Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

ഇതാ ഇവിടെയൊരു നേതാവ്‌

സി. ദാവൂദ് / യാത്ര

ഗസ്സയിലെ ഞങ്ങളുടെ ഗൈഡ് ജലാലുമായി ചേര്‍ന്ന് യാത്രാ ഷെഡ്യൂള്‍ തയാറാക്കവെ നിര്‍ബന്ധമായും കാണേണ്ട ആളുകളുടെ കൂട്ടത്തില്‍ ഞങ്ങള്‍ ആദ്യം നിര്‍ദേശിച്ച പേര് ഇസ്മാഈല്‍ ഹനിയ്യയുടെതായിരുന്നു. കാണാന്‍ അവസരമൊരുക്കാം എന്ന് പറയുമ്പോഴും ജലാലിന് അക്കാര്യത്തില്‍ വലിയ ഉറപ്പുണ്ടായിരുന്നില്ല. പല കാരണങ്ങളുണ്ട്. വിദേശ പ്രതിനിധികളെ സ്വീകരിച്ച് കുഴഞ്ഞിരിക്കുകയാണ് അദ്ദേഹം. ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ഐക്യദാര്‍ഢ്യ സംഘങ്ങളുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ സമയത്തിന്റെ നല്ലൊരു പങ്ക് അപഹരിച്ചിരിക്കുന്നു. തന്റെ ദൈനംദിന ജോലികള്‍ക്ക് അത് ഭംഗം വരുത്തുന്നത് അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. അതിനാല്‍, ഇത്തരം കൂടിക്കാഴ്ചകള്‍ പരമാവധി കുറക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് കര്‍ശന നിര്‍ദേശമുണ്ട്. പോരാത്തതിന്, അദ്ദേഹം പനി ബാധിതനുമാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ പുറമെയും. അതിനാല്‍ ഹനിയ്യയെ കാണാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നും ജലാല്‍ തന്നില്ല. ഖസ്സാം ബ്രിഗേഡിന്റെ അതിര്‍ത്തി പോസ്റ്റുകളില്‍ വരെ ഞങ്ങളെ കൊണ്ടുപോയ, എന്തിനും സന്നദ്ധനായ ജലാലിന്റെ ഈ ഉറപ്പില്ലായ്ക ഞങ്ങളെ നിരാശപ്പെടുത്താതെയല്ല. പക്ഷേ, ഗസ്സയില്‍ വന്നിട്ട് ഹനിയ്യയെ കാണാതെ എങ്ങനെ തിരിച്ചു പോകും? അത് സങ്കടകരമായ കാര്യം തന്നെയാണ്. അതിനാല്‍ ഓരോ ദിവസവും അലോസരമുണ്ടാക്കും വിധം ഹനിയ്യയുടെ കാര്യം ജലാലിനെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. മുഷിപ്പൊന്നും കൂടാതെ അവന്‍ ഇന്‍ശാ അല്ലാ പറയും.
