Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

വ്യത്യസ്തതകളുടെ രാഷ്ട്രീയം സാധ്യമാകുന്ന ജനാധിപത്യ സംഗമം

ശിഹാബ് പൂക്കോട്ടൂര്‍

എസ്.ഐ.ഒവിന്റെ നയസമീപനങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളുമായി ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുകയെന്നത്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട പരിപാടിയാണ് ഡിഫറന്‍സ് ആന്റ് ഡെമോക്രസി കോണ്‍ഫറന്‍സ്. വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയും ഏറ്റവും ജനാധിപത്യപരമായി ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള ശേഷി ഇസ്‌ലാമിക ദര്‍ശനത്തിനുണ്ട്. ഈയിടെ ലോകഗതിയെ സ്വാധീനിച്ച അറബ് വസന്തത്തില്‍ നാമിത് കണ്ടതാണ്. അപരിഷ്‌കൃത ഇടമായി ഇസ്‌ലാമിനെ വിലയിരുത്തിയ ലോകക്രമത്തെ ഇത് എത്രമേല്‍ അമ്പരപ്പിച്ചു കളഞ്ഞുവെന്ന് നാം കാണുകയാണ്. ഇതിന് തയാറായത് ഉത്തരാഫ്രിക്കയിലെയും മധ്യേഷ്യയിലെയും ചെറുപ്പക്കാരാണ്. ഈ വിശാലമായ പ്ലാറ്റ്‌ഫോമിനെ കേരളീയ സാഹചര്യത്തിലും ഇന്ത്യന്‍ അവസ്ഥയിലും വികസിപ്പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. വ്യത്യസ്ത വിഭാഗങ്ങളുടെ അവകാശ സമരങ്ങളെയെല്ലാം സമഭാവനയോടെ ചേര്‍ത്തുനിര്‍ത്തുന്ന, അവരവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പറയാന്‍ കഴിയുന്ന ഒരു മഹാസംഗമമായിരിക്കും നവംബര്‍ 25-ന് എറണാകുളത്ത് നടക്കുന്ന ഡിഫറന്‍സ് ആന്റ് ഡെമോക്രസി കോണ്‍ഫറന്‍സ്.
ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ വൈവിധ്യങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും കൂടുതല്‍ സാധ്യതകളാണുള്ളത്. വ്യത്യസ്ത ആശയാദര്‍ശങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ പൊതുവായ പ്രശ്‌നങ്ങളില്‍ ഒരുമിച്ചുനില്‍ക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. കേവലം നിരപേക്ഷമായ ഒരു ബഹുസ്വരതയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പീഡിതരും അധഃസ്ഥിതരും മര്‍ദിതരുമായ ജനവിഭാഗങ്ങളെയും നീതിക്കുവേണ്ടി പോരാട്ടങ്ങളിലേര്‍പ്പെടുന്നവരെയും ഉള്‍ക്കൊള്ളുന്ന യാതൊരു കര്‍തൃത്വ മനോഭാവവുമില്ലാതെ സഹകരിക്കുന്ന പൊതു പ്ലാറ്റ്‌ഫോമുകളാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തെ കൂടുതല്‍ കരുത്തുള്ളതാക്കുന്നത്.
കേരളത്തില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികളും മീഡിയയും പുലര്‍ത്തുന്ന നയമാണ് മതേതരമായും പുരോഗമനപരമായും വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ കര്‍തൃത്വമില്ലാത്ത പോരാട്ടങ്ങളെ അംഗീകരിക്കാന്‍ പോലും ഇടതുപക്ഷമടക്കമുള്ള സംഘടനകള്‍ക്ക് സാധ്യമല്ല. ഇവിടെയാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ വ്യതിരിക്തത ബോധ്യമാവുക. മര്‍ദിതരോടുള്ള ഐക്യദാര്‍ഢ്യം, നീതിക്കുവേണ്ടിയുള്ള പോരാട്ടം എന്നിവയില്‍ ഏര്‍പ്പെടുന്നത് ഒരു അടവുനയമായിട്ടല്ല, മറിച്ച് വിശ്വാസത്തിന്റെ തന്നെ ഭാഗമായിട്ട് തന്നെയാണ്. ഇത് വെറുമൊരു സ്ട്രാറ്റജിയായിട്ടല്ല. വ്യത്യസ്ത വിഭാഗങ്ങളെ സമഭാവനയോടെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം സ്വീകരിക്കുന്ന സുതാര്യത മറ്റു വിദ്യാര്‍ഥി രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കുണ്ടാവില്ല.
