Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

സുബൈദ ബിന്‍ത് ജഅ്ഫര്‍

ഡോ. അലി അക്ബര്‍ ജിദ്ദ

ദജ്‌ലാ നദീതീരത്ത് (ആധുനിക ഇറാഖിലെ ടൈഗ്രീസ് നദി) മനോഹരമായ കൊട്ടാരത്തിനു മുന്നില്‍ ജനം രാജ്ഞിയെ കാത്ത് അക്ഷമരായി. രാജ്ഞി മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടതോടെ അവരുടെ സന്തോഷം ഇരട്ടിയായി.
''ഇന്നേ ദിവസം മുതല്‍ കനാലിന്റെ എല്ലാ കണക്ക് പുസ്തകങ്ങളും ഞാന്‍ അടക്കുകയാണ്. എനിക്ക് ആരെങ്കിലും പണം തരാനുണ്ടെങ്കില്‍ അത് തരേണ്ട ആവശ്യമില്ല. ഞാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു. ഞാന്‍ ആര്‍ക്കെങ്കിലും പണം തരാനുണ്ടെങ്കില്‍ അത് ഉടനെ തരുന്നതാണ്, ഇരട്ടിയായി.'' ഇതുപറഞ്ഞ രാജ്ഞി കണക്ക് പുസ്തകങ്ങള്‍ നദിയിലേക്ക് വലിച്ചെറിയാന്‍ ആവശ്യപ്പെട്ട് പറഞ്ഞു: ''എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ ഉണ്ട്.''
ആരാണീ മഹതി? അബ്ബാസിയ ഖലീഫ മന്‍സൂറിന്റെ പുത്രന്‍ ജൗഹറിന്റെ മകള്‍ സുബൈദ ബിന്‍ത് ജൗഹര്‍. അതെ, ഇസ്‌ലാമിക ചരിത്രത്തില്‍ പ്രശസ്തനായ ഭരണാധികാരി ഹാറൂണ്‍ അല്‍ റശീദിന്റെ പ്രിയ പത്‌നി. ഹിജ്‌റ വര്‍ഷം 148-ല്‍ (ക്രി. 762) ആണ് സുബൈദ ജനിച്ചത്. അതിസുന്ദരിയായിരുന്ന കുഞ്ഞിനു പിതാമഹനായ ഖലീഫ മന്‍സൂര്‍ സുബൈദ എന്ന് പേര് നല്‍കി. അവരുടെ യഥാര്‍ഥ നാമം അമതുല്‍ അസീസ് എന്നായിരുന്നു. സുബൈദയുടെ മാതാവ് ഖലീഫ മഹ്ദിയുടെ ഭാര്യ സഹോദരിയായ സല്‍സല്‍ ആയിരുന്നു. അങ്ങനെ മാതാവ് വഴിയും പിതാവ് വഴിയും ഹാറൂണ്‍ റശീദുമായി കുടുംബബന്ധമുണ്ടായിരുന്നു. സൗന്ദര്യവും ബുദ്ധിശക്തിയും ഒത്തിണങ്ങിയ മഹതിയായിരുന്ന സുബൈദ നന്നേ ചെറുപ്പത്തില്‍ തന്നെ പരിശുദ്ധ ഖുര്‍ആന്‍, ഹദീസ്, അറബി സാഹിത്യം മുതലായവയില്‍ പ്രാവീണ്യം നേടി. സാഹിത്യകാരന്മാരെയും കവികളെയും ശാസ്ത്രജ്ഞന്മാരെയും അവര്‍ ധനസഹായം നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ വസതിയില്‍ രാവും പകലും പരിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കാന്‍ വേണ്ടി, ഖുര്‍ആന്‍ പാരായണത്തില്‍ പ്രവീണരായ നൂറു സ്ത്രീകളെ വേതനം നല്‍കി നിയമിച്ചിരുന്നു.
ഹിജ്‌റ 165-ലാണ് മഹതി ഹാറൂണ്‍ റശീദിന്റെ ഭാര്യയാകുന്നത്. വളരെ മതഭക്തയായിരുന്നു സുബൈദ. ഭര്‍ത്താവുമൊത്ത് പല പ്രാവശ്യം അവര്‍ ബഗ്ദാദില്‍നിന്ന് മക്കവരെയുള്ള 900 മൈല്‍ ദൂരം കരമാര്‍ഗം വന്ന് ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ബഗ്ദാദില്‍നിന്ന് മക്ക വരെയുള്ള പഴയ പാതയുടെ ശോചനീയാവസ്ഥ കാരണം ഹാജിമാര്‍ കഷ്ടപ്പെടുന്നത് മഹതി നേരില്‍ കാണുകയുണ്ടായി. ഹാജിമാര്‍ക്ക് ഉപകാരപ്പെടുമാറ് ഈ പാതയുടെ പരിഷ്‌കരണവും പുനരുദ്ധാരണവും തന്റെ ദൗത്യമായി അവര്‍ ഏറ്റെടുത്തു. ദര്‍ബ് സുബൈദ എന്നാണ് ഈ സംരംഭം അറിയപ്പെടുന്നത്. അറഫ, മിന, മക്ക എന്നീ സ്ഥലങ്ങളിലേക്ക് വളരെ ദൂരെ നിന്നും കുടിവെള്ളം എത്തിക്കാനുള്ള ഒരു വന്‍ പദ്ധതി മഹതി സ്വന്തം ചെലവില്‍ നടപ്പാക്കുകയുണ്ടായി. ഐന്‍ സുബൈദ എന്നാണ് ഇതിന്റെ പേര്. ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന മഹത്തായ ജീവകാരുണ്യ സംരംഭങ്ങളാണ് ദര്‍ബ് സുബൈദയും ഐന്‍ സുബൈദയും.
