ഡോ. ഫദ്ല്‍ നൂര്‍ അഹ്മദ് മുഹമ്മദ്
രണ്ടായിരം വര്‍ഷത്തേക്കുള്ള കലണ്ടര്‍ ബാക്കിവെച്ച് വിഖ്യാത പണ്ഡിതനും സുഊദി ശാസ്ത്രജ്ഞനും ഇന്ത്യന്‍ വംശജനുമായ ഡോ. ഫദ്ല്‍ നൂര്‍ അഹ്മദ് മുഹമ്മദ് യാത്രയായി. 83 വയസ്സായിരുന്നു. ഗോള നിരീക്ഷണ ശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്നു ഡോ. ഫദ്ല്‍. അദ്ദേഹം തയാറാക്കിയ, 2000 വര്‍ഷത്തേക്കുള്ള 'ഹിജ്‌റ കലണ്ടര്‍' (Civil Hijiri Comparative Calendar) മുസ്‌ലിം ലോകത്തിന് മാത്രമല്ല, ലൂണാര്‍ സംവിധാനത്തെക്കുറിച്ച് പഠിക്കുന്ന എല്ലാ ശാസ്ത്രകുതുകികള്‍ക്കുമുള്ള ഒരു വഴികാട്ടിയാണ്. ഇതിന്റെ ശാസ്ത്രീയതയും ഖുര്‍ആനികാധ്യാപനങ്ങളോടുള്ള സ്വരച്ചേര്‍ച്ചയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബ്രിട്ടനിലെ എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ആസ്‌ട്രോണമിയില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടിയത്.
1927-ല്‍ നാഗ്പൂരിലായിരുന്നു ജനനം. 14-ാം വയസ്സില്‍ സ്വന്തമായി ടെലസ്‌കോപ്പ് നിര്‍മ്മിച്ച് ശ്രദ്ധ നേടി. ചെറുപ്പത്തില്‍ തന്നെ വാന നിരീക്ഷണത്തില്‍ തല്‍പരനായതിനാല്‍ 'ചന്ദ്രന്‍നോക്കി' (ചാന്ദ് വാലാ ബാബു) എന്നു നാട്ടുകാര്‍ കളിയായി വിളിക്കുമായിരുന്നു. നാട്ടിലെ യൂനിവേഴ്‌സിറ്റിയില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ ഫദ്ല്‍ 1952-ല്‍ ബിരുദാനന്തര ബിരുദത്തിനായി ലാഹോറിലെ പഞ്ചാബ് യൂനിവേഴ്‌സിറ്റിയാണ് തെരഞ്ഞെടുത്തത്. 1957-ല്‍ ബഗ്ദാദില്‍ അസോസിയേറ്റഡ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും പഠനത്തോടും ഗവേഷണത്തോടുമുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടിരുന്നില്ല. 1958-ല്‍, എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍നിന്ന്, ആസ്‌ട്രോണമി(ഗോളശാസ്ത്രം)യില്‍ പി.എച്ച്.ഡി കരസ്ഥമാക്കി 1964-ല്‍ അമേരിക്കയിലെ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിഗവേഷണവും നടത്തി. 1965 മുതല്‍ കറാച്ചിയില്‍ പ്രഫസറായി സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കെയാണ് 1968 ല്‍ സുഊദി അറേബ്യയിലേക്ക് തിരിച്ചത്. തുടര്‍ന്ന് സുഊദി ഗവണ്‍മെന്റിന്റെ ഒട്ടനവധി അതിപ്രധാന സാങ്കേതിക പദ്ധതികള്‍ക്ക് അദ്ദേഹം സാരഥ്യം വഹിച്ചു.
ഇതിനിടയില്‍ റിയാദിലെ കിംഗ് സുഊദ് യൂനിവേഴ്‌സിറ്റിയില്‍ ഗോളശാസ്ത്ര വിഭാഗം തലവനും, കിംഗ് അബ്ദുല്‍ അസീസ് ശാസ്ത്രസാങ്കേതിക കാര്യാലയത്തില്‍ ഗോളശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറുമായി പ്രവര്‍ത്തിച്ചു. സുഊദി അറേബ്യയിലും, ഇറാഖിലും, പാകിസ്ഥാനിലുമായി നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ഔദ്യോഗികമായി വിരമിച്ചശേഷം ന്യൂദല്‍ഹിയിലെ 'സയന്‍സ് മന്ത്‌ലി' എന്ന മാസികയില്‍ ശാസ്ത്ര വിഷയങ്ങളില്‍ സ്ഥിര പംക്തികള്‍ എഴുതി വരികയായിരുന്നു ഡോ. ഫദ്ല്‍ നൂര്‍.
മുസ്‌ലിം ലോകത്തെ ഐക്യപ്പെടുത്തുവാനും ഏകീകരിക്കുവാനും തന്റെ ശാസ്ത്രീയജ്ഞാനത്തെ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ഫദ്ല്‍ നൂര്‍ മുഹമ്മദ് ശ്രമിക്കുകയുണ്ടായി.
സാദിഖ് വി.കെ പാറാല്‍
Comments