മക്കത്ത് പോയിട്ട് കഅബ കാണാതെ മടങ്ങുന്നതു പോലെയാണ് ഗസ്സയില്‍ പോയിട്ട് ഹനിയ്യയെ കാണാതിരിക്കുന്നത്. ഹനിയ്യ ആ ജനതയുടെ നേതാവാണ്. അക്ഷരാര്‍ഥത്തില്‍ നേതാവ്. ഓരോ ഇഞ്ചിലും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വന്നുവീഴുന്ന ആ നഗരത്തില്‍, ജനങ്ങള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടാണ് അദ്ദേഹം അവര്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹമാസ് നേതാക്കളുടെ ഓരോ ചലനവും ഒപ്പിയെടുക്കാനായി ഇസ്രയേലിന്റെ സൂപ്പര്‍ ടെക്‌നോളജി ക്യാമറകള്‍ ഗസ്സയുടെ ആകാശത്തിന് മുകളില്‍ 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുമ്പോഴും ഹനിയ്യ ജനങ്ങള്‍ക്കിടയിലുണ്ട്. ചോരപെയ്യുന്ന യുദ്ധത്തിന്റെ നാളുകളില്‍ അവര്‍ക്ക് അന്തസ്സാര്‍ന്ന നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്. എത്രയെത്ര കരാള നാളുകളിലാണ് പീഡിതരായ ആ ജനതയെ അദ്ദേഹം മുന്നോട്ട് നയിച്ചത്. അതിനാല്‍ അവര്‍ അദ്ദേഹത്തെ അളവറ്റ് സ്‌നേഹിക്കുന്നു. സ്‌നേഹപൂര്‍വം അബുല്‍ അബ്ദ് എന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും അദ്ദേഹത്തെക്കുറിച്ച പാട്ടുകളും അവര്‍ കൊണ്ടുനടക്കുന്നു. മറ്റൊരര്‍ഥത്തില്‍ ആ ജനത അദ്ദേഹത്തിന് ചുറ്റും പ്രദക്ഷിണം വെക്കുകയാണ്.
ഹനിയ്യയെ ചെറുതായൊന്ന് പരിചയപ്പെടാം. മുഴുവന്‍ പേര് ഇസ്മായില്‍ അബ്ദുസ്സലാം അഹ്മദ് ഹനിയ്യ. ജനനം 1963 ജനുവരി 29-ന്. ഇന്നത്തെ ഇസ്രയേലി തുറമുഖ നഗരമായ അഷ്‌കലോനില്‍ (മജ്ദല്‍) ആണ് ഹനിയ്യയുടെ കുടുംബവേര് (തെക്കന്‍ ഗസ്സയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന നഗരമാണ് അഷ്‌കലോന്‍. കഴിഞ്ഞ യുദ്ധത്തില്‍ രക്തസാക്ഷിയായ ഹമാസ് നേതാവ് അഹ്മദ് ജഅ്ബരിയുടെ വീട്ടുമുറ്റത്ത് നിന്നാണ് ഞങ്ങള്‍ ആ നഗരം കണ്ടത്!). 1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധസമയത്ത് ഹനിയ്യയുടെ മാതാപിതാക്കള്‍ അഭയാര്‍ഥികളായി നാടുവിട്ടു. ഗസ്സയിലെ അല്‍ ഷാത്തി അഭയാര്‍ഥി ക്യാമ്പിലാണ് അവര്‍ എത്തിയത്. ഹനിയ്യ ജനിച്ചതും വളര്‍ന്നതും ഈ ക്യാമ്പില്‍ തന്നെ. ഗസ്സയിലെ ഹമാസിന്റെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലത്ത് ഹമാസുമായി ബന്ധപ്പെട്ടു. അറബി സാഹിത്യത്തിലാണ് ബിരുദം. 1989ല്‍, ഒന്നാം ഇന്‍തിഫാദയെ തുടര്‍ന്ന് ശൈഖ് അഹ്മദ് യാസീന്‍ അടക്കമുള്ള ഹമാസ് നേതാക്കളോടൊപ്പം അദ്ദേഹം ഇസ്രയേലിന്റെ പിടിയിലായി. മൂന്ന് വര്‍ഷക്കാലം തടവറയില്‍ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും വേദനയേറിയ നാളുകളായിട്ടാണ് ആ കാലത്തെ ഹനിയ്യ ഓര്‍ത്തെടുക്കുന്നത്. ഇസ്രയേലി തടവറയിലെ പീഡനങ്ങളല്ല അദ്ദേഹത്തെ വേദനിപ്പിച്ചത്. താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന തന്റെ നേതാവ് അഹ്മദ് യാസീനെ കണ്‍മുമ്പില്‍ വെച്ച് ഇസ്രയേലി പട്ടാളക്കാര്‍ വേദനിപ്പിക്കുന്നതും ഭേദ്യം ചെയ്യുന്നതും കണ്ടുനില്‍ക്കേണ്ടി വന്നതാണ് അദ്ദേഹത്തിന്റെ വലിയ ദുഃഖം. ബഹുമാന്യനായ ശൈഖിനെ വേദനിപ്പിക്കുമ്പോള്‍ ഒന്നു തടയാന്‍ പോലും കഴിയാതെ കൈകള്‍ ബന്ധിതനായി നില്‍ക്കേണ്ടിവന്നതിന്റെ സങ്കടം.
