Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

യാത്രകള്‍ അവസാനിക്കുന്നില്ല

യാത്ര / പി.ബി.എം ഫര്‍മീസ്‌

ഒരു യാത്രയും
തെരുവിലോ കടലിലോ മാത്രമല്ല;
ഓരോന്നും മനസ്സിലേക്കും ജീവിതശൈലികളിലേക്കും,
ബന്ധങ്ങളിലേക്കുമുള്ള യാത്രയാണ്
ഓരോ യാത്രയും
ചിലത് അനുഭവിക്കുന്നു, ചിലത് പഠിപ്പിക്കുന്നു,
അനുഭവങ്ങളുടെ സീമ വിപുലമാക്കുന്നു,
പഠിച്ച് വെച്ചത് ചിലത് തെറ്റെന്ന് തെളിയിക്കുന്നു.
ചിലയിടങ്ങളില്‍ അപരിചിതത്വമുണര്‍ത്തുന്നു.
ചിലയിടങ്ങളിലോ
മുജ്ജന്മ സന്ദര്‍ശനത്തിന്റെയെന്ന പോലുള്ള
പരിചിതത്വവും സ്മൃതികളും.
യാത്രകളില്‍ കാഴ്ചകള്‍ മാത്രമല്ല ഉള്ളത്,
ശബ്ദങ്ങള്‍, ഭാഷകള്‍, രുചികള്‍, ഗന്ധങ്ങള്‍
സ്പര്‍ശങ്ങള്‍, സംവാദങ്ങള്‍, വിചാരങ്ങള്‍
ചിരന്തന സൗഹൃദങ്ങള്‍
അസ്തിത്വത്തിന് പുതിയ മാനങ്ങള്‍
അനുഭവത്തിന് പുതിയ ആഴങ്ങള്‍
ആറിന്ദ്രയങ്ങളും അതിലുള്‍പ്പെടുന്നു
- സച്ചിദാനന്ദന്‍ (പല ലോകം പല കാലം).
ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീര്‍ താഴ്‌വരകളിലെ മനോഹരമായ താഴ്‌വരയാണ് ഗുല്‍മര്‍ഗ്. ശൈത്യകാലത്ത് ഐസ് പുതപ്പിക്കുന്ന ഈ താഴ്‌വരകള്‍ ഏപ്രില്‍ മുതല്‍ പച്ചപ്പിന്റെ വശ്യമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്നു. പൂന്തോപ്പ്, തോട്ടങ്ങള്‍ എന്നൊക്കെയാണ് ഗുല്‍മര്‍ഗിന്റെ അര്‍ഥം. മനുഷ്യ നിര്‍മിതമായ കെട്ടിടങ്ങളോ തോട്ടങ്ങളോ ദൃശ്യമാവാത്ത താഴ്‌വരയുടെ ഒരറ്റത്ത് നിന്ന് വിദൂരത്തേക്ക് നോക്കിയപ്പോള്‍ മനസ്സ് സ്വപ്ന തുല്യമായ ആനന്ദലഹരിയിലാണ്. സഹയാത്രികനായ സുഹൃത്ത് വിളിച്ചു പറഞ്ഞു: 'ഭൂമിയിലെ സ്വര്‍ഗം ഇത്ര മനോഹരമാണെങ്കില്‍ അവര്‍ണനീയമായ ആ സ്വര്‍ഗപൂന്തോപ്പ് എത്ര വിസ്മയകരമാവും.' പശ്ചിമ ഘട്ടം മുതല്‍ കശ്മീര്‍ താഴ്‌വരകള്‍ വരെയുള്ള പ്രകൃതിയുടെ ഡിസൈനിംഗ് മാത്രം കണ്ടാല്‍ മതി, മനുഷ്യന് ഖുര്‍ആനിക ആവിഷ്‌കാരത്തിന്റെ അകം മനസ്സിലാവാന്‍.
പ്രകൃതിയിലെ വിസ്മയങ്ങള്‍ ദൈവദൃഷ്ടാന്തങ്ങളാണ്. ദൃഷ്ടാന്തങ്ങളില്‍നിന്ന് ഉയരുന്ന ആത്മസംവാദങ്ങള്‍ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്ന വഴികളായാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. അല്ലാഹുവിനെ പ്രപഞ്ചത്തില്‍ നിന്ന് തന്നെ കണ്ടെത്താനുള്ള അവസരങ്ങള്‍ സൃഷ്ടിച്ച് വെച്ച ദൈവം അവയെ ഏകദൈവത്വത്തിലേക്ക് ബന്ധിപ്പിക്കുന്ന ധാരാളം സാധ്യതകളെയും പരാമര്‍ശിക്കുന്നു.
