Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

പ്രകൃഷ്ട രചനകള്‍ / അന്താരാഷ്ട്ര നിയമത്തിന്റെ ചരിത്രം-3

പഠനം / ഡോ. മുഹമ്മദ് ഹമീദുല്ല

നമുക്ക് ലഭിച്ചിട്ടുള്ള ഏറ്റവും പൗരാണികമായ ഇസ്‌ലാമിക നിയമശാസ്ത്ര കൃതി ഇമാം സൈദ് ബ്‌നു അലിയുടെ അല്‍ മജ്മൂഉ ഫില്‍ ഫിഖ്ഹ് ആണ്. അദ്ദേഹം ഇമാം ഹുസൈന്റെ പേരക്കുട്ടിയും സൈനുല്‍ ആബിദീന്റെ മകനും സൈദി വിഭാഗത്തിന്റെ സ്ഥാപകനായി ഗണിക്കപ്പെടുന്ന ആളുമാണ്. മഹാ പണ്ഡിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ പുസ്തകത്തില്‍ അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് ഒരു അധ്യായമുണ്ട്. 'കിതാബുസ്സിയര്‍' എന്നാണ് ആ അധ്യായത്തിന്റെ പേര്. സീറ എന്ന അറബി വാക്കിന്റെ ബഹുവചനമാണ് സിയര്‍. പ്രശസ്ത ഹനഫി നിയമജ്ഞനായ ഇമാം സറഖ്‌സി (മരണം ഹിജ്‌റ 490) തന്റെ കിതാബുല്‍ മബ്‌സൂത്വ് എന്ന കൃതിയില്‍ പറയുന്നത്, യുദ്ധ-സമാധാന സന്ദര്‍ഭങ്ങളില്‍ ഒരു ഭരണാധികാരി അന്യ ജനവിഭാഗങ്ങളോട് സ്വീകരിക്കുന്ന നിലപാടിനെ കുറിക്കുന്ന പദമാണ് സീറ എന്നാണ്. അന്യ ജനവിഭാഗങ്ങളോട് മാത്രമല്ല, സ്വന്തം രാജ്യത്തിനകത്തുള്ള മതപരിത്യാഗികള്‍,കലാപകാരികള്‍ തുടങ്ങിയ തദ്ദേശീയ പൗരന്മാരോട് സ്വീകരിക്കുന്ന നിലപാടിനും ഇതേ സംജ്ഞ തന്നെയാണ് പ്രയോഗിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതിനാല്‍ ഇന്ന് പാശ്ചാത്യര്‍ അന്താരാഷ്ട്ര നിയമം എന്ന് പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്ന അര്‍ഥത്തേക്കാള്‍ വളരെ വിപുലമാണ് ഇസ്‌ലാമിലെ അന്താരാഷ്ട്ര നിയമസങ്കല്‍പം എന്നു വരുന്നു. ഇമാം സൈദാണ് സിയര്‍ എന്ന വാക്ക് അന്താരാഷ്ട്ര നിയമം എന്ന അര്‍ഥത്തില്‍ ആദ്യമായി പ്രയോഗിച്ചത്. ഇന്നും ആ പ്രയോഗം തന്നെയാണ് പ്രചാരത്തില്‍. പൊതുവെ അതിന് വിയോജിപ്പ് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. ഹനഫി, ശാഫിഈ, മാലികി, ഹമ്പലി, ശീഈ തുടങ്ങിയ എല്ലാ വിഭാഗങ്ങളും ഇതേ പദം തന്നെയാണ് ഉപയോഗിച്ച് വന്നത്. ഖവാരിജുകള്‍ മാത്രമാണ് അപവാദം. നിയമത്തെക്കുറിച്ച് വന്ന അവരുടെ ഒരു പുസ്തകത്തില്‍- വളരെ പ്രയാസപ്പെട്ടാണ് അത് കണ്ടെത്തിയത്- അന്താരാഷ്ട്ര നിയമം പ്രതിപാദിക്കുന്ന അധ്യായത്തിന്റെ പേര് 'കിതാബുദ്ദിമാഅ്' എന്നാണ്. അഥവാ 'രക്തത്തിന്റെ പുസ്തകം'. വിഷയം യുദ്ധമായതുകൊണ്ടാവാം ഈ പേര് വന്നത്.
