Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

പെരുന്നാള്‍ പിറ്റേന്നുകള്‍

ചിന്താവിഷയം / സി.ടി ബശീര്‍

ആത്മസംസ്‌കരണത്തിന്റെ ഇരുപത്തൊമ്പത് ദിവസങ്ങള്‍ക്കു ശേഷം വന്നണഞ്ഞ ഈദുല്‍ ഫിത്വ്ര്‍ ദിനം നാം അതിന്റെ പാവനത്വത്തിനൊത്തു സമുചിതമായി ആഘോഷിച്ചു. മനസ്സിലും ചുണ്ടിലും പൂത്തിരി കത്തിച്ചു കളിച്ചുനടന്ന ബാലികാ ബാലന്മാര്‍ പെരുന്നാളിന്റെ രോമാഞ്ചമാണ്. ചെറുപ്പകാലത്തെ പെരുന്നാള്‍ സ്മരണകള്‍ അനവദ്യ സുന്ദരവുമാണ്.
റമദാനിന്റെ മുമ്പത്തെ സാധാരണ ജീവിതത്തിലേക്ക് വഴുതിവീഴുകയാണിനി. അല്‍പമെങ്കിലും ആത്മീയോന്നതി നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നെങ്കില്‍ ഒരു മാസത്തെ വ്രതാനുഷ്ഠാനവും അധികരിപ്പിച്ച നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും ദാനധര്‍മങ്ങളും പ്രയോജനരഹിതമായിപ്പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. യാന്ത്രികമായി അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചവര്‍ക്ക് യാന്ത്രികത തന്നെ തിരിച്ചുകിട്ടാനല്ലേ അര്‍ഹത? സുബോധത്തോടെയും സദുദ്ദേശ്യത്തോടെയും അനുഷ്ഠാനങ്ങള്‍ പൂര്‍ത്തീകരിച്ചവര്‍ ഇനിയുള്ള നാളുകളും പരീക്ഷണ-പരിശീലനങ്ങള്‍ക്ക് സന്നദ്ധരായിരിക്കും.
നമസ്‌കാരം ആരാധനകളില്‍ വെച്ചു ശ്രേഷ്ഠമാണെന്നും അത് ഒരു ജീവിത ചര്യയാക്കേണ്ടതാണെന്നും നാം വിശ്വസിക്കുന്നു. ഒരുപാട് തിന്മകളില്‍ നിന്നാണ് അത് നമ്മെ അകറ്റിനിര്‍ത്തുന്നത്. മനുഷ്യനന്മയെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത്രയധികം നമസ്‌കാരങ്ങള്‍ നിര്‍ബന്ധവും ഐഛികവുമാക്കിയിട്ടുള്ളത്. സര്‍വ മനുഷ്യരും നമസ്‌കരിച്ചിട്ടില്ലെങ്കിലും അല്ലാഹുവിന്റെ പ്രതാപത്തിന് യാതൊരു കുറവും വരികയില്ല. നമസ്‌കാരത്തിന്റെ നൈരന്തര്യവും പ്രകൃതിപരമായ അതിന്റെ ചാക്രികതയുമെല്ലാം മനുഷ്യന്റെ തന്നെ ഉള്‍ഗതി ഉദ്ദേശിച്ചുള്ളതാണെന്നര്‍ഥം. നമസ്‌കാരം അനുഷ്ഠിക്കുക ഭാരിച്ച ഉത്തരവാദിത്വമാകയാല്‍ സഹനം അത്യാവശ്യമാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. അനുപമമായ സൂക്ഷ്മതയും കൃത്യതയും കൈവരിക്കാന്‍ നമസ്‌കാരം സഹായിക്കുന്നു. സന്തോഷത്തിലും ദുഃഖത്തിലും, തിരക്കിലും വിശ്രമത്തിലും, യാത്രയിലും മരണശയ്യയില്‍ പോലും നമസ്‌കാരം നിര്‍ബന്ധം. നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ശ്രേഷ്ഠ സന്ദേശം ജീവിതത്തില്‍ കാത്തുസൂക്ഷിക്കാനാവുമെങ്കില്‍ ഒരു സാധാരണ മനുഷ്യന്‍ അസാധാരണ മനുഷ്യനായി മാറുകയാണ്. അസാധാരണ മനുഷ്യന്‍ ദൈവത്തിന്റെ സമീപസ്ഥരായ മാലാഖമാരുടെ ഔന്നത്യത്തിലേക്ക് ഉയര്‍ന്നുപോയിക്കൊണ്ടിരിക്കും. ആത്മീയൗന്നത്യം കൈവരിച്ചവര്‍ മനുഷ്യ മഹാ സമുദ്രത്തിന്റെ അടിത്തട്ടിലെ രത്‌നനിക്ഷേപങ്ങളായി പരിണമിക്കും.
