Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

വിപ്ലവാത്മക വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം

വി.എ കബീര്‍

1954-ലേ മുസ്‌ലിമാകാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് മാര്‍ഗരറ്റ് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ ആഗ്രഹം മാതാപിതാക്കളുമായി പങ്കുവെച്ചപ്പോള്‍ പ്രോത്സാഹജനകമായിരുന്നില്ല അവരുടെ പ്രതികരണം. ജൂതമതവും ക്രിസ്തുമതവും പോലെ അമേരിക്കയില്‍ സ്വീകാര്യമായ മതമല്ല ഇസ്‌ലാം എന്നായിരുന്നു അവരുടെ മറുപടി. മുസ്‌ലിമായാല്‍ തീര്‍ത്തും ഒറ്റപ്പെടുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കുടുംബത്തിന്റെ ഈ നിലപാട് അവരെ സമ്മര്‍ദത്തിലാക്കി. അതവരെ മാനസികമായി തകര്‍ക്കുകയും കോളേജിലെ തുടര്‍പഠനത്തിന് തടസ്സമാവുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം സ്വകാര്യ വൈദ്യപരിചരണത്തില്‍ വീട്ടിനകത്ത് തന്നെ കഴിയേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഒരിക്കലും അവര്‍ക്ക് ബിരുദം നേടാന്‍ കഴിയാതെ പോയത്. 1957-'59 കാലത്ത് സ്വകാര്യ-പബ്ലിക് ആശുപത്രികളില്‍ മാനസിക ചികിത്സയുമായി കഴിയേണ്ടിവന്നു അവര്‍ക്ക്. അപ്പോഴും ആരോഗ്യം വീണ്ടെടുത്താല്‍ ഇസ്‌ലാം ആശ്ലേഷിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു.
ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ഉടനെ ന്യൂയോര്‍ക്ക് സിറ്റിയിലെ മുസ്‌ലിംകളുമായി സന്ധിക്കാനുള്ള അവസരങ്ങള്‍ തേടുകയാണ് അവര്‍ ആദ്യമായി ചെയ്തത്. ഭാഗ്യത്തിന് പ്രതീക്ഷിക്കാവുന്നതില്‍ ഏറ്റവും വിശിഷ്ടരായ സഹോദരീ സഹോദരന്മാരെ കണ്ടെത്താന്‍ കഴിഞ്ഞതായി ഇതേക്കുറിച്ച് പിന്നീടവര്‍ എഴുതുകയുണ്ടായി. അതിനു ശേഷം മുസ്‌ലിം മാഗസിനുകളില്‍ ലേഖനങ്ങളുമെഴുതാന്‍ തുടങ്ങി. സൗത്താഫ്രിക്കയിലെ യംഗ് മുസ്‌ലിം ഡൈജസ്റ്റിലും കോഴിക്കോട്ടെ മെസേജിലും അവര്‍ എഴുതിയിട്ടുണ്ട്. അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരനായകനും പണ്ഡിതനുമായ ഇബ്‌റാഹീമുല്‍ ബശീറി, അല്‍അസ്ഹറിലെ ഡോ. മുഹമ്മദ് അല്‍ ബഹ്‌യ്, വാഷിംഗ്ടണ്‍ ഡി.സി ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ ഡോ. മഹ്മൂദ് എഫ്. ഹുബ്ബുല്ല, പാരീസിലെ ഇന്ത്യന്‍ വംശജനായ ഗവേഷക പണ്ഡിതന്‍ ഡോ. ഹമീദുല്ല, ജനീവയിലെ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറും മുസ്‌ലിം ബ്രദര്‍ഹുഡ് ബുദ്ധിജീവിയുമായ ഡോ. സഈദ് റമദാന്‍, മൗലാനാ മൗദൂദി എന്നിവരുമായൊക്കെ നീണ്ട കത്തിടപാടുകള്‍ അവര്‍ നടത്തുകയുണ്ടായി. മൗദൂദിയുമായി രണ്ടുവര്‍ഷം നീണ്ടുനിന്ന കത്തിടപാടിനു ശേഷമാണ് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം അവര്‍ പാകിസ്താനിലേക്ക് കുടിയേറിയത്.
