Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

പാളിപ്പോയ ഉപരോധം മുതലെടുക്കാനാവാതെ ഭരണപക്ഷം

വിശകലനം / എ.ആര്‍

കേരളം കണ്ട അഭൂതപൂര്‍വമായ ഒരു ഉപരോധ സമരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം തുടരുകയാണിതെഴുതുമ്പോഴും. സി.പി.എം തിരക്കഥ തയാറാക്കി അസാമാന്യ മിടുക്കോടെ സംവിധാനം ചെയ്ത, ആഗസ്റ്റ് 12-ന് ആരംഭിച്ച സെക്രട്ടറിയേറ്റ് ഉപരോധം പതിനായിരങ്ങളുടെ ആവേശഭരിതവും എന്നാല്‍ അച്ചടക്കപൂര്‍ണവുമായ പങ്കാളിത്തവും കൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നതാണ്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനും അവസാനിപ്പിക്കാനാവാത്ത വിഭാഗീയതയുടെ ശാപവും ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ നിഷ്ഠുര വധത്തില്‍ ആരോപിക്കപ്പെടുന്ന നേതൃപങ്കാളിത്തവും മൂലം പ്രതിരോധത്തിലായ സി.പി.എമ്മിന്റെ പ്രതിഛായ പൂജ്യത്തിലേക്ക് കൂപ്പുകുത്തവെ അണികളെ തട്ടിയുണര്‍ത്താനും ഊര്‍ജസ്വലരാക്കാനും നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. തമ്മില്‍ തല്ലും അപവാദങ്ങളുടെ വേലിയേറ്റവും കൊണ്ട് ആടിയുലയുന്ന ഭരണപക്ഷത്തിന്റെ വിഭ്രാന്തിയില്‍നിന്ന് മുതലെടുക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് ബിജു രാധാകൃഷ്ണനും സരിത എസ്. നായരും കൂട്ടായി നടത്തിയ പ്രമാദമായ ടീം സോളാര്‍ തട്ടിപ്പ് പരമ്പര മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നതും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് സ്റ്റാഫിന് അതില്‍ പങ്കുണ്ടെന്ന് പുറത്തറിയുന്നതും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ഉമ്മന്‍ ചാണ്ടിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭ കൊടുങ്കാറ്റ് ഉയര്‍ത്തിയിട്ടും സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്നതില്‍ അവര്‍ വിജയിച്ചില്ല. രണ്ടും കല്‍പിച്ച് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം പക്ഷേ അത്യുഗ്രവും അതുല്യവുമായിരുന്നെന്ന് പ്രതിയോഗികള്‍ പോലും സമ്മതിക്കാന്‍ നിര്‍ബന്ധിതരായി. പതിനാല് ജില്ലകളില്‍ നിന്നുമായി ലക്ഷത്തോളം പ്രവര്‍ത്തകരെ തലസ്ഥാന നഗരിയിലെത്തിച്ചു, ദേശീയ നേതാക്കളെ വിളിച്ചുവരുത്തി ഉദ്ഘാടനം ചെയ്യിച്ച ഉപരോധത്തിന്റെ മുമ്പില്‍ മുഖ്യമന്ത്രിയും സര്‍ക്കാറും യു.ഡി.എഫും പതറുന്നതാണ് തുടക്കത്തില്‍ കണ്ടത്. കേന്ദ്ര സേനയെ ഇറക്കുമതി ചെയ്തും പുറം ജില്ലകളില്‍ നിന്ന് സമരക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളെ അതിര്‍ത്തിയില്‍ തടയുമെന്ന് ഭീഷണിപ്പെടുത്തിയും തിരുവനന്തപുരത്തെ ഹോട്ടലുകളിലും വീടുകളിലും സമരക്കാരെ പാര്‍പ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയും താല്‍ക്കാലിക ആഹാര പാനീയങ്ങള്‍ കൊടുക്കുന്നത് പോലും വിലക്കിയും സമ്പൂര്‍ണ യുദ്ധസന്നാഹങ്ങളോടെ തന്നെയായിരുന്നു സര്‍ക്കാറിന്റെ പ്രതിരോധ തന്ത്രം. ഈ നടപടികള്‍ പക്ഷേ, വിപരീതഫലമാണ് ചെയ്യുകയെന്ന സ്വന്തം പാളയത്തിലെ തന്നെ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ചിലതൊക്കെ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറായി. കേന്ദ്ര സേനയെ ആവശ്യമായി വന്നാല്‍ മാത്രം പുറത്തിറക്കിയാല്‍ മതിയെന്നും വാഹനങ്ങള്‍ തടയേണ്ടതില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയതോടെ പിരിമുറുക്കത്തിന് തെല്ലൊന്ന് അയവ് വന്നെങ്കിലും അണപൊട്ടിയ ആവേശത്തിമര്‍പ്പില്‍ തന്നെയായിരുന്നു ഇടതുപക്ഷ അണികള്‍. പുറത്തിറങ്ങാനും ദൈനം ദിന ജീവിത വ്യവഹാരങ്ങളിലേര്‍പ്പെടാനും പ്രയാസപ്പെട്ട തിരുവനന്തപുരം നഗരവാസികളടക്കം കേരള ജനതയാകെ എന്ത് സംഭവിക്കാന്‍ പോവുന്നു എന്ന് ഉത്കണ്ഠയോടെ വീക്ഷിച്ചുകൊണ്ടാണ് നിമിഷങ്ങള്‍ കടന്നുകൊണ്ടിരുന്നത്. വാര്‍ത്താ ചാനലുകള്‍ വര്‍ധിതാവേശത്തോടെ ഓരോ രംഗവും ഒപ്പിയെടുത്ത് അവതരിപ്പിക്കുന്ന തിരക്കിലും. അനുനയത്തിന്റെ സ്വരമാണ് ഭരണപക്ഷത്ത് നിന്നുയര്‍ന്നുകൊണ്ടിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒന്നുകൊണ്ടും ഉപരോധ സമരത്തില്‍നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നായിരുന്നു പ്രതിപക്ഷ ശാഠ്യം. ദിവസങ്ങള്‍ പിന്നിടുന്തോറും ആദ്യം വന്നവര്‍ സ്ഥലം വിട്ട് പുതിയ ബാച്ചുകള്‍ സ്ഥാനമേല്‍ക്കാന്‍ വരുന്ന ക്രമീകരണമായിരുന്നത്രെ പ്രണേതാക്കളുടെ അജണ്ട. പോര്‍ക്കളത്തിലിറങ്ങുന്ന ഓരോ സേനാനിക്കും 1500 രൂപക്ക് പുറമെ, മാസത്തേക്കുള്ള കുടുംബ റേഷന്‍ ഉറപ്പ് വരുത്തിയ സി.പി.എം 15 കോടി രൂപയെങ്കിലും ഈയിനത്തില്‍ വകയിരുത്തിയെന്ന് പ്രചാരണമുണ്ടായി.
എന്നാല്‍, ഉപരോധസമരം 30 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അതവസാനിപ്പിക്കാനുള്ള തീരുമാനം എല്‍.ഡി.എഫ് നേതാക്കള്‍ പ്രഖ്യാപിച്ചപ്പോള്‍ അണികളും ജനങ്ങളും ഒരുപോലെ സ്തബ്ധരായി. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട്, പ്രതിപക്ഷവുമായി കൂടിയാലോചിച്ച് തയാറാക്കുന്ന ടേംസ് ഓഫ് റഫറന്‍സിന്റെ പുറത്ത് അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സെക്രട്ടേറിയേറ്റ് ഉപരോധം അവസാനിപ്പിക്കുന്നതെന്നായിരുന്നു വിശദീകരണം. മുഖ്യാവശ്യങ്ങളില്‍ ഒന്നാമത്തേതായ മുഖ്യമന്ത്രിയുടെ രാജിയെ സംബന്ധിച്ചേടത്തോളം ഒരുറപ്പും നേടാതെ, ആദ്യമേ സര്‍ക്കാര്‍ വഴങ്ങിയിരുന്ന അന്വേഷണാവശ്യം മാത്രം നേട്ടമാക്കി അവതരിപ്പിച്ച് മഹാസമരത്തില്‍നിന്ന് പ്രതിപക്ഷം പിന്മാറിയതിനെ പറ്റി അഭ്യൂഹങ്ങളുടെ പ്രവാഹമായി പിന്നെ. ഉന്നത തലങ്ങളില്‍ നടന്ന രഹസ്യ ധാരണയിലൂടെയാണ് സമരത്തിന് ഉടന്‍ വിരാമമിട്ടതെന്ന പ്രചാരണം ഇപ്പോഴും ശക്തമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ്.