Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

ഒരിക്കലും മറക്കാനാവാത്ത പെരുന്നാള്‍

ഡോ. അസീസ് തരുവണ

അവസാനിച്ചു പോകരുതേയെന്നാശിച്ചു പോവുന്ന ആഘോഷത്തിന്റെ വസന്തദിനമാണ് ചെറിയ പെരുന്നാള്‍. ഹൃദയങ്ങള്‍ ഹൃദയങ്ങളെ സ്‌നേഹിക്കുന്ന ദിനമാണത്. വിദ്വേഷത്തിന്റെ കരിമേഘങ്ങള്‍ ഇണക്കത്തിന്റെയും സാഹോദര്യത്തിന്റെയും മതിമറക്കലില്‍ അലിഞ്ഞില്ലാതാവുന്ന സുദിനമാണ് പെരുന്നാളുകള്‍. ബാല്യകാല ഓര്‍മകളില്‍ പൂത്തുനില്‍ക്കുന്ന പെരുന്നാള്‍ ദിനത്തിനു ഇരട്ടി മധുരവും സുഗന്ധവുമാണ്.
കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്തവിധം പെരുന്നാള്‍ സുദിനം തിമിര്‍ത്ത് ആഘോഷിക്കുന്ന പ്രദേശമാണ് ഞങ്ങളുടേത്; പ്രത്യേകിച്ച് വടക്കേ വയനാടന്‍ ഗ്രാമങ്ങള്‍; ചിലര്‍ക്കെങ്കിലും ഈയൊരു അവകാശവാദം പൂര്‍ണമായി സമ്മതിച്ചുതരുവാന്‍ മടിയുണ്ടാവാമെങ്കിലും. ഇതിനപ്പുറം ഞങ്ങളെക്കാള്‍ നിങ്ങള്‍ക്കെന്ത് ആഹ്ലാദങ്ങളാണുള്ളത് എന്ന ബാല്യനിഷ്‌കളങ്കമായ സന്ദേഹത്തില്‍ നിന്നുമാണ് ഈ അവകാശവാദം. ഞങ്ങളെ സംബന്ധിച്ചേടത്തോളം ഒരു പകലില്‍ എരിഞ്ഞു തീര്‍ന്നുപോകുന്നതല്ല പെരുന്നാള്‍ സുദിനം. കൃത്യമായി പറഞ്ഞാല്‍, റമദാന്‍ ഇരുപത്തിയേഴോടെയാണ് അത് ആരംഭിക്കുന്നത്. എപ്പോഴാണത് അവസാനിക്കുന്നത് എന്ന് പറയുക സാധ്യമല്ല.
റമദാന്‍ ഇരുപത്തിയേഴ് പൊതുവെ, ലൈലത്തുല്‍ ഖദ്‌റിന്റെ രാവാണ് എന്നുറപ്പിച്ച മട്ടാണ്. അന്ന് പള്ളികള്‍ നിറഞ്ഞു കവിയും. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയുംകൊണ്ട് രാവിനെ 'ഹയാത്താ'ക്കും. ആളുകള്‍ കൂട്ടംകൂട്ടമായി ഖബ്‌റിസ്ഥാനങ്ങളില്‍ പോയി, മരിച്ചുപോയ ബന്ധുമിത്രാദികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. ഒരു ഖബ്‌റിനു ചുറ്റും ചിലപ്പോള്‍ നാല്‍പതും അമ്പതും പേര്‍ നിന്നു പ്രാര്‍ഥിക്കും. ഖബ്‌റാളിയുടെ സന്തതി പരമ്പരയുടെ വലിപ്പ ചെറുപ്പത്തിനനുസരിച്ച് ഇത് മാറിമറിയാം. ഞങ്ങള്‍ കുട്ടികള്‍ പ്രാര്‍ഥനക്കിടയില്‍, മുന്‍നിരയില്‍ നില്‍ക്കുവാന്‍ തിക്കുംതിരക്കും കൂട്ടും. ഇരുപത്തിയാറാം നോമ്പിന്റെ പകലില്‍ ഏതെങ്കിലും ഒരു ബന്ധു ഖബ്‌റിന്റെ ചുറ്റുപാടുമുള്ള കാടുവെട്ടി വൃത്തിയാക്കിയിരിക്കും. സാധാരണഗതിയില്‍ ശ്മശാനം പേടിപ്പെടുത്തുന്ന സ്ഥലിയാണ്. ലൈലത്തുല്‍ ഖദ്‌റിന്റെ ദിനത്തില്‍ ഭയം എവിടെയോ പോയൊളിക്കും. ഇരുപത്തിയേഴാം രാവില്‍ തന്നെയാണ് ലൈലത്തുല്‍ ഖദ്ര്‍ സംഭവിക്കുന്നതെങ്കില്‍ അന്ന് രാവിന്റെ ഏതോ അനര്‍ഘ നിമിഷത്തില്‍ മരങ്ങള്‍ ശിരസ്സു നമിച്ച് ദൈവത്തിനു സുജൂദ് ചെയ്യുമെന്ന് ബാല്യകാലത്തെന്നോ ഉറുദിയില്‍ കേട്ടത് ഓര്‍ക്കുന്നു.
