കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ / എന്റെ ജീവിതം-7 / കരുവള്ളി മുഹമ്മദ് മൗലവി
അറബി ഭാഷാ അധ്യാപകര്‍ വളരെയേറെ പ്രയാസങ്ങള്‍ നേരിട്ട സന്ദര്‍ഭത്തിലാണ് അവര്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിക്കണം എന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായത്. അങ്ങനെയാണ്, ആദ്യം കേരള അറബിക് പണ്ഡിറ്റ് യൂനിയനും പിന്നീട്, അറബിക് പണ്ഡിറ്റ്‌സ്-മുന്‍ഷീസ് യൂനിയനും അവസാനം, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും രൂപീകരിക്കുന്നത്.
അറബിക് പണ്ഡിറ്റ് യൂനിയന്‍
ഞാന്‍ മലപ്പുറം സ്‌കൂളില്‍ അധ്യാപകനായിരുന്ന കാലത്താണ്, 1944-ല്‍ അറബിക് പണ്ഡിറ്റ് യൂനിയന്‍ സ്ഥാപിക്കുന്നത്. മലപ്പുറം സ്‌കൂളിനടുത്ത് ഞാന്‍ താമസിച്ചിരുന്ന റൂമിലായിരുന്നു രൂപീകരണം. എണ്ണത്തില്‍ തീരെ കുറവായിരുന്ന അറബി അധ്യാപകരെ ഞാന്‍ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഫലകി മുഹമ്മദ് മൗലവി സ്ഥാപക പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി 'കേരള അറബിക് പണ്ഡിറ്റ് യൂനിയന്‍' നിലവില്‍ വന്നു. കൊച്ചുമുഹമ്മദ് മൗലവി, പി.കെ അഹ്മദലി മദനി, മൗലവി എം.കെ കുമരനെല്ലൂര്‍, സി.കെ കൈമലശ്ശേരി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, കെ.കെ മുഹമ്മദ് മദനി, പ്രഫ. മങ്കട ടി. അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയവരൊക്കെ സംഘടനയുടെ ആദ്യകാല നേതാക്കളായിരുന്നു.
അറബി ഭാഷാധ്യാപകര്‍ നേരിട്ടിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംഘടന തുടക്കം മുതലേ ശ്രമിക്കുകയുണ്ടായി. മൂന്ന് പ്രശ്‌നങ്ങളാണ് പ്രധാനമായും അന്ന് അറബി ഭാഷാ പഠനം അഭിമുഖീകരിച്ചിരുന്നത്. ഒന്ന്, സ്ഥലപരിമിതി. മിക്ക സ്‌കൂളുകളിലും അറബി പഠിപ്പിക്കാന്‍ ക്ലാസ് റൂമോ, പ്രത്യേക സ്ഥല സൗകര്യമോ ഉണ്ടായിരുന്നില്ല. പല സ്‌കൂളുകളിലും പോകാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കിത് നേരിട്ട് ബോധ്യപ്പെട്ടതാണ്. പെരിന്തല്‍മണ്ണയില്‍ സ്‌കൂളിലെ ഒരു ഇടനാഴികയിലാണ് അറബിക് ക്ലാസ് നടന്നിരുന്നത്, ഗുരുവായൂരില്‍ ഡൈനിംഗ് ഹാളിലും. സ്‌കൂള്‍ കോമ്പൗണ്ടും കഴിഞ്ഞ് പുറത്ത് ഒരു വീട്ടിലാണ് വലപ്പാട്ട് അറബി പഠിപ്പിച്ചിരുന്നത്. കുമരനെല്ലൂരില്‍, സ്‌കൂളിനടുത്ത് ഒരു മാരാരുടെ ഹോട്ടലിന് മുകളിലും വടക്കേ മലബാറിലെ ചെറുകുന്നില്‍ സ്‌കൂളിന്റെ എതിര്‍ ഭാഗത്ത് ഒരു കടയുടെ മുകളിലുമായിരുന്നു ക്ലാസ്. ഇതെനിക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.
