അച്ഛന്‍, അമ്മ
ഷഫീഖ് പരപ്പുമ്മല്‍
അച്ഛന്‍
ലേബര്‍ റൂമിനു പുറത്തൊരു
വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം
'ദൈവമേ'യെന്നു
പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും
ഇരിക്കാതെ ഇരുന്നും
പറയാതെ പറഞ്ഞും
ഒരു കുഞ്ഞിക്കരച്ചില്‍
തേടുന്നൊരു നോട്ടമുണ്ട്.
മണിക്കൂറുകള്‍ കൊണ്ട്
ഒരു ഗര്‍ഭകാലം പേറിയ
കണ്‍കോണിലെ നനവിന്റെ
പേരു തന്നെയാണച്ഛന്‍ !
അമ്മ
'അച്ഛാ'ന്ന് വിളിച്ചു കരഞ്ഞാല്‍
ഒറപ്പായും അയല്‍ക്കാര്‍
ഓടി വരും.
രാഘവനെന്തോ പറ്റാതെ
ചെക്കന്‍ കരയില്ലെന്ന്
ഒറപ്പിക്കും.
'അമ്മേ'ന്ന് അലറിയാല്‍
രാഘവന്റെ ചെക്കനെന്തോ
പറ്റ്യേല്ലോന്ന് നെലോളിക്കും.
അച്ഛനെപ്പോഴും അച്ഛനും
അമ്മ പലപ്പോഴും നമ്മളുമാവുന്ന
സൂത്രവാക്യം
അപാരം തന്നെയമ്മേ
Comments