എന്‍.സി ലാവ്‌ലിന്‍ കരാര്‍ കേസ്സിലും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ പങ്കാളികളെന്നാരോപിക്കപ്പെടുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും അനുകൂലമോ മൃദുലമോ ആയ സമീപനം സര്‍ക്കാര്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് എല്‍.ഡി.എഫ് നേതൃത്വം സമരം അവസാനിപ്പിച്ചതെന്നാണ് വര്‍ത്തമാനം. പക്ഷേ, ഈ രണ്ട് കേസുകളുടെയും അന്വേഷണം പൂര്‍ത്തിയായി വിചാരണ ഘട്ടത്തിലെത്തിയിരിക്കെ സര്‍ക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്നത് രഹസ്യധാരണാരോപണത്തിന്റെ മുനയൊടിക്കുന്നുവെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്. സംയമനവും അച്ചടക്കവും പാലിക്കാന്‍ നേതാക്കള്‍ പരമാവധി പണിയെടുക്കേണ്ടിവന്ന പതിനായിരങ്ങളുടെ പങ്കാളിത്ത സമരം അധികനാള്‍ നീണ്ടാല്‍ നിയന്ത്രണാതീതമാവുകയും പ്രവചിക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുകയും ചെയ്യുമെന്ന തിരിച്ചറിവില്‍ നിന്നാണ് പൊടുന്നനെ ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് ഔദ്യോഗിക ന്യായീകരണം. അനേകായിരങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാതെ നഗരമധ്യത്തില്‍ തമ്പടിക്കേണ്ടിവന്നാലുള്ള മാലിന്യ പ്രശ്‌നം ജനരോഷം ക്ഷണിച്ചുവരുത്തുമെന്ന യാഥാര്‍ഥ്യബോധവും നേതൃത്വത്തിനുണ്ടായി. രണ്ട് ദിവസം തുടര്‍ച്ചയായി സെക്രട്ടേറിയറ്റ് അടച്ചിട്ട് മൂന്നാം നാളില്‍ വരുന്ന സ്വാതന്ത്ര്യദിന അവധിയും കൂടി കൂട്ടിച്ചേര്‍ത്താല്‍ ഉപരോധക്കാര്‍ വെറുയെതിരിക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍ ഇതിന് സഹായകവുമായി. അതേസമയം സമരക്കാരെ തുരത്താന്‍ ബലപ്രയോഗം വേണ്ടിവന്നാലത്തെ സംഘര്‍ഷാവസ്ഥ സര്‍ക്കാറിനും തലവേദനയായി. ഇതാണ് ഉപരോധ സമരക്കാര്‍ക്ക് സുരക്ഷാപാതയൊരുക്കാന്‍ ഇരുപക്ഷത്തെയും നിര്‍ബന്ധിച്ചതെന്ന വ്യാഖ്യാനമാണിപ്പോള്‍ പുറത്ത് വരുന്നത്. അപ്പോഴും സമരത്തിന്റെ പരിണതിയെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹത അഭ്യൂഹങ്ങള്‍ക്കിട നല്‍കി ബാക്കി നില്‍ക്കുന്നു.
പാര്‍ട്ടിയന്ത്രത്തെ നിശ്ചലമാക്കിയ വിഭാഗീയതയുടെയും ചന്ദ്രശേഖരന്‍ വധക്കേസില്‍ ആരോപിക്കപ്പെടുന്ന നേതൃ പങ്കാളിത്തത്തിന്റെയും ഫലമായി സമീപകാലത്ത് സി.പി.എം പ്രഖ്യാപിച്ച ഒരു സമരവും സഫലമായിരുന്നില്ല. ചിലതൊക്കെ വെറും വഴിപാടായിത്തീരുകയും ചെയ്തു. ഈ നിര്‍വീര്യതക്ക് വിരാമമിട്ടുകൊണ്ട് അസാമാന്യാവേശത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടിയ മുന്നേറ്റം തന്നെയായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധ സമരം. അഴിമതിയുടെയും അസാന്മാര്‍ഗികതയുടെയും വിഷക്കാറ്റേറ്റ് തളര്‍ന്ന, അനൈക്യം പൂര്‍വാധികം ശക്തിയോടെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനോടുള്ള വിമുഖതയും നീരസവും ജനങ്ങളില്‍ പ്രകടമായിക്കൊണ്ടിരുന്ന സന്ദര്‍ഭം കൂടിയാണിപ്പോള്‍. ഉപരോധത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പോലും യു.