രണ്ടാമത്തേത് അധ്യാപകരുടെ ശമ്പളക്കുറവായിരുന്നു. അറബി അധ്യാപകര്‍ക്ക് മറ്റു അധ്യാപകരുടേതിനെക്കാള്‍ ശമ്പളം പത്തു രൂപ കുറവായിരുന്നു. ലോക്കല്‍ ബോര്‍ഡ് സ്‌കൂളിലായിരുന്നു ഈ അവസ്ഥ. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഈ പ്രശ്‌നം ഇല്ലായിരുന്നു. അവയില്‍ അറബി അധ്യാപകരും അധികമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഈ വിഷയം സൂചിപ്പിച്ചുകൊണ്ട്, ശമ്പളത്തിലെ വിവേചനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മാസ്റ്റര്‍ക്ക് ഞാനൊരു നിവേദനം നല്‍കി. അന്ന് എം.എല്‍.എ ആയിരുന്ന സി.എച്ച് മുഹമ്മദ് കോയാ സാഹിബ് വഴിയായിരുന്നു മന്ത്രിയെ കണ്ടത്. നിയമസഭ ചേരുമ്പോള്‍ അവിടേക്ക് വരാനായിരുന്നു ജോസഫ് മാഷിന്റെ നിര്‍ദേശം. അങ്ങനെ ഞാന്‍ നിയമസഭയില്‍ ചെന്നു. അന്ന് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും തൊട്ടുപുറകില്‍ തന്നെയായിരുന്നു സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം. അവിടെ വെച്ച് അദ്ദേഹത്തെ കണ്ടു സംസാരിച്ചു. ശമ്പള വര്‍ധനവാണ് വിഷയമെന്നറിഞ്ഞപ്പോള്‍ ജോസഫ് മാഷ് ചോദിച്ചു; ''ഈ വാദ്യാന്മാര്‍ക്ക് ശമ്പളത്തിന്റെ കാര്യമേ പറയാനുള്ളൂ?'' ഞാന്‍ പറഞ്ഞു; ''സാര്‍, ഇത് അഭിമാനത്തിന്റെ വിഷയമാണ്, വെറും ശമ്പളക്കാര്യമല്ല. ഒരേ സ്ഥാപനത്തില്‍ ഒരേ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കിടയില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകുന്നത് അഭിമാനക്കേടാണല്ലോ!'' അദ്ദേഹം അതുള്‍ക്കൊണ്ടു, ''ഓഹോ, അങ്ങനെയാണോ, ഞാന്‍ നോക്കട്ടെ'' എന്ന് മറുപടിയും പറഞ്ഞു. അതോടെ ശമ്പളക്കുറവിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
ഐക്യകേരളം വരികയും മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഇല്ലാതാവുകയും ചെയ്തതോടെ, സ്‌കൂളുകളിലെ അറബിഭാഷാ പഠനരംഗത്ത് ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ മാറ്റങ്ങള്‍ക്ക് വേണ്ടി പരിശ്രമിച്ചത് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനായിരുന്നു. തുടക്കത്തില്‍ രൂപീകരിക്കപ്പട്ട അറബിക് പണ്ഡിറ്റ് യൂനിയന്‍ പിന്നീട്, 'അറബിക് പണ്ഡിറ്റ്‌സ്-മുന്‍ഷീസ് യൂനിയന്‍' എന്ന് പേരു മാറ്റുകയുണ്ടായി. തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന അറബിക് മുന്‍ഷീസ് യോഗ്യത മലബാറിലേക്ക് കൂടി ബാധകമാക്കിയ സന്ദര്‍ഭത്തിലായിരുന്നു ഇത് (അന്ന് പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, കേന്ദ്രമന്ത്രി കെ.എം മുന്‍ഷി എന്നിവരിലേക്ക് ചേര്‍ത്തുകൊണ്ട്, 'പണ്ഡിറ്റ്‌സ്-മുന്‍ഷീസ് യൂനിയന്‍' എന്ന് ചിലര്‍ തമാശയാക്കി പറയാറുണ്ടായിരുന്നു). പിന്നീടാണ് സംഘടനയുടെ പേര് 'കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍' എന്നാക്കി മാറ്റിയത്.