1992-ല്‍ ജയില്‍മോചിതനായെങ്കിലും മഹ്മൂദ് സഹര്‍, അബ്ദുല്‍ അസീസ് റന്‍തീസി അടക്കമുള്ള 400 ഉന്നത ഹമാസ് പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം തെക്കന്‍ ലബനാനിലെ മര്‍ജയൂന്‍ മഞ്ഞുപാടങ്ങളിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് അവരെ അവിടെ നിന്ന് സ്വതന്ത്രരാക്കുകയായിരുന്നു. ഗസ്സയില്‍ തിരിച്ചെത്തിയ ഹനിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ മതപഠന വിഭാഗത്തിന്റെ ഡീന്‍ ആയി നിശ്ചയിക്കപ്പെട്ടു. 1997-ല്‍ ശൈഖ് അഹ്മദ് യാസീന്‍ ജയില്‍ മോചിതനായി ഗസ്സയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചു. ഇസ്രയേലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ട അദ്ദേഹം നിരവധി വധശ്രമങ്ങളെ അതിജീവിച്ചു. 2003-ല്‍ ഇസ്രയേലി എഫ്-16 വിമാനം അദ്ദേഹത്തെ ലക്ഷ്യം വെച്ച് മിസൈല്‍ അയച്ചെങ്കിലും കൈക്ക് ചെറുതായി പരിക്കേറ്റ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് 2004 മാര്‍ച്ച 22-ന് ശൈഖ് യാസീന്‍ രക്തസാക്ഷിയായി. ശൈഖിന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ഹമാസ് നേതൃത്വം ഏറ്റെടുത്ത ഡോ. അബ്ദുല്‍ അസീസ് റന്‍തീസി അതേ വര്‍ഷം ഏപ്രില്‍ 17-ന് രക്തസാക്ഷിയായി. തുടര്‍ന്ന്, കനപ്പെട്ട രണ്ട് നേതാക്കളെ രണ്ടാഴ്ചത്തെ ഇടവേളയില്‍ നഷ്ടപ്പെട്ട ഹമാസിന്റെ നേതൃത്വം ഏല്‍പിക്കപ്പെട്ടത് ഹനിയ്യയിലായിരുന്നു. അന്ന് മുതലിങ്ങോട്ട് ഗസ്സയിലെ ഹമാസിന്റെ പരമോന്നത നേതാവാണ് ഹനിയ്യ. 2006 ജനുവരി 25-ന് നടന്ന ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തെ നയിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഹമാസ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി. ഹനിയ്യ മാര്‍ച്ച് 29-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഹമാസിന് അധികാരം ലഭിച്ചതു മുതല്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ ഇസ്രയേലും ഈജിപ്തും അമേരിക്കയും മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പി.എല്‍.ഒയും വന്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഭരണത്തെ അട്ടിമറിക്കാനും ഞെരുക്കിക്കൊല്ലാനുമുള്ള പലവിധ ശ്രമങ്ങള്‍ അവര്‍ നടത്തി. ഒടുവില്‍ ഹനിയ്യയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് അബ്ബാസ് പുറത്താക്കുന്നതും ഹനിയ്യ ഉത്തരവ് ധിക്കരിക്കുന്നതും ഗസ്സയുടെ നിയന്ത്രണം ശക്തിയുപയോഗിച്ച് പിടിച്ചെടുത്തതുമെല്ലാം സമീപകാല ചരിത്രം. അങ്ങനെ 2007 ജൂണ്‍ മുതല്‍ ഹനിയ്യയുടെ നേതൃത്വത്തില്‍, ഹമാസിന്റെ നിയന്ത്രണത്തിലാണ് ഗസ്സ.
