Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

ഇസ്‌ലാമിക പ്രസ്ഥാനം ചരിത്രത്തിന്റെ തടവുകാരല്ല

പ്രഭാഷണം / ടി. ആരിഫലി

ഇസ്‌ലാമിക പ്രസ്ഥാനം ചരിത്രം രചിക്കുന്നവരാണ്, ചരിത്രത്തിന്റെ തടവുകാരല്ല. കേരളത്തിലെ ഇതര സംഘടനകള്‍ ഉദ്ധരണികളുടെ തടവറകളില്‍ തളച്ചിടാന്‍ നിരന്തരം ശ്രമിക്കുമ്പോഴും അതിനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ജമാഅത്തിന് സാധിക്കുന്നുവെന്നതാണ് അതിന്റെ വിജയം. 1920-ല്‍ നിന്ന് 2020-ലേക്ക് എത്തുമ്പോള്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. 1924-ല്‍ ലോകത്ത് ഖിലാഫത്ത് അവസാനിപ്പിച്ചതായി തുര്‍ക്കിയില്‍ നിന്ന് പ്രഖ്യാപനം വന്നു. മാത്രമല്ല, തുര്‍ക്കിയില്‍ ഇസ്‌ലാമിന് എതിരായ നിയമങ്ങള്‍ പോലും നിലവില്‍ വന്നു. പള്ളികളില്‍ ബാങ്ക് വിളി പോലും വിലക്കി. ജുമുഅ നമസ്‌ക്കാരം പരസ്യമായി നിര്‍വഹിക്കാന്‍ പാടില്ല. ഈദ് ആഘോഷങ്ങള്‍ക്ക് പോലും വിലക്ക്.
ഖിലാഫത്തിന് അനുകൂലമായി ഇന്ത്യയില്‍ ശക്തമായ മുന്നേറ്റങ്ങളുണ്ടായി. അബുല്‍ കലാം ആസാദും അലി സഹോദരന്മാരും ആ സമരത്തില്‍ പങ്കെടുത്തു. ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കി. ഖിലാഫത്ത് അവസാനിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ഒരു വിഭാഗം പങ്കുകൊണ്ടു. മറ്റൊരു വിഭാഗം പങ്കെടുക്കാതെയും ശ്രദ്ധേയരായി. രണ്ടാമത്തെ കൂട്ടര്‍ വിലയിരുത്തിയത് ഇങ്ങനെയാണ്: ഖിലാഫത്തിന്റെ തകര്‍ച്ചക്ക് കാരണമായത് ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ മാത്രമല്ല. ഇസ്‌ലാമിക സമൂഹത്തിനകത്ത് തന്നെയുണ്ടായ അപചയങ്ങളും പോരായ്മകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിതന്മാരുടെയും നേതാക്കളുടെയും നിര്‍ദേശങ്ങളും കല്‍പനകളും അംഗീകരിക്കപ്പെടാത്ത ഒരുതരം സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ക്ഷണികമായ പരിഹാരമല്ല മൗലികമായ ചികിത്സയാണ് ഇതിന് ആവശ്യമെന്ന് ഈ വിഭാഗം ദീര്‍ഘ വീക്ഷണം ചെയ്തു. തുര്‍ക്കിയില്‍ തന്നെ അതിന് തുടക്കം കുറിച്ചു. ബദീഉസ്സമാന്‍ സഈദ് നൂര്‍സി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന് ജനങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: അങ്ങ് ഖിലാഫത്ത് പ്രസ്ഥാനം ഏറ്റെടുക്കണം. അവരോട് അദ്ദേഹം പറഞ്ഞു: ഞാന്‍ ഇപ്പോള്‍ ആ പ്രസ്ഥാനത്തില്‍ പങ്കെടുക്കാനില്ല. ഞാന്‍ ജനങ്ങളിലേക്ക് ചെല്ലുകയാണ്. അവരില്‍ വിശ്വാസപരമായ വികാരം ഉണ്ടാക്കണം. വിശുദ്ധ ഖുര്‍ആനോടും അല്ലാഹുവിനോടുമുള്ള ആദരവ് ഉണ്ടാക്കണം. അല്ലാഹുവുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുത്തണം. അവരില്‍ ആത്മീയശക്തി വളര്‍ത്തിയെടുക്കണം. അതില്‍ നിന്ന് വേണം ഇസ്‌ലാമിന്റെ സാമൂഹിക വ്യവസ്ഥയെ സംബന്ധിച്ചുള്ള ചിന്ത വളരാന്‍.