നാം പറഞ്ഞുവരുന്നത് സൈദിന്റെ പുസ്തകത്തെക്കുറിച്ചാണ്. ഇസ്‌ലാമിന്റെ അന്താരാഷ്ട്ര നിയമം പ്രതിപാദിക്കുന്ന ആദ്യത്തെ രചന. ഇമാം അബൂഹനീഫയുടെ ഗുരുനാഥനായിരുന്നു ഇമാം സൈദ്. ഉമയ്യ ഭരണത്തിനെതിരെ കലാപത്തിനിറങ്ങിയ സൈദ് അനുയായികളാല്‍ പരിത്യജിക്കപ്പെട്ട് ഒടുവില്‍ പിടിയിലാവുകയും ഹിജ്‌റ 120-ല്‍ വധിക്കപ്പെടുകയുമായിരുന്നു. ഇമാം അബൂഹനീഫയുടെ മരണം ഹിജ്‌റ 150-ല്‍ ആയിരുന്നു. ഹിജ്‌റ 120-നും ഹിജ്‌റ 150-നും ഇടക്ക് ഇമാം അബൂഹനീഫ കിതാബുസ്സിയര്‍ എന്നൊരു ഗ്രന്ഥമെഴുതിയിരുന്നു. രസകരമാണ് അതിന്റെ ചരിത്രം. മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ മാത്രമാണ് മുസ്‌ലിം ഭരണാധികാരിക്കെതിരില്‍ കലാപം നടത്താന്‍ അനുവാദമുള്ളൂ എന്ന് അദ്ദേഹം അതില്‍ എഴുതിയിരുന്നു. മറ്റു നിയമജ്ഞര്‍ ഇതുപോലൊരു വിധി പ്രസ്താവന നടത്താന്‍ മടിച്ചു. എന്നു മാത്രമല്ല അബൂഹനീഫയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് അവര്‍ പുസ്തകങ്ങള്‍ വരെ എഴുതി. ഒരു ഹദീസിനെ മുന്‍നിര്‍ത്തിയായിരുന്നു ഇമാം അബൂഹനീഫ തന്റെ വാദം സമര്‍ഥിച്ചത്. ഒരു തിന്മ കണ്ടാല്‍ ശക്തി പ്രയോഗിച്ച് അതിനെ തിരുത്തണമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ നാവു കൊണ്ട് ശക്തമായി പ്രതികരിക്കണമെന്നും ഇതിന് രണ്ടിനും കഴിഞ്ഞില്ലെങ്കില്‍ ആ തിന്മയോട് മനസ്സില്‍ വെറുപ്പെങ്കിലും ഉണ്ടാവണമെന്നുമാണ് ആ ഹദീസിലുള്ളത്. ഈ ഒടുവിലത്തേത് വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലമായ പ്രകടനമാണ്. അതെങ്കിലും ഇല്ലാത്തവനെ ശരിയായ മുസ്‌ലിമായി കാണാന്‍ നിവൃത്തിയില്ല. ഇങ്ങനെയാണ് അബൂഹനീഫ തന്റെ വാദമുഖങ്ങള്‍ നിരത്തിയത്.
അബൂഹനീഫയെ എതിര്‍ത്ത നിയമജ്ഞരും ഒരു നബിവചനം തന്നെയാണ് തെളിവായി ഉയര്‍ത്തിക്കാട്ടിയത്. 'ഭരണാധികാരി നിങ്ങളോട് നീതി ചെയ്യുന്നുണ്ടെങ്കില്‍, ദൈവത്തിന് സ്തുതിയോതുക, അയാളുടെ അതിക്രമങ്ങളെ ക്ഷമിക്കുക' എന്ന അര്‍ഥമുള്ള ഒരു നബിവചനം. പ്രത്യക്ഷത്തില്‍ രണ്ട് വിരുദ്ധ അഭിപ്രായങ്ങളാണ് ഈ ഹദീസുകളില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നത്; രണ്ടും വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളതെങ്കിലും. നിസ്സാര കാര്യങ്ങളില്‍ ഭരണകൂടത്തിനെതിരെ കലാപം കൂട്ടരുത് എന്നു തന്നെയാണ് അബൂഹനീഫയുടെ അഭിപ്രായം. സമാധാനപരമായ എല്ലാ മാര്‍ഗങ്ങളും അടഞ്ഞുപോയാല്‍ സായുധ നീക്കം എന്ന ഒരു അവസാന ഓപ്ഷന്‍ കൂടി ഉണ്ടാവും എന്നേ അദ്ദേഹം പറഞ്ഞുള്ളൂ.
അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് അബുഹനീഫ എഴുതിയ രചനക്ക് ഇമാം ഔസാഈ മറുപടി എഴുതിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അബൂഹനീഫയുടെ കൃതിയുടെയോ അതിന് ഔസാഈ എഴുതിയ മറുപടിയുടെയോ ഒറിജിനല്‍ നമുക്ക് ലഭിച്ചിട്ടില്ല. ഇമാം ശാഫിഈയുടെ കിതാബുല്‍ ഉമ്മ് എന്ന കൃതിയില്‍ നിന്നാണ് ഈ രണ്ട് രചനകളെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കുന്നത്. അവര്‍ രണ്ട് പേരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും ഇമാം ശാഫിഈ ഉദ്ധരിക്കുന്നുണ്ട്. ഔസാഈക്ക് മറുപടി എഴുതുന്നത് അബൂഹനീഫയല്ല, അദ്ദേഹത്തിന്റെ ശിഷ്യന്‍ അബൂയൂസുഫാണ്. ആ കൃതിയും നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും, അതിനെക്കുറിച്ചും കിതാബുല്‍ ഉമ്മില്‍ പരാമര്‍ശമുണ്ട്.
കിതാബുല്‍ ഉമ്മിലെ ഉദ്ധരണികള്‍ ചേര്‍ത്ത് വെച്ചുകൊണ്ട് അബൂഹനീഫയുടെയും ഔസാഈയുടെയും അബൂയൂസുഫിന്റെയും അഭിപ്രായങ്ങളെ വിശകലനം ചെയ്യുന്ന ഒരു കൃതി ഹൈദരാബാദില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഒറിജിനല്‍ നഷ്ടപ്പെട്ടുപോയ മേല്‍ കൃതികളിലെ അഭിപ്രായങ്ങള്‍ സമാഹരിച്ചതിനും കിതാബുല്‍ ഉമ്മിലൂടെ അവ സംരക്ഷിച്ചതിനും ഇമാം ശാഫിഈയോട് നന്ദി പറയുക. ഇമാം ശാഫിഈയുടെ ജീവചരിത്രകാരനായ ഇബ്‌നുഹജര്‍, തന്റെ തവാലിത്തഅ്‌സീസ് എന്ന കൃതിയില്‍ സിയര്‍ വിജ്ഞാനശാഖയിലെ ആദ്യകൃതി അബൂഹനീഫയുടേതാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനാണ് ഔസാഈ മറുപടി എഴുതിയത്. ഔസാഈക്ക് അബൂയൂസുഫും മറുപടി എഴുതി. അബൂയൂസുഫിന്റെ അഭിപ്രായങ്ങളെ വിശകലനം ചെയ്യുന്നുണ്ട് ഇമാം ശാഫിഈ കിതാബുല്‍ ഉമ്മില്‍. ഇത്രയുമാണ് അന്താരാഷ്ട്ര നിയമത്തെക്കുറിച്ചുള്ള ആദ്യകാല കൃതികളുടെ ചരിത്രം.

അബൂഹനീഫയും ശിഷ്യന്മാരും
സൈദ്ബ്‌നു അലിയാണ് വിഷയം ആദ്യം സ്പര്‍ശിച്ചതെങ്കിലും, ആ കൃതിയില്‍ അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് ഒരു അധ്യായം മാത്രമാണ് ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് ആദ്യമായി ഒരു സ്വതന്ത്ര രചന നടത്തുന്നത് അബൂഹനീഫയാണ്. വിഷയം അവതരിപ്പിക്കുക, എന്നിട്ട് തന്റെ ശിഷ്യന്മാരുടെ അഭിപ്രായം തേടുക. ഇതായിരുന്നു അബൂഹനീഫ അവലംബിച്ചിരുന്ന രീതി. തുടര്‍ന്ന് വിവിധ വശങ്ങള്‍ പ്രതിപാദിച്ച് കൊണ്ടുള്ള ചര്‍ച്ച നടക്കും. അബൂഹനീഫയുടെ രചന നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും, അതിന് 20-25 പേജിനപ്പുറം ദൈര്‍ഘ്യമുണ്ടാകാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മുഹമ്മദ് ശൈബാനി, സുഫര്‍, ഇബ്‌റാഹീം അല്‍ഫസാരി എന്നിവരുടെ കൃതികള്‍ നമ്മോടൊപ്പമുണ്ട് താനും. ഇവരില്‍ ശൈബാനിയുടെയും ഫസാരിയുടെയും കൃതികള്‍ നൂറിലധികം പേജുകള്‍ വരും. ഇതൊക്കെ ഇമാം അബൂഹനീഫ നടത്തിയ പ്രഭാഷണങ്ങളാണെന്നും അവ ശിഷ്യന്മാര്‍ പകര്‍ത്തിയെടുത്തതാണെന്നും പിന്നീട് അവ ശിഷ്യന്മാരുടെ പേരില്‍ അറിയപ്പെട്ടതാണെന്നുമാണ് ഞാന്‍ കരുതുന്നത്.
