Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

ശ്രീശാന്തും മഅ്ദനിയും നീതിയുടെ പ്രയോഗവും

പുനര്‍വായന / ഡോ. ജീവന്‍ ജോബ് തോമസ്

മലയാളിയുടെ അഭിമാനമായിരുന്ന ക്രിക്കറ്റ് കളിക്കാരന്‍ ശ്രീശാന്ത് കളിയില്‍ കച്ചവടം കലര്‍ത്തി അറസ്റ്റില്‍ ആയപ്പോഴും, അതിനു ശേഷം അയാള്‍ കുറച്ചു നാള്‍ ജയില്‍വാസം തുടര്‍ന്നപ്പോഴും നമുക്ക് ചുറ്റുമുള്ള സാമൂഹിക മനസ്സ് എങ്ങനെ പ്രതികരിച്ചുകൊണ്ടിരുന്നു എന്ന് ചിന്തിക്കുന്നത് കൗതുകകരമാണ്. ശ്രീശാന്ത് ജാമ്യം വാങ്ങി ജയില്‍ മോചിതനാകും എന്ന് തോന്നിയപ്പോഴാണ് പോലീസ് അയാള്‍ക്കെതിരെ 'മക്കോക്ക' നിയമം പ്രയോഗിച്ചത്.
അതിനു പോലീസ് പറഞ്ഞ ന്യായം ശ്രീശാന്തിനെ നിയന്ത്രിച്ച പന്തയലോബി ദാവൂദ് ഇബ്‌റാഹീം, ചോട്ടാ ഷക്കീല്‍ തുടങ്ങിയ വന്‍ അധോലോക നായകരുടേതാണെന്നും അതുകൊണ്ടുതന്നെ ശ്രീശാന്തിന് ദേശവിരുദ്ധശക്തികളുമായി ബന്ധമുണ്ടെന്നും ആണ്. ആ ബന്ധത്തിന്റെ പേരിലാണ് അയാള്‍ കൂടുതല്‍ ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. ആത്മവഞ്ചന കാണിച്ചവന്‍ എന്ന പേരില്‍ ശ്രീശാന്തിനെ കാലത്ത് മുതല്‍ വൈകീട്ട് വരെ കളിയാക്കിയും കുറ്റം പറഞ്ഞും സമയം കഴിച്ച ഒരു വലിയ വിഭാഗം സാമൂഹിക മനസ്സ് വളരെ പെട്ടെന്ന് അയാളെ പിന്തുണക്കുന്ന സാഹചര്യം ഉയര്‍ന്നുവന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ശ്രീശാന്തിനെ പിന്തുണക്കുന്നവര്‍ക്ക് കൈവന്ന ചീത്തപ്പേര് പതിയെ മാറിക്കിട്ടി. 'ശ്രീശാന്ത് തങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണെന്ന് കേട്ട് ദാവൂദും ചോട്ടാ ഷക്കീലും വലിയ വായില്‍ ചിരിച്ചുകാണും' എന്ന് അവരൊക്കെ സ്‌നേഹപൂര്‍വം തമാശ പറഞ്ഞു തുടങ്ങി. കാരണം, നമുക്കറിയാം നമ്മുടെ നായരുകുട്ടി അത്തരം വലിയ കുറ്റകൃത്യങ്ങളില്‍ പെടുത്തേണ്ടുന്ന ആളല്ല എന്ന്. കുറച്ച് അഹങ്കാരം കൂടുതല്‍ ഉണ്ട് എന്നല്ലാതെ ഇത്രവല്യ കളികളില്‍ ഒന്നും നമ്മുടെ കുട്ടി പെടില്ലെന്ന് നമുക്കുറപ്പാണ്. ശ്രീശാന്ത് ജയിലില്‍ കഴിഞ്ഞിരുന്ന ദിവസങ്ങള്‍ കൂടി വരുന്തോറും അയാള്‍ക്കനുകൂലമായ മനസ്സ് പതിയ പതിയെ പരുവപ്പെട്ടു വരുകയും, അതിന് പോലീസ് ആരോപിച്ച അധോലോക ബന്ധം ഒരു വലിയ പരിധിവരെ സഹായിക്കുകയും ചെയ്തു എന്നു കാണാം.
എന്നാല്‍ ഈ സാഹചര്യത്തെ ഒന്നുകൂടി ഭാവനാപരമായി മാറ്റി ചിന്തിച്ചു നോക്കൂ. ശ്രീശാന്തിന് പകരം ഇര്‍ഫാന്‍ പത്താനോ സഹീര്‍ഖാനോ ആയിരുന്നു ഇതേ കുറ്റത്തിന് പോലീസ് പിടിയില്‍ ആയത് എന്ന് വിചാരിക്കുക. പോലീസ് ഇതേ 'മക്കോക്ക'യും അധോലോക ബന്ധങ്ങളും അവര്‍ക്കെതിരെ ചുമത്തിയാല്‍ നമ്മുടെ മനസ്സ് പെട്ടെന്നു തന്നെ അത് 'ശരിയായ രീതിയില്‍' പിടിച്ചെടുക്കുമായിരുന്നു എന്നത് സത്യമല്ലേ? മുസ്‌ലിം നാമധാരിയായ ഒരു മനുഷ്യന് അധോലോക ബന്ധം കല്‍പിക്കപ്പെട്ടാല്‍ അതിന്റെ മിത്തിക്കല്‍ തടവറയില്‍നിന്നും മുക്തനാവുക അത്ര എളുപ്പമല്ല. 