Prabodhanm Weekly

Pages

Search

2012 നവംബര്‍ 24

ഇരുനൂറിന്റെ നിറവില്‍ പാളയം ജുമാ മസ്ജിദ്‌

സദ്‌റുദ്ദീന്‍ വാഴക്കാട്‌

ഇസ്‌ലാമിക സാഹോദര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും മഹദ്മാതൃകയാണ് തിരുവനന്തപുരം പാളയം ജുമാ മസ്ജിദ്. ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം സാമൂഹിക ജീവിതത്തെ പോഷിപ്പിക്കുന്നതില്‍ ക്രിയാത്മക സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മസ്ജിദ്, തിരുവിതാംകൂറിലെ ആധുനിക ഇസ്‌ലാമിക നവജാഗരണത്തില്‍ അനല്‍പമായ പങ്കുവഹിക്കുന്നു. വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഹനഫി, ശാഫിഈ, ദഖ്‌നിഹനഫീ ധാരകളെ ഒരുമിച്ചു നിര്‍ത്തി മുന്നോട്ടുപോകുന്ന മസ്ജിദ് മുസ്‌ലിം ഐക്യത്തിന്റെ ഉദാത്ത മാതൃകയാണ് കാഴ്ചവെക്കുന്നത്. അറിവും വിവേകവും വിശാല വീക്ഷണവും സന്മനസ്സും പക്വമായ നേതൃത്വവുമുണ്ടെങ്കില്‍ അഭിപ്രായാന്തരങ്ങള്‍ക്കിടയിലും മുസ്‌ലിം സമൂഹത്തിന് ഒരുമിച്ചുനില്‍ക്കാന്‍ കഴിയുമെന്നതിന്റെ അനുഭവസാക്ഷ്യമാണ് പാളയം ജുമാ മസ്ജിദ്.
ഒരേ ചുറ്റുമതിലില്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന ഹിന്ദു ക്ഷേത്രവും മുഖാമുഖം പരസ്പരം അഭിവാദ്യം ചെയ്യുന്ന ക്രൈസ്തവ ചര്‍ച്ചും മതസൗഹാര്‍ദത്തിന്റെ തിളക്കമുള്ള കാഴ്ചകളാണ്. ഇന്ത്യന്‍ ബഹുസ്വരതയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇസ്‌ലാം വഹിച്ച ചരിത്രപരമായ പങ്കിന്റെ പ്രൗഢോജ്വല പ്രതീകമായി പാളയം ജുമാ മസ്ജിദ് തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയകാലത്തെ അസ്വസ്ഥതകള്‍ക്കും ആശങ്കകള്‍ക്കുമിടയില്‍ ഇതൊരു നിസ്സാര കാര്യമല്ല; അടയാളപ്പെടുത്തേണ്ട നാഴികക്കല്ലുതന്നെയാണ്.
ഇന്തോ-സാരസന്‍ മാതൃകയില്‍ 1967-ല്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ പള്ളി 'തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റിയ മസ്ജിദ്' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. തലസ്ഥാന നഗരിയിലെ കണ്ണായ സ്ഥലത്ത് യൂനിവേഴ്‌സിറ്റി കോളേജിനും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനും വി.ജെ.ടി ഹാളിനും ചാരെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നിയമസഭാ മന്ദിരത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പബ്ലിക് ലൈബ്രറിയിലേക്കും പള്ളിയില്‍ നിന്ന് അധികം ദൂരമില്ല. തൊട്ടടുത്താണ് തിരുവനന്തപുരം ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 'ലോകത്തെ പ്രതിഫലിപ്പിക്കുന്ന മസ്ജിദ്' (മസ്ജിദ് ജഹാന്‍ നുമാ) എന്ന് വിശേഷിപ്പിക്കപ്പെട്ട പാളയം ജുമാ മസ്ജിദ്, 2013 പിറക്കുമ്പോള്‍ രണ്ട് നൂറ്റാണ്ടിന്റെ ധന്യമായ പൈതൃകം പൂര്‍ത്തീകരിക്കുകയാണ്.
