Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

അനുസ്മരണം

കെ.വി മമ്മദ്
1980 കളിലാണ് ഞാന്‍ കുരിക്കളെ വീട്ടില്‍ (കെ.വി) മമ്മദ് എന്ന മുഹമ്മദ്ക്കയെ(73) പരിചയപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പഴശ്ശി പദ്ധതിക്ക് സമീപമായിരുന്നു അദ്ദേഹത്തിന്റെ വീട്. അടിയുറച്ച ഒരു ഇസ്‌ലാം മതഭക്തനായിരുന്നു മുഹമ്മദ്ക്ക. സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. കണ്ടുമുട്ടിയാല്‍ വായനയെ കുറിച്ചും പഠനത്തെ കുറിച്ചും വാചാലനായിരുന്ന അദ്ദേഹത്തിന് മാധ്യമം ദിനപത്രം ഒരു ദൗര്‍ബല്യമായിരുന്നു. പഴയ കാലത്ത് പ്രദേശത്ത് മാധ്യമം പത്രം ലഭിക്കാന്‍ വിഷമമായിരുന്നതിനാല്‍ സുമാര്‍ എട്ട് കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഉളിയില്‍ ബസാറില്‍ പോയാണ് മാധ്യമം ദിനപത്രം ശേഖരിച്ചിരുന്നത്. രണ്ടും മൂന്നും ദിവസത്തെ പത്രം ഒന്നിച്ച് വാങ്ങിക്കൊണ്ടുവന്നാണ് അദ്ദേഹം വായിക്കുക.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായ എന്നോട് മാധ്യമത്തിലെ പല ലേഖനങ്ങളെയും കുറിച്ച് പറയാനും അവ വായിപ്പിക്കാനും ഏറെ താല്‍പര്യം കാണിക്കുകയും സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ ഏറെ ഉത്സാഹം കാണിക്കുകയും ചെയ്യുമായിരുന്നു. രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള ആക്കാംപറമ്പ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയില്‍ അക്കാലത്ത് സംഘടിപ്പിച്ചിരുന്ന ചര്‍ച്ചാക്ലാസുകളിലെ സജീവ സാന്നിധ്യവും അധിക വേദികളിലെയും അധ്യക്ഷനും മുഹമ്മദ്ക്കയായിരുന്നു. സായാഹ്നങ്ങളില്‍ നടന്നിരുന്ന അത്തരം ക്ലാസുകള്‍ രാത്രി ഏറെ വൈകുന്നത് വരെ നീളുക പതിവായിരുന്നു. ഗ്രാമീണ മേഖലയിലെ ഒരു സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയായിരുന്ന ഇത്തരം ചര്‍ച്ചാ ക്ലാസുകള്‍ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുഹമ്മദ്ക്ക കൂടെയുണ്ടാവും. അദ്ദേഹത്തിന്റെ വീട് വരെയുള്ള യാത്രയിലും ക്ലാസുകളുടെ പ്രാധാന്യത്തെ കുറിച്ചും ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുമായിരിക്കും ഏറെ സംസാരിക്കുക. വാര്‍ധക്യത്തിന്റെ അവശതകള്‍ പേറുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഞാനും മുഹമ്മദ്ക്കയെ സ്‌നേഹിക്കുന്ന കുറേപേരും നരയംപാറയിലുള്ള ഇപ്പോഴത്തെ വീട്ടില്‍ ചെന്ന് ഒടുവിലായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാധ്യമത്തിന്റെ ഇരിക്കൂര്‍ ലേഖകന്‍ മടവൂര്‍ അബ്ദുല്‍ ഖാദര്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഓര്‍മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ നാളുകളിലും സമൂഹത്തെ കുറിച്ചും നല്ല നാടിനെ കുറിച്ചും മാത്രമായിരുന്നു മുഹമ്മദ്ക്ക ഉണര്‍ത്തിയിരുന്നത്. മക്കള്‍: ബഷീര്‍(ജിദ്ദ), സാദിഖ്(മസ്‌കത്ത്), നിസാര്‍(ഖത്തര്‍), റഷീദ്(റിയാദ്), ജലീല്‍(സലാല), ശബീര്‍, അബ്ദുല്‍ വഹാബ്, ആരിഫ.
ലക്ഷ്മണന്‍ കുയിലൂര്‍

