സവര്‍ണദാസന്മാരുടെ 'നിര്‍മായ കര്‍മണാശ്രീ'
കോഴിക്കോട് സര്‍വകലാശാലയുടെ നെറ്റിക്കുറിയാണ് 'നിര്‍മായ കര്‍മണാശ്രീ' എന്നത്. 'മായമില്ലാതെ കര്‍മം ചെയ്യുകതന്നെ ഐശ്വര്യം' എന്നാണതിനര്‍ഥം. സ്വന്തം സ്ഥാപനത്തിന്റെ മുദ്രാവാക്യത്തോട് തരിമ്പും നീതിപുലര്‍ത്താത്ത മഹാജനങ്ങള്‍ നിരന്നിരിക്കുന്ന അതിന്റെ ഓഫീസുകളില്‍ വിദ്യാര്‍ഥികളുടെ കണ്ണീര് തളംകെട്ടിക്കിടക്കുയാണിന്നും. സിലബസ്സിനു പുറത്ത് പരീക്ഷയും അതിനുശേഷം പരീക്ഷണവും എന്നതാണ് യൂനിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ എഴുതിവെക്കേണ്ട മുദ്രാവാക്യം. മെല്ലെപ്പോക്കാണ് ഈ സര്‍വകലാശാലയുടെ പ്രധാന തീരുമാനം. എന്നാല്‍, അതിവേഗം പുറത്തിറക്കിയ ഒരു ഉത്തരവോടെ, വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത സര്‍വകലാശാല മറ്റൊരു വിവാദംകൂടി തലയിലേറ്റിയിരിക്കുന്നു.
ഒരു കവിത പഠിപ്പിക്കരുതെന്ന് അത്രയും എളുപ്പമാണ് കോഴിക്കോട് സര്‍വകലാശാല നിശ്ചയിച്ചത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള 'ലിറ്ററേച്ചര്‍ ആന്റ് കണ്ടമ്പ്രറി ഇഷ്യൂസ്' (സമകാലിക സംഭവങ്ങളും സാഹിത്യവും) എന്ന പേപ്പറിലെ കവിതാ വിഭാഗത്തില്‍ ചേര്‍ത്ത ആധുനികാനന്തര കവിതക്കാണ് ഈ ഗതി. അറബ് കവി ഇബ്‌റാഹീം സുലൈമാന്‍ അല്‍ റൂബാഇഷിന്റെ 'ഓഡ് ടു ദ സീ' (കടലിനോടൊരു ഗീതം) എന്ന കവിതയാണ് ബിരുദ പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കവിയുടെ 'തീവ്രവാദബന്ധ'ത്തില്‍ സംശയമുണ്ടെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ ഇറക്കിയ നിര്‍ദേശം. മലയാള സാഹിത്യത്തിന്റെ ബിരുദാനന്തര ബിരുദ പഠനവകുപ്പിന്റെ ചെയര്‍മാനായ ഡോ. എം.എം ബഷീറിനെയാണ് വി.സി ഇക്കാര്യം പഠിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന്റെ അനുകൂല റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കവിതയുടെയും കവിയുടെയും തീവ്രവാദബന്ധത്തെക്കുറിച്ച് 'വിവിധ കോണു'കളില്‍ നിന്നാണത്രേ പരാതിയുയര്‍ന്നത്. ആ കോണുകള്‍ ഏതെല്ലാമാണെന്നത് ഇനിയും വെളിപ്പെട്ടിട്ടില്ല. മാതൃഭൂമി ദിനപത്രമാണ് പരാതി വാര്‍ത്താ രൂപത്തില്‍ ആദ്യം പൊട്ടിച്ചത്. ദിവസങ്ങള്‍ക്കകം തീവ്ര ഹിന്ദു സംഘടനകളുടെ വിദ്യാര്‍ഥി വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയെന്ന വാര്‍ത്തയോട് കൂട്ടിയോജിപ്പിച്ചാല്‍ തെളിഞ്ഞുകിട്ടും ഈ പരാതിക്കു പിന്നില്‍ ആരാണെന്ന യാഥാര്‍ഥ്യം. ഹൈന്ദവ - സവര്‍ണ ഫാഷിസ്റ്റ് നീക്കങ്ങളില്‍ അത്രയും ഭയമുണ്ട് യൂനിവേഴ്‌സിറ്റി അധികൃതര്‍ക്ക് എന്നാണ് രായ്ക്കുരാമാനം നിരോധന ഉത്തരവിറക്കിയതിലെ സാമൂഹിക സത്യം.
