'ക്ഷമിക്കണം' എന്നൊരു വാക്ക്
ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസി (റ) അദ്ദേഹത്തോട് വിരോധം വെച്ചുപുലര്‍ത്തിയിരുന്ന പണ്ഡിതനോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്ന ഒരു സംഭവം 'മദാരിജുസ്സാലിക്കീന്‍' എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്:
'കിട്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഇമാമിനെ വളരെയധികം ഉപദ്രവിക്കുന്നവനായിരുന്നു ഈ പണ്ഡിതന്‍. തീരെ പ്രതിപക്ഷ ബഹുമാനമില്ലാതെ മൂര്‍ച്ചയേറിയ പദങ്ങളുപയോഗിച്ച് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല അയാള്‍. ചെറിയ ചെറിയ കര്‍മശാസ്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ പോലും ഇമാമിനെ പഴിക്കാന്‍ അയാള്‍ മിടുക്കുകാട്ടി. അങ്ങനെ കാലം കഴിയവെ, ഈ പണ്ഡിതന്‍ മരണപ്പെട്ടു. പ്രസ്തുത വിവരം ഇമാമിനെ അറിയിക്കാന്‍ അനുയായികളിലൊരാള്‍ പാഞ്ഞെത്തി. അത്യധികം ആഹ്ലാദ ചിത്തനായി ഇമാമിനടുത്തെത്തിയ ആളോട് ഇമാം പറഞ്ഞു: ''ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. ആരുടെ മരണത്തിലും സന്തോഷിക്കാന്‍ നമുക്ക് വകയില്ല. ജനനവും മരണവും അല്ലാഹുവിന്റെ പക്കല്‍ രേഖപ്പെടുത്തപ്പെട്ട സംഗതികളാണ്. അവന്റെ കൃത്യമായ സമയത്തിനനുസരിച്ച് അവ നടക്കും.'' തുടര്‍ന്നദ്ദേഹം പരേതന്റെ വീട്ടിലേക്ക് വഴി കാണിക്കാന്‍ അനുയായിയോടാവശ്യപ്പെട്ടു. വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് അദ്ദേഹം മൊഴിഞ്ഞു: ''ഇനി മുതല്‍ നിങ്ങള്‍ക്ക് ഞാനുണ്ട്. നിങ്ങളുടെ കുടുംബനാഥന്റെ സ്ഥാനത്ത് എന്നെ കാണണം. എന്താവശ്യമുണ്ടെങ്കിലും വിവരമറിയിക്കണം.'' ആ കുടംബാംഗങ്ങളും അവിടെ കൂടിയിരുന്നവരും ഇമാമിന്റെ മഹാ മനസ്‌കതക്ക് മുന്നില്‍ അത്ഭുത സ്തബ്ധരായി (മദാരിജു സ്സാലിക്കീന്‍, ഭാഗം 2, പേജ് 345).
