Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

ഈജിപ്ത് ജനാധിപത്യ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ ചത്വരം

റിപ്പോര്‍ട്ട് / ടി. ശാക്കിര്‍ വേളം

സാമ്രാജ്യത്വ ശക്തികളുടെയും ഈജിപ്തിലെ ജനവിരുദ്ധ സൈനികാധികാരികളുടെയും കാര്‍മികത്വത്തില്‍ നടത്തിയ ജനാധിപത്യ കശാപ്പിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച 'പകലും രാവും പ്രതിഷേധ ചത്വരം' ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യവേദിയായി. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ലവത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു മറൈന്‍ ഡ്രൈവിലും പ്രതിഷേധ ചത്വരം തീര്‍ത്തത്. ജനാധിപത്യക്കശാപ്പിനെക്കുറിച്ച കപട ജനാധിപത്യവാദികളുടെ കൂട്ട മൗനത്തിനെതിരായ സര്‍ഗാത്മക പ്രതിഷേധമായിരുന്നു സമരചത്വരം. ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ പത്ത് മണിക്കാരംഭിച്ച് ഞായറാഴ്ച പുലര്‍ച്ചവരെ നീണ്ട പ്രതിഷേധ ചത്വരം അത്യപൂര്‍വമായ സമരാനുഭവമായിത്തീര്‍ന്നു. ഉരുകിയൊലിക്കുന്ന ചൂടില്‍ വിശുദ്ധ റമദാനിന്റെ രാപ്പകലുകളില്‍ ഈജിപ്തിലെ റാബിഅ അദവിയ്യാ സ്‌ക്വയറില്‍ ജനാധിപത്യ പ്രക്ഷോഭം നടത്തുന്നവര്‍ക്കുള്ള, ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ ഐക്യദാര്‍ഢ്യവേദിയാണ് ജമാഅത്തെ ഇസ്‌ലാമി എറണാകുളത്ത് തീര്‍ത്തത്.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പ്രതിഷേധ ചത്വരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. റമദാനിലെ അനുഷ്ഠാനങ്ങളായ നോമ്പും ഇഫ്ത്വാറും രാത്രി നമസ്‌കാരങ്ങളും പ്രാര്‍ഥനയും അത്താഴവുമൊക്കെയായി സമരപ്പന്തലില്‍ ഒരു രാപ്പകല്‍ കഴിച്ചുകൂട്ടി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന സര്‍ക്കാറിനെ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി പുറത്താക്കുകയും ജനകീയ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടിക്ക് നിസ്സംഗത പാലിക്കുന്ന കപട ജനാധിപത്യവാദികളുടെ കൂട്ടമൗനത്തിനെതിരായ സര്‍ഗാത്മക പ്രതിഷേധമായിരുന്നു സമരചത്വരം. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളുമൊന്നടങ്കം ചത്വരത്തില്‍ ആദ്യാവസാനം അണിനിരന്നു. അമീറിന്റെ സമരാഹ്വാന പ്രഭാഷണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചത്വരത്തിലെത്തി ജനാധിപത്യ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിസാര്‍ ഖബ്ബാനി, സയ്യിദ് ഖുലുബ്, ഹാശിം രിഫാഈ തുടങ്ങിയ കവികളുടെയും വിപ്ലവകാരികളുടെയും കവിതകളും സമര പാട്ടുകളും ശരീഫ് കൊച്ചിന്‍, വൈ. ഇര്‍ശാദ്, എന്‍.പി സ്വലാഹുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഇടവേളകളില്‍ ജനങ്ങളില്‍നിന്നും ഉയര്‍ന്ന സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രതിഷേധ ചത്വരത്തിന് ആവേശം പകര്‍ന്നു. ഈജിപ്തിലെ ജനാധിപത്യപ്പോരാളികള്‍ക്കായി ഇന്ത്യയുടെ മണ്ണില്‍ നടന്ന ഐക്യദാര്‍ഢ്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അല്‍ജസീറ ചാനല്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്തു. പരിപാടി തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും സമരചത്വരം അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഈജിപ്തിലെ ജനാധിപത്യപ്പോരാളികള്‍ പരിപാടിയിലേക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ അയക്കുകയുമുണ്ടായി. യമന്‍ സ്വദേശിയും ശാന്തപുരം അല്‍ജാമിഅ ഉസ്താദുമായ സാദിഖ് അല്‍മന്‍സിലിയുടെ നേതൃത്വത്തില്‍ ചത്വരത്തില്‍ നടന്ന തറാവീഹ് നമസ്‌കാരവും ഡോ. അബ്ദുസ്സലാം അഹ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഖുനൂത്തും പോരാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. ളുഹ്ര്‍ നമസ്‌കാരാനന്തരം എം.ഐ അബ്ദുല്‍ അസീസ് ഉദ്‌ബോധന പ്രഭാഷണം നടത്തി. ഞായറാഴ്ച പുലര്‍ച്ചെ ടി. ആരിഫലിയുടെ ഭക്തിനിര്‍ഭരവും ആവേശകരവുമായ സമാപന പ്രസംഗത്തോടെയാണ് സമരചത്വരം അവസാനിച്ചത്.

പ്രമുഖരുടെ ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ / 
ഈജിപ്തിലെ ജനാധിപത്യ പോരാളി ഹൈദി നശ്അത്തിന്റെ സന്ദേശം
സത്യത്തിനൊപ്പം കാലുറപ്പിച്ച ഇന്ത്യയിലെ എന്റെ പ്രിയസഹോദരങ്ങള്‍ക്കും ലോകത്തെമ്പാടുമുള്ള സ്വതന്ത്ര ജനതക്കും എന്റെ അഭിവാദ്യങ്ങള്‍... ഞങ്ങള്‍ ഇപ്പോള്‍ രാവിലെ എഴുന്നേല്‍ക്കുന്നതുതന്നെ ഉല്‍ക്കണ്ഠയോട് കൂടിയാണ്. സൈന്യം തലേന്ന് രാത്രി നടത്തിയ പുതിയ കൂട്ടക്കുരുതിയുടെ രക്തമിറ്റുന്ന വാര്‍ത്ത! എന്റെ സഹോദരങ്ങളുടെ ജീവന്‍ നിലച്ചുപോയ ശരീരം കാണുമ്പോള്‍ ഹൃദയം പിടയുന്നു. അല്ലാഹുവിന്റെയടുത്ത് ആ സഹോദരന്മാര്‍ ഊഷ്മളമായി സ്വീകരിക്കപ്പെട്ടു എന്ന കാര്യത്തില്‍ എനിക്കശേഷം സംശയമില്ല. കാരണം അവര്‍ രക്തസാക്ഷികളാണ്. ആത്മാവിനെ വിശുദ്ധമാക്കി അല്ലാഹുവിന്റെ പാതയില്‍ രക്തം നല്‍കി പുഞ്ചിരിവിടര്‍ന്നു നില്‍ക്കുന്ന അവരുടെ മുഖം കാണുമ്പോള്‍ എനിക്കേറെ ആഹ്ലാദമുണ്ട്. അതേസമയം ഈജിപ്ഷ്യന്‍ മീഡിയയുടെ കള്ളപ്രചാരണങ്ങള്‍ കാണുമ്പോള്‍ ഞാനേറെ അസ്വസ്ഥയാവുന്നു.
30 വര്‍ഷത്തിലധികം നീണ്ട ഏകാധിപത്യ ഭരണകാലത്ത് ഭീകരവാദത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത ചിലരിപ്പോള്‍ തികച്ചും സമാധാനത്തോടെ പ്രതിഷേധിക്കുന്ന ഞങ്ങളെ ഭീകരരായി മുദ്രകുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ചില മാധ്യമങ്ങളുടെ നുണ പ്രചാരണമാണിത്. ഈജിപ്തിലെ മാധ്യമങ്ങളുടെ കാര്യം ഏറെ വിചിത്രമാണ്. ഈ മാധ്യമങ്ങള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെയും ധീരരായ സഹോദരന്മാരെയും സൈനിക ഹിംസ്രജന്തുക്കള്‍ക്ക് തിന്നാനിട്ടുകൊടുക്കുകയാണ്. ഞാന്‍ നിങ്ങളോട് പ്രത്യേകം പറയട്ടെ. നിങ്ങള്‍ മാധ്യമ നുണപ്രചാരണങ്ങളില്‍ ജാഗ്രത കാണിക്കണം. മാധ്യമങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നതാണ് നേര്.
ഞങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്ന എന്റെ സഹോദരീ-സഹോദരന്മാര്‍ റാബിഅ അല്‍അദവിയ്യയില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായി എനിക്കനുഭവപ്പെടുന്നു. നമ്മുടെ ആത്മാവ് ഒന്നാണ്. നമ്മുടെ ലക്ഷ്യവും ഒന്നാണ്. ആത്മവിശ്വാസത്തോടെ ഞങ്ങള്‍ ലോകത്തോട് പറയുന്നു: ''ഞങ്ങള്‍ സധൈര്യം മുന്നോട്ടുതന്നെ പോകും. ഇന്‍ശാഅല്ലാഹ്...''