2007-ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പോയംസ് ഫ്രം ഗോണ്ടനാമോ എന്ന കവിതാ സമാഹാരത്തില്‍ നിന്നാണ് റുബാഇഷിന്റെ കവിത ഇംഗ്ലീഷ് പഠനവകുപ്പ് തെരഞ്ഞെടുത്തത്. അത്രയും ലോക പ്രശസ്തമായ ഒരു പ്രസാധകര്‍ക്ക് ഇതിലെ 'ഇസ്‌ലാമിക ഭീകരത' ബോധ്യപ്പെട്ടില്ലെന്നും നമ്മുടെ പാവം പരിശോധകര്‍ക്ക് അതില്‍ യാതൊരു സംശയവുമില്ലെന്നും മാത്രം ഓര്‍ത്താല്‍ മതി നടേ പറഞ്ഞ ആ സവര്‍ണഭയത്തിന്റെ അളവ് അറിയാന്‍. ഗുരുതരമായ ചില സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കൂടി ഈ അജ്ഞാത പരാതിയിലും അതിവേഗ തീരുമാനത്തിലുമുണ്ട്. അവ കാണാതിരുന്നുകൂടാ. മുസ്‌ലിമായ ഒരു കവിയുടെ രചന ലോകസാഹിത്യത്തിന്റെ കൂട്ടത്തില്‍ പഠിപ്പിക്കപ്പെടുക എന്നതില്‍ അസ്വസ്ഥമാകുന്ന രോഗാതുര മനസ്സുകളാണ് ഈ പരാതിയുടെ പിന്നിലെന്നത് വ്യക്തം. തീവ്രവാദി എന്ന് ആരോപിക്കപ്പെടുക മാത്രം ചെയ്യപ്പെട്ട കവിയാണ് ഇബ്‌റാഹീം റൂബാഇഷ്. അമേരിക്കന്‍ ഭീകരതയുടെ പ്രത്യക്ഷ തെളിവായ ഗ്വാണ്ടനാമോ തടവറയില്‍ നിന്ന് അമേരിക്കതന്നെ നിരപരാധിയാണെന്ന് കണ്ടെത്തി ഇദ്ദേഹത്തെ വിട്ടയക്കുകയുണ്ടായി.
അമേരിക്കന്‍ ഇന്റലിജന്‍സിനു പോലും നിരപരാധിയാണെന്ന് തെളിയാന്‍മാത്രം ഇന്ന് ഒരു അറേബ്യന്‍ കവി നിരപരാധിയായിരിക്കണമെങ്കില്‍ അയാള്‍ എത്ര പാവമായിരിക്കുമെന്ന് ആലോചിച്ചുനോക്കുക. കൈയില്‍ പിടിച്ച മതപ്രസിദ്ധീകരണം പോലും ഇസ്‌ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ മുഖ്യ തെളിവായി കോടതിയില്‍ ഹാജരാക്കപ്പെടുന്ന കാലമാണിത്. ഇത്തരമൊരാളുടെ നിഷ്‌കളങ്കമായ ഒരു കവിത പഠിപ്പിക്കരുതെന്ന് തീരുമാനിക്കുമ്പോള്‍, 'ഇസ്‌ലാമിക ഭീകരത'യുടെ വ്യാജഭീഷണിയില്‍ മുസ്‌ലിം ബൗദ്ധികജീവിതത്തിന് (സ്‌കോളര്‍ഷിപ്പ്) സവര്‍ണ തമ്പുരാക്കന്മാര്‍ കല്‍പിച്ച നവ അയിത്തത്തിന് കൂട്ടുനില്‍ക്കുകയാണ് സര്‍വകലാശാലാ അധികൃതര്‍ ചെയ്തത്. അലീഗഢ് സര്‍വകലാശാലക്കും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനും ബാംഗ്ലൂര്‍ തീവ്രവാദിവേട്ടക്കും ഒപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു അജണ്ടയുണ്ടിതില്‍. ആ സംശയരോഗത്തിന്റെ ഇരകളായി ഇങ്ങേത്തലക്കല്‍ ഡോ. എം.എം ബഷീര്‍ മുതല്‍ ഡോ. അബ്ദുസ്സലാം വരെ വരാമെന്ന ദുസ്സൂചന ഫാഷിസത്തിന്റെ ലോകചരിത്രം നല്‍കുന്നുണ്ടെന്ന പരമാര്‍ഥം അവരെങ്കിലും മനസ്സിലാക്കണമായിരുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ വി.സി സ്ഥാനത്ത് മുസ്‌ലിംകള്‍ നിരന്തരമായി വരുന്നതിലും വിദ്യാഭ്യാസമന്ത്രിയുടെ വരെ സ്‌കോളര്‍ഷിപ്പിലും ഉള്ള അസഹനീയതയും എതിര്‍പ്പും ഈ സവര്‍ണദാസന്മാര്‍ പരസ്യമായി മുമ്പും ഉന്നയിച്ചിട്ടുണ്ടല്ലോ. അതിന്റെ മറ്റൊരു രൂപമാണ് ഈ വിവാദവും എന്ന് മനസ്സിലാക്കാന്‍ വലിയ വിവരം വേണോ?
