എന്താണ് മതം?
മതവിശ്വാസത്തിന്റെ ഭാഗമായിട്ടല്ലാതെ, തീര്‍ത്തും ചരിത്രപരമായി നോക്കിയാല്‍ തന്നെ അദ്വിതീയമായ ഒരു വ്യക്തിത്വമായിരുന്നു പ്രവാചകനായ മുഹമ്മദ് നബി(സ) എന്ന് ഏതൊരാള്‍ക്കും കണ്ടെത്താന്‍ കഴിയും. ആ വ്യക്തിത്വത്തെ പൂര്‍ണമായി വിലയിരുത്തണമെന്നുണ്ടെങ്കില്‍, ആ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങള്‍ ഒരു ചരിത്രകാരന്‍/ജീവചരിത്രകാരന്‍ പഠിക്കേണ്ടതായിവരും. മുന്‍കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരുടെയും ഗുണങ്ങള്‍ സ്വാംശീകരിച്ചിരുന്നു അദ്ദേഹം എന്നതിനാല്‍ ഈ പഠനം വളരെ അനിവാര്യമായിത്തീരുന്നു.
പരിമിതമായ അര്‍ഥത്തില്‍ മനസ്സിലാക്കുകയാണെങ്കില്‍ ഒരു പ്രവാചകന്‍ വരുന്നത് മതം പഠിപ്പിക്കാനാണ്. വിശാലമായ അര്‍ഥത്തില്‍, ആ പ്രവാചകന്റെ ജീവിത കാലത്തുണ്ടായ സര്‍വ നേട്ടങ്ങളും പ്രവാചകത്വ ദൗത്യത്തിന്റെതന്നെ ഭാഗമാണ്. വിഷയം വളരെ വിപുലമാണെന്നര്‍ഥം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താന്‍ കൊണ്ടുവന്ന മതം എന്ത് എന്ന് പഠിപ്പിക്കല്‍ തന്നെയാണ്. ഈ ദൗത്യം ഏല്‍പ്പിക്കപ്പെട്ടത് മുതല്‍ തന്റെ അന്ത്യശ്വാസംവരെ പ്രവാചകന്‍ പൂര്‍ണമനസ്സോടെ ചെയ്തുകൊണ്ടിരുന്നതും ഇക്കാര്യമാണ്. ഭാഗ്യവശാല്‍, മതം എന്ത് എന്ന് വളരെ ചുരുങ്ങിയ വാക്കുകളില്‍ തെളിച്ച് കാട്ടുന്ന ഒരു പ്രവാചക വചനം നമുക്ക് ലഭിച്ചിട്ടുണ്ട്. ബുഖാരി, മുസ്‌ലിം തുടങ്ങിയ ആറ് ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലും വന്നിട്ടുള്ളതാണ് ഈ നബിവചനം. ഇനി പറയാന്‍ പോകുന്ന സംഭവം നടന്നത് പ്രവാചക ജീവിതത്തിന്റെ അന്ത്യവര്‍ഷത്തിലായിരുന്നുവെന്നും ഒരു റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്.
ഹദീസില്‍ വിവരിക്കുന്ന സംഭവം ഇതാണ്. ഒരിക്കല്‍ (മദീനയിലെ) പ്രവാചകന്റെ പള്ളിയില്‍ ഒരു അപരിചിതന്‍ കടന്നുവന്നു. ആര്‍ക്കും അദ്ദേഹം ആരാണെന്ന് മനസ്സിലായില്ല. തൂവെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. നല്ല കറുകറുപ്പുള്ള മുടി. അദ്ദേഹം നേരെ വന്ന് പ്രവാചകന്റെ മുമ്പില്‍ ഇരുന്നു. എന്നിട്ട് ചോദിച്ചു: 'അല്ലയോ മുഹമ്മദ്, എന്താണ് വിശ്വാസം?' വിശ്വാസം എന്താണെന്ന് പ്രവാചകന്‍ വിശദീകരിച്ചുകൊടുത്തു. അപരിചിതന്‍ ആ മറുപടിയില്‍ സംതൃപ്തനായി. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത നിവേദകന്മാര്‍ പറയുന്നത്, അവിടെ കൂടിയിരുന്ന അനുയായികളെല്ലാം അമ്പരന്നുപോയി എന്നാണ്. ഏതോ ഒരാള്‍ വന്ന് പ്രവാചകനെ ചോദ്യം ചെയ്യുക, എന്നിട്ട് ഉത്തരം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുക ഇതെങ്ങനെ ശരിയാവും എന്നാണവര്‍ ആലോചിച്ചത്. അപരിചിതന്‍ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടന്നു: 'എന്താണ് ഇസ്‌ലാം?' പ്രവാചകന്‍ ഇസ്‌ലാം എന്താണെന്ന് വിശദീകരിച്ചു. 