Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

ജനാധിപത്യ പോരാട്ടത്തിന്റെ മധ്യരേഖയാണ് ഈജിപ്ത്‌

ശിഹാബ്‌ പൂക്കോട്ടൂര്‍

51 ശതമാനം വോട്ട് നേടിയവര്‍ ജയിലിലും 1.5 ശതമാനം വോട്ട് നേടിയവര്‍ സിംഹാസനത്തിലുമെന്ന വൈരുധ്യത്തിനാണ് ഈജിപ്ത് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ചേരിചേരാ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന രാഷ്ട്രമാണ് ഈജിപ്ത്. ഇന്ന് ഈ പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവി ഇറാന്നാണ്. തുടക്കത്തില്‍ സൈനിക അട്ടിമറിക്കെതിരെ പ്രതികരിച്ച ഇറാന്‍ പിന്നീട് മൗനമവലംബിക്കുകയാണ് ചെയ്തത്. സുഊദിയും യു.എ.ഇയും പ്രത്യക്ഷമായി സൈനിക ഭരണകൂടത്തെ പിന്തുണക്കുന്നു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടമാണെന്ന് വാദിക്കുന്ന യൂറോപ്യരും അമേരിക്കയും കോപ്റ്റിക് പോപ്പിനെയും അസ്ഹര്‍ റെക്ടറെയും രാഷ്ട്രീയത്തിലേക്ക് ആനയിക്കുന്നു! ഖത്തര്‍ മുര്‍സിയെ പരോക്ഷമായി പിന്തുണക്കുന്നു. തുര്‍ക്കി മാത്രമാണ് പരസ്യമായി മുര്‍സി ഗവണ്‍മെന്റിനെ പിന്തുണക്കുന്നതും സൈനിക ഭരണത്തെ ശക്തമായി എതിര്‍ക്കുന്നതും.
മദ്യം ഭാഗികമായി നിരോധിച്ചതിന്റെ പേരില്‍ ഇസ്തംബൂള്‍ നഗരത്തില്‍ ആയിരത്തിലധികം ആളുകള്‍ ഒരുമിച്ചുകൂടി ഉര്‍ദുഗാനെതിരെ തിരിഞ്ഞപ്പോള്‍ അവരുടെ ഭാഗത്ത് അമേരിക്ക പരസ്യമായി നിലയുറപ്പിച്ചു. അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഒബാമ പത്തിലധികം തവണ പ്രസ്താവനയിറക്കി. അതേ അമേരിക്ക ഈജിപ്തിലെ റാബിഅ അദവിയ്യയടക്കം മൂന്ന് സ്‌ക്വയറുകളില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ രാവും പകലും തമ്പടിച്ച് തങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റിന്റെ ജയില്‍ മോചനത്തിനും തിരിച്ചുവരവിനും വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ ഒരൊറ്റത്തവണയതിനെ പിന്തുണച്ചിട്ടില്ല. ഈ സമാധാനപരമായ പ്രതിഷേധ സംഗമത്തിലെത്തിയവരെ പ്രാര്‍ഥനക്കിടയില്‍ നിഷ്ഠുരമായി വെടിവെച്ചിടാന്‍ പോലും സൈന്യം മടി കാണിച്ചിട്ടില്ല. ആയിരക്കണക്കിനാളുകള്‍ മരണപ്പെട്ടിട്ടും ഈ വലിയ പോരാട്ടത്തെ ലോകത്തെ മിക്ക രാജ്യങ്ങളും കണ്ടതായി ഭാവിച്ചില്ല. ആഫ്രിക്കന്‍ യൂനിയന്‍ മാത്രമാണ് ഈജിപ്തിലേത് അട്ടിമറിയാണെന്ന് പറയുകയും സൈനിക ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. തുനീഷ്യയില്‍ മുര്‍സിയെ പിന്തുണച്ച് വലിയ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെക്കുറെ മാന്യമായ നിലപാട് സ്വീകരിച്ചത് ജര്‍മനിയായിരുന്നു. ഈജിപ്തിലെ ഹുസ്‌നി മുബാറകിന്റെ അവശിഷ്ടങ്ങളായ പത്രങ്ങള്‍ മുര്‍സിയെ ഹിറ്റ്‌ലറോടാണ് ഉപമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതികരണം ജര്‍മനിയുടെ ഭാഗത്തുനിന്നുണ്ടായി. അറുപത് ലക്ഷം