Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

ഇസ്‌ലാമിക ജനാധിപത്യത്തിന്റെ പരിണാമങ്ങള്‍

പി.ജെ വിന്‍സെന്റ്

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിജയിച്ച ആദ്യത്തെ ജനാധിപത്യ വിപ്ലവമാണ് തുനീഷ്യയിലെ 'മുല്ലപ്പൂ വിപ്ലവം.' അതിന്റെ പരിമളം അറബ് രാജ്യങ്ങളിലാകെ വ്യാപിച്ച് ഏകാധിപത്യ ഭരണക്രമങ്ങളെ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ്. ഏകാധിപതികള്‍ തലകുത്തിവീഴുകയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുകയും ചെയ്തതോടെ ജനാധിപത്യം സ്ഥിരീകരണം നേടിയെന്ന പ്രതീതിയാണ് പൊതുവില്‍ ഉണ്ടായത്. എന്നാല്‍, അറബ് വസന്തത്തിന്റെ തുടര്‍ച്ചയായി 'പ്രതിവസന്തം' ഉയര്‍ന്നുവരുന്നത് ജനാധിപത്യവാദികളെയും പ്രസ്ഥാനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു.
'അറബ് വസന്ത'ത്തില്‍ വിരിഞ്ഞ ജനാധിപത്യ വിപ്ലവങ്ങളില്‍ ലക്ഷണമൊത്ത ജനമുന്നേറ്റമായിരുന്നു ഈജിപ്തിലെ 'ലോട്ടസ് വിപ്ലവം.' ഒമ്പത് ദശലക്ഷം ജനങ്ങളുള്ള ഈജിപ്തില്‍ ജനസംഖ്യയുടെ 27 ശതമാനം ആളുകള്‍ നേരിട്ട് പങ്കെടുത്ത, ചരിത്രത്തില്‍ സമാനതകളില്ലാത്ത ജനമുന്നേറ്റമായിരുന്നു 'ലോകത്തെ പിടിച്ചുകുലുക്കിയ പതിനെട്ട് ദിനങ്ങള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട തഹ്‌രീര്‍ ചത്വരത്തിലെ വിപ്ലവ വസന്തം. മുസ്‌ലിം ബ്രദര്‍ഹുഡ്, സലഫി പ്രസ്ഥാനം, കോപ്റ്റിക് ക്രിസ്ത്യാനികളുടെ പൊതുവേദി, മതനിരപേക്ഷ പാര്‍ട്ടികള്‍, ആഗോളീകരണ വിരുദ്ധര്‍, ജനാധിപത്യവാദികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍ എന്നിവരെല്ലാം തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്ന ജനമുന്നേറ്റമായിരുന്നു 2011 ജനുവരി 25-ന് ആരംഭിച്ച ലോട്ടസ് വിപ്ലവം. പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന്റെ ശിങ്കിടി വേഷം കെട്ടിയാടുന്ന ഹുസ്‌നി മുബാറക്കിന്റെ സര്‍വാധിപത്യ വാഴ്ചക്കും പടിഞ്ഞാറിന്റെ സാംസ്‌കാരിക അധിനിവേശത്തിനുമെതിരായ ഉയിര്‍പ്പാണ് ലോട്ടസ് വിപ്ലവം സാധ്യമാക്കിയത്. ജനാധിപത്യ സംസ്ഥാപനം, ആഗോളീകരണ സാമ്പത്തിക നയത്തിനെതിരായ നിലപാട്, പാശ്ചാത്യരുടെ രാഷ്ട്രീയ-സാംസ്‌കാരിക ഘടനാ രൂപങ്ങള്‍ക്കെതിരായ വിചാര വിപ്ലവം എന്നിവയാണ് പ്രക്ഷോഭകാരികളെ സ്വാധീനിച്ച പൊതുഘടകങ്ങള്‍.