'താങ്കള്‍ പറഞ്ഞത് ശരിയാണ്,' അപരിചിതന്‍ വീണ്ടും സാക്ഷ്യപ്പെടുത്തി. അടുത്ത ചോദ്യം: 'എന്താണ് ഇഹ്‌സാന്‍?' പ്രവാചകന്‍ അതും വിശദീകരിക്കുകയും അപരിചിതന്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവസാനത്തെ ചോദ്യം: 'എപ്പോഴാണ് അന്ത്യനാള്‍?' 'ഇക്കാര്യത്തില്‍ താങ്കളേക്കാള്‍ കൂടുതലായി എനിക്കൊന്നുമറിയില്ല' എന്നായിരുന്നു പ്രവാചകന്റെ മറുപടി. അല്ലാഹുവിന് മാത്രമേ അറിയൂ എന്നര്‍ഥം. പിന്നെ അപരിചിതന്‍ എഴുന്നേല്‍ക്കുകയും പുറത്തേക്ക് പോവുകയും ചെയ്തു. ഉടന്‍തന്നെ പ്രവാചകന്‍ അപരിചിതന്‍ എവിടെയെത്തി എന്ന് തിരക്കാന്‍ തന്റെ ഒരു അനുചരനെ പറഞ്ഞയച്ചു. അനുചരന്‍ അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തി റിപ്പോര്‍ട്ട് നല്‍കി: 'അദ്ദേഹം അപ്രത്യക്ഷനായിരിക്കുന്നു.'
ഈ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ രണ്ട് രീതിയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, സംഭവം നടന്ന ഉടനെതന്നെ പ്രവാചകന്‍ തന്റെ അനുയായികള്‍ക്ക് ആ വസ്തുത വെളിപ്പെടുത്തിക്കൊടുത്തു: 'ആ അപരിചിതന്‍ മലക്ക് ജിബ്‌രീല്‍ ആണ്. നിങ്ങള്‍ക്ക് നിങ്ങളുടെ മതം പഠിപ്പിക്കാനായി നിയോഗിക്കപ്പെട്ടതാണ്.' രണ്ട്, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം പ്രവാചകന്‍ അനുയായികളോട് പറഞ്ഞത്. 'മുമ്പൊരിക്കലും ജിബ്‌രീലിനെ തിരിച്ചറിയാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല' എന്നും ആ റിപ്പോര്‍ട്ടിലുണ്ട്. ജിബ്‌രീല്‍ വന്നത് പ്രവാചകനെ പരീക്ഷിക്കാനാണെന്നും അതിനാല്‍ ജിബ്‌രീലിനെ തിരിച്ചറിയേണ്ടത് അനിവാര്യതയല്ലെന്നുമാണ് അതിലെ സൂചന. അതെന്തെങ്കിലുമാവട്ടെ, മൂന്ന് വിഷയങ്ങളാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്: വിശ്വാസം (ഈമാന്‍), ഇസ്‌ലാം, ഇഹ്‌സാന്‍. വിശ്വാസം, ആരാധന, തസ്വവ്വുഫ് എന്ന് ഇതിനെ മറ്റൊരു ഭാഷയില്‍ പരാവര്‍ത്തനം ചെയ്യാം.
മേല്‍പ്പറഞ്ഞ മൂന്ന് വിഷയങ്ങളും എല്ലാവര്‍ക്കും നേരത്തെ നല്ലപോലെ അറിയുന്നതാണ്. അവ ആവര്‍ത്തിക്കുന്നത് മടുപ്പുളവാക്കും. അതിനാല്‍ മറ്റു മതങ്ങളുമായി താരതമ്യം ചെയ്ത് ഈ മൂന്ന് വിഷയങ്ങളെയും സമീപിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ സവിശേഷതകള്‍ കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞുകിട്ടാന്‍ അത് ഉപകരിക്കും. വിഷയത്തില്‍ താല്‍പ്പര്യമുണര്‍ത്താനും അത് സഹായകമായേക്കും.