അറബികളുമായി ബന്ധപ്പെട്ടതെന്തും വായിക്കാന്‍ തല്‍പരയായിരുന്ന അവര്‍ ആദ്യകാലത്ത് വായിച്ച കൃതികളില്‍ മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക പോലുള്ള കൃതികള്‍ ഉള്‍പ്പെടുമെങ്കിലും ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും കൃതികളായിരുന്നു അവയില്‍ കൂടുതലും. മുഹമ്മദ് മാര്‍മാഡ്യൂക് പിക്താളിന്റെ ഖുര്‍ആന്‍ പരിഭാഷ പിന്നീടാണ് അവരുടെ ശ്രദ്ധയില്‍ പെടുന്നത്. ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഈ പരിഭാഷയുടെ പ്രചോദനം അവര്‍ എടുത്തു പറയുന്നുണ്ട്. അസദിന്റെ റോഡ് ടു മക്കയുടെയും ഇസ്‌ലാം അറ്റ് ക്രോസ് റോഡിന്റെയും സ്വാധീനവും അവരുടെ പരിവര്‍ത്തനത്തിന്റെ ഘടകങ്ങളായിരുന്നു. 1961 മേയ് 24-നാണ് ഔപചാരികമായി ഇസ്‌ലാം ആശ്ലേഷിച്ച് മര്‍യം ജമീല എന്ന പുതിയ നാമം അവര്‍ സ്വീകരിക്കുന്നത്.
സാമുവല്‍ കോസ്റ്റല്‍ വിറ്റ്‌സ്
മുസ്‌ലിമായ ശേഷം ഒരു ജൂതനുമായി ദീര്‍ഘനേരം ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ച സംഭവം മര്‍യം ജമീല അനുസ്മരിക്കുന്നുണ്ട്. ഒരു ദിവസം ജുമുഅ പ്രാര്‍ഥനക്ക് ശേഷം ചില സംശയ നിവാരണാര്‍ഥം ന്യൂയോര്‍ക്ക് ഇസ്‌ലാമിക് സെന്ററില്‍ ചെന്നതായിരുന്നു അവര്‍. സെന്ററിലെ ഡോ. ശുറൈബക്ക് സലാം പറയാന്‍ തുനിഞ്ഞതും അദ്ദേഹത്തിന്റെ മുന്നില്‍ ഒരു ഹാസിഡിക് ജൂതന്‍ ഇരിക്കുന്നത് കണ്ട് അവര്‍ വിസ്മയഭരിതയായിത്തീര്‍ന്നു. 18-ാം നൂറ്റാണ്ടില്‍ ബാല്‍ ഷെം തോവ് (Baal Shem Tov) സ്ഥാപിച്ച ജൂതമിസ്റ്റിസിസത്തിലധിഷ്ഠിതമായ അതിയാഥാസ്ഥിതിക ജൂത വിഭാഗമാണ് ഹാസിഡിക്കുകള്‍(Chassidic). കറുത്ത നീളന്‍ സില്‍ക്ക് മേലങ്കിയും കറുത്ത ഹാറ്റും കാതില്‍ വലയങ്ങളും ധരിച്ച ആ നീളന്‍ താടിക്കാരന്റെ കൈയില്‍ ഡെയ്‌ലി ഫോര്‍വാര്‍ഡ് എന്ന ഒരു യിഡിഷ് പത്രവുമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ ഡയമണ്ട് കട്ടറായി ജോലി ചെയ്യുന്ന അയാളുടെ പേര് സാമുവല്‍ കോസ്റ്റല്‍ വിറ്റ്‌സ് എന്നായിരുന്നു. അയാളുടെ കുടുംബക്കാരില്‍ അധികവും ബ്രൂക്‌ലിനിലെ വില്യംസ് ബര്‍ഗില്‍ ഹാസിഡിക് കമ്യൂണിറ്റിയിലാണ് കഴിയുന്നത്. ഇസ്രയേലിലും തനിക്ക് ബന്ധുക്കളും സുഹൃത്തുക്കളുമുണ്ടെന്ന് അയാള്‍ മര്‍യം ജമീലയോട് പറഞ്ഞു. റുമാനിയയിലെ ചെറിയൊരു നഗരത്തില്‍ ജനിച്ച അദ്ദേഹം രണ്ടാം ലോകയുദ്ധത്തില്‍ നാസി പീഡനത്തെത്തുടര്‍ന്നാണ് അമേരിക്കയിലെത്തുന്നത്. മുസ്‌ലിം മോസ്‌കില്‍ വരാന്‍ എന്താണ് പ്രചോദനം എന്ന മര്‍യം ജമീലയുടെ ചോദ്യത്തിന് അഞ്ചു വര്‍ഷം മുമ്പ് അമ്മയുടെ മരണത്തോടെ തനിക്ക് മനഃസമാധാനം നഷ്ടപ്പെട്ടതായി