ഒരു പത്ത് വര്‍ഷം മുമ്പുവരെ ഇരുപത്തിയേഴിന്റെ പ്രഭാതത്തില്‍ കുട്ടികള്‍ സംഘം സംഘമായി വീടുവീടാന്തരം കയറിയിറങ്ങി 'ഇരുപത്തിയേഴിന്റെ പൈസ' ശേഖരിക്കുമായിരുന്നു (അതിസമ്പന്നരുടെ വീടുകള്‍ക്ക് മുമ്പില്‍ സകാത്തിന്റെ വിഹിതത്തിനുവേണ്ടി തിക്കിതിരക്കി ഉന്തിലും തള്ളിലും ആളുകള്‍ കൊല്ലപ്പെട്ടു എന്നൊക്കെയുള്ള ബംഗ്ലാദേശ് വാര്‍ത്തകളുമായി ഇതിനു യാതൊരു സാമ്യവുമില്ലെന്നു പ്രത്യേകം പറയട്ടെ). അല്‍പ്പം സാമ്പത്തിക ശേഷിയുള്ളവരുടെ വീടുകളിലൊക്കെ കുട്ടികള്‍ ഓടിയെത്തും. അമ്പതു പൈസ മുതല്‍ മുകളിലോട്ട് എത്ര വേണമെങ്കിലും തരാവുന്നതാണ്. ഒരു സംഘത്തിനു പൈസ കിട്ടിയാല്‍ അത് വാമൊഴിയായി കാതോടു കാത് പ്രചരിക്കും. അതുകൊണ്ട് 'ഞാന്‍ പൈസ തന്നത് ആരോടും പറയണ്ട' എന്ന് വീട്ടുകാര്‍ പ്രത്യേകം ഉണര്‍ത്തും. കുട്ടികളുടെ ഈ പൈസക്കുള്ള ഓട്ടത്തിനു യാചനയുടെ ഒരു സ്വഭാവമുണ്ടായിരുന്നില്ല. 'കൈനീട്ടം കൊടുക്കുക' എന്നൊക്കെ പറയുമ്പോലെയുള്ള ഒരു പരിപാടി. തലേന്നു തന്നെ പണം കൊടുക്കേണ്ട വീട്ടുകാര്‍ നാണയത്തുട്ടുകള്‍ ശേഖരിച്ചുവെച്ചിരിക്കും. പണം വാങ്ങാന്‍ വരുന്ന സംഘത്തില്‍ ഉള്‍പ്പെടേണ്ടിയിരുന്ന ഒരാള്‍ വരാതിരുന്നാല്‍ അവരെക്കുറിച്ച് ചിലപ്പോള്‍ അന്വേഷിക്കും. 'എടോ നിന്റെ അനിയന്‍ എവിടെ പോയി' എന്നൊക്കെ.
അവനുള്ളത് ചിലപ്പോള്‍ ജ്യേഷ്ഠന്‍വശം കൊടുത്തയക്കും. 'ഇരുപത്തിയേഴിന്റെ പൈസ'ക്ക് വേണ്ടി ഓടിനടക്കുന്ന കുട്ടികളെല്ലാം ഒരു ഗതിയുമില്ലാത്തവരുടെ മക്കള്‍ മാത്രമായിരിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. ഞങ്ങളുടെ വീട്ടുമുറ്റത്തും കുട്ടികള്‍ എത്തുമായിരുന്നു.