ജൂതന്മാരെ ക്രൂരമായി വധിച്ച ഹിറ്റ്‌ലറെയും ഒരു നിരപരാധിയുടെ പോലും അവകാശങ്ങള്‍ ഹനിക്കാത്ത മുര്‍സിയെയും താരതമ്യപ്പെടുത്തുന്നവര്‍ അല്‍പം പോലും ചരിത്രജ്ഞാനമില്ലാത്തവരാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി പ്രസ്താവിച്ചു. ഒടുവില്‍ ഈജിപ്തില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നു. വീറ്റോയുടെ തിണ്ണബലത്തില്‍ ലോകരാജ്യങ്ങളുടെ ജനാധിപത്യത്തെ പരമപുഛത്തോടെ തള്ളുന്ന അമേരിക്കന്‍ സില്‍ബന്ധികളോട് സമാധാനവും ജനാധിപത്യവും സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നത് തന്നെ വിരോധാഭാസമാണ്.
ലോക ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുന്ന ജനാധിപത്യ പോരാട്ടങ്ങളുടെ മധ്യ രേഖയായി ഈജിപ്ത് പരിണമിച്ചിരിക്കുന്നു. അറബ് വസന്ത മുന്നേറ്റങ്ങളിലും അതിനെ തുടര്‍ന്നുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ തിരിച്ചുവരവിലും ഒടുവില്‍ ഈജിപ്തില്‍ നടന്ന അട്ടിമറിയിലും അമേരിക്കന്‍, യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ് പ്രകടമായതാണ്. ലോകത്തെവിടെയും ജനാധിപത്യം സ്ഥാപിക്കാന്‍ സൈന്യവും പടക്കോപ്പുമായി ഇറങ്ങിത്തിരിക്കുന്നവര്‍ തങ്ങളുടെ മുന്‍കൈയിലല്ലാത്ത ഏത് സമരങ്ങളെയും ജനാധിപത്യ വേദികളെയും അംഗീകരിക്കാന്‍ തയാറായിട്ടില്ല. 'അപരിഷ്‌കൃതരുടെ' മോചനത്തിന്റെ കര്‍തൃത്വം തങ്ങള്‍ക്ക് മാത്രമവകാശപ്പെട്ടെതെന്ന വെള്ളക്കാരന്റെ ഹുങ്ക് മാത്രമാണ് ഈ രാഷ്ട്രങ്ങളുടെയൊക്കെയും പ്രത്യയശാസ്ത്രം. ഈജിപ്തില്‍ നടന്നത് ശേഷിയില്ലാത്തവരുടെ ഭരണക്രമമായിരുന്നുവെന്നും ഇനി തങ്ങള്‍ ഇടപെട്ട് കഴിവും യോഗ്യതയുമുള്ള ഒരു ഭരണകൂടത്തെ സ്ഥാപിക്കാമെന്നുമാണ് അമേരിക്കന്‍ വിദേശ നയങ്ങള്‍ക്ക് വേണ്ടി പേനയുന്തുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, നിരവധി അക്കാദമിക് വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ഈജിപ്തിന്റെ വിഷയത്തില്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ക്രിസ്പിന്‍ ബ്ലന്റിനെപ്പോലുള്ളവര്‍ റാബിഅ അദവിയ്യയിലും തഹ്‌രീറിലും ഒരേസമയം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഈജിപ്തിലെ പത്രങ്ങളുടെ നിലപാടിനെ അദ്ദേഹം വിശേഷിപ്പിച്ചത്, 'അക്രമോത്സുക വരികളുമായി പ്രഭാതത്തിലെത്തുന്ന കൊള്ളക്കാര്‍' എന്നാണ്. റാബിഅ അദവിയ്യയിലെ പ്രക്ഷോഭകര്‍ക്കെതിരെ രാസായുധം പ്രയോഗിക്കണമെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രീയ തടവുകാരെ (ഇവര്‍ ഹുസ്‌നി മുബാറകിന്റെ കാലത്ത് തടവിലാക്കപ്പെട്ട നിരപരാധികള്‍) മോചിപ്പിക്കുന്നതിലൂടെ മുര്‍സി നാടിനെ പൈശാചികവത്കരിച്ചുവെന്നും ഇതില്‍ നിന്നുള്ള മോചനമാണ് അബ്ദുല്‍ ഫത്താഹ് സീസിയിലൂടെ ഈജിപ്തുകാര്‍ അനുഭവിക്കുന്നതെന്നുമായിരുന്നു അവരുടെ കണ്ടെത്തല്‍.
