Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

വിത്ത് വിതച്ച ഉടനെ വിപ്ലവം കൊയ്യാനാവില്ല

നിരീക്ഷണം / ഡോ. മുഹമ്മദ് ഇമാറ

പുരോഗതിയും അധോഗതിയും പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ്. പ്രപഞ്ച സംവിധാനങ്ങളെ അല്ലാഹു പടിപടിയായാണ് സൃഷ്ടിച്ചത്. അല്ലാഹു ആകാശ ഭൂമികളെ ആറു നാളുകള്‍ കൊണ്ട് സൃഷ്ടിച്ചു (രണ്ട് ദിനം കൊണ്ട് ഭൂമിയെ സൃഷ്ടിച്ചു. രണ്ട് ദിനം കൊണ്ട് അതില്‍ പര്‍വതങ്ങളെ ഉയര്‍ത്തുകയും അനുഗ്രഹിക്കുകയും എല്ലാറ്റിനുമുള്ള വിഭവങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. രണ്ട് ദിനം കൊണ്ട് ഏഴാകാശത്തെയും പടച്ചു).
മനുഷ്യ സൃഷ്ടിപ്പിലും ഈ ക്രമീകരണം കാണാവുന്നതാണ്. മണ്ണ് കൊണ്ട് തുടങ്ങി, അതിലേക്ക് വെള്ളം ചേര്‍ത്ത് ചെളിമണ്ണാക്കുന്നു. പിന്നീട് ചെളിമണ്ണ് കളിമണ്ണാക്കുന്നു. ഈ കളിമണ്ണ് വരണ്ട് കലം പോലെ, മുട്ടിയാല്‍ മുഴക്കുമുള്ള ഒന്നായി മാറുന്നു. ക്രമാനുഗതമായ പ്രക്രിയക്ക് ശേഷം ഈ പദാര്‍ഥത്തില്‍ അല്ലാഹു തന്നില്‍നിന്നുള്ള റൂഹ് ഊതുന്നു. അപ്രകാരമാണ് അത് ആദം എന്ന മനുഷ്യനായിത്തീരുന്നത്.
മനുഷ്യരുടെ ഐഹികവും പാരത്രികവുമായ വിജയത്തിന് നിദാനമായി അവതരിപ്പിച്ച പ്രവാചക സന്ദേശത്തിലും ഇതു കാണാം. മനുഷ്യന്‍ പുരോഗതി പ്രാപിക്കുന്ന മുറക്ക് ദീനിന്റെ വിശദാംശങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നു. മനുഷ്യന്‍ നാഗരികമായി പക്വത പ്രാപിച്ചപ്പോള്‍ മുന്‍കഴിഞ്ഞ ശരീഅത്തുകളെയും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്ന അവസാന ശരീഅത്ത് അവതീര്‍ണമായി. മനുഷ്യന്‍ പക്വതയെത്തിയപ്പോള്‍ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ സമര്‍പ്പിക്കുന്നതിന് പകരം ബൗദ്ധിക ദൃഷ്ടാന്തമായ ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുത്തു.
ഇസ്‌ലാമിക ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിലും ഈ ക്രമാനുഗതികത്വം കാണാം. ഹിജ്‌റ മൂന്നാം വര്‍ഷത്തിലാണ് അനന്തരാവകാശ നിയമങ്ങള്‍ വരുന്നത്. ഹിജ്‌റ ഏഴാം വര്‍ഷമാണ് കുടുംബ നിയമങ്ങള്‍ പൂര്‍ണമാകുന്നത്. ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് തൊട്ടടുത്ത വര്‍ഷം. മദ്യ നിരോധനം മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ മദ്യത്തിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി, രണ്ടാം ഘട്ടത്തില്‍ അതിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കി. പ്രവാചകത്വത്തിന്റെ 21-ാം വര്‍ഷം അത് പൂര്‍ണമായി നിരോധിച്ചു. പലിശ നിരോധം വന്നത് പ്രവാചകത്വത്തിന്റെ 22-ാം ആണ്ടിലാണ്. അതിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നത് ഹിജ്‌റ 10-ാം വര്‍ഷത്തിലും.
