Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

ഒരു വിവാദത്തിന്റെ ബാക്കി പത്രം

പ്രതികരണം / മറിയം ബിന്‍ത് അഹ്മദ്‌

മുമ്പ് കഴിഞ്ഞ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ച ഒരു സര്‍ക്കാര്‍ ഉത്തരവിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. ഇടക്ക് സരിതയും സോളാര്‍ വിവാദവും ജോസ് തെറ്റയിലുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ കയറി വന്നെങ്കിലും ചര്‍വിത ചര്‍വണമെന്ന നിലയില്‍ മനുവാദി മാധ്യമങ്ങളില്‍ ഇപ്പോഴും എന്തൊക്കെയോ വെളിപാടുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് മാറ്റിയിറക്കിയെന്നത് തല്‍പരകക്ഷികള്‍ക്ക് വിവാദം നിര്‍ത്താന്‍ മതിയായ കാരണമല്ലല്ലോ. സംഘ്പരിവാര്‍ ഘടകങ്ങളും യുക്തിവാദികളും ഒരേ ഭാഗത്തു നില്‍ക്കുന്നുവെന്നത് ഈ വിവാദത്തിന്റെ ഒരു പ്രത്യേകതയാണ്.
മനുഷ്യന്റെ ജീവശാസ്ത്രം മനസ്സിലാക്കാതെയുള്ള നിയമനിര്‍മാണങ്ങള്‍ക്കൊന്നും നിലനില്‍പില്ല. വിവാഹത്തിനു വേണ്ടി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നാം നിശ്ചയിച്ച പ്രായം മനുഷ്യര്‍ പ്രായപൂര്‍ത്തിയാവുന്നതിന്റെ കൃത്യമായ അതിര്‍ത്തി രേഖയല്ല. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും അതുവഴി ലൈംഗികതയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും കൂടുതലായി ലഭിക്കുന്ന അറിവുകളും ഇക്കാലത്ത് പെട്ടെന്ന് തന്നെ മാനസികമായ പ്രായപൂര്‍ത്തിയുണ്ടാക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്.
ശൈശവവിവാഹത്തിന്റെ പേരില്‍ കണ്ണീര്‍ പൊഴിക്കുന്നവര്‍ കാണാതെ പോകുന്ന വസ്തുത, പ്രായത്തിന്റെ പേരിലുള്ള എല്ലാ തടസ്സങ്ങളും വിവാഹത്തിന് മാത്രമേയുള്ളൂവെന്നതാണ്. വിവാഹബാഹ്യ ലൈംഗികബന്ധങ്ങള്‍ക്ക് നാം കടലാസിലെഴുതി വെക്കുന്ന പ്രായം ബാധകമല്ല. ഒരു പെണ്‍കുട്ടിക്ക് വിവാഹിതയാവാന്‍ പതിനെട്ട് വയസ്സ് തികയണമെന്ന് വാശി പിടിക്കുന്ന നാം വിവാഹം കഴിക്കാതെ ഒരു പുരുഷന് ലൈംഗികബന്ധത്തിന് സമ്മതം നല്‍കാന്‍ പതിനാറ് വയസ്സ് മതിയെന്നുപറയുന്നു. വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതും വിവാഹബാഹ്യ ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ ഇരട്ടത്താപ്പ്. പെണ്‍കുട്ടികള്‍ക്ക് വിവാഹിതരാവാനുള്ള മാനസിക വളര്‍ച്ച പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കിയാലേ ലഭിക്കുകയുള്ളൂവെന്ന് വാദിക്കുന്ന നാം, വിവാഹബാഹ്യ ലൈംഗികബന്ധം വഴിയുള്ള അവിഹിത ഗര്‍ഭവും അതിലൂടെയുള്ള സാമൂഹികവും മനഃശാസ്ത്രപരവുമായ ബുദ്ധിമുട്ടുകളും സഹിക്കാനുള്ള പക്വത പതിനാറു വയസ്സില്‍ തന്നെ പെണ്‍കുട്ടി ആര്‍ജിക്കുന്നതായി കണക്കാക്കുന്നു.
