Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 09

യുക്തിവാദികളുടെ ഫാഷിസ്റ്റ് ബാന്ധവം

ബാവ കെ. പാലുകുന്ന്, വയനാട്

യുക്തിവാദികളുടെ ഫാഷിസ്റ്റ് ബാന്ധവം

ബാവ കെ. പാലുകുന്ന്, വയനാട്

'ഇന്ത്യന്‍ ഫാഷിസത്തിന് വിടുപണി ചെയ്യുന്നവര്‍' എന്ന ശീര്‍ഷകത്തില്‍ പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച വി.എ മുഹമ്മദ് അശ്‌റഫിന്റെ ലേഖനം (ജൂണ്‍ 28) ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദിത ജനസമൂഹങ്ങള്‍ക്കും ഇസ്‌ലാമിനുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണയാളര്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ ഫാഷിസ്റ്റുകള്‍ക്കൊപ്പം നാസ്തികരും അണിനിരക്കുന്നത് ഇന്ന് വിസ്മയക്കാഴ്ചയല്ല. പുരോഗമനവാദികളും യുക്തിവാദികളുമായി കേരളീയ പൊതുമണ്ഡലത്തില്‍ നിറഞ്ഞാടുന്ന ചിലരും, തരംകിട്ടിയാല്‍ ഫാഷിസ്റ്റുകളുടെ അടുക്കളയില്‍ കയറിയിറങ്ങാന്‍ മടിയില്ലാത്തവരാണ്. ലൗ ജിഹാദ് വിവാദം, മാധവിക്കുട്ടിയുടെ മതംമാറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം സംഘ്പരിവാര്‍ മാധ്യമങ്ങളിലും വേദികളിലും പ്രത്യക്ഷപ്പെട്ട പലര്‍ക്കും യുക്തിവാദത്തിന്റെ മേലങ്കിയുണ്ടായിരുന്നു. യുക്തിവാദികളുടെ സംഘ്പരിവാര്‍ ബാന്ധവത്തിന് മകുടോദാഹരണമാണ് 2010 ജൂണ്‍ രണ്ടിന് കൊച്ചിയില്‍ നടന്ന സംയുക്ത പത്രസമ്മേളനം. പ്രവാചകനെ നിന്ദിക്കുന്ന 'ചിന്‍വാദ് പാലം' എന്ന ലഘുലേഖ വിതരണം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കാന്‍ അന്ന് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത് യുക്തിവാദി സംഘം, ഹിന്ദു ഐക്യവേദി എന്നിവയുടെ ഔദ്യോഗിക ഭാരവാഹികള്‍ ഒരുമിച്ചായിരുന്നു. ലേഖകന്‍ നിരീക്ഷിക്കുന്നതുപോലെ പൊള്ളുന്ന ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ഇസ്‌ലാംവിരുദ്ധ വിഷയങ്ങളില്‍ വര്‍ഗീയ ഫാഷിസ്റ്റുകളുടെ ചട്ടുകമായി മാറുകയും ചെയ്യുന്ന യുക്തിവാദികള്‍ക്ക് കേവല യുക്തി പോലും നഷ്ടമാവുന്നത് ലജ്ജാകരമാണ്.