രണ്ടാളുകള്‍ തമ്മിലുള്ള ഒരു സ്വത്തുതര്‍ക്കത്തിന്റെ കഥ ഈയിടെ ഒരു സുഹൃത്ത് പങ്കുവെച്ചു. അയല്‍വാസികളായിരുന്ന അവര്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനിന്ന അതിര്‍ത്തിത്തര്‍ക്കം വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. രണ്ടു കുടുംബങ്ങള്‍ മാനസികമായി വളരെ അകന്നു. ഇതിലൊരാള്‍ക്ക് തന്റെ ഭൂമി അത്യാവശ്യമായി വില്‍ക്കേണ്ടതായി വന്നു. നാട്ടില്‍ മുഴുവന്‍ പാട്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ അയാള്‍ ചോദിച്ച വില നല്‍കാന്‍ ആരും തയാറായില്ലെന്ന് മാത്രമല്ല, പലരും തര്‍ക്കമുള്ള ഭൂമി വേണ്ടെന്ന് തന്നെ തീര്‍ത്തുപറഞ്ഞു. അവസാനം അന്നാട്ടിലെ ഒരു നല്ല മനുഷ്യന്‍ ആ ഭൂമി വാങ്ങാന്‍ മുന്നോട്ടു വന്നു. തര്‍ക്കത്തിന്റെ പേരുപറഞ്ഞ് ആളുകള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതൊന്നും വകവെക്കാതെ അയാള്‍ ഭൂമി വാങ്ങാന്‍ തന്നെ തീരുമാനിച്ചു. ഉടമസ്ഥന് അഡ്വാന്‍സ് കൊടുത്ത ശേഷം നേരെ അയല്‍വാസിയുടെ അടുത്ത് ചെന്ന് അതിര്‍ത്തിതര്‍ക്കത്തിന്റെ കഥയന്വേഷിച്ചു. വേലി ഒരല്‍പം മാറ്റിക്കെട്ടുന്നിടത്തായിരുന്നു അയാളുടെ പ്രശ്‌നം! ഒരു തുണ്ട് ഭൂമി മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് ആ നല്ല മനുഷ്യന്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു. സ്വന്തത്തിനും അയല്‍വാസിക്കും നാട്ടുകാര്‍ക്കും മനസ്സമാധാനം തിരിച്ചു നല്‍കി.
വളരെ നിസ്സാരമായ ഈഗോ ക്ലാഷുകള്‍ നമ്മുടെ അമൂല്യമായ ജീവിതത്തില്‍ വരുത്തിത്തീര്‍ക്കുന്ന തീരാനഷ്ടത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ അനുഭവം പറഞ്ഞുവെച്ചത്. 'ക്ഷമിക്കണം' എന്ന വാക്ക് സ്ഥാനത്തുച്ചരിക്കാന്‍ നമുക്കാകുമെങ്കില്‍ അനാവശ്യമായ ധാരാളം മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നല്ല, ഒരിക്കലും കടന്നുചെല്ലാന്‍ സാധിക്കില്ലെന്ന് നാം കണക്കാക്കിയിരുന്ന പല ഇടങ്ങളിലും സ്വതന്ത്രമായി വിഹരിക്കാനുള്ള താക്കോല്‍ കൂടിയാകും അത്. കുടുംബത്തിനകത്താണിത് ഏറ്റവുമധികം പ്രസക്തമായിട്ടുള്ളത്. കുടുംബ പ്രശ്‌നങ്ങള്‍ ധാരാളമായി കൈകാര്യം ചെയ്യുന്ന മനശ്ശാസ്ത്ര കൗണ്‍സലര്‍മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, നിസ്സാര പ്രശ്‌നങ്ങളാണ് പല ബന്ധങ്ങളെയും തകര്‍ക്കുന്നത് എന്നത്. ദമ്പതികളാരെങ്കിലും വിട്ടുവീഴ്ചക്ക് തയാറായിട്ടുണ്ടെങ്കില്‍ എളുപ്പത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നം പക്ഷേ, വിട്ടുകൊടുക്കില്ലെന്ന രണ്ടാളുടെയും വാശി കാരണമായി പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നു. അതിനിടയില്‍ പുതിയ പ്രശ്‌നങ്ങളും കടന്നുവരുന്നതോടെ അകല്‍ച്ചക്ക് കനം വര്‍ധിക്കുന്നു. പുതിയ പ്രശ്‌നങ്ങള്‍ക്കിടയില്‍ പഴയ പ്രശ്‌നത്തിലേക്കുള്ള ദുസ്സൂചനകള്‍ ഇരുവരും ധാരാളമായി ഉപയോഗിക്കുന്നു. അവസാനം ഒരിക്കലും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കതെത്തിപ്പെടുന്നു. പിന്നെ വിവാഹമോചനം മാത്രം പരിഹാരം എന്ന് രണ്ടു പേരും സ്വാഭാവികമായും തീരുമാനിക്കുകയും ചെയ്യുന്നു.