തൗഹീദ്
വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേതാണ് തൗഹീദ്, ദൈവത്തിന്റെ ഏകത്വം. വളരെ ലളിതവും യുക്തിപൂര്‍ണവും വളച്ചുകെട്ടില്ലാത്തതുമാണ് ഈ ദര്‍ശനം. ഉദാഹരണത്തിന് നമുക്ക് ത്രിയേകത്വത്തിന്റെ കാര്യമെടുക്കാം. ക്രൈസ്തവര്‍ പൊതുവെ ത്രിയേകത്വത്തില്‍ വിശ്വസിക്കുന്നവരാണ്. നിങ്ങള്‍ മൂന്ന് ദൈവങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ഒരു ക്രൈസ്തവ വിശ്വാസിയോട് ചോദിച്ചാല്‍ ആ ചോദ്യം അദ്ദേഹത്തിന് ഒട്ടും ഇഷ്ടമുണ്ടാവുകയില്ല. പ്രതിഷേധിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്യും: 'മൂന്ന് വ്യക്തികളില്‍-പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്-കുടികൊള്ളുന്ന ഏകദൈവത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. മൂന്നും ഒരേ സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.' ത്രിയേകത്വം യഥാര്‍ഥത്തില്‍ ഏകത്വത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന വാദം ഒരാള്‍ക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍ അതിന് കാരണം ആ വാദത്തിലടങ്ങിയിരിക്കുന്ന വൈരുധ്യങ്ങളാണ്. എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഇസ്‌ലാമിലെ വിശ്വാസ സങ്കല്‍പ്പങ്ങളെക്കുറിച്ച് ക്ലാസെടുക്കുന്നതിനുവേണ്ടി എന്നെ ഒരു ക്രൈസ്തവ സംഘം ക്ഷണിച്ചു. പരിപാടിയില്‍ എന്നെ പരിചയപ്പെടുത്തുന്നതിനിടയില്‍ അവിടത്തെ ഒരു പ്രൊട്ടസ്റ്റന്റ് യൂനിവേഴ്‌സിറ്റിയിലെ റെക്ടര്‍, ക്രൈസ്തവ മതം മൂന്ന് ദൈവങ്ങളിലല്ല, ഏകദൈവത്തിലാണ് വിശ്വസിക്കുന്നത് എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുകയുണ്ടായി. ഞാന്‍ പ്രഭാഷണം തുടങ്ങിയപ്പോള്‍ മേല്‍ പ്രസ്താവത്തിന് ഒരു മറുപടി അനിവാര്യമാണെന്ന് തോന്നി. ഞാന്‍ പറഞ്ഞു: ക്രിസ്തുമത വിശ്വാസി ഏകദൈവത്തില്‍ തന്നെയാണ് വിശ്വസിക്കുന്നതെങ്കില്‍ അത് വളരെ നല്ലത്. പക്ഷേ ആ വിശ്വാസി പുലര്‍ത്തുന്ന മതതത്ത്വ സംഹിത(Creed)യില്‍ ഈ ആശയം വരുന്ന വാക്കുകളുണ്ടല്ലോ: 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, ദൈവത്തിന്റെ ഏകപുത്രനായ, അക്കാലത്തെ ഒരു രാജാവ് കുരിശില്‍ തറച്ച യേശുവിലും വിശ്വസിക്കുന്നു. അവന്‍ പിന്നെ നരകത്തില്‍ പോയി അവിടെ മൂന്ന് ദിനം കഴിഞ്ഞു. പിന്നെ അവന്‍ സ്വര്‍ഗത്തിലെത്തി ദൈവത്തിന്റെ വലത് കൈയില്‍ ഇരുന്നു. അവന്‍ ഭൂമിയില്‍ വീണ്ടും പ്രത്യക്ഷനാകും, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കണക്കെടുക്കാന്‍ വേണ്ടി.' ഇവിടെ യേശു ദൈവത്തിന്റെ വലത് കൈയില്‍ ഇരുന്നു എന്നത് ശരിയാണെങ്കില്‍, എങ്ങനെയാണ് ഒരാള്‍ക്ക് അവന്റെ തന്നെ കൈയില്‍ ഇരിക്കാന്‍ കഴിയുക? അപ്പോള്‍ ദൈവവും യേശുവും വ്യത്യസ്ത അസ്തിത്വങ്ങളാണെന്ന് സമ്മതിക്കേണ്ടിവരും. യേശു ദൈവത്തിന്റെ വളരെ ആദരണീയനായ അതിഥിയായത്‌കൊണ്ടാകാം ദൈവത്തിന്റെ വലത് കൈയില്‍ ഇരുന്നത്. പക്ഷേ, അപ്പോഴും ദൈവവും യേശുവും രണ്ടും രണ്ട് തന്നെ.' ഇങ്ങനെ നോക്കിയാല്‍ ക്രൈസ്തവതയുടെ ദൈവേകത്വ സങ്കല്‍പ്പത്തില്‍ വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. അത് ആശയക്കുഴപ്പമുണ്ടാക്കും. ജനങ്ങള്‍ക്കത് ബോധ്യപ്പെടാനും പ്രയാസമായിരിക്കും.