അധികാരമേറ്റതു മുതല്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉപരോധത്തിന് ആ നാട് വിധേയമായി. ഈ കൊടും ഉപരോധത്തിനിടയിലാണ് ആയിരങ്ങള്‍ കൊല്ലപ്പെട്ട ഒന്നാം ഗസ്സ യുദ്ധവും (2008 ഡിസംബര്‍ 27- 2009 ജനുവരി 18) രണ്ടാം ഗസ്സ യുദ്ധവും (2012 നവംബര്‍ 14-21) സംഭവിക്കുന്നത്. നമ്മുടെ സങ്കല്‍പങ്ങള്‍ക്കതീതമായ പ്രതിസന്ധിയുടെ ഈ നടുക്കടലാഴങ്ങളില്‍ ഗസ്സക്കാര്‍ക്ക് നേതൃത്വം നല്‍കിയ ധീരതയുടെയും ദൃഢനിശ്ചയത്തിന്റെയും കരിവീട്ടിക്കാതലാണ് ഇസ്മാഈല്‍ ഹനിയ്യ. പട്ടിണിയും മരണവും രക്തസാക്ഷിത്വങ്ങളും ഉപരോധങ്ങളുമെല്ലാം നിറഞ്ഞ ആ നാളുകളില്‍ അദ്ദേഹം ആ ജനതയെ എങ്ങനെ നയിച്ചുവെന്നത് ചരിത്രത്തിലെ മഹാവിസ്മയം തന്നെ.
ദുരിതം പേറുന്ന ഒരു ജനതയെ ദുരന്ത നാളുകളിലൂടെ കൈപിടിച്ചു നടത്തുന്ന നേതാവാണെങ്കിലും അതിന്റെ മുഷിപ്പൊന്നും ഹനിയ്യയില്‍ തരിമ്പും കാണാന്‍ കഴിയില്ല. എപ്പോഴും പുഞ്ചിരിക്കുന്ന സുന്ദര മുഖമാണത്. കുലീനമായി വസ്ത്രം ധരിച്ച, വെട്ടിയൊതുക്കിയ താടിയും ചീകിയൊപ്പിച്ച മുടിയും തുടുത്ത കവിളുകളുമായുള്ള ഹനിയ്യ ചിത്രങ്ങള്‍ ആരെയാണ് പ്രസാദിപ്പിക്കാതിരിക്കുക? ഗൂഗ്ള്‍ ഇമേജില്‍ ഇസ്മാഈല്‍ ഹനിയ്യ എന്ന് ടൈപ്പ് ചെയ്തു നോക്കൂ. പ്രസാദാത്മകമായ ആ സുന്ദര മുഖത്തിന്റെ നൂറുകണക്കിന് ഭാവങ്ങള്‍ സ്‌ക്രീനില്‍ വന്നുനിറയും. അതിലൊരു ചിത്രം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഗസ്സയിലെ ഏതോ തെരുവില്‍, രാത്രി നേരത്ത്, തണുപ്പകറ്റാനുള്ള വസ്ത്രം ധരിച്ച്, റോഡ് ഡിവൈഡറില്‍ കുത്തിയിരിക്കുന്ന ഹനിയ്യയുടെ ചിത്രമാണത്. ഒന്നാം ഗസ്സ യുദ്ധകാലത്ത് ബോംബുകള്‍ പേമാരി പെയ്യുന്ന സമയത്ത്, സഹപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. അദ്ദേഹമങ്ങനെയാണ്. ഗസ്സക്കാരുടെ ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ആ മനുഷ്യന്‍ അവരോടൊപ്പമുണ്ട്. നയതന്ത്ര ചര്‍ച്ചാവേദികളിലും കാബിനറ്റ് മീറ്റിംഗിലും മാത്രമല്ല, യുദ്ധ മുന്നണിയിലും ആശുപത്രിയില്‍ മുറിവേറ്റ് വീണവര്‍ക്ക് രക്തം നല്‍കുന്നിടത്തുമെല്ലാം നിങ്ങള്‍ക്ക് ഹനിയ്യയെ കാണാം.