മനുഷ്യസമൂഹത്തിലും ഈ ക്രമപ്രവൃദ്ധതയുണ്ട്. ഉയരങ്ങളിലേക്കുള്ള പ്രയാണമാണ് പുരോഗതി, താഴ്ചയിലേക്കുള്ളത് അധോഗതിയും. ഈ മാറിമറിയലിനെ ഇസ്‌ലാമിക ദര്‍ശനം വിവരിക്കുന്നുണ്ട്. പ്രവാചകന്‍ (സ) പറഞ്ഞു: ''എനിക്ക് ശേഷം വൈകാതെ അനീതിയും അതിക്രമങ്ങളും തലപൊക്കും. അനീതി തലപൊക്കുമ്പോഴെല്ലാം തത്തുല്യമായ നീതിയും അസ്തമിക്കുന്നതാണ്. പിന്നെ അനീതി മാത്രം കളിയാടുന്ന അവസ്ഥ വരും. പിന്നീട് നീതിയെ അല്ലാഹു കൊണ്ടുവരും. നീതി സ്ഥാപിക്കുമ്പോഴെല്ലാം തത്തുല്യമായ അനീതിയെ അല്ലാഹു ഇല്ലാതാക്കും. പിന്നീട് നീതി മാത്രം കളിയാടുന്ന ഒരവസ്ഥ സംജാതമാകും''(അഹ്മദ്).
പുരോഗതിയും അധഃപതനവും എന്ന ക്രമാനുഗതികത്വത്തെ ഇസ്‌ലാമിക ചരിത്രവും അടിവരയിടുന്നതായി കാണാം. സംസ്‌കരണവും ഉത്ഥാനവും ഒറ്റയടിക്ക് സാധ്യമാകാത്തതു പോലെ പരാജയവും അധഃപതനവും ക്രമപ്രവൃദ്ധമായിട്ടാണ് സംഭവിക്കുന്നത്. ഇസ്‌ലാമിന്റെ കണ്ണികള്‍ ഓരോന്നോരാന്നായി അപ്രത്യക്ഷമാകും. ആദ്യം ഭരണവ്യവസ്ഥയും അവസാനം നമസ്‌കാരവുമായിരിക്കും ഉയര്‍ത്തപ്പെടുക എന്ന പ്രവാചക വചനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഖിലാഫത്തിന്റെ പതനത്തെയും പുനരാഗമനത്തെയും കുറിക്കുന്ന ഹദീസിലും ഈ ക്രമാനുഗതികത്വം പ്രകടമാണ്.
അഞ്ചാം ഖലീഫ എന്നു വിളിക്കപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഭരണ പരിഷ്‌കാരങ്ങളില്‍ ഇതിന്റെ മഹിതമായ മാതൃക നമുക്ക് കണ്ടെത്താം. തന്റെ ഭരണ പരിഷ്‌കാരങ്ങളിലെ ഈ ക്രമപ്രവൃദ്ധതയെ കുറിച്ചും രാജാധിപത്യത്തിന്റെ നാളുകളിലെ നീതിയുടെ ധ്വംസനത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു: ''പ്രവാചകനെ മാനവകുലത്തിന് അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. പിന്നീട് അല്ലാഹു അദ്ദേഹത്തെ തിരിച്ചുവിളിച്ചു. ജനങ്ങള്‍ക്കായി പ്രവാചകന്‍ ഒരു നദി വിട്ടേച്ചുതന്നു. എല്ലാവരും അതില്‍ നിന്ന് വേണ്ടത്ര പാനം ചെയ്തു. പിന്നീട് അബൂബക്ര്‍ വന്നു. നദിയെ അതേ അവസ്ഥയില്‍ പരിരക്ഷിച്ചു. ഉമര്‍ വന്നു, അതേ അവസ്ഥയില്‍ നദിയെ പരിരക്ഷിച്ചു. ഉസ്മാന്‍ ഭരണമേറ്റെടുത്തപ്പോള്‍ നദിയില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയി. മുആവിയ ഭരണമേറ്റെടുത്തു, ആ നദി നിരവധി നദികളായി. പിന്നീട് യസീദും മര്‍വാനും അബ്ദുല്‍ മലികും വലീദും സുലൈമാനും