ഫിഖ്ഹുല്‍ അഖല്ലിയ്യ വേണം ചില തിരുത്തലുകള്‍
ഫിഖ്ഹുന്നവാസില്‍, ഫിഖ്ഹുല്‍ മഖാസിദ്, ഫിഖ്ഹുല്‍ അഖല്ലിയ്യ എന്നെല്ലാം കേള്‍ക്കുമ്പോള്‍ ചെറുപ്പത്തില്‍ മദ്‌റസയില്‍ പഠിച്ച ഫിഖ്ഹ് ആണ് പലപ്പോഴും ഓര്‍മവന്നിരുന്നത്. ദല്‍ഹി കേന്ദ്രമായ ഇഫയുടെ രണ്ട് ശില്‍പശാലകളിലാണ് ഈ ധാരണ തിരുത്തപ്പെടുന്നത്. ഇവ സ്ഥലകാല ബോധത്തില്‍നിന്ന് ഉരുവം കൊള്ളേണ്ടതാണെന്നും പടച്ചതമ്പുരാന്‍ നന്മയാഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേകമായി നല്‍കുന്ന തിരിച്ചറിവിന്റെ വിവിധ ഘട്ടങ്ങളാണെന്നും മനസ്സിലാക്കാന്‍ വീണ്ടും സമയമെടുത്തു.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാധ്യമങ്ങളിലെ കൂട്ടായ്മകളില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അഹമഹമികയാ പങ്കെടുത്തുവരുന്നത് പുതിയ തലമുറക്ക് തദ്വിഷയകമായി കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്ന വിനീതമായ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. എസ്.ഐ.ഒ കേരള സോണ്‍ സംഘടിപ്പിച്ച അക്കാദമിക് കോണ്‍ഫറന്‍സ് ഈ വിശ്വാസം അരക്കിട്ടുറപ്പിച്ചു.
ആകാശത്ത് പാറിനടക്കുന്ന പക്ഷികളും കൂട്ടില്‍ കഴിയുന്നവയും തമ്മിലുള്ള താത്ത്വികാന്തരമാണ് വാസ്തവത്തില്‍ ഭൂരിപക്ഷ മുസ്‌ലിം നാടുകളില്‍ കഴിയുന്നവരും ന്യൂനപക്ഷ സമൂഹമായി കഴിയുന്നവരും തമ്മിലുള്ളത്. രണ്ടു പക്ഷിക്കൂട്ടങ്ങള്‍ക്കും മുകളിലുള്ള ആകാശവും ലഭിക്കുന്ന വെള്ളവും മാത്രമേ ഒന്നായുള്ളൂ. ബാക്കി എല്ലാ മേഖലകളിലും അവ വ്യത്യസ്തമാണ്.
ബഹുസ്വര സമൂഹത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ അവരുടെ സാഹചര്യങ്ങളുമായും സ്ഥലകാലങ്ങളുമായും ബന്ധപ്പെട്ട് ആവിഷ്‌കരിക്കുന്ന അതിജീവന കലയുടെ മതകീയ ഭാവമാണ് ഫിഖ്ഹുല്‍ അഖല്ലിയ്യ. സവിശേഷമായ സാഹചര്യങ്ങളുടെ സൃഷ്ടിയെന്നര്‍ഥം. പൊതു മുസ്‌ലിം സമൂഹത്തിന് ഹിതകരമല്ലാത്തത് ഇവര്‍ക്ക് ഹിതകരമാവാം. എന്നാലും ജീവിക്കുന്നത് ശരീഅത്തിന്റെ അന്തഃസത്ത നെഞ്ചിലേറ്റിയാവണം. ജനങ്ങള്‍ക്കു വേണ്ടി ഉയിര്‍ത്തെഴുന്നേറ്റ ഉത്തമ സമുദായം (ഖൈരിയ്യത്ത്, ഇഖ്‌റാജ്, ഖുര്‍ആന്‍ 3:110) എന്ന വിതാനത്തില്‍ നിന്ന് അവന് താഴേക്ക് വരാന്‍ നിവൃത്തിയില്ല എന്ന് ചുരുക്കം. അഥവാ നിയോഗിത ലക്ഷ്യനിര്‍ണയത്തിന് ദാറുല്‍ ഇസ്‌ലാം, ഹര്‍ബ്, കുഫ്ര്‍, അംന് എന്നീ സംജ്ഞകള്‍ വെറും താര്‍ക്കികം.
