Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

ഗള്‍ഫ് വിശേഷം / സമര്‍പ്പണത്തിന്റെ സമകാലിക ചിത്രങ്ങള്‍ പ്രതീക്ഷ നല്‍കുന്നു

സമര്‍പ്പണത്തിന്റെ സമകാലിക ചിത്രങ്ങള്‍ പ്രതീക്ഷ നല്‍കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈത്തിലെത്തിയ പ്രശസ്ത പണ്ഡിതനും വാഗ്മിയും ശാന്തപുരം അല്‍ജാമിഅ പ്രൊ വൈസ് ചാന്‍സലറുമായ ഇല്‍യാസ് മൗലവിയുടെ നേതൃത്വത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് തര്‍ബിയത്ത് സംഗമം സംഘടിപ്പിച്ചു. വിശ്വാസം, സംസ്‌കരണം, സമര്‍പ്പണം എന്ന വിഷയത്തില്‍ കുവൈത്ത് മസ്ജിദുല്‍ കബീറില്‍ നടന്ന പരിപാടിയില്‍ ഇല്‍യാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
വിശ്വാസവും (ഈമാന്‍), സമര്‍പ്പണവും (ഇസ്‌ലാം) ഒരാളില്‍ പ്രവേശിക്കുമ്പോള്‍ അയാളിലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രവാചക കാലത്തെയും ആധുനിക കാലത്തെയും ഉദാഹരണങ്ങളിലൂടെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിശ്വാസം ഒരു സുപ്രഭാതത്തില്‍ കിട്ടുന്നതല്ല. മക്കള്‍ക്ക് വീട്ടിനുള്ളില്‍ നിന്നും ഇസ്‌ലാമിക പാഠശാലകളില്‍നിന്നും ലഭിക്കുന്ന ധാര്‍മിക ശിക്ഷണം അവരെ ജീവിതത്തിന്റെ ഏതു പ്രതികൂല മേഖലകളില്‍ എത്തിയാലും വിശ്വാസത്തിലും ഇസ്‌ലാമിലും അടിയുറച്ചു നില്‍ക്കാന്‍ പ്രാപ്തരാക്കുന്നു. പ്രവാചകന്‍ ഇബ്‌റാഹീമിന്റെയും ഭാര്യ ഹാജറയുടെയും മകന്‍ ഇസ്മാഈലിന്റെയും സമര്‍പ്പണത്തിന്റെ പാഠങ്ങള്‍ വിശ്വാസികള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്. ഈ സമര്‍പ്പണത്തിന്റെ ആധുനിക ചിത്രങ്ങള്‍ നമുക്കു ചുറ്റും ഇന്നും കാണാവുന്നതാണ്. ആദര്‍ശത്തിലൂന്നിയ അടിയുറച്ച വിശ്വാസം മുറുകെ പിടിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. എസ്.എ.പി അസാദ് സ്വാഗതവും അബ്ദുര്‍റസാഖ് നദ്‌വി നന്ദിയും പറഞ്ഞു.

'അറേബ്യന്‍ അശ്വാഭ്യാസിനിയുടെ ഓര്‍മക്കുറിപ്പുകള്‍' പ്രകാശനം ചെയ്തു
കോഴിക്കോട്: പ്രസിദ്ധ യു.എ.ഇ എഴുത്തുകാരിയും പരിസ്ഥിതി ജലമന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായ ഡോ. മര്‍യം അശ്ശിനാസി രചിച്ച 'അറേബ്യന്‍ അശ്വാഭ്യാസിനിയുടെ ഓര്‍മക്കുറിപ്പുകള്‍' മലയാള വിവര്‍ത്തനം കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍, പ്രശസ്ത യു.എ.ഇ എഴുത്തുകാരിയും യു.എ.ഇ ജ്യോഗ്രഫിക് അസോസിയേഷന്‍ ചെയര്‍പേഴ്‌സനുമായ ഡോ. അസ്മ അല്‍ കത്ബി മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന് ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ അബ്ദു ശിവപുരമാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്.
പുസ്തകങ്ങള്‍ ഒരു ഭാഷയില്‍നിന്ന് മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ സാഹിത്യം മാത്രമല്ല, അതത് ദേശങ്ങളിലെ സംസ്‌കാരവും വിനിമയം ചെയ്യപ്പെടുന്നുണ്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച കേരള വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് പറഞ്ഞു. മലയാളത്തില്‍നിന്ന് തിരിച്ചും പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെയും യു.എ.ഇയിലെയും എഴുത്തുകാരും സാംസ്‌കാരിക-ഭരണരംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായ ചടങ്ങില്‍ ഇന്തോ-അറബ് കള്‍ച്ചറല്‍ അക്കാദമി(ഇയാക)യുടെ ബ്രോഷര്‍ പ്രകാശനവും നടന്നു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് കെ.വി കുഞ്ഞമ്മദിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഇയാക വൈസ് ചെയര്‍പേഴ്‌സണ്‍ ബി.എം സുഹ്‌റ അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ അക്ബര്‍ കക്കട്ടില്‍, യു.എ.ഇ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. ടി. അഹ്മദ്, കണ്‍വീനര്‍ സി. മുഹമ്മദ്, സെന്‍ട്രല്‍ കണ്‍വീനര്‍ അബ്ദു ശിവപുരം, ട്രഷറര്‍ ഹാരിസ് കുണ്ടുങ്ങര, എ.വി ശ്രീകുമാര്‍ (ഡി.സി ബുക്‌സ്) എന്നിവര്‍ പ്രസംഗിച്ചു. യു.എ.ഇ പ്രസിഡന്‍ഷ്യല്‍ അഫേഴ്‌സിലെ അബ്ദുല്ല അന്നുഐമി, ഖാലിദ് അല്‍ ഖുബൈസി, അലി അശ്ശാംസി, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈജ്ഞാനിക, സാംസ്‌കാരിക രംഗങ്ങളിലെ പരസ്പര സഹകരണം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് സര്‍വകലാശാലയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് യു.എ.ഇ പ്രതിനിധികള്‍ കേരളത്തിലെത്തിയിരുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