ലൈംഗികതയും വിവാഹവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സഹതാപപൂര്‍വം ഇടപെടേണ്ട യുക്തിവാദികള്‍ ഇവിടെ മതമൗലികവാദികളെപ്പോലെ ചട്ടങ്ങളുടെ കാര്‍ക്കശ്യത്തില്‍ അഭിരമിക്കുകയാണ്. രണ്ട് സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ നിയമ പ്രകാരമുള്ള വൈവാഹികബന്ധത്തില്‍ ജനിക്കുകയെന്നത് ഓരോ മനുഷ്യന്റെയും ഭൗതികജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകമാണ്.കേവലം പൈതൃകസ്വത്തിനുള്ള അവകാശം മാത്രമല്ല അതുവഴി ലഭിക്കുന്നത്. മനുഷ്യന്റെ ആഭിജാത്യവും അഭിമാനവുമെല്ലാം ഈ ഘടകത്തെ നല്ല തോതില്‍ ആശ്രയിച്ചിരിക്കുന്നു. ഇവിടെ വ്യക്തികളുടെ അന്തസ്സും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നത് അവര്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ്. രണ്ടു പേര്‍ അവിഹിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നതിന്റെ പീഡനമനുഭവിക്കുന്നത് നിരപരാധിയായ അവരുടെ കുട്ടിയാണ്.
ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 112 ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നത് ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ്. സാധാരണഗതിയില്‍ വിവാഹം നടത്തിക്കൊടുക്കുന്നത് രക്ഷിതാക്കളാണ്. ആണായാലും പെണ്ണായാലും വിവാഹം കഴിക്കുന്ന വ്യക്തികള്‍ അതിന്റെ സാങ്കേതികവശങ്ങള്‍ അറിയണമെന്നില്ല. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ശരിയാണ്. നാട്ടുനടപ്പനുസരിച്ചുള്ള പ്രായപൂര്‍ത്തിയാവുമ്പോള്‍ രക്ഷിതാക്കള്‍ വിവാഹം കഴിച്ചുകൊടുക്കുന്നു. നിയമമനുസരിച്ചും നാട്ടുനടപ്പനുസരിച്ചും പെണ്‍കുട്ടിയുടെ വിവാഹപ്രായം ആണ്‍കുട്ടിയുടേതിനേക്കാള്‍ കുറവാണ്. അതുകൊണ്ടുതന്നെ വിവാഹവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കുട്ടി അറിയണമെന്നില്ല. ഇവിടെ പ്രശ്‌നം വലിയൊരു മനുഷ്യാവകാശ ധ്വംസനമായി മാറുന്നത് അത് ശക്തമായി ബാധിക്കുന്നത് വരുംതലമുറയെ ആയതിനാലാണ്. ഇവിടെ ഈ പ്രശ്‌നം കൂടുതലായി ബാധിക്കുന്നത് മക്കളെയാണെന്നത് സംഗതിയുടെ ഗുരുതരാവസ്ഥയിലേക്കുള്ള സൂചനയാണ്. അഛനമ്മമാര്‍ ചെറുപ്പത്തില്‍ വിവാഹം കഴിച്ചതിന് ശിക്ഷയനുഭവിക്കുന്നത് അവരുടെ മക്കളാണ്. മക്കള്‍ നിയമാനുസൃതമുള്ള വിവാഹബന്ധത്തില്‍ ജനിച്ചവരല്ലെന്ന് നിയമദൃഷ്ട്യാ വിലയിരുത്തപ്പെടുന്നത് ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നാല്‍പതും അമ്പതും വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞവരുടെ കാര്യത്തില്‍ വിവാഹസമയത്തെ പ്രായം അന്വേഷിക്കുന്നത് അസംബന്ധമാണ്. പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പുള്ളതാണെന്ന് ആരോപിക്കപ്പെട്ട വിവാഹത്തിനു ശേഷം എത്രയോ വിവാഹപ്രായങ്ങള്‍ താണ്ടിയവരാണവര്‍.
