Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

ഒബാമയുടെ വിജയവും 'പ്രതീക്ഷ'യിലെ 'മാറ്റ'വും

പി.പി അബ്ദുര്‍റസ്സാഖ്

ഈ വര്‍ഷം  മാര്‍ച്ച് മാസം അവസാനം ലാസ്‌വേഗസിലെ മണ്ടലെ ബേ ഹോട്ടലില്‍ ഈ  ലേഖകന്‍ കൂടി പങ്കെടുത്ത ഒരു ബിസിനസ് സെമിനാറിലെ അവസാന ദിവസത്തെ ഗസ്റ്റ് പ്രഭാഷകന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ. ബുഷ്  ആയിരുന്നു. 1500-ലേറെ പേര്‍ പങ്കെടുത്ത ആ സെമിനാറില്‍ തന്റെ കാലത്തെ ഭരണ നയങ്ങള്‍ ന്യായീകരിക്കാന്‍ ബുഷ് ആ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. ചരിത്രത്തിന്റെ ചുരുങ്ങിയ കാല ക്യാന്‍വാസില്‍ നിന്നുകൊണ്ട് തന്റെ ഭരണത്തെ  വിലയിരുത്താന്‍ സാധിക്കില്ല എന്ന് പറഞ്ഞ ബുഷ്, ഇറാഖ് അധിനിവേശത്തെ  ന്യായീകരിച്ചത്,  തന്റെ ഇറാഖ് ആക്രമണം ഭാവിയില്‍ ഉണ്ടായേക്കുമായിരുന്ന ഇറാന്‍-ഇറാഖ് ആണവായുധ പന്തയത്തെ ഒഴിവാക്കാന്‍ സഹായിച്ചു എന്ന അതിവിചിത്രമായ വാദവുമായിട്ടായിരുന്നു. പ്രഭാഷണാനന്തരം സെമിനാറില്‍  നല്ല പരിചയക്കാരനായി മാറിയിട്ടുണ്ടായിരുന്ന കാലിഫോര്‍ണിയക്കാരന്‍ ടോണിയോട് ഞാന്‍ ചോദിച്ചു: 'എന്തു തോന്നി പ്രസംഗം കേട്ടപ്പോള്‍?' ടോണി പറഞ്ഞു:  'ആഴത്തില്‍ പതിഞ്ഞ മനസ്സാക്ഷിക്കുത്ത്  വലിച്ചു നീട്ടിയ ന്യായങ്ങളായി പ്രഭാഷണത്തിലുടനീളം  പ്രതിഫലിച്ചു.  ദൈവം അമേരിക്കയെ അനുഗ്രഹിച്ചു.  ഇദ്ദേഹം മൂന്നാം  പ്രാവശ്യവും പ്രസിഡന്റ് ആകുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ ഇറാനും സുഊദി അറേബ്യയും തമ്മില്‍ ഭാവിയില്‍ ആണവായുധ പന്തയം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സുഊദി അറേബ്യയെയും ആക്രമിച്ചേനെ.'  
ഇതുകേട്ടപ്പോള്‍ എനിക്ക് രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഒന്ന്, ആഗോളീകരണത്തിന്റെ യാദൃഛിക സംഭാവന എന്ന നിലയില്‍ അമേരിക്കക്കാര്‍ ലോകത്തിന്റെ കണ്ണിലൂടെ അമേരിക്കയെ കാണാന്‍ പഠിച്ചുതുടങ്ങിയിരിക്കുന്നു. രണ്ട്, കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍  തെരഞ്ഞെടുപ്പിലെന്ന പോലെ ഈ വര്‍ഷം നടക്കുന്ന തെരെഞ്ഞടുപ്പിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആര് തന്നെയായാലും ബുഷിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാലയലത്തു പോലും അടുപ്പിക്കാന്‍ ഇടയില്ല. തെരഞ്ഞെടുപ്പ് പ്രചാരണവും ഫലവും ഒരു കാര്യം കൃത്യമായും വ്യക്തമായും തെളിയിച്ചു. ബുഷിന്റെ ശാരീരികസാന്നിധ്യം ഇല്ലാഞ്ഞിട്ടും അദ്ദേഹത്തിന്റെ 'സംഭാവനകള്‍' ജൂത പിന്തുണ കൂടിയുണ്ടായിരുന്ന  റോംനിയുടെ സാധ്യതകളെ വേട്ടയാടി. ഇതിന്, ഒന്നാം ഊഴത്തില്‍ താന്‍ പ്രഖ്യാപിച്ചിരുന്ന മാറ്റങ്ങളില്‍ ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ടത്  ഒഴിച്ചുനിര്‍ത്തിയാല്‍ പ്രസ്താവ്യമായ ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ഒബാമ ബുഷിനോട് കടപ്പെട്ടിരിക്കുന്നു. ഇത് ഒബാമയുടെ സാഹസികവും ധിക്കാരപൂര്‍ണവുമായ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള കാര്യമായിരുന്നു.