ആസിയാ ഇബ്‌റാഹീമിന്റെ സന്ദേശം
ഇന്ത്യയിലെ എന്റെ സഹോദരീ സഹോദരന്മാരെ. അസ്സലാമു അലൈക്കും...
നിങ്ങള്‍ക്കുവേണ്ടി റാബിഅ അല്‍അദവിയ്യയിലെ എന്റെ ടെന്റിനകത്തിരുന്നാണ് ഈ സന്ദേശം ഞാന്‍ കുത്തിക്കുറിക്കുന്നത്. ചത്വരം നിറഞ്ഞുതുളുമ്പുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങളും പാട്ടുകളുംകൊണ്ട് ശബ്ദമുഖരിതമാണ്. ഈ സമരചത്വരത്തില്‍നിന്ന് ഞാന്‍ പഠിച്ച ഏറ്റവും വലിയ ജീവിതപാഠം ഇസ്‌ലാമിക സാഹോദര്യമാണ്. പരസ്പരം പരിചയം പോലുമില്ലാത്ത ജനത ഒരു ചത്വരത്തില്‍ ഒത്തുചേര്‍ന്ന് ഏറെ സ്‌നേഹത്തോടെയും സഹകരണത്തോടെയും കഴിഞ്ഞുപോകുന്നു. രാജ്യത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നിറങ്ങിപുറപ്പെട്ടുവന്നവരാണവര്‍. അവര്‍ക്കെന്നെയും എനിക്കവരെയും മുമ്പറിയുമായിരുന്നില്ല. എന്നിട്ടും അവരെന്നെ റാബിഅക്കടുത്തുള്ള അവരുടെ വീടുകളിലേക്ക് ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ഏറെ വ്യസനത്തോടെ പറയട്ടെ, ഈ രാജ്യത്ത് തന്നെ മറ്റു ചിലരുമുണ്ട്. തികച്ചും സമാധാനപരമായി പ്രതിഷേധിക്കുന്ന സഹോദരീ-സഹോദരന്മാര്‍ക്കുനേരെ സൈന്യവും പോലീസും നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്നു അവര്‍.
ഞാനും നിങ്ങളും ഇതുവരെ കണ്ടുമുട്ടിയില്ല. നേരിട്ട് പരിചയവുമില്ല. ഒരേ ഉമ്മയല്ല നമ്മെ പ്രസവിച്ചതും. എങ്കിലും നിങ്ങളെന്റെ സഹോദരി-സഹോദരന്മാരാണ്. കൂടപ്പിറപ്പുകളെപ്പോലെ തന്നെയാണ്. കാരണം നമുക്ക് ഒരേ സന്ദേശമാണുള്ളത്. അത് സത്യത്തിന്റെ കൂടെ നില്‍ക്കുക എന്ന സന്ദേശമാണ്. സൈന്യത്തിന്റെ വിമാനങ്ങള്‍ ഞങ്ങളുടെ തലക്കുമീതെ വട്ടമിട്ടു പറക്കുന്ന ഈ സന്ദര്‍ഭത്തില്‍ എനിക്ക് നിങ്ങളോടാവശ്യപ്പെടാനുള്ളത് നിങ്ങള്‍ പ്രാര്‍ഥിക്കണം എന്നാണ്. ഞങ്ങള്‍ക്ക് ശക്തി പകരാനും എത്രയും പെട്ടെന്ന് വിജയം വരിക്കാനും.

പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ
സി. രാധാകൃഷ്ണന്‍
സങ്കടകരമാണ് ഈജിപ്തിലെ ഇന്നത്തെ അവസ്ഥ. കാര്യങ്ങള്‍ എല്ലാം നേരെയാകുമെന്നായിരുന്നു മാറ്റങ്ങളുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രതീക്ഷ. അത് എന്തുകൊണ്ടോ ഫലിക്കാതെപോയി. പിന്നീട് പിന്നീട് അശാന്തിയുടെയും അടിച്ചമര്‍ത്തലിന്റെയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വേദിയായി ഈജിപ്ത് മാറി. മഹാചരിതം ഉറങ്ങുന്ന ലോക സംസ്‌കൃതിയുടെ ഈ കളിത്തൊട്ടിലില്‍ ഇന്നുള്ളത് ക്രൂരവും നിഷ്ഠൂരവുമായ ഒരു പട്ടാള ഭരണകൂടമാണ്. ഇതിനുത്തരവാദികള്‍ ആരായാലും അവര്‍ക്ക് ചരിത്രത്തില്‍ മാപ്പില്ല. ദൈവം തമ്പുരാന്‍ അവരോട് പൊറുക്കുകയുമില്ല. മര്‍ദിതരായ ബഹുഭൂരിപക്ഷം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട ചുമതല ലോകത്തുള്ള എല്ലാ സുമനസ്സുകള്‍ക്കുമുണ്ട്.

ആര്‍.എസ്.പി നേതാവും മുന്‍മന്ത്രിയുമായ
എന്‍.കെ പ്രേമചന്ദ്രന്‍
ജമാഅത്തെ ഇസ്‌ലാമി എറണാകുളത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. കാരണം ഇത് ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള സമരമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും പെട്ടെന്നു വിളിച്ചുചേര്‍ക്കേണ്ടി വന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഈജിപ്തിലെ ജനാധിപത്യ കശാപ്പിനെതിരായ സമരങ്ങള്‍ക്ക് എന്റെ എല്ലാ അഭിവാദ്യങ്ങളും അറിയിക്കുന്നു.

കല്‍ദായ സുറിയാനി സഭ മെത്രാപ്പൊലീത്ത മാര്‍ അപ്രേം
ഈജിപ്തില്‍ ജനാധിപത്യം കൊലചെയ്യപ്പെടുന്നതായ വാര്‍ത്തകള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റവും വേഗത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെട്ട് സമാധാനം പുനഃസ്ഥാപിച്ച് സാധാരണ മനുഷ്യന് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വിസിയും പ്രശസ്ത ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്
ഈജിപ്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിച്ച് പട്ടാള ഭരണകൂടം അധികാരത്തില്‍വരുന്നത് ലോകത്തിലെ ജനാധിപത്യ രാഷ്ട്രങ്ങളോടുള്ള വലിയ വെല്ലുവിളിയാണ്. ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ സൈന്യാധിപനായിരുന്ന ഡ്യൂക് വെല്ലിംഗ്ടണ്‍ (Duk Wellington) തന്നെ പട്ടാള നിയമത്തെയും പട്ടാള ഭരണകൂടത്തെയും ഒരു സിവില്‍ ഭരണകൂടത്തിനുപകരം വെക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചത് ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. ഇരുനൂറു വര്‍ഷങ്ങള്‍ക്കുശേഷവും സൈനിക നടപടികളും ഭരണവും സിവില്‍ നിയമത്തിന് പകരം വെക്കുന്നത് ഒരു രാഷ്ട്രത്തിന്റെ പുരോഗതിയെ മാത്രമല്ല, ആ ജനതയുടെ മൗലിക അവകാശത്തെപ്പോലും ഇല്ലായ്മ ചെയ്യും.
ഈജിപ്തില്‍ ഇന്നു നടക്കുന്ന സംഭവ പരമ്പരകള്‍ ലോക മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. അതിനാല്‍ ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് ചരിത്രപരമായ ഒരു കര്‍ത്തവ്യമാണ്. ഈ സമ്മേളനത്തിലൂടെ കേരളീയ ജനത ഈ വിഷയത്തില്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്.

