Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

മാതാപിതാക്കളോട് ക്രൂരത!

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

ഭാര്യയുടെ തലയണമന്ത്രം കേട്ട് മാതാപിതാക്കളെ ആട്ടിയകറ്റുകയും അവഹേളിക്കുകയും ചെയ്ത ഒരു സഹോദരന്റെ ചോദ്യം ഞെട്ടലുണ്ടാക്കി (പ്രശ്‌നവും വീക്ഷണവും, ലക്കം 22). ഖുര്‍ആന്‍ ഒരു തവണയെങ്കിലും വായിച്ചിരുന്നെങ്കില്‍ കഠിനമായ ഈ പാപത്തില്‍ അദ്ദേഹം വീഴുകയില്ലായിരുന്നു. സൂറ അല്‍ ഇസ്‌റാഅ് 23,24 വാക്യങ്ങള്‍ ഇങ്ങനെ വായിക്കാം: 'നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു; നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടു പേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ഛെ എന്നു പോലും പറയരുത്. അവരോട് പരുഷമായി സംസാരിക്കരുത്. ആദരവോടെ സംസാരിക്കുക. കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുക: എന്റെ നാഥാ കുട്ടിക്കാലത്ത് എന്നെ പോറ്റിവളര്‍ത്തിയതുപോലെ നീ അവരോട് കരുണ കാണിക്കേണമേ.'
സഹോദര സമുദായത്തിലെ ഒരു ടീച്ചര്‍ക്ക് ഖുര്‍ആന്‍ പരിഭാഷ നല്‍കിയിരുന്നു. കോളേജില്‍ പഠിക്കുന്ന മകള്‍ അവരോട് പരുഷമായി സംസാരിച്ചിരുന്നു. കുട്ടിയുടെ പെരുമാറ്റദൂഷ്യം മാറ്റാന്‍ ടീച്ചര്‍ക്ക് തുണയായത് മാതാപിതാക്കളോട് 'ഛെ' എന്നു പോലും പറയരുത് എന്ന ഖുര്‍ആന്‍ വാക്യമായിരുന്നു. പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിപ്പിച്ചാണ് അമ്മ മകളെ ഉപദേശിച്ചത്.
നാടുനീളെ മദ്‌റസകളുണ്ടെങ്കിലും നമ്മുടെ മതപഠനത്തിന് എന്തോ പോരായ്മയുണ്ടെന്നാണ് വൃദ്ധമാതാപിതാക്കളോടുള്ള ക്രൂരതയും കുറ്റവാളികളുടെ പെരുപ്പവും കാണിക്കുന്നത്. വുദൂവും കുളിയും തയമ്മവും അറബിയിലും മലയാളത്തിലും വര്‍ഷങ്ങളോളം ചൊല്ലിപ്പഠിക്കുന്നതിന്റെ പേരാണ് നമ്മുടെ മതപഠനം. ലാളിത്യവും നീതിബോധവും പെരുമാറ്റ വൈശിഷ്ട്യവുമാണ് ഇസ്‌ലാംപഠനത്തിന്റെ ആകെത്തുകയായി ജീവിതത്തിലുണ്ടാവേണ്ടത്. എന്നാല്‍, മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്ന ചൊല്ല് അന്വര്‍ഥമാക്കുംവിധമാണ് കാര്യങ്ങളുടെ പോക്ക്. പുരോഹിതന്മാരും പണ്ഡിതന്മാരും പണത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ പായുകയും വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ശിഷ്യന്മാര്‍ താന്തോന്നികളായില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഖുര്‍ആനും നബിവചനങ്ങളും ജീവിതത്തിന്റെ സിലബസ്സില്‍ നിന്ന് പറിച്ചെറിഞ്ഞതാണ് സമുദായത്തിന്റെ അധഃപതനത്തിന്റെ മൂലകാരണം. മാതാപിതാക്കളോട് കാണിക്കേണ്ട ശ്രേഷ്ഠമായ പെരുമാറ്റത്തെക്കുറിച്ചും ദൈനംദിന ജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ചുമുള്ള ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളുമടങ്ങിയ പാഠപുസ്തകങ്ങള്‍ മദ്‌റസകളില്‍ പഠിപ്പിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളിലൂടെ നല്‍കുന്ന ഖുര്‍ആന്‍ പാഠങ്ങള്‍ കരുണയും നീതിബോധവുമുള്ള നല്ല മനുഷ്യരായി ജീവിക്കാന്‍ പഠിതാക്കളെ പ്രേരിപ്പിക്കുന്നതാകണം.