ഇത് പറഞ്ഞുകൊണ്ട് അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി. ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും അദ്ദേഹം പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. സൂഫി സ്വഭാവത്തിലുള്ള കൂട്ടായ്മ. ആത്മീയമായ നിര്‍ദേശങ്ങള്‍ അവര്‍ക്ക് നല്‍കി. 'റസാഇല്‍ നൂര്‍' എന്ന പേരില്‍ അവ സമാഹരിക്കപ്പെട്ടിട്ടുണ്ട്. ആ റസാഇല്‍ നൂറിനെ പിന്തുടര്‍ന്നു കൊണ്ട് 'ഹറകത്തു നൂര്‍' എന്ന സംഘടന നിലവില്‍ വന്നു. ഏതൊരു മണ്ണിലാണോ ഖിലാഫത്തിനെ ശിരഛേദം ചെയ്തത് ആ മണ്ണില്‍ തന്നെ അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ഈ കാലഘട്ടത്തില്‍ തന്നെ ഈജിപ്തില്‍ ഹസനുല്‍ ബന്ന ശഹീദ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം കോഫി ക്ലബ്ബുകളിലും ലൈബ്രറികളിലും വായനശാലകളിലും കയറിയിറങ്ങി. മീന്‍ പിടുത്തക്കാരെയും തൊഴിലാളികളെയും ചെന്ന് കണ്ടു. എല്ലാവര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ഇസ്‌ലാമിനെ ഏറ്റുവാങ്ങാനുള്ള ആവേശം അവരില്‍ സന്നിവേശിപ്പിക്കാന്‍ സാധിച്ചു. ഇതേ സന്ദര്‍ഭത്തില്‍ തന്നെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് നൂര്‍സി യൂറോപ്പില്‍, ഹസനുല്‍ ബന്ന ആഫ്രിക്കയില്‍, സയ്യിദ് മൗദൂദി ഏഷ്യയില്‍. ഈ മൂന്ന് പ്രസ്ഥാനങ്ങളെയും സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെയുമാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് നാം പറയുന്നത്. എല്ലാ പ്രസ്ഥാനങ്ങളും പീഡനം അനുഭവിച്ചിട്ടുണ്ട്. ഹസനുല്‍ ബന്ന അനുഭവിച്ച പീഡനങ്ങള്‍ നമുക്കറിയാവുന്നതാണ്. അദ്ദേഹത്തിന് ശേഷം സയ്യിദ് ഖുത്വ്ബ് തൂക്കിലേറ്റപ്പെട്ടതിനെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. സയ്യിദ് മൗദൂദി എത്ര പ്രാവശ്യം ജയിലിലകപ്പെട്ടിട്ടുണ്ടെന്നും എത്ര തവണ വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുണ്ടെന്നും നമുക്കറിയാവുന്നതാണ്. നിരന്തരമായ പീഡനങ്ങളിലൂടെയാണ് അവര്‍ കടന്നുവന്നത്. ആ പീഡനങ്ങളുടെ സദ്ഫലം ഇന്ന് നമ്മുടെ തലമുറ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കിയില്‍ സംഭവിക്കുന്നതെന്താണ്? സയ്യിദ് നൂര്‍സിയുടെ അനുയായി