Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

ഇസ്‌ലാമിക് ബാങ്കിംഗ് നവീകരണം വഴികാട്ടുന്നു

ഹകീം പെരുമ്പിലാവ്

ഗവണ്‍മെന്റ് അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന എല്ലാ ഇസ്‌ലാമിക് ബാങ്കിംഗ് ജാലകങ്ങളും (വിന്‍ഡോകള്‍) അടച്ചു പൂട്ടണമെന്ന ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം ആര്‍ജവമുള്ള തീരുമാനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത ബാങ്കുകളുടെ ഇസ്‌ലാമിക് കൗണ്ടറുകള്‍ അടച്ചുപൂട്ടണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയത് 2011 ഫെബ്രുവരിയിലാണ്. 2012 ജനുവരി ഒന്ന് മുതലാണത് പ്രാബല്യത്തില്‍ വന്നത്. പരമ്പരാഗത ബാങ്കുകളും ഇസ്‌ലാമിക് ബാങ്കുകളും വേറിട്ട അസ്തിത്വമുള്ള ബാങ്കുകളായി വളര്‍ച്ച നേടിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അന്താരാഷ്ട്ര ബാങ്കുകളുടെ കൗണ്ടറുകള്‍ കൂടി അടച്ചുപൂട്ടേണ്ടി വരുമെന്നതിനാല്‍, ഖത്തറിന്റെ തീരുമാനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. അതേസമയം, പൊതുവെ ഇസ്‌ലാമിക് ബാങ്കുകളും ഇസ്‌ലാമിക സാമ്പത്തിക വിദഗ്ധരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. വളരെ കൃത്യമായ കാരണങ്ങള്‍ നിരത്തിവെച്ചു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സുഊദ് ആല്‍ഥാനി തീരുമാനം ആലോചനാപൂര്‍വമെടുത്തതാണെന്നും പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
ഖത്തറിന്റെ ബാങ്കിംഗ് മേഖലയില്‍ വമ്പിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ധനകാര്യ മേഖലയെ സാരമായി ബാധിക്കുമെന്നുമൊക്കെ ഭീമന്‍ വിദേശ ബാങ്കുകള്‍ പ്രചാരണമഴിച്ചു വിട്ടിരുന്നു. തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ 2012 ജനുവരി ഒന്ന് മുതല്‍ വിദേശ ബാങ്കുകളുടേതുള്‍പ്പെടെ 16 ബാങ്കിംഗ് ശാഖകളാണ് അടച്ചുപൂട്ടേണ്ടി വന്നത്. ഇതോടെ ഇസ്‌ലാമിക് ബാങ്കിംഗ് ആഗ്രഹിക്കുന്ന ഏതാണ്ട് ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ മാറ്റേണ്ടിവന്നു. അതിനനുപാതമായി ചെറുകിട കോര്‍പറേറ്റ് കമ്പനികള്‍ക്കും മാറി ചിന്തിക്കേണ്ടിവന്നു. നിക്ഷേപങ്ങളുടെ പുനരധിവാസവും കടപ്പത്രങ്ങളുടെയും മറ്റു ക്രയവിക്രയങ്ങളുടെയും മാറ്റിയെഴുത്തും പുനര്‍നിര്‍ണയവും തകൃതിയായി നടന്നു. പരമ്പരാഗത ബാങ്കുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക് ജാലകങ്ങളുടെ ഇടപാടുകള്‍ ഖത്തറിലെ മറ്റു ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് വില്‍ക്കുകയോ കൈമാറുകയോ ചെയ്തു.