ചരിത്രം
'വേണാട്' എന്ന് വിളിക്കപ്പെട്ട പഴയ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലേക്ക് മുസ്‌ലിംകള്‍ പില്‍ക്കാലത്ത് കടന്നുവന്നത് പല വഴികളിലൂടെയാണ്. ഉത്തരേന്ത്യയില്‍നിന്ന് തിരുവിതാംകൂര്‍ ഭരണാധികാരികള്‍ ക്ഷണിച്ചുകൊണ്ടുവന്ന മുസ്‌ലിം പട്ടാളക്കാരായിരുന്നു അവരിലൊരു വിഭാഗം. അയല്‍ നാട്ടുരാജ്യങ്ങളെ യുദ്ധം ചെയ്ത് തോല്‍പിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ മുസ്‌ലിം പട്ടാളക്കാരുടെ സഹായം തേടിയിരുന്നു. ഹൈദരാബാദ് നൈസാമുമായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കുണ്ടായിരുന്ന ബന്ധം ഇതിനായി അവര്‍ ഉപയോഗിച്ചു. തിരുവിതാംകൂറില്‍ താവളമടിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തിലും ധാരാളം മുസ്‌ലിംകള്‍ ഉണ്ടായിരുന്നു. 1800-കളില്‍ തിരുവിതാംകൂറില്‍ ഇവരുടെ പട്ടാളക്യാമ്പ് സ്ഥാപിക്കപ്പെട്ട സ്ഥലമാണ് ഇന്ന് പള്ളിയും സ്റ്റേഡിയവും ഉള്‍പ്പെടുന്ന പ്രദേശം. അവിടെ പട്ടാളത്തിലെ മുസ്‌ലിം-ക്രിസ്ത്യന്‍-ഹിന്ദു മതവിഭാഗങ്ങള്‍ക്കുവേണ്ടി ആരാധനാലയങ്ങള്‍ നിര്‍മിക്കപ്പെടുകയുണ്ടായി. അങ്ങനെയാണ് പാളയത്തെ ക്ഷേത്രവും ചര്‍ച്ചും മുസ്‌ലിം പള്ളിയും സ്ഥാപിതമാകുന്നത്. പാളയം എന്ന പദത്തിന് പട്ടാളക്കാരുടെ കൂട്ടം, സൈന്യം, നഗരം, കൂടാരം, പട്ടാളം കിടക്കുന്ന ഇടം, പടവീട് എന്നൊക്കെയാണ് അര്‍ഥം. പട്ടാളക്യാമ്പിനോട് അനുബന്ധിച്ച് നിര്‍മിക്കപ്പെട്ട പള്ളി എന്ന അര്‍ഥത്തിലാണ് 'പാളയം പള്ളി' എന്ന പേര് വന്നത്.
ക്രി. 1813-ല്‍ രണ്ടാം റെജിമെന്റിലെ മുസ്‌ലിം ഓഫീസര്‍മാരും ഭടന്മാരും ചേര്‍ന്ന് ചെറിയൊരു പള്ളിയും അനുബന്ധമായി ഈദ്ഗാഹും സ്ഥാപിച്ചതാണ് തുടക്കം. 1824-ല്‍ ആറാം റെജിമെന്റിലെ മുസ്‌ലിം സൈനികോദ്യോഗസ്ഥര്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം വിലയ്ക്കു വാങ്ങുകയും നമസ്‌കാരത്തിനും മറ്റും നേതൃത്വം നല്‍കാനായി ഒരു ഖാദിയെ നിയമിക്കുകയും ചെയ്തു. 1849-ല്‍ 16-ാം റെജിമെന്റിലെ ഓഫീസര്‍മാര്‍ പള്ളിയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. അവര്‍ ഇന്തോ-സാരസന്‍ മാതൃകയില്‍ കമാനങ്ങളോടു കൂടിയ ഒരു ഗേറ്റ് പണിതു. പള്ളിയുടെ സുഗമമായ നടത്തിപ്പിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 1898-ല്‍ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയും ധര്‍മിഷ്ഠനുമായിരുന്ന ഹാജി യൂനുസ് സേട്ട് പള്ളി പൊളിച്ച് പണിതു. ആ കെട്ടിടം അമ്പത് വര്‍ഷത്തിലേറെ നിലനില്‍ക്കുകയുണ്ടായി.

പുനര്‍നിര്‍മാണം
തലസ്ഥാന നഗരിയെന്ന നിലയില്‍ വികസിച്ചുവന്നപ്പോള്‍ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ പള്ളിയില്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പ്രയാസം നേരിട്ടു. 40x20 അടി വീതിയില്‍ ഒരു ഹാളും 10 അടി വീതിയില്‍ വരാന്തയും 40x20 അടി വീതിയില്‍ ഒരു ഓലപ്പുരയുമാണ് അന്നുണ്ടായിരുന്നത്. പരിമിതമായ ഈ സൗകര്യങ്ങള്‍ മതിയാകാതെ വന്നപ്പോഴാണ് പുതിയ മസ്ജിദിന്റെ നിര്‍മാണത്തെക്കുറിച്ച് കമ്മിറ്റി ആലോചിച്ചത്. 1959-ല്‍, നിലവിലുള്ള പള്ളിക്കെട്ടിടം പൊളിച്ച് ഇന്നുള്ള പള്ളിയുടെ നിര്‍മാണം ആരംഭിച്ചു. പ്രധാന കെട്ടിടത്തിന്റെ പണിതീരാന്‍ നാലു വര്‍ഷമെടുത്തു. ഇന്നു കാണുന്നരീതിയില്‍ പള്ളിയുടെ പണി പൂര്‍ത്തിയായത് 1967-ലാണ്.