ദര്‍ബ് സുബൈദ
ഇസ്‌ലാമിക ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന ജീവകാരുണ്യ സംരംഭമാണ് ബഗ്ദാദില്‍ നിന്ന് മക്ക വരെ 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്. അതിന് മുമ്പും ഒരു പാത നിലവിലുണ്ടായിരുന്നുവെങ്കിലും വേണ്ട രീതിയില്‍ സംരക്ഷിക്കാത്തതിനാല്‍ ഈ പാത മരുഭൂമിയില്‍ നഷ്ടമായിപ്പോയിരുന്നു. തന്മൂലം വഴിതെറ്റി വിശപ്പും ദാഹവും മൂലം മരുഭൂമിയില്‍ തീര്‍ഥാടകര്‍ മരിക്കുന്നത് സുബൈദ നേരില്‍ കാണുകയുണ്ടായി. തീര്‍ഥാടകരുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി മഹതിയുടെ നിര്‍ദേശ പ്രകാരം 1200 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബഗ്ദാദ് മുതല്‍ മക്ക വരെ ഖിബ്‌ല ലക്ഷ്യമാക്കി പാത നിര്‍മിക്കുകയാണുണ്ടായത്.
ബഗ്ദാദില്‍നിന്ന് ആരംഭിച്ച് കൂഫ, നജ്ഫ്, ഖാദിസിയ, മുഗ്‌യത്ത്, തലാബിയ, ഫിദ്, സമീറാഅ് വഴി നഖ്‌റയില്‍ എത്തുന്ന പാത രണ്ടായി പിരിയുന്നു. ഒരു ശാഖ അല്‍ ആഖാകിയ വഴി മദീനയില്‍ എത്തുന്നു. രണ്ടാമത്തെ ശാഖ മുഖയ്യിദ്, അല്‍ സലീല, ബിര്‍കാ സബദ, മഅദ് ദഹബ് (സ്വര്‍ണഖനി) വഴി സഫീന ഗമ്ര കടന്നു സാത് ഇറക് എന്ന മീകാത്ത് വഴി ബുസ്താന്‍ വഴി മക്കയില്‍ എത്തിച്ചേരുന്നു. ഈ പാതയില്‍ നാല്‍പതില്‍പരം സ്ഥലങ്ങളിലെ ഇടത്താവളങ്ങളിലായി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമ മന്ദിരങ്ങള്‍, കിണറുകള്‍, ജലാശയങ്ങള്‍, അതിഥി മന്ദിരങ്ങള്‍, മസ്ജിദുകള്‍, പോലീസ് സ്റ്റേഷന്‍ എന്നിവ നിര്‍മിച്ചിരുന്നു.തീര്‍ഥാടകര്‍ക്ക് സൗകര്യവും സുരക്ഷിതവുമായിരുന്ന ഈ പാതയില്‍ യാത്രാ സംഘങ്ങള്‍ക്ക് ദിക്കുകള്‍ അറിയാനായി ഉയരത്തില്‍ മിനാരങ്ങളും വിളക്ക് കാലുകളും സ്ഥാപിച്ചിരുന്നു. കരുത്തുറ്റ ഈ നിര്‍മിതികളുടെ ശേഷിപ്പുകള്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും കാണാവുന്നതാണ്. ഇറാഖ്, പേര്‍ഷ്യ, ഖുറാസാന്‍, ഖുര്‍ദിസ്താന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുമുള്ള ധാരാളം തീര്‍ഥാടകര്‍ ഈ പാത ആയിരത്തിലേറെ സംവത്സരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. കൂടാതെ കച്ചവടവും നടന്നിരുന്നു. വര്‍ഷത്തില്‍ ആറു മാസം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരുന്ന പാത ബാക്കി ആറു മാസം കച്ചവടക്കാരും പ്രദേശവാസികളും ഉപയോഗിച്ചു. പതിനേഴ് ലക്ഷം മിസ്‌കാലാണ് സുബൈദ ഈ പദ്ധതിക്ക് ചെലവാക്കിയത്. അക്കാലത്ത് ആ തുക 5,950 കിലോ സ്വര്‍ണത്തിന്റെ മൂല്യമായിരുന്നു.