മുഹമ്മദ് മുര്‍സി ആദ്യമായി ഈജിപ്തിലെ പത്രങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. മുര്‍സിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി അവര്‍ വിമര്‍ശിച്ചു. അവര്‍ പാടി പുകഴ്ത്തുന്ന സീസിയെ ഒരു നിമിഷം അവര്‍ വിചാരണ ചെയ്താല്‍ കെട്ടിപൂട്ടി പത്രപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും. ഡേവിഡ് കെന്നര്‍ എഴുതുന്നു: ''അമേരിക്കയില്‍ നിന്ന് പരിശീലനം ലഭിച്ച സൈനിക മേധാവിയാണ് സീസി. ഈജിപ്തിലെ സൈനിക മേധാവികളില്‍ അമേരിക്ക പരിശീലനം കൊടുത്ത ആദ്യത്തെ വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ മറ്റാരെക്കാളും അമേരിക്കക്കാണ് കൂടുതല്‍ അറിയുന്നത്. അദ്ദേഹവുമായുള്ള ബന്ധങ്ങള്‍ അമേരിക്കക്ക് വളരെ സുഖകരമാവും. 2005-2006 കാലയളവില്‍ അമേരിക്കയില്‍ പരിശീലനത്തിനെത്തിയ സമയത്ത് ഇന്ന് അമേരിക്കയുടെ സെക്രട്ടറിമാര്‍, സി.ഐ.എ മേധാവികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു സീസി. സീസിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് മുര്‍സിയുടെ ഭരണകൂടത്തേക്കാള്‍ അമേരിക്ക ആഗ്രഹിക്കുന്നത്.''
അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ മുന്നേറ്റങ്ങളെ അമേരിക്കയും യൂറോപ്പും ചേര്‍ന്ന് തുടച്ചുമാറ്റുന്നതിന്റെ ഭാഗമാണ് ഈ സൈനിക അട്ടിമറി. ജൂത, ജൂതേതര രാഷ്ട്ര സഖ്യം എന്ന രണ്ട് വിഭജനങ്ങളാണ് ഈ മേഖലയില്‍ അമേരിക്ക ലക്ഷ്യമിടുന്നത്. ഇസ്രയേലേതര രാഷ്ട്രങ്ങളുടെ മുന്നേറ്റത്തെ തടയിടുകയും അവരുടെ സൈനിക ശക്തിയെ കുറച്ച് കൊണ്ട് വരികയും ചെയ്യുക എന്നത് ഇതിന്റെ ഭാഗമാണ്. മേഖലയിലെ (മിഡിലീസ്റ്റിലെ) വലിയ സൈനിക ശക്തികള്‍ ഇറാഖ്, ഇറാന്‍, സിറിയ, ഈജിപ്ത് എന്നിവയാണ്. ഈ സൈനിക ശക്തിയെ ഇസ്രയേലിനെതിരെ തിരിച്ചുവിടാന്‍ സാധ്യതയുള്ള ഏതു വിഭാഗം ഭരണാധികാരികളെയും നിഷ്‌കാസിതരാക്കുക എന്നതാണ് അമേരിക്കയുടെ നയം. സൈന്യം അധികാരം പിടിച്ചെടുത്ത് മുര്‍സിയെ തടങ്കലിലാക്കിയതിനു ശേഷം തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന 'ആഘോഷരാത്രി'യെ ആര്‍ഭാടമാക്കിയതും വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്തതും പശ്ചിമേഷ്യയിലെ അമേരിക്കന്‍ കരാറുകാരുടെ സംഘമായിരുന്നു. മുര്‍സി അധികാരത്തിലെത്തിയപ്പോള്‍ ഫോണില്‍ വിളിച്ച് മാത്രം അഭിനന്ദിച്ചവര്‍ സീസിയെ കാണാന്‍ ജുലൈ മൂന്നിന് ശേഷം കൂട്ടം കൂട്ടമായി എത്തുകയാണ്. ഈജിപ്തിലെ 48 ശതമാനം സമ്പത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും സൈന്യത്തിനാണ്. സൈനിക സ്വാധീനമുള്ള രാജ്യങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഈജിപ്തിലെ സൈന്യത്തിന്റേത്. വന്‍ കമ്പനികളില്‍ പങ്കാളിത്തം, വിദേശ അക്കൗണ്ടുകള്‍, കൃഷിയിടങ്ങള്‍, വന്‍കിട ഹോട്ടലുകള്‍ തുടങ്ങി വലിയ കോര്‍പ്പറേറ്റാണ് ഈജിപ്ഷ്യന്‍ പട്ടാളം. അവരുടെ ആസ്തികളില്‍ കൈകടത്തുന്നവരെ കൊന്നും കൊലവിളിച്ചും സമാന്തരമായി തീര്‍ത്ത ഒരു അധോലോകമാണ് സൈന്യത്തിന്റേത്. മുര്‍സി അധികാരത്തിലേറിയപ്പോള്‍ കൃത്രിമമായ ക്ഷാമമുണ്ടാക്കിയത് സൈന്യമായിരുന്നു. ഇപ്പോള്‍ സുലഭമായി റൊട്ടിയും വിഭവങ്ങളും മാര്‍ക്കറ്റിലെത്തിയിരിക്കുന്നു. സാധാരണക്കാരെ സൈന്യത്തിനനുകൂലമാക്കാന്‍ ഈ വിദ്യ ഒരു പരിധിവരെ ഉപകരിക്കുകയുണ്ടായി. ഈജിപ്തിലെ ജനങ്ങളില്‍ ഒരു വിഭാഗം ജമാല്‍ അബ്ദുന്നാസിര്‍ രണ്ടാമന്‍ എന്നാണ് സീസിയെ അഭിസംബോധന ചെയ്യുന്നത്. യഥാര്‍ഥത്തില്‍ പൂഴ്ത്തിവെച്ച ഭക്ഷ്യ വസ്തുക്കള്‍ വിപണിയിലെത്തിക്കുക എന്നത് സൈനിക അട്ടിമറിക്കെതിരെ ജനരോഷം ശമിപ്പിക്കാന്‍ സൈന്യം സ്വീകരിച്ച തന്ത്രമാണ്. അമേരിക്കയില്‍ സൈനിക പരിശീലനത്തിന് സീസി പ്രത്യേകമായി തെരഞ്ഞെടുത്ത പഠനമേഖല രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാനാവശ്യമായ പാഠങ്ങളായിരുന്നു. യു.എസ് ആര്‍മി കോളേജില്‍ നിന്നും ദേശീയ നയരൂപീകരണം, പൗര സൈനിക ബന്ധങ്ങള്‍, യുദ്ധതന്ത്രങ്ങള്‍, പ്രശ്‌നപരിഹാരങ്ങള്‍ തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം നേടിയതായി അദ്ദേഹത്തെക്കുറിച്ച് ഡേവിഡ് കെന്നര്‍ നിരീക്ഷിക്കുന്നുണ്ട്. ഈജിപ്തില്‍, കഴിഞ്ഞ 40 ദിവസമായി ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാകുന്നതും വില കുറയുന്നതും ഗതാഗത സൗകര്യങ്ങളുടെ ലഭ്യത വര്‍ധിച്ചതും സൈനിക ഗവണ്‍മെന്റിനെ സാധാരണ ജനത്തിന്റെ രോഷത്തില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്.