ഇന്തോ-സാരസന്‍ ശില്‍പകലാ മാതൃകയില്‍ വളരെ മനോഹരമായാണ് പാളയം പള്ളി രൂപകല്‍പന ചെയ്തിട്ടുള്ളത്. പ്രധാന ഖുബ്ബയും രണ്ടു വലിയ മിനാരങ്ങളും ചുറ്റുമതിലിന്മേലുള്ള ചെറിയ ഖുബ്ബകളും കവാടങ്ങളിലുള്ള കമാനങ്ങളും ശില്‍പ ചാരുത വിളിച്ചോതുന്നവയാണ്. രണ്ട് നിലകളുള്ള പ്രധാന കെട്ടിടത്തിന് കിഴക്ക് പടിഞ്ഞാറ് 108 അടിയും തെക്ക് വടക്ക് 60 അടിയുമാണ് നീളം. പ്രധാന ഖുബ്ബക്ക് 30 അടി വ്യാസവും രണ്ട് മിനാരങ്ങള്‍ക്ക് നൂറ് അടി ഉയരവുമുണ്ട്. പ്രധാന ഹാളിന്റെ മധ്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന 30 അടി വ്യാസമുള്ള ഖുബ്ബ പള്ളിയുടെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നു. ബീജാപ്പൂര്‍ ഖുബ്ബകളെ ഓര്‍മിപ്പിക്കുന്നതാണ് ഇത്. രൂപകല്‍പ്പനയിലും ആകൃതിയിലും അലങ്കാരങ്ങളിലും താജ്മഹലിനോടും ദല്‍ഹി ജുമാ മസ്ജിദിനോടും പാളയം പള്ളിക്ക് സാദൃശ്യങ്ങളുണ്ട്. കിഴക്കു ഭാഗത്തെ മുഖ്യ കവാടമായ 32 അടി ഉയരത്തിലുള്ള കമാനങ്ങളോടു കൂടിയ പോര്‍ട്ടിക്കോ, അതിന് മുകളിലും ഇരു പാര്‍ശ്വങ്ങളിലും വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഉല്ലേഖനം ചെയ്തിട്ടുള്ള വാക്യങ്ങള്‍, അലംകൃതമായ വലിയ ജനലുകള്‍, വൃത്താകൃതിയില്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് മിനാരങ്ങള്‍, ഉയരം കൂടിയ തറ, മുകളില്‍ അലംകൃതമായ അരമതിലുകള്‍, അവക്കുമേലുള്ള അലങ്കാരങ്ങള്‍ തുടങ്ങിയവ പള്ളിയുടെ ശില്‍പ ചാരുത വിളിച്ചോതുന്നു. എന്നാല്‍, പുറമേക്കുള്ള ഈ അലങ്കാരങ്ങളൊന്നും പള്ളിയുടെ അകത്തില്ല. പള്ളിയുടെ ഉള്‍ഭാഗം തീര്‍ത്തും ലളിതവും ശാന്തസുന്ദരവുമാണ്.
പുതുക്കിപ്പണിത മസ്ജിദിന്റെ ഉദ്ഘാടനം 1967 ഡിസംബര്‍ 20ന് അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. സാകിര്‍ ഹുസൈനാണ് നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനുശേഷം രണ്ട് ആഴ്ചക്കാലം പള്ളി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നുകൊടുത്തിരുന്നു. തിരുവനന്തപുരം നഗരത്തെ വിസ്മയിപ്പിച്ച ദിനങ്ങളായിരുന്നു അത്. നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയതായി ജമാഅത്തിലെ മുതിര്‍ന്ന അംഗമായ പി. മുഹമ്മദ് മൈതീന്‍ സാഹിബ് ഓര്‍ക്കുന്നു. അമുസ്‌ലിംകള്‍ ധാരാളമായി പള്ളിയിലെത്തിയിരുന്നു. 'ഇതിനകത്ത് ഒന്നുമില്ലല്ലോ, പ്രതിഷ്ഠയും ശില്‍പവുമൊന്നും കാണുന്നില്ലല്ലോ' എന്നായിരുന്നു അവരില്‍ പലരുടെയും പ്രതികരണം. കാരണം, അവരില്‍ പലരും അന്നാണ് ആദ്യമായി ഒരു മുസ്‌ലിം പള്ളിയുടെ അകം കണ്ടത്.
പള്ളിയുടെ പുനര്‍നിര്‍മാണ ചരിത്രത്തില്‍ അനുസ്മരിക്കേണ്ട പ്രമുഖനാണ് ചീഫ് എഞ്ചിനീയര്‍ ടി.പി കുട്ടിയമ്മു സാഹിബ്. പള്ളി പുനര്‍നിര്‍മാണത്തിന്റെ മുഖ്യ നായകത്വം അദ്ദേഹത്തിനായിരുന്നു. ചീഫ് എഞ്ചിനീയറായി അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്ന കാലമായിരുന്നു അത്. സ്ഥലപരിമിതി മൂലം പള്ളി പുതുക്കിപ്പണിയാന്‍ തീരുമാനിച്ചുവെങ്കിലും കമ്മിറ്റിയുടെ കൈയില്‍ കാശുണ്ടായിരുന്നില്ല. കൈയിലൊന്നുമില്ലാതെ എങ്ങനെ പണി തുടങ്ങും എന്ന് ചോദിച്ചപ്പോള്‍ കുട്ടിയമ്മു സാഹിബ് പറഞ്ഞു: 'ഭായ്, അല്ലാഹുവില്‍ ഭരമേല്‍പിച്ച് ഇറങ്ങുക, ബാക്കി അവന്‍ നോക്കിക്കൊള്ളും'. തുടര്‍ന്ന് എല്ലാ കാര്യങ്ങളിലും കുട്ടിയമ്മു സാഹിബിന്റെ മേല്‍നോട്ടമുണ്ടായിരുന്നു.കേരള ഗവണ്‍മെന്റിന്റെ അന്നത്തെ ചീഫ് ടൗണ്‍ പ്ലാനറും കണ്‍സള്‍ട്ടിംഗ് ആര്‍ക്കിടെക്റ്റുമായിരുന്ന ജെ.സി അലക്‌സാണ്ടറാണ് പള്ളിയുടെ സ്‌കെച്ചും ഡിസൈനും തയാറാക്കിയത്. താജ്മഹലും ഒട്ടേറെ പ്രമുഖ ജുമാ മസ്ജിദുകളും സന്ദര്‍ശിക്കുകയും ഈജിപ്ഷ്യന്‍ ആര്‍ക്കി ടെക്ചര്‍ പഠിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം പാളയം പള്ളി ഡിസൈന്‍ ചെയ്തത്. നിര്‍മാണത്തിന്റെ ഭരണപരവും സാമ്പത്തികവുമായ ചുമതല വഹിച്ചവരില്‍ പ്രമുഖരാണ് ഹസന്‍ മരയ്ക്കാര്‍ സാഹിബ്, ഡി.ഐ.ജി സയ്യിദ് ഉസ്മാന്‍ സാഹിബ്, ഹബീബ് മരയ്ക്കാര്‍ സാഹിബ്, ഹാജി എസ് സെയ്ത് മുഹമ്മദ്, ഹാജി പി. കെ അബ്ദുല്ല ഐ.എ.എസ്, എം അബ്ദുസ്സലാം സാഹിബ് ഐ.എ.എസ്, ഡോ. സൈദാമിയ സാഹിബ്, കെ. അബ്ദുര്‍റഹ്മാന്‍ സാഹിബ്, ഡോ. ആദംഖാന്‍, അഡ്വ. മീര്‍ ഹുസൈന്‍, സൈനുല്‍ ആബിദീന്‍ (താജ്), ഹാജി സത്താര്‍ സേട്ട്, ഹാജി മുഹമ്മദ് സാഹിബ് എന്നിവര്‍.