പ്രമുഖരുടെ പ്രഭാഷണങ്ങളില്‍നിന്ന്

ടി. ആരിഫലി
സംഘടിത മുതലാളിത്തവും ഇടതുപക്ഷവും തമ്മിലെ അവിഹിത കൂട്ടുകെട്ടാണ് ഈജിപ്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൈനിക ഭരണകൂടം നടത്തിയ ജനാധിപത്യ കശാപ്പിനെക്കുറിച്ച ഇടതുപക്ഷത്തിന്റെ നിലപാട് സാമ്രാജ്യത്വ പോരാട്ടത്തോടുള്ള തുറന്ന വഞ്ചനയാണ്. സൈനിക ഭരണത്തില്‍ ഈജിപ്തിലെ ഇടതുപക്ഷ കക്ഷി പങ്കാളിയായത്‌കൊണ്ട് ഇവിടെ ചില ഇടതുപക്ഷക്കാര്‍ സൈനിക അട്ടിമറിയോടൊപ്പം നില്‍ക്കുകയാണ്. മറ്റു ചിലരാകട്ടെ ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ് എന്ന വഞ്ചനാത്മക പദപ്രയോഗത്തിലൂടെ സൈന്യത്തോടൊപ്പം നില്‍ക്കുകയാണ്. 238 സീറ്റ് ലഭിച്ച മുര്‍സിയുടെ കക്ഷിയെ പുറത്താക്കിയാണ് 16 സീറ്റ് മാത്രം ലഭിച്ച ഇടതുപക്ഷകക്ഷി സൈനിക ഭരണത്തില്‍ പങ്കാളിയായിരിക്കുന്നത്. 51 ശതമാനം വോട്ട് നേടിയ മുഹമ്മദ് മുര്‍സിയെ പുറത്താക്കിയാണ് ഒന്നര ശതമാനം വോട്ട് നേടിയ അല്‍ബറാദി വൈസ്. പ്രസിഡന്റായി നിയമിതനായത്. ഈജിപ്തിലെ സൈന്യമാകട്ടെ ജനവിരുദ്ധതയില്‍ ലോകത്ത് തന്നെ കുപ്രസിദ്ധി നേടിയ ശക്തിയുമാണ്. ഇസ്‌ലാമിസ്റ്റുകള്‍ മാത്രമല്ല ആ രാജ്യത്തെ ഏതാണ്ടെല്ലാ കക്ഷികളും ഇടതുപക്ഷവും സൈന്യത്തിന്റെ പൗരാവകാശ ലംഘനത്തിന്റെ ഇരകളായ എത്രയോ അനുഭവങ്ങള്‍ അവിടെയുണ്ട്. എന്നിട്ടും അട്ടിമറി ജനവികാരമാണെന്ന് പെരുമ്പറയടിക്കുന്നത് മനുഷ്യന്റെ സാമാന്യ ബോധത്തെപ്പോലും പരിഹസിക്കുന്നതിന് സമാനമാണ്. വീക്ഷണ വ്യത്യാസങ്ങള്‍ക്കപ്പുറം എന്നും സാമ്രാജ്യത്വവിരുദ്ധ നിലപാടിനെ ശക്തിപ്പെടുത്തിയ സമൂഹമാണ് കേരളത്തിലേത്. അങ്ങനെയാണ് ഫിഡല്‍ കാസ്‌ട്രോയും ചാവേസും സദ്ദാം ഹുസൈനും യാസിര്‍ അറഫാത്തുമൊക്കെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങള്‍ പോലുമായിമാറുന്നത്.
സാമ്രാജ്യത്വ ശക്തികളുടെ കാര്‍മികത്വത്തില്‍ ഈജിപ്തില്‍ നടന്ന ജനാധിപത്യ കുരുതിയെക്കുറിച്ച് കേരളത്തിലെ പല ജനാധിപത്യ വാദികളും പുലര്‍ത്തുന്ന ബോധപൂര്‍വമായ മൗനം സാമ്രാജ്യത്വം തന്നെ പടച്ച ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്. ഇരകള്‍ ഇസ്‌ലാമിസ്റ്റുകളായത്‌കൊണ്ട് പ്രതികരിക്കേണ്ടതില്ലെന്നാണവര്‍ ആലോചിക്കുന്നത്. ജനാധിപത്യവും ജനവിരുദ്ധ സാമ്രാജ്യത്വവും തമ്മിലെ സംഘട്ടനത്തില്‍ ആരൊക്കെ ആരോടൊപ്പമാണ് നിന്നത് എന്ന് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.
ഇറാഖിലും അഫ്ഗാനിസ്താനിലും പട്ടാളത്തെ അയച്ച് അധിനിവേശം നടത്തിയ അമേരിക്ക പറഞ്ഞത് അവിടങ്ങളില്‍ ജനാധിപത്യത്തിനുവേണ്ടിയാണ് തങ്ങള്‍ ഇടപെട്ടത് എന്നാണ്. അതേ അമേരിക്കയാണ് ഈജിപ്തില്‍ ജനാധിപത്യവിരുദ്ധരായ സൈനിക ഭരണകൂടത്തെ പിന്തുണക്കുന്നത്. ഇസ്‌ലാമിസ്റ്റുകളുടെ വിഷയത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ ഇത്തരം ഇരട്ടത്താപ്പുകള്‍ ലോകം മുമ്പും കണ്ടതാണ്. അധികാരത്തില്‍ വരാനിരുന്ന അള്‍ജീരിയയിലെ ഇസ്‌ലാമിസ്റ്റുകളെ തള്ളിമാറ്റി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതും, ഗസ്സയിലെ ഹമാസ് നേതൃത്വത്തിലുള്ള സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിച്ചതും അമേരിക്ക നേതൃത്വം കൊടുക്കുന്ന സാമ്രാജ്യത്വ അച്ചുതണ്ട് തന്നെയായിരുന്നു.
ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തില്‍ ഇടതുപക്ഷവും സാമ്രാജ്യത്വ ശക്തികളുടെ അതേ നിലപാടുകള്‍ തന്നെ പിന്തുടരുന്നു എന്നത് ഏറെ വിചിത്രമാണ്. ഈജിപ്തിലെ ജനാധിപത്യക്കശാപ്പിനെതിരായ കേരളീയ പൊതുമണ്ഡലത്തിന്റെ പ്രതികരണമാണ് ഈ സമരചത്വരം. അതുകൊണ്ടാണ് രാഷ്ട്രീയ-മത വീക്ഷണ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെതന്നെ ഒട്ടനവധി മത-സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ സമര ചത്വരത്തില്‍ ഐക്യദാര്‍ഢ്യവുമായി വന്നെത്തിയത്.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍
മനുഷ്യ സംസ്‌കൃതിയുടെ മഹാനഗരമായ ഈജിപ്തിലെ ജനാധിപത്യക്കശാപ്പ് അംഗീകരിക്കാനാവില്ല. ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി സമരം നടത്തിയതിന്റെ പേരില്‍ നിരവധി പേര്‍ ഇതിനകം ക്രൂരമായി കൊലചെയ്യപ്പെട്ടു എന്നത് ഏറെ വേദനാജനകമാണ്. ഈജിപ്ഷ്യന്‍ ജനതയുടെ പോരാട്ടത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയുണ്ടാകണം. നാം വിജയം വരിക്കുക തന്നെ ചെയ്യും.

എം.ഐ ഷാനവാസ് എം.പി
ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ഈ പരിപാടി എന്റെ ജീവിതത്തിലെ ഒരു പുണ്യനിമിഷമായി ഞാന്‍ കണക്കാക്കുന്നു. നല്ലത് മാത്രം പറയുകയും നന്മ പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് സത്യത്തില്‍ ജമാഅത്ത് നിര്‍വഹിക്കുന്നത്. എന്തിനാണ് വിദൂരതയിലെവിടെയോ ഉള്ള ഈജിപ്തിനെപറ്റി സംസാരിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ ഹജ്ജിന്നു നാമെന്തിനാണെല്ലാവരും ഒരേ സ്ഥലത്ത് തന്നെ സമ്മേളിക്കുന്നത്. ഇസ്‌ലാം സമര്‍പ്പിക്കുന്ന സന്ദേശം ലോകമാനവികതയുടേതാണ്. ഈജിപ്തില്‍ ഇപ്പോള്‍ നടന്ന പട്ടാള അട്ടിറി ഒരു ശതമാനം ജനങ്ങള്‍ക്കുവേണ്ടിയുള്ള ജനാധിപത്യ ധ്വംസനമാണ്. റമദാനിന്റെ പുണ്യദിനത്തില്‍ സംഘടിപ്പിച്ച ഈ പ്രതിഷേധചത്വരത്തിന് സര്‍വ ഐക്യദാര്‍ഢ്യവും അര്‍പ്പിക്കുന്നു.

