Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

ഈജിപ്ഷ്യന്‍ സംഭവങ്ങളും ചരിത്രാനുഭവങ്ങളും

ലേഖനം / ശൈഖ് മുഹമ്മദ് കാരകുന്ന്

ചിലര്‍ ചോദിക്കുന്നു; ഇതെന്താ ഇങ്ങനെ? ഇത്രയൊക്കെയായിട്ടും എന്താ അല്ലാഹു ഇടപെടാത്തത്? ഈജിപ്തില്‍ അവന്റെ ആള്‍ക്കാര്‍ ഏഴു പതിറ്റാണ്ടോളം കാലം കഠിനമായ പീഡനങ്ങളനുഭവിച്ചു. ഹ്രസ്വമായ ഇടവേളയില്‍ മോചനം കിട്ടി. അവര്‍ അധികാരത്തില്‍ വന്നു. ഒരു കൊല്ലം കഴിയും മുമ്പേ പിഴുതു മാറ്റപ്പെട്ടു. വീണ്ടുമിതാ തുല്യതയില്ലാത്ത കൊടുംപീഡനങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കെതിരെ നടക്കുന്ന അനീതി പ്രകടമാണ്. അവരനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ വിവരണാതീതവും.
പ്രവാചകന്റെ സാന്നിധ്യത്തില്‍ അവിടുത്തെ അനുയായികള്‍ പോലും പടക്കളത്തില്‍ നിന്ന് പിന്തിരിഞ്ഞോടിയിട്ടുണ്ട്. ഉഹുദില്‍ അവര്‍ പതറിയിട്ടുണ്ട്. എന്നാല്‍, ബ്രദര്‍ഹുഡ്ഡിന്റെ പ്രവര്‍ത്തകര്‍ നിരായുധരായി എല്ലാറ്റിനെയും നേരിടുന്നു. തുരുതുരാ വെടിവെപ്പ് നടക്കുമ്പോഴും സമര ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്നു. അടുത്തുള്ളവര്‍ വെടിയേറ്റ് വീണ് പിടയുമ്പോഴും അടിപതറാതെ പിടിച്ചുനില്‍ക്കുന്നു. ക്രൂരമായി കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും നേരിയ ചാഞ്ചല്യം പോലും പ്രകടിപ്പിക്കുന്നില്ല. ബ്രദര്‍ഹുഡ്ഡിന്റെ നേതാവിന്റെ മകനും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി നായകന്റെ മകളും രക്തസാക്ഷികളായി. ഇരുവരും അതിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. ദൈവവിധിയില്‍ തൃപ്തിയടഞ്ഞു. ഇത്രമാത്രം മരണത്തെ പേടിക്കാത്ത പോരാളികളെ ചരിത്രം അത്യപൂര്‍വമായേ കണ്ടിട്ടുള്ളൂ. രക്തസാക്ഷ്യത്തെ ഇവ്വിധം കൊതിച്ചവരെയും. എന്നിട്ടും അല്ലാഹുവിന്റെ സഹായം വന്നെത്താത്തതെന്താണ്?
അല്ലാഹു അവന്റെ അടുത്ത് അത്യുന്നത സ്ഥാനം കരുതിവെച്ചതുകൊണ്ടുതന്നെ. അവന് അവര്‍ ഏറ്റം പ്രിയപ്പെട്ടവരായതുകൊണ്ടും. ക്ഷണികമായ ഈ ജീവിതത്തിലെ പരിമിത സുഖത്തിനു പകരം അനശ്വര ജീവിതത്തിലെ അതിരുകളില്ലാത്ത സൗകര്യവും സൗഭാഗ്യവും അവര്‍ക്ക് നല്‍കാന്‍ അവന്‍ തീരുമാനിച്ചിരിക്കുന്നു. ആരാണ് അതിന് അര്‍ഹരെന്ന് അവന്‍ നിശ്ചയിക്കുന്നത് ഇങ്ങനെത്തന്നെയാണ്. കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് കണക്കാക്കാനാവാത്ത പ്രതിഫലം ലഭിക്കുക. തീ തൊടാത്ത തങ്കത്തിന് തിളക്കമില്ല. ആയാസമില്ലാതെ അത്യുന്നതിയിലെത്തില്ല. ഇതൊക്കെയും അല്ലാഹു തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഉഹുദിന്റെ പശ്ചാത്തലത്തില്‍ അവന്‍ പറയുന്നു: ''നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് അവര്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണിത്. നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല. അല്ലാഹുവിന് സത്യവിശ്വാസികളെ കറകളഞ്ഞെടുക്കാനാണിത്. സത്യനിഷേധികളെ തകര്‍ക്കാനും'' (3:140,141).
''അല്ല; നിങ്ങള്‍ വെറുതെയങ്ങ് സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? നിങ്ങളില്‍ നിന്ന് ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെയും ക്ഷമയവലംബിക്കുന്നവരെയും തിരിച്ചറിഞ്ഞിട്ടല്ലാതെ'' (3:142).