ഒരു പള്ളി എന്നതിലുപരി പാളയം ജുമാ മസ്ജിദിനെ സവിശേഷമാക്കുന്ന ചില ഘടകങ്ങളാണ് മുസ്‌ലിം സമൂഹത്തിന്റെ ഐക്യവും, വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും, അന്ധവിശ്വാസമുക്തമായ ഇസ്‌ലാമിക ആദര്‍ശവും അത് ഉയര്‍ത്തിപ്പിടിക്കുന്നു എന്നത്.

മുസ്‌ലിം ഐക്യം
സമുദായത്തിലെ വിവിധ വീക്ഷണക്കാര്‍ സാഹോദര്യത്തോടെയും ഒരുമയോടെയുമാണ് പാളയം മുസ്‌ലിം ജമാഅത്തും പള്ളിയും മുന്നോട്ടുകൊണ്ടു പോകുന്നത്. പള്ളി പരിപാലന സമിതി മുതല്‍ വിവിധ പ്രശ്‌നങ്ങളിലെ വിധിതീര്‍പ്പുകളില്‍ വരെ ഈ ഐക്യവും വിശാല വീക്ഷണവും ഉയര്‍ന്ന കാഴ്ചപ്പാടും കാണാം. 1947-ല്‍ ഹുസൈന്‍ ഖാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട 25 അംഗ ജനകീയ ഭരണസമിതി ഈ വിഷയത്തില്‍ മാതൃകാപരമായ വഴിത്തിരിവായിരുന്നു. അതുവരെ നിലനിന്നിരുന്നത് മുതവല്ലി ഭരണമായിരുന്നു. തുടര്‍ന്ന് നിലവില്‍വന്ന ഭരണഘടന ജനാധിപത്യ സ്വഭാവമുള്ളതും എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്നതുമാണ്. നിലവിലുള്ള ഭരണഘടനയനുസരിച്ച് 31 അംഗ പരിപാലനസമിതിയാണുള്ളത്. പാളയം ജമാഅത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട പാളയം, തൈക്കാട്, ശാസ്തമംഗലം, പേരൂര്‍ക്കട, നന്തന്‍കോട്, പട്ടം എന്നീ പ്രദേശങ്ങളെ 24 വാര്‍ഡുകളാക്കി തിരിച്ച് ജനകീയ തെരഞ്ഞെടുപ്പ് നടക്കുന്നു. ഏഴ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നു. ഇതില്‍ 12 സീറ്റ് ശാഫിഈ മദ്ഹബുകാര്‍ക്കും 12 സീറ്റ് ഹനഫീ മദ്ഹബുകാര്‍ക്കും (8 ഹനഫി, 4 ഹനഫിദഖ്‌നി) സംവരണം ചെയ്തിരിക്കുന്നു. ഇതുസംബന്ധിച്ച് ഭരണഘടന പറയുന്നതിങ്ങനെ: ''തിരുവനന്തപുരം പാളയം ജമാഅത്തില്‍ പുരാതന കാലം മുതല്‍ ശാഫിഈ, ഹനഫീ മദ്ഹബുകളില്‍ പെട്ട മുസ്‌ലിംകള്‍ കൂടി നടന്നുവരുന്നതും ഈ നില ഇപ്പോഴും യാതൊരു വ്യത്യാസവും കൂടാതെ തുടര്‍ന്നുവരുന്നതുമാകുന്നു. ഹനഫീ മദ്ഹബുകാരില്‍ ദഖ്‌നികള്‍, ഹനഫികള്‍ എന്നിങ്ങനെ രണ്ട് ഉള്‍പ്പിരിവുകളുണ്ട്. ഇങ്ങനെ വ്യക്തമായ മൂന്നു വിഭാഗങ്ങള്‍ പാളയം ജമാഅത്തില്‍ കൂടി നടന്നുവരുന്നുണ്ട്. അതായത് ശാഫിഈ, ഹനഫിദഖ്‌നി, ഹനഫി. ജമാഅത്ത് ഭരണകാര്യങ്ങളില്‍ ഈ മൂന്നു വിഭാഗങ്ങള്‍ക്കും വ്യക്തമായ പങ്കാളിത്തം ഉണ്ടായിരിക്കേണ്ടത്, ജമാഅത്തിന്റെ ശോഭനമായ ഭാവിക്കും ജമാഅത്ത് അംഗങ്ങളുടെ ഇടയിലെ സൗഹാര്‍ദത്തിനും ആവശ്യമാകയാല്‍ ഭരണസമിതിയിലെ ആകെ സ്ഥാനങ്ങളായ ഇരുപത്തിയഞ്ചും അടിയില്‍ വിവരിക്കുന്ന പ്രകാരം വിഭജിച്ചിരിക്കുന്നു'' (പാളയം മുസ്‌ലിം ജമാഅത്ത് നിയമാവലി, 1982, പേജ് 11).