പെരുന്നാള്‍ പിറ്റേന്നു മുതല്‍ പഴയ ജീവിതത്തിന്റെ പെരുവഴിയിലായിപ്പോകാതെ ശ്രദ്ധിക്കണം. ഭൗതികതയുടെ പിശാചുക്കളെ ഒരു മാസം ചങ്ങലക്കിട്ടു നിര്‍ത്താന്‍ നമുക്ക് സാധിച്ചു. നാലുപാടും കുതറി ഓടുന്ന മനസ്സാകുന്ന കുതിരക്ക് കുറെ കടിഞ്ഞാണിടാനും സാധിച്ചു. ഇനി അതിന്റെ പ്രയോജനം ഫലവത്താകുന്ന രീതിയില്‍ ദിനരാത്രങ്ങളും ആഹാരമര്യാദകളും മാറണം. യാന്ത്രികത മാറ്റിവെച്ചു ജീവിതരീതികള്‍ സാര്‍ഥകമാക്കണം. ''സുന്ദരമായ ഇസ്‌ലാമിനെ കാണുന്നു; ആദര്‍ശശാലികളായ മുസ്‌ലിംകളെ കാണാനില്ല'' എന്ന ഭീതിദമായ പരാതി നൂറ്റാണ്ടുകളെ മറികടന്ന് ഇപ്പോഴും ചുറ്റുപാടുകളെ നടുക്കുന്നു. മദ്യത്തില്‍നിന്നും മയക്കുമരുന്നുകളില്‍നിന്നും എല്ലാതരം കുറ്റകൃത്യങ്ങളില്‍ നിന്നും മോചനം കിട്ടുന്നില്ലെങ്കില്‍ മതത്തിന് പ്രസക്തിയെന്ത്?
സൈ്വരവും സമാധാനവും കെടുത്തുന്ന ഭീകരത, യഥാര്‍ഥ മുസ്‌ലിമിനു ഒരു തരത്തിലും അനുയോജ്യമല്ലാത്തതാണ്. അതിലേക്ക് ചേര്‍ക്കപ്പെടുന്നത് സാധാരണക്കാരായ ഇരകളാണ്. ജിഹാദും ഭീകരതയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമാണ്. ഇസ്‌ലാമിലെ ഇബാദത്തുകളില്‍ പുണ്യ യുദ്ധത്തിന് സ്ഥാനമുണ്ട്. പക്ഷേ, നിരപരാധികളെ, അപരാധികളെ പോലും ആരും അനാവശ്യമായി വകവരുത്താന്‍ പാടില്ല. നീതിയുടെയും നിയമത്തിന്റെയും വഴികള്‍ അടച്ചിട്ട് ഒരു മതോല്‍ബോധനവും രാഷ്ട്രീയ പ്രചാരണവും അനുവദനീയമല്ല. മുസ്‌ലിംകളുടെ പ്രാര്‍ഥന, നേര്‍വഴിക്കു നയിക്കണേ എന്നാണ്. നേര്‍വഴിയെന്തെന്നു ഖുര്‍ആന്‍ നല്ല പോലെ മനസ്സിലാക്കിത്തരുന്നുണ്ട്. ശിക്ഷയും രക്ഷയും അല്ലാഹുവില്‍ അര്‍പ്പിതമാണ്. മനുഷ്യര്‍ അതില്‍ കൈകടത്തുമ്പോള്‍ അസമാധാനം ഉടലെടുക്കുന്നു. സമാധാനത്തിന്റെ സന്ദേശം സര്‍വത്ര പ്രചരിപ്പിക്കേണ്ടവരാണ് ഖുര്‍ആന്റെയും സുന്നത്തിന്റെയും അനുയായികള്‍. അവര്‍ക്ക് ഭീകരതയുടെ മുഖമുദ്ര ചേരില്ല. പെരുന്നാള്‍ പിറ്റേന്നുകള്‍ പുതിയ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കുമെങ്കില്‍ റമദാനിലെ ഇബാദത്തുകളുടെ ധന്യത ജാജ്ജ്വല്യമായിത്തന്നെ നിലനില്‍ക്കും. അല്ലായെങ്കില്‍ അടുത്ത റമദാനിലേക്ക് പ്രതീക്ഷകള്‍ നടന്നകലും; പിന്നെയും ശുഭപ്രതീക്ഷയുമായി റമദാന്‍ വരും, പോകും. യാന്ത്രികമായി മാത്രം മതം നമ്മില്‍ അവശേഷിക്കുകയും ചെയ്യും.
പെരുന്നാള്‍ പിറ്റേന്നുകള്‍ക്ക് പതിനൊന്നു മാസത്തെ ദൈര്‍ഘ്യമുണ്ട്; വേറൊരു റമദാന്‍ വരും വരെ. ആ കാലദൈര്‍ഘ്യം ഓരോന്നും ഗര്‍ഭം ധരിക്കുന്നത് കൂടുതല്‍ കഠിനതരമായ കുറ്റകൃത്യങ്ങളെയാണ്. നന്മയുടെ വസന്തങ്ങള്‍ കഴിഞ്ഞുപോയെന്നു കരുതുമ്പോഴാണ് വേറൊരു വ്രതമാസം സമാഗതമാവുന്നത്. ഓരോ വര്‍ഷവും അപഹാസ്യങ്ങളുടെ ഇതിഹാസങ്ങളുമായി പെരുന്നാള്‍ പിറ്റേന്നുകള്‍ നമ്മെ തുറിച്ചുനോക്കുന്നു. അന്തിമ കാഹളം മുഴങ്ങുമ്പോഴേക്ക് മനുഷ്യര്‍ മൃഗതുല്യരായി, അവയെക്കാള്‍ മോശപ്പെട്ടവരായിത്തീരാന്‍ സാധ്യതയുള്ളതായി പ്രവചിക്കപ്പെട്ടിട്ടുണ്ട്. പുണ്യമാസത്തിനും അന്ന് ഈ ദുര്‍ഗതിയുണ്ടാകുമോ? നരാധമന്മാരുടെ കേളീരംഗമായിപ്പോകുമോ ഈ ഭൂതലം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