''പറയുക, നിങ്ങള്‍ മരണത്തെയോ കൊലയെയോ പേടിച്ചോടുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. പിന്നെ ജീവിതമാസ്വദിക്കാന്‍ ഇത്തിരി കാലമല്ലാതെ നിങ്ങള്‍ക്ക് കിട്ടുകയില്ല'' (33:16).
പരലോകത്തു മാത്രമല്ല, ഭൂമിയിലും വിജയിക്കുക കൊടും പീഡനങ്ങളേറ്റു വാങ്ങുന്ന വിശ്വാസികളാണ്. കാലമിതിനു സാക്ഷിയാണ്. ഭൂമിയില്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ വേണ്ടത് മനശ്ശാന്തിയും സല്‍പേരുമാണല്ലോ. മനസ്സമാധാനമുണ്ടെങ്കില്‍ മറ്റൊന്നും പ്രശ്‌നമല്ല. അതോടൊപ്പം ഏറെ പേരും ഏറ്റവും കൂടുതല്‍ അധ്വാനിക്കുന്നത് സമൂഹത്തില്‍ സല്‍പേരുണ്ടാക്കാനും പിന്മുറക്കാരില്‍ അത് നിലനിര്‍ത്താനുമാണ്. ഇത് രണ്ടും മര്‍ദകര്‍ക്ക് അന്യവും മര്‍ദിതര്‍ക്ക് സുലഭവുമാണ്.
ഹാബീല്‍ ക്രൂരമായി കൊല്ലപ്പെട്ടു. എന്നാല്‍ സമാധാനത്തോടെയാണ് ജീവിച്ചത്. ശാന്തനായാണ് മരണപ്പെട്ടത്. ചരിത്രത്തില്‍ അദ്ദേഹം അനശ്വരത നേടി. വേദഗ്രന്ഥങ്ങളില്‍ വാഴ്ത്തപ്പെട്ടു. തലമുറകളിലൂടെ എണ്ണിയാലൊടുങ്ങാത്ത ജനകോടികളുടെ മനസ്സുകളില്‍ ഇടം നേടി. മറുഭാഗത്ത് കൊലയാളിയായ ഖാബീലോ? ഭൂമിയില്‍ കൊടിയ ദുഃഖത്തിനകപ്പെട്ടു. കടുത്ത അപമാനഭാരത്താല്‍ വിലപിക്കേണ്ടിവന്നു. ''കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ'' (5:31). അവന്‍ ചരിത്രത്തില്‍ അപമാനിതനും അഭിശപ്തനുമായി; ജനകോടികളാല്‍ വെറുക്കപ്പെട്ടവനും. കൊടും കുറ്റവാളിയെന്ന് കാലം വിധിയെഴുതി.
തീകുണ്ഡത്തിലെറിയപ്പെട്ട ഇബ്‌റാഹീം നബി ചരിത്രത്തില്‍ അതുല്യനായി. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്നവനും അംഗീകരിക്കപ്പെടുന്നവനുമായി. ജനകോടികള്‍ ദിനംപ്രതി നിരവധി തവണ അദ്ദേഹത്തെ ആദരവോടെ അനുസ്മരിക്കുന്നു. വേദഗ്രന്ഥം അദ്ദേഹത്തെ ദൈവത്തിന്റെ മിത്രമെന്ന് വിശേഷിപ്പിച്ചു (4:125). സ്വയം ഒരു സമുദായമായവനെന്നും (16:120).
തീക്കുണ്ഡമൊരുക്കിയ നംറൂദോ? ചരിത്രത്തില്‍ അഭിശപ്തനും വെറുക്കപ്പെട്ടവനുമായി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പോലും അയാളെ ആദരിക്കുന്നില്ല.
ഒട്ടേറെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും തരണം ചെയ്യേണ്ടിവന്ന മൂസാ നബി മര്‍ദിതരുടെ മോചകനായി ചരിത്രത്തില്‍ അനശ്വരത നേടി. പരിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടവനായി. മര്‍ദകനും കടുത്ത സ്വേഛാധിപതിയുമായ ഫിര്‍ഔനും കൂട്ടുകാരുമോ? അവര്‍ ചെങ്കടലില്‍ മുങ്ങിച്ചത്തു. അവന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശപിക്കപ്പെട്ടവനായി.
കാലം കണ്ട എല്ലാ പ്രവാചകന്മാരുടെയും പുണ്യ പുരുഷന്മാരുടെയും അവരുടെ പ്രതിയോഗികളുടെയും അനുഭവവും ഇതുതന്നെ.