തിരുവനന്തപുരം ടൗണിനടുത്തുള്ള ഒരു പ്രദേശത്തെ പള്ളിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കവും ഭിന്നിപ്പുമാണ് ഇത്തരമൊരു ബഹുസ്വര നിലപാട് സ്വീകരിക്കാന്‍ പാളയം മുസ്‌ലിം ജമാഅത്തിനെ പ്രേരിപ്പിച്ചത്. പ്രസ്തുത പ്രദേശത്തെ മുസ്‌ലിം ജമാഅത്തില്‍ അക്കാലത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ഒരേ പള്ളിക്കു കീഴില്‍ രണ്ട് ജമാഅത്തുകള്‍ നിലവില്‍ വരികയുണ്ടായി. ദഖ്‌നികള്‍ക്കും ഇതരര്‍ക്കും വെവ്വേറെ മഹല്ല് കമ്മിറ്റികള്‍ ഉണ്ടായി. പ്രത്യേകമായി രണ്ട് ഖബ്ര്‍സ്ഥാനും നിര്‍മിക്കപ്പെട്ടു. ഇത് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഐക്യത്തിനും സ്‌നേഹ സാഹോദര്യത്തിനും ചേര്‍ന്നതല്ല എന്ന തിരിച്ചറിവ് പാളയം പള്ളിയുടെ നേതാക്കള്‍ക്കുണ്ടായി. ടി.പി കുട്ടിയമ്മു സാഹിബിന്റെയും മറ്റു പ്രമുഖ സമുദായ നേതാക്കളുടെയും നേതൃത്വത്തിലാണ് ജനകീയ കമ്മിറ്റി രൂപീകരണവേളയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇത്തരമൊരു തീരുമാനമെടുത്തത്.
പാളയം പള്ളി സ്ഥാപിക്കപ്പെട്ടത് 'ഹനഫി മുസ്വല്ല' ആയാണ്. നമസ്‌കാരവും മറ്റും നടക്കുന്നത് ഹനഫി മദ്ഹബിലെ വീക്ഷണ പ്രകാരമാണ്. പക്ഷേ, ജമാഅത്തില്‍ ജനസംഖ്യാപരമായി ഭൂരിപക്ഷം ശാഫിഈ മദ്ഹബുകാര്‍ക്കാണ്. പരിപാലനസമിതിയുടെ പ്രസിഡന്റ്-സെക്രട്ടറിമാരും പള്ളിയിലെ ഇമാമും വ്യത്യസ്ത മദ്ഹബുകാരാകാം. എന്നാല്‍, ഇതൊന്നും ഐക്യത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാകാറില്ല. ഹനഫി വീക്ഷണ പ്രകാരം നമസ്‌കരിക്കുന്ന ഇമാമിനു പിന്നില്‍ അണിനിരക്കുന്നവരില്‍ ഹനഫികള്‍ മാത്രമല്ല, ശാഫിഈ, സലഫി വീക്ഷണക്കാരും ധാരാളം. ശാഖാപരമായ വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിനും പൊതുകൂട്ടായ്മക്കും വേണ്ടി മാറ്റിവെക്കാനുള്ള വിശാല വീക്ഷണത്തിന്റെ അടയാളമാണിത്. തെക്കന്‍ കേരളത്തില്‍ പൊതുവെ നിലനില്‍ക്കുന്ന വിശാല വീക്ഷണവും കാര്‍ക്കശ്യമില്ലായ്മയും വിദ്യാഭ്യാസപരമായ വളര്‍ച്ചയും ഇതിന് ഏറെ സഹായകമാവുകയും ചെയ്യുന്നു. വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന മീലാദ് പ്രഭാഷണപരമ്പരയും റമദാനിലും മറ്റുമുള്ള വിജ്ഞാന സദസും ശ്രദ്ധേയമാകുന്നത് എല്ലാ വിഭാഗത്തിലുംപെട്ട പണ്ഡിതരുടെ പങ്കാളിത്തം കൊണ്ടുകൂടിയാണ്.

