Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

ആത്മവിചാരത്തിന്റെ ഈദുല്‍ ഫിത്വ്ര്‍

എം.എസ്.എ റസാഖ്‌

ആരാധനാ കര്‍മങ്ങളുടെയും പ്രാര്‍ഥനകളുടെയും ദാനധര്‍മാദി പുണ്യകര്‍മങ്ങളുടെയും ഒരു മാസത്തെ ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലിയ ശേഷം ലോക മുസ്‌ലിംകള്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുകയാണ്. ത്യാഗനിര്‍ഭരവും തീക്ഷ്ണവുമായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ചക്രവാള സീമയില്‍ ശവ്വാലിന്റെ പൊന്‍കതിര്‍ ദൃശ്യമാകുന്നതോടെ ഓരോ വിശ്വാസിയുടെയും മനസ്സില്‍ സന്തോഷവും ആഹ്ലാദവും നിറയുന്നു. സുഖദായകമായ അനുഭൂതി അവര്‍ അനുഭവിക്കുന്നു. നാവില്‍ ദൈവസ്‌തോത്രവും അന്തരീക്ഷത്തില്‍ തക്ബീര്‍ ധ്വനികളും മുഴങ്ങുന്നു. 'ഈദ്' എന്ന അറബി പദത്തിന് ആവര്‍ത്തനം, മടക്കം, പുനരാരംഭം, ആഘോഷം എന്നിങ്ങനെ അര്‍ഥമുണ്ട്. വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചുവരുന്ന ആഘോഷമായതുകൊണ്ടാണിതിന് ഈ നാമകരണമുണ്ടായത്. സന്തോഷത്തിന്റെയും ആമോദത്തിന്റെയും പുനരാഗമനം കൂടിയാണ് ഈദ്. ഈദില്‍ ഇഹപര നന്മ സമ്മേളിക്കുന്നു. ഈദാഘോഷത്തില്‍ ആത്മീയവും ഭൗതികവുമായ തലങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ദൈവം മാനവരാശിക്ക് സന്മാര്‍ഗം കാണിച്ചുതന്നതിന്റെ പേരില്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കാനും അവനോട് നന്ദി പ്രകടിപ്പിക്കാനുമുള്ള അവസരമാണ് ഈദിന്റെ സുവര്‍ണ സുദിനം. ദൈവസാമീപ്യം നേടുന്നതിന്റെയും ദൈവാനുസരണത്തിന്റെയും നാളുകളാണ് ഈദുല്‍ ഫിത്വ്ര്‍. അതില്‍ ഫിത്വ്ര്‍ സകാത്ത് വിതരണവും നമസ്‌കാരവും ഖുത്വ്ബയും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഈദില്‍ വിശ്വാസികള്‍ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നു. സാമൂഹികാവബോധം വളര്‍ത്തുന്നു. സൗഹൃദങ്ങള്‍ പങ്കിടുന്നു. കുടുംബബന്ധങ്ങള്‍ പുതുക്കുന്നു. സമൂഹത്തിലെ അഗതികളെയും അശരണരെയും പരിഗണിക്കുന്നു. സഹോദര സമുദായങ്ങളുമായും അയല്‍വാസികളുമായും ഈദ് ആശംസകള്‍ കൈമാറുന്നു. അങ്ങനെ സമൂഹത്തിലെ സകലരും സന്തോഷത്തില്‍ പങ്കാളികളാകുന്നു. അതിലൂടെ മാനവമൈത്രിയുടെയും വിശ്വസാഹോദര്യത്തിന്റെയും മഹത് സന്ദേശം ഈദ് സുദിനത്തില്‍ പ്രഘോഷിക്കപ്പെടുന്നു.
ഈദ് കേവലം ആരാധനയോ കേവല ചടങ്ങുകളോ അല്ല. ബാഹ്യമാത്ര പ്രധാനമായ ആഘോഷത്തിമര്‍പ്പിലല്ല ഈദിന്റെ ആത്മാവും സൗരഭ്യവും കുടികൊള്ളുന്നത്. ഭക്തി സാന്ദ്രമായ ദിനരാത്രങ്ങളിലൂടെ കടന്നുവന്ന വിശ്വാസിക്ക് ലഭിക്കുന്ന നിര്‍വൃതിയും കുളിര്‍മയും സംതൃപ്തിയുമാണത്. അതിലുപരി തുടര്‍ ജീവിതത്തില്‍ ആദര്‍ശാത്മക ജീവിതം നയിക്കാന്‍ വിശ്വാസി നേടുന്ന ആത്മീയ ശാരീരിക വിശുദ്ധിയും സംസ്‌കരണവുമാണത്. ദൈവഭക്തി(തഖ്‌വ)യാര്‍ജിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നതിലാണ് വ്രതാനുഷ്ഠാനത്തിന്റെയും ഈദിന്റെയും ചൈതന്യം.