മാറ്റത്തിന്റെ വഴികളില്‍ മുഴങ്ങുന്ന കാലൊച്ചകള്‍
'എങ്ങനെയെല്ലാമാണ് ഇസ്‌ലാമിയാ കോളേജുകള്‍ പുതിയ കാലത്തോട് സംവദിക്കുന്നത്' എന്ന ബഷീര്‍ തൃപ്പനച്ചിയുടെ പ്രതികരണം (ലക്കം 22) കേരളത്തിലെ ഇസ്‌ലാമിയാ കോളേജ് ഭാരവാഹികള്‍ക്ക് ആഴത്തില്‍ ചിന്തിക്കാന്‍ വക നല്‍കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാസമ്പന്നരായ ഒരുപറ്റം പുതുതലമുറയെ ഉല്‍പാദിപ്പിക്കേണ്ട ഇസ്‌ലാമിയാ കോളേജുകള്‍ മതത്തിന്റെയും മതവിദ്യാഭ്യാസത്തിന്റെയും സങ്കുചിത ചിന്തകളില്‍ അകപ്പെട്ട് ഷണ്ഡീകരിക്കപ്പെട്ട മനസ്സുമായാണ് പുറത്തുവരുന്നത്. കാലഘട്ടത്തിന്റെയും ആധുനിക വിദ്യാര്‍ഥി സമൂഹത്തിന്റെയും മാറ്റത്തിനനുസൃതമായ വിദ്യാഭ്യാസ രീതികളോ പാഠ്യപദ്ധതികളോ ഇസ്‌ലാമിയാ കോളേജുകള്‍ വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് അതിനു കാരണം. പല ഇസ്‌ലാമിക കലാലയങ്ങളിലും വിദ്യാര്‍ഥികളുടെ ചിന്തകള്‍ക്ക് കോളേജിന്റെ മതില്‍കെട്ടിനപ്പുറത്തേക്ക് വ്യാപിക്കാന്‍ കഴിയാതെ വരുന്നു.
ഈ അവസ്ഥ നിലനില്‍ക്കെത്തന്നെ കാലത്തോടും ലോകത്തോടും കാലികമായി സംവദിക്കാനും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ശേഷിയുള്ള ഒരു ഇസ്‌ലാമിക തലമുറ ഇസ്‌ലാമിയാ കോളേജുകളില്‍ നിന്നുതന്നെ വളര്‍ന്നു വരുന്നുണ്ട്. അവരെ വിസ്മരിച്ചുകളയരുത്. അവര്‍ ആശയസംവാദങ്ങളില്‍ സജീവമാണ്. വിജ്ഞാന സദസ്സുകളിലും, ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്നവരുടെ സമരപന്തലുകളില്‍വരെ അവര്‍ നിറഞ്ഞുനില്‍ക്കും. പുതിയ ലോകത്തിനും സംസ്‌കാരത്തിനും ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സുന്ദരമായ ശൈലിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന തിന്മകള്‍ക്കും അനീതികള്‍ക്കുമെതിരെ അവരുടെ ചുണ്ടുകളും പേനയും ചലിക്കുന്നത് നമുക്ക് കാണാം. ഈയൊരു വിദ്യാര്‍ഥി സമൂഹമായിരിക്കും പുതിയൊരു ലോകം പടുത്തുയര്‍ത്താന്‍ നാളെ മുന്നില്‍ നില്‍ക്കുക.
