Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

യൂറോ സെന്‍ട്രിസത്തിനെതിരെ മാര്‍ട്ടിന്‍ ബെര്‍ണലിന്റെ സംഭാവനകള്‍

എന്‍.എം ഹുസൈന്‍

നാഗരികതയുടെയും സംസ്‌കാരത്തിന്റെയും സ്രോതസ് ഗ്രീസാണെന്ന് സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഗവേഷകന്മാര്‍ വരെ പറഞ്ഞേക്കും. എന്നാല്‍, ഇതൊരു തെറ്റായ ധാരണയാണെന്ന് സമര്‍ഥിച്ച് പാശ്ചാത്യ ബുദ്ധിജീവികളെ ഞെട്ടിച്ച ഗവേഷകനായിരുന്നു പ്രഫ. മാര്‍ട്ടിന്‍ ബെര്‍ണല്‍ (1937-2013). എഴുപത്താറാം വയസ്സില്‍ കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ബെര്‍ണല്‍ നിര്യാതനായി.
ഗ്രീക്കുകാര്‍ക്ക് നാഗരികതയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത് ഈജിപ്താണെന്ന് വാദിച്ചാല്‍ യൂറോ സെന്‍ട്രിസത്തി(സര്‍വ പുരോഗതിയും യൂറോപ്പിനെ കേന്ദ്രീകരിച്ചാണെന്ന വാദം)ല്‍ മൂക്കുത്തി കിടക്കുന്ന പാശ്ചാത്യ അക്കാദമീഷ്യന്മാര്‍ ക്ഷോഭിക്കാതിരിക്കുമോ?
പക്ഷേ, ഒച്ചയിട്ട് തോല്‍പിക്കാവുന്ന തരക്കാരനായിരുന്നില്ല പ്രഫ. ബെര്‍ണല്‍. അമേരിക്കയിലെ ഏറ്റവും നിലവാരമുള്ള യൂനിവേഴ്‌സിറ്റികളിലൊന്നായ കോര്‍ണലിലെ പ്രഫസര്‍ പദവി അത്ര നിസ്സാരമായ ഒന്നല്ലല്ലോ. കൂടാതെ തന്റെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ എണ്ണൂറോളം പേജുകളുള്ള മൂന്ന് വാള്യങ്ങള്‍ രചിക്കുകയും ചെയ്തു (Black Athena vol:1,2,3). കൂടാതെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മറ്റൊരു വാള്യം കൂടി (Black Athena writers Back). ഇതിലും ഉപരിയായി ചൈനീസ്, ഫ്രഞ്ച്, ഗ്രീക്ക്, ഹീബ്രു, ചിചിവ, വിയറ്റ്‌നാമീസ്, ജാപ്പാനീസ്, ഈജിപ്ഷ്യന്‍ എന്നിത്യാദി ഭാഷകളും വശമുള്ളയാളാണ്.
നാഗരികതയുടെ സ്രോതസ്സായി യൂറോപ്യന്മാര്‍ കണക്കാക്കുന്നത് ഗ്രീസിനെയാണ്. ഇന്ത്യ, ചൈന, ഇസ്‌ലാമിക നാഗരികതകള്‍ക്ക് അതില്‍ പങ്കാളിത്തം അനുവദിക്കാന്‍ അവര്‍ തയാറല്ല. മറ്റേതെങ്കിലും സംസ്‌കാരങ്ങളോട് യൂറോപ്യന്മാര്‍ക്ക് കടപ്പാടില്ലെന്നും മറ്റുള്ളവരെല്ലാം നാഗരികതയുടെ ബാലപാഠങ്ങള്‍ പോലും അഭ്യസിക്കേണ്ടത് യൂറോപ്യന്മാരില്‍ നിന്നാണെന്നുമുള്ള മനോഭാവം നവോത്ഥാനത്തെ തുടര്‍ന്നാണ് ശക്തമായത്. ഇത് പാശ്ചാത്യ കാഴ്ചപ്പാടിന്റെ മര്‍മമായി നിലനില്‍ക്കെ ഗ്രീസിലെ നായകന്മാര്‍ ഈജിപ്ഷ്യന്‍ അലക്‌സാണ്ട്രിയയിലെ വിദ്യാര്‍ഥികളായിരുന്നു എന്ന മട്ടില്‍ വാദമുയര്‍ന്നാല്‍ ധൈഷണികമായി ദഹനക്കുറവുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ തെളിവുകള്‍ പരിശോധിച്ചാല്‍ ബെര്‍ണലിന്റെ നിഗമനങ്ങള്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്നും ഗ്രഹിക്കാനാവും.