അല്ലാഹുവിന്റെ ധനം പൂഴ്ത്തിവെക്കുന്നവര്‍

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍/

സകാത്തെന്ന പേരില്‍ ചില്ലറ കാശ് എറിഞ്ഞുകൊടുത്താല്‍ പിന്നെ ലക്ഷങ്ങളും കോടികളും തന്നിഷ്ടം പോലെ ചെലവഴിക്കാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന് ധരിക്കുന്നവരാണ് ഏറെ പേരും. വിവാഹത്തിനും ആഡംബരങ്ങള്‍ക്കും വാരിക്കോരി ചെലവഴിക്കുന്ന ഒരു മുതലാളി പറഞ്ഞത് 'ഞാന്‍ സകാത്ത് കൊടുത്തിട്ടുണ്ട്' എന്നായിരുന്നു. സകാത്ത് കൊടുത്തുകഴിഞ്ഞാല്‍ സമൂഹത്തോടുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ന്നു എന്ന പൊതുധാരണ അരക്കിട്ടുറപ്പിക്കുന്നതാണ് മുതലാളിയുടെ മറുപടി. അത്തരക്കാരുടെ കണ്ണു തുറപ്പിക്കുന്നതാണ് ഖാലിദ് മൂസാ നദ്‌വിയുടെ 'സകാത്തിന്റെ ദര്‍ശനം' (ലക്കം 2808).
ഇസ്‌ലാമിന്റെ സമ്പദ് ദര്‍ശനത്തിന്റെ പല അധ്യായങ്ങളില്‍ ഒരു അധ്യായം മാത്രമാണ് സകാത്ത് എന്ന വാചകം ശ്രദ്ധേയമാണ്. ഫൈഅ്, ഗനീമ, സ്വദഖ, ഹദ്‌യ, കഫ്ഫാറ, ഫിദ്‌യ, ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് എന്നീ ഓഹരികളെക്കുറിച്ചും ഇന്‍ഫാഖ് എന്ന പരിധിയില്ലാത്ത ഓഹരിയെക്കുറിച്ചുമുള്ള വിവരണം സകാത്തിന്റെ പേരില്‍ ചില്ലറ കൊടുത്താല്‍ രക്ഷപ്പെട്ടുവെന്ന് സമാധാനിച്ചിരിക്കുന്നവരുടെ കണ്ണു തുറപ്പിക്കും. അല്ലാഹു ഔദാര്യമായി നല്‍കിയ ധനം തന്റേതാണെന്ന് ധരിച്ച് ധിക്കാരപൂര്‍വം ചെലവഴിക്കുന്നവനോടുള്ള അല്ലാഹുവിന്റെ ചോദ്യം യുക്തിഭദ്രമാണ്. 'ആകാശഭൂമികളുടെ അടിസ്ഥാനാവകാശം അല്ലാഹുവിനുള്ളതാണെന്നിരിക്കെ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം' (57:10) എന്ന അല്ലാഹുവിന്റെ ചോദ്യത്തിനു മുമ്പില്‍, അല്‍പമെങ്കിലും സത്യസന്ധതയുള്ള ഏതു മുതലാളിയും വിറച്ചുപോകും.

 