പ്രവാചകന്‍ തിരുമേനി (സ) തന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട രീതികള്‍ ഇവിടെ സ്മരണീയമാണ്. ഒരിക്കല്‍ രാത്രിയില്‍ പ്രവാചകനെ കിടക്കയില്‍ കാണാതിരുന്ന ആഇശ (റ) അദ്ദേഹത്തെ അന്വേഷിച്ച് പുറപ്പെടുന്ന ഒരു രംഗം ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. വാതില്‍ തുറന്ന് പുറത്തിറങ്ങുന്ന പ്രവാചകനെ ആഇശയും പിന്തുടരുന്നു. അവസാനം ജന്നത്തുല്‍ ബഖീഇല്‍ മരണപ്പെട്ടുപോയ തന്റെ സഖാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച് തിരിച്ചുവരുന്ന പ്രവാചകന്‍ ആഇശ(റ)യെ കാണുന്നു. എന്നാല്‍, തിരുമേനി തന്നെ കണ്ടിട്ടില്ലെന്നു കരുതി തിരികെവന്ന ആഇശ(റ) ഉറക്കം അഭിനയിച്ചു കിടക്കുമ്പോള്‍ പ്രവാചകന്‍(സ) തിരികെയെത്തി അവരോട് സംയമനം കൈവിടാതെ ചോദിക്കുന്നു: 'എന്താ ആഇശാ, ഈ സന്ദേഹത്തിന് കാരണം? നിന്റെ ശൈത്താന്‍ നിന്നോടൊപ്പം കൂടിയോ?' അതുകേട്ട ആഇശ (റ) ഉടന്‍ പ്രതികരിക്കുന്നു: 'അപ്പോള്‍ പ്രവാചകരേ, താങ്കള്‍ക്ക് ശൈത്താനില്ലേ?' തിരുമേനിയുടെ മറുപടി: 'ഉണ്ട്. പക്ഷേ അല്ലാഹു എന്നെ അനുഗ്രഹിക്കുകയും അവനെ മുസ്‌ലിമാക്കിത്തരികയും ചെയ്തിരിക്കുന്നു!' ഈ രംഗം സാധാരണ ഒരു കുടുംബത്തില്‍ എങ്ങനെയാണ് അരങ്ങേറുകയെന്ന് ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം നമുക്കൊക്കെ ഊഹിക്കാന്‍ കഴിയും. നല്ലൊരു കാര്യത്തിനിറങ്ങിത്തിരിച്ച തന്നെ സംശയിച്ച (തനിക്കനുവദിച്ച് കിട്ടിയ രാത്രിയില്‍ പ്രവാചകന്‍ (സ) മറ്റു ഭാര്യാ വീടുകളില്‍ പോകുന്നുണ്ടോയെന്നതായിരുന്നു ആഇശ(റ)യുടെ സംശയം) സഹധര്‍മിണിയെ അല്‍പം ഫലിതം കലര്‍ന്ന ശൈലിയില്‍ ചോദ്യം ചെയ്യുന്ന പ്രവാചകന്‍ (സ). അദ്ദേഹത്തിന്റെ ചോദ്യം പിടിക്കാത്തതുപോലെ, അതിനു പകരം മറ്റൊരു ചോദ്യമുന്നയിക്കുന്ന ആഇശ(റ). അതിനെയും സംയമനത്തോടെയും യുക്തിഭദ്രമായും നേരിടുന്നു പ്രവാചകന്‍ (സ) വീണ്ടും. അവിടെ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല. ദമ്പതികള്‍ പരസ്പരം അറിഞ്ഞും അടുത്തും ഇടപഴകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിത്തരുന്നു ഈ പ്രവാചക മാതൃക.