ഫസലുര്‍റഹ്മാന്‍ കൊണ്ടോട്ടി

സമുദായം ആരുടെയൊക്കെ നോട്ടപ്പുള്ളിയാണ്?
ശിഹാബ് പൂക്കോട്ടൂര്‍ എഴുതിയ 'നോട്ടപ്പുള്ളിസമുദായത്തിന്റെ പ്രതീകമാണ് മഅ്ദനി' (ലക്കം: 21) എന്ന ലേഖനമാണ് ഈ കുറിപ്പിന് പ്രേരകം.
മഅ്ദനി ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന എല്ലാ പൗരാവകാശങ്ങളും ലഭിക്കാന്‍ അര്‍ഹനാണ്. അത് നല്‍കുന്നതില്‍ അലംഭാവം സംഭവിക്കുമ്പോള്‍, വകവെച്ചു നല്‍കാനും ജനാധിപത്യഘടനയെ സംരക്ഷിച്ചു നിര്‍ത്താനും പൗരബോധമുള്ള സമൂഹം ഒന്നിച്ചുനില്‍ക്കേണ്ടത് നാനാത്വത്തില്‍ ഏകത്വമവകാശപ്പെടുന്ന നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും ചുമതലയാണ്.
പൊതുപ്രവര്‍ത്തനം നടത്തുന്നവനെ ഭീകരപ്രവര്‍ത്തകനും ഭീകര പ്രവര്‍ത്തനം നടത്തുന്നവനെ പൊതുപ്രവര്‍ത്തകനുമാക്കി മുദ്രകുത്തുന്ന മാധ്യമ നരനായാട്ടാണ് നമ്മുടെ രാജ്യത്ത് ഇന്നുള്ളത്. 'മാധ്യമ സ്വാതന്ത്ര്യ'മെന്ന നൂലേണി കരുവാക്കിക്കൊണ്ട് വ്യക്തികളുടെ സ്വകാര്യങ്ങള്‍ പോലും കവര്‍ന്നെടുത്ത് ന്യൂസ് റൂമില്‍ മലര്‍ത്തിവെക്കാന്‍ മടിക്കാത്ത പത്രമാധ്യമങ്ങള്‍, മൗലികാവകാശങ്ങള്‍ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട് എന്നത് ബോധപൂര്‍വം മറച്ചുവെക്കുകയാണ്.
നാടിന്റെ കണ്ണും കാതുമാകേണ്ട മാധ്യമങ്ങള്‍ പല സാമൂഹികവിരുദ്ധ ശക്തികളുടെയും വ്യക്തികളുടെയും ആജ്ഞാനുവര്‍ത്തികളാകുമ്പോള്‍ സമൂഹത്തിലെ സാധാരണക്കാര്‍ മാത്രമല്ല അഭ്യസ്തവിദ്യര്‍ പോലും സത്യാസത്യങ്ങളും ന്യായാന്യായങ്ങളും വ്യവഛേദിക്കാനാകാതെ കേള്‍ക്കുന്നതപ്പടി വിഴുങ്ങുന്ന കാഴ്ചയാണ് സമകാലിക ലോകത്തിന്റേത്.
എന്നാല്‍, ഇതിന്നപവാദമായി നിലകൊള്ളുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ക്രൂശിക്കാനും രാജ്യത്തിനു ഭീഷണിയായി ചിത്രീകരിക്കാനുമുള്ള അശ്രാന്തശ്രമം രാജ്യത്തങ്ങോളമിങ്ങോളം നടക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ മേല്‍ വ്യാജമായി ചമച്ച സാക്ഷിമൊഴികളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും നിജസ്ഥിതി അന്വേഷിച്ച് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച തെഹല്‍ക്കയിലെ കെ.കെ ഷാഹിനയുടെ മേല്‍ അന്യായമായി കേസുകള്‍ കെട്ടിച്ചമച്ചത് അതിനൊരു ഉത്തമ ഉദാഹരണം.
