷ്ഠാനങ്ങളൊന്നും ഇവിടെയില്ല. സ്രഷ്ടാവായ പ്രപഞ്ചനാഥനുമായി നേരില്‍ ബന്ധം സ്ഥാപിക്കുകയാണ്. നേരിലും അല്ലാതെയും പ്രാര്‍ഥനാരീതികള്‍ ആകാമെങ്കിലും സര്‍വവ്യാപിയായ ദൈവവുമായി അവന്‍ പഠിപ്പിച്ച വചനങ്ങള്‍ തന്നെ ഉരുവിട്ട് നേര്‍ക്കുനേരെയുള്ള ബന്ധം സ്ഥാപിക്കുകയാണ് ഒരു മുസ്‌ലിം ചെയ്യുന്നത്. ജൂതന്മാര്‍ ചെയ്യുന്നത് പോലെത്തന്നെ, സന്മാര്‍ഗദര്‍ശനത്തിന് ദിവ്യവചനങ്ങളിലേക്ക് കണ്‍പാര്‍ക്കുകയാണ് മുസ്‌ലിംകളും ചെയ്യുന്നത്.
ക്രൈസ്തവരുടെ തിരുവത്താഴ കൂദാശയില്‍ കാര്യങ്ങളെ ഭൗതികമാക്കുകയും മൂര്‍ത്തവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. മുസ്‌ലിംകളാകട്ടെ അമൂര്‍ത്തവും അദൃശ്യവുമായ ദൈവസാന്നിധ്യത്തോട് ഭൗതികോപാധികളൊന്നുമില്ലാതെ അടുക്കുകയാണ് ചെയ്യുന്നത്. അതിന് തശഹ്ഹുദ് (ദൈവം അദൃശ്യനെങ്കിലും താന്‍ ആ സാന്നിധ്യത്തിന് സാക്ഷിയാണെന്ന പ്രഖ്യാപനം) എന്നാണ് പറയുക. പ്രാര്‍ഥനയുടെ അവസാനമാവുമ്പോഴേക്കും ദൈവസന്നിധിയിലെത്തിച്ചേരാന്‍ താന്‍ യോഗ്യനായിരിക്കുന്നു എന്ന് തെളിയിക്കുകയാണ് വിശ്വാസി. ഒരു മഹദ്‌വ്യക്തിത്വത്തിന്റെ മുമ്പിലേക്ക് നാം ആനയിക്കപ്പെടുമ്പോള്‍ നാം സ്വാഭാവികമായും സല്യൂട്ട് ചെയ്യുമല്ലോ. ആ സല്യൂട്ടിന്റെ അതേ അര്‍ഥം തന്നെയാണ് 'അത്തഹിയ്യാത്തി'നും. പ്രവാചകന്റെ ആകാശാരോഹണത്തിന്റെ ഒരു ഓര്‍മക്കുറിപ്പാണിത്. ദിവ്യസാന്നിധ്യത്തിലെത്തിയപ്പോള്‍ പ്രവാചകന്‍ അഭിവാദ്യം ചെയ്തു. അതിനുള്ള മറുപടിയായി ദൈവം പറഞ്ഞു: ''പ്രവാചകരേ, താങ്കള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ.'' അന്നേരമാണ് പ്രവാചകന്‍ തന്റെ സദ്‌വൃത്തരായ അനുയായികളെ ഓര്‍മിച്ചത്. അവരെയും ഈ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തി: ''ദൈവത്തിന്റെ സദ്‌വൃത്തരായ ദാസന്മാര്‍ക്കും സമാധാനമുണ്ടാകട്ടെ.'' അങ്ങനെ വിശ്വാസി സമൂഹത്തിലെ ഓരോ സാധാരണക്കാരനും ആ പ്രാര്‍ഥനയുടെ പരിധിയില്‍ പെട്ടു. നമസ്‌കാരത്തിലെ അഭിവാദ്യമര്‍പ്പിക്കല്‍ ഒരര്‍ഥത്തില്‍ പ്രതീകാത്മകം തന്നെയാണെങ്കിലും, ദൈവത്തില്‍ ലയിച്ചുചേരുക എന്ന ആശയത്തെ അത് ശക്തമായി തടുക്കുന്നുണ്ട്. പകരം ദൈവസാമീപ്യത്തിനാണ് മുസ്‌ലിംകള്‍ ശ്രമിക്കുന്നത്. ദൈവത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അണിനിരക്കുകയും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, ദൈവം അഭിവാദ്യം സ്വീകരിക്കുകയും തന്റെ അനുഗ്രഹം അവരുടെ മേല്‍ ചൊരിയുകയും ചെയ്യുന്നു. ഇതര മതവിശ്വാസങ്ങളില്‍ കാണപ്പെടുന്ന പ്രാര്‍ഥനകളുടെയെല്ലാം സത്ത ഒരാള്‍ക്ക് ഇസ്‌ലാമിക പ്രാര്‍ഥനാ രീതികളില്‍ കണ്ടെത്താനാവും.
ചലനമറ്റ് നിന്നുകൊണ്ടാണ് മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നത്. ഭൂമിയിലെ ധാതുക്കള്‍ അങ്ങനെയാണല്ലോ. അവ ചലിക്കുന്നില്ല. മുട്ടുകുത്തി വളരെ വിനയത്തോടെ തല താഴ്ത്താറുണ്ടല്ലോ മൃഗങ്ങള്‍. മൃഗങ്ങളുടെ പ്രാര്‍ഥനാരീതിയാണത്. ഈ രീതി നമസ്‌കാരത്തിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രാര്‍ഥനാ വേളയില്‍ മനുഷ്യന്റെ ശിരസ്സ് വിനയപൂര്‍വം ദൈവത്തിന് മുമ്പില്‍ കുനിയുന്നു. സാഷ്ടാംഗത്തിന്റെ രീതികള്‍ കണ്ട് വരുന്നത് സസ്യജാലങ്ങളിലാണ്. അവയുടെ വേരുകള്‍ മണ്ണിന്റെ അടിയിലേക്ക് പോകുന്നത് ഒരു സാംഷ്ടാംഗരൂപമാണ്. നമസ്‌കാരത്തിലും നിങ്ങള്‍ക്ക് സാഷ്ടാംഗം കാണാന്‍ കഴിയും. അചരങ്ങളായ ധാതുക്കളുടെയും സസ്യജീവജാലങ്ങളുടെയും പ്രാര്‍ഥനാരീതികള്‍ സ്വാംശീകരിക്കുക മാത്രമല്ല, മനുഷ്യന്റെ പ്രത്യേകതയായ അഭിവാദ്യമര്‍പ്പിക്കല്‍ കൂടി നമസ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന എല്ലാതരം പ്രാര്‍ഥനാ രീതികളെയും നമസ്‌കാരത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞത് അതുകൊണ്ടാണ്.
(തുടരും)
Comments