ഇരുപത്തിയേഴിന്റെ പകലില്‍ ബന്ധുക്കളില്‍പെട്ട ചിലര്‍ കവലയില്‍വെച്ച് കണ്ടാല്‍പോലും അടുത്ത് വിളിച്ചു പൈസ തരും. ഇന്നു ചിലര്‍ പറയുന്ന 'ഇരുപത്തിയേഴാം രാവിലെ യാചന' തുടങ്ങിയ പ്രയോഗങ്ങളുമായി ഇതിനു യാതൊരു ബന്ധവുമില്ലായിരുന്നു.
ഒരു നാട്ടുപ്രമാണി ഇതിനു വിരുദ്ധമായി പെരുമാറിയത് ബാല്യകാല ഓര്‍മയില്‍ മായാതെ കിടക്കുന്നു. കക്ഷി കവലയിലെ ഒരു പലചരക്കുകടയുടെ മുമ്പിലുള്ള ഉപ്പുപെട്ടിയുടെ മുകളില്‍ ചമ്രംപടിഞ്ഞിരിക്കും. കുട്ടികളും മുതിര്‍ന്നവരും അദ്ദേഹത്തിനുചുറ്റും ഉന്തും തള്ളുമാവും. അപ്പോള്‍ അദ്ദേഹം എല്ലാവരോടും മാറിനില്‍ക്കാന്‍ കല്‍പ്പിക്കും. നാണയതുട്ടുകള്‍ ഓരോ ആള്‍ക്കും കൈയില്‍ കൊടുക്കുന്നതിനുപകരം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയും. കുട്ടികളും ചിലപ്പോള്‍ മുതിര്‍ന്നവരും ആര്‍പ്പുവിളികളോടെ അതിനുവേണ്ടി ഉന്തുംതള്ളുമാവും. കൂട്ടത്തില്‍ ഏറ്റവും ഉയരമുള്ളയാള്‍ അന്തരീക്ഷത്തില്‍ വെച്ചുതന്നെ അത് കൈവശപ്പെടുത്തും. കുറച്ചു പേര്‍ക്കു കിട്ടുകയും ഒട്ടേറെ പേര്‍ക്ക് കിട്ടാതിരിക്കുകയും ചെയ്യുന്ന ഈ ഏറു പരിപാടി പൊതുബോധത്തിനു എതിരായിരുന്നു. ഈ 'കലാപരിപാടി' നടക്കുമ്പോള്‍ നാട്ടിലെ ദരിദ്രരായ ചിലര്‍ അല്‍പ്പം മാറിനില്‍ക്കുന്നുണ്ടാവും. അവരെ പേരുചൊല്ലി അടുത്തേക്ക് വിളിച്ച് പൈസ കൊടുക്കുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്.
ഇരുപത്തിയേഴ് കഴിയുന്നതോടെ നോമ്പ് അവസാനിച്ച പ്രതീതിയാണ്. പള്ളിയില്‍ പഴയതുപോലെ നാലുവരിയിലും അഞ്ചുവരിയിലും ആളുകള്‍ ഒതുങ്ങും. അവരിലേറെയും പ്രായം ചെന്ന കാരണവന്മാരായിരിക്കും. നോമ്പ് ഇരുപത്തിയെട്ടു കഴിഞ്ഞാല്‍ പിന്നെ പെരുന്നാള്‍ ദിനത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത കാത്തിരിപ്പാണ്. 'മാസം കാണുന്നതിനുവേണ്ടി' നാട്ടിലെ കുന്നിന്‍പുറങ്ങളില്‍ ആളുകള്‍ കൂട്ടംകൂട്ടമായി നില്‍ക്കും. മാസപ്പിറവി കാണാവുന്ന സമയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ ഇശാഅ് ബാങ്ക് വരെയും ആളുകള്‍ കുന്നിന്‍ മുകളില്‍ ചെലവഴിക്കും. മാറാട് കടപ്പുറത്തെന്നപോലെ തരുവണക്കടുത്ത പുലിക്കാടുകുന്നിലും അങ്ങനെ പലതവണ മാസം കണ്ടിട്ടുണ്ട്. പണ്ടൊരിക്കല്‍ കുന്നിന്‍ മുകളില്‍വെച്ച് ഒരാള്‍ മാത്രം മാസപ്പിറവി കണ്ടു. കക്ഷി അത്ര 'ജ്ഞാനി'യൊന്നുമായിരുന്നില്ല. കണ്ട വിവരം പള്ളി ഇമാമിനെ ചെന്നുകണ്ട് ഉണര്‍ത്തിച്ചതോടെ വിഷയം നാടാകെ പരന്നു. തൊട്ടടുത്ത ഗ്രാമങ്ങളിലേക്കും മാസപ്പിറവി വാര്‍ത്തയെത്തുവാന്‍ പിന്നെ ഏറെ സമയം വേണ്ടി വന്നില്ല. തൊട്ടടുത്ത പള്ളികളിലെ ഇമാമുമാര്‍ അടക്കമുള്ള ഒരു വന്‍സദസ് മാസപ്പിറവി കണ്ടയാളെ വിചാരണയായി. കക്ഷിക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലായിരുന്നു. ഒടുവില്‍ ഇങ്ങനെ പറഞ്ഞുവത്രെ: ''ഇനിമേല്‍ ഞാന്‍ സുപ്ര വട്ടത്തില്‍ കണ്ടാലും പറയില്ല...'' (സുപ്ര, കൂട്ടമായി വട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അടിയില്‍ വിരിക്കുന്ന വട്ടത്തിലുള്ള പായയാണ്). ഇതൊരു തമാശ കഥയാവാം.
