സൈനിക അട്ടിമറിയെ അവര്‍ എങ്ങനെ കാണുന്നു?
'ബറാദഇ നൊബേല്‍
സമ്മാനത്തെ കളങ്കപ്പെടുത്തി'/
ജോണ്‍ എല്‍. എസ്‌പോസിറ്റോ
മുര്‍സി അനുകൂലികളെ കൂട്ടക്കുരുതി നടത്തിയത് വളരെ പ്രാകൃതമെന്ന് വിശേഷിപ്പിക്കണം. തങ്ങളുടെ സൈനിക അട്ടിമറിയുടെയും പിന്നീടുണ്ടാക്കിയ നിയമവിരുദ്ധ ഭരണകൂടത്തിന്റെയും യഥാര്‍ഥ നിറമെന്താണെന്ന് ജനറല്‍ സീസിയും മറ്റു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും നമുക്കിപ്പോള്‍ കാണിച്ച് തന്നിരിക്കുകയാണ്. മുബാറക് ഭരണത്തിന്റെ പുനഃപ്രതിഷ്ഠയാണ് നടന്നിരിക്കുന്നത്. മിലിട്ടറി മുന്നില്‍നിന്ന് നയിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന, പഴയ ക്രൗര്യങ്ങള്‍ അപ്പാടെ ആവാഹിച്ച ഒരു സ്വേഛാധിപത്യ ഭരണകൂടം. സിവിലിയന്‍ ഭരണകൂടത്തിന്റെ നേതാക്കളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്? ഇപ്പോള്‍ രാജിവെച്ചൊഴിഞ്ഞ വൈസ് പ്രസിഡന്റ് മുഹമ്മദ് ബറാദഇ തനിക്ക് ലഭിച്ച നോബല്‍ സമ്മാനത്തെ കളങ്കപ്പെടുത്തി. ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ അദ്‌ലി മന്‍സ്വൂര്‍ തന്റെ പദവിയെ അപമാനിച്ചു; ഭരണഘടനാ കോടതി ജഡ്ജിയായിരിക്കെ ആ സ്ഥാനത്തെയും അയാള്‍ അപമാനിച്ചത്‌പോലെ.
പാശ്ചാത്യ രാഷ്ട്രങ്ങള്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത്? ഇതിനെ അവര്‍ 'ജനാധിപത്യത്തിനേറ്റ തിരിച്ചടി' എന്ന് വിശേഷിപ്പിക്കാന്‍ തയാറാകുമോ? നിലവിലെ ഭരണകൂടത്തിനുള്ള സഹായങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും നിര്‍ത്തിവെക്കുമോ? ഒരു സത്യം മനസ്സിലാക്കാന്‍ ഈജിപ്തുകാര്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്-ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കുക മാത്രമാണ് മുന്നോട്ടുള്ള വഴി. ഏത് സൈനിക അട്ടിമറിയും ഇപ്പോള്‍ ഈജിപ്ത് തിരിച്ചെത്തിയ സ്വേഛാധിപത്യ ഭരണത്തിലേക്ക് മാത്രമേ കൊണ്ടെത്തിക്കൂ. എല്ലാവരെയും ഉള്‍ക്കൊള്ളും, തെരഞ്ഞെടുപ്പുകള്‍ നടത്തും, സുരക്ഷ ഉറപ്പാക്കും തുടങ്ങി സൈന്യത്തിന്റെ വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണ്. മുര്‍സി വിരുദ്ധരായ പ്രതിപക്ഷം ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്? പട്ടാള ഭരണത്തെ പരസ്യമായി തള്ളിപ്പറയുമോ, നേരത്തെ ചെയ്തതുപോലെ അക്രമരഹിതമായി പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമോ?
(ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍, ക്രിസ്ത്യന്‍-മുസ്‌ലിം സംവാദത്തിന് വേണ്ടിയുള്ള വലീദ് ബ്‌നു തലാല്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടര്‍))
'നിയന്ത്രണമേറ്റെടുക്കുക
അതീവ ദുഷ്‌കരം'/
ദീപക് ത്രിപാഠി
സൈനിക അട്ടിമറിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ സൈന്യം നടത്തിയ കൂട്ടക്കുരുതി അത്യന്തം ദുരന്തപൂര്‍ണമാണ്. സ്വതന്ത്ര നിരീക്ഷകരെല്ലാം പറഞ്ഞ ഒരു വസ്തുതയുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാരായ ജനക്കൂട്ടം വലിയൊരളവോളം സമാധാനപരമായി തന്നെയാണ് നിലയുറപ്പിച്ചത്. അവര്‍ക്കെതിരെ സുരക്ഷാസേന ശക്തി പ്രയോഗിച്ചത് അനുയോജ്യ നടപടിയായിരുന്നില്ല. ഒരു ദീര്‍ഘകാല സംഘര്‍ഷത്തെയാണ് ഈജിപ്ത് അഭിമുഖീകരിക്കാന്‍ പോകുന്നത്. വളരെക്കുറച്ച് കാലം മാത്രം പിച്ചവെച്ച ഈജിപ്ഷ്യന്‍ ജനാധിപത്യ പരീക്ഷണത്തിന് കനത്ത ആഘാതമാണ് സൈനിക അട്ടിമറി. ബ്രദര്‍ഹുഡിനും അവരെപ്പോലെ സൈനിക നീക്കത്തെ എതിര്‍ക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കും ഒളിവില്‍ പ്രവര്‍ത്തിക്കുകയല്ലാതെ മാര്‍ഗമില്ല എന്ന സ്ഥിതിവിശേഷം സംജാതമായേക്കാം.