****  ****  ****
കെനിയക്കാരന്‍  മുസ്‌ലിമിന്റെ മകനായ, ഇന്തോനേഷ്യയില്‍ തന്റെ  കുട്ടിക്കാലം ജീവിച്ച   ആഫ്രിക്കന്‍ അമേരിക്കനായ ഒബാമ ആഫ്രോ-ഏഷ്യന്‍ അമേരിക്കന്‍ കണ്ണിലൂടെ ലോകത്തെ നോക്കിക്കാണാനും ഭിന്ന സാംസ്‌കാരിക ദര്‍പ്പണങ്ങളിലൂടെ ലോകത്തെ വായിക്കാനും സാധിക്കുന്ന വളരെ ചുരുക്കം ചില ലോക നേതാക്കളില്‍ ഒരാളാണ്. ഒബാമയുടെ രണ്ടു പുസ്തകങ്ങളാണ് 'പ്രതീക്ഷയുടെ ധിക്കാര'വും 'എന്റെ അഛനില്‍ നിന്നുള്ള സ്വപ്നങ്ങളും.' അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രതലമാവട്ടെ 'മാറ്റവും' ആയിരുന്നു. ഭരണത്തിലെത്തുന്നതിനു മുമ്പും ഭരണത്തിലെത്തിയ ശേഷവും അദ്ദേഹം ഉണ്ടാക്കിയ മാറ്റം മറ്റുള്ളവരുടെ   പ്രതീക്ഷകളിലായിരുന്നുവെന്നത് ആകസ്മികമായിരിക്കാം. അദ്ദേഹം ആദ്യമായി സെനറ്റര്‍ ആയത് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും പലരുടെയും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടായിരുന്നു.  അയോവ പ്രൈമറിയില്‍ ഹിലരി ക്ലിന്റനെ തോല്‍പ്പിച്ചു തന്റെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടിയുള്ള തേരോട്ടം തുടങ്ങിയപ്പോഴും അദ്ദേഹം മറ്റുള്ളവരുടെ സാമ്പ്രദായിക പ്രതീക്ഷകളിലായിരുന്നു കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരുന്നത്.
2008-ലെ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കനായി ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, വര്‍ണവിവേചനത്തിന്റെയും    വംശീയ മേധാവിത്വത്തിന്റെയും അമേരിക്കന്‍ കാഴ്ചകളെ സംബന്ധിച്ച് കൃത്യബോധമുണ്ടായിരുന്ന ലോകത്തെ അത് അത്ഭുതപ്പെടുത്തി. അതാകട്ടെ ഒബാമ തന്നെയും തന്റെ 'അഛനില്‍ നിന്നുള്ള സ്വപ്നങ്ങള്‍' എന്ന പുസ്തകത്തില്‍ വരച്ചു  കാണിച്ചതുമാണ്. ബുഷിന്റെ 'സംഭാവനകള്‍' ഒബാമക്ക്  അനുകൂല സാഹചര്യം ഉണ്ടാക്കിയപ്പോള്‍ ജോണ്‍ മെക്കൈന്‍ തോറ്റു. അപ്പോള്‍ അമേരിക്കന്‍ ചരിത്രമാണ് മാറിയത്. അതെ,  ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കയുടെ പ്രസിഡന്റായിരിക്കുന്നു.  