Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

വിപ്ലവത്തിന്റെ ആത്മീയ പാഠങ്ങള്‍

ലേഖനം / ശമീര്‍ ബാബു കൊടുവള്ളി

മണ്ണിന്റെ ചേരുവയും വിണ്ണിന്റെ ആത്മാവും ഉള്‍ചേര്‍ന്ന അത്ഭുതസ്വത്വമാണ് മനുഷ്യന്‍. കളിമണ്ണിനാല്‍ ആവിഷ്‌കൃതമായ മനുഷ്യ ശില്‍പത്തില്‍ ദൈവം ഊതിയ ആത്മാവിന്റെ സാന്നിധ്യം അവനെ അതുല്യനാക്കുന്നു. ദൈവത്തില്‍ നിന്നുള്ള ആദരവ്, മാലാഖമാരുടെ സാഷ്ടാംഗം, ഇതര സൃഷ്ടികളേക്കാള്‍ ഉയര്‍ന്ന പദവി, സത്യത്തെയും അസത്യത്തെയും തിരിച്ചറിയാനുള്ള വിവേചനബോധം തുടങ്ങി ആത്മാവുള്ള സ്വത്വത്തിനു മാത്രം ലഭ്യമായ ദൈവിക അനുഗ്രഹങ്ങള്‍. ഇസ്‌ലാമികദര്‍ശനത്തിന്റെ ഓരോ അധ്യാപനവും മനുഷ്യനില്‍ അന്തര്‍ലീനമായ ഈ ദൈവബോധത്തെ ഊട്ടിയുറപ്പിക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ദൈവസ്മരണ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ആരാധനയാണ് നമസ്‌കാരം. ധര്‍മബോധം (തഖ്‌വ) വളര്‍ത്താന്‍ വേണ്ടിയുള്ള ആരാധനയാണ് ഉപവാസം. മനുഷ്യമനസിന്റെ സംസ്‌കരണത്തിനും സാമൂഹികമായ അഭിവൃദ്ധിക്കുംവേണ്ടിയാണ് സകാത്ത്. ദൈവസന്നിധിയിലേക്കുള്ള തീര്‍ഥാടനമാണ് ഹജ്ജ്. നിയമങ്ങളും തത്വോപദേശങ്ങളും മറ്റുമൊക്കെ ദൈവബോധം അരക്കിട്ടുറപ്പിക്കാനുള്ള മികച്ച മാര്‍ഗങ്ങള്‍ തന്നെ.
ദൈവബോധവും അതിനെ തുടര്‍ന്നുവന്ന അനുഗ്രഹങ്ങളും കേവലരസാനുഭൂതികളായി ആസ്വദിച്ച് ജീവിതം തുലക്കാനല്ല, മറിച്ച് 'ഖിലാഫത്ത്', 'അമാനത്ത്', 'ശഹാദത്തുല്‍ ഹഖ്' എന്നിങ്ങനെയുള്ള പദാവലികളില്‍ വ്യവഹിക്കപ്പെടുന്ന ദൈവികദൗത്യം ശിരസാവഹിച്ച് മനസ്സിലും തെരുവിലും വിപ്ലവത്തിന്റെ പുതുവസന്തങ്ങള്‍ തീര്‍ക്കാനാണ് ഇസ്‌ലാമികദര്‍ശനം മനുഷ്യനോട് ആഹ്വാനം ചെയ്യുന്നത്. മാറ്റത്തിന്റെ, വിപ്ലവത്തിന്റെ ദര്‍ശനമാണ് ഇസ്‌ലാം. മാറ്റമെന്നത് ഒരു പ്രാപഞ്ചിക സത്യമാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുവും നിരന്തരം മാറ്റത്തിന് വിധേയമാകുന്നു. സസ്യങ്ങള്‍, ജന്തുക്കള്‍, ശരീരാവയവങ്ങള്‍ എന്നിങ്ങനെ എല്ലാം മാറുന്നു. എന്നാല്‍ ഈ വക മാറ്റങ്ങള്‍ കേവലമായ മാറ്റങ്ങളാണ്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും അവ നടന്നുകൊണ്ടേയിരിക്കും. ഇസ്‌ലാം ആഗ്രഹിക്കുന്ന മാറ്റം ബോധപൂര്‍വമായ മാറ്റമാണ് (Conscious Change). മനസിന്റെയും തെരുവിന്റെയും ധര്‍മത്തിലേക്കുള്ള ആശയാധിഷ്ഠിതമായ പരിവര്‍ത്തനമാണത്. ഈ പരിവര്‍ത്തനമാണ് വിപ്ലവത്തിന് നാന്ദി കുറിക്കുന്നത്. ബോധപൂര്‍വമായ മാറ്റത്തിന് പ്രചോദനമേകുന്ന ആശയങ്ങള്‍ ഇസ്‌ലാമിക ദര്‍ശനം ഉള്‍വഹിക്കുന്നുവെന്നത് അതിന്റെ ജനിതക സവിശേഷതയാണ്.
