Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 30

പ്രതിരോധ കുത്തിവെപ്പുകള്‍ എതിര്‍ക്കപ്പെടേണ്ടതാണോ?

ഡോ. കാസിം റിസ്‌വി, കോഴിക്കോട് മെഡിക്കല്‍ കോളേജ്

ഡോ. കാസിം റിസ്‌വി, കോഴിക്കോട് മെഡിക്കല്‍ കോളേജ് /
പ്രതിരോധ കുത്തിവെപ്പുകള്‍ 
എതിര്‍ക്കപ്പെടേണ്ടതാണോ?
മലപ്പുറത്തെ ടെറ്റനസ് മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഞാന്‍ എഴുതിയ കുറിപ്പിന് ഡോ. പി.എ കരീം എഴുതിയ മറുപടി വായിച്ചു (2013 ആഗസ്റ്റ് 9). അര്‍ധ സത്യങ്ങളും അസത്യങ്ങളുമാണ് പ്രസ്തുത കുറിപ്പിലുള്ളതെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പ്രമുഖ ഇന്ത്യന്‍ വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണിനെ 'പോളിയോ മരുന്നിനെതിരെ നിരന്തരം ശബ്ദിക്കുന്നയാള്‍' എന്ന് വിശേഷിപ്പിച്ചത് ഞെട്ടിക്കുന്നതാണ്. യഥാര്‍ഥത്തില്‍ പോളിയോ നിര്‍മാര്‍ജനത്തിന് വേണ്ടി കാമ്പയിന്‍ നടത്തുന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഇപ്പോള്‍ കൊടുക്കുന്ന ഒ.പി.വി മെല്ലെ കുറച്ചുകൊണ്ടുവന്ന്, ഇന്ത്യയില്‍ ഐ.പി.വി തുടങ്ങണമെന്ന് വാദിക്കുന്നയാളാണ് അദ്ദേഹം. ഈ രീതിയില്‍ ഐ.പി.വി തുടങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍. തടസ്സം രണ്ട് കാരണങ്ങളാണ്. ഒന്ന്, സാമ്പത്തികം. രണ്ട്, ഒ.പി.വിക്ക് ഇപ്പോള്‍ വിചാരിച്ചത്ര കവറേജ് ആവാത്തത്. ഇനി ഇന്ത്യന്‍ ഗവണ്‍മെന്റ് ഒ.പി.വി നിര്‍ത്തി ഐ.പി.വി ആക്കിയാല്‍ ലേഖകനെ പോലുള്ള പ്രകൃതി ചികിത്സകര്‍ അതിനെ അനുകൂലിക്കുമോ?
ലേഖകന്റെ മറ്റൊരു തെളിവ്, ഒരു സമരം വിജയിപ്പിക്കാന്‍ വേണ്ടി കെ.ജി.എം.ഒ.എയിലെ ചില നേതാക്കള്‍ തികച്ചും സ്വാര്‍ഥ താല്‍പര്യത്തിനായി പറഞ്ഞ കാര്യങ്ങളാണ്. ആ പറഞ്ഞതിന്റെ മെറിറ്റ് അറിയണമെങ്കില്‍ തൊഴില്‍ സമരങ്ങളുടെ സമയത്ത് നേതാക്കള്‍ പറയുന്നതില്‍ എത്ര വാസ്തവമുണ്ടാവാറുണ്ടെന്ന് മാത്രം ചിന്തിച്ചാല്‍ മതി.
CIMS എന്ന പുസ്തകത്തെ ആധികാരിക ഗ്രന്ഥമായി അവതരിപ്പിച്ചിരിക്കുന്നു ലേഖകന്‍. വാസ്തവത്തില്‍ CIMS മരുന്നുകളുടെ ഒരു കാറ്റലോഗ് മാത്രമാണ്; ഒട്ടും ആധികാരികത ഇല്ലാത്തത്. ടെറ്റനസ് വാക്‌സിന്‍ കൊടുത്താല്‍ ബ്രെയിന്‍ ഡാമേജ് വരുമെന്നൊക്കെ അതില്‍ പറയുന്നുണ്ടത്രെ. ഡി.പി.ടിയില്‍ ടെറ്റനസിനുള്ള മരുന്ന്, നാം സാധാരണ മുറിവേറ്റാല്‍ അടിക്കുന്ന ടി.ടി ഇഞ്ചക്ഷന്‍ ആണ്. മുറിവേറ്റിട്ട് പ്രസ്തുത ഇഞ്ചക്ഷന്‍ അടിക്കാത്തവര്‍ ലോകത്തുതന്നെ വിരളമായിരിക്കും. ഇന്ന് ലോകത്ത് തന്നെ എല്ലാ ഗര്‍ഭിണികളും പ്രസവത്തിന് മുമ്പ് രണ്ടു പ്രാവശ്യം ടി.ടി വാക്‌സിന്‍ എടുക്കുന്നുണ്ട്. അത്തരമൊരു വാക്‌സിനെ കുറിച്ചാണ് ബ്രെയിന്‍ ഡാമേജ് വരുമെന്നൊക്കെ പ്രചരിപ്പിക്കുന്നത്.
'പള്‍സ് പോളിയോ' പോലുള്ള മാസ് കാമ്പയിനുകള്‍ക്ക് ശേഷം പല പ്രശ്‌നങ്ങളും മാധ്യമങ്ങളില്‍ വരാറുണ്ടെന്നതാണ് കുറിപ്പുകാരന്റെ മറ്റൊരു തെളിവ്. യഥാര്‍ഥത്തില്‍, ഇന്ത്യ മുഴുവനും ഒരൊറ്റ ദിവസം എല്ലാ കുട്ടികള്‍ക്കും പച്ച വെള്ളം കൊടുത്താല്‍ പോലും, പല കാരണങ്ങളാല്‍ ആ ദിവസം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഈ പച്ചവെള്ളത്തിനു മേല്‍ ആരോപിക്കപ്പെടും.