ലോകത്തു നടന്ന ഏതു പോരാട്ടത്തിലും വിദ്യാര്‍ഥികളുടെയും ചെറുപ്പത്തിന്റെയും പങ്ക് വളരെ വലുതാണ്. ഒടുവില്‍ ഉത്തരാഫ്രിക്കയിലും അറബ് നാടുകളിലും വസന്തം വിരിയിച്ച വിപ്ലവങ്ങളിലും എണ്‍പതു ശതമാനം വിദ്യാര്‍ഥികളായിരുന്നു. പക്ഷേ, ഇന്ത്യയില്‍ തൊണ്ണൂറുകള്‍ക്കു ശേഷം കരുത്താര്‍ജിച്ച മര്‍ദിതരുടെ രാഷ്ട്രീയം, ജനകീയ രാഷ്ട്രീയം (Civil Politics) എന്നിവയില്‍ വിദ്യാര്‍ഥികളുടെ പങ്ക് വിരളമാണ്. അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, നിലനില്‍പ്പിനു വേണ്ടിയുള്ള സമരങ്ങള്‍ ഇവയോട് വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിശകലന വിധേയമാക്കേണ്ടതാണ്.
12 വര്‍ഷമായി ഭരണകൂടത്തോട് ഒരു ജനതയുടെ അഭിമാനത്തിനുവേണ്ടി പോരാടുന്ന, മൂക്കിലൂടെ മാത്രം ഭക്ഷണം കഴിക്കുന്ന ഇറോം ശര്‍മിള, നാലായിരത്തിലധികം ദിവസങ്ങള്‍ ജയിലില്‍ കിടന്ന നിരപരാധിയായ മഅ്ദനി, രാജ്യത്ത് നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍, കൂടങ്കുളം, എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, ചെങ്ങറ തുടങ്ങി നിരവധി വിഷയങ്ങളെ വിപ്ലവബോധം പേറ്റന്റെടുത്തവരടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ അറിഞ്ഞ ഭാവം പോലുമില്ല. ഇതൊരുതരം അരാഷ്ട്രീയമാണ്. ചോക്ലേറ്റും ഐസ്‌ക്രീമും കഴിച്ച് ഒന്നിലും ഇടപെടാതിരിക്കുന്നവരെയാണ് നാം അരാഷ്ട്രീയവാദികളെന്ന് വിളിക്കാറുള്ളത്. യഥാര്‍ഥത്തില്‍, അരാഷ്ട്രീയത ധാരാളം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും എന്നാല്‍ ഇടപെടേണ്ട വിഷയങ്ങളില്‍ കൃത്യമായി മൗനം പാലിക്കുകയും ചെയ്യുക എന്നതാണ്. ആ അര്‍ഥത്തില്‍ ഇവിടെയുള്ള വിദ്യാര്‍ഥി സംഘടനകളില്‍ ഒട്ടുമിക്കവയും അരാഷ്ട്രീയമാണ്. ഈ അരാഷ്ട്രീയതയെ പുനര്‍വായനക്ക് വിധേയമാക്കുന്ന വിദ്യാര്‍ഥി സംഘടനകളെ സോഷ്യല്‍ ഓഡിറ്റിംഗ് ചെയ്യുന്ന പരിപാടി കൂടി ഈ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ മത-രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകളും ഇതില്‍ പങ്കെടുക്കും.