പ്രസിഡന്റ് ആയതില്‍  പിന്നെ മാറിയത് അമേരിക്കയും ലോകവുമല്ല,  ഒബാമയും അദ്ദേഹത്തിന്റെ തന്നെ വാക്കുകളും  ലോകത്തിന്റെ പ്രതീക്ഷകളും ആയിരുന്നു. ഈ മാറ്റത്തെ ഒബാമ തന്നെ ഫ്രാങ്ക് എന്ന വൃദ്ധനായ കവിയുടെ വാക്കുകളിലൂടെ 'എന്റെ അഛനില്‍   നിന്നുള്ള സ്വപ്നങ്ങള്‍' എന്ന പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, അത് അമേരിക്കന്‍ കോളേജുകള്‍ കറുത്ത വര്‍ഗക്കാരില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ്. മാറിയ സാഹചര്യത്തില്‍ അത് വൈറ്റ്ഹൗസ് ഉണ്ടാക്കുന്ന മാറ്റങ്ങളായി കൂടി വായിക്കാവുന്നതാണ്. 'അതെ, മാറാനും മറക്കാനും നിലപാടുകളില്‍ സന്ധി ചെയ്യാനുമുള്ള ഏറ്റവും ഉന്നതമായ ഇടമാണ് വൈറ്റ്ഹൗസ്.' യൂറോപ്യന്‍ ഷൂവില്‍ ബ്ലാക്ക് അമേരിക്കന്‍ പാദങ്ങള്‍ കുത്തിക്കയറ്റിയതു കൊണ്ട് ഉണ്ടായ ആഴമേറിയ മുറിവുകളെ സംബന്ധിച്ചും കടുത്ത വേദനകളെ സംബന്ധിച്ചും പറഞ്ഞ ശേഷം ഫ്രാങ്ക് തുടരുന്നു. 'ഈ പ്രവേശനത്തിന്റെ യഥാര്‍ഥ വില അവര്‍ നിന്നോട് പറയില്ല... അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട നിന്റെ വര്‍ഗത്തെ പ്രവേശിപ്പിക്കുന്നതിനു മുമ്പ് തന്നെ വാതില്‍പടിയില്‍ ഉപേക്ഷിക്കാന്‍ അവര്‍ നിന്നോട് ആവശ്യപ്പെടും. മാറ്റം  ഉണ്ടാക്കാനല്ല നീ അവിടെ പോകുന്നത്. മറിച്ച്, നിന്നെ തന്നെ മാറ്റാനുള്ള ഒരു പരിശീലനത്തിനു വേണ്ടിയാണ്. നിനക്ക് ആവശ്യമില്ലാത്തത് ആവശ്യമാക്കിത്തീര്‍ക്കാനുള്ള പരിശീലനം. നീ ഇപ്പോള്‍ അറിഞ്ഞ കാര്യങ്ങളെ മറക്കാനുള്ള പരിശീലനം. നിന്നെ അവര്‍ നന്നായിത്തന്നെ   പരിശീലിപ്പിക്കും. അങ്ങനെ അവര്‍ പറയുന്ന അമേരിക്കന്‍ നീതി, തുല്യാവസരങ്ങള്‍ തുടങ്ങിയ മണ്ണാങ്കട്ടകള്‍ നീ വിശ്വസിച്ചു തുടങ്ങും. അവര്‍ നിനക്ക് ഒരു ഓഫീസ് നല്‍കി  ഡിന്നറിനു ക്ഷണിക്കും. എന്നിട്ട് നിന്നോട് പറയും നീ നിന്റെ വര്‍ഗത്തിനു അഭിമാനമാണെന്ന്...... അങ്ങനെ നീ കാര്യങ്ങള്‍ ചെയ്തു തുടങ്ങുമ്പോള്‍ അവര്‍ നിന്നെ അറിയിക്കും നീ നന്നായി പരിശീലിക്കപ്പെട്ട, നല്ല ശമ്പളം വാങ്ങുന്ന നിഗ്ഗര്‍  മാത്രമാണെന്ന്' (പേജ്: 97).  