മുസ്‌ലിംകളുടെ ദൈവേകത്വ സങ്കല്‍പ്പം വളരെ ലളിതവും യുക്തിഭദ്രവും ആണെന്ന് മാത്രമല്ല, മറ്റൊരു മതത്തിലും അതിന് സമാനതകള്‍ കണ്ടെത്താനുമാവില്ല. സൊറാസ്ട്രറും ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വസിച്ചിരുന്നു; പക്ഷേ അപ്പോഴും ദ്വന്ദ്വ(Duality)ത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം പറഞ്ഞു: തിന്മയെ ഒരിക്കലും ദൈവത്തിലേക്ക് ചേര്‍ക്കാനാവുകയില്ല. ദൈവം ഒരിക്കലും തിന്മ ചെയ്യുന്നില്ലല്ലോ. ഒരു തിന്മയെയും ദൈവം സൃഷ്ടിക്കുന്നുമില്ല. അതിനാല്‍ നന്മക്ക് ഒരു ദൈവം, തിന്മക്ക് മറ്റൊരു ദൈവം. ദൈവത്തെ തിന്മയുമായി ബന്ധിപ്പിക്കാതിരിക്കുക എന്ന സദുദ്ദേശ്യത്തില്‍ നിന്നാണ് ഈയൊരു സങ്കല്‍പ്പം രൂപപ്പെട്ടത്. പക്ഷേ നമ്മുടെ നിത്യജീവിത്തില്‍ മിക്കപ്പോഴും തിന്മ നന്മയെ അതിജയിച്ച് നില്‍ക്കുന്നതായാണ് കാണുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, തിന്മയുടെ ദൈവം നന്മയുടെ ദൈവത്തിനുമേല്‍ ജയം നേടിക്കൊണ്ടേയിരിക്കുന്നു. ചോദ്യം ഇതാണ്: ദുര്‍ബലനും തോല്‍പ്പിക്കപ്പെട്ടവനുമായ ഒരു ദൈവത്തെയാണോ നാം സ്വീകരിക്കേണ്ടത്?
ഈ അഴിയാകുരുക്കുകളും വൈരുധ്യങ്ങളും മുസ്‌ലിംകളുടെ ഏകദൈവത്വ വിഭാവനയില്‍ കടന്നുവരുന്നില്ല. 'ദൈവമില്ല, അല്ലാഹുവല്ലാതെ' എന്നതാണ് അവരുടെ ഏകദൈവത്വ സിദ്ധാന്തം. ഈ ആദര്‍ശ വാക്യത്തിന്റെ ആദ്യഭാഗം സകല ദൈവങ്ങളെയും നിഷേധിക്കുകയാണ്, രണ്ടാം ഭാഗത്ത് ദൈവം എന്ന അസ്തിത്വത്തെ അല്ലാഹുവിലേക്ക് മാത്രമായി ചുരുക്കുകയും ചെയ്യുന്നു. ഈ വ്യക്തതയാണ് മറ്റു മതങ്ങളില്‍ കാണാന്‍ കഴിയാത്തത്. ഒരു ദൈവമേയുള്ളൂ എന്ന് ജൂതമതവിശ്വാസികള്‍ പറയുന്നുണ്ട്. പക്ഷേ, യഥാര്‍ഥ ദൈവമല്ലാതെ മറ്റൊന്നും ആരാധിക്കപ്പെട്ടുകൂടാ എന്ന കാര്യം അവര്‍ വേണ്ടത്ര ഊന്നിപ്പറയാറില്ല.