അഡ്വ. കെ.എന്‍.എ ഖാദര്‍
ഈജിപ്തില്‍ നടന്നത് ജനാധിപത്യ കശാപ്പാണ്. പ്രത്യയശാസ്ത്രപരമായി തന്നെ ഇടതുപക്ഷം ജനാധിപത്യവിരുദ്ധരായതുകൊണ്ടാണ് ഈജിപ്തിലെ പട്ടാള അട്ടിമറിക്കൊപ്പം നില്‍ക്കുന്നത്. കാരണം ഒരു കമ്യൂണിസ്റ്റ് രാജ്യത്തും ജനാധിപത്യം ഉണ്ടായിട്ടില്ല. മുര്‍സി പുതിയൊരു ജനാധിപത്യ പരീക്ഷണത്തിന് തുനിഞ്ഞതുകൊണ്ടാണ് അമേരിക്ക അദ്ദേഹത്തെ അട്ടിമറിച്ചത്. സാമ്രാജ്യത്വ വിരുദ്ധമായ ഏത് രാഷ്ട്രീയ ശക്തിയെയും തകര്‍ക്കാന്‍ അമേരിക്ക എക്കാലവും ശ്രമിച്ചിട്ടുണ്ട്. അധാര്‍മികമായ ഏതു മാര്‍ഗവും അവരതിന് പ്രയോഗിക്കുകയും ചെയ്യും. ചിലിയിലും നിക്കരാഗ്വയിലും ഇടതുപക്ഷ സര്‍ക്കാറിനെയാണ് മുമ്പ് അമേരിക്കയുടെ കാര്‍മികത്വത്തില്‍ അട്ടിമറിച്ചത്. അമേരിക്കയുടെ ആവശ്യം ഭീകരത നിര്‍മാര്‍ജനം ചെയ്യലോ ജനാധിപത്യം സ്ഥാപിക്കലോ ഒന്നുമല്ല. തങ്ങളുടെ ഭദ്രമായ നിലനില്‍പും ഒപ്പം ആയുധകച്ചവടവുമാണ്. അതിനു വേണ്ടി ലോകത്തെ രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ക്കകത്തും അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈജിപ്ത് പ്രശ്‌നത്തിലെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ മനസ്സിലാക്കി മുസ്‌ലിം ബ്രദര്‍ഹുഡിനോടൊപ്പം നില്‍ക്കാതെ ഒഴികഴിവുകള്‍ പറയുന്നവര്‍ യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ അജണ്ടകളെയാണ് ശക്തിപ്പെടുത്തുന്നത്. ഇസ്‌ലാമിനോടും ഇസ്‌ലാമിസ്റ്റുകളോടും ആര്‍ക്കും വിയോജിക്കാം. പക്ഷേ, അതിന്റെ പേരില്‍ സാമ്രാജ്യത്വ ചേരിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ വങ്കത്തമാണ്. ഈജിപ്തും കേരളവും ഏറെക്കാലത്തെ പഴക്കമുള്ള ഒട്ടേറെ ബന്ധങ്ങള്‍ ഉള്ള നാടുകളാണ്. ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭത്തിന് കേരളത്തില്‍നിന്നും ഐക്യദാര്‍ഢ്യമുയരുന്നത് അതുകൊണ്ടുതന്നെ പ്രോത്സാഹനാര്‍ഹമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലക്ക് ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭത്തെ പിന്തുണക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനും ബാധ്യതയുണ്ട്.

ഡോ. സെബാസ്റ്റ്യന്‍ പോള്‍
ജനാധിപത്യം പുലരേണ്ടത് പട്ടാളത്തിന്റെ തോക്കിന്‍ കൂഴലിലൂടെയല്ല. ഈജിപ്തുകാര്‍ക്ക് സ്വയം നിര്‍ണയാവകാശമുള്ള ഒരു ജനാധിപത്യ സംവിധാനം അട്ടിമറിക്കപ്പെട്ടത് പ്രതിഷേധാര്‍ഹമാണ്. ജനങ്ങള്‍ക്ക് നിര്‍ണയാവകാശമുള്ള രാജ്യത്ത് മാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യം പുലരുകയുള്ളൂ. അതിലേക്കുള്ള വളര്‍ച്ചയാണിപ്പോള്‍ സൈന്യം കശാപ്പ് ചെയ്തിരിക്കുന്നത്.

സി.കെ അബ്ദുല്‍ അസീസ്
ആധുനിക മനുഷ്യന്റെ ബോധത്തെ തന്നെ അട്ടിമറിക്കാനാണ് സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുന്നത്. അങ്ങനെയാണ് ജനാധിപത്യത്തിനെതിരെ സൈനിക ഭരണകൂടം നടത്തിയ ജനാധിപത്യ കശാപ്പ് ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായും ഭീകരതക്കെതിരായ നടപടിയായും സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെയാണ് സാമ്രാജ്യത്വ വിരുദ്ധരായ ഇടതുപക്ഷത്തെ പോലും സാമ്രാജ്യത്വ നിലപാടില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുന്നത്. അറബ് വസന്തത്തെ തന്നെയാണ് അമേരിക്ക ഭയപ്പെടുന്നത്. കാരണം യൂറോപ്യന്‍ നവോത്ഥാന മൂല്യങ്ങളെയും യൂറോ കേന്ദ്രീകൃതമായ രാഷ്ട്രീയ ക്രമത്തെയും ആശയപരമായും പ്രായോഗികമായും വെല്ലുവിളിച്ച മഹാ പ്രതിഭാസമായിരുന്നു മുല്ലപ്പൂ വിപ്ലവം. പൊളിറ്റിക്കല്‍ ഇസ്‌ലാം ഭീകരവാദമാണ് എന്നായിരുന്നു 2001 മുതല്‍ സാമ്രാജ്യത്വ ശക്തികള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഈ ധാരണയെ അട്ടിമറിച്ചുകൊണ്ടാണ് അറബ് വസന്തവും വസന്താനന്തര ഭരണകൂടങ്ങളും അരങ്ങേറിയത്. ലോകത്തെ സര്‍വ മൂല്യങ്ങള്‍ക്കും മുകളില്‍, ദൈവത്തിനും മുകളില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത മൂല്യങ്ങളായാണ് യൂറോപ്യന്‍ ആധുനികതയുടെ മൂല്യങ്ങളെ പ്രതിഷ്ഠിച്ചിരുന്നത്. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ പുതിയ സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ ഈ പ്രതിഷ്ഠിക്കലിനെയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഇറാനും തുര്‍ക്കിയും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും ഒന്നു ചേരുന്ന ഒരു രാഷ്ട്രീയ അച്ചുതണ്ടും അവര്‍ രൂപപ്പെടുത്തിയെടുക്കുന്നുണ്ടായിരുന്നു. മുര്‍സിയുടെ വിദേശ നയമാണ് അമേരിക്കയെ ഏറെ ചൊടിപ്പിച്ചത്. ഏറെക്കാലമായി തമ്മിലടിച്ചുകൊണ്ടിരുന്ന ഫലസ്ത്വീനിലെ പി.എല്‍.ഒയെയും ഹമാസിനെയും ഐക്യപ്പെടുത്താന്‍ മുര്‍സിയുടെ ചെറിയ നയങ്ങള്‍ കൊണ്ട് തന്നെ കഴിഞ്ഞു. ആത്യന്തികമായി അത് ഇസ്രയേലിന്റെ നിലനില്‍പിന് ഭീഷണിയാണ്. മുര്‍സിയെ പിന്തുണക്കാന്‍ ഇസ്‌ലാമിസ്റ്റാകണമെന്നില്ല. സമാധാനവാദിയായാല്‍ മതി. സൈന്യമാണോ ജനാധിപത്യത്തിനു കാവല്‍ നില്‍ക്കേണ്ടത് എന്നാണ് ഈജിപ്ത് പ്രശ്‌നം ലോകത്തോടുയര്‍ത്തുന്ന പ്രധാന ചോദ്യം.

പ്രഫ. കെ. അരവിന്ദാക്ഷന്‍
ഇതേ സ്ഥലത്ത് ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ഇതുപോലൊരു ബഹുജന പരിപാടിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കെടുത്തത് എനിക്കോര്‍മയുണ്ട്. അതും സാമ്രാജ്യത്വവിരുദ്ധ സമരവേദി തന്നെയായിരുന്നു. ഇന്തോ-അമേരിക്കന്‍ ആണവ കരാറിനെതിരായ സമരമായിരുന്നു അത്. ഇന്നും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് മുന്‍കൈയെടുത്തിരിക്കുന്നത് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. മുഴുവന്‍ കമ്യൂണിസ്റ്റുകളും ഇടതുപക്ഷക്കാരും സൈനിക അട്ടിമറിക്കൊപ്പമല്ല എന്നതിനു തെളിവാണ് ഞാന്‍. അരാജകത്വവും രാഷ്ട്രീയ സ്ഥിരതയും തമ്മിലെ പോരാട്ടത്തിലാണ് മുര്‍സി ഈജിപ്തില്‍ അധികാരത്തില്‍ വരുന്നത്. ജനങ്ങള്‍ രാഷ്ട്രീയ സ്ഥിരതക്കൊപ്പം നില്‍ക്കുകയായിരുന്നു. കാരണം അവര്‍ വികസനമായിരുന്നു ആഗ്രഹിച്ചിരുന്നത്. 62 ശതമാനം ജനങ്ങള്‍ ഈജിപ്ത് ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ആ രാജ്യത്തെയാണ് അമേരിക്ക രാഷ്ട്രീയ അസ്ഥിരത എന്നു വിശേഷിപ്പിച്ചത്. ഇതില്‍ ഏറ്റവും ദുഃഖകരമായ വസ്തുത ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തുന്ന ബോധപൂര്‍വമായ മൗനമാണ്. സ്വന്തം രാജ്യത്തെ ജനങ്ങളുടെ വികാരം പോലും മാനിക്കാതെ അമേരിക്കന്‍ പക്ഷത്ത് നിലയുറപ്പിക്കുന്ന പ്രധാനമന്ത്രിയാണ് നമ്മുടേതെന്നതാണ് വസ്തുത. അതുകൊണ്ടാണ് കൂടംകുളം സമരക്കാരെ ദേശവിരുദ്ധര്‍ എന്നദ്ദേഹം വിശേഷിപ്പിച്ചത്.