പരമ്പരയില്‍ പെട്ട ഉര്‍ദുഗാനാണ് ഇന്ന് തുര്‍ക്കിക്ക് നേതൃത്വം നല്‍കി കൊണ്ടിരിക്കുന്നത്. തുര്‍ക്കിയില്‍ പൂര്‍ണമായി ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കപ്പെട്ട് കഴിഞ്ഞു എന്നല്ല ഞാന്‍ പറഞ്ഞത്. എന്നാല്‍, കമാല്‍ അത്താതുര്‍ക്ക് ഇസ്‌ലാമിന്റെ ഏതെല്ലാം ചിഹ്നങ്ങളെയായിരുന്നു ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്, അതെല്ലാം ഒന്നിന് പിറകെ ഒന്നായി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. ഇന്ന് അവിടെ അറബി ഭാഷ പഠിക്കാം, പഠിപ്പിക്കാം. സ്ത്രീകള്‍ക്ക് പര്‍ദ ധരിക്കാം, ധരിക്കാതെയുമിരിക്കാം, ബാങ്ക് ഇന്നവിടെ ലൗഡ് സ്പീക്കറില്‍ തന്നെ കൊടുക്കാം. മൈതാനികളില്‍ വെച്ച് ഈദ് ഗാഹുകള്‍ സംഘടിപ്പിക്കാം. ഇസ്‌ലാമിനും ഇസ്‌ലാമല്ലാത്തതിനും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അവിടെ കൈവന്നിരിക്കുന്നു. സയ്യിദ് നൂര്‍സിയുടെ അനുയായി പരമ്പരയില്‍ പെട്ട ആള്‍ തുര്‍ക്കിയില്‍ അധികാരം കൈയാളുകയും ആ അധികാരത്തിന്റെ കീഴില്‍ ഇസ്‌ലാമും ഇസ്‌ലാമിന്റെ ചിഹ്നങ്ങളും സ്വതന്ത്രമായി നിലനില്‍ക്കുകയും ചെയ്തു.
ഇസ്‌ലാമികമായ ഒരു ഭരണകൂടം ഉണ്ടാവുന്നു എന്നതിനര്‍ഥം, ഇസ്‌ലാമികമായ ഒരു ഭരണഘടന സ്ഥാപിതമാവുന്നു എന്നതിനര്‍ഥം ഒരു രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും ഏക ശിലാമുഖമായ ഒരു സമൂഹമായി മാറ്റിയെടുക്കുന്നു എന്നല്ല. ഇസ്‌ലാമിന്റെ നിയമവ്യവസ്ഥ ആ രാജ്യത്ത് നിലനില്‍ക്കുമെങ്കിലും ഇസ്‌ലാമിന്റെ മൂല്യവ്യവസ്ഥ ആ രാജ്യത്ത് നിലനില്‍ക്കുമെങ്കിലും ആ രാജ്യത്ത് ജീവിക്കുന്ന എല്ലാ മത സമൂഹങ്ങള്‍ക്കും രാഷ്ട്രീയ വിഭാഗങ്ങള്‍ക്കും ചിന്താ സ്വാതന്ത്ര്യവും ആചാര സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. പ്രവാചകന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു. ഖലീഫമാരുടെ കാലഘട്ടത്തിലും അങ്ങനെ തന്നെയായിരുന്നു. ഇസ്‌ലാമികമായ ഭരണഘടനയാണ് നിലവിലുള്ളതെങ്കിലും ഭിന്ന വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് പറയേണ്ടതില്ല. ഭിന്ന വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ള ഇസ്‌ലാമിക ഭരണഘടന എന്നു മാത്രമേ പറയേണ്ടതുള്ളൂ.