ഇന്നത്തെ ചരിത്രകാരന്മാര്‍ എന്തു പറയുന്നുവെന്നതിനേക്കാള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായത് ഗ്രീക്കുകാരെപ്പറ്റി ഗ്രീക്കുകാര്‍ എന്തു കരുതി എന്നതാണ്. മധ്യ യൂറോപ്പില്‍ നിന്നുള്ള ആര്യന്‍ വംശജരാണ് ഗ്രീക്ക് നാഗരികത കെട്ടിപ്പടുത്തതെന്ന നടപ്പുധാരണ ബെര്‍ണല്‍ തള്ളി. പകരം ഈജിപ്തുകാരും ഫിനീഷ്യക്കാരു(ഇന്നത്തെ ലബനാന്‍)മാണ് ഇതിനു പിന്നിലെ സ്രോതസ്സെന്ന നിഗമനം മുന്നോട്ടുവെച്ചു. ഗ്രീക്കുകാര്‍ തന്നെയും അങ്ങനെയാണ് കരുതിയതെന്നും യാഥാര്‍ഥ്യം അതാണെന്നും അദ്ദേഹം ഉറപ്പിക്കുന്നു.
ചരിത്രകാരന്മാരുടെ പിതാവായി കണക്കാക്കപ്പെടുന്ന ഹെറോഡോട്ടസ് (484-425 ബി.സി) എന്തെഴുതിയെന്ന് നോക്കാം. തന്റെ അന്വേഷണങ്ങള്‍ക്ക് ഗ്രീക്കു ഭാഷയില്‍ 'ഹിസ്റ്ററിയ' എന്ന് ഇദ്ദേഹം പ്രയോഗിച്ചതാണ് ലാറ്റിനിലൂടെ ആധുനിക 'ഹിസ്റ്ററി' എന്ന പഠനശാഖയായത്. ഗ്രീക്ക്-പേര്‍ഷ്യന്‍ യുദ്ധങ്ങളുടെ കാരണം തേടിയാണ് ഹെറോഡോട്ടസ് ഇറങ്ങിയതും ജനസമൂഹങ്ങളെപ്പറ്റി പലതും കുറിച്ചിടാന്‍ ഇടയായതും എന്ന കാര്യം ശ്രദ്ധിക്കുക.
ഹെറോഡോട്ടസ് തന്റെ കൃതിയുടെ രണ്ടാം അധ്യായത്തില്‍ (ബുക്ക് 2:4) സൗരവര്‍ഷം കണ്ടുപിടിച്ചത് ഈജിപ്തുകാരാണെന്ന് അഭിപ്രായപ്പെടുന്നു. പ്രാചീന ഈജിപ്തിലെ നഗരമായ ഹീലിയൊപൊളിസുകാരുടെ (ഇപ്പോഴത്തെ മത്വരിയ്യ ജില്ല) വീക്ഷണം എന്ന നിലക്കാണ് ഹെറോഡോട്ടസ് ഇക്കാര്യം അവതരിപ്പിക്കുന്നത്. എങ്കിലും ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ ഏറെ അവഗാഹമുള്ളവരാണ് ഇവരെന്ന് ഹെറോഡോട്ടസ് ആദ്യമേ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഗ്രീക്കുകാരേക്കാള്‍ സമര്‍ഥമായാണ് ഈജിപ്തുകാര്‍ കാലഗണന നടത്തുന്നതെന്ന് സ്വന്തം അഭിപ്രായം എന്ന നിലക്കുതന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നു തന്നെയല്ല ഈജിപ്തുകാര്‍ അവരുടെ രാജ്യത്തെക്കുറിച്ചു പറഞ്ഞത് തനിക്ക് യുക്തിഭദ്രമായി തോന്നി എന്ന് ഹെറോഡോട്ടസ് വീണ്ടും കുറിച്ചിട്ടുണ്ട് (മാര്‍ട്ടിന്‍ ബെര്‍ണലിന്റെ 'ബ്ലാക്ക് അഥീന'യാണ് ഹെറോഡോട്ടസിന്റെ കൃതി വായിക്കാന്‍ എനിക്ക് പ്രേരണയായത്. അദ്ദേഹത്തിന്റെ വാദങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ അതുപകരിച്ചു). സര്‍വോപരി ഈജിപ്തുകാരുടെ ദേവന്മാരെയാണ് പിന്നീട് ഗ്രീക്കുകാര്‍ കടമെടുത്തതെന്ന് പോലും ഹെറോഡോട്ടസ് കുറിക്കുന്നുണ്ട്.