ഡോ. പി.ജെ വിന്‍സെന്റ്
ഈ സമര ചത്വരം നമ്മുടെ പാരമ്പര്യത്തിന്റെ തിരിച്ചുപിടിക്കല്‍ പ്രക്രിയ കൂടിയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ആദ്യമായി വിമോചന ദൈവശാസ്ത്രം അവതരിപ്പിച്ചത് മലയാളി മുസ്‌ലിംകളായിരുന്നു. സാമ്രാജ്യത്വ അധിനിവേശത്തില്‍നിന്ന് സര്‍വ ജനങ്ങളെയും മോചിപ്പിക്കാന്‍ ഈ നാട്ടിലെ മുസ്‌ലിം പണ്ഡിതന്മാരുടെയും ബഹുജനങ്ങളുടെയും മുന്‍കൈയില്‍ നടന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളായിരുന്നു അത്. പതിനാറാം നൂറ്റാണ്ടിനു ശേഷം കൊളോണിയല്‍ വിരുദ്ധ പോരാട്ടം ലോകത്തില്‍ തന്നെ ആദ്യം വളര്‍ന്നുവന്ന നാടാണ് കേരളം. പിന്നീട് നൂറു വര്‍ഷം കുഞ്ഞാലി മരക്കാര്‍മാരുടെ നേതൃത്വത്തില്‍ മുസ്‌ലിം മുന്‍കൈയില്‍ ഇവിടെ പോരാട്ടം തുടരുന്നുണ്ട്. 1921 വരെയെങ്കിലും ആ സമരവികാരം കേരളീയ മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്നു. ആദ്യകാലത്ത് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനു പോലും ഈ വികാരമുണ്ടായിരുന്നു. 1936-ല്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി 1921-നു ശേഷം രാഷ്ട്രീയപരമായ ഷണ്ഡത്തമാണ് യഥാര്‍ഥത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തില്‍ സംഭവിച്ചത്. ലാറ്റിനമേരിക്കന്‍ നാടുകളിലെ നവ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും അറബ് നാടുകളിലെ മുല്ലപ്പൂ വസന്തവും സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളാണ്. പശ്ചിമേഷ്യയില്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ഉയര്‍ന്നുവരുമ്പോള്‍ അതില്‍ ഇസ്‌ലാമിന്റെ സ്വാധീനം പ്രകടമാവുക സ്വാഭാവികമാണ്. കാരണം അവിടത്തെ ജനങ്ങള്‍ ഇസ്‌ലാമിനെ ഒരു രാഷ്ട്രീയ ക്രമമായിട്ടാണ് മനസ്സിലാക്കുന്നത്. ഈ ഇസ്‌ലാം പറ്റില്ലെന്നു പറഞ്ഞാല്‍ അതിനര്‍ഥം അവരുടെ അസ്തിത്വത്തെ നാം അംഗീകരിക്കാന്‍ തയാറല്ല എന്നാണ്. കാരണം അവരുടെ വ്യക്തിപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സ്വത്വം ഇസ്‌ലാമുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്നതാണ്.
തങ്ങളുടെ അടിസ്ഥാന സ്വത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ജനാധിപത്യ ക്രമമാണ് ഓരോ ജനതയും രൂപപ്പെടുത്തുക. ലോകത്തെല്ലാ രാജ്യത്തുമുള്ള ജനാധിപത്യ ക്രമം അതുകൊണ്ടുതന്നെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഈജിപ്തിനിണങ്ങുന്ന ഒരു ജനാധിപത്യ ക്രമം പടച്ചുണ്ടാക്കിയെടുക്കാന്‍ ആ ജനതയെ സഹായിക്കുക എന്നതാണ് ഉത്തരവാദിത്വബോധമുള്ളവര്‍ ചെയ്യേണ്ടിയിരുന്നത്. അല്ലാതെ അവിടെ അമേരിക്കന്‍ മോഡല്‍ പുനരാവിഷ്‌കരിക്കുകയല്ല. ഈജിപ്തിലെ മുസ്‌ലിംകള്‍ക്കും പത്തു ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കുമിടയില്‍ വംശീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്ക ശ്രമിക്കും. സാമ്രാജ്യത്വമെന്നതിനെ നിസ്സംഗതയോടെയും ഭീകരത എന്ന ശബ്ദത്തെ ഏറെ ഭയപ്പാടോടെയും സമീപിക്കുന്ന നമ്മുടെ മനോഭാവം സാമ്രാജ്യത്വ പ്രചാരണത്തിന്റെ വിജയമാണ്. യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തോളം ഭീകരമായ മറ്റൊരനുഭവം ലോകത്തില്ല. ഈജിപ്ത് പ്രശ്‌നത്തിലും ഈ ഘടകമുണ്ട്.

എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി
(ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ്)
ഈജിപ്തിലെ ജനാധിപത്യ കശാപ്പിനെതിരെ സംഘടിപ്പിച്ച ഈ പ്രതിഷേധ ചത്വരത്തിന് സര്‍വ ആശംസകളും നേരുന്നു. ഈജിപ്ത് ഇന്ന് നമ്മെ വേദനിപ്പിക്കുന്ന ഒരനുഭവമാണ്. ഈജിപ്ത് അരക്ഷിതമാണ് എന്നതിന്റെ അര്‍ഥം മുസ്‌ലിം ലോകം അരക്ഷിതമാണ് എന്നാണ്. കാരണം, ലോക മുസ്‌ലിം ഭൂപടത്തില്‍ ഈജിപ്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമിനോട് ആശയപരമായി വിയോജിക്കുന്നവര്‍ പോലും ഈജിപ്തിലെ സൈനിക സാമ്രാജ്യത്വ ഇടപെടലിനോട് വിയോജിച്ചേ പറ്റൂ. അറബ് വസന്താനന്തര ലോകക്രമം എങ്ങനെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കാം എന്നായിരുന്നു അമേരിക്ക ആലോചിച്ചുകൊണ്ടിരുന്നത്. കാര്യങ്ങള്‍ തങ്ങളില്‍ നിന്ന് കൈവിട്ടുപോകുന്നു എന്ന് കണ്ടപ്പോഴാണ് സൈന്യത്തെ ഉപയോഗിച്ച് അമേരിക്ക ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ചത്.