മദീനയിലെത്തിയ പ്രവാചകന്‍ (സ) അവിടത്തുകാര്‍ രണ്ട് ദിവസം കളിവിനോദങ്ങള്‍ക്കു വേണ്ടി നീക്കിവെച്ചതായി മനസ്സിലാക്കുന്നു. അജ്ഞാന(ജാഹിലീ)കാലം മുതല്‍ അവര്‍ തുടര്‍ന്നുവന്നിരുന്ന ആചാരമായിരുന്നു അത്. പ്രവാചകന്‍(സ) അതിന് ഒരു തിരുത്ത് നല്‍കി. പകരം രണ്ട് അനുഗൃഹീതമായ ആഘോഷാവസരങ്ങള്‍ 'അല്ലാഹുവിന്റെ സമ്മാനമായി' നിശ്ചയിച്ചുകൊടുത്തു. അതാകുന്നു ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹയും.
ഹിജ്‌റ രണ്ടാം വര്‍ഷമാണ് ഈദുല്‍ ഫിത്വ്ര്‍ നിശ്ചയിക്കപ്പെടുന്നത്. തുടര്‍ന്ന് പ്രവാചകന്‍ ആചരിച്ചുപോന്ന ചര്യയായിരുന്നു അത്. ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളില്‍ നാലാമത്തേതായ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയിലാണ് ഈദുല്‍ ഫിത്വ്ര്‍ കടന്നുവരുന്നത്. ഹനഫീ മദ്ഹബില്‍ പെരുന്നാള്‍ നമസ്‌കാരം വാജിബാകുന്നു. ശാഫിഈ-മാലികീ മദ്ഹബുകളില്‍ പ്രബലമായ സുന്നത്തുമാകുന്നു. ജുമുഅയില്‍ നിന്ന് വ്യത്യസ്തമായി ഈദില്‍ ആദ്യമായി നിര്‍വഹിക്കപ്പെടുന്നത് നമസ്‌കാരമാണ്. നമസ്‌കാരാരാനന്തരം ഖുത്വ്ബയും നിര്‍വഹിക്കപ്പെടുന്നു. ശാഫിഈ മദ്ഹബ് അനുസരിച്ച് നമസ്‌കാരത്തിന്റെ രണ്ട് റക്അത്തുകളിലായി 12 തക്ബീറുകള്‍ അധികമായി ചൊല്ലുന്നു. എന്നാല്‍, ഹനഫി മദ്ഹബിന്റെ ആചാരക്രമമനുസരിച്ച് പെരുന്നാള്‍ നമസ്‌കാരത്തില്‍ കൂടുതലായി ആറ് തക്ബീറുകളാണുള്ളത്. പെരുന്നാള്‍ ഖുത്വ്ബയിലും തക്ബീര്‍ ചൊല്ലല്‍ അഭികാമ്യമാണ്.