കുറിപ്പുകാരന്‍ ഇത് ഒരു 'അലോപതി' അജണ്ടയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രകൃതി ചികിത്സകര്‍ മാത്രമാണ് പ്രതിരോധ കുത്തിവെപ്പുകളെ എതിര്‍ക്കുന്നത്. മലപ്പുറം ജില്ലയിലെ ചില ഹോമിയോ ഡോക്ടര്‍മാര്‍ പ്രതിരോധ കുത്തിവെപ്പുകളെ എതിര്‍ക്കുന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ജില്ലയിലെ ഹോമിയോ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പത്രസമ്മേളനം നടത്തി, തങ്ങള്‍ പ്രതിരോധ കുത്തിവെപ്പുകളെ എതിര്‍ക്കുന്നില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുകയുണ്ടായി.
വാക്‌സിനുകള്‍ക്കുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍, വൈദ്യശാസ്ത്രത്തിന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയുടെ തെളിവ് മാത്രമാണ്. പാരസെറ്റാമോള്‍ ഗുളികയുടെ വിശദാംശങ്ങള്‍ വായിച്ചാല്‍ പോലും നമുക്ക് ഇത്തരം സാധ്യതാ പാര്‍ശ്വ ഫലങ്ങള്‍ കാണാം. എന്നാല്‍, പ്രായോഗിക ജീവിതത്തില്‍ മുന്തിരി, ചെമ്മീന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉണ്ടാകുന്നത്ര അലര്‍ജി സാധ്യത പോലും ഇവക്ക് ഉണ്ടാവുന്നില്ലെന്ന് നാം മനസ്സിലാക്കുന്നു.
ആധുനിക വൈദ്യം (അലോപ്പതി), ആയുഷ് (ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി) എന്നിവയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് അംഗീകരിച്ച ചികിത്സാ ശാഖകള്‍. പ്രകൃതി ചികിത്സ അംഗീകൃതമല്ല. പ്രകൃതി ചികിത്സകരുടെ വാക്‌സിന്‍വിരുദ്ധ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ഇതുകൂടി മനസ്സിലുണ്ടാവുന്നത് നല്ലതാണ്.
ശാസ്ത്രബോധവും ചരിത്രബോധവുമുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകളെ നിഷേധിക്കാനാവില്ല. ഇടക്കിടെ പ്രത്യക്ഷപ്പെട്ട് ജനലക്ഷങ്ങളെ കൊന്നൊടുക്കിയിരുന്ന വസൂരി എന്ന രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടത് വാക്‌സിനിലൂടെയാണ്. നമ്മുടെ നാട്ടിലൊക്കെ പണ്ട് പോളിയോ ബാധിച്ചതിനാല്‍ വികലാംഗരായവരെ കാണാം. 1978-ന് മുമ്പ് ഇന്ത്യയില്‍ രണ്ട് ലക്ഷം പിള്ളവാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്, ഇപ്പോള്‍ പൂജ്യത്തിനടുത്തെത്തി നില്‍ക്കുകയാണ്. ഇത് വാക്‌സിന്‍ മൂലമാണ്. പേപ്പട്ടി കടിച്ചാല്‍ നാം ഉപയോഗിക്കുന്നത് റാബീസ് വൈറസിനെതിരെയുള്ള വാക്‌സിന്‍ ആണ്. പാമ്പു കടിയേറ്റാല്‍ ഉപയോഗിക്കുന്ന ആന്റിവെനം, വാക്‌സിനുകള്‍ ഉണ്ടാക്കുന്ന അതേ രീതിയില്‍ ആന്റിസിറം ഉപയോഗിച്ച് ഉണ്ടാക്കിയതാണ്.
പ്രതിരോധ കുത്തിവെപ്പുകള്‍ വെറും കുത്തിവെപ്പുകള്‍ മാത്രമല്ല, ഒരു സമൂഹത്തിന്റെ ശാസ്ത്രാവബോധത്തിന്റെ തെളിവ് കൂടിയാണ്. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് ഇടം ലഭിക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം ആ മണ്ണ് എല്ലാ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും വളക്കൂറുള്ള, പാരനോയ്ഡ് മാനസികാവസ്ഥയുള്ള ജനങ്ങളുടെ പ്രദേശമാണ് എന്നാണ്.
(ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിച്ചിരിക്കുന്നു)