പി. ബാബുരാജ്
കേരളത്തിലും ഇന്ത്യയിലും ലോകത്തൊക്കെയുമുള്ള ജനകീയ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിക്കുന്ന ഒരു സിനിമാ പ്രവര്‍ത്തകനാണ് ഞാന്‍. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലചിത്ര മേളയില്‍ പശ്ചിമേഷ്യയിലെ മുലപ്പൂ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചില സിനിമകള്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ജനാധിപത്യം വേണം എന്നായിരുന്നു ആ അഭൂതപൂര്‍വമായ ജനമുന്നേറ്റം വിളിച്ചുപറയുന്ന പ്രധാന മുദ്രാവാക്യം. വരേണ്യ വര്‍ഗത്തിന്റെ സമരമായിരുന്നില്ല മുല്ലപ്പൂ വസന്തത്തിലേക്ക് നയിച്ച പ്രക്ഷോഭങ്ങള്‍. ഏറ്റവും സാധാരണക്കാരുടെ സമരമായിരുന്നു അത്. കാരണം, ഏകാധിപത്യ ഭരണകൂടങ്ങളുടെ കെടുതികള്‍ അനുഭവിക്കേണ്ടിവന്നവര്‍ അവരായിരുന്നു. ഈജിപ്തിലെ സൈന്യം വലിയൊരു അധികാരകേന്ദ്രമാണ്. മുബാറക്കിനെ സൈന്യം കൈയൊഴിഞ്ഞപ്പോഴാണ് മുബാറക്കിന് അധികാരം വിടേണ്ടിവന്നത്. അമേരിക്ക ഇപ്പോള്‍ അതേ സൈന്യത്തെ ഉപയോഗിച്ചാണ് തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത്. കാരണം ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ അമേരിക്ക ആദ്യഘട്ടത്തില്‍ ശരിക്കും പകച്ചുപോയിരുന്നു.
മുര്‍സി ചെയ്ത തെറ്റ് ഈ സൈനികാധികാരത്തില്‍ കൈവച്ചു എന്നതാണ്. സൈന്യത്തിന്റെ അധികാരം വെട്ടിക്കുറക്കാനും അതിനെ പ്രസിഡന്റിന്റെ കീഴില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. അപ്പോള്‍ ജനാധിപത്യ സ്ഥാപനത്തിനു വേണ്ടിയാണ് മുര്‍സിയെ പുറത്താക്കിയത് എന്നു പറയുന്നത് വിരോധാഭാസമാണ്. ജനാധിപത്യം നിലനിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ജനാധിപത്യ അവകാശങ്ങള്‍ റദ്ദ് ചെയ്തതിന്റെ അനുഭവങ്ങള്‍ ഇന്ത്യയില്‍ പോലുമുണ്ട്. ജനകീയ സമരങ്ങള്‍ പ്രാദേശിക തലത്തില്‍ മാത്രം ഒതുങ്ങിപ്പോവുന്ന കേരളീയ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു സമരചത്വരം സംഘടിപ്പിച്ചത് എന്നെ ആവേശഭരിതനാക്കുന്നു.

വി.എം സുലൈമാന്‍ മൗലവി (ഇമാം ചേരമാന്‍ ജുമാ മസ്ജിദ് കൊടുങ്ങല്ലൂര്‍)
ഈ സമരചത്വരത്തിന് ഇന്ത്യന്‍ മുസ്‌ലിംകളുടെ തന്നെ പിന്തുണ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, ഇന്ത്യയില്‍ തന്നെ ആദ്യമായി സ്ഥാപിക്കപ്പെട്ട ജുമുഅത്ത് പള്ളിയുടെ ഇമാമാണ് ഞാന്‍. നിങ്ങള്‍ക്കെങ്ങനെയാണ് ഇങ്ങനെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നത് എന്ന് പാടി നടന്നിരുന്ന സൂഫി മഹതിയായിരുന്നു റാബിഅത്തുല്‍ അദവിയ്യ. അവരുടെ പേരില്‍ സ്ഥാപിച്ച ചത്വരത്തിലാണ് ഈജിപ്തിലെ ജനങ്ങള്‍ ഇന്ന് അനീതിക്കെതിരെ ഉറങ്ങാതെ സമരം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. അനീതിയും അക്രമവും അഴിഞ്ഞാടുന്ന ഇക്കാലത്ത് നമുക്കും നിസ്സംഗരായിരിക്കാന്‍ കഴിയില്ല. അധിനിവേശത്തിനെതിരെയും അനീതിക്കെതിരെയും ആദര്‍ശത്തില്‍ ഉറച്ചുനിന്ന് സമരം ചെയ്യാന്‍ മുസ്‌ലിം സമൂഹം ബാധ്യസ്ഥമാണ്.

അഡ്വ. കെ.പി മുഹമ്മദ് (കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി)
സാമ്രാജ്യത്വം ആധുനികകാലത്ത് നടത്തിയ ഏറ്റവും കിരാതമായ ഇടപെടലായിരുന്നു ഇറാഖ് അധിനിവേശവും സദ്ദാം ഹുസൈന്റെ വധവും. അന്ന് യഥാര്‍ഥത്തിലൊരു പ്രതിഷേധ ചത്വരം തീര്‍ക്കാന്‍ കഴിയാതെ പോയ ജനമാണ് നാം. ആഗോള മുസ്‌ലിംകളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തന്നെ ഭാഗമായി ഖിലാഫത്ത് പ്രക്ഷോഭം രൂപപ്പെട്ടുവന്നത് അതിന്റെ കൂടി ഭാഗമാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ മുസ്‌ലിംകളുടെ ധീരതയും ആത്മാര്‍ഥതയും ചരിത്രം അനുഭവിച്ചറിഞ്ഞതാണ്. അലി സഹോദരന്മാരെ ജയിലിലടച്ചപ്പോള്‍ അവരുടെ ഉമ്മയെ ആശ്വസിപ്പിക്കാന്‍ ചെന്ന ഗാന്ധിജിയെ ഉമ്മയുടെ വാക്കുകളിലെ ധീരതയും ചങ്കൂറ്റവും വിസ്മയിപ്പിക്കുകയുണ്ടായി.

ടി.എം ജോയ്
ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എനിക്ക് മടിയില്ല. ഇസ്‌ലാമോഫോബിയയുടെ ഭാഗമായി മടിച്ചുനില്‍ക്കുന്നവരും ചിന്തിച്ചു നില്‍ക്കുന്നവരുമായി പലരുമുണ്ട്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു ഭരണകൂടമാണ് അവിടത്തേത്. തെരഞ്ഞെടുപ്പിലൂടെ ഫാഷിസം അധികാരത്തില്‍ വരുന്നതുപോലും ഒരു രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാതിരിക്കുന്നതിനേക്കാളും എത്രയോ ഭേദമാണ്. ഈജിപ്തിലെ ജനാധിപത്യ സമരത്തിലും ഏറെ സവിശേഷതകള്‍ ഉണ്ട്. ആയിരക്കണക്കിന് ആണും പെണ്ണും ഒത്തുചേരുന്ന ഈ സമരചത്വരത്തില്‍ അക്രമങ്ങളോ അധാര്‍മിക പ്രവര്‍ത്തനങ്ങളോ സമരക്കാര്‍ സൃഷ്ടിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതവരുടെ ജീവിത മൂല്യത്തിന്റെയും ആദര്‍ശത്തിന്റെ ഭാഗമാണ്.

കെ. അന്‍വര്‍ സാദത്ത് എം.എല്‍.എ
ഈജിപ്തിലെ ജനാധിപത്യ കശാപ്പിനെതിരായ ഈ പ്രക്ഷോഭത്തിന് എന്റെ പിന്തുണയുണ്ട്. കാരണം, ഇത് ജ നാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഒരു രാജ്യത്ത് ജനാധിപത്യ പ്രക്രിയക്കേല്‍ക്കുന്ന പോറലുകള്‍ രാജ്യത്തെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അത് നമ്മുടെ രാജ്യത്തിനും ഒരു പാഠമാകേണ്ടതാണ്. ജനാധിപത്യത്തെ ക്ഷയിപ്പിച്ച് അധികാരത്തില്‍ വരാന്‍ വര്‍ഗീയ ശക്തികള്‍ ഇന്നിവിടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

മുഹമ്മദ് റജീബ്
(പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി)
ലോകത്ത് നടക്കുന്ന ഏകാധിപത്യ വിരുദ്ധ സമരങ്ങള്‍ കര്‍ബലാ വിപ്ലവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് അലി ശരീഅത്തിയുടെ ഒരു വിലയിരുത്തലുണ്ട്. മര്‍ദകനായ ഭരണാധികാരിക്കെതിരെ ജനാധിപത്യ പക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടമായിരുന്നു കര്‍ബല. ആ ചരിത്രത്തിന്റെ പുനര്‍ജനിയാണ് യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഈജിപ്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യത്തോട് തികഞ്ഞ മൗനം പാലിച്ച സൈന്യമാണ് ജനാധിപത്യത്തിന്റെ വായ്ത്താരിയുമായി മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ചത് എന്നത് വിരോധാഭാസമാണ്. ഇതിനോട് മൗനം പാലിക്കുന്നവര്‍ ജനവിരുദ്ധതയുടെയും ജനാധിപത്യ വിരുദ്ധതയുടെയും പക്ഷത്താണ് നിലയുറപ്പിക്കുന്നത്.

അഡ്വ. കെ. നന്ദിനി
ഇതൊരു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായ സമരചത്വരമാണ് എന്നതാണിതിനെ ചരിത്രത്തില്‍ പ്രസക്തമാക്കുന്നത്. കാരണം, സകല മര്യാദകളും സാമാന്യ നിയമങ്ങളുമാണ് സാമ്രാജ്യത്വം നിരന്തരം ലംഘിക്കുന്നത്. തങ്ങളുടെ താല്‍പര്യം എന്നത് മാത്രമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ സാമ്രാജ്യത്വവിരുദ്ധ ശക്തി ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് ഇക്കാലത്തെ ഏറ്റവും വലിയ മാനവിക പ്രവര്‍ത്തനമാണ്.