ജലാലുദ്ദീന്‍ റൂമിയുടെ അനശ്വര കഥകളില്‍ 'പെരുന്നാള്‍ മാസം' എന്നൊരു കഥയുണ്ട്. അതിങ്ങനെയാണ്: ''വിശുദ്ധ റമദാന്‍ അവസാനിക്കാന്‍ ഏറിയാല്‍ ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു. ശവ്വാല്‍ മാസപ്പിറവി കാണാന്‍ ഖലീഫ ഉമറിനോടൊപ്പം കുറച്ച് ആളുകള്‍ ഒരുയര്‍ന്ന കുന്നുംപുറത്ത് തടിച്ചുകൂടി. ആ ശുഭശകുനത്തിനു ദൃക്‌സാക്ഷിയാകുവാന്‍ ഹൃദയം തുടിക്കുകയായിരുന്ന അവരിലൊരാള്‍ പറഞ്ഞു: ''നോക്കൂ ഉമര്‍, പെരുന്നാള്‍ മാസമതാ കാണുന്നു!'' ഉമറിനു പക്ഷേ ആകാശത്തൊന്നും കാണാനായില്ല. അദ്ദേഹം പറഞ്ഞു: ''അല്ല.... അത് മാസപ്പിറവിയല്ല. നിങ്ങളുടെ ഭ്രമകല്‍പ്പനയില്‍ നിന്നുദിച്ച ചന്ദ്രക്കലയാണത്. നിങ്ങളുടെ കൈത്തലമൊന്ന് നനച്ച് കണ്‍പുരികം തിരുമ്മി ശരിക്കും നോക്കിയിട്ട് പറയൂ. എന്താണ് കാണുന്നത്.''
കണ്‍പുരികം നനച്ചപ്പോള്‍ അയാള്‍ ചന്ദ്രക്കല കണ്ടില്ല. ''അല്ലയോ അമീറുല്‍ മുഅ്മിനീന്‍, ഒന്നും കാണാനില്ലല്ലോ! ചന്ദ്രന്‍ അപ്രത്യക്ഷനായിരിക്കുന്നു.''
''അതെ'' ഉമര്‍ പറഞ്ഞു. ''നിങ്ങളുടെ കണ്‍പുരികത്തിലെ രോമം ഒരു വില്ലുപോലെ വളഞ്ഞ് നിങ്ങളിലേക്ക് ഒരഭിപ്രായത്തിന്റെ ശരമെയ്തു.''
പുരിക രോമത്തിന്റെ വക്രതയുണ്ടാക്കിയ മിഥ്യാ ദര്‍ശനം അമ്പിളിക്കീറാണെന്ന് തെറ്റിദ്ധരിച്ച അയാള്‍ ഖലീഫാ ഉമറിന്റെ ഈ വിശദീകരണം കേട്ടപ്പോള്‍ തന്റെ വിഡ്ഢിത്തവും പൊങ്ങച്ചവും തിരിച്ചറിഞ്ഞു ലജ്ജിച്ചു.
