8 ജിബി കുറെക്കൂടി നന്നാക്കാമായിരുന്നു
ഞങ്ങള്‍ കുറച്ചു പേര്‍ ഒരുമിച്ചിരുന്നാണ് സിനിമ കണ്ടത്. 8 ജിബി, എന്താണ് ഈ തലക്കെട്ടിന്റെ പൊരുള്‍? സിനിമ തീരുമ്പോള്‍ പരസ്പരം ചോദിച്ച ചോദ്യമാണ്. ഒരാള്‍ പറഞ്ഞു 5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ പേരാണ്... മറ്റൊരാള്‍ പറഞ്ഞു, പുതിയ കാലത്തെ ഒരു പേരാണ്, പിന്നൊരാള്‍, ഒരു പേരിലെന്തിരിക്കുന്നു?
ആര്‍ക്കും പിടി കിട്ടാത്ത തലക്കെട്ടുകള്‍ കാണിച്ച് ആളുകളെ അമ്പരപ്പിക്കുന്ന പതിവുണ്ട്, ആധുനികതയുടെ കാലത്തെ മലയാള കഥക്ക്. ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ പുതു കാലത്ത് അത്തരമൊരു സാധ്യതയാവുമോ തിരക്കഥാകൃത്തും സംവിധായകനും ആലോചിച്ചിരിക്കുക. അതല്ലെങ്കില്‍ പിന്നെ എന്തായിരിക്കും ഈ തലക്കെട്ടിന്റെ ഗുട്ടന്‍സ് ?
സിനിമയെ കൂടുതല്‍ വാച്ചബിള്‍ ആക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും, അശ്രദ്ധയുടെയോ പരിചയക്കുറവിന്റെയോ ഫലമായി സിനിമയെ പൊതുവില്‍ ഒരു കൃത്രിമത്വമോ അതിഭാവുകത്വമോ പിന്തുടരുന്നുണ്ട്. സിനിമയുടെ ഏകാഗ്രതയെ ഇതേറെ ബാധിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
പലയിടത്തും കൈവിട്ടു പോവുന്നുണ്ടെങ്കിലും ഒരുവിധം ആളെ പിടിച്ചിരുത്തുന്ന വിധത്തില്‍ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും സ്വാധീനിക്കുന്നുണ്ട് സംവിധായകന്‍ സുരേഷ് ഇരിങ്ങല്ലൂരും, അന്‍സാര്‍ നെടുമ്പാശേരിയും. കഥാപാത്രങ്ങളെ ബുദ്ധിപൂര്‍വം ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമാണ് കണ്ണന്‍ എന്ന കുട്ടിയുടെ ഗ്രൂപ്പിലേക്കുള്ള പ്രവേശനം. പത്രവിതരണം എന്ന് പറയുമ്പോള്‍ കേവലം 'മാധ്യമ' വിതരണവും വായനയും മാത്രമായത് ഒരുതരം സുഖിപ്പിക്കലായിട്ടാണ് തോന്നിയത്. മറ്റു പത്രങ്ങളും ഉള്‍പ്പെടുത്താമായിരുന്നു.
കുട്ടികളെ നന്മയുടെ പ്രതീകങ്ങളാക്കി ചിത്രീകരിക്കുമ്പോള്‍ അതിമാനുഷ ഹിന്ദി നായകരെ അനുകരിക്കലായി മറുന്നു. ഇന്നത്തെ കേരള അവസ്ഥ വെച്ച് വിലയിരുത്തുകയാണെങ്കില്‍ പലതും അതിശയോക്തിപരമാണ്.
അജ്മല്‍ എന്ന കുട്ടി ഇത്രയും വലിയ നന്മയുടെ പ്രതീകമായിട്ടും സ്വന്തം വല്യുപ്പാക്ക് അവനെയൊരു കള്ളനും താന്തോന്നിയുമായേ കാണാനാവുന്നുള്ളൂ. ഇതും പഴയ ഹിന്ദി സിനിമയെ അനുസ്മരപ്പിക്കുന്ന രീതിയാണ്. അപകടം സംഭവിച്ച കുട്ടി രക്ഷപ്പെട്ടപ്പോള്‍ അജ്മലിനെ കൊണ്ട് അതിവൈകാരികമായി അഭിനയിപ്പിച്ചതും അനുവാചകന്നു അരോചകമായി തോന്നിയിട്ടുണ്ട്.
ഇബ്രാഹിം കുട്ടിയുടെ കഥാപാത്രത്തിനു കുറച്ചുകൂടി ജീവന്‍ നല്‍കാമായിരുന്നു. അവിസന്ന പതിവുപോലെ 'കൊടിയത്തൂര്‍' സിനിമകളിലെപ്പോലെ ഇപ്പോഴും മസില് പിടിച്ചാണ് സംസാരിക്കുന്നത്. കപ്പലണ്ടി കച്ചവടം ചെയ്യുന്ന പയ്യന്റെ സീന്‍ ഏച്ചുകെട്ടിയത്‌കൊണ്ട് മുഴച്ചു നില്‍ക്കുന്നു.
എഡിറ്റിങ്ങിലെ പാളിച്ച കൊണ്ടാവാം, സൈക്കിളില്‍നിന്നും പത്രം താഴെ വീഴുമ്പോള്‍ അതെടുക്കാതെ തന്നെ മുന്നോട്ടു പോകുന്നുണ്ട്. നമുക്ക് നല്ല പാട്ടുപാടാം എന്ന ഗാനം മികച്ചതാണ്. കുട്ടികളില്‍ ജാസി തന്മയത്വത്തോടെ അഭിനയിക്കുന്നുണ്ട്. റോഷന്റെ അഭിനയത്തില്‍, പരസ്യത്തില്‍ കാണുന്നപോലെ ഒരു പരസ്പര ബന്ധമില്ലായ്മയുണ്ട്.
കുറച്ചുകൂടി യുക്തിഭദ്രമായും അതിഭാവുകത്വമില്ലാതെയും അവതരിപ്പിച്ചിരുന്നുവെങ്കില്‍, തരക്കേടില്ലാത്ത സംരംഭം എന്ന് ധൈര്യമായി പറയാമായിരുന്നു.
Comments