പ്രഫ. എ.പി അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി)
ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന മുര്‍സിക്ക് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു എന്നാരോപിക്കുന്നതില്‍ അര്‍ഥമില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്ക സംഘടിപ്പിച്ച അതേ സൈനിക അട്ടിമറിയാണ് ഈജിപ്തിലും സംഘടിപ്പിച്ചിരിക്കുന്നത്. ഷാവേസിനു വേണ്ടി ശബ്ദമയുര്‍ത്താനുള്ള അതേ ന്യായം തന്നെ മതി മുര്‍സിക്കുവേണ്ടിയും ശബ്ദിക്കാന്‍. സൈനിക അട്ടിമറിയോട് കാണിക്കുന്ന നിസ്സംഗത സാമ്രാജ്യത്വത്തോട് കാണിക്കുന്ന നിസ്സംഗത തന്നെയാണ്.

എസ്. ഇര്‍ഷാദ് (പ്രസിഡന്റ്, എസ്.ഐ.ഒ കേരള)
സമാധാനത്തിന് നൊബേല്‍ സമ്മാനം നേടിയ വ്യക്തിയാണ് അല്‍ബറാദഇ. സൈനിക ഭരണകൂടത്തിന്റെ ശിങ്കിടിയായി മാറിയ അല്‍ബറാദഇ ആ പദവി തന്നെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തില്‍ നിന്ന് നൊബേല്‍ സമ്മാനം തിരിച്ചെടുക്കണം. ഈജിപ്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക, ആത്മീയ രാഷ്ട്രീയത്തിന് കരുത്ത് പകരുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ കാമ്പസുകളില്‍ എസ്.ഐ.ഒ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.

ടി. മുഹമ്മദ് വേളം
(സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്)
വിമോചന പോരാട്ടങ്ങളുടെ മാതൃ മാസമാണ് റമദാന്‍. ബദ്ര്‍ സത്യാസത്യ വിവേചനത്തിന്റെ ദിനമായിരുന്നുവെങ്കില്‍ ഈജിപ്തിലെ ഈ സംഭവ വികാസങ്ങള്‍ സത്യാസത്യ വിവേചനങ്ങളുടെ മറ്റൊരു കാലത്തെയാണ് കുറിക്കുന്നത്. ഈ റമദാനില്‍ ആത്മീയതയുടെയും രാഷ്ട്രീയത്തിന്റെയും വിളംബരം തീര്‍ക്കാനായത് ഈജിപ്തിലെ സാഹചര്യങ്ങളാണ്. എന്തു വേഷമണിഞ്ഞാലും ആത്യന്തികമായി ഇസ്‌ലാം ജനാധിപത്യവിരുദ്ധ പക്ഷത്തായിരിക്കും എന്നാണ് ഇതുവരെ പലരും പറഞ്ഞിരുന്നത്. ഇപ്പോള്‍ ആരാണ് യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ പക്ഷത്തെന്നും ആരാണ് ജനാധിപത്യ വിരുദ്ധ പക്ഷത്തെന്നും വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

എന്‍.പി ചെക്കുട്ടി (എഡിറ്റര്‍ തേജസ്)
ഈജിപ്തില്‍ മാത്രമല്ല ലോകത്തുള്ള ഏത് ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് പിന്നിലും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടല്‍ കാണാന്‍ കഴിയും. മുര്‍സി ഭരണകൂടത്തിന്റെ വളര്‍ച്ച അമേരിക്കയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ഒപ്പം ഇസ്രയേലിന്റെ ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്വത്തെയും പ്രതികൂലമായി ബാധിക്കും. അതിന്റെ പ്രവണതകള്‍ മുര്‍സി പ്രകടിപ്പിച്ചിരുന്നു. ജനാധിപത്യത്തെക്കുറിച്ച് സാമ്രാജ്യത്വ അനുകൂലമായ സിദ്ധാന്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് ഏറെ അപകടകരമാണ്.

അഡ്വ. എന്‍.എം സിദ്ദീഖ്
ഈജിപ്തിലെ ജനാധിപത്യ കുരുതിക്കെതിരെ ഇത്തരമൊരു പരിപാടി ഇന്ത്യയിലെ തന്നെ ആദ്യാനുഭവമാണ്. ഇതിനു കേവലം പിന്തുണ നല്‍കാനല്ല, ഇതിനോടൊപ്പം അണിചേരാനാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഡോ. അബ്ദുസ്സലാം അഹ്മദ്
ഈജിപ്തിലെ സൈനിക ഭരണകൂടവും അമേരിക്കയും അറബ് ഏകാധിപതികളും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഈജിപ്തിന്റെ തെരുവില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തെ അത്ര എളുപ്പത്തില്‍ മറികടക്കാന്‍ കഴിയില്ല. കാരണം, അത്രയേറെ ജനപിന്തുണയുള്ള കക്ഷിയാണ് ഇഖ്‌വാന്‍. മരിക്കാനാണെങ്കില്‍ അവര്‍ക്കൊട്ടും ഭയവുമില്ല. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വീണ്ടും അവര്‍ തന്നെ അധികാരത്തില്‍ വരും. പ്രക്ഷോഭവും സമരവും ആരാധനയുടെയും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെയും തന്നെ ഭാഗമായി മാറുന്ന കാഴ്ചയാണ് ഈജിപ്തിലേത്. ഇഅ്തികാഫ് സുന്നത്താണെന്നും ഇപ്പോള്‍ തെരുവിലിറങ്ങി സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നയിക്കേണ്ടത് ഫര്‍ദ് ഐന്‍ (വ്യക്തിപരമായ ബാധ്യത) ആണെന്നും ഫത്‌വ നല്‍കിയ സലഫീ പണ്ഡിതന്മാര്‍ പോലും ഈജിപ്തിലുണ്ട്.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
ഖുര്‍ആന്‍, രാമായണം എന്നീ പ്രമുഖ ധര്‍മ ഗ്രന്ഥങ്ങളുടെ അവതരണം കൊണ്ടനുഗൃഹീതമായ മാസത്തിലാണ് ഈ പ്രതിഷേധ സംഗമം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് ആത്മീയ തലമുള്ള രാഷ്ട്രീയ സമരമാണ്. അത്തരം സമരങ്ങളെ എളുപ്പം തകര്‍ക്കാനോ പരാജയപ്പെടുത്താനോ കഴിയില്ല. ജനഹിതത്തെ മാനിക്കാന്‍ സാമ്രാജ്യത്വം ശീലിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

സി.എം മൗലവി ആലുവ (കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ്)
ഈജിപ്ത് നേടിയത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമായിരുന്നു. എന്നാല്‍, അതിനെ നിലനിര്‍ത്താനാവശ്യമായ സാംസ്‌കാരികവും വിദ്യാഭ്യാസപരവും മറ്റുമായ ഘടകങ്ങള്‍ ആധുനിക ഈജിപ്തിലുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. സമ്പൂര്‍ണ സ്വാതന്ത്ര്യം നേടി എന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിനു പോലും സാമ്രാജ്യത്വ കൈകടത്തലുകളില്‍ നിന്നും അധിനിവേശമൂല്യങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ല എന്നത് നാമോര്‍ക്കണം.

പി. റുക്‌സാന (ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്)
ഈജിപ്തിലെ ജനാധിപത്യ പോരാട്ടം അനിതരസാധാരണമായ പടയാളികളെയാണ് ലോകത്തിന് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള ഈ സമരത്തില്‍ സ്ത്രീകളും കുട്ടികളും ആവേശത്തോടെ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. മരണം ഉറപ്പാകുന്ന പോരാട്ടത്തിനാണ് ഇവര്‍ ആവേശത്തള്ളിച്ചയില്‍ പുറപ്പെട്ടുവരുന്നത്. ഇത് മുസ്‌ലിം സ്ത്രീയെക്കുറിച്ച മാധ്യമ/മതേതര പ്രചാരണങ്ങളെ പൊളിക്കുന്ന കാഴ്ചകൂടിയാണ്.