അയാള്‍ പറഞ്ഞു. സിനഗോഗില്‍ പോയി നോക്കിയെങ്കിലും ഫലമുണ്ടായില്ല. വില്യംസ് ബര്‍ഗിലെ യാഥാസ്ഥിതിക ജൂതന്മാര്‍ പോലും ലജ്ജാവഹമാംവിധം കപടവിശ്വാസികളായാണ് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. അടുത്തിടെ നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനം അദ്ദേഹത്തെ കൂടുതല്‍ നിരാശപ്പെടുത്തി. ഇസ്രയേല്‍ ജീവിതത്തിലെ മതരാഹിത്യം കണ്ട് അദ്ദേഹം ഞെട്ടി. ഇസ്രയേലില്‍ ജനിച്ച എല്ലാ യുവജനങ്ങളും ദൈവനിഷേധികളായ മിലിറ്റന്റുകളാണെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ സന്ദര്‍ശിച്ച ഒരു കിബുട്ട്‌സില്‍ (കൂട്ടുകൃഷിക്കളം) പന്നികളെ വളര്‍ത്തുന്നത് കണ്ടപ്പോള്‍ യഹൂദ രാജ്യത്ത് പന്നികളോ എന്ന് അദ്ദേഹം മൂക്കത്ത് വിരല്‍ വെച്ചുപോയത്രെ. ''അവിടെ നിരപരാധികളായ അറബികളോട് ക്രൂരമായി പെരുമാറുന്നതിന് എനിക്ക് സാക്ഷിയാകേണ്ടിവന്നു. അതോടെ ഇസ്രാഈല്യരും നാസികളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് എനിക്ക് മനസ്സിലായി. ഒരിക്കലും ദൈവത്തിന്റെ പേരില്‍ അത്തരം ഭീകരകുറ്റങ്ങള്‍ ന്യായീകരിക്കാനാകില്ല.'' ഇത്രയും പറഞ്ഞ ശേഷം ഡോ. ശുറൈബയുടെ നേരെ തിരിഞ്ഞ് സാമുവല്‍ കോസ്റ്റല്‍ വിറ്റ്‌സ് തനിക്ക് മുസ്‌ലിമാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എങ്കിലും ഔപചാരികമായി മുസ്‌ലിമാകുന്നതിന് മുമ്പ് തനിക്ക് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓറിയന്റല്‍ ബുക്‌ഷോപ്പില്‍നിന്ന് ഏതാനും അറബി വ്യാകരണ പുസ്തകങ്ങള്‍ വാങ്ങി അറബി ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി. മുറി ഇംഗ്ലീഷിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അതിനദ്ദേഹം മര്‍യം ജമീലയോടും ഡോ. ശുറൈബയോടും ക്ഷമാപണം ചെയ്തു. യിഡിഷ് ആയിരുന്നു അദ്ദേഹത്തിന്റെ ദേശീയ ഭാഷ; ഹീബ്രു രണ്ടാം ഭാഷയും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ പരസ്പരം സംസാരിക്കാറ് യിഡിഷിലായിരുന്നു. ഇംഗ്ലീഷ് വായിക്കാനുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ മെച്ചപ്പെട്ട ഇസ്‌ലാമിക സാഹിത്യങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം പ്രാപ്യമായിരുന്നില്ല. എങ്കിലും ഇംഗ്ലീഷ് നിഘണ്ടുവിന്റെ സഹായത്തോടെ വളരെ കഷ്ടപ്പെട്ട് ഡോ. ഹമീദുല്ലയുടെ ഇന്‍ട്രൊഡക്ഷന്‍ ടു ഇസ്‌ലാം അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു. തനിക്ക് വായിക്കാന്‍ കഴിഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ കൃതിയാണതെന്ന് അദ്ദേഹം പുകഴ്ത്തുകയുണ്ടായി.