യൂട്യൂബില്‍ ഹനിയ്യയെ പരതി നോക്കൂ. ഗസ്സക്കാരോടൊപ്പം മധുരതരമായി പാട്ടുപാടുന്ന ഹനിയ്യയുണ്ട് അവിടെ. ഹനിയ്യയെക്കുറിച്ച് ഗസ്സക്കാര്‍ ആലപിക്കാറുള്ള ഒട്ടേറെ പാട്ടുകളുടെ വീഡിയോ ആല്‍ബവും യൂട്യൂബില്‍ ലഭ്യമാണ്. നാട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന ഹനിയ്യയെയും അവിടെ കാണാം. ഫുട്‌ബോള്‍ ഹനിയ്യയുടെ ലഹരിയാണ്. 2012 ഒക്‌ടോബറില്‍ ഖത്തര്‍ അമീര്‍ ഗസ്സ സന്ദര്‍ശിച്ചപ്പോള്‍ ഹനിയ്യ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച ആവശ്യങ്ങളിലൊന്ന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ഗസ്സയില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്നായിരുന്നു (ഖത്തര്‍ ഫൗണ്ടേഷന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണല്ലോ മെസ്സി).
സംഗീതം നിറഞ്ഞ ശബ്ദമാണ് ഹനിയ്യയുടെത്. അതിനാല്‍ തന്നെ, വിശുദ്ധ റമദാനില്‍ തറാവീഹ് നമസ്‌കാരത്തിന് ഇമാമായി ഹനിയ്യയുണ്ടാവും. ഹനിയ്യ തറാവീഹ് നമസ്‌കാരത്തിനും വിത്‌റിലെ ഖുനൂതിനും നേതൃത്വം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. എന്ത് മധുര മനോഹരമായ ഖുര്‍ആന്‍ പാരായണം! 2008ല്‍, മറ്റെല്ലാ തിരക്കുകള്‍ക്കിടയിലും ഗസ്സയിലെ അറിയപ്പെട്ട ഒരു ഖാരിഇന്റെ (ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍) കീഴില്‍ ഹനിയ്യ പാരായണ ശാസ്ത്രം അഭ്യസിക്കുകയുണ്ടായി. അദ്ദേഹത്തില്‍ നിന്ന് ഇജാസ (അനുമതി പത്രം) വാങ്ങിയ ശേഷമാണ് ഹനിയ്യ തറാവീഹിന് ഇമാമത്ത് നില്‍ക്കാന്‍ തുടങ്ങിയത്. ഒരു തറാവീഹ് നമസ്‌കാരത്തില്‍, 'ഖാല മൂസാ ലി ഖൗമിഹിസ്തഈനൂ ബില്ലാഹി വസ്വ്ബിറൂ ഇന്നല്‍ അര്‍ദ ലില്ലാഹി യൂരിഥുഹാ മന്‍ യശാഉ മിന്‍ ഇബാദിഹി' എന്ന അല്‍ അഅ്‌റാഫിലെ 28-ാമത്തെ ആയത്ത് പാരായണം ചെയ്തു കൊണ്ട് വിങ്ങിപ്പൊട്ടുന്ന ഹനിയ്യയുടെ ദൃശ്യങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ഹനിയ്യ ഏത് പള്ളിയിലാണ് ഖുത്വുബ പറയാറ് എന്ന് ഞാന്‍ ജലാലിനോട് ചോദിച്ചു. ഏത് പള്ളിയിലുമാകാം എന്നായിരുന്നു മറുപടി. ഹനിയ്യ ഏതെങ്കിലും ഒരു പള്ളിയില്‍ സ്ഥിരമായി ഖുത്വുബ പറയാറില്ല. അടുത്തയാഴ്ച ഏത് പള്ളിയിലായിരിക്കും