മറ്റൊരിക്കല്‍ പ്രവാചകനോട് ഉച്ചത്തില്‍ സംസാരിക്കുന്ന ആഇശയെക്കുറിച്ചറിഞ്ഞ അവരുടെ പിതാവ് അബൂബക്ര്‍ (റ) ഗുണദോഷിക്കാന്‍ തിരുമേനിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നു. എന്നാല്‍, അബൂബക്‌റിന്റെയും ആഇശയുടെയും മധ്യത്തില്‍ കയറി നിന്ന് തിരുമേനി അവരെ പിതാവിന്റെ ശകാരത്തില്‍ നിന്ന് രക്ഷിക്കുന്നു. അബൂബക്ര്‍ (റ) അവരെ വിട്ടുപോയപ്പോള്‍ നബി (സ) ആഇശയോട്: 'കണ്ടോ ഞാനെങ്ങനെയാണ് നിന്നെ അദ്ദേഹത്തില്‍ നിന്നും രക്ഷിച്ചത്?' അതുകേട്ട് ആഇശ ചിരിച്ചു, പ്രവാചകനും. രണ്ടു പേരുടെയും ചിരികേട്ട് തിരിച്ചുവന്ന അബൂബക്‌റും ആ ചിരിയില്‍ പങ്കുചേരുന്നു. സ്‌ഫോടനാത്മകമായ അന്തരീക്ഷത്തെ സ്‌നേഹത്തിന്റെ മധുരിമയില്‍ ചാലിച്ച, മൃദുവായ ഇടപെടലുകളിലൂടെ ആഹ്ലാദത്തിന്റെ അനര്‍ഘനിമിഷങ്ങളായി മാറ്റിമറിക്കുന്ന പ്രവാചകന്റെ മഹിത മാതൃകകള്‍ ജീവിതത്തില്‍ പാലിച്ചിരുന്നുവെങ്കില്‍ അറ്റുപോയ പല ബന്ധങ്ങളും വിളക്കിച്ചേര്‍ക്കാനവ ധാരാളമായിരുന്നു.
അസ്ഥാനത്തുള്ള നമ്മുടെ ഈഗോ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരിടമാണിന്ന് പൊതുനിരത്തുകള്‍. 'റോഡ് റേജ്' എന്ന ഒരു പ്രയോഗം തന്നെ കടന്നുവരാനുള്ള കാരണം, വഴി ഉപയോഗിക്കുന്നിടത്ത് 'വിട്ടുകൊടുക്കില്ലാ'യെന്ന മനോഭാവം ഏറിവരുന്നതാണ്. കേരളത്തിലെ റോഡുകളില്‍ ട്രാഫിക് സിഗ്‌നലുകളുടെയടുത്ത് വാഹനങ്ങള്‍ നിറുത്തിയിടുന്ന രീതി ശ്രദ്ധിച്ചാല്‍ ഇതെളുപ്പം ബോധ്യമാകും. രണ്ടു ലൈനുകളുള്ള റോഡില്‍ നാലും അഞ്ചും ലൈനുകളിലാണ് എല്ലാവരുടെയും നില്‍പ്! എല്ലാവര്‍ക്കും ആദ്യം പോകാനാണ് ഈ ഏര്‍പ്പാട്. ഫലത്തില്‍ എല്ലാവരും വൈകുന്നു. കൂട്ടത്തില്‍ പല വാഹനങ്ങള്‍ക്കും യാത്രികര്‍ക്കുമൊക്കെ പരിക്കേല്‍ക്കാനും ഇത് കാരണമാകുന്നു. ഇത് ഏതെങ്കിലും ഒരു നാടിന് മാത്രം പ്രത്യേകമായുള്ളതല്ലായെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പറഞ്ഞുതരും. ഒരു യൂറോപ്യന്‍ നഗരത്തില്‍, തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ യുവാവ് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെ മനഃപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വായിച്ചിട്ട് അധികം നാളായിട്ടില്ല. ഒരല്‍പം ക്ഷമയുണ്ടെങ്കില്‍, മറ്റുള്ളവന് മുന്‍ഗണന കൊടുക്കാനുള്ള ചെറിയൊരു വിശാലതയുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുഗമമായി, സമാധാനപരമായി യാത്ര ചെയ്യാന്‍ കഴിയുമെന്ന ലളിതപാഠം മനുഷ്യര്‍ മറന്നതിന്റെ തെളിവാണിതൊക്കെ. വാഹനമോടിക്കുമ്പോള്‍ ക്ഷമ കൈവിടുന്ന െ്രെഡവര്‍മാര്‍ക്ക് ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും അവരുടെ ആയുസ്സ് കുറയാന്‍ സാധ്യതയുണ്ടെന്നുമൊക്കെയുള്ള പഠനങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കുക.