2005-ലാണ് പരമ്പരാഗത ബാങ്കുകള്‍ക്ക് ഇസ്‌ലാമിക ജാലകങ്ങള്‍ തുടങ്ങാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അനുവാദം നല്‍കിയത്. ഇസ്‌ലാമിക് ബാങ്കിംഗ് സാധ്യത വ്യാപിപ്പിക്കുകയും പരമ്പരാഗത ബാങ്കുകളില്‍ ക്രയവിക്രയം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ശരീഅഃ അടിസ്ഥാനത്തിലുള്ള ബാങ്കിംഗിന് സൗകര്യമൊരുക്കുകയുമായിരുന്നു ലക്ഷ്യം. വ്യാപനം സാധ്യമായെങ്കിലും ഇടപാടുകളില്‍ ശരീഅഃ അടിസ്ഥാനമെന്നത് ഏടുകളിലൊതുങ്ങി. ഇത്തരമൊരു സാഹചര്യത്തിലാണ് ഖത്തറിലെ ഇസ്‌ലാമിക് ബാങ്കിംഗ് നവീകരിക്കാനും ഏകീകരിക്കാനുമായി പുതിയ നടപടികള്‍ കൊണ്ടുവന്നത്. സാമ്പത്തിക മാന്ദ്യമുള്ള സമയത്തെടുത്ത തീരുമാനമാണിത്. പ്രാദേശിക ബാങ്കുകള്‍ക്കുണ്ടായിരുന്ന ബാധ്യത നീക്കാനും മാര്‍ക്കറ്റില്‍ ചെറുകിട ഇസ്‌ലാമിക് ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായകമായി. പേരില്‍ ഇസ്‌ലാം നിലനിര്‍ത്തി കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഇടപാടുകളായിരുന്നു ചില കൗണ്ടറുകളിലെങ്കിലും നടന്നിരുന്നതെന്ന് ക്യു.സി.ബി (ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്) തിരിച്ചറിഞ്ഞതാണ് നടപടിക്ക് വേഗം കൂട്ടിയത്, ബാലന്‍സ്ഷീറ്റുകള്‍ പരമ്പരാഗത ബാങ്കുകളുടേതില്‍ നിന്നും വ്യതിരിക്തമായി ഉണ്ടാകണമെന്ന ശരീഅഃ ബോര്‍ഡിന്റെ തീരുമാനവും കടലാസുകളിലൊതുങ്ങുകയായിരുന്നു.
ബാങ്കിംഗ് ജീവനക്കാരുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലായിരുന്നു കച്ചവടം നടന്നിരുന്നത്. ചില ഇസ്‌ലാമിക് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നത് പരമ്പരാഗത ബാങ്കിംഗ് ഉല്‍പന്നങ്ങള്‍ക്ക് വിപണിയൊരുക്കാന്‍ വേണ്ടിയായിരുന്നു. ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ച് എങ്ങനെയും വഴക്കാവുന്ന തരത്തിലായിരുന്നു ഇത്തരം ജാലകങ്ങളിലെ നടപടി ക്രമങ്ങള്‍. ഇങ്ങനെ പേരില്‍ മാത്രം 'ഇസ്‌ലാമിക്' നിലനില്‍ക്കുകയും പിന്നീടുള്ള നടപടിക്രമങ്ങളില്‍ ഇസ്‌ലാമികത കാണാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് ചിലരെങ്കിലും പരാതിയുമായി സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചിരുന്നു. പരമ്പരാഗത ബാങ്കിലെയും ഇസ്‌ലാമിക് കൗണ്ടറുകളിലെയും രണ്ട് തരം ഉല്‍പന്നങ്ങള്‍ക്ക് ഒരേ ജീവനക്കാരെ വെച്ചിരുന്ന ബാങ്കുകളിലാണ് ഇത്തരം കൃത്രിമങ്ങള്‍ നടന്നിരുന്നത്. ചില ബാങ്കുകള്‍ പുതിയ കൗണ്ടര്‍ എന്നതിന് പകരം ഇസ്‌ലാമിക് ഡെസ്‌ക് കോര്‍ണര്‍ സമ്പ്രദായവും ഉപയോഗപ്പെടുത്തിയിരുന്നു. ഐ.ടി, സെക്യൂരിറ്റി തുടങ്ങിയ സേവനങ്ങള്‍ക്ക് വരുന്ന ഭീമന്‍ ബാധ്യത ഇത് വഴി ഒഴിവായിക്കിട്ടുമെന്നതാണ് ഇതിലൂടെ അത്തരം ബാങ്കുകള്‍ നേടുന്ന ലാഭം. ഇത് ക്യൂ.സി.ബി യുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. വഞ്ചനക്കും സാധ്യതയുണ്ടെന്ന് വ്യക്തമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനവുമായി ക്യൂ.സിബി മുന്നോട്ട് പോയത്. ഇത്തരത്തിലുള്ള കൗണ്ടറുകളുടെ സേവനം അധികൃതര്‍ നിരന്തരം നിരീക്ഷണ വിധേയമാക്കിയിരുന്നു.