മതസൗഹാര്‍ദം
പാളയം പള്ളിയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ് മതസൗഹാര്‍ദത്തിന് നല്‍കുന്ന സംഭാവന. മസ്ജിദിനോട് ചേര്‍ന്ന് ഒരേ മതില്‍ പങ്കിട്ട് സ്ഥിതിചെയ്യുന്ന ശ്രീഗണേഷ ക്ഷേത്രവും, പള്ളിയുടെ പിന്‍ഭാഗത്തുള്ള സെന്റ്‌മേരീസ് ക്വീന്‍ ഓഫ് പീസ് ബസലിക്കയും പള്ളിയുടെ മുന്‍ഭാഗത്തുള്ള സെന്റ് ജോസഫ് ലത്തീന്‍ ചര്‍ച്ചും വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ പാരസ്പര്യത്തിന്റെ പ്രതീകമാണ്. പള്ളിയും ക്ഷേത്രവും ചര്‍ച്ചും നിര്‍മിക്കപ്പെട്ടത് ഏതാണ്ട് ഒരേകാലത്താണ്. അക്കാലത്ത് പട്ടാളത്തിലെ വിവിധ മതക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന സ്‌നേഹ സാഹോദര്യത്തിന്റെ സാക്ഷ്യമാണ്, ഒരേ സ്ഥലത്ത് തോളുരുമ്മി നില്‍ക്കുംവിധം ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അവര്‍ കാണിച്ച വിശാലത. പരസ്പര സഹകരണത്തോടെയാണ് ഇരു വിഭാഗവും ഇന്നോളം മുന്നോട്ടുപോയിട്ടുള്ളത്. ക്ഷേത്രത്തിലെ കര്‍മങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നതോ ഹിന്ദു സഹോദരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ യാതൊന്നും ഇന്നോളം മസ്ജിദിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരിച്ച് മസ്ജിദിലെ നമസ്‌കാരത്തിനോ മറ്റോ പ്രയാസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തില്‍നിന്നും ഉണ്ടായിട്ടില്ല. മുമ്പ് പള്ളിയില്‍ സ്വന്തമായി കിണറില്ലാതിരുന്ന സന്ദര്‍ഭത്തില്‍ തുടര്‍ച്ചയായി മൂന്നു ദിവസം പൈപ്പ് വെള്ളം മുടങ്ങിയപ്പോള്‍ ക്ഷേത്രത്തിന്റെ കിണറ്റില്‍നിന്നാണ് മുസ്‌ലിംകള്‍ വെള്ളം എടുത്തിരുന്നത്. ക്ഷേത്രത്തിലെ ഭജനകള്‍ പള്ളിക്കും നമസ്‌കാരത്തിനും ശല്യമാകാത്ത വിധത്തിലേ നടക്കാറുള്ളൂ. ക്ഷേത്രത്തിലെ പൂജാരിയും  പള്ളിയിലെ ഇമാമും തമ്മില്‍ നല്ല ബന്ധം എന്നും നിലനില്‍ക്കുന്നു. ക്ഷേത്ര വളപ്പില്‍ ഒരു മരം വളര്‍ന്നു വന്നപ്പോള്‍ പള്ളിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവര്‍ അത് സ്വയം മുറിച്ചുമാറ്റുകയാണുണ്ടായത്. പൊതു  വിഷയങ്ങളില്‍ പള്ളിയുടെയും ക്ഷേത്രത്തിന്റെയും ഉത്തരവാദപ്പെട്ടവര്‍ കൂടിയാലോചിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.
പള്ളിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ഈദ് സുഹൃദ് സംഗമത്തിലും മറ്റും സ്വാമിമാരെയും ക്രൈസ്തവ പുരോഹിതന്മാരെയും സ്ഥിരമായി പങ്കെടുപ്പിക്കുന്നു. ഈദ് ഗാഹില്‍ സ്ഥിരമായി ചര്‍ച്ചിലെ അച്ചന്‍ വരികയും ഇമാമിന് ഉപഹാരം നല്‍കുകയും ചെയ്യാറുണ്ട്. ക്രൈസ്തവരുടെ വിശേഷാവസരങ്ങളില്‍ ഇമാം പാതിരിമാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കാറുണ്ട്.

