Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

മാതൃകാ മഹല്ലും മതസൗഹാര്‍ദവും മതനേതൃത്വത്തിന്റെ അജണ്ടയാകണം

ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ഒരു  ഇമാമിന്റെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ്. പള്ളികളില്‍ നമസ്‌കാരത്തിനും മറ്റു ചില ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കുക മാത്രമാണോ ഇമാമിന്റെ ചുമതല?
'ഇമാമത്തി'നെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഏറെ മഹത്തരവും ഗൗരവപ്പെട്ടതുമാണ്. ഭരണാധികാരി എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഇസ്‌ലാമിക സംജ്ഞകളില്‍ ഒന്നാണ് 'ഇമാം'. രാഷ്ട്രത്തിന്റെ നായകത്വം ഉള്‍പ്പെടെ സമൂഹത്തിന്റെ സമ്പൂര്‍ണ നേതൃത്വമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിശ്വാസ ദര്‍ശനം (അഖീദ) വിശദീകരിക്കുന്ന ശറഹുല്‍ അഖാഇദ് എന്ന വിശ്രുത ഗ്രന്ഥത്തില്‍ ഇമാമിന്റെ ഉത്തരവാദിത്വങ്ങള്‍ പരിചയപ്പെടുത്തുന്നത് വായിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. എന്നാല്‍, ഭരണാധികാരിയായ ഇമാം ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലില്ല.
ഇന്ന് പൊതുവെ ഇമാം എന്ന് പറയുന്നത് പള്ളികളില്‍ നമസ്‌കാരത്തിനും മറ്റും നേതൃത്വം നല്‍കാന്‍ നിശ്ചയിക്കപ്പെട്ട വ്യക്തിയെയാണ്. എന്നാല്‍, നമസ്‌കാരത്തിന് നേതൃത്വം നല്‍കലും നികാഹ് പോലെ ചില ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കലും മാത്രമല്ല പള്ളികളിലെ ഇമാമുമാരുടെ ഉത്തരവാദിത്വം. അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇമാമുമാര്‍ക്ക് സാധിക്കണം. അതിനാവശ്യമായ വിദ്യാഭ്യാസവും അറിവും യോഗ്യതയും കൈവരിക്കാനും അവര്‍ ശ്രദ്ധിക്കണം. ഏതെങ്കിലും മതസംഘടനയുടെ നിയന്ത്രണത്തിലായിരിക്കും പൊതുവെ പള്ളികള്‍. അവിടത്തെ ഇമാം മിക്കവാറും സംഘടനാ പ്രവര്‍ത്തകനോ പാര്‍ട്ടി ബന്ധമുള്ളയാളോ ആയിരിക്കും. പലപ്പോഴും അത്തരം ഇമാമുമാര്‍ പാര്‍ട്ടി പള്ളികളിലെ പാര്‍ട്ടി ഇമാമുമാരായി ചുരുങ്ങിപ്പോകും. ഇത് ഖേദകരമാണ്. ഒരു പള്ളിയിലെ ഇമാം അവിടത്തെ മുഴുവന്‍ മുസ്‌ലിംകളുടെയും നേതാവായി മാറണം. വിദ്യാഭ്യാസം, വിവാഹം, കുടുംബജീവിതം, ജനക്ഷേമം, സാമ്പത്തിക മണ്ഡലം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെല്ലാം ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി മുന്നില്‍ നടക്കണം. മുസ്‌ലിം സമൂഹത്തിന്റെ മാത്രമല്ല, മുഴുവന്‍ മനുഷ്യരുടെയും നേതൃത്വത്തിലേക്ക് ഉയരാനും മനസ്സുവെച്ചാല്‍ നമ്മുടെ ഇമാമുമാര്‍ക്ക് കഴിയും.

പാളയം പള്ളിയിലെ ഇമാം എന്ന നിലക്ക് താങ്കളുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ്?
മഹല്ല് ജമാഅത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഗുണകരമായ വളര്‍ച്ചയും ഇതര മതവിഭാഗങ്ങളുമായുള്ള ഊഷ്മള ബന്ധവും നേടിയെടുക്കാനുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ ഇവിടത്തെ ഇമാമിന് നേതൃപരമായ പങ്കുണ്ട്. പാളയം ജമാഅത്ത് പരിപാലന സമിതിയും ഇമാമും ഒത്തുചേര്‍ന്നുകൊണ്ടാണ് ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത്. ഏതു പള്ളിയിലെയും ഇമാമും മുന്തിയ പരിഗണന നല്‍കേണ്ടതും മഹല്ല് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്.