വാക്‌സിനേഷന്‍: കൃത്യമായ മറുപടി വേണം

ഡോ. പി.എ കരീം

'മലപ്പുറത്തെ ടെറ്റനസ് കുട്ടികള്‍' (പ്രബോധനം 2013 ജൂലൈ 12) എന്ന പേരില്‍ വന്ന പ്രതികരണമാണ് ഈ കുറിപ്പിന് പ്രേരകം. അലോപ്പതിയുടെ പ്രതിരോധ മരുന്നുകള്‍ അപകട മുക്തമായിരുന്നുവെങ്കില്‍ നമുക്കത് ആവാമായിരുന്നു. പക്ഷേ, വാക്‌സിനേഷനിലൂടെ എയിഡ്‌സ്, ഷണ്ഡീകരണം, ഓട്ടിസം എന്നിവ പ്രതീക്ഷിക്കാമെന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ കേന്ദ്രീകൃത 'ആന്റി വാക്‌സിനേഷന്‍ ലീഗ്' പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം എന്തു ചെയ്യും? എഡ്‌വേര്‍ഡ് ഹൂപ്പര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എയിഡ്‌സും പോളിയോ വാക്‌സിനും തമ്മിലുള്ള ബന്ധം ആരോപിച്ചിട്ടുണ്ട്. യു.എന്‍ ഉദ്യോഗസ്ഥനും ബി.ബി.സിയുടെ ആഫ്രിക്കന്‍ ലേഖകനുമായിരുന്നു ഹൂപ്പര്‍. The River - A Journey back to the source of HIV and AIDS എന്ന അദ്ദേഹത്തിന്റെ പുസ്തകം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പോളിയോ മരുന്നിനെതിരില്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വൈറോളജിസ്റ്റാണ് ഡോ. ജേക്കബ് ജോണ്‍. പോളിയോ തുള്ളിമരുന്നിലൂടെ പോളിയോ രോഗം തന്നെ (VDPV, VAPP) പടര്‍ന്നുപിടിക്കുന്നു എന്നദ്ദേഹം പറയുന്നു (ദ ഹിന്ദു 2013 ജൂണ്‍13). കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പറയുന്നത് പോളിയോ മരുന്ന് തളര്‍ച്ചയും തലച്ചോറിന് മെനിഞ്ചൈറ്റിസ് ബാധയുമുണ്ടാക്കുമെന്നാണ്. ഇതിന് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ല എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് (1998 ഏപ്രില്‍ മുതല്‍ 1999 ഒക്‌ടോബര്‍ വരെയുള്ള മലയാള പത്രങ്ങള്‍ കാണുക). വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് കേരള ആരോഗ്യ വകുപ്പ് നല്‍കിയ മറുപടി നമ്മുടെ കൈവശമുണ്ട് (നം: യു.ഐ.പി 1/101480/09/ ആ.വ.ഡ തിരുവനന്തപുരം 11.01.2010).
ടെറ്റനസ് പ്രതിരോധ മരുന്ന് വഴി സന്ധിവേദന, നെഫ്രോസിസ്, ആനഫലൈറ്റിക് ഷോക്, മസില്‍-നാഡി വ്യൂഹ തകര്‍ച്ച, ശ്വാസ തടസ്സം, ഹാര്‍ട്ട് ഫെയിലിയര്‍, ബ്രെയിന്‍ ഡാമേജ് എന്നിവ പ്രതീക്ഷിക്കാമെന്ന് മെഡിക്കല്‍ ഗ്രന്ഥം (CIMS) പറയുന്നു. ഇതിനു പുറമെ വാക്‌സിനെടുത്ത് മരിക്കുന്നവരെയും തളരുന്നവരെയും ജനങ്ങള്‍ നിത്യവും വായിക്കുന്നുണ്ട്.
കേരളമൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ലോക രാജ്യങ്ങള്‍ മുഴുക്കെയും ഇസ്‌ലാമിക-മുസ്‌ലിം രാജ്യങ്ങളും സലഫികളും ശീഈകളും ഇമ്യൂണൈസേഷന്‍ പ്രോട്ടോകോളുകള്‍ കൃത്യമായി നടപ്പാക്കുന്നു എന്നതുകൊണ്ട് ആ മരുന്ന് ദോഷമില്ല എന്നോ അത് മാത്രമാണ് ആത്യന്തിക പ്രതിരോധമെന്നോ പറയാനാവില്ല. മലപ്പുറത്തേതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ വിരുദ്ധര്‍ കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലുണ്ട്. മുസ്‌ലിംകളിലേതിനേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളിലാണുള്ളത്. പക്ഷേ, മലപ്പുറത്താണ് പ്രശ്‌നമെന്ന് വരുത്തിത്തീര്‍ക്കാന്‍ പണിയെടുക്കുന്നവര്‍ക്ക് കോടാലി കൊടുക്കുകയാണ് പ്രതികരണക്കാരനെപ്പോലുള്ളവര്‍. പ്രതിരോധ മരുന്ന് എടുക്കുന്നില്ലെന്ന് മാത്രമല്ല, ചികിത്സിക്കാന്‍ പോലും കൂട്ടാക്കാത്ത മതവിശ്വാസികളാണ് പെന്തക്കോസ്തു വിഭാഗക്കാര്‍. അവരുടെ കുട്ടികള്‍ക്ക് എന്തുകൊണ്ട് ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നില്ല? അവര്‍ മരുന്നെടുക്കാത്തതിന്റെ പേരില്‍ ആ മതവിശ്വാസികള്‍ എന്തുകൊണ്ട് ആക്ഷേപിക്കപ്പെടുന്നില്ല? മെഡിക്കല്‍ കോളേജിലെ ക്രിസ്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് അപമാന ഭാരം എന്തുകൊണ്ട് ഉണ്ടാവുന്നില്ല?