1991-ല്‍ ഏകധ്രുവലോകവും നവലോകക്രമവും പ്രഖ്യാപിച്ച് കടന്നുവന്ന ആഗോളീകരണം ഒരു ദശകത്തിനുള്ളില്‍ തകര്‍ന്നടിഞ്ഞു. ആഗോളീകരണത്തിന്റെ മുഖവാക്യം 'ബദലുകളില്ല' (TINA- There is no alternative) എന്നായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സോഷ്യലിസവും വിമോചന ദൈവശാസ്ത്രവും (Liberation Theology) സമം ചേര്‍ത്ത് ലാറ്റിനമേരിക്ക ഒരു 'ബദല്‍ മോഡല്‍' മുന്നോട്ടുവെച്ചു. 'പിങ്ക് റവല്യൂഷന്‍' എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കയിലെ നവസോഷ്യലിസ്റ്റ് വസന്തം ഫിദല്‍ കാസ്‌ട്രോയുടെയും ഹ്യൂഗോ ചാവേസിന്റെയും നേതൃത്വത്തില്‍ ലാറ്റിനമേരിക്കയുടെ തനതായ ചരിത്രാനുഭവങ്ങള്‍ക്കിണങ്ങുംവിധം സാമ്രാജ്യത്വ ലോകക്രമത്തിന് ബദല്‍ സൃഷ്ടിച്ചു. 21-ാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിന്റെ തുടക്കത്തില്‍ ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും ആഞ്ഞടിച്ച ജനാധിപത്യ കൊടുങ്കാറ്റ് അറബ് ജനതയുടെ സംസ്‌കാരത്തിനും ചരിത്രാനുഭവങ്ങള്‍ക്കും യോജിച്ച ജനാധിപത്യമാതൃക സൃഷ്ടിച്ചുകൊണ്ട് പ്രയാണം തുടരുകയാണ്.

അറബ് പ്രതിവസന്തത്തിന്റെ വരവ്
സംസ്‌കൃതിയുടെ ജന്മഗേഹങ്ങളിലൊന്നായ ഈജിപ്തിലാണ് ആദ്യമായി പ്രതിവസന്തത്തിന്റെ മണിമുഴങ്ങിയത്. ചുരുങ്ങിയത് പതിനായിരം വര്‍ഷങ്ങളുടെയെങ്കിലും സാംസ്‌കാരികാനുഭവങ്ങളുള്ള ഈജിപ്തിന്റെ ചരിത്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുഹമ്മദ് മുര്‍സി. 52 ശതമാനത്തോളം വോട്ടു നേടി അധികാരത്തിലെത്തിയ മുര്‍സിയെ കഴിഞ്ഞ ജൂലൈ 3-ന് പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. അല്‍ബറാദഇ നേതൃത്വം നല്‍കുന്ന പരിഷ്‌കരണവാദികളുടെ പൊതുവേദിയായ ദേശീയ വിമോചന മുന്നണി (National Salvation Front- NSF) സംഘടിപ്പിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി ഭരണം പിടിച്ചെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അധികാരഭ്രഷ്ടനാക്കി തടവിലിട്ടും ജനങ്ങള്‍ റഫറണ്ടത്തിലൂടെ അംഗീകാരം നല്‍കിയ ഭരണഘടന സസ്‌പെന്റ് ചെയ്തും ജനാധിപത്യത്തിന്റെ കശാപ്പിന് പട്ടാളം തുടക്കമിട്ടു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പുറത്താക്കിയ സൈനിക നടപടിക്കെതിരെ ഈജിപ്ഷ്യന്‍ ജനത ഉണരണമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് വക്താവ് ജഹാദ് അല്‍ ഹദ്ദാദ് ആഹ്വാനം ചെയ്തു. ജനാധിപത്യം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ സൈന്യം നടത്തിയ കൂട്ടക്കൊലയില്‍ 2600-ലധികം പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 780 ആളുകള്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ആഗോളീകരണത്തിനെതിരായി പശ്ചിമേഷ്യയില്‍ ഉയര്‍ന്നുവന്ന 'അറബ് മോഡല്‍' എന്ന ബദല്‍ (പശ്ചിമേഷ്യന്‍ ബദല്‍) ചോരയില്‍ മുക്കി തൂത്തെറിയാനുള്ള ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിന്റെ സൃഗാലതന്ത്രങ്ങള്‍ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കണം. ഒരു ജനതയുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ രൂപമെടുക്കുന്നത് അതിന്റെ രാഷ്ട്രീയ സംസ്‌കൃതിക്കും ചരിത്രാനുഭവങ്ങള്‍ക്കും