ഡോ. ശുറൈബയുടെ സാന്നിധ്യത്തില്‍ ബൈബിളിലെയും ഖുര്‍ആനിലെയും കഥകളെയും പ്രബോധകന്മാരെയും പ്രവാചകന്മാരെയുമെല്ലാം താരതമ്യം ചെയ്തുകൊണ്ട് മറ്റൊരു മണിക്കൂര്‍ കൂടി മര്‍യം ജമീല അദ്ദേഹത്തോട് സംസാരിച്ചു. നോഹയുടെ മദ്യപാനവും ദാവീദിന്റെയും ശലമോന്റെയും പരസ്ത്രീ ഗമനവും പരാമര്‍ശിക്കുന്ന ബൈബിള്‍ അവരെ അപമാനിക്കുമ്പോള്‍, പ്രവാചക പദവി നല്‍കി എങ്ങനെയാണ് അവരെ ഖുര്‍ആന്‍ മഹത്വവത്കരിക്കുന്നതെന്ന് മര്‍യം ജമീല അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. ഹഗാറി(ഹാജിര്‍)നെ ബൈബിള്‍ അബ്‌റഹാമിന്റെ വെപ്പാട്ടിയായി ചിത്രീകരിക്കുമ്പോള്‍ ഖുര്‍ആന്‍ സാറാക്ക് തുല്യം എങ്ങനെ സമ്പൂര്‍ണ ഭാര്യയായി അവതരിപ്പിക്കുന്നതെന്നും അവര്‍ സാമുവല്‍ കോസ്റ്റല്‍ വിറ്റ്‌സിന് പറഞ്ഞുകൊടുത്തു. ദീര്‍ഘസമയമെടുത്ത് ഇത്തരം സത്യങ്ങള്‍ വിശദീകരിച്ചുകൊടുത്തതില്‍ അദ്ദേഹം മര്‍യം ജമീലക്ക് അഗാധമായ കൃതജ്ഞത പ്രകാശിപ്പിച്ചു. താന്‍ പതിവായി ആഹാരം കഴിക്കുന്ന 'കോശര്‍' റസ്റ്റോറന്റില്‍ അവരെയും ശുറൈബയെയും ലഞ്ചിന് അദ്ദേഹം നിര്‍ബന്ധിച്ചു. മുസ്‌ലിമാകാതെ തനിക്ക് വയ്യെന്നും എങ്കിലും കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമുള്ള സമ്മര്‍ദം അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും പറഞ്ഞപ്പോള്‍ ദൈവത്തെ പ്രാര്‍ഥിക്കാനാണ് മര്‍യം ജമീല അദ്ദേഹത്തെ ഉപദേശിച്ചത്. അങ്ങനെതന്നെ ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കുകയും ചെയ്തു. സൗമ്യനും മാന്യനുമായ അത്തരം ഒരു മനുഷ്യനുമായി ഇസ്‌ലാമിനെക്കുറിച്ച് പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനം തോന്നി എന്നാണ് ഈ സംഭവത്തെക്കുറിച്ച് മര്‍യം ജമീല അനുസ്മരിക്കുന്നത്.
പൂര്‍വഗാമികളുടെ പൈതൃകത്തോടുള്ള വിദ്വേഷമല്ല തന്റെ മതംമാറ്റത്തിന് കാരണമെന്ന് മര്‍യം ജമീല വ്യക്തമാക്കിയിട്ടുണ്ട്. ''തിരസ്‌കാരത്തേക്കാളുപരി ഉള്‍ക്കൊള്ളലായിരുന്നു അത്. സങ്കുചിതത്വത്തില്‍നിന്ന് ഊര്‍ജസ്വലവും വിപ്ലവാത്മകവുമായ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നു അത്.'' അവര്‍ വ്യക്തമാക്കുന്നു.  ''ഞാന്‍ എന്റെ മനസ്സിന്റെ അഗാധതയില്‍ എന്നും ഒരു മുസ്‌ലിമായിരുന്നു- ഇസ്‌ലാം ഒന്ന ഒന്നുണ്ടെന്ന് ഞാന്‍ അറിയുന്നതിന് മുമ്പുതന്നെ.''
പാകിസ്താനില്‍
മൗദൂദിയുടെ ക്ഷണമനുസരിച്ച് 1962-ലാണ് മര്‍യം ജമീല പാകിസ്താനിലെത്തുന്നത്. ആദ്യകാലത്ത് മൗദൂദികുടുംബത്തോടൊപ്പമായിരുന്നു അവരുടെ താമസം. മുഹമ്മദ് യൂസുഫ് എന്ന ഒരു ജമാഅത്ത് പ്രവര്‍ത്തകനാണ് അവരെ വിവാഹം ചെയ്തത്. 2005 ജൂലൈയില്‍ യംഗ് മുസ്‌ലിം ഡൈജസ്റ്റി(ഡര്‍ബന്‍)ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുകയുണ്ടായി: ''പുതുതായി മതപരിവര്‍ത്തനം ചെയ്ത വ്യക്തി എന്ന നിലയില്‍ മൗദൂദി എനിക്ക് വൈകാരികമായി പിന്‍ബലം നല്‍കുകയും പാകിസ്താനില്‍ സ്ഥിരവാസത്തിന് സൗകര്യമൊരുക്കിത്തരികയും ചെയ്തതിന് പുറമെ നല്ലൊരു ഭര്‍ത്താവിനെ കണ്ടെത്താനും സഹായിച്ചു. എനിക്ക് മറ്റെങ്ങും പോവണമെന്ന് പിന്നീട് തോന്നുകയുണ്ടായില്ല. അമേരിക്കയില്‍ എനിക്ക് ഒന്നും അവശേഷിക്കുന്നില്ലെന്ന ബോധ്യത്തിലേക്ക് അതെന്നെ നയിച്ചു.''