ദീനീനിഷ്ഠ
ഇസ്‌ലാമിന്റെ ശരിയായ നിയമനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പാളയം ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വം എന്നും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിലും ശരീഅത്തിന്റെ വിധികള്‍ പരമാവധി പാലിക്കാന്‍ ശ്രമിക്കുന്നു. പാളയം ജമാഅത്തിന് കീഴില്‍ രൂപീകരിക്കപ്പെടുന്ന പല സബ്കമ്മിറ്റികളിലും ദീനീവിഷയങ്ങളില്‍ പാണ്ഡിത്യമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തുന്നു. അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്ന് മുക്തമായ ദീനീ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുസ്‌ലിം ജമാഅത്ത് നേതൃത്വം നല്‍കുന്നത്. മുമ്പ് ചിലരുടെ ഭാഗത്തുനിന്നുണ്ടായ അന്ധവിശ്വാസപരമായ ചില പ്രവര്‍ത്തനങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്ത് അവസാനിപ്പിക്കാന്‍ പാളയം ജമാഅത്ത് നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. മുഹര്‍റം ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കടുവകളി, പഞ്ചവെപ്പ്, ഖന്‍ദൂരി, ഖബ്ര്‍ പൂജ, എണ്ണയൊഴിച്ച് വിളക്ക് കത്തിക്കല്‍ തുടങ്ങിയവ ഇങ്ങനെ നിര്‍ത്തലാക്കപ്പെട്ടവയാണ്. പള്ളിയിലെ ഇമാമുമാരായിരുന്ന അബുല്‍ ഹസന്‍ അലി നൂരി, പി.കെ.കെ അഹ്മദ് കുട്ടി മൗലവി, ജമാഅത്തിലെ മുതിര്‍ന്ന അംഗമായ പി. മുഹമ്മദ് മൈതീന്‍ സാഹിബ് തുടങ്ങിയവര്‍ ഇതില്‍ മുഖ്യ പങ്കുവഹിച്ചവരാണ്. പാളയം ജമാഅത്തിനു കീഴിലുള്ള 'അച്ചടക്ക സമിതി', ദാമ്പത്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ശരീഅത്ത് അനുശാസിക്കുന്ന വിധത്തില്‍ തീരുമാനമെടുക്കുന്നു. ഇങ്ങനെയെടുത്ത തീരുമാനങ്ങളെ  കോടതികള്‍ വരെ പ്രശംസിച്ചിട്ടുണ്ട്. ഒരു വിവാഹമുക്തക്ക് ജീവനാംശം നല്‍കണമെന്ന് അച്ചടക്ക സമിതി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് മറുകക്ഷി കോടതിയെ സമീപിച്ചു. മതാഅ് റദ്ദാക്കാനുള്ള അവരുടെ അപേക്ഷ നിരസിച്ച കോടതി, പാളയം ജമാഅത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു. നിശ്ചയിച്ച മതാഅ് അല്‍പം കുറഞ്ഞുപോയി എന്ന സംശയം മാത്രമേ കോടതി പ്രകടിപ്പിച്ചുള്ളൂ. അത് വര്‍ധിപ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.

രണ്ട് സംഭവങ്ങള്‍
പാളയം പള്ളിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ രണ്ട് പ്രധാന സംഭവങ്ങള്‍ പ്രത്യേകം അനുസ്മരിക്കേണ്ടതുണ്ട്. ഒന്ന്, സ്ത്രീകള്‍ക്ക് പള്ളിക്കകത്ത് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചത്. രണ്ട്, പ്രശസ്ത സാഹിത്യകാരി കമലാ സുറയ്യയുടെ ഖബ്‌റടക്കം. കേരളത്തില്‍ മാത്രമല്ല പുറംലോകത്തും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു ഈ രണ്ട് സംഭവങ്ങളും.
തിരുവനന്തപുരം ഫ്രൈഡേ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിന് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരിപാലനസമിതിക്ക് അപേക്ഷ സമര്‍പ്പിച്ചു. പാളയം മുസ്‌ലിം ജമാഅത്ത് അപേക്ഷ അംഗീകരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കി. നേരത്തെ സൂചിപ്പിച്ച ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുകയെന്ന നയത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍, വിയോജിപ്പുള്ള ചില സംഘടനകള്‍ അതിനെതിരെ രംഗത്തുവന്നു. സ്ത്രീ പള്ളിപ്രവേശം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അവര്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് മാര്‍ച്ച് തടഞ്ഞു. ഫോണ്‍ വഴിയും മറ്റും ഭീഷണിപ്പെടുത്തി. എന്നാല്‍, പൂര്‍ണമായും ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായി എടുത്ത തീരുമാനത്തില്‍നിന്ന് പുറകോട്ടുപോകാന്‍ ജമാഅത്ത് പരിപാലനസമിതി തയാറായില്ല. അന്നത്തെ ഇമാം പി.കെ.കെ അഹ്മദ്കുട്ടി മൗലവിയും ഇതില്‍ മുഖ്യ പങ്കുവഹിച്ചു. മാധ്യമങ്ങളും പരിഷ്‌കരണ പ്രസ്ഥാനങ്ങളും പള്ളി ഭാരവാഹികള്‍ക്ക് നല്ല പിന്തുണ നല്‍കി. ഒടുവില്‍, എതിര്‍ത്തവര്‍ പരാജയപ്പെട്ട് പിന്‍വാങ്ങി. ബോംബെയില്‍ നിന്ന് പുറത്തിറങ്ങിയ ഒരു ആനുകാലികം ഈ വിഷയം കവര്‍‌സ്റ്റോറിയാക്കുകയുണ്ടായി. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ 'മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം' എന്ന പുസ്തകം രചിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ന് തറാവീഹ് നമസ്‌കാരത്തിന് പള്ളിയുടെ ഒന്നാം നിലയില്‍ സ്ത്രീകള്‍ക്ക് സൗകര്യമുണ്ട്. സ്ഥലപരിമിതി കാരണം ജുമുഅ നമസ്‌കാരത്തിന് പള്ളിയോടനുബന്ധിച്ചുള്ള ഹാളാണ് ഉപയോഗിക്കുന്നത്.