ഫോണടക്കമുള്ള വാര്‍ത്താവിനിമയ സൗകര്യങ്ങളും ഇന്നത്തെ രീതിയിലുള്ള ഗതാഗത സൗകര്യങ്ങളുമില്ലാത്ത കാലത്ത് താനൂര്‍, മാറാട് കടപ്പുറങ്ങളില്‍ മാസപ്പിറവി കണ്ടാല്‍ ചുരത്തിനു മുകളിലുള്ള വയനാട്ടുകാര്‍ എങ്ങനെയായിരിക്കാം തത്സമയം വിവരം അറിഞ്ഞിരിക്കുക? എഴുപതു പിന്നിട്ട എന്റെ ഉമ്മയുടെ ഓര്‍മയില്‍ അത്തരം ഒട്ടേറെ പെരുന്നാളുകള്‍ കടന്നുപോയിട്ടുണ്ട്. മാസപ്പിറവി വിവരം പെരുന്നാല്‍ ദിവസം ഉച്ചക്ക് രണ്ടുമണിക്ക് അറിഞ്ഞ സംഭവങ്ങള്‍. ഇതിന്റെ എല്ലാ ദുരിതങ്ങളും അനുഭവിച്ചിരുന്നത് സ്ത്രീകളാണ്. അക്കാലത്തെ കുട്ടികള്‍ എത്രമേല്‍ സങ്കടപ്പെട്ടിരിക്കും?
പെരുന്നാള്‍ മാസപ്പിറവി വിവരം അറിഞ്ഞാല്‍ പിന്നെ ഫിത്വ്‌റ് സകാത്തിന്റെ അരിവിതരണത്തിനുള്ള കാര്യങ്ങള്‍ ചെയ്യും. സംഘടിത സകാത്ത് പോലുള്ള സംവിധാനങ്ങളൊന്നും ഞങ്ങളുടെ നാട്ടില്‍ എന്റെ ബാല്യകാലത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
രാത്രിയില്‍ തക്ബീര്‍ മുഴക്കി ആളുകള്‍ ബന്ധുമിത്രാദികളുടെ വീടുകള്‍ കയറിയിറങ്ങും. രാത്രി 12 വരെയെങ്കിലും ഇതു തുടരും. രാവിലെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് കൂട്ടംകൂട്ടമായി പുരുഷന്മാര്‍ പള്ളികളിലേക്ക് പോകും. ഈദുഗാഹുകള്‍ ഞങ്ങളുടെ നാട്ടിന്‍പുറത്ത് ആരംഭിച്ചത് പുരോഗമന പ്രസ്ഥാനങ്ങളുടെ ആരംഭത്തോടെയാണ്. പെരുന്നാള്‍ നമസ്‌കാരാനന്തരം ആളുകള്‍ സംഘങ്ങളായി പിരിയും. ഓരോ സംഘവും തക്ബീര്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് വീടുവീടാന്തരം കയറിയിറങ്ങും. തലേന്നു രാത്രി സന്ദര്‍ശിച്ച വീട്ടില്‍ വീണ്ടും കയറിയെന്നുവരാം. കുട്ടികള്‍ വന്‍ സംഘങ്ങളായി, അവരില്‍ ഓരോരുത്തരുടെയും വീടുകളില്‍ കയറിയിറങ്ങും. ഉണ്ണിയപ്പമോ നെയ്യപ്പമോ ആണ് ഉച്ചവരെ വീടുകളില്‍ നിന്നു കിട്ടുക. ഒപ്പം പോത്തിറച്ചിയുമുണ്ടാകും. ഇറച്ചിയും ഉണ്ണിയപ്പവും! ഇത്തരമൊരു കോമ്പിനേഷന്‍ മറ്റു വല്ലേടത്തുമുണ്ടോ എന്നറിയില്ല. കഴിഞ്ഞ മെയ് മാസത്തില്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ ഒരു ഡോലീപ്പാട്ടു കലാകാരന്റെ വീട്ടില്‍നിന്നു ചായക്കൊപ്പം തന്നത് പൊരിച്ച ചൂതമത്സ്യവും തേങ്ങാപ്പൂളുമായിരുന്നു.