വഴിയിലൂടെ നടന്നു പോകുമ്പോള്‍ തന്നെ അകാരണമായി ശകാരിക്കുകയും ചീത്തപറയുകയും ചെയ്ത ആളോട് ഇമാം സൈനുല്‍ ആബിദീന്‍ സ്വീകരിച്ച നിലപാട് ഇവിടെ പ്രസ്താവ്യമാണ്. ആളുകള്‍ അയാളെ തടയാന്‍ തുനിഞ്ഞപ്പോള്‍ അവരോടദ്ദേഹം പറഞ്ഞു: 'അയാള്‍ക്ക് എന്നെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അറിയൂ. ഏറെ അറിയുമായിരുന്നെങ്കില്‍ അയാള്‍ക്ക് ഇനിയും എന്നെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു.' തുടര്‍ന്ന് തന്നെ ശകാരിക്കുന്നയാളുടെ നേരെ തിരിഞ്ഞ് ഇമാം പറഞ്ഞു: 'സഹോദരാ, താങ്കള്‍ ഇവിടെ പറയാത്ത ചില കുറവുകളും കൂടി എന്നിലുണ്ട്. എന്റെ കുറവുകളെക്കുറിച്ച് ഓര്‍മിപ്പിച്ചതിനിതാ താങ്കള്‍ക്ക് ഞാന്‍ ആയിരം ദിര്‍ഹം സമ്മാനം നല്‍കുന്നു. കൂടാതെ എന്റെ ഈ വസ്ത്രവും താങ്കള്‍ക്കുള്ളതാണ്.' ഇതു പറഞ്ഞ് അദ്ദേഹം തന്റെ മേല്‍ക്കുപ്പായം ഊരി അയാള്‍ക്കു കൊടുത്തു. പശ്ചാത്താപവിവശനായ അയാള്‍ ഇമാമിനോട് ക്ഷമ ചോദിച്ചുവെന്നതാണ് സംഭവത്തിന്റെ പരിണാമഗുപ്തി.
ഈയടുത്ത് ഒരു പ്രമുഖ പ്രഭാഷകന്‍ തന്റെ പ്രസംഗ മധ്യേ ഉദ്ധരിച്ച രണ്ടു സംഭവങ്ങള്‍ കൂടി: ഒരു മുസ്‌ലിം മത സംഘടനയുടെ പൊതുയോഗം കഴിഞ്ഞ് ആളുകള്‍ രാത്രി തിരികെ വീടുകളിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നു. ബസ്സ്റ്റാന്റില്‍ നിറയെ ആളുകളുണ്ട്, സ്ത്രീകളും കുട്ടികളുമടക്കം. നിശ്ചിത സ്ഥലത്തേക്ക് പോകാനുള്ള ബസ് വന്ന് നിര്‍ത്തിയതും യുവാക്കളും കൈക്കരുത്തുള്ളവരുമായ ഈ ആളുകള്‍ തിക്കിത്തിരക്കി ബസിനകത്ത് കയറി സീറ്റ് മുഴുവന്‍ 'പിടിച്ചെടുത്തു.' നിസ്സഹായരായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയുമൊക്കെ പുറത്തുനിര്‍ത്തി മുത്തുനബിയുടെ അനുയായികള്‍ യാത്ര പുറപ്പെട്ടു!