നമ്മുടെ കാമ്പസുകളിലും വരേണ്യ ഇടതു പൊതുബോധമാണ് ആധിപത്യം നേടിയിട്ടുള്ളത്. മതാധിഷ്ഠിതമായ എന്തിനെയും ഭീകരവാദമായി മുദ്രകുത്താന്‍ ഈ വാദത്തിലൂടെ വേഗത്തില്‍ സാധിക്കുന്നു. സമൂഹനിര്‍മാണത്തെയും വിദ്യാര്‍ഥിയുടെ സാമൂഹികവും സാംസ്‌കാരികവുമായ ബോധത്തെയും സ്വാധീനിക്കുന്നത് വരേണ്യ കാഴ്ചപ്പാടുകള്‍ തന്നെയാണ്. പ്രത്യേക ജനവിഭാഗത്തോടുള്ള അയിത്തവും മതത്തോടുള്ള വിദ്വേഷവും ഇതിലൂടെ ഉല്‍പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെ വൈജ്ഞാനികമായി വിശകലനം ചെയ്യുന്ന ഒരു സെഷന്‍ ഈ കോണ്‍ഫറന്‍സിന്റെ ഭാഗമാണ്. ഇന്ത്യയിലെ പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കുന്ന ഈ ചര്‍ച്ചയില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളെ പ്രതിനിധീകരിക്കുന്നവര്‍ പങ്കെടുക്കും.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു വിദ്യാര്‍ഥി സംഘടന ഇത്തരത്തിലുള്ള ഒരു സംഗമത്തിന് തുടക്കമിടുന്നത്. വ്യത്യസ്ത നിലപാടുള്ളവരും രാഷ്ട്രീയ പ്രവര്‍ത്തകരും ഭരണകൂട വിവേചനത്തിന് ഇരയായവരും ഒരുമിക്കുന്ന സംഗമമാണിത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയത്തെ കുറിച്ചാണ് ഇത് സംസാരിക്കുന്നത്. ഇങ്ങനെയുള്ള ഒരു കൂട്ടായ്മക്ക് നേതൃത്വം നല്‍കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ ശേഷിയില്ലായ്മ പ്രകടമായ സന്ദര്‍ഭത്തില്‍ ഒരു മതദര്‍ശനത്തിന് ഇതിനു സാധിക്കുമെന്നത് വലിയൊരു ചരിത്ര ദൗത്യമാണ്. എല്ലാവര്‍ക്കും അവരുടേതായ ആശയങ്ങളും സ്വയം നിര്‍ണയാധികാരങ്ങളുമുണ്ടായിരിക്കെ പരസ്പരം സഹകരിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഡിഫറന്‍സ് ആന്റ് ഡെമോക്രസി കോണ്‍ഫറന്‍സ്.
ഈ കോണ്‍ഫറന്‍സ് ഒരു തുടക്കം മാത്രമാണ്. വരുംകാലങ്ങളില്‍ ഇതിന്റെ വികാസമുണ്ടാവേണ്ടതുണ്ട്. കാമ്പസിന്റെ ഐക്യദാര്‍ഢ്യ സദസ്സ് പൊതു സമ്മേളനമായി ഇതില്‍ നടത്തപ്പെടും. മഅ്ദനി, കൂടങ്കുളം, ബട്‌ലാ ഹൗസ്, ഇറോം ശര്‍മിള, തെലുങ്കാന, എന്‍ഡോസള്‍ഫാന്‍, വിളപ്പില്‍ശാല, വ്യാജ ഏറ്റുമുട്ടലുകളില്‍ അറസ്റ്റു ചെയ്യപ്പെട്ട് നിരപരാധികളാണെന്നറിഞ്ഞ് വിട്ടയക്കപ്പെട്ടവരുടെ പ്രതിനിധികള്‍ എല്ലാവരും പങ്കെടുക്കുന്നതായിരിക്കും കാമ്പസിന്റെ ഐക്യദാര്‍ഢ്യ സമ്മേളനം. ഇത് വിദ്യാര്‍ഥി രാഷ്ട്രീയത്തിന് പുതിയൊരു ശൈലി പരിചയപ്പെടുത്തുന്നതാണ്. കേവല സമരാഭാസങ്ങളില്‍ അഭിരമിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളെ ഇത്തരത്തിലുള്ള ഒരു നീക്കം നിര്‍ബന്ധിതരാക്കും. മൂന്നുപതിറ്റാണ്ടു കാലത്തെ എസ്.ഐ.ഒവിന്റെ അനുഭവത്തെ മുന്‍നിര്‍ത്തി  കാമ്പസുകള്‍ക്കു നല്‍കുന്ന പുതിയൊരു പ്ലാറ്റ്‌ഫോമാണ് ഈയൊരു കോണ്‍ഫറന്‍സ്.
സമൂഹ രൂപീകരണത്തില്‍ ക്രിയാത്മക പങ്കുവഹിക്കുന്ന ഒരു പുതിയ രാഷ്ട്രീയം ഇതിലൂടെ ഉയര്‍ന്നുവരുമെന്ന് തന്നെയാണ് എസ്.ഐ.ഒ പ്രതീക്ഷിക്കുന്നത്. കാഞ്ച ഐലയ്യ, ഈയിടെ ഇസ്രയേല്‍ എംബസി സ്‌ഫോടനത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് കോടതി ജാമ്യം നല്‍കിയ നിരപരാധിയായ പത്രപ്രവര്‍ത്തകന്‍ അഹ്മദ് കാസ്മി തുടങ്ങിയവര്‍ കോണ്‍ഫറന്‍സിലെ മുഖ്യാതിഥികളായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