മൂന്നാമത്തെ പ്രശ്‌നം കുട്ടികളുടെ കുറവായിരുന്നു. പലയിടങ്ങളിലും ഒരു ക്ലാസില്‍ മൂന്നോ നാലോ കുട്ടികളാണ് അറബി പഠിക്കാനുണ്ടായിരുന്നത്. മുസ്‌ലിംകള്‍ പൊതുവെ സ്‌കൂളില്‍ പോകുന്നത് കുറഞ്ഞ കാലമായിരുന്നല്ലോ അത്. 20-ല്‍ താഴെ ഹൈസ്‌കൂളുകളിലേ അന്ന് അറബി അധ്യാപക പോസ്റ്റ് ഉണ്ടായിരുന്നുള്ളൂ. പത്തില്‍ താഴെ കുട്ടികളാണുള്ളതെങ്കില്‍ പോസ്റ്റ് നഷ്ടപ്പെടുന്ന അവസ്ഥ. അമുസ്‌ലിം കുട്ടികളെയൊക്കെ ഇരുത്തി പോസ്റ്റ് നിലനിര്‍ത്തേണ്ടി വന്നിട്ടുണ്ട്. വിദ്യാര്‍ഥികളെ അറബി പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും, കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയും മറ്റും ചെയ്തുകൊണ്ട് ഈ കുറവ് നികത്താന്‍ പരിശ്രമിച്ചു. എല്‍.പി സ്‌കൂളുകളിലേക്ക് കൂടി ഗവണ്‍മെന്റ് അറബി പഠനം വ്യാപിപ്പിച്ചതോടെ പുതിയ അധ്യാപക തസ്തികകള്‍ ഉണ്ടാക്കി. നൂറ് മുസ്‌ലിം കുട്ടികളുള്ള സ്‌കൂളില്‍ ഒരു അറബി അധ്യാപകന്‍ എന്നതായിരുന്നു ആദ്യത്തെ ഓര്‍ഡിനന്‍സ്. ഇത് തിരുത്തി പിന്നീട് 50 കുട്ടികള്‍ എന്നാക്കിച്ചുരുക്കി. ഇതെല്ലാം അറബി പണ്ഡിറ്റ് യൂനിയന്റെ പരിശ്രമഫലമായാണ് സാധിച്ചത്.
അറബിക്കിന് പീരിയഡുകള്‍ കുറവായിരുന്നതാണ് മൂന്നാമത്തെ പ്രശ്‌നം. രണ്ട് പീരിയഡുകളാണ് കെ.ഇ ആര്‍ അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരുന്നത്. മൂന്നു ക്ലാസുകളിലായി ആറ് പീരിയഡുകള്‍ മാത്രം ഉള്ള അവസ്ഥയില്‍ പാര്‍ടൈം തസ്തിക പോലും അറബി അധ്യാപകന് കിട്ടുമായിരുന്നില്ല. ഇതു സംബന്ധിച്ച് ഞാന്‍ ഗവണ്‍മെന്റിന് ഒരു നിവേദനം നല്‍കി. കുറഞ്ഞത് 4 പീരിയഡെങ്കിലും അറബിക്കിന് നിശ്ചയിക്കണം എന്നായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്. ആദ്യം ഇത് അംഗീകരിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമായില്ല. കെ.ഇ ആറിലെ വ്യവസ്ഥയായിരുന്നതിനാല്‍ നിയമസഭ കൂടി ഭേദഗതി പാസ്സാക്കേണ്ടതുണ്ട് എന്നാണ് മറുപടി ലഭിച്ചത്. രണ്ട് സ്‌കൂളുകളില്‍ ഒന്നിച്ച് ഒരു അധ്യാപകനെ നിയമിക്കുന്ന രീതികൊണ്ടുവന്നു. ഇതിലൂടെ പീരിയഡിന്റെ കുറവ് കൊണ്ടുള്ള പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചത്. പിന്നീട് 4 പീരിയഡ് അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കപ്പെട്ടു. പാര്‍ട്‌ടൈം തസ്തികകള്‍, രണ്ട് സ്‌കൂളുകള്‍ ക്ലബ് ചെയ്തുകൊണ്ട് ഫുള്‍ടൈം ആക്കുകയും ചെയ്തു.
കെ.എ.ടി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെയാണ് തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്നത്. അറബി അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും ഉന്നമനത്തിന്‌വേണ്ടി പ്രയത്‌നിക്കുക, പിന്നാക്ക ജനങ്ങളുടെ പുരോഗതി തുടങ്ങിയവയാണ് കെ.എ.ടി.എഫ് ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ളത്. ഈ രംഗത്ത്, ഞാന്‍ നേരത്തെ സൂചിപ്പിച്ചതും അല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ കുറേക്കാലം ഞാന്‍ ഏതാണ്ട് ഒറ്റക്കും പിന്നീട് പരിമിതരായ അംഗങ്ങളോടൊപ്പവുമാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. ആദ്യത്തില്‍ ഏറെപേരും പ്രായമുള്ളവരായിരുന്നു. പിന്നീട്, പ്രഫ. മങ്കട അബ്ദുല്‍ അസീസിനെപ്പോലെ ഏതാനും ചെറുപ്പക്കാര്‍ വന്നു. 1970 കളോടെ സംഘടന കുറേക്കൂടി ശക്തമായി. അതോടെ പ്രവര്‍ത്തനങ്ങളും സജീവമായി. അറബി അധ്യാപകരുടെ തൊഴില്‍പരമായ കാര്യങ്ങള്‍, നിയമനം, തസ്തിക നിര്‍ണയം, ജോലിക്കയറ്റം, സംരക്ഷണം, പരിശീലനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ നല്ല ഇടപെടലുകള്‍ കെ.എ.ടി.എഫ് നടത്തിയിട്ടുണ്ട്. ഏതാണ്ട് നൂറിലധികം ഉത്തരവുകള്‍ ഗവണ്‍മെന്റിനെക്കൊണ്ട് പുറപ്പെടുവിക്കാന്‍ സംഘടനക്ക് സാധിച്ചു. അറബി ഭാഷാ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തിലും അധ്യാപന രീതിയുടെ പരിഷ്‌കരണത്തിലും ചെയ്ത സേവനങ്ങള്‍ വിലപ്പെട്ടതാണ്. ഞങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം അത്തരം പ്രവര്‍ത്തനങ്ങളിലാണ് കഴിഞ്ഞുപോയത്.