അനുസരിച്ചാണ്. പശ്ചിമേഷ്യയുടെ സംസ്‌കൃതിയെ നിര്‍ണയിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്നതില്‍ ഇസ്‌ലാമിനും അറബിസത്തിനും അദ്വിതീയമായ സ്ഥാനമാണുള്ളത്. ആഗോളീകരണകാലത്ത് മേഖലയില്‍ രണ്ട് പ്രതിരോധ മാതൃകകളാണ് ഉയര്‍ന്നുവന്നത്. ആദ്യത്തേത് താലിബാന്‍, അല്‍ഖാഇദ അടക്കമുള്ള ഭീകരവാദ സംഘങ്ങള്‍ മുന്നോട്ടുവെച്ച അക്രമപരമ്പരകളായിരുന്നു. ജനകീയ ഇടപെടലിന്റെ വിദൂര സാധ്യത പോലുമില്ലാത്ത 'ഭീകരത' ദയനീയമായി പരാജയപ്പെട്ടു. രണ്ടാമത്തേത് 'അറബ് വസന്ത'മാണ്. ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ക്കും ചരിത്രാനുഭവങ്ങള്‍ക്കുമിണങ്ങുന്ന ജനാധിപത്യ മോഡലാണ് അത് മുന്നോട്ടുവെച്ചത്. 'ഇസ്‌ലാമിക രാഷ്ട്രം' സ്ഥാപിക്കുന്നതിനെപ്പറ്റിയല്ല, മറിച്ച് ഒരു 'സിവില്‍ രാഷ്ട്രം' രൂപപ്പെടുത്തുന്നതിനെപ്പറ്റിയാണ് അറബ് വസന്തം ഉറക്കെ ചിന്തിച്ചത്. ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തെ വര്‍ത്തമാനത്തിനിണങ്ങും വിധം പുനരവതരിപ്പിക്കാന്‍ ഇസ്‌ലാമിക ജനാധിപത്യവാദികള്‍ക്ക് കഴിഞ്ഞു. ആധുനിക ജനാധിപത്യ പ്രക്രിയക്കും വ്യവഹാരങ്ങള്‍ക്കുമിണങ്ങുംവിധം ഇസ്‌ലാമിസത്തെപ്പോലും പുനര്‍വ്യാഖ്യാനത്തിന് വിധേയമാക്കി ഒരു നവ ഇസ്‌ലാമിസ്റ്റ് രാഷ്ട്ര സങ്കല്‍പം മുന്നോട്ടുവെക്കാന്‍ അറബ് ലോകത്തിന് കഴിഞ്ഞു. പടിഞ്ഞാറന്‍ മതേതര-ജനാധിപത്യ മോഡലുകള്‍ക്കു പകരം 'നവ ഇസ്‌ലാമിസ്റ്റ്' മോഡല്‍ അറബ് വസന്തത്തില്‍ ഉയര്‍ന്നുവന്നു.
പടിഞ്ഞാറന്‍ ജനാധിപത്യം പോലും മതരഹിതമല്ല എന്നതാണ് വാസ്തവം. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 1990-കളില്‍ കിഴക്കന്‍ യൂറോപ്പിലും മറ്റും തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത് ക്രിസ്ത്യന്‍ ഡമോക്രാറ്റുകളായിരുന്നു. പോളണ്ടില്‍ രാഷ്ട്രീയ മാറ്റത്തിന് നേതൃത്വം നല്‍കിയ ലെഖ് വലേസയുടെ സോളിഡാരിറ്റി ഒരു മത-രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു (ഒരു കത്തോലിക്കാ തൊഴിലാളി പ്രസ്ഥാനം). സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം 'റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്' ശക്തമായി തിരിച്ചുവന്നു. നിക്കോളാസ് രണ്ടാമനെയും കുടുംബാംഗങ്ങളെയും വധിച്ചുകൊണ്ടാണ് ബോള്‍ഷെവിക് വിപ്ലവം കടന്നുവന്നതെങ്കില്‍ 1991-ല്‍ അവരെ (നിക്കോളാസ് രണ്ടാമനെയും എട്ട് കുടുംബാംഗങ്ങളെയും)വിശുദ്ധന്മാരായി പ്രഖ്യാപിച്ചുകൊണ്ടാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലും അമേരിക്കയിലും രാഷ്ട്രീയ സംസ്‌കൃതിയില്‍ ക്രിസ്തുമതം നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ജൂനിയര്‍ ഒരു തികഞ്ഞ യാഥാസ്ഥിതികനും ക്രിസ്ത്യന്‍ സയണിസ്റ്റുമായിരുന്നു എന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ യാഥാസ്ഥിതിക മുന്നേറ്റങ്ങളില്‍ ക്രിസ്ത്യന്‍ മൗലികവാദം അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. ബ്രിട്ടനില്‍ 1668-ലെ 'Bill of Rights' അനുസരിച്ചുള്ള പ്രൊട്ടസ്റ്റന്റ് പിന്തുടര്‍ച്ച നിലനില്‍ക്കുന്നു. ചുരുക്കത്തില്‍, കൊട്ടിഘോഷിക്കുന്ന പാശ്ചാത്യ മതേതര, ജനാധിപത്യ മോഡല്‍ ആന്തരാര്‍ഥത്തില്‍ മതരഹിതമല്ല എന്നതാണ് വസ്തുത.