'ചക്‌ദെ ഇന്ത്യ' എന്ന സിനിമയില്‍ ഷാരൂഖ്ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഇന്ത്യ പാക് ഹോക്കി കളിക്കിടയില്‍ പാകിസ്താന്‍കാരനോട് സൗഹൃദ സംഭാഷണം നടത്തിയതിന്റെ പേരില്‍ ഒത്തുകളി ആരോപണത്തിനു വിധേയനായ മുസ്‌ലിം ആണ്. ഒരു ജീവിതം മുഴുവന്‍ അതിന്റെ ഭാരം പേറേണ്ടിവരുന്നതിന്റെ അനുഭവത്തെ ആ സിനിമ നമുക്ക് കാണിച്ചുതരുന്നു. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവനും ഇന്ത്യാ-പാക് മത്സരങ്ങളില്‍ പാകിസ്താന്റെ ജയത്തിനായി പ്രാര്‍ഥിക്കുന്നവരാണെന്ന പഴയ ബോധത്തിന്റെ വിത്തുകള്‍ ഇവിടത്തെ ഒരു വലിയ വിഭാഗത്തിന്റെ മനസ്സില്‍ ഇന്നും ഉണങ്ങാതെ പച്ച പിടിച്ചു വളര്‍ന്നു നില്‍പ്പുണ്ട്. ആ വിത്തുകള്‍ തന്നെയാണ്, എത്ര കാലം ജയിലില്‍ വിചാരണ കിട്ടാതെ കിടന്നാലും അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്‍ യഥാര്‍ഥ കുറ്റവാളിതന്നെ ആണെന്ന് സ്വയം സ്ഥാപിക്കുന്നതിന്റെ അടിത്തറയിലുള്ളത്. അബ്ദുന്നാസിര്‍ മഅ്ദനിക്ക് എന്തുകൊണ്ടാണ് സാധാരണ ഒരു പൗരന് ലഭിക്കേണ്ട നീതിപോലും ലഭിക്കാത്തത്? ഒരിക്കല്‍ അനുഭവിച്ച നീതിനിഷേധം ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ് ചര്‍ച്ചകള്‍ക്കു വിധേയമായിട്ടുകൂടി രണ്ടാമതും അതേ അനുഭവത്തിലൂടെ അയാള്‍ക്ക് കടന്നുപോകേണ്ടിവരുന്നത് എന്തുകൊണ്ടാവാം? ഈ പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ ഇന്ത്യയുടെ സാമൂഹിക മനസ്സില്‍ ബഹുഭൂരിപക്ഷവും കൈയടക്കിയിരിക്കുന്ന ഈ വെറുപ്പിന്റെ വേരുകളെ വിശകലനം ചെയ്യേണ്ടത് വളരെ പ്രാഥമികമായ ആവശ്യമാണ്. നീതിയുടെ പ്രയോഗം, എഴുതിവെച്ച നിയമങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെ മാത്രമല്ല നടപ്പാക്കപ്പെടുന്നത് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അധികാരം കൈയാളുന്ന മനസ്സുകള്‍ എന്തു ചിന്തിക്കുന്നു, അതാണ് നീതിയുടെ വഴി എന്നുകൂടി തിരിച്ചറിയേണ്ടിവരുന്നു. ഏറ്റവും സൂക്ഷ്മമായ മാനസിക തലങ്ങളില്‍ മനുഷ്യരെക്കുറിച്ച് നിര്‍മിക്കപ്പെടുന്ന മിത്തുകള്‍ അവരുടെ 'വിധി'കളെ നിര്‍മിക്കുന്നു. അതില്‍ നിന്നും മുക്തമല്ലാതെ തുടര്‍ന്നു പോരുന്ന ഒരു പ്രക്രിയയാണ് നീതിയുടെ നിര്‍വഹണം എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ മാനസിക തലങ്ങളെ സ്പര്‍ശിക്കാത്തേടത്തോളം കാലം അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന് മുന്നില്‍ സ്വാഭാവിക നീതിയുടെ സാധ്യതകള്‍ തുറക്കപ്പെടില്ല എന്നു വേണം കരുതാന്‍.
(പച്ചക്കുതിര, 2013 ജൂലൈ)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