വളരെ ആഴത്തില്‍ പിളര്‍പ്പുകളും വിഭജനങ്ങളും സംഭവിച്ച് കഴിഞ്ഞ ഒരു സമൂഹത്തില്‍ സമ്പൂര്‍ണ നിയന്ത്രണം ലഭിക്കുക എന്നത് അധികാരികളെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്‌കരമായിരിക്കും. സൈന്യവുമായി ചേര്‍ന്നുനിന്ന രാഷ്ട്രീയ നേതാക്കള്‍ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടാന്‍ പോവുകയാണ്. സംഘര്‍ഷങ്ങള്‍ അസ്ഥിരതയാണ് സമ്മാനിക്കുക. അത് മേഖലയിലെ തന്നെ ജനാധിപത്യ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും. ഈ സംഘര്‍ഷം അമേരിക്കന്‍ വിരുദ്ധ വികാരത്തെ ആളിക്കത്തിക്കുമെന്നതിലും സംശയമില്ല. പ്രസിഡന്റ് ഒബാമക്ക് ഈജിപ്ഷ്യന്‍ സൈന്യത്തെ കൈയൊഴിക്കാന്‍ നിര്‍വാഹമുണ്ടാവുകയില്ല. ഈജിപ്ഷ്യന്‍ മിലിട്ടറിയുമായുള്ള വാഷിംഗ്ടണിന്റെ ഈ അടുത്ത ബന്ധം അമേരിക്കയോട് വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഇന്ധനമായി തീരുമെന്നതിലും സംശയമില്ല.
(ബ്രിട്ടനിലെ റോയല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി, റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി എന്നിവയില്‍ ഫെലോ)
'ഈജിപ്ഷ്യന്‍ വസന്തം
ഭൂമിയിലെ നരകമാവുമ്പോള്‍'/
റിച്ചാര്‍ഡ് ഫാള്‍ക്ക്
2011 ജനുവരി 25-ന് വിരിഞ്ഞ ഈജിപ്ഷ്യന്‍ വിപ്ലവം രണ്ട് വര്‍ഷത്തിനകം ഭൂമിയിലെ നരകമായി പരിണമിച്ചത് സങ്കല്‍പ്പിക്കാനാവുന്നില്ല. പ്രാകൃതവും ഭീകരവുമായ ഈ ഹിംസയുടെ ചുഴലിക്കാറ്റില്‍ പെട്ടുപോയ ഈജിപ്ഷ്യന്‍ ജനതയോട് സഹാനുഭൂതിയും അനുകമ്പയും പ്രകടിപ്പിക്കുകയാണ്. ക്ഷുഭിതരായ പൊതുസമൂഹത്തിന്റെ 'ജനാധിപത്യപരമായ' അംഗീകാരമുണ്ടെന്ന അവകാശവാദത്തോടെ ജൂലൈ മൂന്നിന് നടത്തിയ സൈനിക അട്ടിമറി തുടക്കം മുതലേ രക്തപങ്കിലവും അതിക്രമങ്ങള്‍ നിറഞ്ഞതുമായിരുന്നു. മുര്‍സി അനുകൂലികളെ വിധേയപ്പെടുത്താനും അവരുടെ മനസ്സുകളില്‍ ഭയം വിതക്കാനും ഉദ്ദേശിച്ചുകൊണ്ട് ഭീകരമായ ഹിംസാ രീതികളാണ് ഭരണകൂടം പുറത്തെടുത്തത്. പക്ഷേ സംഭവിച്ചത് മറിച്ചാണ്. മരണം വരെ പൊരുതാന്‍ ഇഛാശക്തി കാണിക്കുന്ന, രക്തസാക്ഷിത്വം കൊതിക്കുന്ന ജനസഞ്ചയമാണ് തെരുവുകളില്‍ ഉയര്‍ന്നുവന്നത്.