ഇതുകൊണ്ടു തന്നെയാണോ ഒബാമക്ക് തന്റെ തന്നെ ഒന്നാം ഊഴത്തിലെ വാഗ്ദാനങ്ങളായിരുന്ന ഗ്വാണ്ടനാമോ ക്യാമ്പ് അടക്കുക, അമേരിക്കന്‍ രാഷ്ട്രീയത്തിലെ പക്ഷപാത സമീപനം അവസാനിപ്പിക്കുക,  സുതാര്യ ഭരണം ഉറപ്പുവരുത്തുക, സമഗ്രമായ കുടിയേറ്റ നിയമം പാസ്സാക്കുക,  ചുട്ടു പൊള്ളുന്ന ഭൂമിക്കു അല്‍പം കുളിര് പകരുന്ന രൂപത്തില്‍ കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തിലും ആഗോള താപന വിഷയത്തിലും അമേരിക്കയുടെ ഏകപക്ഷീയ നിലപാട് ഒഴിവാക്കി ആഗോളീയമായ ഒരു പൊതുനിലപാടിന്റെ ഭാഗമാവുക, പൗരാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രവും സുതാര്യവുമായ നിയമം നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോയത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ടാം ഊഴമായിരിക്കും കൃത്യമായ ഉത്തരം നല്‍കുക. ഒന്നാം ഊഴത്തില്‍ തന്നെ അമേരിക്കയും ലോകവും ഒബാമയില്‍നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെ സ്വപ്നങ്ങളും ധിക്കാരപൂര്‍ണമായ പ്രതീക്ഷകളെ സംബന്ധിച്ച വരകളും കുറികളും ലോകത്തിനു അങ്ങനെ പ്രതീക്ഷിക്കാന്‍ വക നല്‍കുകയും ചെയ്തിരുന്നു. 'മാറ്റം' മുദ്രാവാക്യമാക്കി ഒന്നാം ഊഴത്തില്‍  അധികാരത്തില്‍ വന്ന ഒബാമ മാറ്റം ഉണ്ടാക്കിയത്  ജനങ്ങളുടെയും ലോകത്തിന്റെയും പ്രതീക്ഷകളിലായിരുന്നു. എന്നിട്ടും അദ്ദേഹം രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു.  ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും ഇത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയത്  ഇസ്രയേലിന്റെയും   അവിടത്തെ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും  അമേരിക്കയിലെ ജൂത ലോബിയിലെയും  പ്രതീക്ഷകളിലായിരുന്നു. സാധാരണയില്‍ നിന്നും ഭിന്നമായി, ഇസ്രയേല്‍  തോല്‍ക്കുന്ന സ്ഥാനാര്‍ഥിയെ പിന്താങ്ങി പരാജയം ഏറ്റുവാങ്ങിയതിന്റെയും അമേരിക്കന്‍ ജനതയില്‍ സ്വാധീനം  കുറയാനിടയായതിന്റെയും പേരില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേലി മീഡിയയില്‍നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ലാസ് വെഗാസിലെ പ്രമുഖ ചൂതാട്ട കേന്ദ്രത്തിന്റെയും ഹിബ്രു ഭാഷയിലെ 'ഇസ്രയേല്‍ ഹയോം' എന്ന പത്രത്തിന്റെയും ഉടമയും, നെതന്യാഹുവിന്റെ അടുത്ത കൂട്ടുകാരനും, കടുത്ത സയണിസ്റ്റുമായ ഷെല്‍ഡണ്‍ ആന്‍ഡല്‍സണ്‍, നെതന്യാഹുവിന്റെ  പ്രേരണയനുസരിച്ച് റോംനിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 54 മില്യന്‍ ഡോളറാണ് സംഭാവന നല്‍കിയത്. റോംനി ജയിച്ചിരുന്നെങ്കില്‍ ഇസ്രയേലിലെ തെരഞ്ഞെടുപ്പില്‍ ഉറപ്പായും വിജയിക്കുമെന്ന്  കരുതപ്പെട്ടിരുന്ന നെതന്യാഹു ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ടെലിഫോണ്‍ വിളി നടത്താന്‍ ആഗ്രഹിച്ചിട്ടുണ്ടാവുക റോംനിയുമായിട്ടായിരിക്കണം. ഒബാമ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തെറ്റിച്ച് ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ നിരാശ സമ്മാനിക്കുന്നത് തുടരുക തന്നെയാണ്. അടുത്ത കാലത്തായി ഇതൊരു തുടര്‍ പ്രക്രിയയാണ്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ  സമയത്ത് തന്നെ അദ്ദേഹവും പ്രതിരോധമന്ത്രി എഹൂദ് ബറാക്കും  ഇറാന് അന്ത്യശാസനവും റെഡ്‌ലൈനും ഡെഡ് ലൈനും ഒക്കെ നല്‍കാന്‍  ജൂത മാധ്യമങ്ങളുടെ പിന്തുണയോടെ  ഒബാമയില്‍ സമ്മര്‍ദം ചെലുത്തിനോക്കിയിരുന്നു. ഒബാമ ഭരണകൂടം  അതും തിരസ്‌കരിക്കുകയാണുണ്ടായത്. ഈ സെപ്റ്റംബര്‍ അവസാനം ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിക്ക് വന്ന ഒബാമയുമായി  കൂടിക്കാഴ്ചക്കു വേണ്ടിയുള്ള നെതന്യാഹുവിന്റെ  അപേക്ഷയും തിരസ്‌കരിക്കപ്പെടുകയാണുണ്ടായത്.  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമ ആദ്യ വര്‍ഷം തന്നെ തുര്‍ക്കിയും ഈജിപ്തും സുഊദിയും സന്ദര്‍ശിച്ചു. തന്റെ ഭരണകാലത്ത് ഒരിക്കല്‍പോലും ഇസ്രയേല്‍ സന്ദര്‍ശിക്കാതിരുന്നതിനെ സൂചിപ്പിച്ചുകൊണ്ട് അമേരിക്കക്കും ഇസ്രയേലിനുമിടയിലെ ചരിത്രത്തിലെ ഏറ്റവും മോശമായ ബന്ധമാണ് ഒബാമയുടെ കാലം എന്നു റോംനി വിശേഷിപ്പിച്ചപ്പോള്‍, റോംനി തെരഞ്ഞെടുപ്പ് സമയത്ത് ഇസ്രയേല്‍ സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് ഫണ്ട് ഉണ്ടാക്കാനായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഒബാമ തിരിച്ചടിച്ചത്.