അതിനെ പിളര്‍ത്തിക്കൊണ്ടേയിരുന്നു. എന്റെയടുത്ത് ആ നദി എത്തിയപ്പോഴേക്കും ആ വലിയ നദി വറ്റിയിരുന്നു. ആ നദീതടത്ത് വസിച്ചിരുന്നവര്‍ ആ നദി പൂര്‍വാവസ്ഥയില്‍ തിരിച്ചുവരുമെന്ന് വിശ്വസിച്ചിരുന്നില്ല.'' നീതിയിലേക്കുള്ള മടക്കവും ഇപ്രകാരം തന്നെയാണ്. ഉമറുബ്‌നു അബ്ദില്‍ അസീസ് തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഘട്ടം ഘട്ടമായി നീതി സ്ഥാപിച്ചു തുടങ്ങി. മര്‍ദിതര്‍ക്ക് അവരുടെ അവകാശം തിരിച്ചുകൊടുത്തു. സ്വന്തത്തില്‍ നിന്നാരംഭിച്ച് തന്റെ ഭാര്യയിലൂടെ ഉമവി ഭരണാധികാരികളിലേക്ക് മാറ്റത്തിന്റെ ശബ്ദം കടത്തിവിട്ടു. പിന്നീട് സമൂഹത്തിലേക്ക് പൂര്‍ണമായി ഈ സംസ്‌കരണം വ്യാപിപ്പിച്ചു.
അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു: ''എന്റെ കുടുംബം എനിക്ക് സ്വീകരിക്കാന്‍ പറ്റാത്തതും അവര്‍ക്ക് നല്‍കാന്‍ അവകാശമില്ലാത്തതുമായ ധനം എനിക്ക് പതിച്ചു നല്‍കിയിരുന്നു. അതിനാല്‍ സ്വന്തത്തില്‍ നിന്നാരംഭിച്ച് സാമൂഹിക നീതി പുതിയ രീതിയില്‍ സ്ഥാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ക്രമപ്രവൃദ്ധമായി സ്ഥാപിക്കുക എന്ന തത്വം സ്വീകരിച്ചു. ഓരോ ദിനവും ഒരു സുന്നത്ത് പുനരുജ്ജീവിപ്പിക്കുകയും ഒരു അനാചാരം മരവിപ്പിക്കുകയും ചെയ്തു.''
എന്നാല്‍ ശരീഅത്തിന്റെ ലക്ഷ്യങ്ങളെല്ലാം ഒറ്റയടിക്ക് നടപ്പിലാക്കണമെന്ന് കരുതുന്നവര്‍ ഉമറുബ്‌നു അബ്ദില്‍ അസീസില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല. സംസ്‌കരണത്തില്‍ അനിവാര്യമായും പാലിക്കേണ്ട ക്രമപ്രവൃദ്ധത എന്ന പ്രാപഞ്ചിക നടപടിക്രമത്തെ അവര്‍ ഉള്‍ക്കൊണ്ടിട്ടുമില്ല. അവധാനതയില്ലാതെ പെട്ടെന്നുള്ള എടുത്തുചാട്ടം നമ്മുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മകന്‍, അല്‍പം വേഗതയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്തുകൊണ്ട് ഇത് നടപ്പിലാക്കുന്നില്ല എന്ന് പിതാവിനോട് മകന്‍ ചോദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം മകനോട് പറഞ്ഞു: ''മകനേ, ധൃതി പാടില്ല. അല്ലാഹു മദ്യത്തെ രണ്ട് വട്ടം ആക്ഷേപിച്ചു. മൂന്നാം ഘട്ടത്തിലാണ് അതിനെ ഹറാമാക്കിയത്. ജനങ്ങളെ സത്യത്തിലേക്ക് ഒറ്റയടിക്ക് ക്ഷണിച്ചിട്ട്, അവര്‍ എല്ലാം ഒന്നടങ്കം കൈവിട്ട് അപകടത്തില്‍ ചാടുന്നതിനെ ഞാന്‍ ഭയപ്പെടുന്നു.''