സ്ഥലത്തിന്റെയും വ്യക്തിയുടെയും പേരുകള്‍ തീവ്ര-ഭീകരവാദ പര്യായങ്ങളാകുന്നുവെന്നത് അതീവ ജാഗ്രതയോടെ നോക്കിക്കാണേണ്ട മറ്റൊരു നിഗൂഢ മുഖമാണ്. ഉത്തര്‍പ്രദേശിലെ തീവ്രവാദികളുടെ ഹബ്ബായി ദേശീയ മാധ്യമങ്ങള്‍ ചിത്രീകരിച്ച പ്രദേശത്തോട് ബീഹാറിനെ ചേര്‍ത്തുവായിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട് 'ബീഹാര്‍ അഅ്‌സംഗഢാകുന്നു'- എന്നാകുന്നത് നല്‍കുന്ന അപായ സൂചന വളരെ വലുതാണ്.
പി.എ ഉസ്മാന്‍ പാടല, കാസര്‍കോട്

അഭിനന്ദനാര്‍ഹം ഈ ചുവടുവെപ്പ്
'ശിഹാബ് തങ്ങള്‍ ഭവനനിര്‍മാണ പദ്ധതി' ജനസേവന രംഗത്ത് മാതൃകാ കാല്‍വെപ്പെന്ന് വിശേഷിപ്പിച്ച് കെ.സി ജലീല്‍ എഴുതിയ കുറിപ്പ് (ലക്കം 22), അതിന് നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗിനെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും പ്രശംസിക്കുന്നു. ജനസേവന പ്രവര്‍ത്തനങ്ങളില്‍ ഈയിടെയായി സജീവമാണ് ലീഗ് പ്രവര്‍ത്തകര്‍.
വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാതെ കണ്ണീര്‍ വാര്‍ക്കുന്ന മനുഷ്യമക്കള്‍ക്ക് ആശ്വാസമായി സോളിഡാരിറ്റി പ്രവര്‍ത്തകര്‍ തെളിയിച്ച നന്മയുടെ വഴിയിലൂടെ ലീഗ് പ്രവര്‍ത്തകര്‍ അതിവേഗം ബഹുദൂരം മുന്നേറുന്ന കാഴ്ച അഭിനന്ദനമര്‍ഹിക്കുന്നു. ഭവന നിര്‍മാണ പദ്ധതിയും കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവശ ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ആശയപരമായി പല വിഷയങ്ങളിലും തങ്ങള്‍ വിയോജിക്കുകയും തങ്ങളോട് വിയോജിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണെങ്കിലും അവര്‍ ചെയ്യുന്ന നന്മകള്‍ നന്മകളായി കാണാനും അഭിനന്ദിക്കാനും ഒരു ജമാഅത്ത് പ്രവര്‍ത്തകന്‍ തൂലിക എടുത്തത് നല്ല കീഴ്‌വഴക്കമാണ്. സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ദിവംഗതനായപ്പോള്‍, അദ്ദേഹത്തിന്റെ ജീവിത ലാളിത്യം, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ ഗുണങ്ങളെ പ്രകീര്‍ത്തിക്കുന്ന അനുസ്മരണക്കുറിപ്പ് പ്രബോധനം പ്രസിദ്ധീകരിച്ചതും പലയിടത്തും ജുമുഅ ഖുത്വ്ബകളില്‍ അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതത്തെ അനുസ്മരിച്ചതും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ഥിച്ചതുമെല്ലാം എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്. ഈ വിധത്തില്‍ പരസ്പരം അംഗീകരിക്കാന്‍ തയാറാവുന്നത് മുസ്‌ലിം ഐക്യം സാര്‍ഥകമാവാന്‍ വഴിതുറക്കുമെന്ന് തീര്‍ച്ച.
റഹ്മാന്‍ മധുരക്കുഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