എന്തായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രത്യേകതകള്‍? അവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ച മൗലികമായ നവോത്ഥാന മൂല്യങ്ങള്‍ എന്തായിരുന്നു? ഏറ്റവും പ്രധാനപ്പെട്ടത് ഇസ്‌ലാമിന്റെ സാര്‍വലൗകികത തന്നെ. ഇസ്‌ലാം സാര്‍വലൗകികമാണെന്ന് പറയുമ്പോള്‍ അത് വലിയ ആശയമുള്ളതാണെന്ന് നമുക്ക് തോന്നണമെന്നില്ല. എന്നാല്‍, ഇത് ഏറ്റവും പ്രധാനപ്പെട്ട ആശയം തന്നെയാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കിട്ടെടുക്കുകയാണുണ്ടായത്. ആ സന്ദര്‍ഭത്തിലാണ് ജമാലുദ്ദീന്‍ അഫ്ഗാനി വന്ന് ആഗോള ഇസ്‌ലാമിനെ സംബന്ധിച്ച് സംസാരിച്ചത്. കൊളോണിയല്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യം നല്‍കി നാട് വിട്ടപ്പോള്‍ അവര്‍ ചെറിയ ചെറിയ രാജ്യങ്ങളായി മുസ്‌ലിം ലോകത്തെ വിഭജിച്ചു. ഒരിക്കലും പരസ്പരം ഐക്യപ്പെടാന്‍ സാധ്യമല്ലാത്തവിധം രാജ്യാതിര്‍ത്തികള്‍ നിശ്ചയിച്ചു. എന്നു മാത്രമല്ല, ഈ ചെറിയ ചെറിയ രാജ്യങ്ങള്‍ക്കിടയില്‍ ഒരിക്കലും അവസാനിക്കാത്ത ശത്രുത നിലനില്‍ക്കാന്‍ സഹായകമാകുന്ന കെണികളും ഒരുക്കിവെച്ചു. ചില ചീന്തുകള്‍, ചില ദ്വീപുകള്‍, ദ്വീപുകളെ കുറിച്ചുള്ള അവകാശ തര്‍ക്കങ്ങള്‍, ചാര സംഘടനകള്‍, ഇസ്രയേല്‍ എന്നൊരു രാജ്യം, ഇങ്ങനെ ഒരിക്കലും മുസ്‌ലിംകള്‍ ഐക്യപ്പെടാതിരിക്കാനുതകുന്ന സാഹചര്യങ്ങള്‍ അവര്‍ സൃഷ്ടിച്ചു. ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും അതിന് ശേഷം വന്ന ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളുടെയും ആഗോളപരത എന്ന ആശയം, ഇസ്‌ലാമിന്റെ സാര്‍വലൗകികത എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്.
ജമാഅത്തെ ഇസ്‌ലാമിക്കെതിരില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം, ആഗോള ഇസ്‌ലാമിക വിഷയങ്ങള്‍ കേരളത്തിലേക്ക് വലിച്ചു കൊണ്ടുവരുന്നു എന്നതാണ്. ഫലസ്ത്വീന്‍ പ്രശ്‌നം, മ്യാന്‍മറിലെ പ്രശ്‌നം, ബോസ്‌നിയ പ്രശ്‌നം, പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ ഇവയെല്ലാം വലിച്ചു കൊണ്ടുവന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. എന്തിനാണ് ജമാഅത്തെ ഇസ്‌ലാമി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിന് നല്‍കാനുള്ള മറുപടി, ആ വിഷയങ്ങള്‍ വലിച്ചു കൊണ്ടുവന്നത് ഇസ്‌ലാമിന്റെ ആഗോളപരത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്, ഇസ്‌ലാമിക ഖിലാഫത്ത് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകണമെങ്കില്‍ ആഗോള ഇസ്‌ലാമിക സമൂഹമെന്ന ആശയം മുസ്‌ലിം സമൂഹത്തിലുണ്ടാകണം.