ഇസ്‌ലാമിലെ രണ്ടാമത്തെ വിശ്വാസകാര്യം മലക്കുകളിലുള്ള വിശ്വാസമാണ്. മിക്ക മതങ്ങളുടെ അനുയായികളും-സൊറാസ്ട്രന്‍മാര്‍, ജൂതന്മാര്‍, ക്രൈസ്തവര്‍, മുസ്‌ലിംകള്‍-മാലാഖമാരുടെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നു. അക്കാര്യം നാമിവിടെ നീട്ടിപ്പറയേണ്ട ആവശ്യമില്ല.
മൂന്നാമത്തെ വിശ്വാസ കാര്യം വേദപുസ്തകങ്ങളെ സംബന്ധിച്ചുള്ളതാണ്. മുസ്‌ലിംകള്‍ ഖുര്‍ആനില്‍ മാത്രമല്ല, ദൈവം തന്റെ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ചിട്ടുള്ള എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നു. മറ്റുള്ള മതങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കതയായി ഇതിനെ കാണാവുന്നതാണ്. അതോടൊപ്പം, ഇസ്‌ലാം സാര്‍വലൗകികമാണെന്നതിന്റെയും ലോകാരംഭം മുതല്‍ തന്നെ അത് പ്രസക്തമായിരുന്നു, ലോകാവസാനം വരെ അത് പ്രസക്തമായിരിക്കും എന്നതിന്റെയും തെളിവായും ഇതിനെ വായിക്കാം. വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നു എന്നുപറയുമ്പോള്‍ മുസ്‌ലിംകള്‍ അര്‍ഥമാക്കുന്നത് ആദം മുതല്‍ മുഹമ്മദ് വരെയുള്ള മുഴുവന്‍ പ്രവാചകന്മാര്‍ക്കും ലഭിച്ച ദൈവിക വെളിപാട് പുസ്തകങ്ങളെ അവര്‍ അംഗീകരിക്കുന്നു എന്നാണ്. അപ്പോള്‍, ബൈബിള്‍ പഴയ നിയമം (Old Testament) ജൂതരുടെ മാത്രം വേദമല്ല, മുസ്‌ലിംകളുടേത് കൂടിയാണ്. ബൈബിള്‍ പുതിയ നിയമം (New Testament) ക്രൈസ്തവര്‍ക്കെന്നപോലെ മുസ്‌ലിംകള്‍ക്കും അവകാശപ്പെട്ടതാണ്.
സാധാരണയായി ഒരു വിഭാഗം മതവിശ്വാസികള്‍ മറ്റേ വിഭാഗം മതവിശ്വാസികളെ മതഭ്രഷ്ടരായി മുദ്രകുത്തുകയാണ് പതിവ്. സത്യത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന് വാദിക്കുകയും ചെയ്യും. ഒരു മുസ്‌ലിമെന്ന നിലക്ക് ഞാനും പറയുക എന്റെ മതമാണ് ശരി എന്നായിരിക്കും. അതേസമയം മറ്റു മതങ്ങളും ദൈവത്താല്‍ അവതീര്‍ണമാണെന്നും സത്യമാണെന്നും ഞാന്‍ അംഗീകരിക്കും. ദൈവത്താല്‍ അവതീര്‍ണമായ ഓരോ വേദവും വളരെയധികം സ്‌നേഹാദരവുകളോടെ പരിപാലിക്കപ്പെടേണ്ടതുണ്ട്. പക്ഷേ ഞാന്‍ പഴയ വേദങ്ങള്‍ അനുസരിച്ചല്ല, ഏറ്റവും ഒടുവിലത്തെ വേദമായ ഖുര്‍ആന്‍ അനുസരിച്ചാണ് ജീവിക്കുന്നത്. ഏറ്റവുമൊടുവിലിറങ്ങിയത് അതിന് മുമ്പുള്ളതിനെ റദ്ദാക്കുന്നു എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഒരു പ്രവാചകവചനത്തില്‍ വന്നത് പ്രകാരം, ദൈവം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. പക്ഷേ വേദഗ്രന്ഥം നല്‍കിയത് 345 പേര്‍ക്ക് മാത്രം. മറ്റുള്ളവര്‍ മുന്‍ഗാമികള്‍ക്ക് അവതരിച്ച വേദഗ്രന്ഥങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഭാഷക്കാരായ പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്നത് വളരെ വ്യക്തം. ''ഒരു ദൂതനെയും തന്റെ ജനതയുടെ ഭാഷയിലല്ലാതെ നാം അയച്ചിട്ടില്ല'' ഖുര്‍ആന്‍ 14:4.
(തുടരും)
Comments