ഇതര മതവിഭാഗങ്ങളുമായി സ്‌നേഹബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പരിപാടികള്‍ ഭംഗിയായി നടക്കുന്നു. സഹോദര മതസ്ഥര്‍ക്ക് ഇമാമിനെ കാണാനും സംസാരിക്കാനും സംശയനിവാരണം നടത്താനുമുള്ള അവസരം, ജുമുഅ പ്രഭാഷണം കേള്‍ക്കാനും നമസ്‌കാരം കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യം തുടങ്ങിയവയും ഇവിടെയുണ്ട്. ഗവണ്‍മെന്റിന്റെ എല്ലാ നല്ല പരിപാടികളെയും നാം പിന്തുണക്കുന്നു. അത്തരം പല ചടങ്ങുകളിലും ഇമാം പങ്കെടുക്കാറുണ്ട്. മദ്യവിരുദ്ധ പ്രചാരണം, പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കഴിയുന്നരീതിയില്‍ ഇടപെടുന്നു. പാളയം പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണം നല്ല ഒരു പരിപാടിയായിരുന്നു.

കേരളത്തിലെ മുസ്‌ലിം മഹല്ലുകളുടെ അവസ്ഥ ഏറെയൊന്നും തൃപ്തികരമല്ല. മഹല്ല് സംസ്‌കരണ രംഗത്ത് ഒരുപാട് ദൂരം ഇനിയും നാം സഞ്ചരിക്കേണ്ടതില്ലേ?
മുസ്‌ലിം സമൂഹത്തിന് ലഭിച്ച ഭാഗ്യമാകേണ്ടതാണ് മഹല്ല് ജമാഅത്ത് സംവിധാനം. ഓരോ പ്രദേശത്തെയും പള്ളിയും അതിന്റെ പരിപാലനസമിതിയും ഇമാമും ജനങ്ങളും ഉള്‍പ്പെടുന്ന മഹല്ല് സംവിധാനവും ദിശാബോധത്തോടെയും ആസൂത്രിതമായും മുന്നോട്ടുപോയാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മുസ്‌ലിം സാമൂഹിക ജീവിതത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരികയാണ് മഹല്ല് നേതൃത്വത്തിന്റെ ഉത്തരവാദിത്വം. വിദ്യാഭ്യാസം, ധാര്‍മിക വളര്‍ച്ച, ദാരിദ്ര്യ നിര്‍മാര്‍ജനം, കുടുംബസംസ്‌കരണം, ദാമ്പത്യത്തിലെ ഊഷ്മളത, വിവാഹപൂര്‍വ കൗണ്‍സലിംഗ്, സാമ്പത്തിക അച്ചടക്കം, ദീനീപഠനം, തൊഴില്‍, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലെല്ലാം ക്രിയാത്മകമായി സമൂഹത്തെ നയിക്കാനുള്ള കഴിവ് നമ്മുടെ മഹല്ല് നേതാക്കള്‍ക്കുണ്ട്. പക്ഷേ, മനസ് വെക്കണമെന്ന് മാത്രം. ഇന്നിപ്പോള്‍ ഇമാമിനെയും മറ്റു ജോലിക്കാരെയും നിശ്ചയിക്കുക, അവര്‍ക്ക് ശമ്പളം കൊടുക്കുക, വരിസംഖ്യ പിരിക്കുക, പള്ളിയുടെ അറ്റകുറ്റ പണികള്‍ നടത്തുക, വിവാഹം-മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ച് ഫീസ് വാങ്ങുക തുടങ്ങിയവയാണ് മഹല്ല് നേതൃത്വത്തിന്റെ പ്രധാന ജോലി! ഇതിനേക്കാള്‍ വലുതും ഗൗരവുമുള്ളതുമായ ഒട്ടേറെ വിഷയങ്ങള്‍, പ്രശ്‌നങ്ങള്‍ നമ്മുടെ മഹല്ലുകളിലുണ്ട്. അക്കാര്യത്തില്‍ മഹല്ല് നേതാക്കള്‍ക്കുള്ള ഉത്തരവാദിത്വം മറന്നുപോകരുത്.