ഇന്ത്യയില്‍ ഒരുപാട് ഭൂസ്വത്തുക്കള്‍ ഉപേക്ഷിച്ച് പാകിസ്താനില്‍ വന്ന വ്യക്തിയായിരുന്നു മുഹമ്മദ് യൂസുഫ്. അദ്ദേഹത്തിന് നിലവില്‍ ഭാര്യയും മക്കളുമുണ്ടായിരുന്നു. എന്നാല്‍, പടിഞ്ഞാറ് നിന്ന് വന്നവളായിട്ടും രണ്ടാം ഭാര്യാ പദവിയില്‍ മര്‍യം ജമീല ഒട്ടും അസംതൃപ്തയായിരുന്നില്ല. അവര്‍ക്ക് അഞ്ചു മക്കളുണ്ടായിരുന്നു. തന്നേക്കാളധികം അവരെ പരിപാലിച്ചത് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണെന്ന് അവര്‍ പറയുന്നുണ്ട്. അടുക്കള കാര്യവും ആദ്യ ഭാര്യതന്നെയായിരുന്നു അധികവും നോക്കി നടത്തിയിരുന്നത്. അതുകൊണ്ട് കൂടിയാണ് അവരുടെ എഴുത്ത് ജോലികളൊക്കെ സുഗമമായി നടന്നുപോന്നത്.
പാകിസ്താനിലെത്തിയ ആദ്യഘട്ടത്തില്‍ പഴയ മാനസികാസ്വസ്ഥതക്ക് ഒരിക്കല്‍ കൂടി അവര്‍ ഇരയാകുകയുണ്ടായി. എന്നാല്‍ വൈകാതെ ചികിത്സയിലൂടെ അതില്‍നിന്ന് മുക്തയായി.
പടിഞ്ഞാറിന്റെ ബദ്ധവൈരി
മര്‍യം ജമീലയുടെ ചിന്തയുടെയും സ്വഭാവ ഘടനയുടെയും ഒരു പ്രത്യേകത പടിഞ്ഞാറിനോടും പടിഞ്ഞാറന്‍ സംസ്‌കാരത്തോടുമുള്ള കഠിന വിരോധമാണ്. മൗദൂദിചിന്തയുമായി അവരെ അടുപ്പിച്ച പശ്ചാത്തലവും ഇതുതന്നെ. മൗദൂദിയും ഇത് തിരിച്ചറിയുന്നുണ്ട്. 1961 ജനുവരിയില്‍ ആദ്യമായി മൗദൂദി അവര്‍ക്കയച്ച കത്തില്‍ ഇങ്ങനെ കാണാം: ''താങ്കളുടെ ലേഖനങ്ങള്‍ വായിച്ചപ്പോള്‍ എന്റെ അതേ ആശയങ്ങള്‍ വായിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഉര്‍ദു പഠിക്കാന്‍ താങ്കള്‍ക്കവസരമുണ്ടാവുകയും എന്റെ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുകയാണെങ്കില്‍ ഇതേ തോന്നല്‍ താങ്കള്‍ക്കുമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ തമ്മില്‍ മുന്‍പരിചയമില്ലെങ്കിലും ഈ ചിന്താപരമായ ഏകീഭാവത്തിന്റെയും പരസ്പര സഹാനുഭൂതിയുടെയും കാരണം നമ്മള്‍ ഇരുവരുടെയും പ്രചോദനകേന്ദ്രം ഒന്നാണെന്നതാണ്; അതായത് ഇസ്‌ലാം ആണെന്ന യാഥാര്‍ഥ്യം.''
