കുടുംബം സംസ്‌കാരത്തിന്റെ ഉറവിടം
ആരോഗ്യകരമായ കുടുംബ വ്യവസ്ഥ ഈമാനിന്റെയും ഇബാദത്തിന്റെയും പൂരകമാണെന്ന് പറയുന്നത് അതു സംബന്ധിച്ച ഖുര്‍ആന്‍ സൂക്തങ്ങളുടെ അതിവായനയോ അമിത വ്യാഖ്യാനമോ അല്ല. ഇസ്‌ലാം ആവശ്യപ്പെടുന്ന മാനുഷിക ബന്ധങ്ങളുടെ അടിത്തറയാണത്. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ഒരു സാമൂഹിക ജീവിയായിട്ടാണ്. ''നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ച് ഗോത്രങ്ങളും സമുദായങ്ങളുമാക്കിയിരിക്കുന്നു; നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍'' (49:13) എന്നാണ് അല്ലാഹു പറയുന്നത്. അവന്‍ നമ്മെ സൃഷ്ടിച്ച് വേറിട്ട വ്യക്തികളാക്കി ഒറ്റപ്പെടുത്തിയിരിക്കുകയല്ല, കുടുംബങ്ങളും സമുദായങ്ങളുമാക്കി സംഘടിപ്പിച്ചിരിക്കുകയാണ്. ഈ കൂട്ടായ്മയില്ലാതെ മനുഷ്യന് നാഗരിക മനുഷ്യനായി ജീവിക്കാനാവില്ല. ഓരോ മനുഷ്യനും അവകാശ ബാധ്യതകളാല്‍ ഇതര മനുഷ്യരുമായി ബന്ധിതരാണ്. അവകാശങ്ങള്‍ മറ്റുള്ളവരില്‍നിന്ന് അവന് ലഭിക്കേണ്ടതാണ്. ബാധ്യതകള്‍ മറ്റുള്ളവര്‍ക്ക് അവന്‍ നല്‍കേണ്ടതാണ്. ഈ മറ്റുള്ളവര്‍ അവന്റെ കുടുംബവും സമൂഹവുമാണ്. വ്യക്തിയുടെയും മറ്റുള്ളവരുടെയും അവകാശബാധ്യതകള്‍ യഥാവിധി നിവര്‍ത്തിക്കപ്പെടുമ്പോഴാണ് വ്യവസ്ഥാപിത സമൂഹം രൂപം കൊള്ളുന്നതും വളരുന്നതും. മനുഷ്യന്‍ സാമൂഹിക ജീവിയല്ലെങ്കില്‍, വ്യക്തികള്‍ക്കിടയില്‍ പാരസ്പര്യമില്ലെങ്കില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശബാധ്യതകള്‍ അപ്രസക്തമാകുന്നു. അവകാശ ബാധ്യതകള്‍ അപ്രസക്തമാകുമ്പോള്‍ ധര്‍മം, നീതി, ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങളും നിരര്‍ഥകമാകുന്നു. ഇവയുടെയെല്ലാം അഭാവം സംസ്‌കാര-നാഗരികതകളുടെയും മാനവിക പുരോഗതിയുടെയും നിഷേധമാകുന്നു. അല്ലാഹു മനുഷ്യനെ സാമൂഹിക ജീവിയായി സൃഷ്ടിച്ച് അവനില്‍ അവകാശബാധ്യതകളും നൈതിക ധാര്‍മിക ബോധങ്ങളും നിക്ഷേപിച്ചിരുന്നില്ലെങ്കില്‍ മനുഷ്യന്‍ ഇന്നഭിമാനിക്കുന്ന പുരോഗതികളൊന്നും നേടുമായിരുന്നില്ല. ഭൂമിയിലുണ്ടായ ആദ്യത്തെ കാളയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാളയും എപ്രകാരം ഒരേ ജീവിത നിലവാരത്തില്‍ നിലകൊള്ളുന്നുവോ അപ്രകാരം ആദി പിതാവിന്റെയും ആധുനിക മനുഷ്യന്റെയും ജീവിത നിലവാരം ഒന്നുതന്നെയാകുമായിരുന്നു.