പ്രവാചകന്മാരുടെ ജീവിതവും യാത്ര കൊണ്ട് സമ്പുഷ്ടമായിരുന്നു. ഇബ്‌റാഹീമിന്റെ ജീവിതത്തിലെ ത്യാഗ പരിശ്രമങ്ങളില്‍ യാത്രയുടെ പങ്ക് വലുതായിരുന്നു. സിറിയ, ഫലസ്ത്വീന്‍, ഈജിപ്ത്, ഇറാഖ്, മക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലൂടെ പ്രബോധന പ്രയാണം. അവസാനം പിഞ്ചു മകനെയും പ്രിയതമയെയും പരദേശത്ത് ഒറ്റക്കാക്കാനുള്ള പരീക്ഷണ യാത്ര. ആ ചരിത്ര യാത്രയെ ആദരിക്കുംവിധം ഹജ്ജ് എന്ന പുണ്യ യാത്ര രൂപപ്പെടുന്നു.
ഇമാം ഗസ്സാലി(റ) തന്റെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത് ഒരു യാത്രയിലൂടെയാണെന്ന് പറയുന്നുണ്ട്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദൂരദിക്കില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കാട്ടിലൂടെയുള്ള യാത്രക്കിടെ കൊള്ള സംഘം അദ്ദേഹത്തിന്റെ സാധനങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. 'പുസ്തകങ്ങള്‍ തിരിച്ചുതരണം; എന്റെ വര്‍ഷങ്ങളുടെ സമ്പാദ്യം അതിലാണുള്ളത്' എന്ന അദ്ദേഹത്തിന്റെ ആവശ്യത്തെ പരിഹസിച്ച് കൊള്ളതലവന്‍ ചോദിച്ച ചോദ്യമാണ് പിന്നീടങ്ങോട്ട് അറിവുകള്‍ മനഃപാഠമാക്കാന്‍ ഗസ്സാലിയെ പ്രേരിപ്പിച്ചതെന്ന് ചരിത്ര പുസ്തകങ്ങളില്‍ വായിക്കാം. പാശ്ചാത്യ എഴുത്തുകാരി ലോറന്‍ ബൂത്ത് ഇസ്‌ലാം സ്വീകരിക്കുന്നത് ഫലസ്ത്വീന്റെ മണ്ണിലൂടെ നടത്തിയ യാത്രയിലൂടെയായിരുന്നു. പട്ടിണിയില്‍ പൊറുതിമുട്ടിയ ഒരു കുടുംബിനി, അപരന്റെ ദുഃഖത്തില്‍ വേദനിച്ച് സ്വന്തത്തെ നിസ്സാരവത്കരിക്കുന്ന അത്യപൂര്‍വമായ പ്രകടനം കണ്ടപ്പോഴാണ് ലോറന്‍ ബൂത്തിന് അവരെ സ്വാധീനിച്ച ഇസ്‌ലാമിനെ പഠിക്കാന്‍ തോന്നിയത്. പാശ്ചാത്യ പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് താലിബാന്റെ നരവേട്ടകളെ ഒപ്പിയെടുക്കാന്‍ വന്ന ഇവോണ്‍ റിഡ്‌ലിയും സ്വാതന്ത്ര്യത്തിന്റെ ഹിജാബ് അണിഞ്ഞത് ഇതേ യാത്രയിലൂടെയായിരുന്നു.