അദ്ദേഹത്തിന്റെ ഖുത്വ്ബ എന്ന് നേരത്തെ അറിയിക്കാറുമില്ല. പല കാരണങ്ങളുണ്ട്. ഒന്ന് സുരക്ഷാ കാരണം തന്നെ. ഇനി, ഏതെങ്കിലും ഒരു പള്ളിയില്‍ സ്ഥിരമായി ഖുത്വ്ബ പറഞ്ഞാല്‍, അബുല്‍ അബ്ദ് ഞങ്ങളുടെ പള്ളിയില്‍ വരുന്നില്ലെന്ന് മറ്റുള്ളവര്‍ പരാതി പറയും. അടുത്തയാഴ്ച ഖുത്വ്ബ നടക്കുന്ന പള്ളി നേരത്തെ അറിയിച്ചാല്‍ അവിടെ ജനങ്ങളെക്കൊണ്ട് നിറയുകയും ചെയ്യും. അതിനാല്‍ ഹനിയ്യയുടെ ഖുത്വ്ബ പ്രതീക്ഷിച്ച് ഏതെങ്കിലും പള്ളിയില്‍ നമുക്ക് പോകാന്‍ കഴിയില്ല. ഏത് പള്ളി മിമ്പറിലും അദ്ദേഹമെത്താം.
2013 ജനുവരി 14ന് ഹനിയ്യയെ കാണാന്‍ കഴിയുമെന്ന അറിയിപ്പ് ഞങ്ങള്‍ക്ക് ലഭിക്കുന്നത് തലേന്ന് രാത്രിയാണ്. ഞാന്‍ അന്ന് അല്‍പം നേരത്തെ എഴുന്നേറ്റ്, പ്രാഥമിക കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഒറ്റക്ക് പള്ളിയിലേക്ക് നടന്നു പോയി. തിരിച്ചു വന്നപ്പോഴാണ് മുറിയിലുണ്ടായിരുന്ന പി.ഐ നൗഷാദ് എന്നെ ചേര്‍ത്ത് പിടിച്ച്, ജീവിതത്തിലെ ഏറ്റവും ആഘാതമേറിയ ആ വാര്‍ത്ത പറയുന്നത്. കുഞ്ഞുനാളില്‍, വഴുവഴുപ്പന്‍ കല്ലുകള്‍ നിറഞ്ഞ പുഴകടന്ന്, മദ്‌റസയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്ന പ്രിയ ജ്യേഷ്ഠത്തി മരണത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടുപോയ പോയ വിവരം, ഞങ്ങളുടെ ഗസ്സയിലെ താല്‍ക്കാലിക നമ്പറിലേക്ക് എത്തിയിരിക്കുന്നു. ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്നതാണ് വാര്‍ത്ത. ഭാഗ്യവതി എന്നര്‍ഥം വരുന്ന പേരിനുടമയാണെങ്കിലും വിധിവശാല്‍ ഒട്ടേറെ ദൗര്‍ഭാഗ്യങ്ങളിലൂടെ ജീവിച്ചുപോവേണ്ടി വന്ന പെങ്ങളുടെ മുഖം അവസാന നോക്ക് കാണാനാകില്ല എന്നറിയുമ്പോള്‍ കുഴഞ്ഞുപോവുക തന്നെ. എന്തു ചെയ്യും. ഹോട്ടല്‍ മുറിയിലെ കിടക്കയിലേക്ക് വീണ് പൊട്ടിക്കരയുക മാത്രം. തലയണ ചേര്‍ത്ത് പിടിച്ച് കുറേയങ്ങ് കരഞ്ഞു. പക്ഷേ, അധികം കരയുന്നതിന് എന്തര്‍ഥം? അതും ഗസ്സയില്‍; മരണത്തിന്റെ ഈ മഹാനഗരത്തില്‍. ഉറ്റവരുടെ മരണത്തിന്റെ പേരില്‍ ആളുകള്‍ കരയാന്‍ നില്‍ക്കുകയാണെങ്കില്‍ ഈ നഗരം എന്നേ കണ്ണീര്‍ പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ടാകുമായിരുന്നു.