ഈ രംഗത്ത് ഇമാമുമാര്‍ക്ക് എത്രത്തോളം പങ്കുവഹിക്കാന്‍ സാധിക്കുന്നുണ്ട്?
പല പള്ളികളിലും നിശ്ചയിക്കപ്പെടുന്ന ഇമാമുമാര്‍ കൂലിപ്പണിക്കാരെപ്പോലെയാണ് ജീവിക്കുന്നത്. നല്ല ദീനീ കാഴ്ചപ്പാടുള്ള ഇമാമുമാര്‍ക്കു പോലും ക്രിയാത്മകമായി മഹല്ലില്‍ ഇടപെടാന്‍ സാധിക്കുന്നില്ല. അവരെ അതിന് അനുവദിക്കുന്നില്ല എന്നതാണ് ശരി. ഇമാമിന് സ്ഥാനവും പരിഗണനയും നല്‍കിക്കൊണ്ട്, അദ്ദേഹം നല്‍കുന്ന ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മഹല്ലിനെ നയിക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് കഴിയണം. 'ഭരണസമിതി' എന്നല്ല പരിപാലനസമിതി എന്നാണ് മഹല്ല് കമ്മിറ്റിയെ വിശേഷിപ്പിക്കേണ്ടത്. ഒരു സേവക സംഘമായി ജമാഅത്ത് ഭാരവാഹികള്‍ മാറേണ്ടതുണ്ട്. പണ്ഡിതരും (ഉലമാഅ്) നേതാക്കളും (ഉമറാഅ്) ഒന്നിച്ചു മുന്നോട്ടു പോകണം. അതേസമയം, ചില സ്ഥലങ്ങളില്‍ ഇമാമുമാര്‍ പ്രശ്‌നക്കാരായി മാറുകയും മഹല്ലില്‍ പുതിയ തര്‍ക്ക വിതര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. തെക്കന്‍ കേരളത്തില്‍ അടുത്ത കാലത്ത് ചില സ്ഥലങ്ങളില്‍ ഇത് പ്രത്യേക്ഷപ്പെടുന്നുണ്ട്. ഇത് ജമാഅത്ത് ഭാരവാഹികള്‍ ശ്രദ്ധിക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ ഇമാമിന്റെയും മഹല്ല് ഭാരവാഹികളുടെയും അജണ്ടകളെക്കുറിച്ച് കാര്യമായ പുനരാലോചനകള്‍ക്ക് മുസ്‌ലിം സമുദായം തയാറാകേണ്ടതുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ചല്ല, പുരോഗമന പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ മൊത്തം മുസ്‌ലിം ഉമ്മത്തിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

കുടുംബജീവിതത്തിലും പുതിയ തലമുറയുടെ ധാര്‍മിക നിലവാരത്തിലും അഹിതകരമായ പ്രവണതകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. മഹല്ല് നേതൃത്വത്തിന്റെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണിതെന്ന് തോന്നുന്നു.
ഭൗതികമായ വളര്‍ച്ചയും വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയും ഗുണകരമായിത്തീരണമെങ്കില്‍ മികച്ച ദീനീ ശിക്ഷണം സമുദായാംഗങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. പുതിയ തലമുറയുടെ ബുദ്ധിപരമായ നിലവാരത്തിനും അഭിരുചികള്‍ക്കും അനുസൃതമായിരിക്കണം അത്. പഴഞ്ചന്‍ മെത്തഡോളജി ഉപയോഗിച്ചുകൊണ്ട് പുതിയ തലമുറയോട് സംവദിക്കാനാകില്ല. ഏഴാം ക്ലാസ് വരെയാണ് ദീനീ വിദ്യാഭ്യാസം ഏറെ കര്‍ക്കശമായി നല്‍കപ്പെടുന്നത്. എന്നാല്‍, ഹൈസ്‌കൂള്‍ മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ഥികളെയും പ്രഫഷണല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങളെയും മുന്നില്‍ കണ്ടുകൊണ്ട് ഉയര്‍ന്ന നിലവാരത്തില്‍ ദീനീപഠനം കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടാകണം. 7-12 പ്രായത്തിലെ ദീനീ പഠനത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് വിവേകമെത്തുന്ന തുടര്‍ കാലത്തെ ദീനീ ശിക്ഷണം. പുതിയ തലമുറയുടെ ധാര്‍മിക നിലവാരത്തകര്‍ച്ചക്ക് തടയിടാനുള്ള അടിസ്ഥാന മാര്‍ഗങ്ങളിലൊന്നാണിത്.