വിശ്വാസത്തെയും വിപ്ലവത്തെയും പേര്‍ത്തും പേര്‍ത്തും അവതരിപ്പിക്കുന്നു വിശുദ്ധവേദവും തിരുചര്യയും. ''മനുഷ്യ സമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നു...'' (ആലുഇംറാന്‍-110).
ദൈവവിശ്വാസത്തെയും സാമൂഹിക മാറ്റത്തെയും ഏകചരടില്‍ കോര്‍ത്തിണക്കുന്നു മേല്‍സൂക്തം. വിശ്വാസത്തിന്റെ ഗ്രാഫ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മാറ്റത്തിന്റെ അളവിലും രൂപത്തിലും വ്യത്യാസം ഉണ്ടാവുന്നു. ശുഐബ് നബിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ കുറ്റപത്രം ഇപ്രകാരമായിരുന്നുവല്ലോ: ''ശുഐബേ, നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചു പോരുന്നവയെ ഞങ്ങളുപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടംപോലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നീ വല്ലാത്തൊരു വിവേകശാലി, സന്മാര്‍ഗി!'' (ഹൂദ്: 87). പ്രവാചകന്‍ തിരുമേനിയുടെ തലമുറയെക്കുറിച്ചുള്ള വിശേഷണം ഇപ്രകാരമായിരുന്നു: ''നിശാവേളകളില്‍ ധ്യാനനിമഗ്നരായിരിക്കും അവര്‍. പകല്‍ വേളകളില്‍ അശ്വാരൂഢരായ വിപ്ലവകാരികളും.'' വിപ്ലവം അതിന്റെ നൈരന്തര്യം കാത്തുസൂക്ഷിക്കുന്നത് ആത്മീയവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കം നിലനിര്‍ത്തുന്നതിലൂടെയാണ്. ആത്മീയ-പ്രത്യയശാസ്ത്ര-വിമോചനപരമായ ഉള്ളടക്കത്തിന്റെ അഭാവം മൂലമാണ് ആധുനിക ദര്‍ശനങ്ങള്‍ അകാല ചരമമടഞ്ഞത്.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ വിപ്ലവ ശബ്ദം പ്രകമ്പനം കൊള്ളുന്നത് തെരുവുകളിലാണ്. തെരുവിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വിപ്ലവ പദ്ധതി ഇസ്‌ലാമിന് അന്യമാണ്. അതിന്റെ സുപ്രധാന ചിഹ്നമായ മസ്ജിദുകള്‍ നിലകൊള്ളുന്നത് തെരുവുകളിലാണ്. അഥവാ മസ്ജിദുകള്‍ ഉള്ളിടം തെരുവുകളായി രൂപാന്തരപ്പെടുന്നു. മസ്ജിദുകള്‍ ഒരേസമയം ആത്മീയതയുടെയും വിപ്ലവത്തിന്റെയും പ്രതീകങ്ങളാണ്. അവയില്‍ മുഴങ്ങുന്ന ശബ്ദവീചികള്‍ ആത്മീയമായ പ്രാര്‍ഥനകളും വിപ്ലവ ചുവയുള്ള മുദ്രാവാക്യങ്ങളുമാണ്: ''വാക്കുകള്‍ക്കും അര്‍ഥങ്ങള്‍ക്കും വ്യത്യാസമില്ല. പക്ഷേ, മൊല്ലയുടെ ബാങ്ക് വേറെ, മുജാഹിദിന്റെ ബാങ്ക് വേറെ'' (ഇഖ്ബാല്‍).
എല്ലാ പ്രവാചകന്മാരും തെരുവുകളില്‍ സാധാരണ ജനങ്ങളോടൊപ്പം ജീവിച്ച് മാറ്റത്തിന്റെ ചുക്കാന്‍ പിടിച്ചവരായിരുന്നു. ''ആഹാരം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരല്ലാത്ത ആരെയും നിനക്കുമുമ്പ് നാം ദൂതന്മാരായി അയച്ചിട്ടില്ല'' (അല്‍ഫുര്‍ഖാന്‍: 20). മുഹമ്മദ് നബിയും തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് സഞ്ചരിച്ച് മാറ്റത്തിന്റെ വിത്തുകള്‍ പാകിയ യുഗശില്‍പിയായിരുന്നു. ഖുറൈശി പ്രമാണിമാര്‍ പ്രവാചകനെ പരിഹാസത്തോടെ അധിക്ഷേപിക്കുന്നത് ഇപ്രകാരമായിരുന്നു: ''ഇതെന്ത് ദൈവദൂതന്‍? ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?'' (അല്‍ഫുര്‍ഖാന്‍:7). ഉത്തമവിശ്വാസിയെ പ്രവാചകന്‍ നിര്‍വചിച്ചത് ഇപ്രകാരമാണ്: ''ജനങ്ങളുമായി ഇടപെടുകയും അവരില്‍ നിന്നുണ്ടാകുന്ന പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യുന്നവനാണ്, ജനങ്ങളുമായി ഇടപഴകാത്ത, അവരില്‍ നിന്നുണ്ടാകുന്ന പ്രയാസങ്ങള്‍ സഹിക്കാത്ത വിശ്വാസിയെക്കാള്‍ ഉത്തമന്‍.''