ജനങ്ങളുടെ കണ്ണീര്‍ തുടക്കുന്ന നേതാവിന്റെ അടുത്തേക്ക് പോവുകയാണ്. അതിനാല്‍ ഒരുങ്ങുക. കറുത്ത നിറത്തിലുള്ള, സണ്‍ഗ്ലാസിട്ട കാര്‍ ഹോട്ടലിന് പുറത്ത് വന്നുനിര്‍ത്തി. ജലാലിനൊപ്പം ഞങ്ങള്‍ അതില്‍ കയറി. ഏതെല്ലാമോ വഴികളിലൂടെ വേഗത്തില്‍ കാര്‍ പാഞ്ഞു. പഴയ കെട്ടിടങ്ങള്‍ നിറഞ്ഞ ഇടുങ്ങിയ ഒരു ഗല്ലിയിലേക്ക് അത് പ്രവേശിച്ചു. അല്‍പം മുന്നോട്ട് പോകവെ, ഇരുവശങ്ങളിലെയും കെട്ടിടങ്ങളെ ബന്ധിപ്പിച്ച് കൂറ്റന്‍ കര്‍ട്ടന്‍. കലാഷ്‌നികോവ് തോക്കേന്തിയ ഹമാസ് ഭടന്മാര്‍ ഞങ്ങളുടെ കാറിന് വേണ്ടി ആ കര്‍ട്ടന്‍ പാതി നീക്കിത്തന്നു. കാര്‍ അകത്തേക്ക് പ്രവേശിച്ചു. ഇടതുവശത്തുള്ള കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ നിര്‍ദേശം വന്നു. ഇടിഞ്ഞുവീഴാറായതെന്ന് തോന്നിക്കുന്ന പഴകിയ കെട്ടിടം. പക്ഷേ, അകത്തെത്തിയപ്പോള്‍ പുറത്തെ അവസ്ഥയല്ല. ഗംഭീരമായ സ്വീകരണ ഹാള്‍. നീളത്തില്‍ സോഫകള്‍ നിരത്തി വെച്ചിരിക്കുന്നു. ഹാളിലെ ചുമര്‍ മുഴുവന്‍ ചിത്രങ്ങളും പൂവുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹമാസ് നേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രങ്ങള്‍. മറ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് രക്തസാക്ഷികളായവരുടെയും ചിത്രങ്ങളുണ്ട്. ശൈഖ് അഹ്മദ് യാസീന്റെ ചിത്രത്തിനടുത്ത് തന്നെ യാസര്‍ അറഫാത്തിന്റെയും ചിത്രം തൂക്കിയിട്ടിരിക്കുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഗാംഭീര്യം തുടിക്കുന്ന ഹാള്‍. ഞങ്ങളെക്കൂടാതെ തുര്‍ക്കിയില്‍ നിന്നുള്ള പ്രതിനിധികളുമുണ്ട് അവിടെ. കൂടാതെ ഹമാസ് ഉദ്യോഗസ്ഥരും. സോഫാ നിരകളുടെ ഒരറ്റത്ത് മസ്ജിദുല്‍ അഖ്‌സയുടെ ഭീമാകാരന്‍ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്മാഈല്‍ ഹനിയ്യയുടെ കസേര.