ആത്മവിചാരത്തിന്റെ നാള്‍വഴികള്‍
ഒരു മാസത്തെ വ്രതാനുഷ്ഠാനം കഴിഞ്ഞ് റമദാനോട് വിടപറഞ്ഞ് പുതുജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന വിശ്വാസി സ്വന്തത്തോട് ചോദിക്കേണ്ടുന്ന ആത്മവിചാരത്തിന്റേതായ ചില കാര്യങ്ങളുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നു: ''അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.'' നമുക്ക് ഓരോരുത്തര്‍ക്കും എത്രത്തോളം അളവില്‍ ഈ ലക്ഷ്യം പ്രാപിക്കാന്‍ കഴിഞ്ഞു? തികഞ്ഞ മുത്തഖി-ദൈവഭക്തന്‍-യാവാന്‍ കഴിഞ്ഞോ? സഹനത്തിന്റെയും സഹാനുഭൂതിയുടെയും മാസമായിരുന്നു റമദാന്‍. തുടര്‍ ജീവിതത്തില്‍ സഹനശീലവും സഹാനുഭൂതിയും നിലനിര്‍ത്താന്‍ കഴിയുമോ? കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരക വിമുക്തിയുടെയും മാസമായിരുന്നു വിട പറഞ്ഞത്. ദൈവകാരുണ്യം ഏറ്റുവാങ്ങി പാപമോചനവും നരകവിമുക്തിയും സ്വര്‍ഗ പ്രവേശവും നേടാന്‍ സാധിച്ചുവോ? ''ആരെങ്കിലും റമദാനില്‍ തന്റെ കീഴിലുള്ള ജോലിക്കാരന് ജോലിയില്‍ ലഘൂകരണം നല്‍കിയാല്‍ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതും അവനെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതുമാകുന്നു.'' ഈ പ്രവാചക വചനം എത്രത്തോളം അന്വര്‍ഥമാക്കാന്‍ നമുക്കായി? ''സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വാതിലുണ്ട്. നോമ്പുകാരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല'' (നബിവചനം). റയ്യാന്‍ വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള അര്‍ഹത നാം നേടിയോ? വ്രതാനുഷ്ഠാനത്തിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും പൂര്‍വ പാപങ്ങള്‍ പൊറുക്കപ്പെട്ടുവോ? പ്രവാചകന്‍ പറയുന്നു: ''വിശ്വാസത്തോടും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചും ഒരാള്‍ റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ പൂര്‍വ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി). സംസാരം നിയന്ത്രിക്കാനും മ്ലേഛ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും കഴിഞ്ഞോ? പ്രവാചകന്‍ അരുളി: ''ആഹാരപാനീയങ്ങള്‍ വര്‍ജിക്കല്‍ മാത്രമല്ല നോമ്പ്; മ്ലേഛ വാക്കുകളും പ്രവൃത്തികളും വര്‍ജിക്കലാണ് നോമ്പ്'' (ഹാകിം). ''നോമ്പുകാരന് താന്‍ നോമ്പു തുറക്കുന്ന സന്ദര്‍ഭത്തില്‍ തിരസ്‌കരിക്കപ്പെടാത്ത പ്രാര്‍ഥനയുണ്ട്'' (ഇബ്‌നുമാജ). ഈ സന്ദര്‍ഭം നാം യഥാവിധി ഉപയോഗപ്പെടുത്തിയോ; അതോ അനാവശ്യ വര്‍ത്തമാനങ്ങളില്‍ മുഴുകി പാഴാക്കിക്കളഞ്ഞുവോ? നബി(സ)യുടെ മാതൃക പിന്‍പറ്റി റമദാനില്‍ കൂടുതല്‍ ഉദാരമതിയാകാന്‍ കഴിഞ്ഞോ? ''നന്മയുടെ കാര്യത്തില്‍ തടസ്സമില്ലാതെ ആഞ്ഞു വീശുന്ന കാറ്റിനേക്കാള്‍ ഉദാരമതിയായിരുന്നു പ്രവാചകന്‍'' (ബുഖാരി). വിശുദ്ധ ഖുര്‍ആന്‍ എത്ര പ്രാവശ്യം പാരായണം ചെയ്യാന്‍ നമുക്ക് കഴിഞ്ഞു? ലഭിച്ച അവസരം ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും പരമാവധി ഉപയോഗപ്പെടുത്തിയോ? ഖുര്‍ആന്‍ പാരായണം നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റാന്‍ കഴിയുന്നുവോ? ഖുര്‍ആന്റെ അവതരണം കൊണ്ട് അനുഗൃഹീതമായിത്തീര്‍ന്ന മാസമാണല്ലോ റമദാന്‍.