കുടിയേറ്റം, പൗരത്വം
'നിഷേധികള്‍ക്കിടയില്‍ അധിവസിക്കുന്ന മുസ്‌ലിമുമായി എനിക്ക് ബന്ധമില്ല' എന്നയര്‍ഥത്തിലുള്ള വാചകം പ്രവാചകനിലേക്ക് ചേര്‍ത്ത് ഹിജ്‌റ (പലായനം) നിര്‍ബന്ധമാണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പണ്ട് പലയിടങ്ങളിലും നടന്നിരുന്നു.
'ഇനി ഹിജ്‌റയില്ല' എന്ന ഹദീസിന്റെ വിശദീകരണം ചോദിച്ച ഉബൈദുബ്‌നു ഉമൈറി(റ)നോട് മഹതി ആഇശ(റ) പ്രതികരിച്ചതിങ്ങനെ: ''ഒരാള്‍ക്ക് അവന്റെ റബ്ബിനെ ഇബാദത്ത് ചെയ്യണമെന്ന് കരുതുന്നിടത്ത് നില്‍ക്കാം.''
റശീദ് രിദാ, ഖറദാവി, ജാദുല്‍ ഹഖ്, മറാഗി എന്നീ ആധുനിക പണ്ഡിതര്‍ ഹിജ്‌റ സംബന്ധിയായ അനുകൂല-പ്രതികൂല പ്രമാണങ്ങളെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (മഖാസിദ്) പരിഗണിച്ച് വായിക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണ്.
''എല്ലാ നാടും ദൈവത്തിന്റേത്; അടിമകളെല്ലാം അവന്റേതുതന്നെ. നന്മയെവിടെയാണോ അവിടെ നിനക്ക് നില്‍ക്കാം'' (അഹ്മദ്) എന്നാണ് പ്രവാചകാധ്യാപനം. ആയതിനാല്‍ അമുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് താമസിക്കുന്നതിനോ (മുവാത്വന) പൗരത്വം സ്വീകരിക്കുന്നതിനോ (തജന്നുസ്) പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കുഴപ്പമില്ല. വ്യത്യസ്തമായ താല്‍പര്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ കൂടുതല്‍ ഉന്നതമായത് നേടുക എന്ന് ഇബ്‌നു തൈമിയ്യ(റ) പഠിപ്പിച്ചിട്ടുള്ള നിദാനശാസ്ത്ര തത്ത്വമാണ്. ഏതു നാട്ടിലേക്കും കടന്നുചെല്ലാനാണല്ലോ ഖുര്‍ആന്റെ ആഹ്വാനം (6:11, 67:15). അഥവാ കടന്നുചെല്ലുന്ന നാടിന്റെ കൊടിയുടെ നിറമല്ല അവിടെ നമ്മുടെ നിലപാടാണ് പ്രാധാന്യമര്‍ഹിക്കുന്നത്.
ഇത്തരം നാടുകളില്‍ കുടിയേറിയവരും അല്ലാത്തവരുമായ മുസ്‌ലിം പൗരന്മാരുടെ ഭാഗധേയം ഒതുങ്ങിക്കൂടലിന്റേതാവരുതെന്ന് പ്രസംഗിക്കാനെളുപ്പമാണ്. വിഭജന/കോളനിവത്കരണാനന്തര നാടുകളിലെ മുസ്‌ലിംകള്‍ പൊതുവെ അന്തര്‍മുഖികളായി ക്ഷമാപണ ഭാവത്തോടെയാണ് ജീവിച്ചു കാണുന്നത്. പൊതു സമൂഹത്തിന്റെ ഭാഗമായി (ദേശീയധാരയില്‍ അന്ധമായി ലയിക്കലല്ല) ഇസ്‌ലാമിന്റെ പ്രാതിനിധ്യം എങ്ങനെ ഭദ്രമാക്കാമെന്ന് ഉറക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിസ്റ്റുകളാണ് ശൈഖ് ഉല്‍വാനിയും റൈസൂനിയുമെല്ലാം.