ഈ സാഹചര്യത്തില്‍ ഇസ്‌ലാമിക സംസ്‌കൃതിയെ ആഴത്തില്‍ ആന്തരവത്കരിച്ച ഒരു ജനത മതരഹിത ജനാധിപത്യത്തിലേക്ക് നീങ്ങണമെന്ന് ശഠിക്കുന്നത് അഭിലഷണീയമല്ല. മതത്തിന്റെ -ഇസ്‌ലാമിന്റെ-വിമോചന സാധ്യതകളെ പ്രയോജനപ്പെടുത്തി സര്‍വാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ പോരാടുന്ന സംഘങ്ങളെ മതമൗലികവാദികളെന്ന് ആക്ഷേപിച്ച് ജനാധിപത്യ കശാപ്പിന് ന്യായം കണ്ടെത്തുന്നത് മരുക്കുറുക്കന്റെ കുത്സിത കൗശലത്തിന് സമമാണ്.

വിമോചന ദൈവശാസ്ത്രം ഇസ്‌ലാമില്‍
അധ്വാനിക്കുന്നവരുടെയും പാവപ്പെട്ടവരുടെയും (have nots) വിമോചകനായി ക്രിസ്തുവിനെ അവതരിപ്പിച്ചുകൊണ്ടാണ് ലാറ്റിനമേരിക്കയില്‍ വിമോചന ദൈവശാസ്ത്രം കടന്നുവന്നത്. പശ്ചിമേഷ്യയില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്ര പരിസരമായി ഇസ്‌ലാമിക ദര്‍ശനം മാറിയപ്പോഴാണ് ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രം ഉയര്‍ന്നുവന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇസ്‌ലാമിക ഭൂമിയെ സംരക്ഷിക്കാനും ഇസ്‌ലാമിനെ ആന്തരികമായി ശക്തിപ്പെടുത്താനുമാണ് (Internal strengthening of Islam) പാരമ്പര്യവാദികളും പരിഷ്‌കരണവാദികളുമായ ചിന്തകര്‍ പരിശ്രമിച്ചത്. ആന്തരിക ശാക്തീകരണത്തിന് ദര്‍ശനത്തിന്റെ പുനര്‍വ്യാഖ്യാനവും സമകാലീന പ്രയോഗവും അനിവാര്യമാണ്. ശാസ്ത്രീയ ചിന്തയുമായി ഇസ്‌ലാമിനുള്ള സാധര്‍മ്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പരിവര്‍ത്തനത്തിനുള്ള ധാര്‍മിക പാതയായി ഇസ്‌ലാം പുനരവതരിപ്പിക്കപ്പെട്ടു. ജമാലുദ്ദീന്‍ അഫ്ഗാനി (1839-1897) പറഞ്ഞു: ''ശാസ്ത്രവുമായി ഏറ്റുവുമടുത്തുനില്‍ക്കുന്ന മതമാണ് ഇസ്‌ലാം. ഇത് രണ്ടും തമ്മില്‍ വേര്‍തിരിവില്ല'' (The Islamic religion is the closest of religions to science of knowledge and there is no incompatibility between the two- വിശദാംശങ്ങള്‍ക്ക് നിക്ക്. ആര്‍. കെസ്സി രചിച്ച An Islamic Response to Imperialism എന്ന ഗ്രന്ഥം കാണുക). ക്രിസ്തുമതം, പടിഞ്ഞാറന്‍ സംസ്‌കാരം, കൊളോണിയല്‍ രാഷ്ട്ര ഘടന എന്നീ മൂന്നു ഘടകങ്ങള്‍ക്കെതിരായി ബഹുമുഖതലത്തില്‍ പ്രതിരോധം വളര്‍ത്തിയെടുക്കാന്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ യൗക്തിക പാരമ്പര്യവും പ്രാക്തന മൂല്യങ്ങളും (Authentic Islam) തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്ന് പരിഷ്‌കര്‍ത്താക്കളും ചിന്തകരും തിരിച്ചറിഞ്ഞു. കൊളോണിയല്‍ രാഷ്ട്ര ഘടനക്കെതിരെ 'ഇസ്‌ലാമിക വ്യവസ്ഥ' (Islamic Order) എന്ന രാഷ്ട്രീയ നിലപാട് ആഴത്തില്‍ വേരുപിടിച്ചതോടെ ഇസ്‌ലാം തന്നെ 'രാഷ്ട്രീയ ഇസ്‌ലാ'മായി (Political Islam) സ്വയം മാറി. മതവും (വിമോചന മതം) രാഷ്ട്രീയവും ഒന്നായി മാറി എന്ന് സാരം (Religion and politics became one and the same).
ഈ ദിശയിലുള്ള മാറ്റങ്ങള്‍ക്ക് സൈദ്ധാന്തിക സംഭാവനകള്‍ നല്‍കിയവരില്‍ പ്രമുഖര്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ് എന്നിവരായിരുന്നു. 'ജാഹിലിയ്യ' സങ്കല്‍പത്തെ പ്രാമാണിക ഇസ്‌ലാമിക ദര്‍ശനത്തെ പിന്‍പറ്റാത്ത മുസ്‌ലിം സമൂഹങ്ങളിലേക്കും ഭരണാധികാരികളിലേക്കും വ്യാപിപ്പിച്ച് ഖുത്വ്ബ് നടത്തിയ വ്യാഖ്യാനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ പശ്ചിമേഷ്യയിലുടനീളം നിരവധി മത-രാഷ്ട്രീയ സംഘങ്ങള്‍ക്ക് ജന്മം നല്‍കി. പടിഞ്ഞാറന്‍ ലോകത്തിന് ക്രൈസ്തവ മത കാലമാണ് (മധ്യകാല യൂറോപ്പ്) ഇരുണ്ട യുഗമെങ്കില്‍ (Dark Age), പശ്ചിമേഷ്യയില്‍ ഇസ്‌ലാമിക പൂര്‍വകാലമാണ് 'ജാഹിലിയ്യ' കാലം (Age of Ignorance). ക്രൈസ്തവ പാരമ്പര്യങ്ങളെ നിഷേധിച്ചും ഗ്രീക്കോ-റോമന്‍ പാരമ്പര്യങ്ങളെ പുനരാനയിച്ചുമാണ് യൂറോപ്പില്‍ നവോത്ഥാനം കടന്നുവന്നതെങ്കില്‍, പശ്ചിമേഷ്യയില്‍ യഥാര്‍ഥ ഇസ്‌ലാമിക പാരമ്പര്യങ്ങളിലേക്കുള്ള (Authentic Islam) പിന്‍നടത്തവും ദര്‍ശനത്തിന്റെ സമകാലീന പ്രയോഗവുമാണ് സാമൂഹിക നവോത്ഥാനവും രാഷ്ട്രീയ ഉയിര്‍പ്പും സാധ്യമാക്കിയത്. ഈ അടിസ്ഥാനപരമായ വ്യത്യാസം ചരിത്രപരമായി മനസ്സിലാക്കാതെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ വ്യാഖ്യാനിച്ചാല്‍ ഭീമാബദ്ധങ്ങളിലേക്ക് നിപതിക്കും എന്ന് നിസ്സംശയം പറയാം.