ഹോളിഡേ മദ്‌റസകള്‍ അപ്രായോഗികമാണ്‌

മലിക് വീട്ടിക്കുന്ന് കയ്പമംഗലം

ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഹോളിഡെ മദ്‌റസകള്‍' എന്ന കുറിപ്പ് വായിച്ചു. 19 വര്‍ഷമായി മദ്‌റസ അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലക്ക് ആ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ കേവലം 'കണക്കിലെ കളികള്‍' മാത്രമാണ് എന്നാണ് എന്റെ അനുഭവം. വര്‍ഷത്തില്‍ 40 ഞായറാഴ്ചകള്‍, 30 അവധി ദിനങ്ങള്‍, 280 മണിക്കൂര്‍ പഠനം. എന്തൊരു സുന്ദരമായ ഭാവന! ഇക്കുറി 'മജ്‌ലിസ്' ഞായറാഴ്ച അവധി പ്രഖ്യാപിക്കും മുമ്പ് തന്നെ അതിനു വേണ്ടി വാദിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. കാരണം, ഏറ്റവും കുറവ് ഹാജര്‍ രേഖപ്പെടുത്തുന്ന ദിവസമാണത്. നമ്മുടെ നാട്ടിലെ സാഹചര്യമനുസരിച്ച് വിവാഹം, സല്‍ക്കാരം, വിരുന്ന്, പാര്‍ക്കല്‍ തുടങ്ങി നൂറു കണക്കിന് പരിപാടികള്‍ വരുന്ന ദിവസമാണ് ഞായറാഴ്ച. ഇത് കൂടാതെയാണ് കോച്ചിംഗ് ക്ലാസ്സുകള്‍, വിവിധ യോഗങ്ങള്‍, മറ്റു പരിപാടികള്‍ തുടങ്ങിയവ... ഫലത്തില്‍ അവധി ദിനമായ ഞായറാഴ്ച ഒട്ടും അവധിയില്ല! ഇനി വെക്കേഷനിലെ അവധി ദിനങ്ങളുടെ കാര്യമോ? മിക്ക സ്‌കൂളുകളും പതിനഞ്ചോ ഇരുപതോ ദിവസം മാത്രമാണ് അവധി നല്‍കുക. ഇതിനിടയിലും കമ്പ്യൂട്ടര്‍, അബാക്കസ്, വിവിധ എന്‍ട്രന്‍സ് കോച്ചിംഗുകള്‍ എന്നിവ ഉണ്ടാകും. പിന്നെ എവിടെയാണ് മേല്‍പ്പറഞ്ഞ മണിക്കൂറുകള്‍? മാത്രമല്ല, ദിവസവും കിട്ടുന്ന 10 മിനിറ്റും ആഴ്ചയിലോ മാസത്തിലോ മാത്രം കിട്ടുന്ന ഒരുപാട് മണിക്കൂറുകളും തമ്മിലുള്ള വ്യത്യാസം അധ്യാപകര്‍ക്ക് നന്നായിട്ടറിയാം. ആഴ്ചയില്‍ മാത്രം വരുന്ന കുട്ടികളെ വീണ്ടും വീണ്ടും 'അലിഫില്‍' നിന്ന് തുടങ്ങേണ്ട ഗതികേടാണ്. പിന്നെ, നിരന്തര ബന്ധത്തിലൂടെ ലഭിക്കേണ്ട ദീനീ വിദ്യാഭ്യാസം വല്ലപ്പോഴുമുള്ള സ്പൂണ്‍ ഫീഡിങ്ങിലൂടെ ലഭിക്കുമോ? ഇവിടെ മനഃസ്ഥിതിയാണ് പ്രധാനം. തന്റെ മക്കള്‍ ദീനീവിജ്ഞാനം കരഗതമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്ന രക്ഷിതാക്കള്‍ ഇപ്പോഴും മദ്‌റസകള്‍ സജീവമാക്കുന്നുണ്ട്. ഒരു കാര്യം കൂടി ചേര്‍ക്കട്ടെ: 'കൊടുങ്ങല്ലൂരില്‍ 60 ശതമാനത്തിലധികം മുസ്‌ലിം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂള്‍ സമയം മാറ്റി രാവിലെ 8 മണിക്കാക്കി. മദ്‌റസാ പഠനം അവതാളത്തിലായതോടെ സമസ്ത റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ സ്‌കൂളിലെത്തി. അധികൃതരോട് സംസാരിക്കവെ അവര്‍ പറഞ്ഞു. സ്‌കൂള്‍ സമയം മാറ്റില്ല. കാരണം, രക്ഷിതാക്കളുടെ ജനറല്‍ ബോഡി യോഗം വിളിച്ച് ഞങ്ങള്‍ വിഷയം അവതരിപ്പിച്ചിരുന്നു. പക്ഷേ, ഒരാള്‍ പോലും മദ്‌റസ വിഷയം പറഞ്ഞിട്ടില്ല.' ആലോചിച്ചു നോക്കൂ.. മനഃസ്ഥിതിയല്ലേ പ്രശ്‌നം?