മര്‍യം ജമീലയുടെ 25-ഓളം കൃതികളില്‍ ഇസ്‌ലാം വേഴ്‌സസ് ദ വെസ്റ്റ്, ഇസ്‌ലാമിക് മോഡേണിസം, വെസ്റ്റേണ്‍ സിവിലൈസേഷന്‍ കണ്ടംന്‍ഡ് ഇറ്റ് സെല്‍ഫ്, വെസ്റ്റേണൈസേഷന്‍ ആന്റ് ഹ്യൂമന്‍ വെല്‍ഫെയര്‍ എന്നിങ്ങനെ മിക്കവയും പാശ്ചാത്യ വിരോധത്തിന്റെയും ആധുനികതാ വിമര്‍ശനത്തിന്റെയും നിദര്‍ശനമാണ്. പാശ്ചാത്യ ടെക്‌നോളജിയോടു പോലും അവര്‍ക്ക് അലര്‍ജിയായിരുന്നു. മൗദൂദി സമീപനത്തിന്റെ കേന്ദ്ര ബിന്ദുക്കളിലൊന്നാണ് പാശ്ചാത്യ അസ്‌ക്യതയെങ്കിലും അദ്ദേഹം അത്രത്തോളം പോയിട്ടില്ല. ഇക്കാരണത്താല്‍ തന്നെ പില്‍ക്കാലത്ത് മൗദൂദിയോടുള്ള അവരുടെ സമീപനത്തില്‍ മാറ്റം വരുന്നുണ്ട്. ഡിബോറ ബേക്കറിന് നല്‍കിയ അഭിമുഖത്തില്‍ (ദി കണ്‍വര്‍ട്ട്, പെന്‍ഗ്വിന്‍) മൗദൂദിയെ മുജദ്ദിദായി അവതരിപ്പിച്ചതില്‍ പിഴവ് പറ്റിപ്പോയി എന്ന് പോലും അവര്‍ ഖേദിക്കുകയുണ്ടായി. ഇഖ്ബാല്‍, മുഹമ്മദ് അസദ് എന്നിവരുടെ കാര്യത്തിലും ഈ വിമര്‍ശം ഉണ്ടായിട്ടുണ്ട്. ഇഖ്ബാലിന്റെ റികണ്‍സ്ട്രക്ഷന്‍ ഓഫ് ഇസ്‌ലാമിക് തോട്ടിനോടും മുഹമ്മദ് അസദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തോടുമുള്ള അനിഷ്ടം അവര്‍ മറച്ചുവെച്ചിട്ടില്ല. മുഹമ്മദ് അബ്ദുവിന്റെ സ്വാധീനത്തിനു അസദ് വിധേയമായി എന്നാണവരുടെ കുറ്റപ്പെടുത്തല്‍. അബ്ദുവിനേക്കാളും റശീദ് രിദയെ അവര്‍ ഇഷ്ടപ്പെട്ടു. പാരമ്പര്യത്തോട് വിട്ടുവീഴ്ചയില്ലാതെ അവര്‍ ഒട്ടിനിന്നു. മൗദൂദിയെ വിമര്‍ശിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകളെ അവര്‍ ഇകഴ്ത്തിക്കാട്ടിയില്ല. 2005-ല്‍ യങ് മുസ്‌ലിം ഡൈജസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുകയുണ്ടായി: ''തന്റെ അനുയായികളുടെ ജീവിതത്തെ മോടി കൂട്ടാന്‍ പാരമ്പര്യ ഇസ്‌ലാമിക ദര്‍ശനത്തില്‍നിന്നും ഇസ്‌ലാമിക കലയില്‍നിന്നും മാറി സര്‍വാത്മനാ ഇന്‍ഡസ്ട്രിയലിസവും ടെക്‌നോളജിയും സ്വീകരിച്ചപ്പോള്‍ മൗദൂദി എന്നെ നിരാശപ്പെടുത്തി. പക്ഷേ, ഇപ്പോള്‍ എനിക്ക് അത്രമാത്രം വിമര്‍ശനമില്ല. മൗദൂദിയും ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്ബും ജീവിതം മുഴുവന്‍ ഇസ്‌ലാമിനു വേണ്ടി ഉഴിഞ്ഞുവെച്ചവരും ജീവന്‍ പോലും ബലിയര്‍പ്പിച്ചവരുമാണ്. അവര്‍ കര്‍ശനമായി ശരീഅത്തിനോട് ഒട്ടിനില്‍ക്കുകയും ഒട്ടനവധി പേര്‍ക്ക് അതിന് പ്രചോദനം നല്‍കുകയും ചെയ്തു.''
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