സംഘങ്ങളായി കുട്ടികളെ പോലെ മുതിര്‍ന്നവരും വീടുവീടാന്തരം കയറിയിറങ്ങും. സംഘത്തില്‍ പെട്ടവര്‍ ബന്ധുവാണോ അടുത്ത സുഹൃത്താണോ എന്നതൊന്നും പ്രശ്‌നമല്ല. പെരുന്നാള്‍ ദിവസം എല്ലാവരും സമന്മാരാണ്. ചിലപ്പോള്‍ സുഹൃത്തിന്റെ സുഹൃത്തിന്റെ വീട്ടിലും പോകും. ഒരാള്‍ കുറഞ്ഞത് നാല്‍പ്പത് വീടെങ്കിലും കയറിയിറങ്ങിയിരിക്കുമെന്നാണ് കണക്ക്. ഇടവഴികളില്‍നിന്നും റോഡില്‍നിന്നും തക്ബീര്‍ ധ്വനികള്‍ മുഴങ്ങും. ജാതിമത ഭേദമില്ലാതെ എല്ലാവരും ആഘോഷത്തില്‍ പങ്കാളികളാവും. ചെറിയ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളും വീടുകള്‍ സന്ദര്‍ശിക്കുമെങ്കിലും മുതിര്‍ന്ന സ്ത്രീകളുടെ സന്ദര്‍ശന സമയം വൈകുന്നേരമാണ്. പകല്‍ അവരെ സംബന്ധിച്ചേടത്തോളം തിരക്കിന്റെ സമയമാണ്. സന്ദര്‍ശകര്‍ക്ക് ഭക്ഷണമൊരുക്കുന്നതും മറ്റും അവരാണ്. വൈകുന്നേരത്തിനുമുമ്പ് ബന്ധുവീടുകളും മറ്റും സന്ദര്‍ശിച്ചു കഴിഞ്ഞില്ലെങ്കില്‍ രാത്രിയും അതു തുടരും. സ്ഥിരം സന്ദര്‍ശിക്കുന്ന ഒരാള്‍ വന്നില്ലെങ്കില്‍ വീട്ടുകാര്‍ അന്വേഷിക്കും. അതുപിന്നെ പരിഭവമാവും. 'ഓന്‍ പെരുന്നാളായിട്ടുപോലുമൊന്ന് കയറിയില്ല' എന്നൊക്കെ. വയറു നിറയെ ഭക്ഷണം കഴിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല, വീട്ടുകാര്‍ നിര്‍ബന്ധിക്കുമെങ്കിലും. ചിലപ്പോള്‍ വെറും വെള്ളത്തിലും ഭക്ഷണം ഒതുക്കിയെന്നുവരാം. ഭക്ഷണം പരമപ്രധാനമല്ല; കുശലാന്വേഷണവും ബന്ധം പുതുക്കലുമാണ് പ്രധാനം. തലേദിവസം ഫോണ്‍ ചെയ്ത്, നാളെ വീട്ടില്‍ 'ലഞ്ചിനു വരണം' എന്നൊന്നും പറയുന്ന രീതി ഒരു കാലത്തും ഞങ്ങളുടെ നാട്ടിന്‍പുറത്ത് പതിവില്ലാത്തതാണ്. പഠനകാലത്ത്, ഒരു പെരുന്നാള്‍ ദിവസം തിരുവനന്തപുരത്ത് തങ്ങേണ്ടി വന്നപ്പോഴാണ് ഇത്തരമൊരു രീതിയുണ്ടെന്നുപോലും ഞാനറിഞ്ഞത്. 'പെരുന്നാളിനും ക്ഷണിക്കണോ' എന്നാണ് നാട്ടിലെ ഒരു പ്രയോഗം.
പെരുന്നാള്‍ ദിവസം വൈകുന്നേരമാകുന്നതോടെ പുരുഷന്മാര്‍ കലാപരിപാടികളിലേക്കും മറ്റും തിരിയും. പ്രധാനമായും കഥാപ്രസംഗങ്ങളാണ് മുമ്പ് നടന്നിരുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏതെങ്കിലുമൊരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും കഥാപ്രസംഗം. കാഥികര്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് ധാരാളം ആളുകള്‍ കേള്‍വിക്കാരായുണ്ടാകും.
എന്തുതന്നെയായാലും പെരുന്നാളുകള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും അത്യാഹ്ലാദത്തിന്റെയും വസന്തോത്സവമാണ്. ബാല്യകാലത്തെ നിറംമങ്ങാത്ത പെരുന്നാളുകള്‍ക്ക് ഞങ്ങളുടെ പ്രദേശത്ത് ഇപ്പോഴും കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