അല്ലെങ്കിലും ഒരാള്‍ തീവ്രവാദിയാണെന്നോ അല്ലെന്നോ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാരാണ്? അമേരിക്കന്‍ സാമ്രാജ്യത്വം ഒരു കവിക്കു നല്‍കിയ താലിബാന്‍ തീവ്രവാദിയെന്ന സാക്ഷ്യപത്രം ഒറിജിനല്‍ പോലും കാണാതെ അറ്റസ്റ്റ് ചെയ്യും മുമ്പ് നമ്മുടെ പ്രഫസര്‍മാര്‍ അത് ആലോചിക്കേണ്ടിയിരുന്നില്ലേ. ഹൈന്ദവമേലാളന്മാരുടെ കൊടിപിടിച്ച് സമരത്തിനെത്തിയ ഭാരതീയ വിദ്യാര്‍ഥി യുവത്വം നരേന്ദ്രമോഡിക്ക് അമേരിക്ക നല്‍കിയ കുപ്രസിദ്ധമായ 'സാക്ഷ്യപത്രം' സമ്മതിക്കുമോ? അപ്പോള്‍ വിരോധം ഒരു സമുദായത്തോടാണ്, അവരുടെ കവിതയോടാണ് എന്ന് വ്യക്തം. പാഠപുസ്തകത്തിലെ പല പരാമര്‍ശങ്ങളും പാഠങ്ങള്‍തന്നെയും കേരളത്തില്‍ പലവട്ടം വിവാദമായിട്ടുണ്ട്. അപ്പോഴൊന്നും ഇത്ര പെട്ടെന്ന് തീരുമാനമെടുത്തിട്ടില്ല ആരും. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചവേണ്ടാത്തവിധം മതേതരത്വ മാന്യത തെളിയിക്കേണ്ടത് അത്യാവശ്യമാണെന്ന അധികൃതരുടെ അബോധമനസ്സിലെ വ്യഗ്രതകളാണ് പുറത്തുചാടിയത്. സ്വാഭാവികമായും സമകാലിക ഭാരതത്തില്‍ ഒരു ദേശീയ മുസ്‌ലിമിന് തോന്നേണ്ട ഭയം തന്നെയാണത്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നുകേട്ടാല്‍ ഉടന്‍ ചാടിപ്പുറപ്പെടുന്ന 'ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍'മാരെല്ലാം മൗനംകൊണ്ട് വിദ്വാന്മാരായതും ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു വര്‍ഷം മുമ്പ് ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തില്‍, എ.കെ രാമാനുജന്‍ എന്ന പ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരന്റെ 'മുന്നൂറു രാമായണങ്ങള്‍' (Three hundred Ramayanas: Five Examples and Three Thoughts on Translation) എന്ന ലേഖനം പഠിപ്പിക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകള്‍ സംഘടിക്കുകയുണ്ടായി. സിലബസ്സില്‍ നിന്ന് അത് പിന്‍വലിക്കണമെന്ന് അവര്‍ സമരം ചെയ്തു. കേട്ടപാതി കേള്‍ക്കാത്ത പാതി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അതങ്ങ് പിന്‍വലിക്കുകയും ചെയ്തു. രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ പ്രസ്താവിച്ചത്. മാത്രമല്ല അല്‍പംകൂടി മുന്നോട്ടു കടന്ന് ആ ലേഖനം ഉള്‍പ്പെട്ട 'ബഹുവിധ രാമായണങ്ങള്‍' (Many Ramayanas) എന്ന പുസ്തകംതന്നെ പിന്‍വലിക്കണമെന്ന് അവര്‍ പ്രസാധകരായ ഓക്‌സ്‌ഫോഡിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ഭാരതത്തിലെ കേളികേട്ട കഥാഖ്യാന പാരമ്പര്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ ഏകശിലാത്മകമായ ഫാഷിസ്റ്റ് കുറുവടിയിലേക്ക് നീട്ടിപ്പിടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ നമ്മുടെ അക്കാദമികലോകം ഒരെതിര്‍പ്പും കൂടാതെ സമ്മതിക്കുന്നത് നാണക്കേടുതന്നെ.