മനുഷ്യന്‍ മനുഷ്യനായിരിക്കാനും അവന്റെ കഴിവുകളും യോഗ്യതകളും വികസിക്കാനും സാംസ്‌കാരികമായും നാഗരികമായും വളരാനുമുള്ള അടിസ്ഥാനോപാധിയായതുകൊണ്ടാണ് ഖുര്‍ആന്‍ കുടുംബവ്യവസ്ഥക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കിയത്. അല്ലാഹു മനുഷ്യനരുളിയ മഹത്തായൊരു അനുഗ്രഹമാണ് മറ്റു ജീവികള്‍ക്കൊന്നുമില്ലാത്ത ഭദ്രമായ കുടുംബബന്ധം. രാവും പകലും ഉറക്കവും ഉണര്‍വും കാറ്റും മഴയുമൊക്കെ മനുഷ്യന്റെ നിലനില്‍പിന് എന്തുമാത്രം അമൂല്യമായ അനുഗ്രഹങ്ങളാണോ അതുപോലെ അമൂല്യമായ ദൈവാനുഗ്രഹമായിട്ടാണ് കുടുംബബന്ധത്തെയും ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. സൗരഗതി, നിഴല്‍, നിദ്ര, ഉണര്‍വ്, കാറ്റ്, മഴ തുടങ്ങിയ അനുഗ്രഹങ്ങള്‍ ചൂണ്ടിക്കാണിച്ച കൂട്ടത്തില്‍ ഖുര്‍ആന്‍ പറയുന്നു: ''അവന്‍ (അല്ലാഹു) തന്നെയാകുന്നു ജലത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചതും, എന്നിട്ടവന് രക്തബന്ധവും വിവാഹബന്ധവും നിശ്ചയിച്ചുകൊടുത്തതും. നിന്റെ നാഥന്‍ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി സംവിധാനിക്കാന്‍ കഴിവുള്ളവനാകുന്നു'' (25:54).
ദൈവനിര്‍ദിഷ്ടമായ ഈ ബന്ധം ശിഥിലമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ സ്വന്തം പ്രകൃതിയെ തന്നെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളിയുടെ അനന്തരഫലം ഖുര്‍ആന്‍ അടിക്കടി താക്കീതു ചെയ്തിട്ടുള്ള ഫസാദുന്‍ ഫില്‍ അര്‍ദ് - ഭൂമിയില്‍ നാശം അല്ലാതെ മറ്റൊന്നുമല്ല. കുടുംബബന്ധം കച്ചവടബന്ധം പോലെയല്ല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഊടും പാവും കൊണ്ടാണ് അല്ലാഹു അത് നെയ്ത് തന്നിരിക്കുന്നത്. ആത്മീയമായ ഒരു പ്രഭാവമുണ്ടതിന്. സ്‌നേഹ കാരുണ്യങ്ങളോടൊപ്പം പരസ്പരമുള്ള കരുതല്‍, ആദരവ്, ഉത്തരവാദിത്വബോധം തുടങ്ങിയ വികാരങ്ങളും അതിന്റെ ഘടകങ്ങളാണ്. ഒരുവന്റെ കുടുംബം അവന്റെ ബൃഹദ് രൂപമാണ്. കുടുംബത്തിന്റെ സുഖദുഃഖങ്ങള്‍ സ്വന്തം സുഖദുഃഖങ്ങളാണ്. കുടുംബബന്ധങ്ങളുടെ ദൈവദത്തമായ വൈകാരിക ഭാവം ചോര്‍ന്നുപോകുമ്പോഴാണ് പിതാവ് പുത്രന്റെയും പുത്രന്‍ പിതാവിന്റെയും കൊലയാളികളാകുന്നതും മകളുടെയും സഹോദരിയുടെയും മാനം കവരുന്നതും.