ബിലാലിനെ ഉമയ്യത്ത് ചുട്ടുപഴത്ത മണലില്‍ കിടത്തി, നെഞ്ചത്ത് കല്ലുവെച്ച് വലിച്ചിഴക്കുകയും ചാട്ടവാറ് കൊണ്ട് അടിക്കുകയും ചെയ്തു. ശരീരം വേദന കൊണ്ട് പുളയുമ്പോഴും ബിലാലിന്റെ മുഖത്ത് ചെറുചിരി. ചുണ്ടുകള്‍ അനല്‍പമായ അഭിമാനത്തോടെയും ആഹ്ലാദത്തോടെയും അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഉമയ്യത്തോ? അയാള്‍ നാണം കെട്ടു. അവസാനം ബിലാലിന്റെ കാതുകളില്‍ കെഞ്ചി: 'നോക്കൂ, ഈ ആളുകളൊക്കെ നോക്കിനില്‍ക്കുന്നു. ഞാന്‍ വല്ലാതെ മാനക്കേടിലായിരിക്കുന്നു. മുഹമ്മദിനെ ഒന്ന് തള്ളിപ്പറയൂ. ഒന്നു സഹായിക്കൂ.'
ബിലാല്‍ ചരിത്രത്തില്‍ അഭിമാനകരമായ സ്ഥാനം നേടി. ജനകോടികളുടെ മനസ്സില്‍ അനശ്വരത നേടി. എന്നാല്‍, ഉമയ്യത്തിന്റെ അന്ത്യം പോലും അത്യന്തം അപമാനകരമായിരുന്നു. ചരിത്രത്തില്‍ അയാള്‍ അഭിശപ്തനായി. അമ്മാറിന്റെയും യാസിറിന്റെയും സുമയ്യയുടെയും ഖബ്ബാബിന്റെയും ഖുബൈബിന്റെയും അവരെയൊക്കെ പീഡിപ്പിച്ചവരുടെയും അനുഭവം ഇതിനു സമാനം തന്നെ.
ഈജിപ്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അനുഭവവും ഭിന്നമല്ല. ഇമാം ഹസനുല്‍ ബന്നായെ വെടിവെച്ചു കൊന്നവര്‍ ചരിത്രത്തില്‍ ചപ്പുചവറുകള്‍ പോലെ അവഗണിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ജനകോടികളുടെ ആവേശവും പ്രചോദനവുമായി മാറി. അറബ് വസന്തത്തിന്റെ ഇന്ധനം പോലും അദ്ദേഹത്തിന്റെയും ശഹീദ് സയ്യിദ് ഖുത്വ്ബിന്റെയും രക്തതുള്ളികളാണ്.
കാലം കണ്ട എല്ലാ ഏകാധിപതികളുടെയും മര്‍ദകരായ സ്വേഛാധിപതികളുടെയും അനുഭവം ഒന്നുതന്നെ. നിന്ദ്യമായ ഒടുക്കം; കൊടിയ നഷ്ടം. ജനകോടികളുടെ വെറുപ്പും ശാപവും. തീരാത്ത അപമാനവും. ഖുര്‍ആന്‍ പറഞ്ഞതത്രെ സത്യം. കാലമതിനു സാക്ഷി.
''എത്രയെത്ര ആരാമങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്. കൃഷിയിടങ്ങളും മാന്യമായ മണിമേടകളും. അവര്‍ ആനന്ദത്തോടെ അനുഭവിച്ചു പോന്ന എന്തെല്ലാം സൗഭാഗ്യങ്ങള്‍! അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും മറ്റൊരു ജനതക്ക് അവകാശപ്പെടുത്തികൊടുത്തു. അപ്പോള്‍ അവര്‍ക്കു വേണ്ടി ആകാശമോ ഭൂമിയോ കണ്ണീര്‍ വാര്‍ത്തില്ല. അവര്‍ക്കൊട്ടും അവസരം നല്‍കിയതുമില്ല'' (44:25-29).
കഴിഞ്ഞകാലത്തെ മര്‍ദിതരായ വിശ്വാസി സമൂഹത്തെ പോലെ ഇന്നത്തെ ലോകത്തെ പീഡിതരായ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും അല്ലാഹുവിന്റെ സ്‌നേഹപൂര്‍വമായ ക്ഷണം പ്രതീക്ഷിക്കാം.
''ശാന്തിനേടിയ ആത്മാവേ, നീ നിന്റെ നാഥങ്കലേക്ക് തിരിച്ചുചെല്ലുക. അവനെ തൃപ്തിപ്പെട്ടവനായും അവന്റെ തൃപ്തി നേടിയവനായും. അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ കടന്നുചെല്ലുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (89:27-30).
ഇതിനേക്കാള്‍ മഹത്തായ ഭാഗ്യം മറ്റെന്തുണ്ട്? എന്നാല്‍ ഇതു നേടാന്‍ കുറുക്കുവഴികളില്ല. പീഡന പര്‍വം താണ്ടിക്കടക്കുകയല്ലാതെ. ഈജിപ്തിലെയും ഫലസ്ത്വീനിലെയും ബംഗ്ലാദേശിലെയും ഇസ്‌ലാമിക പ്രവര്‍ത്തകരെപ്പോലെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