''സത്യവിശ്വാസികളുടെ വിഭവങ്ങളില്‍ വര്‍ധനവ് ഉണ്ടാകുന്ന മാസമാണ് റമദാന്‍. ഇതില്‍ വല്ലവനും ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാല്‍ പാപമോചനവും നരകവിമുക്തിയുമാണ് അവന്റെ പ്രതിഫലം. ആ നോമ്പുകാരന്റെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ അതിനു സമാനമായ പ്രതിഫലം അവന് ലഭിക്കും'' (നബിവചനം). ഈ അര്‍ഥത്തില്‍ എത്ര പേരെ നോമ്പു തുറപ്പിക്കാനും അതിലൂടെ പാപമോചനവും നരകവിമുക്തിയും നേടാനുമായി? ഒരു നേരത്തെ അത്താഴത്തിന് വകയില്ലാതെ കഷ്ടപ്പെടുന്ന അനേക ലക്ഷങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെ നോമ്പ് തുറപ്പിക്കാനുള്ള സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞുവോ? നമ്മുടെ നോമ്പുമായി നാളെ പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടാനും അതിലൂടെ ആനന്ദിക്കാനും കഴിയുമാറ് അതിനുള്ള യോഗ്യത നേടിയോ? ''വ്രതാനുഷ്ഠാനവും ഖുര്‍ആനും ദൈവദാസനു വേണ്ടി അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ശിപാര്‍ശ ചെയ്യുന്നതാണ്'' (അഹ്മദ്). നോമ്പിന്റെയും ഖുര്‍ആന്റെയും ശിപാര്‍ശ ലഭിക്കാനുള്ള അര്‍ഹത നേടിയോ? അവയോട് നാം നീതി പുലര്‍ത്തിയോ? പ്രവാചകന്‍ (സ) അരുളി: ''ഏതൊരുവന്‍ റമദാന്‍ സമാഗതമാവുകയും അതില്‍ പാപമോചനം നേടാന്‍ കഴിയാതെ പോവുകയും ചെയ്തുവോ അവനെ അല്ലാഹു അവന്റെ കരുണാകടാക്ഷത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ്.'' മറ്റൊരു ഹദീസില്‍, ''റമദാനില്‍ ജീവിക്കാന്‍ അവസരം ലഭിക്കുകയും അത് കഴിയും മുമ്പ് പാപമോചനം നേടാന്‍ കഴിയാതെ പോവുകയും ചെയ്തവന്‍ ഹതഭാഗ്യനാകുന്നു; അവന്‍ തുലഞ്ഞതുതന്നെ.'' ഈ പ്രവാചക വചനത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് നാം ഓരോരുത്തരും എവിടെ എത്തിനില്‍ക്കുന്നുവെന്ന് സ്വയം വിചാരണ ചെയ്യുക.

ആഘോഷങ്ങളിലെ ഇസ്‌ലാമികത
മഹനീയ അടിത്തറകളുള്ള ആഘോഷമാണ് ഈദ്. പ്രപഞ്ച നാഥന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതിനോടൊപ്പം കളിവിനോദങ്ങളും അതില്‍ നിശ്ചയിക്കപ്പെട്ടു. ഇസ്‌ലാമിലെ ആഘോഷങ്ങള്‍ തുടക്കം കുറിക്കുന്നത് ദൈവനാമം ഉച്ചരിച്ചും ദൈവമഹത്വം വാഴ്ത്തിയുമാകുന്നു. പെരുന്നാള്‍ ഉറപ്പിക്കുന്നതോടെ തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി. ''...നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനുംവേണ്ടി...'' (അല്‍ബഖറ 185). അല്ലാഹുവിനെ മറന്നുകൊണ്ടുള്ളതാവരുത് ഈദാഘോഷം. ദൈവത്തിലേക്കും ദൈവബോധത്തിലേക്കും അടുപ്പിക്കുന്നതാവണമത്. നോമ്പിന്റെ ചൈതന്യത്തിനു നിരക്കാത്തതാകരുത്. കാരണം ഇസ്‌ലാമിക വീക്ഷണത്തില്‍ ആഘോഷങ്ങള്‍ ഇബാദത്താകുന്നു. അതിലുടനീളം ആത്മീയ മുദ്രകള്‍ നിറഞ്ഞുനില്‍ക്കണം. കളിയും വിനോദവും സംഗീതവുമാകാം. അത് പക്ഷേ, ഇസ്‌ലാമിക സാംസ്‌കാരിക ഭൂമികയില്‍ നിന്നുകൊണ്ടാവണം.