ഈ പ്രശ്‌നം കുത്തിപ്പൊക്കി വിവാദമാക്കുന്നവര്‍ മാനവികത തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ്. ആണായാലും പെണ്ണായാലും രണ്ട് വ്യക്തികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ മാത്രം പക്വത വരാത്ത കാലഘട്ടത്തില്‍ മറ്റുള്ളവരുടെ തീരുമാനം അവരിലൂടെ നടപ്പിലാക്കപ്പെടുന്നതിനുള്ള സാധ്യത ഒഴിവാക്കാനാണ് ശൈശവ വിവാഹ നിരോധനനിയമം നിലവില്‍ വന്നത്. ശൈശവ വിവാഹം കഴിഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ട ദമ്പതിമാര്‍ പിന്നീട് ഒന്നിച്ചു ജീവിക്കാന്‍ തന്നെയാണ് തീരുമാനിക്കുന്നതെങ്കില്‍ അത് അനുവദിച്ചുകൊടുക്കേണ്ടതാണ്. പഴയ കാലത്തെ നിയമനിര്‍മാതാക്കളും അങ്ങനെ തന്നെയാണ് ചിന്തിച്ചത്. ഭാര്യാ ഭര്‍ത്താക്കന്മാരായി തുടരാന്‍ ആഗ്രഹിക്കുന്ന അത്തരക്കാരുടെ കാര്യത്തില്‍ നിയമാനുസൃതമായ വിവാഹ പ്രായമെത്തുന്നതിനു മുമ്പത്തെ ദാമ്പത്യം നിയമവിരുദ്ധമാക്കുന്നതിലര്‍ഥമില്ല. മാത്രമല്ല, അത്തരം പ്രവൃത്തികള്‍ മാനവിക വിരുദ്ധമാണ് താനും. അത്തരം നീക്കങ്ങള്‍ മക്കളില്‍ ആദ്യം ജനിച്ചവര്‍ ജാരസന്തതികളായി വിലയിരുത്തപ്പെടാനും പൈതൃക സ്വത്തിലുള്ള അവരുടെ അവകാശം ചോദ്യം ചെയ്യപ്പെടാനും ഇടയാക്കും. വിവാഹ രജിസ്‌ട്രേഷന്റെ പേരില്‍ ഇന്ന് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം അതാണ്. ആധുനിക മാനവിക മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന യുക്തിവാദികള്‍ ഇത്തരം കാര്യങ്ങളില്‍ കടുംപിടുത്തം പിടിക്കുകയാണ്.
കേവലം മാനവികമായ ഈ പ്രശ്‌നത്തിന്റെ മറവില്‍ ഒരു രണ്ടാം ശരീഅത്ത് വിവാദം സൃഷ്ടിക്കാനുള്ള മനുവാദികളുടെ ശ്രമത്തെ പിന്തുണക്കുകയാണ് യുക്തിവാദികള്‍ ചെയ്തത്. മനുവാദി പത്രവാരികകളിലെ കൂലിയെഴുത്തുകാര്‍ പേജുകളോളം തൂലിക ചലിപ്പിച്ചിട്ടും ഇക്കാര്യത്തില്‍ എതിര്‍ക്കപ്പെടേണ്ട ഒരു കാര്യം മാത്രമേ ചൂണ്ടിക്കാട്ടാന്‍ പറ്റിയുള്ളൂ. മുസ്‌ലിംകള്‍ക്കു മാത്രം എന്തിന് ഇങ്ങനെയൊരു ഇളവ് നല്‍കുന്നുവെന്നതാണത്. തികച്ചും മാനവികമായ ഈ പ്രശ്‌നം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. അതുകൊണ്ടുതന്നെ സമുദായം തിരിച്ച് ഇളവ് നല്‍കാനാവില്ല. പക്ഷേ, ഈ പ്രശ്‌നം കൂടുതലായി ബാധിക്കുന്നത് മുസ്‌ലിം സമുദായത്തെയാണെന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. മനുഷ്യന്റെ ജൈവികചോദനകളെ നിരുത്സാഹപ്പെടുത്താത്ത മതമാണ് ഇസ്‌ലാം. നൂറു ശതമാനം ഇസ്‌ലാം വിഭാവന ചെയ്യുന്ന തരത്തിലുള്ള ജീവിതമല്ല ഇന്നത്തെ മുസ്‌ലിംകള്‍ നയിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ മറ്റുള്ള സമുദായങ്ങളെക്കാള്‍ മുസ്‌ലിംകള്‍ മെച്ചപ്പെട്ടു നില്‍ക്കുന്നു. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകലുന്നതാണല്ലോ ശാരീരികവും മാനസികവുമായ എല്ലാവിധ അനാരോഗ്യ പ്രവണതകളുടെയും കാരണം. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ ഗോത്ര വര്‍ഗ സമൂഹ ഘടനയില്‍ നിന്നകലുന്നതോടു കൂടി ജീവിതത്തിലെ കൃത്രിമത്വം കൂടി വരുന്നു. ജീവിതത്തിലെ ജൈവഭാവങ്ങളെ അവഗണിക്കുകയാണ് ഇതിന്റെ ഫലം. വിവാഹ പ്രായം വളരെയധികം വര്‍ധിക്കുന്നതാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഭാഗ്യവശാല്‍ ഈ അവഗണന മുസ്‌ലിം സമുദായത്തില്‍ അത്ര പ്രകടമായിട്ടില്ല. ജൈവഭാവങ്ങള്‍ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഒരു വിഭാഗമായി മുസ്‌ലിംകള്‍ ഇന്നും തുടരുന്നു. സ്ത്രീയായാലും പുരുഷനായാലും വേണ്ട സമയത്ത് വിവാഹം കഴിക്കുകയും കുടുംബജീവിതം തുടങ്ങുകയും ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം മുസ്‌ലിം സമുദായത്തിലാണ് കൂടുതല്‍. വിവാഹത്തിനിടയില്‍ കീറാമുട്ടിയായി മാറുന്ന ജാതകപ്പൊരുത്തം പോലുള്ള അന്ധവിശ്വാസങ്ങള്‍ മുസ്‌ലിം സമുദായത്തിലില്ലെന്നത് ഇതിന്റെ ഒരു കാരണമാവാം. വേണ്ട സമയത്ത് വിവാഹം കഴിക്കുകയും സന്താന നിയന്ത്രണ മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ ഇളം തലമുറ ഇന്ന് ഏറ്റവും കൂടുതലായി ഉള്ളത് മുസ്‌ലിം സമുദായത്തിലാണ്. പാശ്ചാത്യ സമൂഹങ്ങളെപ്പോലെ വൃദ്ധജന സമുദായങ്ങളായി നമ്മുടെ നാട്ടില്‍ സവര്‍ണ വിഭാഗങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. മലപ്പുറം പോലുള്ള മുസ്‌ലിം ജില്ലകളിലാണ് ഇന്ന് യുവജന സംഖ്യ ഏറ്റവും കൂടുതലുള്ളത്. വിദ്യാഭ്യാസരംഗത്തും ഈ പ്രദേശങ്ങള്‍ പഴയകാലത്തെ അപേക്ഷിച്ച് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുക തന്നെയാണ്. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ച് ജയിക്കുകയാണെന്ന് പല കേന്ദ്രങ്ങളും പറയുന്ന വിധത്തില്‍ അതിന്റെ പ്രഭാവം ശക്തമാണ്. വിദ്യാഭ്യാസ രംഗത്തെ ഈ വളര്‍ച്ച ജീവശാസ്ത്രത്തെ അവഗണിച്ചുകൊണ്ടായിരുന്നില്ല. വിവാഹത്തിനു ശേഷം തുടര്‍ന്നു പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സമുദായത്തില്‍ കൂടി വരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണുങ്ങളും വിവാഹശേഷം തുടര്‍ന്ന് പഠിക്കുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ നേരത്തെയുള്ള വിവാഹം വിദ്യാഭ്യാസ പുരോഗതിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നു പറയാം. ജൈവഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമുദായമായതിനാല്‍ തന്നെ ഇപ്പോള്‍ മുമ്പ് കഴിഞ്ഞുപോയ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് തികയാതിരിക്കുകയെന്ന പ്രശ്‌നം കൂടുതലായി ഉള്ളതും മുസ്‌ലിം സമുദായത്തിലാണ്. എങ്കിലും മത സമുദായ നിരപേക്ഷമായി ഈ പ്രശ്‌നത്തെ സമീപിക്കാമായിരുന്നുവെന്നത് തന്നെയാണ് സത്യം. ഈയൊരു മാനുഷിക പ്രശ്‌നത്തെ വിവാദമാക്കുക വഴി തങ്ങളുടെ മാനവിക വിരുദ്ധ മുഖം എത്രത്തോളം വികൃതമാണെന്ന് മാലോകരെ അറിയിക്കുകയാണ് മനുവാദികള്‍ ചെയ്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