Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

വിക്കിപീഡിയ തീര്‍ക്കുന്ന വിവര വിപ്ലവം

സുഹൈറലി തിരുവിഴാംകുന്ന്

'ലോകത്തെ ഓരോ വ്യക്തിക്കും എല്ലാ അറിവുകളും സ്വതന്ത്രമായി ലഭിക്കുന്ന ഒരു സ്ഥിതിയെ കുറിച്ച് ചിന്തിച്ചു നോക്കൂ.' ഈ ആഹ്വാനത്തോടെയാണ് 2001-ല്‍ ആ സംരംഭം ആരംഭിക്കുന്നത്. മനുഷ്യന്‍ ആര്‍ജിച്ചെടുത്ത ഏത് വിജ്ഞാനവും സ്വതന്ത്രമായി ആര്‍ക്കും ലഭ്യമാക്കാനായി നടത്തുന്ന നിഷ്‌കാമ പ്രവര്‍ത്തനം. വെബ് ലോകത്തെ സ്വതന്ത്രമായ ഈ വിവര വ്യാപന സാങ്കേതികവിദ്യക്ക് വിക്കിപീഡിയ എന്നു പറയാം.
അറിവ് എക്കാലത്തും സ്വതന്ത്രമായി നിലകൊള്ളേണ്ടതാണ്. എല്ലാം കുത്തകവത്കരണത്തിനും കച്ചവടത്തിനും വിധേയമായ ഇക്കാലത്ത് വൈജ്ഞാനികമായി ഒരു സ്വതന്ത്ര സഞ്ചയമൊരുക്കുകയാണ് വിക്കിപീഡിയ. ഏതു ഭാഷയിലുള്ള രചനകളും പരസ്പരം കൈമാറാനും ഏത് ദേശത്തെയും പ്രാദേശിക വിവരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാനും വിക്കിപീഡിയയിലെ ഭാഷാ നെറ്റ്‌വര്‍ക്ക് വഴി സാധ്യമാവുന്നു.
അറിവിന്റെ നൈതികത എന്ന ആശയമാണ് വിക്കിപീഡിയ മുന്നോട്ടു വെക്കുന്നത്. ഏതൊരറിവും മാനവ സമൂഹത്തോടും അത് കണ്ടെത്താനായി ചിന്താശേഷി നല്‍കിയ ദൈവത്തോടും കടപ്പെട്ടിരിക്കുന്നു. 'ഞാന്‍ എല്ലാം എന്റെ അറിവു കൊണ്ട് നേടിയതാണ്' എന്ന ഖാറൂനിന്റെ വാദമുഖങ്ങളെ വേദഗ്രന്ഥം പുഛിക്കുന്നത് അതുകൊണ്ടാണ്. അറിവ് പൊതു സ്വത്താണെന്ന മൗലിക കാഴ്ചപ്പാടാണ് ഇസ്‌ലാം സമര്‍പ്പിക്കുന്നതെങ്കില്‍ അത് പാടില്ലെന്നാണ് എക്കാലത്തെയും മുതലാളിത്ത വ്യവസ്ഥിതി പ്രഖ്യാപിച്ചിരുന്നത്. വൈജ്ഞാനിക രംഗത്തെ ഈ ശ്രമങ്ങളെ പ്രവാചകന്‍ വിശേഷിപ്പിച്ചത് കണ്ണിമുറിയാത്ത ദാനധര്‍മം എന്നാണ്.
പരസ്പര സഹകരണത്തിലൂന്നിയ പ്രവര്‍ത്തന മണ്ഡലമാണ് വിക്കിപീഡിയ മുന്നോട്ടു വെക്കുന്ന മറ്റൊരാശയം. മനുഷ്യര്‍ തീര്‍ത്ത വര്‍ഗ-ദേശ-വര്‍ണ-ഭാഷാ വിവേചനത്തിനതീതമായ ഒരു കൂട്ടായ്മയാണ് ഇവിടെ രൂപപ്പെടുന്നത്. അറിവിന്റെ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത സാധ്യതയാണ് അത് തുറന്നിടുന്നത്. പണ്ഡിതനോ സാധാരണക്കാരനോ അക്കാദമീഷനോ വിദ്യാര്‍ഥിയോ വ്യത്യാസമില്ലാതെ ലോകത്തിന്റെ മുക്കുമൂലകളിലുള്ളവര്‍ ഒരു ലേഖനത്തിന്റെ പിറവിക്കായി യത്‌നിക്കുന്നു. ഓരോരുത്തരും തങ്ങളാര്‍ജിച്ച അറിവിനെ അതുമായി ചേര്‍ത്തുവെക്കുന്നു. പണ്ഡിതന് സംഭവിക്കുന്ന അബദ്ധങ്ങള്‍ സാധാരണക്കാരന്‍ തെളിവുകളുടെ പിന്‍ബലത്തില്‍ തിരുത്തുമ്പോള്‍ അക്കാദമിക യോഗ്യതയുള്ളവരുടെ അറിവു മാത്രമേ സമൂഹത്തില്‍ സ്വീകാര്യമാവൂ എന്ന വാദത്തിന് മറുപടിയാവുകയാണ്. വൈജ്ഞാനിക രംഗത്തെ ഈ ജനാധിപത്യം (info democracy) വിക്കിപീഡിയ സമര്‍ഥമായി പ്രയോഗവത്കരിക്കുന്നു.
ലാഭേഛയിലധിഷ്ഠിതമാണ് ഇന്നത്തെ എല്ലാ വൈജ്ഞാനിക വ്യാപാരവും. ഇവിടെയും വിക്കിപീഡിയ മാതൃകയാവുന്നു. ചെറിയ ലേഖനങ്ങള്‍ മുതല്‍ വന്‍ ഗ്രന്ഥ ശേഖരം തന്നെ ഇവിടെ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനാവും. വിക്കിപീഡിയയുടെ പ്രധാന സംരംഭങ്ങളിലൊന്ന് വിക്കി ഗ്രന്ഥശാല(ml.wikisource.org)യാണ്. സ്വതന്ത്രമായി ഗ്രന്ഥങ്ങള്‍ ചേര്‍ക്കാനാവുന്ന ഈ സൈറ്റില്‍ പകര്‍പ്പവകാശം തീര്‍ന്ന ക്ലാസിക് കൃതികളും പകര്‍പ്പവകാശം ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളും സൗജന്യമായി സമര്‍പ്പിക്കാവുന്നതാണ്. പകര്‍പ്പവകാശ കാലാവധി തീര്‍ന്ന മലയാള ഗ്രന്ഥങ്ങള്‍ പൊതുസഞ്ചയത്തിലേക്ക് ചേര്‍ക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ മാതൃഭൂമി മാതൃകയാണ്. പ്രസിദ്ധീകരണം നിലച്ച 600 ഓളം പുസ്തകങ്ങള്‍ പൊതുസഞ്ചയത്തിലേക്ക് (http://digital.mathrubhumi.com/#books) സമര്‍പ്പിച്ചിരിക്കുകയാണ്. ഇവ വിക്കി ഗ്രന്ഥശാലയിലെത്തിക്കാനും ബുദ്ധിമുട്ടില്ല.