റമദാനില്‍ മനസ്സിനെയും ശരീരത്തെയും മോഹങ്ങളെയും ദൈവഹിതത്തിന് അനുസൃതമായി പാകപ്പെടുത്തി മെരുക്കിയെടുത്ത വിശ്വാസിക്ക് തുടര്‍ ജീവിതത്തിലും അല്ലാഹുവിന്റെ അഭീഷ്ടത്തിനനുസൃതമായി ജീവിക്കാന്‍ കഴിയുമാറാകണം. നോമ്പിലൂടെ ആര്‍ജിച്ച ആത്മശുദ്ധിയും ജീവിത വിശുദ്ധിയും ശിഷ്ടകാല ജീവിതത്തിലും നിലനിര്‍ത്തണം. ജീവിതം വിശുദ്ധവും ധാര്‍മികതയിലൂന്നിയതുമാകേണ്ടതിന്റെ അനിവാര്യത നമ്മുടെ നാട്ടിലെ സമകാലീന സംഭവവികാസങ്ങള്‍ കൂടുതല്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
വ്രതാനുഷ്ഠാനം, രാത്രി നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദൈവസ്മരണയും പ്രാര്‍ഥനയും, ദാനധര്‍മങ്ങള്‍ തുടങ്ങി ദൈവസാമീപ്യം നേടാനുതകുന്ന കര്‍മങ്ങള്‍ തുടര്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റാന്‍ കഴിയുമ്പോഴാണ് റമദാന്‍ സാര്‍ഥകമാവുക. അല്ലാഹുവിലേക്കുള്ള യാത്രക്കു വേണ്ട പരിശീലനമാണ് യഥാര്‍ഥത്തില്‍ റമദാന്‍ നല്‍കുന്നത്. ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങുകയാണ് റമദാന് വിടപറഞ്ഞ് ഈദില്‍ പ്രവേശിക്കുന്നതിലൂടെ. ഇസ്‌ലാമും നവജാഹിലിയ്യത്തും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കപടമുഖാവരണം അണിയാതെ ഇസ്‌ലാമിന്റെയും നീതിയുടെയും പക്ഷത്ത് നില്‍ക്കാന്‍ കഴിയണം. മര്‍ദിതനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയണം.
''മുസ്‌ലിംകളുടെ നാവുകള്‍ തക്ബീര്‍ മുഴക്കുമ്പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി അവര്‍ തിരിച്ചുവിട്ടേനെ. പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുകൂടുമ്പോലെ എപ്പോഴും ഒത്തുകൂടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ശത്രുവിന്റെ ശക്തിദുര്‍ഗങ്ങള്‍ അവര്‍ തകര്‍ത്തെറിഞ്ഞേനെ. ഹസ്തദാനം പോലെ ഹൃദയദാനം അവര്‍ക്കായിരുന്നെങ്കില്‍ ശൈഥില്യത്തിന്റെ കാരണങ്ങള്‍ അവര്‍ നിര്‍മൂലനം ചെയ്‌തേനെ. ചുണ്ടുകള്‍ പുഞ്ചിരിക്കും പോലെ മനസ്സുകള്‍ പുഞ്ചിരിച്ചിരുന്നെങ്കില്‍ അവര്‍ സ്വര്‍ഗവാസികളായേനെ. മൃഗങ്ങളെ ബലി ചെയ്യും പോലെ സ്വാര്‍ഥതയെ ബലികഴിച്ചിരുന്നെങ്കില്‍ അവരുടെ ദിനങ്ങളൊക്കെയും പെരുന്നാള്‍ സുദിനങ്ങളായേനെ. മോടിയുറ്റ വസ്ത്രമണിയുമ്പോലെ മഹിമയുറ്റ സ്വഭാവഗുണങ്ങള്‍ അണിഞ്ഞിരുന്നെങ്കില്‍ അവര്‍ ഭൂമുഖത്തെ ഏറ്റവും നല്ല ജനതയായേനെ'' (ഡോ. മുസ്ത്വഫസ്സിബാഇയുടെ ജീവിതപാഠങ്ങള്‍)

അനുഷ്ഠാനങ്ങള്‍
ഇസ്‌ലാമിക നിയമസംഹിതയില്‍ ഓരോ കര്‍മത്തിനും ചില നിബന്ധനകളും ഉപാധികളും അനുഷ്ഠാന മര്യാദകളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കര്‍മങ്ങളുടെ പൂര്‍ണതക്ക് അതനിവാര്യമാണ്. ഈദുല്‍ ഫിത്വ്‌റുമായി ബന്ധപ്പെട്ട ആചാരമര്യാദകളും ചടങ്ങുകളുമാണ് ചുവടെ.
1. കുളി, സുഗന്ധം പുരട്ടല്‍, പുതുവസ്ത്രം ധരിക്കല്‍.
2. നമസ്‌കാരത്തിനു പുറപ്പെടുന്നതിന് മുമ്പായി കാരക്ക പോലുള്ളവ ഭക്ഷിക്കുക.
3. തക്ബീര്‍ ചൊല്ലല്‍. ചെറു പെരുന്നാള്‍ രാവില്‍ സൂര്യാസ്തമയം മുതല്‍ നമസ്‌കാരം തുടങ്ങുന്നതുവരെയാണ് തക്ബീര്‍ ചൊല്ലേണ്ടത്.