എം.പി കുട്ടിരായിന്‍ ഹാജി
മുണ്ടുമുഴി മഠത്തിപറമ്പത്ത് കുട്ടിരായിന്‍ ഹാജി(80) ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശം നാട്ടില്‍ എത്തിയപ്പോള്‍ തന്നെ അതിനെ ഉള്‍ക്കൊണ്ട വ്യക്തിയാണ്. കുറെ നല്ല ഗുണങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഭൗതിക ജീവിതത്തോട് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ദാനശീലം ഉപകാരപ്പെടാത്തവര്‍ നാട്ടില്‍ കുറവായിരിക്കും. ഖുര്‍ആന്‍ നല്ലൊരു ഭാഗം അദ്ദേഹത്തിന് മനഃപാഠമുണ്ടായിരുന്നു. ഇസ്‌ലാമിക സാഹിത്യങ്ങള്‍ വായിക്കുകയും മറ്റുള്ളവര്‍ക്ക് വായിക്കുവാന്‍ നല്‍കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദീര്‍ഘകാലം 'പ്രബോധന'ത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ച കുട്ടിരായിന്‍ ഹാജി പ്രബോധനം ആളുകള്‍ക്ക് സൗജന്യമായി നല്‍കി വായിപ്പിച്ചിരുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി വളരെ ലളിതമായിരുന്നു. പതിമൂന്നംഗ കുടുംബത്തിന്റെ പിതാവായ കുട്ടിരായിന്‍ ഹാജി ദീനീവിദ്യാഭ്യാസം നല്‍കുന്നതിനും മക്കളെ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കി. മുണ്ടുമുഴി കാര്‍ക്കൂന്‍ ഹല്‍ഖ മെമ്പറായിരുന്ന അദ്ദേഹമായിരുന്നു ആദ്യ കാലങ്ങളില്‍ സ്ഥിരമായി തഫ്ഹീമുല്‍ ഖുര്‍ആന്‍ അവലംബമാക്കി ഹല്‍ഖാ യോഗങ്ങളില്‍ ഖുര്‍ആന്‍ ദര്‍സ് നടത്തിയിരുന്നത്.
കെ. അബ്ദുര്‍റസാഖ്‌

കുഞ്ഞാമി ഹജ്ജുമ്മ
പാറക്കടവിലെ ആശാരിക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ(74) നിര്യാതയായി. ആരോഗ്യമുള്ള കാലമത്രയും വനിതാ ഹല്‍ഖയിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മറ്റു പരിപാടികളിലും പങ്കെടുക്കുമായിരുന്നു. ഖുര്‍ആനും ഇസ്‌ലാമിക സാഹിത്യങ്ങളും സ്ഥിരമായി പാരായണം ചെയ്യുന്ന മതഭക്തയും ദീനീചിട്ടയുമുള്ള അവര്‍ ആര്‍ദ്ര മനസ്സിന്റെ ഉടമയായിരുന്നു. സഹായാഭ്യര്‍ഥനയുമായി സമീപിക്കുന്ന വ്യക്തികളെ മതജാതി പരിഗണനകളില്ലാതെ ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കിയിരുന്ന മാതൃകാ വനിതയായിരുന്നു അവര്‍. മഹല്ല് മുതവല്ലി കാവില്‍ ഇബ്‌റാഹീം ഹാജിയാണ് ഭര്‍ത്താവ്. മൂന്നു ആണ്‍ മക്കളും മൂന്നു പെണ്‍മക്കളുമുള്ള ഇവരുടെ കുടുംബം തീര്‍ത്തും പ്രസ്ഥാനാഭിമുഖ്യമുള്ളതാണ്.
മൂസാ പാലേരി

ഇസ്മാഈല്‍ പിള്ള
അറുപതുകളുടെ രണ്ടാം പകുതിയില്‍ അഴീക്കോട്ട് ജമാഅത്തെ ഇസ്‌ലാമി മുത്തഫിഖ് ഹല്‍ഖ രൂപീകൃതമായതു മുതല്‍ അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഈയിടെ അന്തരിച്ച ഇസ്മാഈല്‍ പിള്ള (70).
തിരുവനന്തപുരം ഊളന്‍പാറ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റായി ഉദ്യോഗത്തില്‍നിന്നും പിരിഞ്ഞ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ത്യാഗത്തിന്റെയും, മനുഷ്യസ്‌നേഹത്തിന്റെയും തെളിനീര്‍ ഉറവയായിരുന്നു. താളം തെറ്റിയ മനസ്സുകള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍കാറ്റായിരുന്നു അദ്ദേഹം. മെരുങ്ങാത്ത മാനസിക രോഗികളെ സ്‌നേഹത്തോടെ ശാന്തരാക്കാന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പാതിരാത്രികളില്‍പോലും ഇസ്മാഈല്‍ പിള്ളയുടെ സേവനം ആവശ്യപ്പെട്ട് വീട്ടില്‍ വരുമായിരുന്നു. ആരോടും ക്ഷോഭിക്കാത്ത, ഒന്നിനോടും പരിഭവമില്ലാത്ത അദ്ദേഹം ഏതുകാര്യവും നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയില്‍ ഒതുക്കുമായിരുന്നു. ലളിത ജീവിതത്തിന്റെ ഉടമയായിരുന്ന ഇസ്മാഈല്‍ പിള്ള എന്നും പ്രവര്‍ത്തകര്‍ക്ക് മായാത്ത മാതൃകയാണ്. അദ്ദേഹത്തിന്റെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങിയ പല രോഗികളും അസുഖം ഭേദമായ ശേഷം ഹിദായത്തിലായിട്ടുണ്ട്. അദ്ദേഹത്തിന് രണ്ട് ഭാര്യമാരും ആറു മക്കളുമാണുള്ളത്.
എ. അബ്ദുസ്സലാം, അഴീക്കോട്‌




Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