പുതിയ തീരുമാനങ്ങളുടെ ഗുണഫലങ്ങള്‍ അനവധിയാണ്. പരമ്പരാഗത കൗണ്ടറുകളിലും ഇസ്‌ലാമിക് ബാങ്കിലുമായി ഇസ്‌ലാമിക് ബാങ്കിംഗ് ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിലുണ്ടായിരുന്ന അനാരോഗ്യ മാത്സര്യം ഒഴിവാകുമെന്നതാണ് ഒന്നാമത്തെത്. ഏതെങ്കിലും ഭീമന്‍ ബാങ്കുകളില്‍ മാത്രമുണ്ടായിരുന്ന സേവനങ്ങള്‍ മാര്‍ക്കറ്റിലെ ചെറുകിട ഇസ്‌ലാമിക് ബാങ്കുകള്‍ക്കു കൂടി കൈവരുമെന്നതാണ് മറ്റൊന്ന്. പരമ്പരാഗത ബാങ്കുകളുടെ കച്ചവടം ഇസ്‌ലാമിക് ബാങ്കുകളിലേക്കു വന്നതോടെ ഇസ്‌ലാമിക് ബാങ്കുകള്‍ സജീവമായി. ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് പുതിയ അവസരങ്ങളും സാധ്യതകളും കൈവന്നിരിക്കുന്നു.
ഖത്തറില്‍ പരമ്പരാഗത ബാങ്കുകള്‍ക്ക് വിശാലമായ കച്ചവട ശൃംഖലയും കച്ചവട വ്യാപ്തിയുമുണ്ടെന്നതിനാല്‍ ഇത്തരമൊരു നീക്കം കച്ചവടത്തെ ബാധിക്കുമെന്ന ആരോപണങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്നും തെളിഞ്ഞു. പരമ്പരാഗത ബാങ്കുകള്‍ക്ക് ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്തണമെന്നുണ്ടെങ്കില്‍ പുതിയ ഇസ്‌ലാമിക് ബാങ്കിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ തടസ്സങ്ങളുമുണ്ടാവില്ലെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിക്കുകയുണ്ടായി. എന്നാല്‍, ഇസ്‌ലാമിക് ബാങ്കിനു വേണ്ട നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. മാറ്റത്തോടെ പുത്തനുണര്‍വ് ലഭിച്ച ചെറുകിട ഇസ്‌ലാമിക് ബാങ്കുകള്‍ വിപണിയില്‍ കെല്‍പ്പുറ്റവരാവുകയും വമ്പിച്ച സ്വീകാര്യത ലഭിക്കുന്ന ബാങ്കുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. ഒരു ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളെ സമ്പാദിച്ചതിനോടൊപ്പം 900 മില്യനിലധികം ഖത്തര്‍ റിയാല്‍ വിപണിയില്‍ വിതരണം നടത്താനും കഴിഞ്ഞിരിക്കുന്നു.
ദോഹ ബാങ്ക് പോലുള്ള വന്‍കിട ബാങ്കുകള്‍ ഇസ്‌ലാമിക ബാങ്കിംഗ് രംഗത്തേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നും അതിന്റെ സി.ഇ.ഒ. സീതാരാമന്‍ പ്രസ്താവിച്ചിരുന്നു.  ഇവിടെ ഇന്‍വെസ്റ്റുമെന്റ് കമ്പനികള്‍ ഖത്തറില്‍ ലോകോത്തര ഇസ്‌ലാമിക് ബാങ്കിന്റെ സാധ്യതകളെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുന്നു. 2022 ലോക കപ്പിനു തയാറെടുക്കുന്ന ഖത്തറിന്റെ വളര്‍ച്ചയില്‍ ഇസ്‌ലാമിക് ബാങ്കിനും വലിയ സാധ്യതകളുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2011 അവസാനിക്കുമ്പോള്‍ ഖത്തറിലെ ഇസ്‌ലാമിക് ബാങ്കുകളുടെ വിപണി മൂല്യം 35 ബില്യണ്‍ ഡോളറാണ് (ഏകദേശം 1,91,546.25 കോടി രൂപ). മൊത്തം ജി.സി.സി രാഷ്ട്രങ്ങളിലേത് 314 ബില്യണ്‍ ഡോളറുമാണ്. 2012 അവസാനിക്കുമ്പോഴേക്കും അതില്‍ ഇരുപത് ശതമാനത്തിലധികം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗ് മേഖലയെ നവീകരിക്കാനുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം ലോകത്തിന് വഴി കാട്ടുന്ന തീരുമാനമാകാതെ തരമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