4. നമസ്‌കാര സ്ഥലത്തേക്ക് പോകുന്നതും തിരികെ വരുന്നതും രണ്ട് വ്യത്യസ്ത വഴികളിലൂടെ ആയിരിക്കുക.
5. മൈതാനിയില്‍/ഈദുഗാഹുകളിലായിരിക്കുക നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നത്. മഴ പോലുള്ള പ്രതിബന്ധമില്ലെങ്കില്‍ ഈദ് നമസ്‌കാരം മൈതാനിയിലാവുന്നതാണ് പ്രവാചക ചര്യ.
6. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈദുഗാഹുകളില്‍ സംബന്ധിക്കുക. ശാരീരിക തടസ്സമുള്ള സ്ത്രീകള്‍ നമസ്‌കാരത്തില്‍നിന്ന് വിട്ടുനിന്നാല്‍ മതി.
7. ആശംസകള്‍ നേരുക. നമസ്‌കാരാനന്തരം വിശ്വാസികള്‍ പരസ്പരം ആശംസകള്‍ നേരണം.
8. പെരുന്നാള്‍ ദിവസം ദാനധര്‍മങ്ങള്‍ കൂടുതലായി ചെയ്യുക. നമസ്‌കാര ശേഷം പ്രവാചകന്‍ ജനങ്ങളില്‍ ഇറങ്ങിച്ചെന്ന് 'നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക' എന്ന് മൂന്നാവര്‍ത്തി പറയുമായിരുന്നു.
9. സന്തോഷപ്രകടനം.
10. വിഭവസമൃദ്ധമായ ഭക്ഷണം.
11. ദൈവധിക്കാരപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
12. സുഹൃദ് ബന്ധം പുതുക്കുക.
13. കുടുംബബന്ധം ഊട്ടിയുറപ്പിക്കുക.

ഈദും മാനവികതയും
ഈദ് കുടുംബബന്ധം നിലനിര്‍ത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും എന്ന പോലെ സുഹൃദ് ബന്ധം ഊഷ്മളമാക്കുന്നതിനുമുള്ള മാധ്യമമാകുന്നു. ഓരോരുത്തരും തന്റെ കൂടെ ജോലി ചെയ്യുകയും പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന സഹോദരനെ കൂടി ആഘോഷത്തില്‍ പങ്കാളിയാക്കുന്നു. പെരുന്നാള്‍ സദ്യയുണ്ണുന്നു. പരസ്പരം ആശംസകള്‍ നേരുന്നു. ആശയവിനിമയം നടത്തുന്നു. മതമൈത്രിയും സാമുദായിക സൗഹാര്‍ദവും സഹവര്‍ത്തിത്വവും സജീവതയോടെ നിലനിര്‍ത്താന്‍ പോന്നതാണ് ഈ ഒത്തുചേരലുകള്‍. ഈ വിധത്തില്‍ ഓരോരുത്തരും അവരവരുടെ ആഘോഷവേളകളില്‍ തങ്ങളുടെ സുഹൃദ് വലയത്തിലുള്ള ഇതര സമുദായാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിലൂടെ മാനവികതയുടെ മഹിതമായ മൂല്യങ്ങളാണ് നട്ടുവളര്‍ത്തുന്നത്. വര്‍ത്തമാനകാലം തേടുന്നതും അത്തരമൊരു അന്തരീക്ഷമാണ്.

ഈദ് സംഗമങ്ങള്‍
ഈദിനോടനുബന്ധിച്ച് വിവിധ സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറുതും വലുതുമായ സംഗമങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഗള്‍ഫ് നാടുകളിലെ മലയാളി പ്രവാസി കൂട്ടായ്മകള്‍ ഈ വിഷയത്തില്‍ വളരെയേറെ മുന്നിലാണെന്നത് സന്തോഷകരമാണ്. നമ്മുടെ നാട്ടിലും വ്യാപകമായ തോതില്‍ ഈ മാതൃക വളര്‍ത്തേണ്ടതാണ്. അജ്ഞതയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് സമുദായങ്ങള്‍ തമ്മില്‍ അടുത്തറിയാനും തെറ്റിദ്ധാരണകള്‍ അകറ്റാനും അതിലൂടെ സംസ്‌കാരങ്ങളുടെ ആദാനപ്രദാന പ്രക്രിയ ത്വരിപ്പിക്കാനും സാധിക്കും.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