വി.എം സമീര്‍ കല്ലാച്ചി /
സല്‍മാന്‍ റുശ്ദിയെയും തസ്‌ലീമാ നസ്‌റിനെയും പോലുള്ള, പ്രവാചകനിന്ദ പതിവാക്കിയ എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പ്രസ്താവനകളും പോസ്റ്ററുകളും പൊതുയോഗങ്ങളും നടത്തി പട നയിച്ചിരുന്ന നമ്മുടെ നാട്ടിലെ പുരോഗമന-വിപ്ലവ പ്രസ്ഥാനങ്ങളൊന്നും ഇബ്‌റാഹീം അല്‍ റുബാഇഷിന്റെ കവിതാ നിരോധത്തിനെതിരെ കേവലം പ്രസ്താവനയിലൂടെ പോലും രോഷം കൊള്ളാത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. മുസ്‌ലിംവിരുദ്ധ രോഗാതുര മനസ്സുകളുടെ രചനകള്‍ക്ക് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സബ്‌സിഡി പതിച്ചുനല്‍കുന്നതാണോ വിപ്ലവ പ്രസ്ഥാനങ്ങളുടെ മതനിരപേക്ഷ രീതി?

ആചാരി തിരുവത്ര, ചാവക്കാട് /
ആരോഗ്യകരമായ കുടുംബജീവിതം എക്കാലവും സുരക്ഷിതമായിരിക്കും. ദൈവം മനുഷ്യരെ സൃഷ്ടിച്ചതുതന്നെ ഇപ്രകാരം ജീവിതം നയിക്കാനാണ്. എന്നാല്‍ മെച്ചപ്പെട്ടൊരു കുടുംബജീവിതം പലര്‍ക്കും നയിക്കാനാകുന്നില്ല. മനുഷ്യ മനസ്സുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും ദുഷ്പ്രവണതകളുമൊക്കെയാണ് ഇതിന് ഹേതുവായിത്തീരുന്നത്.
യാന്ത്രികമായ ഇന്നത്തെ ജീവിത ചുറ്റുപാടുകള്‍ മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും അസ്വസ്ഥതകള്‍ നിറഞ്ഞതാണ്. കര്‍ത്തവ്യങ്ങളും കടമകളും നിറവേറ്റിയുള്ള ഒരു കുടുംബജീവിതത്തിനാണ് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടത്. ആഗസ്റ്റ് രണ്ടിലെ ലക്കത്തില്‍ വന്ന മുഖക്കുറിപ്പ് കുടുംബജീവിതത്തിന്റെ ഇന്നത്തെ പ്രസക്തി യാഥാര്‍ഥ്യബോധത്തോടെ തുറന്നെഴുതിയിട്ടുണ്ട്.