ഞങ്ങള്‍ അവിടെ ഇരുന്ന് അല്‍പ സമയത്തിനകം അദ്ദേഹം പ്രത്യക്ഷപ്പെട്ടു. സദസ്യരെ സലാം പറഞ്ഞ് അഭിവാദ്യം ചെയ്തു. പനിയുടെ ക്ഷീണം ശരീരത്തില്‍ ദൃശ്യമാണെങ്കിലും ഓജസ്സാര്‍ന്ന നടപ്പിനും എടുപ്പിനും ഒരു കുറവുമില്ല. സത്യം, ഒറ്റനോട്ടത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു പോവും. ഒന്നു കെട്ടിപ്പിടിക്കാന്‍ തോന്നിപ്പോവും. സദസ്യരെ ഓരോരുത്തരെയായി അദ്ദേഹം പരിചയപ്പെട്ടു. അവരില്‍ നിന്ന് കേള്‍ക്കാനുള്ളത് കേട്ടു. തുര്‍ക്കിക്കാരുടെ തുര്‍ക്കി ഭാഷയില്‍ നിന്നുള്ള സംസാരം അദ്ദേഹത്തിന്റെ സഹായികള്‍ പരിഭാഷപ്പെടുത്തിക്കൊടുത്തു. ശേഷം പതിഞ്ഞ, ദൃഢമായ സ്വരത്തില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങി. ഗസ്സക്കാരുടെ പ്രയാസത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതേയില്ല. പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ഉശിരന്‍ വാക്കുകള്‍ മാത്രം. ഫലസ്ത്വീന്‍ വിമോചനത്തിനായുള്ള തങ്ങളുടെ തീവ്രമായ ശ്രമങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി. സായുധ പ്രതിരോധമല്ലാതെ (അല്‍ മുഖാവമ അല്‍ മുസ്വല്ലഹഃ) മറ്റൊരു വഴിയും ഞങ്ങള്‍ക്ക് മുമ്പിലില്ല. ആ വഴിയിലൂടെ ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ വരെ (മിനന്നഹ്‌രി ഇലല്‍ ബഹ്ര്‍) ഞങ്ങള്‍ മോചിപ്പിക്കുക തന്നെ ചെയ്യും എന്ന സന്ദേശമാണ് അദ്ദേഹത്തിന് നല്‍കാനുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗസ്സക്കും ഫലസ്ത്വീനും വേണ്ടി നടക്കുന്ന ശ്രമങ്ങളില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം ഗസ്സയില്‍ എത്തിയതില്‍ അദ്ദേഹം പ്രത്യേകമായ സന്തോഷം പ്രകടിപ്പിച്ചു. അല്‍പനേരത്തെ സംസാരത്തിന് ശേഷം അതിഥികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും കെട്ടിപ്പിടിച്ചും സ്‌നേഹം പങ്കുവെച്ചും അല്‍പ സമയം കൂടി അവിടെ ചെലവഴിച്ചു. അതിഥികള്‍ക്കെല്ലാം അദ്ദേഹത്തിന്റെ വക ഉപഹാരവും നല്‍കാന്‍ മറന്നില്ല. ഞാന്‍ എന്റെ പ്രിയ പെങ്ങളുടെ കാര്യം അദ്ദേഹത്തോട് പറഞ്ഞു. ചുമലിനോട് ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം ആശ്വസിപ്പിച്ചു; അവള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. നാട്ടില്‍ മയ്യിത്ത് നമസ്‌കാരം നടക്കുന്നതിന് മുമ്പ്, മര്‍ദിതരുടെ നേതാവ് അവള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചിരിക്കുന്നു. ഇതില്‍ പരം എനിക്ക് മറ്റെന്ത് ലഭിക്കാന്‍? അവള്‍ക്ക് മറ്റെന്ത് നല്‍കാന്‍?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