വഹ്‌യ് ലഭിക്കുന്നതിനു മുമ്പ് ജനങ്ങളോടൊപ്പമുള്ള ജീവിതത്തിലൂടെ പ്രവാചകന് ലഭിച്ച ശ്രേഷ്ഠനാമമാണ് അല്‍ അമീന്‍. ചിലപ്പോഴെങ്കിലും ഹിറാഗുഹയില്‍ ധ്യാനനിരതനാവുകയും ചെയ്തിരുന്നു. എന്നാല്‍ വഹ്‌യ് ലഭിച്ച പ്രവാചകന്‍ പിന്നീടൊരിക്കലും ഹിറാഗുഹയിലേക്ക് തിരിച്ചുപോയില്ല. മക്കയിലെയും മദീനയിലെയും തെരുവുകളില്‍ ആത്മീയ വിപ്ലവത്തിന്റെ പുതുവസന്തങ്ങള്‍ തീര്‍ക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം നബി(സ) തെരുവില്‍ വില്‍പ്പനക്കുവെച്ച ഗോതമ്പ് ചാക്കില്‍ കൈയിട്ടപ്പോള്‍ നനവ് അനുഭവപ്പെട്ടു. ''നനഞ്ഞ ഗോതമ്പാണോ വില്‍ക്കുന്നത്?'' - നബി ചേദിച്ചു. ''അല്ല, മഴ പെയ്തപ്പോള്‍ നനഞ്ഞതാണ്'' - കടയുടമ പ്രത്യുത്തരം നല്‍കി. ''എങ്കില്‍, ജനങ്ങള്‍ കാണുന്നവിധത്തില്‍ മുകളില്‍ വെച്ചുകൂടേ, വഞ്ചന നടത്തുന്നവന്‍ എന്നില്‍ പെട്ടവനല്ല''- നബി പറഞ്ഞു.
കേവലമായ ധ്യാന-മന്ത്രോച്ചാരണങ്ങള്‍ മാത്രമല്ല ഇസ്‌ലാമിന്റെ ആത്മീയത. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വിമോചനവും അതിന്റെ ആത്മീയതയാണ്. ഫറോവയും പ്രഭൃതികളും അടിച്ചമര്‍ത്തിയ ഇസ്രയേല്‍ വംശത്തിന്റെ വിമോചനത്തിന് നിയോഗിതനായ പ്രവാചകനാണ് മൂസാനബി. മര്‍ദ്ദക ഭരണകൂടത്തിന്റെ ഉല്‍പന്നങ്ങളായ നംറൂദും ആസറും ഇല്ലാത്ത സമത്വസുന്ദര ലോകം സ്വപ്നം കണ്ട പ്രവാചകനാണ് ഇബ്രാഹിം നബി. ജനങ്ങളോടൊപ്പം ജീവിച്ച് അവരുടെ വിമോചനം കൊതിച്ച പ്രവാചകനാണ് ഈസാനബി. മാനവതയുടെ സമ്പൂര്‍ണമായ വിമോചനം തന്നെയായിരുന്നു മുഹമ്മദ് നബിയുടെ നിയോഗ ലക്ഷ്യവും: ''(പ്രവാചകന്‍) അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു'' (അല്‍അഅ്‌റാഫ്: 157). വഹ്‌യ് ലഭിച്ചപ്പോള്‍ പേടിച്ചുപോയ പ്രവാചകനെ സമാശ്വസിപ്പിക്കുന്ന പത്‌നി ഖദീജ(റ)യുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ''ഇല്ല, ദൈവമാണ! അവനൊരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം പുലര്‍ത്തുന്നു. നിരാലംബരുടെ ഭാരം ചുമക്കുന്നു. അഗതികള്‍ക്ക് അവകാശങ്ങള്‍ നേടിക്കൊടുക്കുന്നു. അതിഥികളെ സല്‍ക്കരിക്കുന്നു, ദുരിതബാധിതരെ സഹായിക്കുന്നു'' (ബുഖാരി). ഗിരിമാര്‍ഗങ്ങള്‍ താണ്ടുന്നവനാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആത്മാവ് അറിഞ്ഞവന്‍. ''ഗിരിമാര്‍ഗത്തെ കുറിച്ച് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം: അടുത്ത ബന്ധുവായ അനാഥക്ക്, അല്ലെങ്കില്‍ പട്ടിണിക്കാരനായ, മണ്ണുപുരണ്ട അഗതിക്ക്. പിന്നെ, സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്. അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍'' (അല്‍ബലദ്: 12-18).
പ്രഥമ ഇസ്‌ലാമിക വിപ്ലവത്തിന്റെ (മക്കാ, മദീനാ തെരുവുകള്‍) അലയൊലികള്‍ ആധുനിക യുഗത്തിലും ആവര്‍ത്തിക്കുകയാണ്. ചാക്രികമായ സ്വഭാവമാണ് ചരിത്രത്തിനുള്ളത്. സന്ദര്‍ഭവും സാഹചര്യവും ഒത്തുവന്നാല്‍ ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്യും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