രണ്ടാമത്തേത് ഇസ്‌ലാമിന്റെ സാമൂഹികതയാണ്. ഇസ്‌ലാം എന്നത് ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്, പേഴ്‌സണല്‍ ലോ എന്നു പറയുന്ന ഒരിനത്തിലുള്ള കാര്യം മാത്രമാണ് എന്നതിന് പകരം ഇസ്‌ലാം സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയത്തിലും ഇടപെടുന്നു, സാമൂഹികമായ മാറ്റമെന്ന വിപ്ലവത്തിന് നേതൃത്വം നല്‍കുന്നു. ഇസ്‌ലാമിന്റെ സാമൂഹികപരത എന്ന് പറയുന്നത് പാശ്ചാത്യര്‍ക്കോ ഇസ്രയേലിനോ നമ്മുടെ നാട്ടിലെ അള്‍ട്രാ സെക്യുലര്‍ വക്താക്കള്‍ക്കോ ദഹിക്കാത്തതാണ്. ഈ സാമൂഹികപരതയില്‍ രാഷ്ട്രീയം ഉള്‍കൊള്ളുന്നുവെന്നതാണ് പ്രധാനം. ദീനുല്‍ ഇസ്‌ലാമില്‍ നിന്ന് ശത്രുക്കള്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമാണ്. ഊരിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്ന കാര്യം കൂടുതല്‍ ശക്തിയോടു കൂടി ദീനുല്‍ ഇസ്‌ലാമിലുണ്ട് എന്ന് സ്ഥാപിക്കാന്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍, യുക്തിയുടെ അടിസ്ഥാനത്തില്‍ ശ്രമിച്ചത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ്. അതിന് മുന്‍പന്തിയില്‍ നിന്നത് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ്. അതുകെണ്ട് തന്നെയാണ് ഈ പ്രസ്ഥാനം ഏറ്റവും അപകടകരമാണെന്ന് ശത്രുക്കള്‍ വിലയിരുത്തിയത്. പാശ്ചാത്യ രാജ്യങ്ങള്‍ പലയിടത്തും കോളനിവത്കരണം നടത്തിയിട്ടുണ്ട്. എന്നാല്‍ സാമ്രാജ്യത്വ ശക്തികള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടിവന്നത് ഇസ്‌ലാമിക സമൂഹത്തില്‍ നിന്നാണ്. ഉമര്‍ മുഖ്താറിനെ നമുക്കറിയാം. അദ്ദേഹത്തിന്റെ പോരാട്ടം പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ നമ്മള്‍ കണ്ടതാണ്. എങ്ങനെയാണ് സാമ്രാജ്യ ശക്തികള്‍ ഉമര്‍ മുഖ്താറിന്റെയും അനുയായികളുടെയും മുമ്പില്‍ അടിപതറിയത് എന്ന് നാമതില്‍ കണ്ടു. ഇന്ത്യയില്‍ 1857-ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ പ്രചോദനം ഇസ്‌ലാമായിരുന്നു. ഇസ്‌ലാമിലെ ജിഹാദീ സങ്കല്‍പവും ഖിലാഫത്ത് സങ്കല്‍പവുമായിരുന്നു കുഞ്ഞാലിമരക്കാരുടെ പ്രചോദനവും ടിപ്പു സുല്‍ത്താന്റെ പ്രചോദനവും മമ്പുറം തങ്ങളുടെ പ്രചോദനവും. ലോകത്ത് സാമ്രാജ്യത്വ ശക്തികള്‍ ഏറ്റവുമധികം പതറിപ്പോയത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും മുസ്‌ലിം സംഘടനകളുടെയും മുന്നിലായിരുന്നു. ഇതിനര്‍ഥം ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ട് എന്നത് തന്നെയാണ്. ഇസ്‌ലാമില്‍ ഖിലാഫത്തിനെ സംബന്ധിച്ച സങ്കല്‍പമുണ്ട്. ഇസ്‌ലാമില്‍ ജിഹാദിനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഈ രാഷ്ട്രീയ വശം ഇസ്‌ലാമില്‍ നിന്ന് ഊരിയെടുത്ത് ഇസ്‌ലാമിനെ അരാഷ്ട്രീയവത്കരിക്കാനും ഇസ്‌ലാമിനെ നിര്‍വീര്യമാക്കാനുമുള്ള ശ്രമം നടക്കുമ്പോഴാണ് അതിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. ഇതാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നവോത്ഥാന മൂല്യങ്ങളില്‍ രണ്ടാമത്തേത്.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നവോത്ഥാന മൂല്യങ്ങളില്‍ മൂന്നാമത്തേത് ഇസ്‌ലാമിന്റെ തന്നെ വികാസക്ഷമതയാണ്. ഇസ്‌ലാം തുടക്കം കുറിച്ച് ആറ് നൂറ്റാണ്ട് വരെ വളര്‍ച്ചയുടെ കാലമായിരുന്നു. എന്നാല്‍, പിന്നീട് ഇസ്‌ലാമിന്റെ സ്തംഭനമാണ് നാം കാണുന്നത്. അവിടെ പാശ്ചാത്യ ആശയങ്ങളുടെ കടന്നു കയറ്റമാണ് കാണാന്‍ കഴിഞ്ഞത്. പാശ്ചാത്യ സമൂഹം മുന്നോട്ട് കുതിക്കുകയും ലോക നാഗരികതയുടെ നേതൃത്വം അവരേറ്റെടുക്കുകയും ചെയ്തതിന് ശേഷം ഇസ്‌ലാമിക സമൂഹം സ്തംഭിച്ചു നിന്നു. ഇവ്വിധം ജഡാവസ്ഥയിലും ജീര്‍ണാവസ്ഥയിലും നില്‍ക്കെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിന്റെ വികാസക്ഷമതയുമായി മുന്നോട്ട് വന്നത്. ഇത് നമ്മുടെ പുരോഗമന മുസ്‌ലിം സംഘടനകള്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന് വികാസമുണ്ടാവുന്നത് ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഹസനുല്‍ ബന്നയുടെയും സയ്യിദ് നൂര്‍സിയുടെയും പിന്‍ഗാമികളായ ആളുകള്‍ക്ക് ഇത്രയും ബഹുസ്വരമായിട്ടുള്ള ഒരു ഗവണ്‍മെന്റിനെ നയിക്കാന്‍ കഴിയുന്നതെങ്ങനെ? അധികാരം കിട്ടിയ ഉടനെ മദ്യം നിരോധിക്കാതെ, മറ്റു പാര്‍ട്ടികളെ നിരോധിക്കാതെ, മറ്റു സംഘടനകള്‍ക്ക് പ്രബോധനം നിര്‍വഹിക്കാന്‍ തടസ്സം നില്‍ക്കാതെ എങ്ങനെ ബഹുസ്വരമായ ഒരു രാഷ്ട്രത്തിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് നമ്മുടെ സലഫീ സഹോദരങ്ങള്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇസ്‌ലാമിക ദര്‍ശനത്തിന്റെയും ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും വികാസക്ഷമതയെ സംബന്ധിച്ച് മനസ്സിലാകാത്തതുകൊണ്ടാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വികാസക്ഷമതയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ച മൂന്നാമത്തെ നവോത്ഥാന മൂല്യം.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നാലാമത്തെ സവിശേഷത, ഈ പ്രസ്ഥാനങ്ങള്‍ വിവിധ കര്‍മശാസ്ത്ര ധാരകളിലുള്ള ആളുകളെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ്. അതായത് കര്‍മശാസ്ത്ര ഭിന്നതകള്‍ വ്യത്യസ്ത സംഘടനകള്‍ ഉണ്ടാക്കാന്‍ കാരണമാകാവതല്ല. അത് അഭിപ്രായ ഭിന്നതക്ക് പഴുതുള്ള കാര്യങ്ങളാണ്. അഭിപ്രായ ഭിന്നതക്ക് പഴുതുള്ള കാര്യങ്ങളില്‍ വിവിധ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം ഉള്ളതോടൊപ്പം തന്നെ, അല്ലാഹുവിന്റെ ദീനിന്റെ ഇഖാമത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാട് ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നു. ഇഖ്‌വാനിന്റെ വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തകര്‍ വ്യത്യസ്ത സരണികളിലുള്ള ആളുകളാണ്. ജമാഅത്തെ ഇസ്‌ലാമിയിലും വ്യത്യസ്ത സരണികളില്‍ പെട്ടവരുണ്ട്. മൗലാനാ മൗദൂദി ഹനഫി സരണിയില്‍ പെട്ടയാളായിരുന്നു. ജമാഅത്തിന്റെ അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി ഹനഫീ സരണിയില്‍ പെട്ടയാളാണ്. കൃത്യതയുള്ള ഹനഫീ പണ്ഡിതനാണ്. ആ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നതും ഗ്രന്ഥങ്ങള്‍ രചിക്കുന്നതും. എന്നാല്‍, ഈ സരണീ വ്യത്യാസങ്ങള്‍ പക്ഷേ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭം ഉണ്ടാകാറില്ല.
ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്, വ്യത്യസ്ത ചിന്താ ധാരകളെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് അല്ലാഹുവിന്റെ ദീനിന്റെ ഇഖാമത്തിന് വേണ്ടി ഒരു സംഘടനയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാമെന്നാണ്. ഇന്ന് ഈ ധാര വ്യാപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കേരളത്തിലും ഈ ധാരയുടെ പ്രവര്‍ത്തനം സജീവമാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഈ നിലപാടിനെ ശക്തിപ്പെടുത്തുന്ന ഗ്രന്ഥമാണ് ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ 'കര്‍മശാസ്ത്ര ഭിന്നതകള്‍ ചരിത്രവും സമീപനവും.' ഈ തത്ത്വം അംഗീകരിക്കാത്തവരില്‍ ഇന്ന് കണ്ടുവരുന്ന പിളര്‍പ്പും തകര്‍ച്ചയും ഈ നിലപാടിന്റെ പ്രസക്തി വിളിച്ചോതുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അടുത്ത നവോത്ഥാന മൂല്യം മറ്റു മത സമൂഹങ്ങളോടുള്ള ഉദാരമായ സമീപനമാണ്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി അതിന് നടത്തിയ ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഇതര മത സഹോദരങ്ങളോടുള്ള ബന്ധം, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പത്ര മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടങ്ങള്‍, സൗഹൃദത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതാണ്.
ഈ പ്രസ്ഥാനങ്ങളുടെ മറ്റൊരു സവിശേഷത സന്തുലിതത്വമാണ്. സന്തുലിതമായിരിക്കും അതിന്റെ പ്രവര്‍ത്തനരീതി. മിതത്വം അതിന്റെ മുഖമുദ്രയാണ്. പൊതുജനങ്ങളിലേക്ക് സദ്‌വിചാരങ്ങളും സദ്ചിന്തകളും സമര്‍പ്പിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. സാമുദായിക വര്‍ഗീയ തീവ്രവാദ വിരുദ്ധത എന്ന് പറയുന്നതും ഈ സംഘത്തിന്റെ പ്രത്യേകതയാണ്. ഈ പ്രസ്ഥാനങ്ങളുടെ മറ്റൊരു പ്രത്യേകത, സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നു എന്നതാണ്. പ്രസ്ഥാനത്തിന്റെ ഏത് മേഖലയിലും സ്ത്രീകളുടെ പങ്ക് സജീവമാണ്. ഇവിടെ പറഞ്ഞ ആശയങ്ങള്‍ സന്തുലിതമായി ചേര്‍ന്നുവന്നാല്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനമായി.
(22/02/2013 ന് ദോഹയില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം: തയാറാക്കിയത്: റഹീം ഓമശ്ശേരി)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