ഗ്രീസിനെക്കുറിച്ചുള്ള ഗ്രീക്കുകാരുടെ തന്നെ വീക്ഷണങ്ങളാണ് ശരിയെന്നും ഈ ചരിത്ര വീക്ഷണമാണ് ('Ancient Model' എന്നാണ് ബെര്‍ണലിന്റെ പ്രയോഗം) യൂറോപ്പിലെ തന്നെ ചരിത്രകാരന്മാര്‍ മുമ്പ് അംഗീകരിച്ചതെന്നും ഈ കാഴ്ചപ്പാട് പുറംതള്ളപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടില്‍ ആര്യന്‍ വംശീയവാദം യൂറോപ്പില്‍ ശക്തമായതോടെയാണെന്നും അദ്ദേഹം കണ്ടെത്തുന്നു. 'ബ്ലാക്ക് അഥീന'യുടെ ഒന്നാം വാള്യത്തില്‍ ഏറെ പേജുകളിലായി ഇത് സംഭവിച്ചതിന്റെ വിശദമായ പ്രതിപാദനം കാണാം. ഇന്തോ-യൂറോപ്യന്‍ വംശത്തിന്റെ മഹത്വം സ്ഥാപിക്കാനുള്ള തിരക്കില്‍ ആര്യ ഇതര വിഭാഗങ്ങളുടെ സംഭാവനകളുടെ തമസ്‌കരണത്തിന് വീര്യം കൂടി. ആര്യന്മാരുടെ തറവാട് ഇന്ത്യാ ഉപഭൂഖണ്ഡത്തിലാണെന്ന ധാരണയില്‍ അത് ശാസ്ത്രീയമായി തെളിയിക്കാന്‍ ഒരു സംഘം നരവംശശാസ്ത്രജ്ഞരെ ഹിറ്റ്‌ലര്‍ തിബറ്റിലേക്ക് അയച്ച സംഭവം പോലുമുണ്ടായി (കേട്ടറിവുപോലുമില്ലാത്തതു കൊണ്ട് ഇതൊരു ഗൂഢാലോചനാ സിദ്ധാന്തമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. നാസി ചരിത്രരേഖകളെ ആസ്പദമാക്കി ഒന്നിലേറെ കൃതികള്‍ ഇതു സംബന്ധമായി ഇറങ്ങിയിട്ടുണ്ട്).
ബെര്‍ണലിന്റെ വീക്ഷണങ്ങള്‍ക്ക് വ്യക്തമായ ഒരു പശ്ചാത്തലമുണ്ട്. യൂറോ സെന്‍ട്രിസത്തിന്റെ മധ്യത്തില്‍ പൊടുന്നനെ പൊട്ടിമുളച്ചതല്ല ഇവയൊന്നും. ആഫ്രിക്കന്‍ നാഗരികതയുടെ സംഭാവനകളെപ്പറ്റി ധാരാളം എഴുതിയ ഡോ. ശൈഖ് ആന്റോ ഡിയോപ്പ് (1923-1986) ബെര്‍ണലിന്റെ മുന്‍ഗാമിയായിരുന്നു. ആഫ്രിക്കക്ക് ചരിത്രമില്ലെന്ന് തുറന്നടിക്കുന്ന പുസ്തകങ്ങള്‍ രചിക്കുകയും പഠിപ്പിക്കുകയും ചെയ്ത യൂറോപ്യന്‍ അക്കാദമീഷ്യന്മാരെ ആഫ്രിക്കക്ക് ചരിത്രത്തിലുമുപരി സംസ്‌കാരവും നാഗരികതയുമുണ്ടെന്ന് സമര്‍ഥിച്ച ഗവേഷകനായിരുന്നു ഡിയോപ്. പശ്ചിമ ആഫ്രിക്കയിലെ സെനിഗളില്‍ നിന്നും ഇരുപത്തിമൂന്നാം വയസ്സില്‍ പാരീസിലെത്തി സൊര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടര്‍ ബിരുദമെടുത്തു ഡിയോപ്. നേരത്തേ ശാസ്ത്ര വിഷയങ്ങളില്‍ ഡിപ്ലോമയുള്ളതുകൊണ്ടാകാം ആ മേഖലയിലായി പിന്നീടുള്ള ശ്രദ്ധ. പാരീസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേരിക്യൂറിയില്‍ ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ഗവേഷണങ്ങള്‍ തുടരുകയാണദ്ദേഹം ചെയ്തത്. ശാസ്ത്രത്തിലും മാനവിക വിഷയങ്ങളിലും അവഗാഹം നേടിയതുകൊണ്ടാകാം ഇന്റര്‍നെറ്റ് എന്‍സൈക്ലോപീഡിയ വിക്കിയില്‍ അദ്ദേഹത്തെ ചരിത്രകാരന്‍, നരവംശജ്ഞന്‍, ഫിസിസിസ്റ്റ്, പൊളിറ്റീഷ്യന്‍ എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മാത്രമല്ല, മാര്‍ട്ടിന്‍ ബെര്‍ണലിനേക്കാള്‍ ദീര്‍ഘമായ വിവരണമാണ് ഇദ്ദേഹത്തെപ്പറ്റി വിക്കിയില്‍ കാണുന്നത്.