അബൂഹനീഫയുടെ ശിഷ്യനായ ശൈബാനി അന്താരാഷ്ട്ര നിയമത്തില്‍ രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കിതാബു സിയറിസ്സഗീറും കിതാബുസിയറില്‍ കബീറും. ഇതില്‍ ഒന്നാമത്തെ കൃതി എഴുതിയപ്പോള്‍ ഇമാം ഔസാഈ അഭിപ്രായപ്പെട്ടത്രെ, 'ഹദീസുകളറിയാത്ത ഇറാഖികളാണോ ഈ വിഷയത്തെക്കുറിച്ച് എഴുതുന്നത്' എന്ന്. അതില്‍ പ്രകോപിതനായാണ് രണ്ടാമത്തെ കൃതി എഴുതുന്നത്. വളരെ ബൃഹത്തായിരുന്നു ആ രചന. എത്രത്തോളമെന്നാല്‍ ഒരു വണ്ടി വിളിച്ചാണ് ഈ കൃതിയുടെ കൈയെഴുത്ത് പ്രതി ഖലീഫ ഹാറൂന്‍ റശീദിന് സമര്‍പ്പിക്കാനായി കൊണ്ടുപോയത്. ഇതിന് നല്‍കപ്പെട്ട വ്യാഖ്യാന കൃതിയാണ് ഇന്ന് നിലവിലുള്ളത്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ പ്രശസ്ത ഹനഫി പണ്ഡിതനായ സറഖ്‌സിയാണ് വ്യാഖ്യാതാവ്.
ആ വ്യാഖ്യാനത്തിന് പിന്നില്‍ വളരെ നാടകീയമായ ഒരു സംഭവമുണ്ട്. കൂര്‍മ ബുദ്ധിയുള്ള സത്യസന്ധനും ധീരനുമായ നിമജ്ഞനായിരുന്നു സറഖ്‌സി. ഭരണാധികാരികള്‍ ചുമത്തിയ അന്യായ നികുതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ അദ്ദേഹം തടവറയിലടക്കപ്പെട്ടു. വെള്ളമില്ലാത്ത ഒരു കിണറ്റിലായിരുന്നുവത്രെ അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. പതിനാല് വര്‍ഷം നീണ്ട ഈ തടവറക്കാലത്ത് ഇടക്കൊക്കെ ശിഷ്യന്മാര്‍ക്ക് തന്നെ വന്നു കാണാനുള്ള അനുവാദം അദ്ദേഹം അധികൃതരില്‍നിന്ന് സമ്പാദിച്ചിരുന്നു. ശിഷ്യന്മാര്‍ വന്ന് കിണറ്റിന്റെ ആള്‍മറയില്‍ ഇരിക്കും; ഗുരു പറയുന്നത് എഴുതിയെടുക്കും. സറഖ്‌സിയുടെ ഈ തടവറക്കാലത്താണ് അദ്ദേഹത്തിന്റെ സുപ്രധാന ബൃഹത് കൃതികളെല്ലാം രചിക്കപ്പെട്ടതെന്നോര്‍ക്കണം. കിതാബുല്‍ മബ്‌സൂത്വ് മുപ്പത് വാള്യങ്ങളാണ്. ഇത്രയും തടവറയിലിരിക്കെ ശിഷ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ്. ശൈബാനിയുടെ സിയറുല്‍ കബീറിനുള്ള നാല് വാള്യം വരുന്ന വ്യാഖ്യാനവും ഇതേ മട്ടില്‍ പറഞ്ഞുകൊടുത്തതാണ്. കിണറ്റിന്റെ അന്ധകാരത്തിലിരുന്നുകൊണ്ട് ഒരു പുസ്തകം പോലും കൈയിലില്ലാതെയാണ് ഈ മഹാ പണ്ഡിതന്‍ പത്തോളം വരുന്ന തന്റെ മഹാ കൃതികളത്രയും രചിച്ചത്. സിയറുല്‍ കബീറിന് സറഖ്‌സി നല്‍കിയ വ്യാഖ്യാനം