വിക്കിപീഡിയയുടെ പരിമിതികളും പോരായ്മകളും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവാറുണ്ട്. ലേഖനങ്ങളിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനക്കുറിപ്പുകളും കാണാറുണ്ട്. എന്നാല്‍, ഇതര പ്രസിദ്ധീകരണങ്ങളിലെ അബദ്ധങ്ങള്‍ നമുക്ക് പരാതിപ്പെടാന്‍ മാത്രം സാധിക്കുമ്പോള്‍ ഇവിടെ ആധികാരിക പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ നമുക്ക് തന്നെ വസ്തുകള്‍ ചേര്‍ക്കാനാവും. അതിനാവട്ടെ വിക്കി സ്ഥാപകനുള്ള അതേ അധികാരം വിക്കിപീഡിയയില്‍ കയറിയ ഏത് അംഗത്തിനും നല്‍കുന്നു.
അതേ സമയം വിക്കിപീഡിയയിലെ ഒരു ലേഖനവും ആധികാരികമാണെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ലേഖന റഫറന്‍സുകളായി വിക്കിപീഡിയയെ ഉദ്ധരിക്കുന്നതും കരണീയമല്ല. വിക്കിപീഡിയയുടെ ഓരോ ലേഖനത്തിന്റെയും ആധികാരികത ബലപ്പെടുന്നത് അതില്‍ ചേര്‍ത്തിട്ടുള്ള റഫറന്‍സുകള്‍ക്കനുസിച്ച് മാത്രമാണ്. വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ആധികാരിക റഫറന്‍സിന്റെ പിന്‍ബലത്തില്‍ പകര്‍പ്പവകാശ രഹിതമായ സ്വതന്ത്ര വിവരങ്ങള്‍ മാത്രമേ ചേര്‍ക്കാവൂ എന്നതും കര്‍ശനമായി പാലിക്കപ്പെടേണ്ടതാണ്. ഇത്തരം അനേകം അവലംബങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള വിവരശേഖരമാണ് വിക്കിപീഡിയ.
2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ തുടക്കം. 2006-ലാണ് ആയിരാമത്തെ ലേഖനം പിറക്കുന്നത്. 2009-ല്‍ ഇത് പതിനായിരവും 2013-ല്‍ ഇതിനകം മുപ്പതിനായിരവും കടന്നു. 50,000-ലധികം പേര്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കിലും മുന്നൂറുപേരേ സജീവമായുള്ളൂ. മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 21 അഡ്മിനുകളും 52 നിരീക്ഷക പദവിയിലുള്ളവരുമാണുള്ളത്. വിക്കിപീഡിയ ലേഖനങ്ങളുടെ കാര്യക്ഷമത നിശ്ചയിക്കുന്നത് അതിന്റെ ഡെപ്ത് നോക്കിയിട്ടാണ്. ഈ മാനദണ്ഡമനുസരിച്ച് ഇതര ഇന്ത്യന്‍ ഭാഷകളേക്കാള്‍ ലേഖനങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഡെപ്്തില്‍ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ പല പ്രമുഖ ഭാഷാ വിക്കിപീഡിയയെക്കാളും മുന്‍ നിരയിലാണ് ആ നിലക്ക് മലയാളം.
അംഗത്വം എടുക്കാന്‍ ഇമെയില്‍ വിലാസം മാത്രം നല്‍കിയാല്‍ മതിയാവും. തുടര്‍ന്ന് മലയാളത്തില്‍ എഴുതാന്‍ സൈറ്റിന് മുകള്‍ഭാഗത്ത് എഴുത്തുപകരണം അമര്‍ത്തിയാല്‍ ഏതു കമ്പ്യൂട്ടറില്‍ നിന്നും മലയാളം സജ്ജമാക്കാം. ലേഖനത്തിന് മുകളില്‍ കാണുന്ന 'തിരുത്തുക' എന്ന് ക്ലിക്ക് ചെയ്താല്‍ ലേഖനം തിരുത്താനാവും. സാങ്കേതിക പരിജ്ഞാനങ്ങളൊന്നും ഇല്ലാതെ തന്നെ നേരിട്ട് ലേഖനം കണ്ട് തിരുത്താനുള്ള സംവിധാനം ഇപ്പോഴുണ്ട്. ആവശ്യമായ സഹായവും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