അക്കാദമിക് നരവംശശാസ്ത്രജ്ഞനല്ലെങ്കിലും പ്രാചീന ഈജിപ്തുകാരുടെ വംശപരമായ പാരമ്പര്യത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ പ്രബന്ധാവതരണത്തിന് ഐക്യരാഷ്ട്രസഭ തന്നെ അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. ഇതില്‍ പ്രചാരത്തിലുള്ള പല സങ്കല്‍പങ്ങളെയും ഡിയോപ് തിരുത്തുകയുണ്ടായി. പാരീസിലെ ഗവേഷണങ്ങള്‍ക്കു ശേഷം 1960-കളില്‍ ഡോ. ഡിയോപ് സെനിഗളിലേക്ക് മടങ്ങി. അവിടെ റേഡിയോ കാര്‍ബണ്‍ ലബോറട്ടറിയുടെ ഡയറക്ടറായി ചുതമലയേറ്റു. ദീര്‍ഘകാലത്തെ പഠന-പര്യവേക്ഷണങ്ങള്‍ക്കിടയില്‍ ഫ്രഞ്ച് ഭാഷയില്‍ ധാരാളം എഴുതിയ അദ്ദേഹം യൂറോപ്യന്‍ മഹിമാവാദത്തെ തലങ്ങും വിലങ്ങും ഖണ്ഡിച്ചതായി കാണാം (അമേരിക്കയിലെ തേര്‍ഡ് വേള്‍ഡ് പ്രസ്സും ജേര്‍ണല്‍ ഓഫ് ആഫ്രിക്കന്‍ സിവിലൈസേഷന്‍സും ഇവ ഭാഷാന്തരപ്പെടുത്തി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
ഡിയോപ്പിനൊപ്പം പരിഗണിക്കാവുന്ന, കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയിലെ ലോക പ്രശസ്തനായ ഈജിപ്‌റ്റോളജിസ്റ്റായി കണക്കാക്കപ്പെടുന്ന പ്രഫ. ബെന്‍-ജൊ കാനനും ബെര്‍ണലിന്റെ ആശയപരമായ സഹചാരിയായി പരിഗണനയര്‍ഹിക്കുന്നു. യൂറോ സെന്‍ട്രിസത്തെ ചോദ്യം ചെയ്ത് അതിന്റെ പൊള്ളത്തരങ്ങള്‍ ധൈഷണിക മേന്മയോടെ തുറന്നുകാട്ടിയവരുടെ നിര ഇന്ന് വളരെ നീണ്ടതാണ്. അമേരിക്കന്‍ സോഷ്യോളജിസ്റ്റും ചരിത്രകാരനുമൊക്കെയായ ഡുബോയ്ഡ് (1868-1963) തുടങ്ങി മൊലെഫി അസന്റ, വാന്‍-സെര്‍ട്ടിമ, ജോര്‍ജ് ജെയിംസ്, ഹെന്റിക് ക്ലാര്‍ക്ക്, ചാന്‍സലര്‍ വില്യംസ്, വാര്‍ഡ് ചര്‍ച്ചില്‍ വരെയുള്ള വലിയൊരു നിരയുണ്ട്.
ആധുനിക യൂറോപ്യന്‍ ചരിത്ര രചനയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കൃതിയായി ബെര്‍ണലിന്റെ 'ബ്ലാക്ക് അഥീന' വിലയിരുത്തപ്പെടുന്നു. ഒരു പക്ഷേ, ഇനിയും ദശകങ്ങള്‍ അതേപ്പറ്റിയുള്ള സംവാദങ്ങള്‍ തുടര്‍ന്നേക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