മറ്റൊന്ന് കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളാണ്. വളരെ വലിയ വിഷയമാണിത്. കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണങ്ങള്‍ പഠിച്ച് പരിഹാരം കാണേണ്ടത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണ്. മക്കളുടെ സംരക്ഷണവും സ്‌നേഹവും കിട്ടാത്ത മാതാപിതാക്കളുടെ കണ്ണീര് നാം കാണുന്നുണ്ട്. ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാകുന്നു. ഭാര്യമാരെ സ്‌നേഹിക്കാനും പരിഗണിക്കാനും കഴിയാത്ത ഭര്‍ത്താക്കന്മാരും, ഭര്‍ത്താവിനെ ആദരിക്കാനും അനുസരിക്കാനും തയാറാകാത്ത ഭാര്യമാരും നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വഴക്കടിക്കുകയും വിട്ടുവീഴ്ചകള്‍ക്ക് തയാറാവാതിരിക്കുകയും ചെയ്യുന്ന ദമ്പതികളുമുള്ള സമൂഹത്തില്‍ എങ്ങനെയാണ് നല്ല കുടുംബങ്ങള്‍ ഉണ്ടാവുക? സ്‌നേഹമസൃണമായ പരസ്പര ബന്ധമില്ലെങ്കില്‍ പിന്നെ ജീവിതത്തിന് എന്ത് സൗന്ദര്യവും ആസ്വാദ്യതയുമാണുള്ളത്? സ്ത്രീയും പുരുഷനും ചേരുന്ന ആത്മാര്‍ഥ സൗഹൃദമാണ് ദാമ്പത്യം. വൈവാഹിക ജീവിതത്തെക്കുറിച്ച ശരിയായ ഇസ്‌ലാമിക കാഴ്ചപ്പാടുകളിലൂടെ മാത്രമേ നമുക്ക് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കാനാകൂ. അതിനുവേണ്ടി പ്രീമാരേജ് കൗണ്‍സലിംഗ് പോലുള്ളവ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്.

ജുമുഅ ഖുത്വ്ബയെ കുറിച്ച്, താങ്കളുടെ അനുഭവങ്ങള്‍?
വെറുമൊരു പ്രസംഗമല്ല വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്വ്ബ. ഏറെ ഗൗരവമുള്ളതും ഫലപ്രദവുമാണത്. മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കരണത്തിന് അല്ലാഹു ഒരുക്കിവെച്ച മഹത്തായ സംവിധാനമാണിത്. പക്ഷേ, എത്ര ഖത്വീബുമാര്‍ അതിനെ അര്‍ഹിക്കുന്ന ഗൗരവത്തിലും ക്രിയാത്മകമായും സമീപിക്കുന്നുണ്ട്? മുന്നൊരുക്കത്തോടും ദിശാബോധത്തോടും കൂടി ഖുത്വ്ബ നിര്‍വഹിച്ചാല്‍ അതിന് വലിയ ഫലം ഉണ്ടാവുക മാത്രമല്ല, അത് നമുക്ക് അനുഭവപ്പെടുകയും ചെയ്യും. പാളയം പള്ളിയില്‍ കേരളത്തിന്റെ നാനാ ഭാഗത്തുനിന്നുള്ളവര്‍ ഖുത്വ്ബ കേള്‍ക്കാന്‍ എത്തുന്നുണ്ട്. ഇവിടെ വരുന്നവരില്‍ മൂന്നിലൊന്ന് മാത്രമാണ് പ്രദേശവാസികള്‍. ഉദ്യോഗസ്ഥരും പ്രഫഷണലുകളും പല ആവശ്യങ്ങള്‍ക്കായി തലസ്ഥാന നഗരിയിലെത്തുന്ന കാസര്‍കോട് മുതല്‍ ഇങ്ങോട്ടുള്ള ധാരാളം ആളുകളും ജുമുഅയില്‍ പങ്കെടുക്കാറുണ്ട്. പലപ്പോഴും ആദ്യമായിട്ടായിരിക്കും അവരില്‍ പലരും ഇവിടത്തെ ഖുത്വ്ബ കേള്‍ക്കുന്നത്. ഖുത്വ്ബ ഇവരിലുണ്ടാക്കുന്ന സ്വാധീനം അവരവരുടെ നാടുകളില്‍ പ്രതിഫലിക്കുന്നതായി പലപ്പോഴും കേള്‍ക്കാനിടവന്നിട്ടുണ്ട്. ഖുത്വ്ബയിലെ നിര്‍ദേശങ്ങള്‍ മഹല്ല് കമ്മിറ്റികളെ സഹകരിപ്പിച്ചും അല്ലാതെയും അവരവരുടെ നാടുകളില്‍ നടപ്പിലാക്കാന്‍ പലരും ശ്രമിക്കുന്നു. ഖുത്വ്ബ കേട്ട് തിരിച്ചുപോകുന്നവര്‍ അവരുടെ നാടുകളില്‍ പരിപാടികള്‍ക്ക് ക്ഷണിക്കാറുണ്ട്. വ്യത്യസ്ത വിഭാഗക്കാരുടെ മഹല്ലുകളിലും വേദികളിലും എനിക്ക് പങ്കെടുക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ജഡ്ജുമാര്‍, അഭിഭാഷകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഖുത്വ്ബകളിലൂടെ കിട്ടുന്ന സന്ദേശം അവര്‍ ഏറ്റെടുക്കുകയും തങ്ങളുടെ മേഖലകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതും സന്തോഷം തരുന്നു.

മുസ്‌ലിം സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും നിലനിര്‍ത്തുന്നതില്‍ ഖത്വീബിന് വലിയ പങ്കുണ്ടല്ലോ?
പള്ളിമിമ്പറുകള്‍ സമുദായ സംസ്‌കരണത്തിനുള്ള വേദിയാണ്. എല്ലാ വിഭാഗം മുസ്‌ലിംകള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും അവരുടെ തര്‍ബിയത്തിനുതകുന്നതുമായ വിഷയങ്ങളിലാണ് ഖുത്വ്ബ നടത്തേണ്ടത്. അതിനപ്പുറം മറ്റു സംഘടനകളെ വിമര്‍ശിക്കുകയും അവയുടെ നേതാക്കളെ ആക്ഷേപിക്കുകയും സമുദായത്തില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവിധം ഖുത്വ്ബ നടത്തരുത്. ഖത്വീബ് ഒരിക്കലും വിഭാഗീയതയുടെ പ്രചാരകനാകാന്‍ പാടില്ല. ദൗര്‍ഭാഗ്യകരമെന്നു പറയാം ചില സ്ഥലങ്ങളില്‍ ഇമാമോ ഖത്വീബോ ഒക്കെയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരാകുന്നത്. പുതുതായി വന്ന ചില ഖത്വീബുമാര്‍ മഹല്ലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കേള്‍ക്കാറുണ്ട്. ഇതിനെക്കുറിച്ച് അവരവര്‍ തന്നെ ആത്മവിചാരണ നടത്തണം.