മറ്റൊരിടത്ത്, ബസിനകത്ത് ഒരു ഒരു ചെറിയ കശപിശ നടക്കുകയാണ്. സീറ്റുമായി ബന്ധപ്പെട്ട് രണ്ടാളുകള്‍ ശണ്ഠ കൂടുകയാണ്, ആരാണ് ഒഴിവായ സീറ്റില്‍ ഇരിക്കേണ്ടതെന്നതിനെ ചൊല്ലി. തര്‍ക്കം മൂത്ത് പ്രശ്‌നം കൈക്കരുത്തിലേക്ക് കടക്കുമെന്ന ഘട്ടമെത്തി. ഉടനെ വരുന്നു പിറകില്‍ നിന്ന് ഒരു വിളി: 'മകനേ ഇങ്ങോട്ടു വരൂ, ഇതാ ഇവിടെയിരിക്കാം!' എല്ലാവരും തിരിഞ്ഞുനോക്കി. ഒരു ക്രിസ്തീയ പുരോഹിതന്‍! സ്‌നേഹമസൃണമായ സ്വരത്തില്‍ രണ്ടിലൊരാളെ ക്ഷണിക്കുകയാണ്, തന്റെ സീറ്റിലിരിക്കാന്‍. രണ്ടു സംഭവങ്ങളെയും താരതമ്യം ചെയ്ത് ഫലം കണ്ടെത്താനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുകയാണ്.
ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരാണ് ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗത്തിലേക്ക് ഓടിയടുക്കുന്ന ദൈവഭക്തര്‍ എന്ന് പരിശുദ്ധ ഖുര്‍ആന്‍. ഒരാള്‍ക്ക് മറ്റൊരാളുമായി പിണങ്ങി നില്‍ക്കാനുള്ള പരമാവധി സമയം മൂന്ന് ദിവസമാണെന്ന് പ്രവാചകവചനം. അവരില്‍ ആരാണ് പിണക്കം തീര്‍ക്കാന്‍ മുന്‍കൈയെടുത്ത് സലാം കൊണ്ടാരംഭിക്കുന്നത് അവനിലാണ് നന്മയെന്നും തിരുമേനി (സ). മനസ്സില്‍ വിദ്വേഷവും പകയുമില്ലാത്തവന്‍ ആരാധനാ കാര്യത്തില്‍ അല്‍പം പിറകിലാണെങ്കിലും സ്വര്‍ഗാവകാശിയാണെന്ന് ഒരിക്കല്‍ ഒരാളെത്തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ടു മൂന്ന് തവണ പറഞ്ഞു പ്രവാചകന്‍. ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ടല്ലോ: To err is human, to forgive is divine (തെറ്റു ചെയ്യുക മനുഷ്യ സഹജമാണ്, പക്ഷേ മാപ്പ് കൊടുക്കുന്നത് ദൈവിക ഗുണമാണ്). തന്റെ ഭൃത്യന് എത്ര തവണ പൊറുത്തുകൊടുക്കണമെന്ന അനുയായിയുടെ ചോദ്യത്തിന് എഴുപത് തവണയെന്ന് ഉത്തരം പറഞ്ഞ പ്രവാചകന്റെ (സ) സേവകന്‍ അനസ് (റ) പറഞ്ഞല്ലോ: ''ഞാന്‍ പ്രവാചകനെ 10 വര്‍ഷം സേവിച്ചു. ഒരിക്കല്‍ പോലും എന്നോട് തിരുമേനി 'ഛെ' എന്നുപോലും പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടിത് ചെയ്തില്ലെന്നും ചെയ്ത കാര്യത്തെക്കുറിച്ച് എന്തിനിത് ചെയ്തുവെന്നും ചോദിച്ചിട്ടില്ല''
അതേ, 'ക്ഷമിക്കണം' എന്നൊരു വാക്ക് നമുക്ക് തിരിച്ചുതരുന്നത് സമാധാനപൂര്‍ണമായ, സംതൃപ്തിദായകമായൊരു ജീവിതമായിരിക്കും!
[email protected]
Comments