കാവിയണിയുന്ന സെക്യുലരിസം
ഇന്ത്യാ രാജ്യത്തിന് ഔദ്യോഗിക മതമില്ല. രാഷ്ട്രത്തിന്റെ കണ്ണില്‍ എല്ലാ മതങ്ങളും തുല്യമാണ്. ഒരു മതത്തോടും പ്രത്യേക മമതയോ വിരോധമോ ഇല്ല. എല്ലാ മതവിഭാഗങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സ്‌റ്റേറ്റ്. ഈ അര്‍ഥത്തിലുള്ളതാണ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള സെക്യുലരിസം. രാഷ്ട്രത്തിനു മതമില്ല എന്നതിനര്‍ഥം രാഷ്ട്രീയ സംവിധാനം ഏതെങ്കിലും മതതത്ത്വങ്ങളെയോ ആചാരങ്ങളെയോ അവലംബിച്ചതായിരിക്കുകയില്ല എന്നാണ്; അല്ലാതെ പൗരസഞ്ചയം മതമുക്തരാവണമെന്നല്ല. സമൂഹത്തിന് ഇഷ്ടമുള്ള മതം സ്വീകരിക്കാം; ആചരിക്കാം, പ്രചരിപ്പിക്കാം. ഒരു മതവും സ്വീകരിക്കാതിരിക്കുകയുമാവാം. അതവരുടെ മൗലികാവകാശമാണ്. ജനങ്ങളും അവരുടെ നേതാക്കളും രാഷ്ട്ര സാരഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്നതാണ് സമൂഹം. മതസ്വാതന്ത്ര്യം രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ താടിയും തലപ്പാവും അദ്ദേഹത്തിന്റെ മതചിഹ്നങ്ങളാണ്. അദ്ദേഹം അത് ധരിക്കുന്നതുകൊണ്ട് ഇന്ത്യന്‍ മതേതരത്വത്തിന് കോട്ടമൊന്നുമില്ല. പരേതനായ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഓരോ മലയാള മാസവും ഗുരുവായൂരില്‍ തൊഴാന്‍ പോകാറുണ്ടായിരുന്നു. മുസ്‌ലിംെ്രെകസ്തവ സാമാജികരും മന്ത്രിമാരുമൊക്കെ അവരവരുടെ പള്ളികളില്‍ പോകാറുണ്ട്. അതൊന്നും കേന്ദ്ര സംസ്ഥാന ഭരണ നടപടികളെ സ്വാധീനിക്കുന്നില്ല. സ്വാധീനിക്കാന്‍ പാടില്ല. രാഷ്ട്ര സാരഥികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ ഔദ്യോഗിക നടപടികളെ ഏതെങ്കിലും മതത്തിന്റെ ആചാരങ്ങള്‍ സ്വാധീനിക്കുന്നത് മതേതരത്വത്തിന് നിരക്കാത്തതും ഭരണഘടനാ വിരുദ്ധവുമാകുന്നു.ദേശീയ ഗാനം കൊണ്ടാരംഭിക്കേണ്ട ഔദ്യോഗിക ചടങ്ങുകള്‍ ഗണപതി പൂജ കൊണ്ടോ ഗീത പാരായണം കൊണ്ടോ തുടങ്ങുന്നത് ഒരു ഉദാഹരണം. അത്തരം നീക്കങ്ങള്‍ നിരാക്ഷേപം അംഗീകരിക്കപ്പെടുന്നത് മതേതരത്വത്തിന്റെ സമ്പൂര്‍ണ നിരാകരണത്തിലേക്കാണ് രാജ്യത്തെ നയിക്കുക.
മതേതര ജനാധിപത്യ ഭരണഘടനയെ അടിത്തറയാക്കി രൂപം കൊണ്ട ഭരണസംവിധാനത്തില്‍ ഏതെങ്കിലും മതത്തിന് പ്രത്യേക പരിഗണന ലഭിക്കുകയോ ആ മതത്തിന്റെ മുദ്ര പതിയുകയോ ചെയ്യുന്നത് ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്. ആദ്യ വര്‍ഷങ്ങളില്‍ ഈ ബോധത്തോടെ തന്നെയായിരുന്നു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രമേണ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. ഭരണയന്ത്രത്തിന്റെ പല ഭാഗങ്ങളിലും കാവി പടര്‍ന്നു തുടങ്ങി. അതിന്റെ പ്രകടമായ അരങ്ങേറ്റമായിരുന്നു 1992ലെ ബാബരി മസ്ജിദ് ധ്വംസനം. തുടര്‍ന്ന് ഈ പ്രവണതക്ക് നാള്‍ക്കുനാള്‍ ആക്കം കൂടി വരികയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ ഹിന്ദുത്വ ചടങ്ങുകള്‍ സാധാരണമായിരിക്കുന്നു. കീഴ് ജാതിക്കാരനായ ഓഫീസര്‍ മാറ്റം പോകുമ്പോള്‍ അയാളുപയോഗിച്ച മുറിയും ഇരുന്ന കസേരയും ചാണകം തെളിച്ച് ശുദ്ധിവരുത്തുന്ന ഉദ്യോഗസ്ഥര്‍ വരെയുണ്ട്.