ഫിഖ്ഹുല്‍ അഖല്ലിയ്യാത്തിന്റെ ജനകീയത
ഇബ്‌നുബയ്യ മുതല്‍ ജാസിര്‍ ഔദ വരെയുള്ള പലരും പലപ്പോഴായി എഴുതിക്കൊണ്ടിരിക്കുന്ന വിഷയമാണെങ്കിലും ഈ ചിന്ത കൂടുതല്‍ ജനകീയമായത് ശൈഖ് ഖറദാവിയുടെ ഫിഖ്ഹുല്‍ അഖല്ലിയ്യാത്തില്‍ മുസ്‌ലിമഃ എന്ന ഗ്രന്ഥത്തോടെയാണ്. പ്രസ്തുത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ഈയിടെ ഐ.പി.എച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. അബ്ദുല്ലത്വീഫ് കൊടുവള്ളിയാണ് പരിഭാഷകന്‍.
വിഷയത്തിന്റെ ആമുഖവും താത്ത്വിക ചര്‍ച്ചകളും സാധാരണക്കാരന് പോലും പ്രാപ്യമാവുന്ന ശൈലിയിലാണ് മൂല കൃതിയും പരിഭാഷയും. ഇതേ പേരില്‍ ഡോ. സ്വലാഹ് സുല്‍ത്താന്‍ നടത്തിയ പഠനം പണ്ഡിതോചിതമാണെങ്കിലും 'കിതാബോതാ'ത്തവര്‍ക്ക് വഴങ്ങാന്‍ സാധ്യതയില്ല. ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനം, പരമ്പരാഗത ബാങ്കുകളുമായുള്ള ഇടപാടുകള്‍, ഗ്രീന്‍ലാന്റ് പോലെയുള്ള അതിശൈത്യ പ്രദേശങ്ങളിലെ നോമ്പും നമസ്‌കാരവും, മുസ്‌ലിം അമുസ്‌ലിം ഭേദമന്യേയുള്ള മരണവീട് സന്ദര്‍ശനങ്ങളും ശുശ്രൂഷയും, പൊതുശ്മശാനത്തിലെ ഖബ്‌റടക്കല്‍, സാമൂഹിക ദുരന്തങ്ങളില്‍ ജാതി-മത വ്യത്യാസമില്ലാതെയുള്ള സഹകരണങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഡോ. സ്വലാഹ് പരിചയപ്പെടുത്തുന്നതെങ്കില്‍, ഇസ്‌ലാം സ്വീകരിച്ച ഭാര്യക്ക് അമുസ്‌ലിം ഭര്‍ത്താവുമായി ബന്ധം തുടരാമോ, ഭിന്ന മതസ്ഥര്‍ തമ്മില്‍ അനന്തരാവകാശത്തില്‍ പങ്കാളികളാകാമോ, മറ്റുള്ളവരുടെ ആഘോഷവേളകളില്‍ ആശംസകള്‍ കൈമാറാമോ എന്നിങ്ങനെ ഒരു പ്രബോധകനില്‍നിന്ന് ഉത്ഭൂതമാവുന്ന ചിന്തകളാണ് ഖറദാവി വായനക്കാരുമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ വൈജ്ഞാനിക മണ്ഡലങ്ങളില്‍ ചില കലഹങ്ങളുണ്ടാക്കാനുള്ള കെല്‍പ് ആ ഗ്രന്ഥത്തിനുണ്ട്. പ്രമാണങ്ങളുടെ അക്ഷരപൂജകര്‍ക്ക് ഈ രണ്ട് ഗ്രന്ഥങ്ങളും എത്രമാത്രം ദഹിക്കുമെന്നറിയില്ല.
Comments