ഇനി ഒരു കവി, തന്റെ ആശയത്തിലും മതവിശ്വാസത്തിലും മൗലികമായ ചിന്തകള്‍ പുലര്‍ത്തുന്നു എന്നുതന്നെ ഇരിക്കട്ടെ. അയാളുടെ ജീവിതം നാം നിര്‍ണയിച്ച സമാധാനലോകത്തിനും സദാചാരവൃത്തത്തിനും പുറത്താണെന്നുതന്നെ ഇരിക്കട്ടെ. ആ കവി ഭീകരവാദിയോ അരാജകവാദിയോ തീവ്രവാദിയോ ആകട്ടെ. അയാളുടെ കേമപ്പെട്ട സാഹിത്യരചനകള്‍ പഠിപ്പിക്കുന്നതില്‍ അതൊരു തടസ്സമാണോ? തികഞ്ഞ ഫാഷിസ്റ്റായ എസ്രാപൗണ്ടിന്റെ കവിതകള്‍ പഠിക്കുന്നത് ഇന്നേവരെ ആര്‍ക്കും ഇവിടെ കുറ്റമായി തോന്നിയിട്ടില്ല. ഇറ്റാലിയന്‍ ദേശീയവാദത്തിലെ തീവ്രചിന്തകനായ പോള്‍ ഡി മാന്‍ അപനിര്‍മാണത്തിന്റെ സൈദ്ധാന്തികനായി നമ്മുടെ പാഠപുസ്തകത്തില്‍ സുരക്ഷിതനായി ഇപ്പോഴും കിടപ്പുണ്ട്. കടുത്ത സാമ്രാജ്യത്വ വാദിയും വെള്ളെവറിയനുമായ റുഡ്യാര്‍ഡ് കിപ്ലിംഗ് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ 'ജംഗിള്‍ ബുക്ക്' എന്ന കുട്ടിക്കഥ എത്ര പ്രസിദ്ധമാണ് നമ്മുടെ കുട്ടികള്‍ക്കിടയില്‍! കറുത്ത വര്‍ഗക്കാരുടെ മോചനത്തില്‍ തീവ്രവാദിയായ ലാങ്സ്റ്റണ്‍ ഹ്യൂഗ്‌സിനെ പഠിപ്പിക്കാത്ത ഇംഗ്ലീഷ് ബിരുദ സിലബസ്സുകളില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ എട്ടാംതരം ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കവിത പഠിപ്പിക്കുന്നുണ്ട്. ഒരു പോലീസുകാരനെ കൊന്നതിന്റെ ഉത്തരവാദിത്വം ചുമത്തി 1985-ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയ ബെഞ്ചമിന്‍ മോളോയിസിനെ ആദരിക്കാത്ത സാഹിത്യ പ്രണയികളില്ല കേരളത്തില്‍. ഫെമിനിസ്റ്റ് തീവ്രവാദികളും ഗേ തീവ്രവാദികളും പാരിസ്ഥിതിക തീവ്രവാദികളും നമ്മുടെ സിലബസിലുണ്ട്. ആര്‍ക്കും ഇന്നോളവും അതിലൊരു പരാതിയുമുണ്ടായിട്ടില്ല. നിലപാടുകള്‍ ഇസ്‌ലാമിന്റെ പേരിലാകുമ്പോള്‍ മാത്രം ഉണ്ടാകുന്ന സവിശേഷമായ ഈ പേടിയെത്തന്നെയാണ് ഇസ്‌ലാമോഫോബിയ എന്നു വിളിക്കുന്നത്. ഇനി കവികളുടെ ജീവിതസദാചാരവും നിലപാടുകളും പൊതുസമൂഹം നിശ്ചയിച്ച കള്ളികളില്‍ തന്നെയാകണം എന്നു ശഠിച്ചാല്‍ നമ്മുടെ ശ്രേഷ്ഠമലയാളത്തിലെ എത്ര കവികളെ ക്ലാസ്സ്മുറികളില്‍ കയറ്റിയിരുത്താനാവും എന്നെങ്കിലും ആലോചിക്കാമായിരുന്നു ഡോ. എം.എം ബഷീറിന്, ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കുന്നതിനു മുമ്പ്.
ഫലസ്ത്വീനിയന്‍ കവി മഹമൂദ് ദര്‍വീശും അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധനായ നോം ചോംസ്‌കിയും ഫാഷിസ്റ്റ് വിരുദ്ധരായ അരുന്ധതീ റോയിയും ഇപ്പോള്‍ അമര്‍ത്യാ സെന്നും തീവ്രവാദികളും ഭീകരരുമായി പാഠപുസ്തകങ്ങളില്‍ നിന്ന് കീറിമാറ്റപ്പെടുന്ന ദുരിതനാളുകളെ നാം ഭയക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ ഈ നീക്കത്തില്‍ ഇന്ന് മൗനം പാലിക്കുന്നത് അതിനാല്‍ ചരിത്രപരമായ കുറ്റകൃത്യമാണ്.
Comments