യാത്രകളില്‍ നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന, സ്വാധീനിക്കുന്ന ഒരു ചരട് നമ്മളെ പിന്തുടരും. മാറി വരുന്ന പ്രദേശങ്ങളും മുഖങ്ങളും സംസ്‌കാരവും നമ്മുടെ ആഴങ്ങളില്‍ അസ്വസ്ഥകള്‍ സൃഷ്ടിക്കും. ഇസ്മാഈല്‍ ഫാറൂഖി സംവിധാനം ചെയ്ത മൊറോക്കന്‍ സിനിമയായ 'ലെ ഗ്രാന്റ് വൊയേജ്' ഇത്തരത്തില്‍ ഒരു കഥ പറയുന്നുണ്ട്. കൗമാരത്തിന്റെ എല്ലാ ചാപല്യങ്ങളുമുള്ള മകനുമൊത്ത് ഭക്തനായ പിതാവ് മക്കയിലേക്ക് കാറില്‍ നടത്തുന്ന ഹജ്ജ് യാത്രയാണ് സിനിമയുടെ ഇതിവൃത്തം. യാത്രക്കിടെ പിതാവ് ആരാധനകളിലേര്‍പ്പെടുമ്പോഴൊക്കെ മകന്‍ അശ്രദ്ധനായി, അലസനായി ഇരിക്കുന്നത് കാണാം. ഗേള്‍ ഫ്രന്റിനോട് സല്ലപിക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന മകനെ പിതാവ് ഉപദേശിക്കുന്നതായി ചിത്രത്തില്‍ ഒരിടത്തും ഇല്ല. യാത്രക്കൊടുവില്‍ പിതാവ് മരണപ്പെടുന്നു. പക്ഷേ, മടക്ക യാത്രയില്‍ മകന്‍ പ്രയാസപ്പെടുന്നവനോട് ഐക്യപ്പെടുന്ന രംഗം കാണിച്ച് അവന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളിലേക്ക് സംവിധായകന്‍ സൂചന നല്‍കുന്നു. ചെ ഗുവേരയുടെ ജീവിത കഥയെ പശ്ചാത്തലമാക്കി വാള്‍ട്ടര്‍ സാലസ് എടുത്ത അര്‍ജന്റീനിയന്‍ സിനിമയാണ് 'ദി മോട്ടോര്‍ സൈക്കിള്‍ ഡയറീസ്.' ചെ ഗുവേരയും സുഹൃത്ത് ആല്‍ബെര്‍ട്ടോ ഗ്രാനഡോയും ചേര്‍ന്ന് നടത്തിയ യാത്രയാണ് ചെ ഗുവേരയെന്ന ഐതിഹാസിക ചെറുപ്പത്തെ ലോകത്തിന് സമ്മാനിച്ചതെന്ന് ചിത്രം പറയുന്നു.

യാത്രയുടെ ദൈവിക ദര്‍ശനം
ആത്മാവിനെ ദൈവബോധത്തിലേക്ക് നയിക്കുന്ന മാനവിക വികാരങ്ങള്‍ പ്രസരിപ്പിക്കുന്ന ആത്മീയ പ്രവര്‍ത്തനമെന്ന നിലയില്‍ യാത്ര ഒരു ഇബാദത്താണ്. ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളായ ആരാധനാ കര്‍മങ്ങളില്‍ വരെ യാത്രയെ വേണ്ടവിധം പരിഗണിച്ചിരിക്കുന്നു. യാത്രക്കാരന്റെ നമസ്‌കാരത്തിന് കര്‍മശാസ്ത്ര ശാഖയില്‍ ഒട്ടനവധി ഇളവുകള്‍ ലഭിക്കുന്നു. അല്ലാഹുവും മനുഷ്യനും തമ്മില്‍ നേരിട്ടുള്ള ഇടപാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോമ്പിലും യാത്രക്കാരന് ഇളവുകള്‍ നല്‍കുന്നു. സകാത്തിന്റെ എട്ട് അവകാശികളില്‍ ഒന്ന് 'ഇബ്‌നു സബീല്‍' ആണെന്ന് കാണാം. യാത്രയുടെ വിവിധ ഭാവങ്ങള്‍ ഒന്നിക്കുന്ന മഹാ യാത്ര തന്നെയാണ് ഹജ്ജ്. ദൈവത്തിന്റെ അടയാളങ്ങളെ, ത്യാഗികളുടെ ജീവിത സ്പര്‍ശങ്ങളെ യാത്ര ചെയ്ത് തന്നെ അനുഭവിക്കുക എന്നതാണ് ഹജ്ജ്. യാത്രയുടെ മര്യാദകള്‍, ത്യാഗങ്ങള്‍, കൊടുക്കലുകള്‍, വാങ്ങലുകള്‍, ശീലങ്ങള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം പരിശീലിപ്പിക്കുകയാണ് ഹജ്ജ് യാത്ര.
അല്‍ ഹജ്ജ് 46, അന്നംല് 69, അന്‍കബൂത്ത് 20, അര്‍റൂം 9,42, ഫാത്വിര്‍ 44, ഗാഫിര്‍ 21,82, മുഹമ്മദ് 10, അല്‍അന്‍ആം 11, ആലുഇംറാന്‍ 137 തുടങ്ങി ഒന്നര ഡസനോളം സൂക്തങ്ങളില്‍ ഖുര്‍ആന്‍ യാത്രക്ക് ആഹ്വാനം നല്‍കുന്നുണ്ട്.