ഐന്‍ സുബൈദ
ഇസ്‌ലാമിക ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയ, എക്കാലവും സ്മരിക്കപ്പെടുന്ന മറ്റൊരു ജീവകാരുണ്യ സംരംഭമാണ് സുബൈദ നിര്‍മിച്ച കുടിവെള്ള പദ്ധതി. മക്ക, മിന, അറഫ എന്നിവിടങ്ങളില്‍ രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവിച്ചിരുന്ന ഹാജിമാര്‍ക്ക് ഒരു കുപ്പി വെള്ളത്തിന് ഒരു ദിനാര്‍ വരെ കൊടുക്കേണ്ടിവന്നിരുന്നു. ഹാജിമാരുടെ ഈ ശോചനീയാവസ്ഥ മനസ്സിലാക്കിയ സുബൈദ അന്നത്തെ പ്രഗത്ഭരായ എഞ്ചിനീയര്‍മാരെ വിളിച്ചുകൂട്ടി. മക്കയില്‍ എല്ലായിടത്തും കുടിവെള്ളം എത്തിക്കാന്‍ പര്യാപ്തമായ ഒരു പദ്ധതി സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അല്‍ ജൗസി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: ''സുബൈദയുടെ നിര്‍ദേശാനുസരണം സര്‍വേ നടത്തിയ എഞ്ചിനീയര്‍മാര്‍ ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്തു. ഇത്തരം ഒരു പദ്ധതിക്ക് ഭീമമായ സംഖ്യ ചെലവ് വരും. കൂടാതെ അത്യന്തം ശ്രമകരവുമാണ്. ഭീമാകാരമായ പാറകള്‍ തുരന്നും ചില സ്ഥലങ്ങളില്‍ പത്തു മൈലോളം ചരിഞ്ഞ സ്ഥലത്തും ടണല്‍ നിര്‍മിക്കേണ്ടിവരും.'' പാറകളില്‍ നിന്നും ഉത്ഭവിക്കുന്ന ധാരാളം ഉറവകള്‍ ലഭ്യമായ ഹുനൈന്‍ താഴ്‌വരയില്‍നിന്നും തോട് മാര്‍ഗം ശുദ്ധജലം എത്തിക്കാനാണ് സര്‍വേ നടത്തിയ എഞ്ചിനീയര്‍മാരുടെ സംഘം അന്തിമ തീരുമാനത്തിലെത്തിയത്. പ്രവാചകന്‍(സ) ഹുനൈന്‍ യുദ്ധം വിജയിച്ച സ്ഥലമാണ് ഹുനൈന്‍ താഴ്‌വര. ഹുനൈന്‍ താഴ്‌വരയും ജല ലഭ്യമായ സമീപ സ്ഥലങ്ങളും സുബൈദ പണം കൊടുത്ത് വാങ്ങിച്ചു. അത്യുഷ്ണത്തില്‍ പാറക്കെട്ടുകളില്‍ ജോലി ചെയ്യുക വെല്ലുവിളി തന്നെയായിരുന്നു. പാറകളില്‍ കൊത്തുന്ന ഓരോ കൊത്തിനും ഒരു ദിനാര്‍ വീതം പ്രതിഫലം നല്‍കുമെന്ന് സുബൈദ പ്രഖ്യാപിച്ചു (ഒരു ദീനാര്‍ 3.9 ഗ്രാം സ്വര്‍ണം). പത്തു വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ശുദ്ധജലം വഹിച്ച കനാല്‍ അറഫയിലെ ജബലുര്‍റഹ്മ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലെത്തി. ഈ കനാലിന്റെ പ്രവര്‍ത്തനത്തിനും സംരക്ഷണത്തിനുമായി 500 തൊഴിലാളികളെ ശമ്പളം നല്‍കി നിയമിച്ചിരുന്നു. ആയിരത്തില്‍പരം വര്‍ഷങ്ങള്‍ അനേകമനേകം ഹാജിമാര്‍ക്കും പരിസരവാസികള്‍ക്കും ശുദ്ധജലം നല്‍കിയിരുന്ന കനാലിന്റെ ഭാഗങ്ങള്‍ ഇന്നും മക്കയില്‍ കാണാവുന്നതാണ്.
ഐന്‍ സുബൈദയുടെ പുനരുദ്ധാരണത്തിന് വേണ്ടി അബ്ദുല്ല രാജാവിന്റെ നിര്‍ദേശ പ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം തലവനായ പ്രഫസര്‍ ഉമര്‍ സിറാജ് അബു രിസയ്‌സ ആണ് ഈ കമ്മിറ്റിയുടെ തലവന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