അന്താരാഷ്ട്ര നിയമത്തെക്കുറിച്ച ആദ്യകാല പ്രമാണങ്ങളിലൊന്നാണ്. റഫറന്‍സ് ഗ്രന്ഥങ്ങളൊന്നുമില്ലാതെ ഇങ്ങനെ ഒരു കൃതി രചിക്കാനാവുമോ? ഒരു പക്ഷേ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തടവറയിലേക്ക് കാണാന്‍ വരുമ്പോള്‍ ആവശ്യമായ കൃതികള്‍ കൊണ്ടുവരികയും അവ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തിരിക്കാം. അതിനുള്ള കമന്ററി അദ്ദേഹം പറഞ്ഞുകൊടുക്കുകയും ശിഷ്യന്മാര്‍ അത് പകര്‍ത്തിയെടുക്കുകയും ചെയ്തിരിക്കാം.
ഇങ്ങനെ കഴിഞ്ഞ 1300-ലധികം വര്‍ഷമായി ഈ വിഷയത്തില്‍ ഒട്ടേറെ രചനകള്‍ നടന്നുകൊണ്ടിരിക്കുന്നു. എല്ലാതരം നിയമഗ്രന്ഥങ്ങളുടെയും സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഫതാവാ ആലംഗീറിയിലും സിയറിന് വേണ്ടി ഒരു അധ്യായം നീക്കിവെച്ചിരിക്കുന്നു. ഈ കൃതികളിലൊക്കെയും അതത് നാടുകളിലെ സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും പ്രത്യേകമായി കണക്കിലെടുക്കുന്നുണ്ടെന്ന് കാണാം. ഉദാഹരണത്തിന് സറഖ്‌സിയുടെ കൃതികളില്‍, കാളപ്പുറത്ത് കയറി യുദ്ധത്തിന് പോകുന്ന പട്ടാളക്കാരെക്കുറിച്ച പരാമര്‍ശം കാണാം. അദ്ദേഹത്തിന്റെ നാട്ടില്‍, പേര്‍ഷ്യയില്‍ നിലനിന്നിരുന്ന രീതിയാണിത്. അത്തരമൊരു പരാമര്‍ശം അറബ് നാടുകളില്‍ രചിക്കപ്പെട്ട കൃതികളില്‍ കാണുകയില്ല. വടക്കനാഫ്രിക്കയിലും സ്‌പെയിനിലുമുള്ള ഗ്രന്ഥകാരന്മാര്‍ വിഷം പുരട്ടിയ അമ്പുകളെക്കുറിച്ച് ഇടക്കിടെ എഴുതുന്നത് കാണാം. ഇത് മാലികികളല്ലാത്തവരുടെ കൃതിയില്‍ കാണില്ല. കാരണം വ്യക്തം. അവരുടെ നാട്ടില്‍ ആ യുദ്ധ രീതി ഇല്ല. സറഖ്‌സിയുടെ കൃതികളില്‍ ഭാരം കൊണ്ടുപോകുന്നത് വണ്ടികളിലാണെന്നാണ് എഴുതിയിരിക്കുന്നത്. കാരണം മൃഗങ്ങളുടെ പുറത്ത് ഭാരം കൊണ്ടുപോകുന്ന രീതിയല്ല അദ്ദേഹത്തിന്റെ നാട്ടിലുണ്ടായിരുന്നത്. ഇങ്ങനെ ഓരോ കൃതിയിലും അതെഴുതപ്പെട്ട സാഹചര്യങ്ങള്‍ തെളിമയോടെ വേറിട്ടു നില്‍ക്കുന്നു. അതേസമയം ഈ കൃതികളില്‍നിന്ന് അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് പൊതുവായൊരു വീക്ഷണം ഉരുത്തിരിച്ചെടുക്കാന്‍ പ്രയാസമില്ല താനും.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