കെ.എ.ടി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് അറബിക് കലാമേളകളും, അറബി മാസികയുടെ പ്രസാധനവും. മുമ്പ് സ്‌കൂള്‍ കലോത്സവങ്ങളില്‍, ഭാഷകള്‍ക്ക് പ്രത്യേകമായി കലാമേളകള്‍ ഉണ്ടായിരുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ്, അറബി കലാ-സാഹിത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കെ.എ.ടിഎഫ് 1974 മുതല്‍ അറബിക് കലാമേളകള്‍ ആരംഭിച്ചത്. സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളില്‍ വിവിധ മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി.
കെ.എ.ടി.എഫ്, അരീക്കോട് സുല്ലമുസ്സലാം പ്രിന്‍സിപ്പല്‍ കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ 1963 മുതല്‍ 'അല്‍ബുശ്‌റ' എന്ന പേരില്‍ അറബി മാസിക പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു മൂന്നു വര്‍ഷങ്ങള്‍ പുറത്തിറങ്ങിയ ശേഷം നാം നേരത്തെ സൂചിപ്പിച്ച കാരണങ്ങളാല്‍ അത് തുടര്‍ന്നുകൊണ്ടു പോകാന്‍ സാധിച്ചില്ല. 1983-ലാണ് പിന്നീട് കോഴിക്കോട്ടുനിന്ന് സൗത്തുല്‍ ഇത്തിഹാദ് പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അതിനും അല്‍ ബുശ്‌റയുടെ ഗതി തന്നെയായിരുന്നു. പിന്നീട് 1997-ല്‍ ഇത്തിഹാദുല്‍ മുഅല്ലിം കെ.എ.ടി.എഫിന്റെ മുഖപത്രമായി പ്രസിദ്ധീകരിച്ചുതുടങ്ങി. മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കെ.എ.ടി.എഫ് വര്‍ഷാവര്‍ഷങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. കെ.എ.ടി.എഫ് പ്രസിദ്ധീകരിച്ച ഖുത്വത്തുല്‍ വഹ്ദ എന്ന കൃതി ഉദ്ദേശ്യാധിഷ്ഠിത ബോധന സമ്പ്രദായത്തെ കുറിച്ചുള്ളതാണ്. അതിനു പുറമെ, എന്‍.കെ അഹ്മദ് മൗലവിയും കെ.പി.കെ ഇസ്വ്‌ലാഹിയും ചേര്‍ന്ന് രചിച്ച അറബി ഗാനങ്ങള്‍, വി.പി മൂസാന്‍കുട്ടി ഫാറൂഖിയുടെ കെ.എ.ടി.എഫ് ഗാനങ്ങള്‍, Collections of Govt. Orders and Circulars തുടങ്ങിയവയും സംഘടന പുറത്തിറക്കിയിട്ടുണ്ട്. 'അക്ഷരത്തിന്റെ കരുത്ത് അറിവിന്റെ തിരുത്ത്, അതിജീവനത്തിന്റെ പടയൊരുക്കം, സംരക്ഷിത പൊതുവിദ്യാഭ്യാസം, സുരക്ഷിത ഭാഷാപഠനം, വിവേചനത്തില്‍നിന്ന് മോചനം സംതൃപ്തിയോടെ അധ്യാപനം' തുടങ്ങിയ പ്രമേയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിരവധി സംസ്ഥാന സമ്മേളനങ്ങള്‍ കെ.എ.ടി.എഫ് നടത്തുകയുണ്ടായി.
(അവസാനിച്ചു)
കരുവള്ളി മുഹമ്മദ് മൗലവിയുടെ ഓര്‍മകളില്‍ ഇനിയും പകര്‍ത്തേണ്ട വിഷയങ്ങള്‍ ഉണ്ട്. അവ കൂടി ഉള്‍പ്പെടുത്തി 'എന്റെ ജീവിതം' പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. ഈ പരമ്പര ഈ ലക്കത്തോടെ അവസാനിക്കുന്നു- ലേഖകന്‍.
Comments