കോണ്‍ഗ്രസ്സിലെയും സെനറ്റിലെയും സീറ്റുകളുടെ എണ്ണത്തില്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായ ചെറിയ നഷ്ടം ഒഴിച്ചുനിര്‍ത്തിയാല്‍ ഏറെക്കുറെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും അവരുടെ പഴയ അവസ്ഥ നിലനിര്‍ത്തിയപ്പോള്‍, ഫലസ്ത്വീന്‍ രാഷ്ട്രത്തിന്റെ സംസ്ഥാപനത്തെ എതിര്‍ക്കുന്ന സയണിസ്റ്റ് ലോബിക്ക്  കനത്ത നഷ്ടമാണ് ഉണ്ടായത്. വിസ്‌കോസിനില്‍ റിട്ടയര്‍ ചെയ്യുന്ന സയണിസ്റ്റ് സെനറ്റര്‍ ഹെര്‍ബ് കോഹിലിന്റെ സ്ഥാനത്ത് മത്സരിച്ച മറ്റൊരു സയണിസ്റ്റ് സ്ഥാനാര്‍ഥിയായ ടോമി തോംസന്റെ തോല്‍വി ഒരു ഉദാഹരണം മാത്രമാണ്. ഫലസ്ത്വീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് 'ഇതിഹാസ തുല്യമായ വിദേശനയ വങ്കത്തം' ആയിരിക്കുമെന്ന് പറഞ്ഞ ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായിരുന്ന അലന്‍ വെസ്റ്റിന്റെ പരാജയം മറ്റൊരു ഉദാഹരണം. ഇദ്ദേഹത്തെ ഡെമോക്രാറ്റിക്ക്  പാര്‍ട്ടിയിലെ പാട്രിക് മര്‍ഫിയാണ് തോല്‍പിച്ചത്.  ഈ ഡെമോക്രാറ്റിക്ക്  സ്ഥാനാര്‍ഥിയെ 'ഇസ്രയേല്‍ സ്റ്റേറ്റിന്റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ആള്‍' എന്ന് ജൂത മീഡിയയും ലോബിയും നിരന്തരം ആരോപിച്ച ശേഷമായിരുന്നു ഇതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

****  ****  ****
ഈ തെരഞ്ഞെടുപ്പില്‍ ഒബാമ ഉണ്ടാക്കിയ ഏറ്റവും വലിയ മാറ്റം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഡെമോഗ്രാഫിയില്‍ ഉണ്ടാക്കിയതാവണം. ലാറ്റിനോകള്‍, ഹിസ്പാനിക്കുകള്‍, ജൂതേതര  ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന പുരോഗമന വെള്ളക്കാര്‍ തുടങ്ങിയവരുടെ ഒരു  അനൗപചാരിക മുന്നണി തന്നെയാണ് ഒബാമയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.  ഇത് ഇന്ത്യയില്‍  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വി.പി സിംഗ് ഉണ്ടാക്കാന്‍ ശ്രമിച്ച ഡെമോഗ്രാഫിക് മാറ്റത്തിനു സമാനമായ ഒന്നാണ്.     ഈ അടിയൊഴുക്കിനെ ഇനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അവഗണിക്കാന്‍ സാധ്യമായേക്കില്ല. ജനതയും അതിന്റെ മുന്‍ഗണനാ ക്രമങ്ങളും ആഗോള സ്ഥിതിവിശേഷങ്ങളും മാറിക്കൊണ്ടിരിക്കെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇനി മാറാതിരിക്കാന്‍ സാധ്യമാകില്ല എന്നതാണ് ആ പാര്‍ട്ടിയിലെതന്നെ ഒരു വലിയ വിഭാഗം നേതാക്കളുടെയും അനുയായികളുടെയും അഭിപ്രായം. അങ്ങനെയെങ്കില്‍ അത് അമേരിക്കന്‍ രാഷ്ട്രീയ രംഗത്തും നയങ്ങളിലും കൂടുതല്‍ ചടുലമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.