ജനാധിപത്യത്തിന്റെയും ആവിഷ്‌കാരത്തിന്റെയും വ്യാജ മുഖമൂടി ധരിച്ചവരുടെ മൗനമാണ് ഇതില്‍ ഏറെ അതിശയകരമായത്. തുടക്കത്തില്‍ സൈന്യത്തിന്റെ കൂടെ നിന്നിരുന്ന അന്നൂര്‍ പാര്‍ട്ടി മുര്‍സി അനുകൂല നിലപാടിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ പുരോഗമന സഖ്യ പാര്‍ട്ടികള്‍ സൈന്യത്തെ ശക്തമായി പിന്തുണക്കുന്നു. സാമ്പത്തിക ഉദാരവത്കരണം, സാമ്പത്തിക സാമൂഹിക മാറ്റം എന്നിവ സാധ്യമാക്കാന്‍ സൈന്യത്തിനാണ് കഴിയുകയെന്ന് വിശ്വസിക്കുന്ന, ലോകത്തെ തന്നെ ആദ്യത്തെ ഇടതുപക്ഷ ഗ്രൂപ്പുകള്‍ ഈജിപ്തിലായിരിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐക്യദാര്‍ഢ്യങ്ങള്‍ മുര്‍സി അനുകൂല സമരക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം നടത്തിയ ഐക്യദാര്‍ഢ്യ സംഗമം തത്സമയം തന്നെ അവരുടെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അവര്‍ ചേര്‍ത്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ജനകീയമായ ഐക്യദാര്‍ഢ്യമെന്ന നിലയില്‍ അല്‍ജസീറ ചാനലും അത് പ്രക്ഷേപണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാര്‍മിക പിന്തുണ റാബിഅ അദവിയ്യ സ്‌ക്വയറിനെയും അന്നഹ്ദ ചത്വരത്തെയും കൂടുതല്‍ ഊര്‍ജസ്വലമാക്കും.
നഹ്ദ ചത്വരവും റാബിഅ ചത്വരവും തിങ്ങിനിറഞ്ഞ ജനാധിപത്യ പ്രക്ഷോഭകരെ സൈന്യം ബലമായി ഒഴിപ്പിച്ചു തുടങ്ങി. 'ക്ലിയര്‍ സ്‌ക്വയര്‍' എന്ന് പേരിട്ടാണ് ഈ ഫോഴ്‌സ് ആരംഭിച്ചത്. 2200-ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി ബ്രദര്‍ഹുഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് പദവി അല്‍ ബറാദഇ രാജിവെച്ചു. തുടക്കത്തില്‍ സൈന്യത്തിന്റെ കൂടെ നിന്നിരുന്ന ഏപ്രില്‍ 6 മൂവ്‌മെന്റും തമര്‍റുദിലെ ഒരു വിഭാഗവും മുര്‍സിക്കനുകൂലമായി പ്രസ്താവനകളിറക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈജിപ്തില്‍ പുതുതായി രൂപപ്പെട്ടുവരുന്ന ജനാധിപത്യ സഖ്യത്തിലേക്കുള്ള സൂചനകള്‍ ഇതിലൂടെ പുറത്തുവന്നു. പക്ഷേ, ഈജിപ്തിലെ സാധാരണക്കാര്‍ അതിനു വലിയ വില നല്‍കേണ്ടിവരും. ഇനിയും രക്തസാക്ഷികള്‍ ഉണ്ടാകും. ഈജിപ്തിലെ സൈന്യം സമാന്തരമായൊരു രാഷ്ട്രമാണ്. അവിടത്തെ സൈന്യം സ്വന്തം പൗരന്മാരോട് പോലും പോരാടുന്നത് ശത്രുരാജ്യത്തിന്റെ സൈന്യത്തോട് ഏറ്റുമുട്ടുന്നത് പോലെയാണ്. ജനാധിപത്യത്തിനു വേണ്ടി പോരാടുന്ന പൗരന്മാര്‍ക്ക് ഫലത്തില്‍ മറ്റൊരു സ്റ്റേറ്റിനോട് ഏറ്റുമുട്ടുന്നത്രയും നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരും. അമ്പത് ശതമാനത്തോളം വരുന്ന, രാജ്യത്തെ ആസ്തിയും അമേരിക്ക നല്‍കുന്ന സഹായവും (ആദ്യഘട്ടം 7000 കോടി ഡോളര്‍ നല്‍കി) കൂടിയാകുമ്പോള്‍ സൈന്യത്തിന്റെ വീര്യവും സ്വാധീനവും ഇരട്ടിയാകും. ഈ ആനുകൂല്യം നിലനിര്‍ത്താന്‍ എന്ത് ക്രൂരതയും സീസിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കും. റാബിഅ അദവിയ്യയിലെ ഒരു ചെറുപ്പക്കാരന്റെ തലക്കു മാത്രമായി നാല്‍പതിലധികം തവണ വെടിയുതിര്‍ത്ത് തലച്ചോറ് ചിതറിക്കാന്‍ മാത്രം കാപാലികത സൈന്യം കാട്ടുന്നത് സമാന്തര സ്റ്റേറ്റ് എന്ത് വില കൊടുത്തും നിലനിര്‍ത്തുമെന്നതിന്റെ സൂചനയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. സൈന്യം ദിവസവും വരിഞ്ഞു മുറുക്കുന്ന ഈജിപ്തിനെ രക്ഷിക്കുക എന്ന ദുഷ്‌കരമായ ദൗത്യത്തിലാണ് മുര്‍സി അനുകൂലികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ മലയാള മനോരമ പോലും സ്വീകരിക്കാത്ത നിലപാടാണ് ഈജിപ്ത് വിഷയത്തില്‍ ദേശാഭിമാനിയും സിറാജും സ്വീകരിച്ചിട്ടുള്ളത്. സാമ്രാജ്യത്വ പത്രങ്ങളുടെ പദപ്രയോഗവും ഫോട്ടോയും കടമെടുത്ത് വിവര്‍ത്തനം ചെയ്യുകയാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ദേശാഭിമാനി 'ജനകീയ സൈനിക അട്ടിമറി'യെന്നാണ് ഉപയോഗിക്കുന്നത്. ഈ പ്രയോഗം തന്നെ ഏറ്റവും വലിയ അശ്ലീലമാണ്. മുര്‍സി അനുകൂല കലാപകാരികള്‍ സൈന്യത്തിനെതിരെ നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സൈന്യം സമാധാനപരമായി ഇടപെടുന്നതായിട്ടാണ് ഇടതുപക്ഷവും എ.പി വിഭാഗം സുന്നികളും നിരീക്ഷിക്കുന്നത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെതിരെ നിലപാടുള്ള ചില എഴുത്തുകാരെയും അവര്‍ എഴുന്നള്ളിക്കുന്നുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിനെ സൈദ്ധാന്തികമായി എതിര്‍ക്കുന്ന ധാരാളം അക്കാദമിക വിദഗ്ധര്‍ സൈനിക അട്ടിമറിയെ എതിര്‍ക്കുന്നവരും മുസ്‌ലിം ബ്രദര്‍ഹുഡ് പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരുമാണ്. ഇടതുപക്ഷം ക്യൂബയുടെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടുന്ന വെനീസ്വല സ്വീകരിച്ച നിലപാടൊന്നും നമ്മുടെ സഖാക്കള്‍ അറിഞ്ഞ മട്ടില്ല. സി.ഐ.എയുടെ പ്രചാരണങ്ങളിലൂടെ മലാല ലോകത്തെ മുഴുവന്‍ പോരാളികളുടെയും ചിഹ്നമായി ഉയര്‍ന്നുവന്നപ്പോള്‍ അതിനെ ഫ്‌ളക്‌സില്‍ സ്വീകരിച്ചവരാണ് കേരളത്തിലെ സഖാക്കള്‍. അസ്മാ ബല്‍ താഗിയും ഫാഷിസ്റ്റുകളാല്‍ കൊല ചെയ്യപ്പെട്ട ഇശ്രത്ത് ജഹാനുമൊന്നും വീര സഖാക്കളുടെ ഫ്‌ളക്‌സില്‍ സ്ഥാനം പിടിച്ചില്ല. ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധ വാദങ്ങള്‍ എത്രമാത്രം പൊള്ളയാണെന്ന് കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