സാമൂഹിക നീതി സ്ഥാപിച്ച ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ അടുത്ത ശ്രമം, കുടുംബാധിപത്യത്തില്‍ നിന്ന് ഭരണം ഖിലാഫത്തിന്റെ ശൂറ വ്യവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കലായിരുന്നു. പെട്ടെന്ന് മരണപ്പെട്ടില്ലായിരുന്നെങ്കില്‍ ശൂറ സംവിധാനവും അദ്ദേഹം പുനഃസ്ഥാപിക്കുമായിരുന്നു.
സമകാലിക ലോകത്ത് ഇസ്‌ലാമിക ശരീഅത്ത് ധൃതിയില്‍ നടപ്പിലാക്കാന്‍ വെമ്പല്‍കൊള്ളുന്ന ചിലരുണ്ട്. സമൂഹത്തിന്റെ അവസ്ഥയും ജനങ്ങളുടെ കാഴ്ചപ്പാടുകളുമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഒറ്റയടിക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇതിലെ യുക്തി രാഹിത്യത്തെയും അപകടത്തെയും അവര്‍ തിരിച്ചറിയുന്നില്ല. ആധുനിക ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി വിവരിക്കുന്നു: ''നമ്മുടെ വ്യവസ്ഥയെ മാറ്റിപ്പണിയാന്‍ ബ്രിട്ടീഷുകാര്‍ ഒരു നൂറ്റാണ്ട് ചെലവഴിച്ചു. നമ്മുടെ ജീവിത വ്യവസ്ഥകളെ ഓരോന്നോരോന്നായി അവര്‍ മാറ്റിക്കൊണ്ടിരുന്നു. അവരുടേതു പോലുള്ള ചിന്തകളും വീക്ഷണങ്ങളും മാത്രമുള്ള ഒരു തലമുറയെ അവര്‍ വളര്‍ത്തിയെടുത്തു. ജനങ്ങളുടെ ധാര്‍മികവും സാമ്പത്തികവുമായ കാഴ്ചപ്പാടുകളെ മാറ്റാന്‍ അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. പഴയ നിയമങ്ങളുടെ സ്ഥാനത്ത് അവരുടെ നിയമങ്ങള്‍ അവര്‍ സ്ഥാപിച്ചു. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ അവര്‍ മാറ്റിമറിച്ചു. ഒരു ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനത്തിനും മാറ്റത്തിന്റെ ഈ പ്രകൃതി തത്ത്വം നാം ഉള്‍ക്കൊള്ളണം. ക്രമപ്രവൃദ്ധവും ഘട്ടംഘട്ടവുമായിട്ടല്ലാതെ സാമൂഹിക ജീവിതത്തില്‍ വിപ്ലവം സാധ്യമാവുകയില്ല എന്നതാണ് ആ തത്ത്വം. തീവ്രതയോടെയും ദ്രുതഗതിയിലും സംഭവിക്കുന്ന എല്ലാ വിപ്ലവങ്ങളും തകരുന്നതാണ്. എല്ലാ നിയമങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കി തല്‍സ്ഥാനത്ത് ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കാം എന്നു കരുതുന്നവര്‍ പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് ഒരു ഉള്‍ക്കാഴ്ചയുമില്ലാത്തവരാണ്. സാമൂഹിക പരിവര്‍ത്തനത്തെ കുട്ടിക്കളിയായി മാത്രമാണ് ഇക്കൂട്ടര്‍ കാണുന്നത്. വിത്തിറക്കിയ ഉടനെ വിളവെടുക്കാന്‍ ധൃതിപ്പെടാന്‍ ആഗ്രഹിക്കുന്നവരാണവര്‍.''
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