പരസ്പര ദൗര്‍ബല്യങ്ങളില്‍ കേന്ദ്രീകരിച്ചു നടത്തിയ  നിഷേധാത്മക പ്രചാരണത്തില്‍, ബുഷിന്റെ കാലത്തുനിന്നും അനന്തരമെടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും തന്നെയായിരുന്നു അമേരിക്കക്കാരെ ഏറ്റവും മഥിച്ചത്. ഒബാമയുടെ നയങ്ങള്‍ 2008-ന്റെ തുടക്കത്തിലുണ്ടായ സാമ്പത്തികമാന്ദ്യം കൂടുതല്‍ വഷളാവാതിരിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഏഴു ശതമാനത്തിലേറെ തൊഴില്‍രഹിതരുമായി രണ്ടാമൂഴത്തിനു ശ്രമിച്ച റൊണാള്‍ഡ് റീഗന്‍ ഒഴിച്ചുള്ള മുഴുവന്‍ പ്രസിഡന്റുമാരെയും തോല്‍പിച്ചുവിട്ട അമേരിക്കന്‍ ജനത 7.9 ശതമാനം തൊഴില്‍രഹിതരുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ഒബാമയെ ജയിപ്പിച്ചതും. ഇതും അമേരിക്കന്‍ പ്രവണതയില്‍ ഒബാമയുണ്ടാക്കിയ മാറ്റമാണ്. ഈ മേഖലയില്‍ നേരത്തെ ജോര്‍ജ് ഡബ്ല്യു ബുഷ് ഉണ്ടാക്കിവെച്ച ദുരന്തമാണ് ഒബാമയുടെ പരാജയത്തെക്കാള്‍  ബഹുഭൂരിപക്ഷം അമേരിക്കക്കാരെയും വേട്ടയാടിയത്. അതുതന്നെയാണ് ബിസിനസ് സൗഹൃദനായിട്ടും സാമ്പത്തിക പ്രശ്‌നത്തെ അമേരിക്ക അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായി അമേരിക്കന്‍ ജനത മനസ്സിലാക്കിയിട്ടും റോംനിയെ അവര്‍ ജയിപ്പിക്കാതിരുന്നതും.
അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച അതിന്റെ സൈനികശോഷിപ്പില്‍ കലാശിക്കുക ചരിത്രത്തിന്റെ സ്വാഭാവികത മാത്രമാണ്.  ഇത്രയും വലിയ സൈനിക സംവിധാനത്തെ നിലനിര്‍ത്താന്‍ വലിയ അളവില്‍ സമ്പത്ത് ചെലവഴിക്കണം. സൈനിക ശേഷികൊണ്ട് സമ്പത്ത് ഉണ്ടാക്കി സൈന്യത്തെ പോറ്റുക എന്ന ഇതുവരെയും അമേരിക്ക തുടര്‍ന്നുപോന്നിരുന്ന പരമ്പരാഗത സമവാക്യം മാറിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയ ഘടനയില്‍ നടപ്പാവില്ല.  താലിബാനെ പൂര്‍ണമായും പരാജയപ്പെടുത്താന്‍ സാധിക്കാതെ 2014-ഓടു കൂടി അഫ്ഗാനില്‍നിന്നും പിന്‍വാങ്ങാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചതിന്റെ രാഷ്ട്രീയ സാമ്പത്തിക പശ്ചാത്തലവും  ഇതുതന്നെയാണ്. ഇങ്ങനെ അമേരിക്കയുടെ സൈനിക ശോഷിപ്പും സാമ്പത്തിക തകര്‍ച്ചയും കുറഞ്ഞുവരുന്ന ജൂത ലോബിയുടെ സ്വാധീനവും കാണുമ്പോഴാണ് തല്‍മൂദിലെ വചനം ഓര്‍മവരുന്നത്. 'ജൂതന്മാര്‍ തങ്ങളുടെ നിലനില്‍പിനും തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി രാജ്യങ്ങളെയും ജനതതികളെയും കഴുതകളായി ഉപയോഗപ്പെടുത്തും.'  അമേരിക്ക ക്ഷീണിച്ചു തുടങ്ങിയിരിക്കെ, പുതിയ കഴുതയെ കണ്ടെത്താന്‍ ജൂതന്മാര്‍ക്ക് സമയമായിരിക്കുന്നുവെന്നു  തോന്നുന്നു.      