ഡി.എഫില്‍ കൂടിയാലോചനകളോ ഏകാഭിപ്രായമോ ഉണ്ടായിരുന്നില്ല. അലസിപ്പോയ മന്ത്രിസഭാ പുനസംഘടനയെത്തുടര്‍ന്ന് കെ.പി.സി.സി നേതൃത്വവും ഭരണനേതൃത്വവും രണ്ടു വഴിക്ക് പോവുകയാണെന്ന ധാരണയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റ് താല്‍ക്കാലിക യുദ്ധവിരാമം പ്രഖ്യാപിച്ചിട്ടും ഗ്രൂപ്പ് കളിക്ക് ശമനമൊന്നും ഇല്ല. എല്ലാം കൊണ്ടും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടതുമുന്നണിക്ക് കൈവന്ന അപൂര്‍വാവസരം. ഇതിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന താപവും ഊര്‍ജവും 2014 വരെ നിലനിര്‍ത്താനായാല്‍ മറ്റെല്ലായിടത്തും പിന്നോട്ടുള്ള പ്രയാണത്തിന് വേഗത കൂടിയ നേരത്ത് സി.പി.എമ്മിനും മൊത്തം ഇടതുപക്ഷത്തിനും ഒരുവക നില്‍ക്കക്കള്ളി ആയേനെ. പക്ഷേ എല്ലാ കണക്കുകൂട്ടലുകളും പിഴപ്പിച്ചുകൊണ്ട് സ്വയം പ്രതിരോധത്തിലാകുന്ന ആന്റി ക്ലൈമാക്‌സാണ് നാടകാന്ത്യം കാണാനാവുന്നത്. കേന്ദ്ര നേതൃത്വത്തിലും സംസ്ഥാനതലത്തിലും ഒരുപോലെ സമരം പൊടുന്നനെ നിര്‍ത്താന്‍ നിര്‍ബന്ധിതമായ സാഹചര്യം ബോധ്യപ്പെടുത്താന്‍ പിണറായി വിജയനും സഹപ്രവര്‍ത്തകരും വിയര്‍ക്കേണ്ടിവരുന്നു. ജില്ലാ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളിലും റിപ്പോര്‍ട്ട് ചെയ്യേണ്ട ഗതികേടും വന്നുപെട്ടിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യത്തില്‍നിന്ന് പിറകോട്ടില്ലെന്നും സമരം പൂര്‍വാധികം ആവേശത്തോടെ തുടരുമെന്നും ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതിനോട് സഹകരിക്കുകയില്ലെന്നുമൊക്കെ പിണറായി സംഘം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊതുവെ പാര്‍ട്ടിക്ക് കാറ്റുപോയ അവസ്ഥ. വീര്യവും ഊര്‍ജസ്വലതയുമുള്ള ഒരു സമരവും ഇനി സംഘടിപ്പിക്കാനാവില്ലെന്ന ആശങ്ക. മന്ത്രിസഭ പുനസംഘടന തന്ത്രം എങ്ങുമെത്താതെ ഹൈക്കമാന്റിന്റെ അതൃപ്തിയും അണികളുടെ നൈരാശ്യവും പേറി താഴോട്ട് പതിച്ചുകൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പൊടുന്നനെ ഗ്രാഫ് ഉയര്‍ത്താനും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഇടതുപക്ഷ സമരത്തിന് സഡന്‍ ഡെത്ത് വിധിച്ചുകൊണ്ട് ഹൈക്കമാന്റിന്റെ മുന്നില്‍ ജേതാവിന്റെ പരിവേശത്തോടെ ശിരസ്സുയര്‍ത്താനും അവസരമൊരുക്കിയത് മഹാ വിഡ്ഡിത്തവും നഷ്ടക്കച്ചവടവുമായില്ലേ എന്നാണ് അണികളുടെ ചിന്ത. ഈ ജാള്യതയാകെ മറികടക്കാനുള്ള തത്രപ്പാടില്‍ ഇടതുപക്ഷം അതിസാഹസികത കാട്ടുമെന്ന ആശങ്ക ജനങ്ങള്‍ക്കും.