പാളയം ജുമാ മസ്ജിദ് മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വിഷയത്തില്‍ ഏറെ മാതൃകാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. സമുദായത്തിലെ പലതരം ഉള്‍പിരിവുകള്‍ ഒരുമിച്ചു ചേരുന്ന മഹല്ലാണ് പാളയം മുസ്‌ലിം ജമാഅത്ത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇവിടെ ഭിന്നിപ്പോ ഛിദ്രതയോ ഇല്ല. പള്ളിയുടെ നിയമാവലിയും പരിപാലനസമിതിയും അതില്‍ മാതൃകയാണ്. വിദ്യാഭ്യാസപരമായി ഉയര്‍ന്നുനില്‍ക്കുന്നവരാണ് മഹല്ല് നിവാസികള്‍ എന്നത് ഇത് എളുപ്പമാക്കുന്നു. സങ്കുചിത താല്‍പര്യങ്ങളില്ലാത്തവരും വിശാല മനസ്‌കരുമാണ് പൊതുവെ മഹല്ലിലുളളത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നല്ലൊരു പരിപാലനസമിതിയും ഇവിടെയുണ്ട്. പള്ളിയുടെ മുന്‍ഗാമികളായ നേതാക്കളും മുന്‍ ഇമാമുമാരുമൊക്കെ ഈ രംഗത്ത് മാതൃകാപരമായ നിലപാട് സ്വീകരിച്ചവരാണ്. പുതുതായി എന്തെങ്കിലുമൊരു കാര്യം നടപ്പിലാക്കേണ്ടിവരുമ്പോള്‍ മഹല്ല് നിവാസികളെ കൃത്യമായി ബോധ്യപ്പെടുത്തിയാണ് മുന്നോട്ടു പോകാറുള്ളത്. വാര്‍ഡ്തലത്തില്‍ യോഗങ്ങള്‍ വിളിച്ച് ഇസ്‌ലാമിക വീക്ഷണം ജനങ്ങളെ ബോധ്യപ്പെടുത്തും. കാര്യങ്ങള്‍ മനസ്സിലായാല്‍ അത് സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്ക് പൊതുവെ വൈമനസ്യം ഉണ്ടാകാറില്ല. അഞ്ച് വര്‍ഷം മുമ്പ് ഈദ്ഗാഹ് പുനരാരംഭിച്ചത് അങ്ങനെയായിരുന്നു. എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുന്നതില്‍ ഇത്തരം ജനാധിപത്യപരമായ സമീപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നു.
ഒരു ബഹുമത സമൂഹത്തില്‍ സൗഹാര്‍ദ പൂര്‍ണമായ പരസ്പര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ഇമാമുമാര്‍ക്കും മഹല്ല് നേതൃത്വത്തിനും എത്രത്തോളം പങ്കുവഹിക്കാന്‍ കഴിയും ?
നമ്മുടേതുപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ മതനേതൃത്വത്തിന്റെ പങ്ക് വളരെ വലുതാണ്. മുസ്‌ലിം സമൂഹം പഴയകാലം മുതല്‍ അതില്‍ ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഉള്‍പ്പെടെയുള്ള മതപണ്ഡിതന്മാരുടെ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം നേതൃത്വം ഈ രംഗത്ത് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാം.
മറ്റു മതവിഭാഗങ്ങളോട് പുലര്‍ത്തേണ്ട സ്‌നേഹബന്ധത്തെക്കുറിച്ച ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാന്‍ മതപണ്ഡിതന്മാര്‍ ശ്രദ്ധിക്കണം. നമ്മുടെ സവിശേഷമായ സാഹചര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, ഈ വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും വിവേകത്തോടെ വ്യാഖ്യാനിക്കണം. ഇതര മതനേതാക്കളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരും ഇമാമുമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈന്ദവസ്വാമിമാര്‍ക്കും ക്രൈസ്തവ പാതിരിമാര്‍ക്കുമൊപ്പം വേദികള്‍ പങ്കിടുകയും കൂട്ടായ്മകള്‍ രൂപീകരിക്കുകയും ചെയ്തു മുന്നോട്ടു പോയാല്‍ അത് സമുദായങ്ങള്‍ക്കിടയില്‍ ഗുണകരമായ സ്വാധീനം ചെലുത്തും. നിക്ഷിപ്ത താല്‍പര്യക്കാര്‍ സാമുദായിക ധ്രുവീകരണത്തിനുവേണ്ടി നിരന്തരം