ആഗോള താപനവുമായും   കാലാവസ്ഥാ വ്യതിയാനവുമായും ബന്ധപ്പെട്ടു രണ്ടാം ഊഴത്തില്‍ ഒബാമയില്‍ നിന്നും അമേരിക്കയും ലോകവും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ജോര്‍ജ് ബുഷ് ആയിരുന്നതുകൊണ്ടാണ് 'കത്രീന'യില്‍നിന്നും  'വില്‍മ'യില്‍നിന്നും അതിനുള്ള പാഠം ഉള്‍ക്കൊള്ളാതെ  പോയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് ആഞ്ഞടിച്ച 'സാന്‍ഡി'യും ഇനി അടുത്താഴ്ച ആഞ്ഞടിക്കാനിരിക്കുന്ന 'അത്തീന'യും ഒബാമ ഭരണകൂടത്തിന്റെ കണ്ണ് രണ്ടാമൂഴത്തിലെങ്കിലും തുറപ്പിക്കുമെന്ന് തന്നെയാണ് ലോകം പ്രതീക്ഷിക്കുന്നത്.  
ആഗോള സമൂഹത്തെയും അമേരിക്കന്‍ ജനതയെയും അമേരിക്കന്‍ സമ്പദ്‌രംഗത്തെ തന്നെയും  ഏറെ സ്വാധീനിക്കുന്ന പ്രശ്‌നമാണ് അമേരിക്കയുടെ  വിദേശ നയം. ഇതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിയോകോണുകളുടെ തീവ്ര വലതുപക്ഷ നിലപാടിനെ അമേരിക്കക്കാര്‍ പൊതുവില്‍ അംഗീകരിക്കുന്നില്ല എന്ന് പ്രചാരണ രംഗത്തുതന്നെ വ്യക്തമായതാണ്. ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒബാമയുടെ നയത്തെ അംഗീകരിക്കുന്ന റോംനിയെയാണ് നാം കണ്ടത്. നേരത്തെ നടന്ന ഡിബേറ്റില്‍ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്തെ നയത്തിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിനു റോംനി പറഞ്ഞ ഉത്തരം തന്നെ കാലവും ആളും മാറിയിരിക്കുന്നു എന്നായിരുന്നു.
റോംനി തന്നെയും നയങ്ങളില്‍ ഒരു ഒളിച്ചുകളിയായിരുന്നു നടത്തിക്കൊണ്ടിരുന്നത്. െ്രെപമറികളില്‍ തീവ്ര വലതുപക്ഷക്കാരനായിരുന്ന റോംനി, പ്രസിഡന്റ് സ്ഥാനാര്‍ഥിയായതില്‍ പിന്നെ സെന്‍ട്രിസ്റ്റ് ആയി മാറാന്‍ ശ്രമിച്ചതും അമേരിക്കക്കാരില്‍ യുദ്ധവെറിയന്മാര്‍ക്ക് പിന്തുണയില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടായിരുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെ കാറ്റില്‍ പറത്തി അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണത്തെ അമേരിക്കക്കാരിലെറേയും പിന്തുണക്കുന്നില്ല എന്നാണു സര്‍വേ ഫലങ്ങള്‍ പോലും സൂചിപ്പിച്ചത്. ഇതുപോലുള്ള ആക്രമണങ്ങള്‍ പ്രതികാരത്തിന്റെ അഗ്നിജ്വാലയില്‍ നിന്നും നൂറ്റിക്കണക്കിനു ബിന്‍ലാദന്മാര്‍ രൂപപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും. ഒരു ബിന്‍ലാദനു പകരം നൂറു ബിന്‍ലാദന്മാരെ സൃഷ്ടിക്കുന്നതാവരുത് വിദേശനയം. 'എന്റെ അഛനില്‍ നിന്നുമുള്ള സ്വപ്നങ്ങളില്‍' ഒബാമ തന്നെ കുറിച്ചിട്ടുണ്ടല്ലോ. 