ഈയിടെ ദല്‍ഹിയില്‍നിന്നു വന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണമായത്. പാര്‍ലമെന്റ് സ്ട്രീറ്റില്‍ ദല്‍ഹി പോലീസിന് വിപുലമായ ഹെഡ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ജൂലൈ 26ന് കെട്ടിട നിര്‍മാണത്തിനുള്ള 'ഭൂമി പൂജ' ഗംഭീരമായി നടക്കുകയുണ്ടായി. പോലീസ് കമീഷണര്‍ നീരജ് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഓഫീസര്‍മാര്‍ സന്നിഹിതരായിരുന്നു. പൂജയോടൊപ്പം ശിലാന്യാസവും നടക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും ചടങ്ങിനെത്തുമെന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും എത്തിയില്ല. ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് പ്ലാന്‍ അംഗീകരിച്ചു കിട്ടാത്തതാണത്രെ ശിലാന്യാസം ഒഴിവാക്കാന്‍ കാരണം. ഷിന്‍ഡെ എത്താതിരുന്നതും അതുകൊണ്ടാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം ബട്‌ല ഹൗസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉയരാവുന്ന ചോദ്യങ്ങളെ നേരിടാനുള്ള വൈമുഖ്യമാണെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. പ്ലാന്‍ പാസാവാത്തത് ശിലാന്യാസത്തിന് തടസ്സമായെങ്കില്‍ ഭൂമി പൂജക്ക് തടസ്സമാവാതിരുന്നതെങ്ങനെ? ഈ വിഷയം ദല്‍ഹി പത്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഭൂമിപൂജ നിയമവിരുദ്ധമാകുന്നില്ല എന്ന് ദല്‍ഹി പോലീസ് കണ്‍ട്രോള്‍ കമ്മിറ്റിയുടെ ഉയര്‍ന്ന വക്താവ് വിശദീകരണം നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ ഭൂമി പൂജയെ വിമര്‍ശിച്ച പത്രങ്ങളെല്ലാം ഊന്നിയത് പ്ലാന്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പാണ് അത് നടത്തിയത് എന്ന പോയിന്റിലാണ്. പ്ലാന്‍ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ ഒരു സര്‍ക്കാര്‍ കെട്ടിടത്തിനു വേണ്ടി ഭൂമി പൂജ നടത്തുന്നതു നിയമപരമാണോ, സെക്യുലര്‍ സംസ്‌കാരത്തിനു യോജിച്ചതാണോ? ഈ ചോദ്യം ആരും ഉയര്‍ത്തിയതായി കണ്ടില്ല. നമ്മുടെ ഭരണഘടന ഏറെ ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ടെങ്കിലും അതിന്റെ മതേതര സത്തയെ ഹനിക്കുന്ന മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നിട്ടും മാധ്യമങ്ങള്‍ ഈ ചോദ്യങ്ങള്‍ അവഗണിക്കുന്നതിനര്‍ഥം ഭരണ സംവിധാനത്തില്‍ കാവിയുടെ കടന്നുകയറ്റം നിസ്തര്‍ക്കം അംഗീകരിക്കപ്പെടുന്നുവെന്നാണ്. ഹൈന്ദവാചാരങ്ങളുടെ സര്‍ക്കാര്‍ സംവിധാനത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കപ്പെടുന്നത് ഹിന്ദുത്വം ഒരു മതമല്ല, സംസ്‌കാരമാണ് എന്നു വാദിച്ചുകൊണ്ടാണ്. ഏതൊക്കെ ന്യായാസനങ്ങള്‍ ഘോഷിച്ചാലും സാമാന്യബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്തതാണീ വാദം. ഹിന്ദുത്വത്തില്‍ നിന്ന് ഹിന്ദുമതം ഒഴിവാക്കിയാല്‍ എന്തു സംസ്‌കാരമാണവശേഷിക്കുക? എല്ലാ മതങ്ങളുടെയും പ്രായോഗിക രൂപമാണ് അതിന്റെ ആചാരാനുഷ്ഠാനങ്ങളും പെരുമാറ്റ രീതികളും. അതുതന്നെയാണ് സംസ്‌കാരവും. മതത്തെ സംസ്‌കാരമെന്ന് വിളിച്ചാല്‍ അത് മതമല്ലാതാവില്ല.
Comments