ശ്രമിക്കുന്ന കേരളീയ വര്‍ത്തമാനത്തില്‍ മതനേതാക്കള്‍ ജാഗ്രതയോടും വിവേകത്തോടും കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പാളയം പള്ളി ഇമാം എന്ന നിലയില്‍ ഈ രംഗത്ത് ക്രിയാത്മകമായി ഇടപെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദുസ്വാമിമാരും ക്രൈസ്തവ പുരോഹിതന്മാരുമായി വളരെ അടുത്ത ബന്ധമാണ് ഇമാം പുലര്‍ത്തിവരുന്നത്. ചര്‍ച്ച്, ബിഷപ് ഹൗസ്, സെമിനാരി, മഠം, ആശ്രമം തുടങ്ങി മറ്റു മതസ്ഥരുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യാറുണ്ട്. അവരുടെ പത്രപ്രസിദ്ധീകരണങ്ങളില്‍ നമ്മുടെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള അവസരങ്ങള്‍ കിട്ടാറുണ്ട്. തിരുവല്ലയിലും ചങ്ങനാശേരിയിലും മറ്റുമുള്ള ക്രൈസ്തവ ആസ്ഥാനങ്ങളിലേക്ക് ഇമാമിനെ ക്ഷണിക്കാറുണ്ട്. സെമിനാരികളിലെ വിദ്യാര്‍ഥികളോട് സംവദിക്കാനുള്ള അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. ചെമ്പഴന്തി ആശ്രമത്തിലെ സ്വാമിമാര്‍, സാളഗ്രാമത്തിലെ സ്വാമി സന്ദീപാനന്ദഗിരി, അശ്വതിതിരുനാള്‍ തുടങ്ങിയ ഒട്ടേറെ സ്വാമിമാരുമായും അടുത്ത സൗഹൃദം വളര്‍ത്താനും വേദികള്‍ പങ്കിടാനും ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിഷപ് ഹൗസില്‍ നോമ്പുതുറക്കാന്‍ ക്ഷണിക്കപ്പെട്ടത് നല്ല അനുഭവമായിരുന്നു. പട്ടം ബിഷപ്പ് ഹൗസില്‍ ആദ്യമായി മുസ്‌ലിംകള്‍ നമസ്‌കരിച്ചത് ഞങ്ങള്‍ അവിടെ നോമ്പുതുറക്കാന്‍ ചെന്നപ്പോഴാണെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് പറയുകയുണ്ടായി. അദ്ദേഹം പാളയം പള്ളിയില്‍ വന്നിട്ടുണ്ട്. ഇമാമിനോടൊപ്പം ഭക്ഷണം കഴിക്കുകയും മൂന്ന് മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും ചെയ്ത ശേഷമാണ് തിരിച്ചുപോയത്. പാളയം പള്ളി സംഘടിപ്പിക്കുന്ന ഇഫ്ത്വാര്‍ സംഗമങ്ങളിലും ഈദ് സുഹൃദ് സംഗമത്തിലും ക്രൈസ്തവ-ഹൈന്ദവ മതനേതാക്കള്‍ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. സാളഗ്രാമത്തില്‍ നോമ്പുതുറക്കാന്‍ പോവുകയും അവിടെവെച്ച് നമസ്‌കരിക്കുകയും നോമ്പിനെ കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍ വളരെ പ്രാധാന്യമുള്ളതും ഫലപ്രദവുമാണ് എന്നാണ് അനുഭവം. ഇത്തരം ഇടവകകളും ആശ്രമങ്ങളുമൊക്കെയായി ബന്ധപ്പെട്ടു കഴിയുന്ന മതവിശ്വാസികള്‍ക്കിടയില്‍ ഈ ഒരുമിച്ചു ചേരല്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പാളയം പള്ളിയെയും ഇമാമിനെയും ഇതര മതവിശ്വാസികള്‍ ആദരവോടെ കാണാന്‍ ഇത് കാരണമാകുന്നു. ഇമാമിനെ കാണാനും സംശയങ്ങള്‍ ചോദിക്കാനും സ്‌നേഹം പങ്കിടാനുമായി മറ്റു മതസ്ഥരും ഇവിടെ വരാറുണ്ട്.  ക്രൈസ്തവ-ഹൈന്ദവ-മുസ്‌ലിം മതാദ്ധ്യക്ഷന്മാര്‍ ചേര്‍ന്നുകൊണ്ടുള്ള തിരുവനന്തപുരത്തെ സൗഹൃദവേദി എടുത്തുപറയേണ്ടതാണ്. നിയുക്ത കര്‍ദിനാള്‍ ക്ലിമ്മിസ് മാര്‍ ബസേലിയോസ് കത്തോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേക്ക് പോകാന്‍ എനിക്കു ക്ഷണം കിട്ടിയതും ഇതിന്റെ ഭാഗമാണ്. ഇത്തരം ബന്ധങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനായാല്‍ വലിയ നേട്ടമുണ്ടാകും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