''ഈ ജനം ഭൂമിയിലൂടെ സഞ്ചരിക്കുകയും അങ്ങനെ തങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ പര്യവസാനം എന്തായിരുന്നുവെന്ന് കാണുകയും ചെയ്തില്ലെയോ? അവര്‍ ഇവരേക്കാള്‍ പ്രബലരായിരുന്നു. അവര്‍ ഭൂമിയെ നന്നായി കിളച്ച് മറിച്ചിരുന്നു. ഇവര്‍ വാസയോഗ്യമാക്കിയതിനേക്കാള്‍ ഏറെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു. അവര്‍ക്കുള്ള ദൈവദൂതന്മാര്‍ തെളിഞ്ഞ ദൃഷ്ടാന്തവുമായി അവരില്‍ ആഗതരായി. എന്നിട്ട് അല്ലാഹു അവരെ ദ്രോഹിക്കുകയായിരുന്നില്ല. അവര്‍ സ്വയം തന്നെയാണ് അവരെ ദ്രോഹിച്ച് കൊണ്ടിരുന്നത്'' (അര്‍റൂം 9).
ഇന്നലെകളെ വിറപ്പിച്ച, കീഴടക്കിയ സാമ്രാജ്യങ്ങളെ, ധിക്കാരികളായ ഭരണാധികാരികളെ, ജനവിരുദ്ധമായ ദര്‍ശനങ്ങളെ, നിലംപരിശാക്കിയതില്‍നിന്ന് നമുക്കുള്ള പാഠങ്ങളെയാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ദൈവശിക്ഷയുടെ അടയാളങ്ങളെ, ദൈവകോപത്തിനിരയായ സമൂഹങ്ങളെ പഠിക്കുന്നതിനുള്ള ചരിത്ര യാത്രകള്‍ പ്രസക്തമാകുന്നത് ഇതിനാലാണ്. ചരിത്രങ്ങളില്‍നിന്ന് അഭിനവ ഫറോവമാരിലേക്ക് ബന്ധിപ്പിക്കുന്ന ചരടുകള്‍ തിരിച്ചറിയാന്‍ ഇത്തരം യാത്രകള്‍ക്ക് സാധിച്ചില്ലെങ്കില്‍ അവ ആത്മാവില്ലാത്ത സഞ്ചാരമാണ്.
ദമസ്‌കസിലെ നാഗരിക ശേഷിപ്പുകള്‍ മുതല്‍ നമ്മുടെ രാജ്യത്തെ മുഗള്‍ ശിലകളിലെ അടയാളങ്ങള്‍ വരെ നമ്മെ സംവാദത്തിന്റെ ലോകത്തേക്ക് കൊണ്ടുപോകേണ്ട കാഴ്ചകളാണ്.
''ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്; നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്''.
''പറയുക, ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് അവര്‍ നോക്കട്ടെ. പിന്നീട് അല്ലാഹു മറ്റൊരിക്കല്‍ കൂടി സൃഷ്ടിക്കുന്നതാണ്'' (അന്‍കബൂത്ത് 20).
അല്ലാഹുവിന്റെ വിശാലമായ ഭൂമിയില്‍ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്, അനുഭവിക്കാനുണ്ട്. അനന്തമായ യാത്രകളില്‍ നിന്ന് നമ്മുടെ പരിമിതികളെ നമുക്ക് മറികടക്കാനാവണം. ഇതുവരെ ചെയ്ത യാത്രകളില്‍ നമ്മുടെ അകക്കണ്ണുകള്‍ ബന്ധിതമായിരുന്നുവെങ്കില്‍ ഇനി ഹൃദയാന്തരങ്ങള്‍ സംഗീതം പിടിക്കുന്ന പുതിയ സഞ്ചാരങ്ങള്‍ക്ക് തുടക്കമാവണം. ആധുനിക ഇസ്‌ലാമിക നവജാഗരണ പരിശ്രമങ്ങള്‍ക്ക് ആവേശമായ തുര്‍ക്കിയില്‍ എ.കെ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന ഉര്‍ദുഗാന്റെ കരുത്ത്, അദ്ദേഹം ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ സഞ്ചരിച്ചുണ്ടാക്കിയ അനുഭവ സമ്പത്താണ്.
യാത്രയുടെ രാഷ്ട്രീയത്തെ, ആത്മീയതയെ, വികാസത്തെ സ്വന്തം ജീവിതത്തില്‍ അടയാളപ്പെടുത്താനാവുന്നവര്‍ക്ക് വിജയിക്കാനാവും. നിങ്ങളുടെ സാഹചര്യത്തെ, പരിമിതിയെ, താല്‍പര്യത്തെ തൃപ്തിപ്പെടുത്തുന്ന യാത്രകള്‍ക്ക് പര്യവസാനം മരണം മാത്രമായിരിക്കും. അതാവട്ടെ സ്വര്‍ഗത്തിലേക്കുള്ള മറ്റൊരു യാത്രയുടെ തുടക്കവും.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