ഖാലിദ് പൂക്കോട്ടൂര്‍ /
മദ്യവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിടരുത്
മദ്യത്തിനെതിരായ പോരാട്ടങ്ങളുടെ ശക്തി നേര്‍ത്തുവരികയും മദ്യോപഭോഗം പേടിപ്പെടുത്തുംവിധം കൂടിക്കൊണ്ടിരിക്കുകയുമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്. അതത് കാലഘട്ടത്തില്‍ തിടംവെച്ചു നില്‍ക്കുന്ന തിന്മകള്‍ക്കെതിരെയുള്ള സമര പ്രവര്‍ത്തനങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടതെങ്കില്‍ ലഹരിവിരുദ്ധ പോരാട്ടങ്ങളായിരിക്കണം അവരുടെ അജണ്ടയിലെ ഒന്നാമത്തെ ഇനം. വിചാരവിപ്ലവത്തിലൂടെ സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമിടുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ ഒന്നാമതായി ചെയ്യേണ്ടത് മനുഷ്യ മനസ്സുകളെ ലഹരി മുക്തമാക്കി വിപ്ലവത്തിന് പാകമാക്കുകയാണ്. വിചാരവിപ്ലവത്തിന് മുന്നില്‍ തട തീര്‍ത്ത് നില്‍ക്കുന്ന മദ്യാദിലഹരി പദാര്‍ഥങ്ങള്‍ക്കെതിരില്‍ യുദ്ധം പ്രഖ്യാപിക്കാതെ മുന്നോട്ടുപോകാന്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.
ഇന്ത്യയില്‍ ഏറ്റവുമധികം മദ്യമോന്തികളുള്ള സംസ്ഥാനമാണ് കേരളം. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്തെ മൊത്തം മദ്യവില്‍പനയുടെ 16 ശതമാനവും നടക്കുന്നത്. 2011-'12-ല്‍ ബീവറേജസ് ഔട്ട് ലെറ്റുകള്‍ വഴി 7860 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ കാണുന്നു. 2005-'06-ല്‍ ഇത് 205 കോടി മാത്രമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ഏകദേശം നാലിരട്ടി വര്‍ധനവുണ്ടായിരിക്കുന്നു. കേരളത്തിലെ മദ്യപാനികളില്‍ ഏറെയും 35 വയസ്സിനു താഴെയുള്ളവരാണെന്ന വസ്തുത യുവജന സംഘടനകളുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. മദ്യം കഴിച്ചു തുടങ്ങുന്ന പ്രായം പത്തു വര്‍ഷം മുമ്പ് 17 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 12 ആയി കുറഞ്ഞിരിക്കുന്നു. കേരളത്തില്‍ 15-നും 49-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ 45 ശതമാനവും മദ്യപാനികളാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വെ വ്യക്തമാക്കുന്നു. മദ്യ-മയക്കു മരുന്ന് വിരുദ്ധ പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. മദ്യപന്മാരെക്കാളേറെ മദ്യലോബിയെ എതിര്‍പക്ഷത്തു നിര്‍ത്തിക്കൊണ്ടുള്ള സമരമുറകള്‍ക്കാണ് ഇന്നേറെ പ്രസക്തി. മദ്യപാനി മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ ശത്രുവേ അല്ല. അയാള്‍ ഇരയാണ്. ഇരകള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവര്‍ മദ്യലോബിയുടെയും മദ്യ രാഷ്ട്രീയത്തിന്റെയും ഇരകളായ ലക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതില്‍ നിസ്സംഗത പുലര്‍ത്തരുത്.

അബ്ദുല്‍ മലിക് മുടിക്കല്‍ /
നാസറിസത്തിന്റെ തിരിച്ചുവരവ്
ഈജിപ്തിലെ ജനകീയ ഇസ്‌ലാമിക ഗവണ്‍മെന്റിനെ അട്ടിമറിച്ച് പഴയകാല നാസറിസം നടപ്പില്‍ വരുത്താനാണ് അമേരിക്കന്‍ ലോബിയും മുബാറക്കിന്റെ അനുയായികളും യത്‌നിക്കുന്നത്. ഭാവിയില്‍ ഇസ്രയേലിനും അമേരിക്കക്കും ഈജിപ്ത് ഭീഷണിയായിത്തീരും എന്ന് മനസ്സിലാക്കിയതിന്റെ ഫലമായിട്ടാണ് മുഹമ്മദ് മുര്‍സി ഗവണ്‍മെന്റിനെ ഇവര്‍ അട്ടിമറിച്ചത്. ഇറാന്‍, ഈജിപ്ത്, ലിബിയ, സിറിയ, സുഡാന്‍, തുനീഷ്യ എന്നീ രാജ്യങ്ങളുടെ, ഭാവിയില്‍ ഉണ്ടായേക്കാവുന്ന കൂട്ടുകെട്ടിനെ ഭയപ്പെടുന്നതു കൊണ്ടാണ് മുളയില്‍ തന്നെ ഈജിപ്തിലെ ഇസ്‌ലാമിക ഗവണ്‍മെന്റിനെ അമേരിക്കന്‍ ലോബി അട്ടിമറിച്ചത്. ഈജിപ്തില്‍ നാസറിസം തിരിച്ചുകൊണ്ടുവരാനും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ നിരോധിക്കാനും ഉള്ള നീക്കത്തിന്റെ പ്രഥമ പടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍!.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 8-11
എ.വൈ.ആര്‍