ബഹുസ്വര സമൂഹവും ജിഹാദും
ഒരു ബഹുസ്വര സമൂഹത്തില്‍ ജിഹാദിന്റെ പ്രയോഗത്തിന് അഭിലഷണീയമായ മാതൃക സൃഷ്ടിച്ചത് 16-ാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ചിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ആണ്. അദ്ദേഹം 1583-ല്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇസ്‌ലാമിലെ വിമോചന ദൈവശാസ്ത്ര മേഖലയിലെ ആദ്യത്തെ കാല്‍വെപ്പാണ്. മുസ്‌ലിംകള്‍ തങ്ങളുടെ മതവിശ്വാസവും ജീവിതോപാധികളും സംരക്ഷിക്കാന്‍ 'കുരിശ് ധരിച്ച അവിശ്വാസികളോട്' (പോര്‍ച്ചുഗീസുകാര്‍) മരണം വരെ പോരാടാനുള്ള ആഹ്വാനമാണ് ശൈഖ് സൈനുദ്ദീന്‍ ഉയര്‍ത്തിയത്. ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനമോ ഏകപക്ഷീയമായ മതലക്ഷ്യങ്ങളോ ഈ 'ജിഹാദി'ന്റെ ഉന്നമായിരുന്നില്ല. തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും വ്യത്യസ്തത പുലര്‍ത്തുന്നവരുമായി 'സമാധാനപരമായ സഹജീവനം' അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും ക്രിസ്ത്യാനികളും (തദ്ദേശീയ ക്രിസ്ത്യാനികള്‍) അടങ്ങുന്ന ബഹുജനങ്ങളുടെയും ഹൈന്ദവ നാട്ടു രാജാക്കന്മാരുടെയും വിമോചനത്തിനായി വിദേശികളായ പറങ്കികള്‍ക്കെതിരെ 'വിശുദ്ധ യുദ്ധം' നടത്തുക എന്ന ആഹ്വാനം ഇസ്‌ലാമിന്റെ വിമോചന സാധ്യതയുടെ പ്രയോഗമായിരുന്നു. കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടങ്ങള്‍, പഴശ്ശി കലാപം, 19-ാം നൂറ്റാണ്ടിലെ മാപ്പിള കലാപങ്ങള്‍, ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം എന്നിവയിലൂടെ ഈ ആഹ്വാനം മലബാറിലെ മുസ്‌ലിംകളുടെ ചരിത്രാനുഭവമായി മാറി. പശ്ചിമേഷ്യയിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങളുമായി ജൈവബന്ധം പുലര്‍ത്താന്‍ മലബാര്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞത് ഈ പാരമ്പര്യം നിമിത്തമാണ്. എന്നാല്‍, മലബാര്‍ കലാപത്തിനുശേഷം മുസ്‌ലിംകളുടെ രാഷ്ട്രീയാനുഭവങ്ങളില്‍ ഒരു ബന്ധവിഛേദം കാണാം. ഒരു ജനതയുടെ മൊത്തം വിമോചനത്തിനായി 'ജിഹാദ്' സങ്കല്‍പത്തെ പ്രയോജനപ്പെടുത്തിയ ചരിത്രാനുഭവമുള്ള മലബാര്‍ മുസ്‌ലിംകള്‍ പിന്നീട് ഷണ്ഡത്വത്തോളം വരുന്ന രാഷ്ട്രീയ വിധേയത്വങ്ങളിലേക്കും സമവായങ്ങളിലേക്കും കൂപ്പുകുത്തിയത് പഠനവിധേയമാക്കേണ്ട കാര്യമാണ്. ചരിത്രത്തില്‍ വേരുകളില്ലാത്ത ജനത ഓര്‍മകളില്ലാത്ത മനുഷ്യരെപ്പോലെയാണെന്ന വസ്തുത മറക്കരുത്. കൊളോണിയലിസത്തിന്റെ ആദ്യത്തെ വനിതാ രക്തസാക്ഷിയായ 'ആയിഷ'യെ ഓര്‍ക്കാന്‍ 1980-കള്‍ വരെ കാത്തിരിക്കേണ്ടിവന്നു. പരപ്പില്‍ മുഹമ്മദ് കോയ രചിച്ച കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം 'ആയിഷ'ക്ക് സമര്‍പ്പിച്ചത് ഉചിതമായി. ചരിത്രാനുഭവങ്ങള്‍ തിരിച്ചുപിടിച്ച് ഉയിര്‍പ്പിലേക്ക് നടന്നുനീങ്ങാനുള്ള ബാധ്യത ചിന്താശേഷിയുള്ള സകല മനുഷ്യര്‍ക്കുമുണ്ട്. മതത്തിന്റെ വിമോചന സാധ്യതകളെ ക്രിയാത്മകമായി ഉപയോഗിക്കുമ്പോള്‍ ജനവിമോചനത്തിന്റെ സാധ്യതകള്‍ തുറന്നുകിട്ടുന്നുണ്ട്.