'പരാജയപ്പെടാന്‍ വിസമ്മതിക്കുകയും കീഴടക്കാന്‍ വരുന്നവര്‍ക്കെതിരെ  ആക്രോശിക്കുകയും ചെയ്യുന്നവരെ വിശേഷിപ്പിക്കാന്‍ അവര്‍ക്ക് ഒരു നാമമുണ്ട്.... പാരനോയിഡ്, മിലിറ്റന്റ്, വയലന്റ്, നിഗ്ഗര്‍'  (പേജ് 85).  ഇതില്‍ 'നിഗ്ഗര്‍' എന്ന വാക്ക് മാറ്റി 'മുസ്‌ലിം' എന്നു  വെച്ചാല്‍ അമേരിക്കയുടെ ഇസ്‌ലാമിക ലോകത്തിനു നേരെയുള്ള സമീപനത്തിന്റെ നേര്‍കാഴ്ചയായി. കറുത്തവനു  നേരെയുള്ള വെള്ളക്കാരന്റെ ഈ സമീപനം ഇതര രാജ്യങ്ങളുടെയും ജനതതികളുടെയും മേല്‍ സ്വീകരിച്ചു കൊണ്ടുള്ളതായിരിക്കില്ല ഒബാമയുടെ രണ്ടാം ഊഴത്തിലെ വിദേശനയം എന്നെങ്കിലും നമുക്ക് പ്രത്യാശിക്കാം.
ചര്‍ച്ചയില്‍ ഇറാനും ചൈനയും ഇറാഖും അഫ്ഗാനിസ്താനും നിറഞ്ഞുനിന്നപ്പോള്‍ പരമ്പരാഗത ഇസ്രയേല്‍-ഫലസ്ത്വീന്‍ പ്രശ്‌നവും, നേരത്തെ പറഞ്ഞ കാലാവസ്ഥാമാറ്റവും മാത്രമല്ല പുതിയ പ്രശ്‌നമായ യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയും ഒഴിഞ്ഞുനിന്നു.   ചര്‍ച്ചയില്‍ നിന്നും ഒഴിഞ്ഞുനിന്നെങ്കിലും അമേരിക്കയുണ്ടാക്കിയ ഈ പ്രശ്‌നങ്ങളില്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തിനു പരിഹാരം കാണാതെ  ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കുകയില്ല.  ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് തെരഞ്ഞെടുപ്പ് സമയത്തുപോലും കര്‍ക്കശമായി പെരുമാറിയ ഒബാമയുടെ വിജയം ജനുവരിയില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഇസ്രാഈല്യര്‍ക്കും സമാധാന പ്രക്രിയക്ക് പറ്റിയ ഒരു നേതാവിനെ തെരഞ്ഞെടുക്കാനുള്ള  കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്.
മാറിവരുന്ന ലോകത്ത് ഇസ്‌ലാമിക രാഷ്ട്രങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കയെ പിടിച്ചുനിര്‍ത്താനും ലോകം മുഴുവന്‍ വെറുക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും സഹായിക്കുക എന്ന് ഒബാമക്ക് ഒരുപക്ഷേ അമേരിക്കയെ ബോധ്യപ്പെടുത്താന്‍ സാധിച്ചേക്കും. അതിനു മുസ്‌ലിം രാഷ്ട്രങ്ങളും സന്ദര്‍ഭത്തിനനുസരിച്ചു അടിസ്ഥാന നിലപാടുകളില്‍ മാറ്റമില്ലാതെ തന്നെ നയതന്ത്രപരമായി വളരേണ്ടതുണ്ട്. അമേരിക്കയും മുസ്‌ലിം ലോകവും അഭിമുഖീകരിക്കുന്ന പൊതുവായ ചോദ്യം  കഴിഞ്ഞകാല ചരിത്രത്തിന്റെ തടവുപുള്ളിയായി തുടരണമോ അതോ, വരുംകാല ചരിത്രത്തിന്റെ യജമാനന്മാര്‍ ആവണമോ എന്നതാണ്. ഇതിനു ഒരൊറ്റ ഉത്തരമേയുള്ളൂ.  കഴിഞ്ഞകാല ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വരുംകാല ചരിത്രത്തിന്റെ വിധാതാക്കളാവുക.  തടവറയിലിരുന്നു പഴിപറയുന്നവര്‍ ചരിത്രത്തെ രൂപപ്പെടുത്തുന്നവരല്ല, മറിച്ച് ചരിത്രം രൂപപ്പെടുത്തുന്നവരാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