കെ.കെ ബാബുരാജ്
അറബ് വസന്താനന്തരം രൂപപ്പെട്ടുവരുന്ന സാമൂഹിക വിപ്ലവാന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിന്റെ തന്നെ ഭാഗമാണ് ഈജിപ്തിലെ പട്ടാള അട്ടിമറിയും. അതിനെ കേവലമൊരു സാമ്രാജ്യത്വ അട്ടിമറിയായി മാത്രം വിശകലനം ചെയ്യുന്നത് വളരെ അപൂര്‍ണമായിരിക്കും. മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളായ സെക്യുലര്‍ വരേണ്യതയുടെ ഡീപ്പ് സ്റ്റേറ്റാണ് മുര്‍സിയുടെ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞത്. ഇതിനെ ഓര്‍മപ്പെടുത്തുന്ന നിഷ്‌കാസന പ്രക്രിയയാണ് ഇന്ത്യയില്‍ മുമ്പ് വി.പി സിംഗ് സര്‍ക്കാറിനു നേരെ സംഭവിച്ചത്. ഒട്ടേറെ പിന്നാക്ക കീഴാള വര്‍ഗ മൂല്യങ്ങളും താല്‍പര്യങ്ങളും ഒത്തുചേര്‍ന്ന ആ സര്‍ക്കാറിനെ സഹിക്കാന്‍ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയിലെ സവര്‍ണ ഡീപ്പ് സ്റ്റേറ്റിനു സാധ്യമല്ല എന്നതായിരുന്നു അന്ന് സംഭവിച്ചത്. ആധുനിക ജനാധിപത്യ പ്രക്രിയയില്‍ ആത്മാര്‍ഥതയോടെ ആരാണ് പങ്കാളിത്തം വഹിക്കുന്നത് എന്നതിന്റെ കൂടി ദൃഷ്ടാന്തമാണ് ഈജിപ്തിലെ സംഭവവികാസങ്ങള്‍. ഇസ്‌ലാമിക നവോത്ഥാന പ്രക്രിയയില്‍ എന്നും കൂടെ നിന്നത് അടിസ്ഥാന ജനവിഭാഗങ്ങളായിരുന്നു. അവര്‍ തന്നെയാണ് മുര്‍സിയെ ഭരണത്തിലേറ്റിയതും. അതിനെ മറികടക്കാന്‍ സെക്യുലര്‍ വരേണ്യതക്ക് മുന്നില്‍ അട്ടിമറിയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. ഈജിപ്തിലെ സംഭവവികാസങ്ങള്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യ പ്രവര്‍ത്തനത്തില്‍ ചരിത്രപ്രധാനമായ അന്തസ്സ് നേടിത്തരുന്നതാണ്.

ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍
ഈജിപ്തിലെ ജനാധിപത്യ കശാപ്പിന് പിന്നില്‍ അമേരിക്കയുടെ താല്‍പര്യമാണ്. ജനസ്വാധീനം നഷ്ടപ്പെട്ട ഭരണകൂടത്തെ മാറ്റേണ്ടത് അട്ടിമറിയിലൂടെയല്ല, ബാലറ്റ് പെട്ടിയിലൂടെയാണ്. ഇത് ജനാധിപത്യത്തോടും നിയമവാഴ്ചയോടും ഐക്യരാഷ്ട്ര സഭയുടെ തന്നെ മാര്‍ഗനിര്‍ദേശത്തോടുമുള്ള വെല്ലുവിളിയാണ്. ഈജിപ്തിലെ പ്രക്ഷോഭകര്‍ നിരായുധരാണ്. അവരെയാണ് സൈന്യം സായുധമായി അടിച്ചമര്‍ത്തുന്നത്.

ശൈഖ് മുഹമ്മദ് കാരകുന്ന്
സാമ്രാജ്യത്വ ശക്തികളുടെ കാര്‍മികത്വത്തില്‍ അറബ് ഭരണാധികാരികളുടെ പിന്തുണയില്‍ തുര്‍ക്കി ഖിലാഫത്തിനെ തകര്‍ക്കാന്‍ ശ്രമം നടന്നപ്പോള്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ അതിനെതിരെ പ്രക്ഷോഭമുയര്‍ന്നുവന്ന പാരമ്പര്യമുള്ള നാടാണിന്ത്യ. അതുകൊണ്ടുതന്നെ ഗാന്ധിജിയെ ആദരിക്കുന്ന ഇന്ത്യയിലെ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഈജിപ്തിലെ സംഭവവികാസങ്ങളില്‍, ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകണം. ബദ്ര്‍ സംഭവത്തില്‍ ആവേശം കൊള്ളുന്ന മുസ്‌ലിം സമൂഹം ബദ്‌റിനു സമാനമായ ഈജിപ്തിലെ പുതിയ സംഭവവികാസത്തോട് ഐക്യദാര്‍ഢ്യപ്പെടണം.

കെ.കെ കൊച്ച്
സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം ഉയര്‍ന്നുവന്ന ചര്‍ച്ച മുതലാളിത്തത്തിന് ബദല്‍ ഇല്ല എന്നതായിരുന്നു. ആ ധാരണയെ തിരുത്തിക്കൊണ്ടാണ് മധ്യപൂര്‍വേഷ്യയില്‍ നിന്ന് ശക്തമായ പ്രതികരണങ്ങളും പ്രസ്ഥാനങ്ങളും ഉയര്‍ന്നുവന്നത്. അതേസമയം ആ നാടുകളിലെ ഭരണകൂടങ്ങള്‍ അമേരിക്കയുമായി ചേര്‍ന്നുനില്‍ക്കുന്നവരുമാണ്. അതുകൊണ്ടുതന്നെ അത്തരം പ്രസ്ഥാനങ്ങള്‍ എളുപ്പം അടിച്ചമര്‍ത്തപ്പെടും എന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. അതിനെ തെറ്റിച്ചുകൊണ്ടാണ് അടിസ്ഥാന ജനവിഭാഗത്തില്‍ നിന്നും സാമ്രാജ്യത്വ വിരുദ്ധ/ ഭണരവിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്. മതവിഭാഗങ്ങളുടെയും അടിസ്ഥാന ജനവിഭാഗത്തിന്റെയും രാഷ്ട്രീയ സമരങ്ങളോട് ഐക്യപ്പെടുന്ന രാഷ്ട്രീയമാണ് ലോകത്തിനി അതിജീവിക്കാന്‍ പോകുന്നതും.

പി. മുജീബുര്‍റഹ്മാന്‍ (ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി)
ഈ പ്രതിഷേധ ചത്വരം നീതിബോധമുള്ള കേരളത്തിലെ മുഴുവന്‍ ആശയധാരകളുടെയും പ്രതിഷേധ ചത്വരമാണ്. പ്രതിഷേധവും പ്രാര്‍ഥനയും ഒത്തുചേരുന്ന അത്യപൂര്‍വ സംഗമമാണിത്. അങ്ങ് ദൂരെ ഈജിപ്തിന്റെ തെരുവില്‍ പിടഞ്ഞുവീഴുന്ന രക്തസാക്ഷികളോടും പോരാളികളോടുമുള്ള ഐക്യദാര്‍ഢ്യവും പ്രാര്‍ഥനയുമാണിത്. കേരളത്തിനിതൊരു പുത്തന്‍ സമരാനുഭവം കൂടിയാണ്.

കെ.സി വര്‍ഗീസ്
ഒരുകാലത്ത് അധിനിവേശ ശക്തികളുടെ വിപുലമായ കോളനികളായിരുന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. ചരിത്രത്തില്‍ അതിനും മുമ്പ് ഏറെ അജ്ഞരായ ജനസമൂഹവുമായിരുന്നു അവര്‍. ഇസ്‌ലാമാണ് ഈ രണ്ട് ദുരന്തങ്ങളില്‍നിന്നും അവരെ മോചിപ്പിച്ചത്. സാമ്രാജ്യത്വ ശക്തികള്‍ക്കിഷ്ടം അനുഷ്ഠാന ഇസ്‌ലാമോ അന്ധവിശ്വാസ ഇസ്‌ലാമോ മാത്രമാണ്. രാഷ്ട്രീയ ഇസ്‌ലാമിനെ അവര്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ അതിനെ താറടിക്കുക എന്നത് അവരുടെ പ്രധാന ദൗത്യവുമാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കമാണ് യഥാര്‍ഥത്തില്‍ ചരിത്രത്തില്‍ മുസ്‌ലിം സമൂഹത്തെ കോളനിവാഴ്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ഇല്‍യാസ് മൗലവി
മുഹമ്മദ് മുര്‍സിക്ക് ചില അബദ്ധങ്ങള്‍ സംഭവിച്ചു എന്നാണ് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതൊരര്‍ഥത്തില്‍ സൈനിക പ്രചാരണത്തിന്റെ തന്നെ ഭാഗമാണ്. ലോകത്ത് സമാനതകളില്ലാത്ത ജനാധിപത്യ സ്വഭാവമാണ് മുര്‍സി തന്റെ ജനങ്ങളോടും രാഷ്ട്രീയ പ്രതിയോഗികളോടു പോലും അനുവര്‍ത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റ കക്ഷികളെ പോലും തന്റെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച ഭരണാധികാരിയായിരുന്നു മുര്‍സി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