ലോകത്തെമ്പാടും വിശിഷ്യ പശ്ചിമേഷ്യയിലും ഇന്ത്യയിലും മുസ്‌ലിം സമൂഹങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിക്കുന്നതില്‍ ഇസ്‌ലാമിക ദര്‍ശനത്തിനുള്ള പങ്ക് അദ്വിതീയമാണ്. പശ്ചിമേഷ്യയില്‍ മധ്യകാലഘട്ടത്തില്‍ ഇസ്‌ലാം ഒരു സംസ്‌കൃതിയായി വികസിച്ചു. ഒരു മതത്തിന്റെ അനുവര്‍ത്തന പാരമ്പര്യങ്ങള്‍ സമഗ്രവും വ്യാപകവുമായ സ്വീകാര്യത ലഭിക്കുമ്പോഴാണ് അവ സംസ്‌കൃതിയായി വികസിക്കുന്നത്. ഈ സംസ്‌കൃതിയില്‍ നിന്ന് വ്യതിരിക്തമായി രാഷ്ട്രീയ പ്രക്രിയയെ കാണാന്‍ സാധിക്കില്ല. ഈജിപ്തില്‍ 'സെക്യുലര്‍ രാഷ്ട്രീയ'ത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ജമാല്‍ അബ്ദുന്നാസിറിന്റെ രാഷ്ട്രീയ നിലപാടുകള്‍ പടിഞ്ഞാറന്‍ മതേതരത്വത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇസ്‌ലാം, അറബിസം, സോഷ്യലിസം എന്നിവ സമം ചേര്‍ത്താണ് 'നാസറിസം' എന്നു വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രീയ നയം നാസര്‍ രൂപപ്പെടുത്തിയത്. നാസറിസത്തില്‍ നിന്ന് നവ ഇസ്‌ലാമിസത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് ഈജിപ്ത് ഇപ്പോള്‍ കടന്നുപോകുന്നത്. 20-ാം നൂറ്റാണ്ടിലെ, വിശിഷ്യ കൊളോണിയല്‍ കാലഘട്ടത്തിലെ 'മതരാഷ്ട്ര' സങ്കല്‍പത്തില്‍ നിന്ന് 'ഇസ്‌ലാമിക ജനാധിപത്യ'ത്തിലേക്ക് രാഷ്ട്രീയ ഇസ്‌ലാം വികസിച്ചിട്ടുണ്ട്. തുനീഷ്യയിലെ മധ്യ ഇടതുപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ലിക്കി(സി.പി.ആര്‍)ന്റെ നേതാവ് മബ്രൂക്ക മബ്രൂക്ക് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ (2012 ഫെബ്രുവരി), 'ലിബറല്‍ ജനാധിപത്യ വ്യവസ്ഥ'യാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. ലിബറല്‍ ജനാധിപത്യത്തില്‍ ഇസ്‌ലാമിന്റെ സ്ഥാനമെന്ത് എന്ന ചോദ്യത്തിന് 'തങ്ങളുടെ വ്യക്തിപരവും രാഷ്ട്രീയവുമായ സ്വത്വത്തെ നിര്‍ണയിക്കുന്നത് ഇസ്‌ലാമാണെന്ന്' അവര്‍ പ്രതികരിച്ചു. ഒരു സംസ്‌കൃതിയായി വികസിച്ച ഇസ്‌ലാമിക മതാനുവര്‍ത്തന പാരമ്പര്യങ്ങളെ നിഷേധിക്കുന്ന ജനാധിപത്യം തങ്ങള്‍ക്ക് അന്യമാണെന്ന് അവര്‍ വ്യക്തമാക്കി. റാശിദുല്‍ ഗനൂശി ടൈം മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ 'inclusive democracy' ആണ് നടപ്പിലാക്കുകയെന്നും തുര്‍ക്കി, ഇന്തോനേഷ്യ, മലേഷ്യ മോഡലുകള്‍ അനുകരണീയമാണെന്നും പറയുകയുണ്ടായി.