വ്യക്തിക്ക് സ്രഷ്ടാവായ ദൈവത്തോടുള്ള കടപ്പാടിനു ശേഷം ഏറ്റവുമധികം കടപ്പാടുള്ളത് അവനെ ജനിപ്പിച്ചു വളര്‍ത്തിയ മാതാപിതാക്കളോടാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ മനുഷ്യനോട് അല്ലാഹുവിനെ ആരാധിക്കാന്‍ കല്‍പിക്കുന്നതോടൊപ്പം മാതാപിതാക്കളെ സേവിക്കാനും കല്‍പിക്കുന്നത്. അല്ലാഹുവിനോടും മാതാപിതാക്കളോടുമുള്ള കടമകള്‍ക്കു ശേഷമേ മറ്റു കടമകള്‍ക്ക് സ്ഥാനമുള്ളൂ. സന്ദിഗ്ധഘട്ടത്തില്‍ നിരാലംബരായ മാതാപിതാക്കളെ തനിച്ചാക്കി ജിഹാദിനു പോകാന്‍ അനുമതി തേടിയ സ്വഹാബിവര്യന്മാരെ നബി(സ) അതിനനുവദിക്കാതെ മാതാപിതാക്കളെ ശുശ്രൂഷിച്ച് കഴിയാനുപദേശിച്ച് തിരിച്ചയക്കുകയായിരുന്നു. അതുതന്നെയാണ് അവരുടെ 'ജിഹാദ്' എന്നാണ് തിരുമേനി അവരോട് പറഞ്ഞത്. മാതാപിതാക്കള്‍ക്കു ശേഷം ഉറ്റവരായ മറ്റു ബന്ധുക്കളോടും വ്യക്തിക്ക് കടപ്പാടുണ്ട്. അതും നിറവേറ്റണമെന്ന് അല്ലാഹു കല്‍പിച്ചിരിക്കുന്നു. ''ഉറ്റ ബന്ധുവിന് അവന്റെ അവകാശം നല്‍കുക'' (17:26). ''ഉറ്റവരെ സഹായിക്കാനുള്ള വിഭവശേഷിയില്ലെങ്കില്‍ സൗമ്യഭാഷണങ്ങളിലൂടെ അവരുടെ പ്രയാസത്തില്‍ പങ്കാളിയാകണം'' (17:28). ഉറ്റവര്‍ക്കു ശേഷം അനാഥരുടെയും അഗതികളുടെയും അഭയാര്‍ഥികളുടെയും ഊഴം വരുന്നു. ''നിങ്ങള്‍ ചെലവഴിക്കുന്ന ഏതു നന്മയുടെയും പ്രഥമാവകാശികള്‍ മാതാപിതാക്കളും ഉറ്റ ബന്ധുക്കളുമാകുന്നു. പിന്നെ അനാഥരും അഗതികളും സഞ്ചാരികളും'' (2:215).
കുടുംബബന്ധം നിലനിര്‍ത്തുകയും അംഗങ്ങളുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്യാതെ മറ്റു ഇബാദത്തുകള്‍ കൊണ്ട് സ്വര്‍ഗം പൂകാമെന്ന് ആരും വ്യാമോഹിക്കേണ്ട. നബി(സ) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ''കുടുംബ ഛേദകന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല.'' ആരാധനാനുഷ്ഠാനങ്ങളും സല്‍ക്കര്‍മങ്ങളും പരലോകത്ത് സ്വീകാര്യയോഗ്യമാകാനുള്ള ഉപാധിയാണ് മെച്ചപ്പെട്ട കുടുംബജീവിതം. പ്രവാചകന്‍ പറഞ്ഞതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്നു. ''മനുഷ്യ മക്കളുടെ കര്‍മങ്ങള്‍ വ്യാഴാഴ്ചതോറും സമര്‍പ്പിക്കപ്പെടുന്നു. എന്നാല്‍, കുടുംബ ഛേദകന്റെ കര്‍മം സ്വീകരിക്കപ്പെടുന്നതല്ല.'' കുടുംബ ഛേദനം ഇഹത്തിലും പരത്തിലും കൊടിയ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണെന്നത്രെ അബൂദാവൂദ് ഉദ്ധരിച്ച ഒരു നബിവചനം പറയുന്നത്: ''വ്യഭിചാരവും കുടുംബ ഛേദനവും പോലെ, പരലോകത്തേക്ക് സൂക്ഷിച്ചുവെച്ച ശിക്ഷക്ക് പുറമെ, ഈ ലോകത്ത് തന്നെ കുറ്റവാളിയെ ശിക്ഷിക്കുന്നതിന് അല്ലാഹു ധൃതിപ്പെടാനര്‍ഹമാകുന്ന കുറ്റം വേറെ യാതൊന്നുമില്ല.''
Comments