പ്രശസ്ത സാഹിത്യകാരി കമലാ സുറയ്യയുടെ ഖബ്‌റടക്കം പാളയം ജുമാ മസ്ജിദിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. ലോക ശ്രദ്ധയാകര്‍ഷിച്ച ഈ സംഭവം അന്തരിച്ച പ്രമുഖ വ്യക്തിയോടുള്ള ആദരവു പ്രകടിപ്പിക്കാനും ഇസ്‌ലാമിനെ സംബന്ധിച്ച ഒട്ടേറെ തെറ്റിദ്ധാരണകള്‍ നീക്കാനും സഹായകമായിട്ടുണ്ട്. 1999-ല്‍ ഇസ്‌ലാം സ്വീകരിച്ച കമലാ സുറയ്യ 2009 മെയ് 31-നാണ് അന്തരിച്ചത്. പൂനെയില്‍ നിന്ന് കേരളത്തിലെത്തിച്ച മൃതദേഹം ജൂണ്‍ രണ്ടിനാണ് പാളയം ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ അടക്കം ചെയ്തത്. മൃതദേഹം കുളിപ്പിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകളോടൊപ്പം മരുമക്കളായ ലക്ഷ്മിയും ദേവിയും സന്നിഹിതരായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയാണ്. കമലാ സുറയ്യയുടെ മക്കളായ എം.ഡി നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവരും കുടുംബ സുഹൃത്തായ മുരുകനും പള്ളിക്കകത്ത് നടന്ന നമസ്‌കാരത്തിലെ ഒന്നാം സ്വഫില്‍ അണിനിരന്നു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ടി. ആരിഫലി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയ പ്രമുഖര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. ശേഷം ജുമാ മസ്ജിദിനോട് ചേര്‍ന്ന ഖബ്ര്‍സ്ഥാനില്‍ കേരള ഗവണ്‍മെന്റിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മറവു ചെയ്തു. കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഒന്നടങ്കം പാളയം പള്ളി കോമ്പൗണ്ടില്‍ ഒരുമിച്ചു ചേര്‍ന്ന ചരിത്രസംഭവമായിരുന്നു അത്. ചടങ്ങില്‍ പങ്കെടുത്ത അമുസ്‌ലിം സഹോദരങ്ങള്‍ക്ക് അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു.

പ്രവര്‍ത്തന മേഖലകള്‍
ഒരു മാതൃകാ ഇസ്‌ലാമിക മഹല്ല് ജമാഅത്തിനു കീഴില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും വ്യവസ്ഥാപിതവുമായി നടത്താന്‍ പാളയം മുസ്‌ലിം ജമാഅത്ത് പരമാവധി ശ്രദ്ധിക്കുന്നു. ദീനീ പഠന പരിപാടികളോടൊപ്പം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
1. സകാത്ത് കമ്മിറ്റി. 'പാളയം മുസ്‌ലിം ജമാഅത്ത് സകാത്ത് കമ്മിറ്റി' എന്ന പേരിലുള്ള വേദി സംഘടിത സകാത്ത് ശേഖരണവും വിതരണവും നടത്തുന്നു. 1995-ലാണ് സകാത്ത് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.
2. ഫിത്വ്ര്‍ സകാത്ത് കമ്മിറ്റി. 1967-ലാണ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചത്. മൂന്ന് വര്‍ഷത്തോളം ടി.പി കുട്ടിയമ്മു സാഹിബിന്റെ നേതൃത്വത്തില്‍ നടന്ന ഫിത്വ്ര്‍ സകാത്ത് ശേഖരണ വിതരണം പിന്നീട് പാളയം ജമാഅത്ത് ഏറ്റെടുക്കുകയാണുണ്ടായത്.
3. അച്ചടക്ക സമിതി. ജമാഅത്തിലെ അംഗങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുടങ്ങിയവ പഠിച്ച് പരിഹരിക്കാനുള്ള വേദി. പ്രശ്‌നങ്ങള്‍ കോടതികളിലേക്ക് പോകാതെ പരമാവധി ജമാഅത്തിനകത്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നു.
4. ഇസ്‌ലാമിക സംസ്‌കാര സമിതി. ഇസ്‌ലാമിക വിഷയങ്ങളില്‍ ക്ലാസുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ ഉള്‍പ്പെടെ വൈജ്ഞാനിക പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദി. വര്‍ഷാവര്‍ഷം നടക്കുന്ന ഈദ് സുഹൃദ് സംഗമം, മീലാദ് പ്രഭാഷണം, ഇസ്‌ലാമിക വിജ്ഞാന സദസ് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
5. എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് കമ്മിറ്റി. മദ്‌റസ, ലൈബ്രറി തുടങ്ങിയവക്ക് മേല്‍നോട്ടം വഹിക്കുന്നു. അവധിക്കാലത്തുള്ള പാളയം ദാറുല്‍ ഉലൂം മദ്‌റസക്ക് പുറമെ, ശാസ്തമംഗലം, മുടവന്‍ മുഗള്‍, മേട്ടുക്കട എന്നിവിടങ്ങളില്‍ സ്ഥിരം മദ്‌റസകളും നടക്കുന്നുണ്ട്.
6. നികാഹ് സഹായ ഫണ്ട്. പെണ്‍മക്കളെ വിവാഹം ചെയ്തയക്കാന്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള സംവിധാനം.
7. ഖുര്‍ആന്‍ പഠന വേദികള്‍. എല്ലാ തലത്തിലുമുള്ള ആളുകള്‍ക്ക് വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കാനുള്ള ഖുര്‍ആന്‍ സ്റ്റഡിസെന്ററും ഇമാമിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ഖുര്‍ആന്‍ ദര്‍സും നടന്നുവരുന്നു. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍തന്നെ നടത്തുന്ന ഖുര്‍ആന്‍ പഠനക്ലാസും കാര്യക്ഷമമായി മുന്നോട്ട് പോകുന്നു.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