ഈജിപ്ഷ്യന്‍ സാഹചര്യത്തില്‍ താമര വിപ്ലവം മതവിപ്ലവമായി മാറുന്നു എന്ന വാദം ഏകപക്ഷീയമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ജനാധിപത്യവും രാഷ്ട്രീയ മാറ്റവും സ്ഥിരീകരിക്കാനാകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഈജിപ്തിലെ സാമ്പത്തിക കുഴപ്പങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. '90കളില്‍ ഹുസ്‌നി മുബാറക്ക് നടപ്പിലാക്കിയ ആഗോളീകരണ നയങ്ങള്‍ സമ്പദ് വ്യവസ്ഥയിലും ജനജീവിതത്തിലും കടുത്ത ആഘാതങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോഴും തുടരുന്ന ഈ സാമ്പത്തിക കുഴപ്പങ്ങളുടെ പാപഭാരം തന്ത്രപൂര്‍വം മുര്‍സിയുടെ തലയില്‍ കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. 'പ്രശ്‌ന പരിഹാരത്തി'നായി അമേരിക്കന്‍ ആശീര്‍വാദത്തോടെ കുവൈത്ത്-യു.എ.ഇ-സുഊദി അറേബ്യ കൂട്ടുകെട്ട് ശതകോടികളാണ് പട്ടാള ഭരണകൂടത്തിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. 'ജനാധിപത്യത്തെ അട്ടിമറിച്ചാല്‍ സാമ്പത്തിക സഹായം' എന്ന രീതി പഴകിത്തഴമ്പിയ സാമ്രാജ്യത്വ തന്ത്രമാണ്.
ഈജിപ്തിലെ സാഹചര്യങ്ങള്‍ക്കിണങ്ങും വിധം ജനാധിപത്യം വളര്‍ത്തിയെടുക്കാന്‍ ജനതയെ അനുവദിക്കുക എന്നതാണ് ശരിയായ കാഴ്ചപ്പാട്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കിയും ജനങ്ങള്‍ അംഗീകരിച്ച ഭരണഘടന സസ്‌പെന്റ് ചെയ്തും തെരുവില്‍ ആയിരങ്ങളെ കുരുതി കൊടുത്തും അങ്കിള്‍ സാമും സയണിസ്റ്റ് ഇസ്രയേലും പിന്തിരിപ്പന്‍ രാഷ്ട്രങ്ങളും ചേര്‍ന്ന് എന്ത് ജനാധിപത്യ സ്വര്‍ഗമാണ് ഈജിപ്തില്‍ സൃഷ്ടിക്കുക? പരിമിതികള്‍ ഉണ്ടെങ്കിലും ജനവിധിയെ മാനിക്കാതെ ജനാധിപത്യം വേരുപിടിക്കില്ല. ജനങ്ങള്‍ക്കു നേരെ ഉന്നം വെച്ച ടാങ്കുകളുടെ മുകളിലിരുന്ന് 'ജനാധിപത്യം' പ്രസംഗിക്കുന്നത് അപഹാസ്യമാണ്. ഓര്‍ക്കുക, ജനാധിപത്യം കടന്നുവന്നത് ഏതെങ്കിലും 'തൊമ്മി'മാരുടെ വിനീതവിധേയത്വങ്ങളിലൂടെയല്ല; ഭാസ്‌കര പട്ടേലരുടെ ദയാവായ്പിലുമല്ല. മറിച്ച് സ്വന്തം ചരിത്രാനുഭവങ്ങള്‍ പാഠമാക്കി ആത്മബോധമുള്ള ജനത നടത്തിയ ഉജ്ജ്വലമായ ഉയിര്‍പ്പുകളിലൂടെയാണ്.
[email protected]
(കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