ഈജിപ്തിന്റെ 19 പ്രവിശ്യകളില്‍ ഗവര്‍ണര്‍മാരായി പട്ടാള ജനറല്‍മാരെ നിയമിച്ചത്, ലിബറല്‍ സെക്യുലരിസത്തിന്റെ പ്രതീകമായ മുഹമ്മദ് ബറാദഇ രാജിവെച്ചത്, നിരായുധരായ നൂറ് കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്-ഇതെല്ലാം തന്നെ ഒത്തുതീര്‍പ്പിനും അനുരഞ്ജനത്തിനും, സര്‍വരെയും ഉള്‍ക്കൊള്ളുന്ന ഒരു ഫോര്‍മുല ഉണ്ടാക്കാനുമുള്ള പാശ്ചാത്യ ആഹ്വാനത്തെ അപ്രസക്തവും പരിഹാസ്യവുമാക്കുന്നുണ്ട്. ജനറല്‍ സീസി നടത്തുന്ന കൊടുംഹിംസയെ നിരുപാധികം അപലപിക്കുക എന്നതാണ് ധാര്‍മികമായി വിശ്വാസ്യതയുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് തുടക്കമിടാന്‍ ആദ്യമായി വേണ്ടത്. അതോടൊപ്പം തന്നെ സൈനിക ഭരണത്തിന് നിയമസാധുത നല്‍കാതിരിക്കുകയും വേണം.
(പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിയമ
വിഭാഗത്തില്‍ പ്രഫസര്‍))
'അറബ് ലിബറലുകളുടെ
മിലിട്ടറി ബന്ധങ്ങള്‍ അപകടകരം'/
ലാര്‍ബി സ്വദീഖി
ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ ജനറല്‍ സീസി പതിപ്പിച്ച മുദ്ര വളരെ അപായകരമാണ്. സിവിലിയന്‍മാര്‍ക്കെതിരെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ ആയുധപ്രയോഗം നടത്തുകയാണ് ചെയ്തിരിക്കുന്നത്. ജനുവരി 25 വിപ്ലവത്തിന്റെ ആത്മചൈതന്യത്തോട് ഒട്ടും ചേരാത്ത നടപടി. ജനറല്‍ സീസിയും അയാളുടെ ആഭ്യന്തര മന്ത്രിയും 'കേട്‌വന്ന ഉരുപ്പടികള്‍' ആണ്. അവരുടെ സമയം കഴിഞ്ഞിരിക്കുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിനും ജനാധിപത്യ പ്രക്രിയക്കും അനുരഞ്ജന ശ്രമങ്ങള്‍ക്കും മറ്റൊരാളും ചെയ്യാത്ത ദ്രോഹം രണ്ട് മാസത്തില്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ ഇവര്‍ രണ്ടുപേരും ചെയ്തിരിക്കുന്നു. മുഖാബറാത്ത് (രഹസ്യപ്പോലീസ്) മോഡല്‍ രാഷ്ട്രീയത്തിന്റെ അവശിഷ്ടങ്ങള്‍ ഒരുക്കികൊടുത്ത കെണി വണ്ടിയില്‍ കയറുകയാണ് അല്‍ബറാദഇയും തമര്‍റുദ് കക്ഷികളും ചെയ്തത്. 'ഏപ്രില്‍ ആറ് പ്രസ്ഥാന'ത്തിന്റെ പോലും മുഖം വികൃതമായി. കാരണം മുര്‍സിയെ പുറത്താക്കിയ ഭരണസംവിധാനത്തിന് അതര്‍ഹിക്കാത്ത നിയമസാധുത നല്‍കുകയാണ് അവര്‍ ചെയ്തത്.
ആകെ അലങ്കോലമായിരിക്കുന്നു ഈജിപ്ത്. പക്ഷേ വൈദേശിക ശക്തികളില്‍ മാത്രം കുറ്റം ചാരിയാല്‍പോരാ. അമേരിക്കക്കാര്‍ക്കോ യൂറോപ്യന്മാര്‍ക്കോ ഇസ്രയേലികള്‍ക്കോ ഈ ഭീകര ഹിംസയില്‍ വലിയ പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ചൂണ്ടുവിരലുയരുന്നത് അറബ് ലിബറലുകള്‍ എന്ന് പറയപ്പെടുന്ന വിഭാഗത്തിന് നേര്‍ക്കാണ്. ആരാണീ അറബ് ലിബറലുകള്‍? മില്ലിന്റെയോ ലോക്കയുടെയോ സര്‍ഗാത്മക രാഷ്ട്രീയത്തിന്റെ തരിമ്പെങ്കിലും സ്വായത്തമാക്കിയവര്‍ ഇവരില്‍ ആരുണ്ട്? ഇറാനെ ബോംബിടണം, ഇസ്‌ലാമിസ്റ്റുകളെ ചവിട്ടിപ്പുറത്താക്കണം, എന്നിട്ട് ജനാധിപത്യത്തിന്റെ ശത്രുക്കളുമായി കിടക്ക പങ്കിടണം-ഈയൊരൊറ്റ ചിന്തയുമായി നടക്കുന്നവര്‍. ഇവരുടെ രാഷ്ട്രീയ വായാടിത്തം നമുക്ക് അവഗണിക്കാം. പക്ഷേ പട്ടാള ജനറല്‍മാരുമായും രഹസ്യാന്വേഷണ വിഭാഗങ്ങളുമായും ഇവര്‍ക്കുള്ള ബന്ധങ്ങള്‍ അത്യധികം ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്.
(ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍. അറബ് ജനാധിപത്യ സംരംഭങ്ങളെക്കുറിച്ച് സവിശേഷ പഠനം നടത്തുന്നു)
Comments