അതേയവസരത്തില്‍ പ്രതിസന്ധിയുടെ മൂര്‍ധ്യനത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന സര്‍ക്കാറിന് ഇടതുപക്ഷത്തിന്റെ മേല്‍ നേടാനായ അപ്രതീക്ഷിത വിജയം ആഘോഷമാക്കാനും അതില്‍നിന്ന് ഊര്‍ജം സംഭരിക്കാനും യു.ഡി.എഫിനും കഴിയുന്നില്ലെന്നതാണ് വിധിവൈപരീത്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മൈലേജ് നേടിക്കൊടുക്കുന്ന ഒന്നിലും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമടങ്ങുന്ന വിശാല ഐ ഗ്രൂപ്പിന് ഒട്ടുമേ താല്‍പര്യമില്ല. ചീഫ് വിപ്പ് പി.സി ജോര്‍ജാവട്ടെ പ്രകടമായും പ്രതിപക്ഷ ധര്‍മമാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി ജോര്‍ജിനെതിരെ രംഗത്തിറങ്ങുകയും അദ്ദേഹം രണ്ടും കല്‍പിച്ചു പ്രത്യാക്രമണം മൂര്‍ഛിപ്പിക്കുകയും ചെയ്തിട്ടും കോണ്‍ഗ്രസ് നേതൃത്വമോ കേരള കോണ്‍ഗ്രസ് നേതൃത്വമോ ഇടപെടുന്നില്ല. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് വക്താവ് എം.എം ഹസനെതിരെയാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചിരിക്കുന്നത് എന്നത് അര്‍ഥഗര്‍ഭമാണ്. ജോര്‍ജിനെ യഥാര്‍ഥത്തില്‍ നിയന്ത്രിക്കേണ്ട കെ.എം മാണിയുടെ മനസ്സിലിരിപ്പ് ദുരൂഹമായി അവശേഷിക്കുകയും ചെയ്യുന്നു. മാണിയെ സുഖിപ്പിക്കുന്ന വചനങ്ങള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനില്‍നിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുമ്പോള്‍ മാണിയുടെ സന്ദിഗ്ധ നിലപാട് സംശയങ്ങള്‍ക്ക് വേണ്ടുവോളം വക നല്‍കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യു.ഡി.എഫിന്റെ മൊത്തം രക്ഷക്കായി സജീവ രംഗത്തിറങ്ങാറുള്ള മുസ്‌ലിം ലീഗും ഇത്തവണ കരുതലോടെ കയ്യാലപ്പുറത്തിരിക്കുന്നതാണ് കാണുന്നത്. തങ്ങളുടെ ന്യായമായ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് താല്‍പര്യം എടുക്കുകയോ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കുകയോ ചെയ്തില്ലെന്നതാണ് അവരുടെ പരിഭവം. അതിനാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി സ്വന്തം നിലയില്‍ മുന്നോട്ടുപോവുമെന്നും വേണ്ടിവന്നാല്‍ ഒറ്റക്ക് മത്സരിക്കുമെന്നും ഭീഷണിയുമുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനെതിരെ ശബ്ദിക്കുന്നതും മന്ത്രിസഭയിലേക്ക് ചെന്നിത്തലയുടെ പ്രവേശം തടയപ്പെട്ടതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കുന്നതുമാണ് അവരെ ചൊടിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹ്മദിന് സ്വതന്ത്ര പദവി നല്‍കണമെന്നും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള അവകാശം വകവെച്ചു കിട്ടണമെന്നുമായിരുന്നത്രെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാനുള്ള മുസ്‌ലിം ലീഗിന്റെ ഉപാധികള്‍.
മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത ജെ.എസ്.എസ്, സി.എം.പി എന്നീ കക്ഷികള്‍ക്കുമുണ്ട് യു.ഡി.എഫില്‍നിന്ന് നീതികിട്ടുന്നില്ലെന്ന പരാതി. ഇന്ത്യയിലൊരിടത്തുമില്ലാത്ത മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ എന്ന സാങ്കല്‍പിക സ്വരൂപത്തിന്റെ അധ്യക്ഷസ്ഥാനത്ത് കാബിനറ്റ് പദവിയോടെ ആര്‍. ബാലകൃഷ്ണപിള്ളയെ കുടിയിരുത്തിയതോടെ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ പുനഃപ്രവേശിപ്പിക്കാനുള്ള പിള്ളയുടെ ആവശ്യം തല്‍ക്കാലം ഒതുക്കിത്തീര്‍ത്തു. എങ്കിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വെടി നിര്‍ത്തിയിട്ടില്ല. എല്‍.ഡി.എഫിന്റെ ഉപരോധ സമരം വിജയിച്ചു എന്ന ഒളിയമ്പുമായി നായര്‍ രംഗത്തുണ്ട്. ചുരുക്കത്തില്‍ വലതുപക്ഷവും ഇടതുപക്ഷവും അസ്വസ്ഥമാണ്. ഇരുപക്ഷത്തെയും അസ്വാരസ്യങ്ങളില്‍ ഒന്നുപോലും ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതോ സംസ്ഥാനത്തിന്റെ വികസനകാര്യത്തെ ചൊല്ലിയുള്ളതോ അല്ല. സാമൂഹിക ജീവിതത്തെ മുച്ചൂടും ഗ്രസിച്ചുകഴിഞ്ഞ അഴിമതിയും അധാര്‍മികതയും മൂല്യച്യുതിയും യു.ഡി.എഫിനെയോ എല്‍.ഡി.എഫിനെയോ തെല്ലും അലോസരപ്പെടുത്തുന്നുമില്ല. സോളാര്‍ പാനല്‍ പോലുള്ള നിരവധി നിക്ഷേപ തട്ടിപ്പുകളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും പോലീസും സംശയത്തിന്റെ കരിനിഴലിലാണെന്ന് ജനങ്ങള്‍ കരുതുന്നതിലുമില്ല ഇവര്‍ക്ക് മനോവ്യഥ. കാണാന്‍ കൊള്ളാവുന്ന ഒരു കുതന്ത്രക്കാരി വിചാരിച്ചാല്‍ ഇവരില്‍ ആരെയും വിരല്‍തുമ്പില്‍ കറക്കാമെന്ന് ജനം വിശ്വസിക്കുന്ന പതനത്തിലേക്ക് കാര്യങ്ങള്‍ വഷളായെങ്കിലും അതല്ല രാഷ്ട്രീയത്തമ്പുരാക്കളെ ബേജാറാക്കുന്നത്, യവനികക്കു പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ മീഡിയ പുറത്ത് കൊണ്ടുവരുന്നതാണ്. മീഡിയയുടെ വാര്‍ത്താ സ്രോതസ്സാകട്ടെ ഇവരൊക്കെ തന്നെയാണ് താനും! പരസ്പര വിശ്വാസവും തെരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള പ്രതിബദ്ധതയും നഷ്ടപ്പെട്ട ഒരു കൂട്ടം നിക്ഷിപ്ത താല്‍പര്യക്കാരും അവസരവാദികളും രംഗം കൈയടക്കിയതിന്റെ സ്വാഭാവിക പരിണതിയാണീ അധഃപതനം. നേതാക്കള്‍ക്ക് അനുയായികളെയോ അനുയായികള്‍ക്ക് നേതാക്കളെയോ മൊത്തം രാഷ്ട്രീയക്കാരെ ജനങ്ങള്‍ക്കോ വിശ്വാസമില്ല. എന്നിട്ടും ജനം പാര്‍ട്ടികളുടെ കൂടെ നില്‍ക്കുന്നുവെങ്കില്‍ അത് താല്‍പര്യങ്ങളുടെ മാത്രം പേരിലാണ്. അരുതാത്തത് ചെയ്യണമെങ്കിലും ചെയ്തതിന്റെ പേരില്‍ നിയമം പിടികൂടാതിരിക്കണമെങ്കിലും പാര്‍ട്ടികളുടെ സംരക്ഷണം വേണം. പാര്‍ട്ടികളുടെ പരസ്പര വിരോധം പോലും താല്‍പര്യങ്ങളുടെ സീമ അതിലംഘിക്കുന്നില്ല. അതാണ് രഹസ്യ ധാരണയെയും ഒത്തുകളിയെയും കുറിച്ച വാര്‍ത്തകള്‍ വിശ്വാസ്യത നേടാന്‍ കാരണം. സദാചാരത്തകര്‍ച്ച ഇത്രത്തോളം പൊതുജീവിതത്തെ ഗ്രസിച്ച കാലം ഓര്‍മിക്കാനാവുന്നില്ല. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ പുറത്ത് കടത്താനുള്ള ഭേദഗതി ബില്ല് ചുട്ടെടുക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ട്ടിക്കാര്‍ തന്നെ പാര്‍ട്ടികളുടെ അണിയറ കഥകള്‍ അങ്ങാടിപ്പാട്ടാക്കുന്ന കാലത്തെന്തിന് വിവരാവകാശ നിയമം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