ശകീല്‍ അഹ്മദ് മസ്‌കത്ത് /
അബ്ദുല്ല മന്‍ഹാമിന്റെ 'ഖുര്‍ആന്‍ പഠനത്തിന് പുതിയ രീതി' പ്രബോധനത്തില്‍ പ്രതീക്ഷിച്ച ഒരു പംക്തിയായിരുന്നു. തുടക്കക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഖുര്‍ആനിലേക്ക് അടുക്കാന്‍ ഈ രീതി സഹായകമാണ്. പല സ്ഥലങ്ങളിലും ഈ രീതിയിലുള്ള പാഠാവലിക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറബിക് ഗ്രാമറിന്റെ ആഴങ്ങളില്‍ പോകാതെ സാധാരണക്കാരന് ഖുര്‍ആനിലേക്ക് കടക്കാന്‍ ആവശ്യമായ ഗ്രാമര്‍ മാത്രം പഠിപ്പിക്കുകയും ആവര്‍ത്തിക്കുന്ന പദങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്ത് ആദ്യ പാഠങ്ങളില്‍ കൊടുക്കുകയും ചെയ്യുന്നത് തുടക്കക്കാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

സി. മുഹമ്മദ് കോയ പാലാഴി /
പ്രബോധനം ജൂലൈ 19-ല്‍ 'തടവറയില്‍ നിന്നൊരു റമദാന്‍ സന്ദേശം' എന്ന പുസ്തകത്തില്‍നിന്നെടുത്ത 'നോമ്പുകാലങ്ങളിലെ തടവിന്റെ നിറം ഇരുട്ടല്ലായിരുന്നു' എന്ന ലേഖനം വായിച്ചു. അബ്ദുന്നാസിര്‍ മഅ്ദനി ജയിലുകളിലനുഭവിച്ച യാതനകളുടെ ലഘുവിവരണം അമ്പരപ്പോടെ വായിച്ചുതീര്‍ത്തു. മഅ്ദനി അനുഭവിച്ച കഠിന യാതനയേക്കാള്‍ മനസ്സിനെ വേദനിപ്പിച്ചത് ജനാധിപത്യ ഇന്ത്യയിലെ അപരിഷ്‌കൃത നിയമങ്ങളെ സംബന്ധിച്ച അറിവായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായി സേലം ജയിലിലെ ഹൈ സെക്യൂരിറ്റി ബ്ലോക്കില്‍ പാര്‍പ്പിച്ച അബ്ദുന്നാസിര്‍ മഅ്ദനി അനുഭവിക്കേണ്ടിവന്ന അതിക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങള്‍, നമ്മുടെ നിയമവ്യവസ്ഥയുടെ മോശം അധ്യായങ്ങളല്ലെങ്കില്‍ മറ്റെന്താണ്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19 / മര്‍യം / 1-3
എ.വൈ.ആര്‍